UPDATES

ട്രെന്‍ഡിങ്ങ്

‘മതിയായി’; കെപിസിസി മീഡിയ സെല്‍ പദവി ശശരി തരൂര്‍ രാജി വയ്ക്കുന്നു

എഐസിസി ചോദിക്കേണ്ടത് കെപിസിസി ചോദിച്ചു

നരേന്ദ്ര മോദി സ്തുതി നടത്തിയെന്ന പേരില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ നിരന്തര കുറ്റപ്പെടുത്തലിനും കെപിസിസിയുടെ വിശദീകരണം ചോദിക്കലിനും ഇരയായ തിരുവനന്തപുരം എംപി ശശി തരൂര്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കുന്നതായി റിപ്പോര്‍ട്ട്. സെല്ലിന്റെ സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുടേയും കോഓര്‍ഡിനേറ്റര്‍മാരുടേയും യോഗത്തില്‍ തരൂര്‍ തന്നെ രാജി തീരുമാനം പ്രഖ്യാപിച്ചുവെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരുവനന്തപുരത്തു നിന്ന് മൂന്നാം വട്ടം എംപിയായ താന്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ വിശദീകരണം തേടേണ്ടതുണ്ടെങ്കില്‍ അത് ചെയ്യേണ്ടത് എഐസിസിയാണ്. എന്നാല്‍ കെപിസിസി ഇക്കാര്യത്തില്‍ വിശദീകരണം തേടിയതില്‍ വിഷമമുണ്ടെന്നും ഇതാണ് രാജി വയ്ക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റായതിനു ശേഷം രൂപീകരിച്ചതാണ് ഡിജിറ്റല്‍ മീഡിയ സെല്‍. സോഷ്യല്‍ മീഡിയയില്‍ അടക്കം കോണ്‍ഗ്രസ് നേതാക്കളുടെ ആശയപ്രചരണാര്‍ത്ഥം രൂപീകരിച്ച ഇതിന്റെ കണ്‍വീനറായി എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയേയാണ് നിയമിച്ചത്.

നരേന്ദ്ര മോദി നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിനെ അഭിനന്ദിക്കണമെന്നും എങ്കില്‍ മാത്രമേ വിമര്‍ശിക്കേണ്ട സമയത്ത് അതിന് സാധുതയുണ്ടാകൂ എന്നുമായിരുന്നു തരൂരിന്റെ പ്രസ്താവന. മുതിര്‍ന്ന നേതാക്കളായ ജയറാം രമേശ്, അഭിഷേക് സിംഗ്‌വി തുടങ്ങിയവര്‍ നടത്തിയ പ്രസ്താവനയുടെ ചുവടു പിടിച്ചായിരുന്നു തരൂരിന്റെ പ്രസ്താവനയും. എന്നാല്‍ എഐസിസി കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കാതിരുന്നപ്പോള്‍ കെപിസിസി നേതൃത്വം ശക്തമായാണ് തരൂരിനോട് പ്രതികരിച്ചത്. കെ. മുരളീധരന്‍ എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ശക്തമായി പ്രതികരിക്കുകയും മുല്ലപ്പള്ളി വിശദീകരണം തേടുകയുമായിരുന്നു. തരൂരും ശക്തമായ വിമര്‍ശനമാണ് കേരള നേതാക്കള്‍ക്കെതിരെ നടത്തിയത്. മോദിക്കെതിരെ ഒരാളും മിണ്ടാതിരുന്നപ്പോള്‍ വിമര്‍ശനം നടത്തിയ ഏക നേതാവ് താനാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തരൂര്‍ മറുപടി നല്‍കിയതോടെ വിവാദം അവസാനിച്ചുവെന്ന് മുല്ലപ്പള്ളി വ്യക്തമാക്കുകയും ചെയ്തു.

അതിനിടെ, ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാൻ ‘മൃദു ഹിന്ദുത്വ’മാകരുത് പാർ‌ട്ടിയുടെ ആയുധമെന്ന് തരൂർ അഭിപ്രായപ്പെട്ടു. ആ വഴിക്കാണ് നീങ്ങുന്നതെങ്കിൽ പാർട്ടി അവിടങ്ങളില്‍ ഇല്ലാതാകുകയാകും ഫലമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോക്ക് ലൈറ്റ് പോലെ ഹിന്ദുത്വ ലൈറ്റ് അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ഇല്ലാതാകുകയേ ഉള്ളൂ,’ തരൂർ പറഞ്ഞു.

നിലവിലെ ആക്രാമകമായ ദേശീയതാ പ്രവണതകൾ ഇല്ലാതാകുമെന്നതിൽ തനിക്ക് സംശയമില്ലെന്നും തരൂർ പറഞ്ഞു. ഇത്തരം പ്രവണതകളെ ചെറുക്കുന്ന യുവാക്കളടക്കമുള്ള ശുഭാപ്തിവിശ്വാസികളുടെ കൂട്ടത്തിലാണ് താനെന്നും തരൂർ പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

തന്റെ പുതിയ പുസ്തകമായ ‘ദി ഹിന്ദു വേ: എൻ ഇൻട്രൊഡക്ഷൻ ടു ഹിന്ദുയിസം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്നോടിയായാണ് തരൂർ അഭിമുഖം നൽകിയത്. ബിജെപിയും അതിന്റെ സഖ്യകക്ഷികളും ഹിന്ദുവായിരിക്കുന്നത് ബ്രിട്ടീഷ് ഫൂഡ്ബോൾ തെമ്മാടിക്കൂട്ടത്തിന്റേതിനു സമാനമായ രീതിയിലാണെന്ന് അദ്ദേഹം വിമർശിച്ചു. നിലവിൽ അധികാരത്തിലിരിക്കുന്നവർ ഹിന്ദുമതത്തെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ അറിഞ്ഞവരല്ലെന്നും വിശ്വാസത്തെ കോമാളിത്തമാക്കി മാറ്റിയവരാണെന്നും തരൂർ ചൂണ്ടിക്കാട്ടി. വളരെ ചുരുങ്ങിയ ഒരു രാഷ്ട്രീയ ആയുധമാക്കി അവർ വിശ്വാസത്തെ മാറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പു നേട്ടങ്ങൾ മാത്രമാണ് അവരുടെ ഉദ്ദേശ്യം.

എക്കാലത്തും തങ്ങൾ നിലകൊണ്ട തത്വങ്ങളെ മുറുകെപ്പിടിച്ച് നിവർന്നു നിൽക്കുകയാണ് കേൺഗ്രസ്സ് ചെയ്യേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍