കള്ളവോട്ടുകള്‍ തെളിവ് സഹിതം പിടികൂടിയതോടെയാണ് കേരള ചരിത്രത്തില്‍ കള്ളവോട്ടിന്റെ പേരിലുള്ള ആദ്യ റീപോളിംഗിന് കളമൊരുങ്ങിയത്
കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ നാല് ബൂത്തുകളില്‍ റിപോളിംഗ് നടത്താന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കാസറഗോട്ടെ മൂന്നും കണ്ണൂരിലെ ഒന്നും ബൂത്തുകളിലാണ് റീപോളിംഗ് നടക്കുക. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്. മുന്‍കാലങ്ങളിലും സംസ്ഥാനത്ത് കള്ളവോട്ട് ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയകക്ഷികള്‍ കള്ളവോട്ടിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് റീപോളിംഗ് എന്ന ആശയത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് ഇക്കുറി എത്തിയത്. റിട്ടേണിംഗ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്ട്രല്‍ ഓഫീസറുടെയും ജനറല്‍ ഒബ്സര്‍വറുടെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി.
കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിട്ടത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വരുകയായിരുന്നു. ഇതുവരെ 17 പേര് കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര് ലീഗുകാരും ബാക്കിയുള്ളവര്‍ സിപിഎമ്മുകാരുമാണ്. പിലാത്തറ 19-ാം നമ്പര്‍ ബൂത്തില്‍ സിപിഎമ്മിന്റെ പഞ്ചായത്ത് അംഗവും മുന്‍ അംഗവുമുള്‍പ്പെടെ മൂന്ന് പേര് കള്ളവോട്ട് ചെയ്തെന്നാണ് തെളിഞ്ഞത്. ഇവര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇവിടുത്തെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷന് റദ്ദാക്കിയത്. ചെറുതാഴം പഞ്ചായത്തംഗം എന്‍ പി സലീന, മുന്‍ അംഗം സുമയ്യ, ദേര്‍മാല്‍ പത്മിനി എന്നിവര്‍ കള്ളവോട്ട് ചെയ്തെന്നായിരുന്നു കണ്ടെത്തല്‍. ഇവര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഈ വോട്ടുകള്‍ ഓപ്പണ്‍ വോട്ടാണെന്ന് സിപിഎം വാദിച്ചെങ്കിലും ഓപ്പണ്‍ വോട്ടിന്റെ ചട്ടങ്ങള്‍ പാലിച്ചുള്ള വോട്ടല്ല ഇതെന്ന് തെളിയിക്കാനും ഇതേ വീഡിയോ ദൃശ്യങ്ങള്‍ക്ക് സാധിച്ചിരുന്നു.
ഇത് വിവാദമാകുകയും സിപിഎം പ്രതിരോധത്തിലാകുകയും ചെയ്ത സാഹചര്യത്തിലാണ് മുസ്ലിംലീഗിനെതിരെ സിപിഎം കള്ളവോട്ട് ആരോപണം ഉന്നയിച്ചത്. ഇതിനും ബൂത്തിലെ വീഡിയോ സ്ട്രീമിംഗാണ് സഹായമായത്. പുതിയങ്ങാടി ജമാഅത്ത് സ്കൂളില്‍ സജ്ജീകരിച്ചിരുന്ന 69, 70 ബൂത്തുകളില്‍ ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, ആഷിക്ക് എന്നിവര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. മുഹമ്മദ് ഫായിസ് 70-ാം നമ്പര്‍ ബൂത്തിലും ഫായിസ് 69-ാം നമ്പര്‍ ബൂത്തിലുമാണ് കള്ളവോട്ട് ചെയ്തത്. ചൂട്ടാടുള്ള പ്രാദേശിക നേതാവ് സൈനു നല്കിയ സ്ലിപ്പുമായാണ് ഫായിസ് വോട്ടുചെയ്യാനെത്തുന്നത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഒരു കള്ളവോട്ട് ചെയ്തതിന് ശേഷം അടുത്ത കള്ളവോട്ടിനായി ക്യൂവില്‍ നിന്നും മാറാതെ തന്നെ വീണ്ടും ബൂത്തിലേക്ക് വരുന്നതാണ് ദൃശ്യങ്ങളില്‍ കണ്ടത്. 69-ാം നമ്പര്‍ ബൂത്തില്‍ ഇയാള്‍ കള്ളവോട്ട് ചെയ്തതിനെ എല്‍ഡിഎഫ് ഏജന്റ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പിന്നീട് 70-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് ചെയ്തത്. സംഘമായാണ് ഇവിടെ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യാനെത്തിയത്. ഉദ്യോഗസ്ഥരെയും എല്‍ഡിഎഫ് ഏജന്റുമാരെയും ബൂത്തിനകത്ത് വച്ച് ഭീഷണിപ്പെടുത്തിയാണ് ഇവരുടെ കള്ളവോട്ടുകള്‍.
തളിപ്പറമ്പില്‍ അസംബ്ലി നിയോജക മണ്ഡലം 166-ാം നമ്പര്‍ ബൂത്തില്‍ പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തത്. നാട്ടിലില്ലാത്ത പ്രവാസികളുടെ വോട്ടുകളാണ് ഇവര്‍ ഇവിടെ ചെയ്തത്. നൂറ് കണക്കിന് പ്രവാസികളുടെ കള്ളവോട്ടാണ് ഇവിടെ ലീഗ് പ്രവര്‍ത്തകര്‍ ചെയ്തത്. മര്‍ഷാദ് കെ, അസ്ലം എം മാട്ടുമ്മല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇവരുടെ കള്ളവോട്ടുകള്‍.
ഈ കള്ളവോട്ടുകള്‍ തെളിവ് സഹിതം പിടികൂടിയതോടെയാണ് കേരള ചരിത്രത്തില്‍ കള്ളവോട്ടിന്റെ പേരിലുള്ള ആദ്യ റീപോളിംഗിന് കളമൊരുങ്ങിയത്. നേരത്തെ എറണാകുളം മണ്ഡലത്തില്‍ തൃക്കാക്കരയിലെ ഒരു ബൂത്തില്‍ പോള്‍ ചെയ്ത ആകെ വോട്ടിനേക്കാള്‍ എണ്ണം വോട്ടിംഗ് യന്ത്രത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കുകയും റീപോളിംഗ് നടത്തുകയും ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെങ്കിലും ജനാധിപത്യ കേരളത്തിന് നാണക്കേടുണ്ടാക്കുന്നതായി കള്ളവോട്ടിന്റെ പേരിലുള്ള ഈ റീപോളിംഗ്.