UPDATES

കേരളം

കണ്ണൂരിലെ ഈ ഗ്രാമത്തിന്റെ വിദൂരസ്മരണകളില്‍ പോലും ജനജീവിതം സ്തംഭിപ്പിച്ച ഒരു ഹര്‍ത്താല്‍ ദിനം ഇല്ല

വളപട്ടണത്തുകാരുടെ വിദൂരസ്മരണകളില്‍പ്പോലും ജനജീവിതം സ്തംഭിപ്പിച്ച ഒരു ഹര്‍ത്താല്‍ ദിനം ഇല്ല

ശ്രീഷ്മ

ശ്രീഷ്മ

തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകളില്‍ വിഭവ നഷ്ടവും മറ്റനേകം ബുദ്ധിമുട്ടുകളും നേരിടുന്ന ഒരു ജനതയാണ് കേരളത്തിലുള്ളത്. 2018ല്‍ മാത്രം 97 ഹര്‍ത്താലുകള്‍ അഭിമുഖീകരിക്കേണ്ടി വന്നു എന്ന കണക്കുകള്‍ മാത്രം മതി, ഹര്‍ത്താലുകള്‍ക്കെതിരായ ഒരു പൊതുബോധം കഴിഞ്ഞ ഹര്‍ത്താലോടെ വ്യാപാരികളിലും സാധാരണജനങ്ങളിലും എന്തുകൊണ്ട് സൃഷ്ടിക്കപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍. ജനാധിപത്യപരമായ ഒരു സമരമാര്‍ഗ്ഗമായി ഹര്‍ത്താലിനെ കാണുമ്പോള്‍ത്തന്നെ, അതിന്റെ മറവില്‍ നടക്കുന്ന അവകാശ നിഷേധത്തെ നേരത്തേ തിരിച്ചറിഞ്ഞു പ്രതിരോധം തീര്‍ത്ത അനവധി കൊച്ചു ഗ്രാമങ്ങളുണ്ട്, കോഴിക്കോട്ടെ നൈനാംവളപ്പടക്കം.

അക്കൂട്ടത്തില്‍പ്പെട്ടതെങ്കിലും, ഹര്‍ത്താലിനോട് മുഖം തിരിച്ചു നില്‍ക്കുന്നതിന്റെ കാരണങ്ങള്‍കൊണ്ട് വ്യത്യസ്തമാവുകയാണ് കണ്ണൂര്‍ ജില്ലയിലെ വളപട്ടണം ഗ്രാമപഞ്ചായത്ത്. വളപട്ടണത്തുകാരുടെ വിദൂരസ്മരണകളില്‍പ്പോലും ജനജീവിതം സ്തംഭിപ്പിച്ച ഒരു ഹര്‍ത്താല്‍ ദിനം ഇല്ല. വര്‍ഷങ്ങളായി പല പാര്‍ട്ടികളും ആഹ്വാനം ചെയ്തുപോന്നിട്ടുള്ള ഹര്‍ത്താലുകളൊന്നും ഈ ചെറു ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കടന്ന് അകത്തെത്തിയിട്ടില്ല എന്നതാണ് വാസ്തവം. അതേസമയം, വളപട്ടണത്തുകാര്‍ ബോധപൂര്‍വമെടുത്ത തീരുമാനമല്ല ഈ ഹര്‍ത്താല്‍ ബഹിഷ്‌കരണം എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

‘എത്രയോ വര്‍ഷങ്ങളായി വളപട്ടണം ഇങ്ങനെയാണ്. ഹര്‍ത്താലുകള്‍ക്കൊന്നും കടകള്‍ ആരും അടയ്ക്കുകയുമില്ല, അടപ്പിക്കുകയുമില്ല. അടിക്കടി വരുന്ന ഹര്‍ത്താലുകളാണെങ്കില്‍ ഒരു തരത്തിലും ഏറ്റെടുക്കുകയുമില്ല. ഇത് പഞ്ചായത്ത് യോഗം കൂടി എടുത്ത തീരുമാനമൊന്നുമല്ല. എന്താണെന്നു ചോദിച്ചാല്‍ അങ്ങനെയാണ് ശീലമെന്നാണ് ഉത്തരം.’ വളപട്ടണത്തെ മുസ്ലിം ലീഗ് പ്രസിഡന്റായ അന്തിക്ക എന്ന അബ്ദുറഹ്മാന്‍ പറയുന്നതിങ്ങനെ. അബ്ദുറഹ്മാന്‍ മാത്രമല്ല, എല്ലാ രാഷ്ട്രീയനേതാക്കള്‍ക്കും പ്രദേശവാസികള്‍ക്കും പറയാനുള്ളത് ഇതു തന്നെ. സംസ്ഥാന തലത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുമ്പോഴും, വളപട്ടണത്തെ പ്രാദേശിക നേതാക്കള്‍ പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്ന പതിവില്‍ നിന്നും മാറിനില്‍ക്കുന്നു.

1979 മുതല്‍ക്ക് പഞ്ചായത്ത് മെംബറായിരുന്നിട്ടുള്ള മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകയായ ലളിതാദേവിയുടെ ഓര്‍മയിലും ഹര്‍ത്താലില്‍ വിജനമായ വളപട്ടണത്തിന്റെ ചിത്രമില്ല. ലളിതാദേവിയടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ പാര്‍ട്ടി ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലിനു പോലും കടകള്‍ അടപ്പിക്കാറുമില്ല. ‘ഇത്രകാലം പഞ്ചായത്തു മെംബറായിരുന്നിട്ടും എന്റെയോര്‍മയില്‍ ഒരു രാഷ്ട്രീയ സംഘട്ടനമോ ജനജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരങ്ങളോ ഇല്ല. കടക്കാര്‍ക്ക് സ്വാഭാവികമായും കട തുറന്നു പ്രവര്‍ത്തിക്കണമെന്നു തന്നെയായിരിക്കുമല്ലോ ആഗ്രഹം. ഹര്‍ത്താല്‍ അനുകൂലികള്‍ വന്ന് കടയടപ്പിക്കുകയല്ലേ. ഇവിടെ അതില്ല. ആരും നിങ്ങളെ കടയടയ്ക്കാന്‍ നിര്‍ബന്ധിക്കില്ല.’ ബസ്സുകള്‍ വളപട്ടണത്തിനു പുറത്തു നിന്നു വരുന്നതിനാല്‍ അവ നിരത്തിലിറങ്ങാറില്ല. ദൂര സ്ഥലങ്ങളില്‍ നിന്നുമെത്തി കച്ചവടം നടത്തുന്നവര്‍ കട തുറക്കാനെത്താറുമില്ല. അതൊഴിച്ചാല്‍ ഹര്‍ത്താല്‍ ദിനം മറ്റേതൊരു ദിവസവും പോലെത്തന്നെയാണ് ഇവര്‍ക്ക്.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തിനോടുമുള്ള പൊതുവായ താല്‍പര്യമില്ലായ്മ, രാഷ്ട്രീയനേതാക്കള്‍ തമ്മിലുള്ള പരിചയവും സൗഹൃദവും തുടങ്ങി പല കാരണങ്ങളും വളപട്ടണത്തുകാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ പഞ്ചായത്തിന്റേതു മാത്രമായ ചില സവിശേഷതകളാണ് ഈ രീതിക്കു പിന്നിലെന്ന് നിരീക്ഷിക്കേണ്ടിവരും. കേരളത്തിലെ 941 പഞ്ചായത്തുകളില്‍വച്ച് ഏറ്റവും ചെറിയ പഞ്ചായത്താണ് വളപട്ടണം. ആകെ എണ്ണായിരത്തോളം മാത്രമാണ് ഇവിടത്തെ ജനസംഖ്യ. ഈ ജനസംഖ്യയില്‍ ഭൂരിഭാഗവും പ്രദേശത്തെ പ്രധാനപ്പെട്ട പത്തോ മുപ്പതോ തറവാടുകളില്‍ നിന്നുമുള്ള പുതിയ തലമുറയാണുതാനും. ഒരര്‍ത്ഥത്തില്‍ വളപട്ടണത്തുകാരെല്ലാവരും ഒരു പരിധിവരെ പരസ്പരം ബന്ധമുള്ളവരാണ്.

അക്രമരാഷ്ട്രീയമായാലും, പൊതുജനത്തെ ബുദ്ധിമുട്ടിലാക്കുന്ന മറ്റെന്തു കാര്യമായാലും വളപട്ടണത്ത് വേരോടാത്തതിന്റെ കാരണങ്ങളിലൊന്ന് ഈ പരസ്പര ബന്ധം തന്നെയാണ്. കച്ചവടക്കാരും രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം പരസ്പരം ഏതെങ്കിലും തരത്തില്‍ ബന്ധിപ്പെട്ടിരിക്കുന്നവരാണ്. ചിലപ്പോഴൊക്കെ രാഷ്ട്രീയപ്രവര്‍ത്തകര്‍ തന്നെയാണ് ഇവിടെ കച്ചവടക്കാരാകുന്നതും. പ്രാദേശിക വ്യാപാരവും ഗള്‍ഫില്‍ നിന്നുള്ള വിദേശ നാണ്യവുമാണ് വളപട്ടണത്തെ പ്രധാന വരുമാന സ്രോതസ്സ്. സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന പരമ്പരാഗത തടിവ്യവസായത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകരടക്കം സജീവമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. സര്‍വജനങ്ങളും ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ഒരിടത്തു നിന്നും പ്രതീക്ഷിക്കാവുന്ന സ്വാഭാവിക നീക്കമാണ് വളപട്ടണത്തെ ഹര്‍ത്താല്‍ വിരുദ്ധത. അതുകൊണ്ടു തന്നെയാണ് തങ്ങള്‍ ബോധപൂര്‍വ്വമെടുത്ത തീരുമാനമല്ലിതെന്ന് ഇവിടത്തുകാര്‍ ആവര്‍ത്തിച്ചു പറയുന്നതും.

വളപട്ടണം പഞ്ചായത്തിലെ ലൈബ്രേറിയനായ ബിനോയ് മാത്യു പങ്കുവയ്ക്കുന്നതും ഇതേ നിരീക്ഷണമാണ്. ‘ഹര്‍ത്താലിനോടുള്ള എതിര്‍പ്പിനേക്കാള്‍, ഹര്‍ത്താലിനെ ഇവിടെയുള്ളവര്‍ ഒരു വലിയ വിഷയമായി കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കടക്കം ഹര്‍ത്താലുകളോട് മൃദുസമീപനമാണ്. പത്തു പതിനഞ്ച് വര്‍ഷത്തിനിടെ ഏതോ ഒരെണ്ണം മാത്രമാണ് വളപട്ടണത്തെ ബാധിച്ചിട്ടുള്ളത്. വര്‍ഷങ്ങളായി ഈ പഞ്ചായത്തിന്റെ ശീലമാണത്. താരതമ്യേന വളരെ ചെറിയ പ്രദേശമാണിത്. ജനസംഖ്യയുടെ ഏകദേശം 82 ശതമാനത്തോളം മുസ്ലിം മതവിഭാഗത്തില്‍പ്പെടുന്നവരാണ്. ചെറിയ പ്രദേശമാണെങ്കിലും ആയിരത്തിയിരൂന്നൂറോളം വര്‍ഷത്തെ ചരിത്രം വളപട്ടണത്തിനുണ്ട്. വല്ലഭന്‍ കോലത്തിരിയുടെ പട്ടണം സ്ഥിതി ചെയ്തിരുന്ന സ്ഥലമാണ് വളപട്ടണമായത് എന്നാണ് പറയപ്പെടുന്നത്.’

കണ്ണൂര്‍ നഗരത്തോടു ചേര്‍ന്നു തന്നെയാണ് വളപട്ടണം പഞ്ചായത്ത്. നഗരവുമായി അടുത്ത ബന്ധം പുലര്‍ത്തുമ്പോളും, നഗരത്തിലെ രാഷ്ട്രീയബഹളങ്ങള്‍ ഇവിടത്തുകാര്‍ പകര്‍ത്തുന്നില്ലെന്നു മാത്രം. വളരെ സജീവമായ രാഷ്ട്രീയപ്രവര്‍ത്തനം നടക്കുന്നയിടങ്ങളുമായി ചേര്‍ന്നു കിടക്കുമ്പോഴും, തങ്ങളുടെ ശീലങ്ങള്‍ മാറ്റമില്ലാതെ തുടരാന്‍ വളപട്ടണം പഞ്ചായത്തിന് എല്ലാകാലത്തും സാധിച്ചിട്ടുമുണ്ട്. പുറത്തു നിന്നുള്ള രാഷ്ട്രീയത്തിന്റേയോ പ്രവര്‍ത്തകരുടേയോ സ്വാധീനം ഇങ്ങോട്ടെത്താറില്ലെന്ന് എല്ലാ പ്രാദേശികനേതാക്കളും പറയുന്നുണ്ട്. അതേ സമയം, എല്ലാ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പ്രവര്‍ത്തനം പഞ്ചായത്തില്‍ മറ്റൊരു തരത്തില്‍ സജീവമാണുതാനും.

മുസ്ലിം ലീഗ് ഏറെക്കാലം ഭരിച്ചിരുന്ന പഞ്ചായത്താണ് വളപട്ടണം. നിലവില്‍ കോണ്‍ഗ്രസിനാണ് ഭൂരിപക്ഷമുള്ളത്. സി.പി.ഐ.എമ്മിന്റെ മൂന്ന് പ്രതിനിധികളും പഞ്ചായത്തിലുണ്ട്. വെറും അഞ്ഞൂറു മീറ്ററകലെ ബി.ജെ.പിയുടെ ശക്തികേന്ദ്രമുള്ളപ്പോഴും, കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലില്‍ വളപട്ടണത്തെ ജനജീവിതം സാധാരണഗതിയിലായിരുന്നു എന്നു പറയുമ്പോള്‍ ഇഴയടുപ്പമുള്ള ഒരു ജനതയ്ക്ക് എത്രത്തോളം കാര്യക്ഷമമായി പ്രതിരോധങ്ങള്‍ സൃഷ്ടിക്കാനാകും എന്ന് തിരിച്ചറിയാം.

രാഷ്ട്രീയസംഘട്ടനങ്ങളോ മറ്റ് അനിഷ്ടസംഭവങ്ങളോ ഇന്നേവരെ വളപട്ടണത്ത് ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസി കൂടിയായ എഴുത്തുകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവിന് പറയാനുള്ളത്. താരതമ്യേന ശാന്തസ്വഭാവക്കാരായതും ഹര്‍ത്താലുകളോടുള്ള നിസ്സംഗതയ്ക്ക് കാരണമായേക്കാമെന്നു വിശദീകരിക്കുമ്പോഴും, മറ്റു ചില നിരീക്ഷണങ്ങള്‍ കൂടി അദ്ദേഹം നടത്തുന്നുണ്ട്. ‘മുസ്ലിം ലീഗിന് ഭൂരിപക്ഷമുള്ള സ്ഥലമാണ്. പൊതുവേ ലീഗ് ഹര്‍ത്താലുകള്‍ നടത്താറില്ലല്ലോ. അതല്ലാത്തവര്‍ക്കും ഇവിടെ ഹര്‍ത്താലിനോട് വൈമുഖ്യം തന്നെയാണ്. മറ്റൊരു കാര്യം, കായിക മത്സരങ്ങളെ വളരെ കാര്യമായി എടുക്കുന്ന ഒരു ജനതയാണ് വളപട്ടണത്തുള്ളത് എന്നാണ്. ടിക്കറ്റു വച്ചുള്ള ഫുട്‌ബോള്‍ മത്സരങ്ങളൊക്കെ ഇവിടെ വര്‍ഷാവര്‍ഷം നടക്കാറുണ്ട്. ഇവിടുത്തെ മനുഷ്യര്‍ക്ക് ആവേശം നല്‍കുന്നത് ഇത്തരം ചില കാര്യങ്ങളാണ്.’

മനുഷ്യന് വയലന്‍സ് മിക്കപ്പോഴും ഒരു വിനോദമാണെന്നാണ് എന്റെ നിരീക്ഷണം. സൂക്ഷിച്ചു നോക്കിയാല്‍ ഹര്‍ത്താല്‍ പോലും ഒരു തരത്തില്‍ വിനോദമാണ്. ധാരാളം ക്ലബ്ബുകളും വളപട്ടണത്തുണ്ട്, ഫുട്‌ബോളിനും സംഗീതത്തിനും വേണ്ടി. രാഷ്ട്രീയപരമായാലും പല ആക്ടിവിറ്റികളും അവര്‍ക്കുണ്ട്. കലയായാലും കായികമായാലും ഒരുപരിധിവരെ മനുഷ്യന്റെ സേഫ്റ്റി വാല്‍വാണ്. കാല്‍പ്പന്തു കളിക്കു പോലും ഇതില്‍ ഒരു വലിയ പങ്കു വഹിക്കാനുണ്ടായേക്കും. മസില്‍പവറിന്റെ രാഷ്ട്രീയം വളപട്ടണത്തുകാരെ ബാധിച്ചിട്ടേയില്ല.’

ചിത്രം കടപ്പാട്: വളപട്ടണം എന്റെ ഗ്രാമം-ഫേസ്ബുക്ക് പേജ്

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍