UPDATES

ബ്ലോഗ്

‘പരിശോധന നടത്താനെത്തിയ ലോകബാങ്ക് സംഘം ഞെട്ടി. കേരളത്തില്‍ പ്രളയമുണ്ടായോ എന്നാണ് അവര്‍ ചോദിക്കുന്നത്’

കേരളത്തില്‍ പ്രളയത്തില്‍ തകര്‍ന്ന വേറേ റോഡൊന്നും ഇല്ലാഞ്ഞിട്ടാണോ നമ്മുടെ പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥര്‍ യാതൊരു കുഴപ്പവുമില്ലാത്ത റോഡു തന്നെ സര്‍ക്കാരിന്റെ ആയിരം ദിനത്തില്‍ പുനര്‍നിര്‍മാണം ഉദ്ഘാടനം ചെയ്യാനായി തെരഞ്ഞെടുത്തുകൊടുത്തത്? സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ചില ഉദ്യോഗസ്ഥര്‍ കേരളത്തേയും കൊണ്ടങ്ങുപോകും.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഏറ്റവും വലിയ പാരയാകുക ചില ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളായിരിക്കുമെന്ന് പലരും മുന്നറിയിപ്പു നല്‍കിയതാണ്. കാര്യങ്ങള്‍ അങ്ങോട്ടുതന്നെയാണ് പോകുന്നത്. ഏറ്റവും പുതിയ ഉദാഹരണം പറയാം.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് ലോകബാങ്ക് അനുവദിച്ചിരിക്കുന്നത് 45 മില്യണ്‍ ഡോളറാണ്. ലോകബാങ്ക് നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ക്കനുസരിച്ചുവേണം പുനര്‍നിര്‍മാണം. ഏറ്റവും അധികം തകര്‍ന്ന റോഡുകള്‍ക്കായിരിക്കണം മുന്‍ഗണന എന്ന് അവര്‍ വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലോകബാങ്കിന്റെ പണം ഉപയോഗിച്ച് പണിയാനായി സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് തെരഞ്ഞെടുത്തത് 62 റോഡുകളാണ്. അത്രയും എണ്ണം ഉടന്‍ പറ്റില്ലെന്നു പറഞ്ഞതോടെ 14 എണ്ണം ഷോട് ലിസ്റ്റ് ചെയ്തു. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് അവയില്‍ ഒരെണ്ണം നിര്‍മാണോദ്ഘാടനം നടത്താന്‍ നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രിയാണ്. അതിനായി പൊതുമരാമത്ത് വകുപ്പിലെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം ഒരു റോഡ് തെരഞ്ഞെടുത്തു. അതാണ് സുല്‍ത്താന്‍ ബത്തേരി- കല്‍പറ്റ റോഡ്. 34 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് നേരത്തേ കെഎസ്ടിപി പണിതതാണ്.

.

ഈ റോഡില്‍ പരിശോധന നടത്താനെത്തിയ ലോകബാങ്ക് സംഘം ഞെട്ടി. കേരളത്തില്‍ പ്രളയമുണ്ടായോ എന്നാണ് അവര്‍ ചോദിക്കുന്നത്. കാരണം പ്രസ്തുത റോഡിന് യാതൊരു കുഴപ്പവുമില്ല! ഉദ്യോഗസ്ഥര്‍ എന്തടിസ്ഥാനത്തിലാണ് പുനര്‍നിര്‍മാണത്തിനായി ഈ റോഡ് തെരഞ്ഞെടുത്തതെന്ന് ആര്‍ക്കുമറിയില്ല. ഈ റോഡിനായി കണ്‍സള്‍ട്ടന്റിനെ വച്ച് മൂന്നു കോടി രൂപ ചെലവിട്ട് ഡിപിആറും ഉണ്ടാക്കിയെന്നാണ് അറിയുന്നത്. കര്‍ണാടക അതിര്‍ത്തിയില്‍ കബനി നദിയിലവസാനിക്കുന്ന ഈ റോഡിന് തുടര്‍ കണക്ടിവിറ്റി പോലുമില്ല. ഇതുവഴി ഗതാഗതവും വളരെ കുറവ്. ലോകബാങ്ക് സംഘം ഈ റോഡിനുവേണ്ടിയുള്ള പ്രപ്പോസല്‍ തള്ളിയെന്നാണ് അറിയാന്‍ കഴിയുന്നത്.

പ്രളയം കഴിഞ്ഞിട്ട് ആറു മാസം കഴിയുന്നു. പുനര്‍നിര്‍മാണം മുന്നോട്ടു പോകുന്നതിന്റെ ചെറിയൊരു ഉദാഹരണമാണ് മേല്‍ സൂചിപ്പിച്ചത്. തെറ്റായ റോഡ് തെരഞ്ഞെടുപ്പ് ലോകബാങ്ക് തള്ളിക്കളയുമ്പോള്‍ അതിന്റെ പഴി കിട്ടുക സര്‍ക്കാരിനായിരിക്കും. സര്‍ക്കാര്‍ ലോകബാങ്കിനെ കുറ്റം പറയും. ഇനി ആ റോഡ് തെരഞ്ഞെടുത്ത് പണി തുടങ്ങിയാലോ? മികച്ച റോഡില്‍ വീണ്ടും ടാര്‍ പൂശുന്നുവെന്നതിന്റെ പഴിയും സര്‍ക്കാരിനു മീതേ തന്നെ വരും. കേരളത്തില്‍ പ്രളയത്തില്‍ തകര്‍ന്ന വേറേ റോഡൊന്നും ഇല്ലാഞ്ഞിട്ടാണോ നമ്മുടെ പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥര്‍ യാതൊരു കുഴപ്പവുമില്ലാത്ത റോഡു തന്നെ സര്‍ക്കാരിന്റെ ആയിരം ദിനത്തില്‍ പുനര്‍നിര്‍മാണം ഉദ്ഘാടനം ചെയ്യാനായി തെരഞ്ഞെടുത്തുകൊടുത്തത്? ആരാണ് ഇതിനൊക്കെ പിന്നിലിരുന്ന് ചരടുവലിക്കുന്നത്?

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ചില ഉദ്യോഗസ്ഥര്‍ കേരളത്തേയും കൊണ്ടങ്ങുപോകും.

(ഫേസ് ബുക്ക് പോസ്റ്റ്‌)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍