UPDATES

ട്രെന്‍ഡിങ്ങ്

അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ പ്രചരിപ്പിക്കുന്ന കഥകളിലെ വാസ്തവമെന്താണ്?

സ്കൂള്‍ അധികൃതരോ പോലീസോ മരിച്ച അധ്യാപികയുടെ ഭര്‍ത്താവോ പോലും അറിയാത്ത കഥകളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്

ഒരാഴ്ച മുമ്പാണ് കൊല്ലം അഷ്ടമുടി ഗവ. എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ എസ്. ശ്രീദേവി സ്വയം ജീവനൊടുക്കുന്നത്. കാരണമെന്തെന്ന് വീട്ടുകാര്‍ക്ക് പോലും വലിയ ധാരണയില്ല. ആത്മഹത്യയുമായി ബന്ധപ്പെട്ട് കുണ്ടറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രിന്‍സിപ്പലായിരുന്ന ശ്രീദേവി ആത്മഹത്യ ചെയ്യാന്‍ ‘കാരണമായ’ കഥകള്‍ പിന്നീട് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കാന്‍ തുടങ്ങി. ‘ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് ക്ലാസിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പ്രിന്‍സിപ്പലിനെ കള്ളക്കേസില്‍ കുടുക്കി ഒരു ദിവസം പോലീസ് സ്‌റ്റേഷനില്‍ പാര്‍പ്പിച്ചു. സംഭവത്തില്‍ മനംനൊന്ത പ്രിന്‍സിപ്പല്‍ ആത്മഹത്യ ചെയ്തു’ എന്ന് തുടങ്ങിയ സന്ദേശങ്ങള്‍ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വ്യാപകമായി പ്രചരിച്ചു/പ്രചരിക്കുന്നു. എന്നാല്‍ ഈ പ്രചരണങ്ങളില്‍ പറയുന്ന കാര്യങ്ങളാണോ യഥാര്‍ഥത്തില്‍ അധ്യാപികയുടെ ആത്മഹത്യയിലേക്ക് നയിച്ചത്? ഒരു അന്വേഷണം നടത്തുകയാണ്.

അഷ്ടമുടി ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ഥികളായ മൂന്ന് പെണ്‍കുട്ടികളെ സ്‌കൂളില്‍ മദ്യംകൊണ്ടുവന്നു എന്ന കാരണത്താല്‍ ഒരാഴ്ചകാലത്തേക്ക് മാറ്റിനിര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടന്ന സംഭവവികാസങ്ങളാണ് സ്‌കൂള്‍ പ്രധാനധ്യാപിക എസ്. ശ്രീദേവിയുടെ ആത്മഹത്യയിലേക്ക് പരിണമിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ഇതിന് സമാനമായ വാര്‍ത്തകള്‍ നല്‍കുകയുമുണ്ടായി. ഫേസ്ബുക്ക് ലൈവിലൂടെയും, വാട്‌സാപ്പ് മെസേജുകളിലൂടെയും വിഷയം വന്‍ ചര്‍ച്ചയായി. എന്നാല്‍ മരണം നടന്നതിന് പുറകെ (03.02.2018) ആദ്യമായി ഇത്തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് സംശയിക്കുന്ന അഷ്ടമുടി ഗവ. ജി.എച്ച്.എസ്.എസിലെ തന്നെ വിദ്യാര്‍ത്ഥി വിഷയം ചര്‍ച്ചയായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു. വിവാദം കൊഴുപ്പിക്കുന്നതിനിടയില്‍ ഇത് ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല. പിന്നീടുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി സന്ദേശങ്ങള്‍ പ്രചരിക്കുകയും ചെയ്തു.

സംഘപരിവാര്‍ അനുഭാവിയായി അറിയപ്പെടുന്ന ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു

മാധ്യമ ചര്‍ച്ചകളില്‍ എന്തുകൊണ്ട് ഈ വിഷയം വരുന്നില്ല. കൊല്ലം അഷ്ടമുടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ്മുറിയില്‍ വച്ച് കുട്ടികള്‍ മദ്യപിച്ചതിനെ ചോദ്യംചെയ്ത പ്രിന്‍സിപ്പലിനെ രക്ഷിതാക്കള്‍ കള്ളക്കേസില്‍ കുടുക്കുകയും, പോലീസ് സ്‌റ്റേഷനില്‍ കയറേണ്ടി വന്നതിന്റെ മനോവിഷമത്തില്‍ 55-കാരിയായ അധ്യാപിക ആത്മഹത്യചെയ്യുകയുമുണ്ടായി. കേരളത്തിലെ പ്രമുഖപത്രങ്ങളും,ചാനലുകളും വാര്‍ത്ത ഇതുവരെ റിപ്പോര്‍ട്ട് ചെയ്തില്ല. തെറ്റ് തിരുത്തിയതിന്റെ പേരില്‍ ഒരു അധ്യാപിക ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവം വേണ്ട രീതിയില്‍ അന്വേഷിക്കുകയോ നടപടികള്‍ ഉണ്ടാകാതിരിക്കുകയോ ചെയ്യുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരം ആണ്. അധ്യാപകരുടെ പീഡനത്തെ തുടര്‍ന്ന് കുട്ടികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, കുട്ടികള്‍ ജീവനൊടുക്കിയ സംഭവങ്ങള്‍ ഒക്കെ വലിയ വാര്‍ത്തയാക്കുകയും, വിദ്യാര്‍ത്ഥികള്‍ കാരണം ഒരു അദ്ധ്യാപിക ജീവനൊടുക്കിയ സംഭവം വളരെ ലളിതമായി കടന്നു പോകുന്നതും തീര്‍ത്തും ദുഖ:കരമാണ് “.

വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച കഥകള്‍ക്കും ഏതാണ്ട് ഇതേ ഭാഷയും സ്വഭാവവും തന്നെയായിരുന്നു. അധ്യാപികയെ കള്ളക്കേസില്‍ കുടുക്കി ഒരു ദിവസം പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചു എന്നതായിരുന്നു പ്രധാന ആരോപണം എന്നതിനാല്‍ ഇതിലെ യാഥാര്‍ഥ്യം അറിയാനായി ആദ്യം അന്വേഷിച്ചത് കുണ്ടറ പോലീസ് സ്‌റ്റേഷനിലാണ്.
ഇങ്ങനൊരു സംഭവം തന്നെ നടന്നിട്ടില്ലെന്നും ടീച്ചറെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടു പോലുമില്ലെന്ന് കുണ്ടറ പോലീസ് സാക്ഷ്യപ്പെടുത്തുന്നു.

പോലീസ് പറയുന്നത്

ടീച്ചറുടെ പേരില്‍ കേസുണ്ട്, അതു പക്ഷെ ആത്മഹത്യ ചെയ്തതിന് എടുത്തിട്ടുള്ള കേസാണ്. ടീച്ചറെ സ്റ്റേഷനില്‍ കൊണ്ടുവന്നിരുത്തിയെന്നതും, ടീച്ചറുടെ പേരില്‍ കള്ളക്കേസ് എടുത്തുവെന്നതും, ഏതോ രക്ഷിതാക്കളാണ് കേസ് തന്നതെന്നും പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണ്. ടീച്ചറെ സ്‌റ്റേഷനില്‍ കൊണ്ടുവരേണ്ടുന്ന തരത്തില്‍ ഒരു പരാതിയും ഇന്നേവരെ കിട്ടിയിട്ടില്ല. ടീച്ചറെ കള്ളക്കേസില്‍ കുടുക്കിയതിനാലാണ് ആത്മഹത്യ ചെയ്തതെന്നുള്ള രീതിയിലെ വാര്‍ത്തകള്‍ വാട്‌സാപ്പിലും ഫേസ്ബുക്കിലും കണ്ടിരുന്നു. പക്ഷെ അതൊന്നും കാര്യമാക്കിയെടുത്തില്ല, പക്ഷെ ഇന്നത് വളരെയധികം ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്.”

പോലീസ് ഇങ്ങനെയൊരു കാര്യം പോലും അറിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്നു. അപ്പോള്‍ സ്‌കൂളില്‍ എന്താണ് സംഭവിച്ചത്. അതിനായി സ്‌കൂളിലെ ഒരു ജീവനക്കാരനേയും അധ്യാപകനേയും ബന്ധപ്പെട്ടു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇരുവരും പറഞ്ഞത് സമാനമായ കാര്യങ്ങളാണ്. സ്‌കൂളില്‍ വിഷയം ഉണ്ടായിരുന്നു എന്ന് ഇരുവരും സമ്മതിക്കുന്നു. എന്നാല്‍ ഏതെങ്കിലും തരത്തില്‍ അധ്യാപിക പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം വാസ്തവവിരുദ്ധമാണെന്നും സ്‌കൂള്‍ അധികൃതര്‍ ഉറപ്പിച്ചു പറയുന്നു.

സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതിങ്ങനെ

സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ പക്കല്‍ നിന്നും വിദേശ മദ്യം കണ്ടെടുത്തുവെന്നത് ശരിയാണ്. ശേഷം മദ്യം കൊണ്ടുവന്ന കുട്ടിയുടെയും, കൂട്ടുകാരികളായ മറ്റ് രണ്ട് കുട്ടികളുടെയും ചോദ്യം ചെയ്യുകയും രക്ഷിതാക്കളെ അറിയിക്കുമെന്ന് ടീച്ചര്‍ പറയുകയും ചെയ്തു. രക്ഷിതാക്കളെ അറിയിക്കുമെന്നായപ്പോള്‍ കുട്ടികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. എന്നാല്‍ ടീച്ചര്‍ അത് കണക്കിലെടുക്കാതെ രക്ഷിതാക്കളെ വിളിപ്പിക്കുകയും അവരോട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. തെറ്റ് ചെയ്തത് തങ്ങളുടെ കുട്ടികളാണെന്നും, ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ രക്ഷിതാക്കളെന്ന നിലയില്‍ തങ്ങള്‍ നോക്കിക്കൊള്ളാമെന്നുമാണ് രക്ഷിതാക്കള്‍ പറഞ്ഞത്. തുടര്‍ന്ന് പി.ടി.എ യോഗം ചേര്‍ന്നു. യോഗത്തിന്റെ തീരുമാനപ്രകാരം കുട്ടിയെയും രണ്ട് കൂട്ടുകാരെയും സ്‌കൂളില്‍ നിന്ന് ഒരാഴ്ചക്കാലത്തേക്ക് മാറ്റിനിര്‍ത്തി. പക്ഷെ അതൊരിക്കലും ഒരു സസ്‌പെന്‍ഷന്‍ ആയിരുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ ടീച്ചറെ വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്നതും, ടീച്ചറെ പോലീസ് സ്‌റ്റേഷനില്‍ കയറ്റിയെന്നതും വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ്. ഈ സംഭവത്തിനുശേഷം കുറ്റക്കാരായ വിദ്യാര്‍ത്ഥിനികളോട് അസംതൃപ്തിയുള്ള സ്‌ക്കൂളിലെ തന്നെ മറ്റേതെങ്കിലും വിദ്യാര്‍ത്ഥികള്‍ തന്നെയാകണം ഇത്തരത്തില്‍ പ്രചരണം ആദ്യം തുടങ്ങിയിട്ടുള്ളത് എന്നാണ് സംശയിക്കുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാര്യങ്ങളെ സോഷ്യല്‍മീഡിയയിലൂടെമാത്രം കാണാന്‍ ശ്രമിച്ചാണ് വാര്‍ത്ത നല്‍കിയത്. ഇതാണ് കാര്യങ്ങളെ ഇത്രമാത്രം വഷളാക്കിയത്. ആരെങ്കിലും വാര്‍ത്ത ചെയ്യുന്നുണ്ടെങ്കില്‍ കുറഞ്ഞപക്ഷം ഞങ്ങള്‍ സഹപ്രവര്‍ത്തകരെയെങ്കിലും വിളിച്ചുചോദിക്കാമായിരുന്നു.”

അധ്യാപികയുടെ സഹപ്രവര്‍ത്തകരും നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ നിഷേധിച്ചു. ഇനി ആ പ്രചരണങ്ങള്‍ സത്യസന്ധമാണോ എന്ന് പറയേണ്ടത് അധ്യാപികയുടെ ബന്ധുക്കളാണ്. എന്നാല്‍ പോലീസും സ്‌കൂള്‍ അധികൃതരും പറഞ്ഞതിന് സമാനമായ കാര്യങ്ങള്‍ തന്നെയാണ് ശ്രീദേവിയുടെ ഭര്‍ത്താവ് അപ്പുക്കുട്ടന്‍പിള്ളയും അഴിമുഖത്തോട് പറഞ്ഞത്. പ്രചരണങ്ങള്‍ സത്യവിരുദ്ധമാണെന്നും അധ്യാപികയുടെ ആത്മഹത്യയുടെ കാരണവുമായി അതിന് ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു.

ഭര്‍ത്താവ് അപ്പുക്കുട്ടന്‍ പിള്ളയുടെ വാക്കുകള്‍

“ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പിന്നാലെ പോയി, അനാവശ്യ ചര്‍ച്ചകളാണ് ആളുകള്‍ നടത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റുകളില്‍ പറയുന്ന തരത്തിലൊന്നുമല്ല കാര്യങ്ങള്‍. സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ പറയുന്ന തരത്തില്‍ പോലീസില്‍ നിന്ന് മോശം സമീപനം ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഫേസ്ബുക്കിലൂടെ പ്രചരിച്ചത് ആരുടെയെല്ലാമോ സ്ഥാപിത താല്പര്യങ്ങള്‍ മാത്രമാണ്. ടീച്ചറെ കള്ളക്കേസില്‍ കുടുക്കിയെന്നതും, പോലീസ് പിടിച്ചുകൊണ്ട് പോയെന്ന് പറയുന്നതും ശുദ്ധ അസംബന്ധമാണ്. ഭര്‍ത്താവായ ഞാനറിയാതെ ഒരു ദിവസം മുഴുവന്‍ ടീച്ചറെ സ്‌റ്റേഷനില്‍ പിടിച്ചുവച്ചു എന്നു പറയുന്നതിന് ഞാനെങ്ങനെയാണ് മറുപടി പറയേണ്ടത്. സ്‌കൂളിലെ ഏതോ കുട്ടി തന്നെയാണ് ഇത്തരത്തില്‍ ഫോസ്ബുക്കില്‍ കുറിപ്പിട്ടത്. അതിനുള്ള കാരണം കഴിഞ്ഞ വര്‍ഷം മദ്യപിച്ചെത്തിയ മൂന്നാലു കുട്ടികളെ സസ്‌പെന്‍ഡ് ചെയ്തുവെന്നതും, കഴിഞ്ഞ ദിവസമുണ്ടായ പ്രശ്‌നത്തിലെ കുട്ടികളെ സസ്‌പെന്‍ഡ് ചെയ്തില്ല എന്നതുമാകണം. ഒന്നാമതായിട്ട് മോഡല്‍ പരീക്ഷാ സമയമായതിനാലാണ് സസ്‌പെന്‍ഡ് ചെയ്യണ്ട എന്ന് ടീച്ചര്‍ കരുതുവാനുള്ള കാരണം. അനാവശ്യമായ ചര്‍ച്ചയാണിത്.”

ആത്മഹത്യ ചെയ്ത അധ്യാപികയുടെ ബന്ധുക്കളും സഹപ്രവര്‍ത്തകരും പോലീസും ഒരേപോലെ പരക്കെ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിക്കുന്നു. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് അഞ്ചാലുംമൂട് പോലീസ് സ്‌റ്റേഷന്റെ പരിധിയിലാണ്. എന്നാല്‍ അഞ്ചാലുംമൂട് സ്റ്റേഷനില്‍ ഇക്കാര്യം അന്വേഷിച്ച് വിളിച്ചപ്പോള്‍ അവര്‍ ഇക്കാര്യം അറിഞ്ഞിട്ടുപോലുമില്ല എന്ന മറുപടിയാണ് ലഭിച്ചത്. അങ്ങനെയെങ്കില്‍ പ്രിന്‍സിപ്പലായിരുന്ന ശ്രീദേവിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ അസത്യമാണ് എന്ന നിഗമനത്തിലേക്കാണ് എത്തിച്ചേരാനാവുക. മരിച്ച അധ്യാപികയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെല്ലാം സാക്ഷ്യപ്പെടുത്തുന്നതും അക്കാര്യം തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍