UPDATES

ജേക്കബ് തോമസ് തന്റെ ആത്മകഥയുടെ ആദ്യ പതിപ്പ് കൊടുക്കാന്‍ തീരുമാനിച്ച ഗോവിന്ദ് രാജ് ആരാണ്?

പുസ്തക പ്രകാശന ചടങ്ങ് മാറ്റിയെന്ന് വിവരം ഗോവിന്ദ് രാജ് അറിഞ്ഞത് വൈകിട്ട് നാലര ആയപ്പോഴാണ്.

അവധിയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തന്റെ ആത്മകഥ പ്രകാശന ചടങ്ങ് നടത്താനിരുന്നത് തിങ്കളാഴ്ചയായിരുന്നു. ചടങ്ങ് നടന്നില്ലെങ്കിലും ആദ്യ പുസ്തകം കൊടുക്കാന്‍ ഉദ്ദേശിച്ച വ്യക്തിക്ക് തന്നെ നല്‍കി ജേക്കബ് തോമസ്, തന്റെ ആത്മകഥ ഓണ്‍ലൈനിലും പ്രമുഖ ബുക്ക് ഷോപ്പുകളിലും ലഭ്യമാക്കിയിട്ടുണ്ടെന്നും അറിയിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പേരിലുള്ള തന്റെ ആത്മകഥ മുഖ്യമന്ത്രിയെ കൊണ്ട് ഗോവിന്ദ് രാജ് എന്ന ആളിന് നല്‍കി പ്രകാശനം ചെയ്യുമെന്നായിരുന്നു ജേക്കബ് തോമസ് പറഞ്ഞിരുന്നത്. എന്നാല്‍ നിയമപ്രശ്നം ഉള്ളതുകൊണ്ട് ചടങ്ങില്‍ താന്‍ പങ്കെടുക്കുന്നില്ല മുഖ്യമന്ത്രി വ്യക്തമാക്കിയതിനെ തുടര്‍ന്ന് ചടങ്ങ് തന്നെ ഉപേക്ഷിക്കുകയായിരുന്നു ജേക്കബ് തോമസ്. നിയമപ്രശ്നം ചൂണ്ടിക്കാണിച്ചു ചടങ്ങില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് കെ സി ജോസഫ് എംഎല്‍എ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍, നിയമസെക്രട്ടറിയുമായി സംസാരിച്ചപ്പോള്‍ കിട്ടിയ ഉപദേശം അനുസരിച്ചാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്.

ചടങ്ങ് ഉപേക്ഷിച്ചെങ്കിലും ജേക്കബ് തോമസ് പുസ്തകം ആദ്യം നല്‍കിയത് ഗോവിന്ദ് രാജിന് തന്നെയാണ്. ജേക്കബ് തോമസ് തന്റെ പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കാന്‍ നിശ്ചയിച്ച ഈ ഗോവിന്ദ് രാജ് ആരാണ്? ഇയാള്‍ക്ക് എന്ത് പ്രത്യേകതയാണുള്ളത് എന്ന ചോദ്യങ്ങള്‍ക്ക്- ഇടുക്കി ഇടമലക്കുടിയിലെ പഞ്ചായത്തിന്റെ പ്രസിഡന്റാണ് ഗോവിന്ദ് രാജ്. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്ത് പ്രസിഡന്റ്. കേരളത്തിലെ ഒരേ ഒരു ആദിവാസി പഞ്ചായത്തായത്താണ് ഇടമലക്കുടി. മുമ്പ് മൂന്നാര്‍ ഗ്രാമ പഞ്ചായത്തിന്റെ 13-ാം വാര്‍ഡ് ആയിരുന്ന ഇടമലക്കുടി 2010-ഓടെയാണ് കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്തായി മാറിയത്. ഗോവിന്ദ രാജും ജേക്കബ് തോമസും തമ്മിലുള്ള അടുപ്പം തുടങ്ങുന്നത് ഔദ്യോഗികമായി തന്നെയാണ്. മുമ്പ് ഇടമലക്കുടിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ജേക്കബ് തോമസ് ഗോവിന്ദ് രാജിന്റെ കുടിയിലുമെത്തിയിരുന്നു. ആദിവാസികളായ പഞ്ചായത്തംഗങ്ങള്‍ക്ക് ഇടമലക്കുടിയില്‍ പരിശീലനം ലഭിക്കുന്നില്ലെന്നും പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരെത്തുന്നില്ലെന്നുമുള്ള പരാതിയ തുടര്‍ന്നായിരുന്നു വിജിലന്‍സ് ഡയറക്ടറായിരുന്നു തോമസ് ജേക്കബ് അവിടെ എത്തിയത്. പുസ്തക പ്രകാശനത്തില്‍ താന്‍ വന്നതും ജേക്കബ് തോമസുമായുള്ള ബന്ധവും ഗോവിന്ദ് രാജ് അഴിമുഖത്തോട് വിശദീകരിച്ചത് ഇങ്ങനെയാണ്-

‘അദ്ദേഹവുമായുള്ള ബന്ധം ആരംഭിക്കുന്നത് നേരത്തെ ജേക്കബ് സാര്‍ ഇടമലക്കുടിയില്‍ വന്നപ്പോഴായിരുന്നു. മണിക്കൂറോളം കൊടുംവനത്തിലൂടെ നടന്നാണ് അന്ന് ജേക്കബ് സാര്‍ അവിടെ എത്തിയത്. ഏകദ്ദേശം 36 കിലോമീറ്ററോളം നടന്നാണ് അദ്ദേഹം ഞങ്ങളുടെ കുടിയിലെത്തിയത്. ഇടമലക്കുടിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒക്കെയുള്ളത് സൊസൈറ്റിക്കുടിയിലാണ്. അവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ നടന്നാണ് ഞാന്‍ താമസിക്കുന്ന ഇരുപ്പുകല്ലുകുടിയിലെത്തിയത്. തിരിച്ച് പോയത് അവിടെ നിന്ന് ഒരു മണിക്കൂറോളം നടന്ന് മുളകുതറകുടിയില്‍ എത്തി അവിടെനിന്ന് 10 കിലോമീറ്റര്‍ മലകയറി തമിഴ്നാട്ടിലെ വാല്‍പ്പാറ വഴിയാണ്. അന്ന് ഇദ്ദേഹത്തിനൊപ്പം മണിക്കൂറുകളോളം ചിലവഴിക്കാന്‍ സാധിച്ചിരുന്നു. എന്നോട് മാത്രമല്ല അന്ന് അവിടെ എത്തിയപ്പോള്‍ കുടിയിലെ എല്ലാവരുമായും അദ്ദേഹം നല്ല ബന്ധമായിരുന്നുണ്ടാക്കിയത്. അദ്ദേഹം വന്നതിന് ശേഷം പല കാര്യങ്ങളും ഇടമലക്കുടിയില്‍ നല്ല രീതിയില്‍ പൂര്‍ത്തിയായി. അദ്ദേഹം വന്നതോട് കൂടിയാണ് ഇവിടെ പല കാര്യങ്ങളും നേരയായതും. പിന്നെ ഇടയ്ക്ക് ഇവിടുത്തെ കാര്യങ്ങള്‍ അന്വേഷിക്കാനും പറയാനുമായി ഫോണ്‍ വിളിക്കുമായിരുന്നു. അതായിരിക്കാം അദ്ദേഹം ആദ്യ പുസ്തകത്തിന്റെ പ്രതി എനിക്ക് നല്‍കാന്‍ ഉദ്ദേശിച്ചത്.

(ഇടമലക്കുടിയില്‍ പരിശോധനയ്ക്ക് എത്തിയ ജേക്കബ് തോമസ്‌)

പുസ്തക പ്രകാശന ചടങ്ങ് മാറ്റിയെന്ന് വിവരം ഗോവിന്ദ് രാജ് അറിഞ്ഞത് വൈകിട്ട് നാലര ആയപ്പോഴാണ്. ആദ്യം ചെറിയ വിഷമമൊക്കെയുണ്ടായെങ്കിലും ജേക്കബ് സാര്‍ നേരിട്ട് പുസ്തകം തന്നപ്പോള്‍ സന്തോഷം തോന്നി. തൊടുപുഴയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് വിളിച്ച് പരിപാടിയുടെ വിവരങ്ങളൊക്കെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരിപാടിയാണ്, ഇവിടെ വരെ വരണം എന്ന് പറഞ്ഞപ്പോള്‍ നാട്ടിലുള്ള രണ്ട് യോഗങ്ങള്‍ ഒഴിവാക്കിയാണ് പ്രകാശന ചടങ്ങില്‍ എത്തിയത്. ചടങ്ങ് മാറ്റിവച്ചതിന് ശേഷം മുഖ്യമന്ത്രിമായിട്ടൊന്നും ബന്ധപ്പെട്ടിരുന്നില്ല. ഏതായാലും ഇവിടെ വരെ വന്നതല്ലേ, ഒന്ന് ജേക്കബ് സാറിനെ കണ്ടിട്ട് പോകാമെന്ന് കരുതി. അദ്ദേഹത്തെ വിളിച്ചു. പിന്നെ അദ്ദേഹത്തിന്റെ അടുത്ത് ചെന്നപ്പോള്‍ പുതിയ പുസ്തകത്തിന്റെ കോപ്പി തരുകയും ചെയ്തു. ഒരു അഞ്ചേമുക്കാല്‍ കഴിഞ്ഞു അദ്ദേഹത്തെ കണ്ടപ്പോള്‍. അതിന് ശേഷം ഞങ്ങള്‍ ഇടമലക്കുടിയിലേക്ക് തിരിക്കുകയും ചെയ്തു.’

വിവാദപരമായ വെളിപ്പെടുത്തലുകള്‍ കൊണ്ട് ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ കേരള ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ‘തന്നെ ആക്ഷേപിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനം വിളിച്ചു. തന്നെ വികസനവിരുദ്ധനെന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ വേണ്ടി മാത്രമാണ് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനം നടത്തിയത്. ഇത്തരത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയ ഒരേയൊരു മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. തന്നെ ജനവിരുദ്ധനായും വികസന വിരുദ്ധനായും ചിത്രീകരിക്കുകയെന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. സി ദിവാകരന്‍ വഞ്ചനാപരമായ നിലപാടാണ് തന്നോട് സ്വീകരിച്ചത്. സപ്ലൈകോയില്‍ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലം മാറ്റാന്‍ വേണ്ടി അന്ന് ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരന്‍ ശ്രമിച്ചു. സപ്ലൈകോ അഴിമതിയില്‍ സിബിഐ ഉദ്യോഗസ്ഥരും ആരോപണവിധേയരും ഒത്തുകളിച്ചു. സിബിഐ ഉദ്യോഗസ്ഥരും ആരോപണ വിധേയരും ഒത്തുകളിക്കുകയായിരുന്നു.’ തുടങ്ങിയ കാര്യങ്ങളാണ് ജേക്കബ് തോമസ് തന്റെ ബുക്കില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സര്‍വീസില്‍ ഇരിക്കെ തന്നെ പുസ്തകം എഴുതാന്‍ അനുവാദം ലഭിച്ചില്ലെന്ന പരാതിയും ജേക്കബ് തോമസിനെതിരെ വന്നിട്ടുണ്ട്.

ഇടമലക്കുടി പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നിന്നും 36 കിലോമീറ്ററോളം അകലെയുള്ള വനമേഖലയാണ് ഇടമലക്കുടി പഞ്ചായത്ത്. ആദിവാസി വര്‍ഗത്തില്‍പ്പെട്ട മുതുവാന്‍ ഗിരിവര്‍ഗക്കാരാണ് ഇവിടെയുള്ളത്. 13 വാര്‍ഡുകളായി 35-ഓളം കോളനികളിലാണ് ഇവിടെയുള്ളത്. ഏഴുനൂറോളം കുടുംബങ്ങള്‍ ഉള്ള ഈ പ്രദേശത്ത് വൈദ്യുതി, എത്തിയിട്ട് ഒരു കൊല്ലത്തിലധികമായിട്ടില്ല. തമിഴ്‌നാടിന്റെ പരിധിയില്‍ വരുന്ന ബിഎസ്എന്‍എല്‍ ടവറിന്റെ കീഴില്‍ അപൂര്‍വ്വമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയും. റോഡ് സൗകര്യം തീരെയില്ലാത്ത ഈ പ്രദേശത്ത് കിലോമീറ്ററുകള്‍ കറങ്ങി അത്യാവശ്യം ജീപ്പുകള്‍ എത്താനുള്ള ഒരു കാട്ടുപാത ഫോറസ്റ്റുകാര്‍ കൊണ്ടു വന്നിട്ടുണ്ട്. ഇത് ഗതാഗതയോഗ്യമല്ല.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍