UPDATES

തോമസ് ചാണ്ടിയുടെ കയ്യേറ്റവും മുഖ്യമന്ത്രിയുടെ സംരക്ഷിത മൗനവും

കയ്യേറ്റത്തിനും നിലംനികത്തലിനും റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ വേണ്ട സഹായം ചെയ്തുകൊടുക്കുന്ന കഥകളാണ് പുറത്തുവരുന്നതെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേയും മാര്‍ത്താണ്ഡം കായലിലേയും കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളുമാണെന്ന് ജില്ലാ കളക്ടര്‍ ടിവി അനുപമ സര്‍ക്കാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം തോമസ് ചാണ്ടിയും ബന്ധുക്കളും, സംസ്ഥാന ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചതായും അതിനു ചില ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതായാണ് വിവരങ്ങള്‍. അധികാരവും പണവും ഉപയോഗിച്ച് നിയമങ്ങള്‍ അട്ടിമറിച്ച് കുട്ടനാട്ടില്‍ തോമസ് ചാണ്ടി അഴിഞ്ഞാടുമ്പോള്‍ കടുത്ത പരിസ്ഥിത നാശം ഉണ്ടാകുന്നതായി നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും താഴ്ന്ന പ്രദേശമായ കുട്ടനാടിന്റെ പാരിസ്ഥിതിക വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന വേമ്പനാട് കായല്‍, സമാനരീതിയില്‍ തന്നെ നിലകൊള്ളുന്ന മാര്‍ത്താണ്ഡം കായല്‍ നിലവും കയ്യേറി കെട്ടിടങ്ങള്‍ പണിതുയര്‍ത്തുമ്പോള്‍ കാര്‍ഷിക മേഖലയ്ക്ക് അനുയോജ്യമായ കുട്ടനാട്ടിലെ തനത് അവസ്ഥ തന്നെ ഇല്ലാതാവുകയാണെന്നാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന ആരോപണം.

പത്ത് വര്‍ഷത്തിലേറെയായി തോമസ് ചാണ്ടി തുടര്‍ന്നുവന്ന ഈ നിര്‍മ്മാണങ്ങളും നിലംനികത്തലും ഇത്രനാളും ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഇടത് വലത് മുന്നണികളെ മാറിമാറി പ്രതിനിധീകരിച്ച തോമസ് ചാണ്ടിയെ ശക്തമായി എതിര്‍ക്കാന്‍ ഇരുമുന്നണികളും മടിക്കുമ്പോള്‍ പണത്തിന്റെ സ്വാധീനത്തില്‍ വഴങ്ങി ബിജെപിയും പ്രക്ഷോഭങ്ങള്‍ പ്രഹസനമാക്കുകയാണെന്നാണ് ജനങ്ങള്‍ പറയുന്നത്. അഞ്ചുസെന്റില്‍ ഒരു കൂര പണിയാന്‍ പോലും സാധാരണക്കാരന് ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുമ്പോള്‍ കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടില്‍ ഒരു മന്ത്രി തന്നെ ഇത്രയേറെ നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തി തന്റെ ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നുവെന്ന് തോന്നല്‍ കുട്ടനാട്ടിലെ സാധാരണ കര്‍ഷകര്‍ ഉന്നയിച്ചുതുടങ്ങിയിട്ടുണ്ട്.

കുവൈറ്റ് ചാണ്ടി, മന്ത്രി തോമസ് ചാണ്ടിയാകുമ്പോള്‍; കേരളം മാറുകയാണ്

രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ലാതിരുന്ന തോമസ് ചാണ്ടി കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ പലതരം രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചാണ് മന്ത്രിസ്ഥാനത്ത് എത്തിയത്. ആദ്യം ഡി.ഐ.സിയെ പ്രതിനിധീകരിച്ച് യുഡിഎഫ് മുന്നണിയില്‍ നിന്നും പിന്നീട് രണ്ട് തവണ ഇടത് മുന്നണിയില്‍ നിന്നും എംഎല്‍എ ആയ തോമസ് ചാണ്ടി, ഇതേ കാലയളവില്‍ തന്നെയാണ് ഇത്രയേറെ നെല്‍വയലുകളും വേമ്പനാട് കായലുംകയ്യേറിയത്. തോമസ് ചാണ്ടിയെ തുടര്‍ച്ചയായി വിജയിപ്പിച്ചത് കുട്ടനാടിന്റെ ശാപമായെന്നും പൊതു ജനം വലയിരുത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ മന്ത്രിസഭയിലെ മന്ത്രിമാരായിരുന്ന ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരില്‍ നിന്നും രാജി എഴുതി വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിയും ക്രിമിനല്‍ നടപടിയും വളരെ വ്യക്തമായിട്ടും തോമസ് ചാണ്ടിക്ക് മുന്നില്‍ മൗനം പാലിക്കുന്നതില്‍ ഏറെ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇക്കാര്യം നിരവധി തവണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മന്ത്രിസഭാ രൂപീകരണ സമയത്ത് എന്‍സിപിയില്‍ മന്ത്രിയെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ പുറത്തുനിന്നാണെങ്കില്‍ പോലും ഉഴവൂര്‍ വിജയനെ പിന്തുണച്ച് ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിനായി വാദിച്ച പിണറായി വിജയന്‍ ഇപ്പോള്‍ തോമസ് ചാണ്ടിയെ എല്ലാ കീഴ്‌വഴക്കങ്ങളും മറന്ന് സംരക്ഷിക്കുമ്പോള്‍ കെ. ബാബുവിനേയും അടൂര്‍ പ്രകാശിനേയും സംരക്ഷിച്ച് സ്വയം പരാജയങ്ങള്‍ക്ക് വഴിയൊരുക്കിയ ഉമ്മന്‍ ചാണ്ടിയുടെ അതേപാതയാണ് പിന്തുടരുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി ജില്ലാ കളക്ടറേയും അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനേയും പ്രതിരോധിക്കാന്‍ സ്വന്തം ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് കമ്പനിയുടെ പേരില്‍ തോമസ് ചാണ്ടി ശ്രമിക്കുമ്പോള്‍ അവിടെ നിന്നുകൂടി ഒരു പ്രഹരം ഉണ്ടായാല്‍ അത് ഇടത് മുന്നണിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതാവുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ഭൂസംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് മാത്രം ഒട്ടനവധി കണ്ടെത്തലുകളും പരാതികളുമാണ് തോമസ്ചാണ്ടിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. ലേക്ക്പാലസ് റിസോര്‍ട്ടിലേക്ക് മാത്രമായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വക റോഡ് ടാറിംഗ് നടത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് മന്ത്രിയെ ഏറ്റവും പ്രതിക്കൂട്ടിലാക്കിയത്. വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളമുള്ള റോഡില്‍ ലേക്ക് പാലസ് റിസോര്‍ട്ട് വരെയുള്ള 400 മീറ്റര്‍ മാത്രമാണ് ടാറിംഗ് നടത്തിയത്. രണ്ട് എംപിമാരുടെയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെയും ലക്ഷങ്ങളുപയോഗിച്ചാണ് ലേക്ക് പാലസിന്റെ ഗേറ്റ് വരെയെത്തുന്ന റോഡ് ടാറിങ്. റിസോര്‍ട്ടിന്റെ ഗേറ്റ് മുതലുള്ള റോഡ് മണ്ണിട്ട് ഉയര്‍ത്തുകയോ ടാര്‍ ചെയ്യുകയോ ചെയ്തിട്ടുമില്ല. ഇരുപത്തിയെട്ടര ലക്ഷം രൂപ ചെലവഴിച്ചാണ് തുറമുഖ വകുപ്പ് റോഡ് ടാറിങ് നടത്തിയത്.

ആസ്തി 92,37,60,033; എന്നിട്ടും കയ്യിട്ടുവാരിയോ മന്ത്രി ചാണ്ടി താങ്കള്‍..

നേരത്തെ പിജെ കുര്യന്‍ എംപിയുടെയും കെഇ ഇസ്മയില്‍ എംപിയുടെയും പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് പാടം നികത്തി ഈ റോഡ് നിര്‍മ്മിച്ചത്. ആലപ്പുഴ എം,എല്‍.എ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് എ.എ ഷുക്കൂറിന്റെ ശുപാര്‍ശാ കത്തിന്റെ അടിസ്ഥാനത്തിലാണ് പി.ജെ.കുര്യന്‍ എം.പി പണമനുവദിച്ചതെന്നത് ഈ അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ് പ്രകടമാക്കുന്നത്. നാല് മീറ്ററായിരുന്നു തുടക്കം മുതല്‍ സീറോ ജെട്ടിവരെയുള്ള റോഡിന്റെ വീതി. എന്നാല്‍ റിസോര്‍ട്ടിലേക്കുള്ള റോഡിന് ഏഴ് മീറ്റര്‍ വരെ വീതിയുമുണ്ട്. അനധികൃതമായി പാടം നികത്തിയാണ് ഇത് നിര്‍മ്മിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ട് കമ്പനിയുടെ ഡയറക്ടര്‍ മാത്യു ജോസഫിന്റെ പേരിലുള്ള ഒന്നരയേക്കര്‍ നെല്‍വയല്‍ സര്‍ക്കാര്‍ നികത്തിക്കൊടുത്തു എന്നതാണ് മറ്റൊരു ആരോപണം. സീറോ ജെട്ടി മുതല്‍ വിളക്കുമരം ജെട്ടി വരെയുള്ള പുന്നമടക്കായലിലെ ദേശീയ ജലപാത വീതിയും ആഴവും കൂട്ടി. ഡ്രെഡ്ജിങ് നടത്തുമ്പോള്‍ ലഭിക്കുന്ന ചെളിമണ്ണ് നിക്ഷേപിക്കാന്‍ അഞ്ച് പേരുടെ നെല്‍വയലുകള്‍ കണ്ടെത്തി. രണ്ട് പേരുടേത് സീറോ ജെട്ടിക്കടുത്തും മൂന്ന് പേരുടേത് വിളക്കുമരം ജെട്ടിക്കടുത്തും. സീറോ ജെട്ടിക്കടുത്ത് നിന്ന് മാന്തിയെടുത്ത ചെളി പക്ഷേ അവിടെ നെല്‍വയല്‍ വിട്ടുകൊടുത്തവരുടെ ഭൂമിയില്‍ നിക്ഷേപിച്ചില്ല. വിളക്കുമരം ജെട്ടിയ്ക്കടുത്തുള്ള മൂന്നുപേരുടെ നെല്‍വയലിലേക്കാണ് അവ മുഴുവനും നിക്ഷേപിച്ചത്. ഈ വയലുകളില്‍ ഒന്ന് തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഡയറക്ടര്‍ മാത്യു ജോസഫിന്റേതാണെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.

മാത്യുജോസഫിന്റെ പേരിലുള്ള ഒന്നരയേക്കര്‍ നെല്‍വയല്‍ അങ്ങനെ കരഭൂമിയായി മാറി. ഡ്രെഡ്ജിങ് നടത്തിയെടുക്കുന്ന ചെളിമണ്ണ് ലേലം ചെയ്ത് വില്‍ക്കണമെന്നാണ് ചട്ടം. എന്നാല്‍ അഞ്ച് ലക്ഷം രൂപ വിലവരുന്ന ചെളിമണ്ണിന് 36 ലക്ഷം രൂപയിട്ട് ഇറിഗേഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കി. ഇത്രയും വലിയ തുകയ്ക്ക് ചെളിമണ്ണ് ലേലം ചെയ്ത് പോയില്ല. ചെളിമണ്ണ് രണ്ട് വര്‍ഷമായി ഈ വയലില്‍ കിടക്കുകയാണ്.’

ഇതിനിടെ സര്‍ക്കാര്‍, കര്‍ഷക തൊഴിലാളികള്‍ക്ക് മാര്‍ത്താണ്ഡം കായലില്‍ നല്‍കിയ മിച്ചഭൂമി വ്യാപകമായി വാങ്ങിക്കൂട്ടിയ മന്ത്രി സകല നിയമങ്ങളും ലംഘിച്ച് നിലംനികത്തല്‍ തുടരുകയാണെന്ന ആരോപണം ശരിവക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന കളക്ടറുടെ റിപ്പോര്‍ട്ട്. മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏക്കറുകണക്കിന് ഭൂമി ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതായാണ് ആരോപണമുണ്ടായിരുന്നത്. 540 ഏക്കര്‍ ഭൂമിയില്‍ 6.2 ഏക്കര്‍ ഇവരുടെ പേരിലാണ്. വ്യാപകമായ നടന്നുവന്നിരുന്ന നിലം നികത്തലിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ഈ ഭൂമിയില്‍ കൊടിനാട്ടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നികത്ത് തല്‍ക്കാലം നിര്‍ത്തിവയ്ക്കപ്പെട്ടു. എന്നാല്‍ തോമസ് ചാണ്ടി എന്‍സിപിയിലെത്തിയതോടെ ഈ പ്രതിഷേധങ്ങള്‍ അവസാനിച്ചു. വീണ്ടും നികത്തല്‍ തുടങ്ങി. ഇപ്പോള്‍ മന്ത്രി നികത്തുന്ന ഭൂമി, പുരയിടമെന്നാണ് റവന്യൂ രേഖകളിലുള്ളത്. അങ്ങനെ കയ്യേറ്റത്തിനും നിലംനികത്തലിനും റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ വേണ്ട സഹായം ചെയ്തുകൊടുക്കുന്ന കഥകളാണ് പുറത്തുവരുന്നതെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മന്ത്രി തോമസ് ചാണ്ടി വീണ്ടും കുവൈറ്റ് ചാണ്ടിയാകുമോ? വളര്‍ച്ചയുടെ ചാണ്ടി സ്റ്റൈല്‍

തീരപരിപാലന സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതും അതീവജാഗ്രതയോടെ സംരക്ഷിക്കണമെന്ന് റാംസണ്‍സൈറ്റില്‍ പ്രതിപാദിക്കുന്നതുമായ വേമ്പനാട് കായല്‍ കയ്യേറിയും കായലുമായി പാലിക്കേണ്ട ദൂരപരിധി മറികടന്നും കായല്‍ വളച്ചുകെട്ടിയും നടന്ന ലേക്ക് പാലസ് റിസോര്‍ട്ടിന്റെ നിര്‍മ്മാണത്തിന് എന്ത് മാനദണ്ഡം അനുസരിച്ചാണ് ആലപ്പുഴ നഗരസഭ അനുമതി നല്‍കിയതെന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതാകുകയും അവയില്‍ ചിലവ മാത്രം തിരികെ നഗരസഭയിലെത്തുകയും ചെയ്തത് ചട്ടവിരുദ്ധമായ നടപടികളുടെ തുടര്‍ച്ചയാണ്. ഈ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ നഗരസഭ നോട്ടീസ് നല്‍കിയെങ്കിലും അതും പ്രഹസനമാണെന്നാണെന്നാണ് വിവരം. ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലും അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കേണ്ടതിന്റേയും നികത്തിയ ഭൂമി പൂര്‍വ സ്ഥിതിയിലാക്കേണ്ടതിന്റേയും ആവശ്യകത വ്യക്തമാക്കുന്നുണ്ട്. റവന്യൂ ഉദ്യോഗസ്ഥര്‍, കൃഷി ഓഫീസര്‍, നഗരസഭാ അധികൃതര്‍ തുടങ്ങി കുട്ടനാട്ടിന്റെ ദൈനംദിന ജീവിതത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വകുപ്പുകളിലെയെല്ലാം ഉദ്യോഗസ്ഥര്‍ തോമസ് ചാണ്ടിയെന്ന അധികാര വടവൃക്ഷത്തിന് എല്ലാ ചട്ടങ്ങളും മറികടന്ന് ഒത്താശ ചെയ്യുമ്പോള്‍ കുട്ടനാടിനേയും കുട്ടനാട്ടിലെ ജനങ്ങളേയും സംരക്ഷിക്കേണ്ടതു ഇതേ ഉദ്യോഗസ്ഥര്‍ തന്നെയാണെന്നതാണ് ദയനീയമായ വാസ്തവം.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍