UPDATES

കാടിന്റെ കാവലാള്‍; പണിയ സമുദായത്തിലെ ആദ്യ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തങ്കമണിക്ക് ഈ കാക്കിവേഷം അഭിമാനമാണ്

പണിയ സമുദായക്കാര്‍ക്കിടയില്‍ പലരും പ്രാഥമികതലത്തില്‍ തന്നെ വിദ്യാഭ്യാസം അവസാനിപ്പിക്കുമ്പോഴാണ് തങ്കമണിയുടെ പോരാട്ടം കൂടുതല്‍ പ്രസക്തമാകുന്നത്

ആരു പറഞ്ഞു ഇവിടെ ഇവര്‍ക്കിടയില്‍ നേട്ടങ്ങളില്ലെന്ന്. സാഹചര്യങ്ങളോട് പൊരുതിനേടിയ കാക്കിക്കുപ്പായത്തിന്റെ കഥയാണ് പണിയ സമുദായത്തിലെ ആദ്യത്തെ വനിതാ ബീറ്റ് ഓഫീസറായ തങ്കമണിക്ക് പറയാനുള്ളത്. കാക്കിവേഷമണിഞ്ഞ് സേവനത്തില്‍ പതിമൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ തരിയോട് കര്‍ളാട് കളരിക്കോടക്കുന്ന് കോളനിയിലെ തങ്കമണിക്ക് പറയാനുള്ളത് കാടിന്റെ വഴിയില്‍ ജോലിയുമായി ഇണങ്ങിയ കഥ. കുടിലിന്റെ ഇല്ലായ്മകളില്‍ നിന്നും പുറത്തേക്ക് വഴികളില്ലാതെ ഒറ്റപ്പെട്ടുപോയ നിരവധി ആദിവാസി സ്ത്രീകള്‍ക്ക് മുന്നില്‍ തങ്കമണിയെന്ന കാടിന്റെ കാവലാള്‍ അടയാളപ്പെടുത്തുന്നത് ഒരു സമുദായത്തില്‍ നിന്നുള്ള വനിതകളുടെ പ്രാതിനിധ്യമാണ്.

വീടില്ലാത്തതിന്റെയും ഭൂമിയില്ലാത്തതിന്റെയുമെല്ലാം പതിവ് ദുരിത സാഹചര്യങ്ങളില്‍ നിന്ന് തന്നെ കഠിനാധ്വാനം ചെയ്ത് തങ്കമണി പത്താംതരം പാസ്സായി. തരിയോട് ഗവ. ഹൈസ്‌കൂളിലായിരുന്ന പഠനം. പിന്നീട് തുടര്‍പഠനത്തിന് പോയെങ്കിലും പഠനം പൂര്‍ത്തിയാക്കാനായില്ല. അപ്പോഴും ജീവിക്കാന്‍ സ്വന്തമായി ഒരു തൊഴില്‍വേണമെന്ന ആഗ്രഹം തന്നെയായിരുന്നു മനസ്സുമുഴുവന്‍. അതിനായി വന്ന ഒരവസരത്തെയും പാഴാക്കിയില്ല. കാത്തിരുന്ന് ഒടുവില്‍ അവസരം തങ്കമണിയെ തേടിയെത്തി. പണിയ സമുദായത്തില്‍ നിന്നും സൂപ്പര്‍ന്യൂമററി തസ്തികയില്‍ ഫോറസ്റ്റ് ഗാര്‍ഡായി നിയമനം കിട്ടി.

കാട്ടിനുള്ളിലെ ജോലിയായിരുന്നിട്ടും വൈകിവന്ന അവസരത്തെ തട്ടിക്കളഞ്ഞില്ല. സൗത്ത് വയനാട് വനം ഡിവിഷനിലെ സുഗന്ധഗിരി സെക്ഷനില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്ന തസ്തികയായി. ഇപ്പോള്‍ കാടിന്റെ കാവല്‍ ജോലിയില്‍ ഇനിയും സ്ഥാനക്കയറ്റത്തിനരികിലെത്തി നില്‍ക്കുന്നു.അമ്പതിലധികം കുടുംബങ്ങള്‍ താമസിക്കുന്ന കളരിക്കോടക്കുന്ന് കോളനിക്കും തങ്കമണിയുടെ ഈ കാക്കിവേഷം അഭിമാനമാണ്. കോളനിയിലുള്ള മറ്റു പെണ്‍കുട്ടികളെല്ലാം ഒരു മാതൃക എന്ന രീതിയില്‍ ഈ വേഷവും നിശ്ചയദാര്‍ഡ്യവും പ്രചോദനമാണ്.

വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ ജോലിചെയ്യുന്ന ഉഷാകുമാരി എന്ന യുവതി കൂടി ഈ തസ്തികയില്‍ എത്തിയിട്ടുണ്ട്. മൂന്നിലധികം യുവാക്കളും പണിയ സമുദായത്തില്‍ നിന്നും ഇക്കാലത്ത് തെരഞ്ഞെടുക്കപ്പട്ടു. സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസിവിഭാഗമായ പണിയസമുദായത്തില്‍ നിന്നും ഇന്നും വിദ്യാഭ്യാസമുള്ളവര്‍ സര്‍ക്കാര്‍ ജോലിയിലെത്തുന്നത് വിരളമാണ്. യുവതികള്‍ മിക്കവരും കോളനിയുടെ അകത്തളങ്ങില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് കഴിയുന്നു.

പ്രാഥമികതല വിദ്യാലയത്തില്‍ നിന്നു പോലും ഇവരുടെ കൊഴിഞ്ഞുപോക്കിന്റെ തോതും കൂടുതലാണ്. പഠന നിലവാരം ഉയര്‍ത്താന്‍ കഴിയാത്തതിന് ഒട്ടേറെ കാരണങ്ങളും വെല്ലുവിളികളും ഇവര്‍ ഇക്കാലത്തും പങ്കുവെക്കുന്നു. ഇതിനിടയില്‍ നിന്നാണ് ഇല്ലായ്മകളുടെയും ദുരിതങ്ങളുടെയും മാത്രം കഥകള്‍ക്കിടയില്‍ ആരുമറിയാതെ പോകുന്ന പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ചരിത്രം വിരളമായെങ്കിലും ആദിവാസി കോളനികള്‍ പറയുന്നത്.

കൃഷിക്കാരനായ ഗോപാലനാണ് തങ്കമണിയുടെ ഭര്‍ത്താവ്. കാടുവെട്ടല്‍ യന്ത്രം കൊണ്ട് പുറമെ പണിക്ക് പോയും ഇവര്‍ ജീവിതവരുമാനം കണ്ടെത്തുന്നു. ബിരുദത്തിന് പഠിക്കുന്ന മിഥുന്‍, പ്ലസ് വണ്‍ വിദ്യാര്‍ഥി നിഥുന്‍, എട്ടാം തരത്തില്‍ പഠിക്കുന്ന നന്ദന്‍ എന്നിവരാണ് മക്കള്‍. ഇവരെയും സര്‍ക്കാര്‍ ജോലിയിലെത്തിക്കണമെന്നാണ് തങ്കമണിയുടെ ആഗ്രഹം. ഒപ്പം പിന്നാക്കം പോകുന്ന സമുദായത്തിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ തന്നാല്‍ കഴിയുന്നത് ചെയ്യുക എന്ന ലക്ഷ്യവും ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ മനസ്സിലുണ്ട്.

Avatar

രമേഷ്‌കുമാര്‍ വെളളമുണ്ട

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍