UPDATES

കേരളം

പുത്തന്‍ പണക്കാരന്‍ നിത്യാനന്ദ ഷേണായിയുടെ കുമ്പളയ്ക്ക് പറയാന്‍ പഴയ ചരിത്രം മാത്രമാണുള്ളത്‌

മാലിന്യമാണ് നഗരം നേരിടുന്ന മറ്റൊരു തലവേദന

കുമ്പള; ഒരു കാലത്ത് വിദേശ രാജ്യങ്ങളിലേക്ക് അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ കയറ്റി അയച്ചിരുന്ന കച്ചവട സംസ്‌കാരത്തിന്റേയും തുളുനാടന്‍ പൈതൃകത്തിന്റേയും വേരോട്ടമുണ്ടായിരുന്ന മണ്ണ്. കുമ്പളയുടെ കടലോരങ്ങള്‍ പലപ്പോഴും തുറമുഖങ്ങളായും പരിണമിച്ചിരുന്നുവെന്ന് പഴയ തലമുറ ഓര്‍ത്തെടുക്കുന്നു. ആ കാലഘട്ടത്തില്‍ കുമ്പള നഗരം കച്ചവടത്തിന്റെ ഈറ്റില്ലമായിരുന്നത്രേ.

എന്നാല്‍ കാലം മാറുന്നത് കുമ്പള അറിഞ്ഞിട്ടില്ല. പൊളിഞ്ഞു വീഴാറായ ബസ് സ്റ്റാന്റും ഭീതി ജനിപ്പിക്കുന്ന ഷോപ്പിംഗ് മാളും തിക്കും തിരക്കും നിറഞ്ഞ ദിനരാത്രങ്ങളുമായി ഞെരിപിരി കൊള്ളുന്ന ഓണം കേറാമൂലയായ കുമ്പളയെ മാത്രമേ പുതിയ ജനതയ്ക്ക് ഓര്‍ക്കാന്‍ കഴിയൂ.

ബസ് സ്റ്റാന്‍ഡ് തന്നെയാണ് ഏറ്റവും വലിയ തലവേദന. അന്‍പത് വര്‍ഷത്തോളം പഴക്കം ചെന്ന കമ്പള ബസ് സ്റ്റാന്‍ഡ് പൊളിച്ചു നീക്കണമെന്ന ആവശ്യത്തിന് തന്നെയുണ്ട് വര്‍ഷങ്ങളുടെ പഴക്കം. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ സ്ലാബ് ദ്രവിച്ച്, പാളികള്‍ ഇളകി വീണു തുടങ്ങിയിട്ടും നാളേറെയായി. അപകടം പതിയിരിക്കുന്ന കെട്ടിടത്തില്‍ തന്നെയാണ് ഈ കനത്ത ചൂടിലും ആളുകള്‍ അഭയം പ്രാപിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഇവിടെ നിന്ന് പരിക്കേറ്റ വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബദിയടുക്ക, പെര്‍ള, പേരാല്‍, കണ്ണൂര്‍, ബായിക്കട്ട, കളത്തൂര്‍, കട്ടത്തടുക്ക ഭാഗങ്ങളിലേക്കുള്ള ബസുകള്‍ ഇവിടെ നിന്നുമാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. ബസുകള്‍ നിര്‍ത്തിയിട്ടുകഴിഞ്ഞാല്‍, കാല്‍നട യാത്രപോലും ബുദ്ധിമുട്ടിലാകുമിവിടെ. 5000-ത്തിലധികം വിദ്യാര്‍ത്ഥികളാണ് കുമ്പള ടൗണിലേക്ക് ദിവസവും വന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. അതിലിരട്ടിയോളം പൊതുജനങ്ങളും  ദിവസവും നഗരത്തിലെത്തുന്നുണ്ട്.

വളരെ പേടിച്ചാണ് നിത്യവും യാത്രചെയ്യുന്നതെന്നും പൊളിഞ്ഞു വീഴില്ലെന്ന് ഒരുറപ്പുമില്ലാത്ത ബസ് സ്റ്റാന്‍ഡില്‍ കയറാതെ പുറത്ത് നില്‍ക്കുക പ്രയാസമാണെന്നും വിദ്യാര്‍ത്ഥികളായ ശില്‍പയും ഭദ്രയും പറയുന്നു. കഷ്ടിച്ച് ഒന്നോ രണ്ടോ ബസുകള്‍ക്ക് നിര്‍ത്തിയിടാന്‍ മാത്രം സൗകര്യമുള്ള ഇവിടെ റോഡിനോട് ചേര്‍ന്ന് നിന്ന് ബസ് കാത്തിരിക്കുക എന്നത് വളരെ പ്രയാസം നിറഞ്ഞ കാര്യമാണ്. അതുകൊണ്ട് തന്നെ ബസ് കാത്തു നില്‍ക്കാന്‍ സ്റ്റാന്റിനകത്ത് കയറാന്‍ നിര്‍ബന്ധിതരാകും. ഒന്നും സംഭവിക്കില്ല എന്ന് വിശ്വസിച്ച് വീണ്ടും വീണ്ടും ഇതിനകത്ത് കയറുന്നു. മുന്‍പ് ഒരു വിദ്യാര്‍ത്ഥിയുടെ തലയില്‍ സിമന്റ് പാളി അടര്‍ന്നുവീണ് പരിക്കേറ്റ സംഭവത്തിന് ശേഷം ഞങ്ങള്‍ക്ക് പേടി ഇരട്ടിച്ചു- അവര്‍ പറയുന്നു 

പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച മീന്‍മാര്‍ക്കറ്റും നഗരത്തിന് ഭീഷണിയാണ്. മേല്‍ക്കൂര തകര്‍ന്നു കിടക്കുന്ന മാര്‍ക്കറ്റില്‍ മഴക്കാലം തുടങ്ങിക്കഴിഞ്ഞാല്‍ നരക തുല്യമാണ് അവസ്ഥ. ആവശ്യക്കാര്‍ക്ക് കടന്നുവരാനും തിരഞ്ഞെടുക്കാനും സൗകര്യമില്ലാത്ത ഈ മാര്‍ക്കറ്റിനെ വ്യാപാരികള്‍ പോലും ഉപേക്ഷിച്ച സ്ഥിതിയിലാണ്. വഴിയരികിലാണ് കാലങ്ങളായി ഇവര്‍ കച്ചവടം ചെയ്യുന്നത്. അതോടെ നഗരത്തിന്റെ അസൗകര്യം ഒന്നുകൂടി വര്‍ദ്ധിക്കുകയും ചെയ്യുന്നു. റോഡരികിലുള്ള മീന്‍ വില്‍പന മറ്റ് വ്യാപാരികളുടെ പരാതിയെതുടര്‍ന്ന് വീണ്ടും മീന്‍ മാര്‍ക്കറ്റിനകത്തേക്ക് മാറ്റിയിരുന്നെങ്കിലും ആവശ്യക്കാര്‍ മാര്‍ക്കറ്റിനകത്ത് ചെന്ന് മത്സ്യം വാങ്ങാന്‍ മടികാണിച്ചതിനെ തുടര്‍ന്ന് വില്‍പന വീണ്ടും നഗരമധ്യത്തിലേക്ക് മാറി.

മാലിന്യമാണ് നഗരം നേരിടുന്ന മറ്റൊരു തലവേദന. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ ദിവസങ്ങളോളം കച്ചവടസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ തന്നെ ഉപേക്ഷിക്കുന്നത് ഇവിടുത്തെ പതിവ് കാഴ്ചയായിരിക്കുന്നു. ആളുകള്‍ക്ക് ശല്യമായി തീരുമ്പോള്‍ പതുക്കെ സ്‌കൂള്‍ പരിസരത്തേക്കോ മീന്‍മാര്‍ക്കറ്റിലേക്കോ തള്ളുന്നതും പതിവാണെന്ന് യാത്രക്കാര്‍ പറയുന്നു.

മഴക്കാലമെത്തുന്നതോടെ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകും. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് കുഴിയെടുത്ത് പഞ്ചായത്ത് തന്നെ മലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തിയിരുന്നെങ്കിലും പതുക്കെ കുഴി നിറയുകയും, മറ്റൊരു കുഴി കണ്ടെത്താത്തതും കുമ്പളയിലെ മാലിന്യപ്രശ്‌നം തീരാദുരിതമാക്കിത്തീര്‍ത്തു. മാലിന്യ പ്രശ്‌നം സ്‌കൂളിനും തലവേദനയായതോടെ പിന്നീടുള്ള വര്‍ഷങ്ങളില്‍ പഞ്ചായത്ത് സമീപത്തെ ഉപയോഗശൂന്യമായ രണ്ട് കിണറുകള്‍ മാലിന്യം തള്ളാനുള്ള ഇടമാക്കിതീര്‍ത്തു. രണ്ട് കിണറുകളും മാിന്യം നിറഞ്ഞതോടെ മണ്ണിട്ട് മൂടുകയും ചെയ്തു. പിന്നീട് വേസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനായി ലക്ഷങ്ങള്‍ മുടക്കി കാരിയറും ട്രാക്ടറും വാങ്ങിയത് തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യ വകുപ്പും പ്രശ്‌നം കണ്ടില്ലെന്ന് നടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

കുമ്പള-ബദിയടുക്ക റോഡില്‍ പുതിയ ബസ് സ്റ്റാന്‍ഡ്‌ പണിയുമെന്നും ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരീകാക്ഷ പറയുന്നു. അഞ്ചു കോടിരൂപ നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കേരള അര്‍ബന്‍ ആന്റ് റൂറല്‍ കോര്‍പ്പറേഷനില്‍ നിന്ന് കടമെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ പ്രശ്‌നത്തിനും ശാശ്വതമായ രീതിയില്‍ പരിഹാരം കാണാന്‍ പഞ്ചായത്ത് മുന്‍കൈ എടുക്കുമെന്നു, തൃശ്ശൂരില്‍ നടത്തിവരുന്ന ആധുനിക ശാസ്ത്രീയ മാലിന്യ സംസ്‌കരണ യൂണിറ്റ് സന്ദര്‍ശിച്ച് പഠിക്കാനിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍