UPDATES

അടിയന്തിര ചെലവ് 3000 കോടി, എന്നാല്‍ കേന്ദ്രം തന്നത് വെറും 100 കോടി; വിമര്‍ശനവുമായി തോമസ് ഐസക്

കേന്ദ്രമന്ത്രിസഭയ്ക്ക് സമർപ്പിച്ച അപേക്ഷയിൽ 8316 കോടി രൂപ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതായി പിണറായി വിജയൻ ഞായറാഴ്ച ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു

കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം 100 കോടി രൂപ മാത്രം അനുവദിച്ചതില്‍ ധനമന്ത്രി തോമസ് ഐസക് ആശങ്ക പ്രകടിപ്പിച്ചു. ‘ഏകദേശം 8000 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. അടിയന്തിര ചെലവ് 3000 കോടി രൂപയാണ്. എന്നാല്‍ വെറും 100 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്’, അദ്ദേഹം ട്വീറ്റ് ചെയ്തു.

അടിയന്തരമായി 1220 കോടി അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേരളം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് 100 കോടി രൂപ മാത്രമാണ് അനുവദിച്ചത്. പ്രളയ ബാധിത പ്രദേശങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയ ശേഷം കൂടുതൽ പണം നൽകുമെന്നും സിങ് പറഞ്ഞു. ജി.എസ്.ടി-ക്കും നോട്ടുനിരോധനത്തിനും ശേഷം സംസ്ഥാന ഗവൺമെന്റിന്‍റെ വരുമാനം കുറയുന്നതിനെതിരെ പരാതി ഉന്നയിച്ചിരുന്ന ഐസക്, ഈ നടപടിയെയും പരസ്യമായി വിമർശിച്ചു.

കേന്ദ്രമന്ത്രിസഭയ്ക്ക് സമർപ്പിച്ച അപേക്ഷയിൽ 8316 കോടി രൂപ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതായി പിണറായി വിജയൻ ഞായറാഴ്ച ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഒരൊറ്റ കാലഘട്ടത്തിൽ, പ്രകൃതിയുടെ ക്ഷോഭത്തില്‍ രണ്ടു പ്രാവശ്യം തകർന്ന കേരളത്തിന് അടിയന്തരമായി 1220 കോടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

37 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും അഞ്ച് പേരേ ഇപ്പോഴും കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 211 ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി എന്നും, 22,000 പേർക്ക് വീടുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും, അഭൂതപൂർവ്വമായ സഹായം ആവശ്യമുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ ഖജനാവിന് അത് താങ്ങാവുന്നതിലും അധികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘റോഡുകൾ നന്നാക്കാൻ 1000 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതികളുടെയും ഓവർബ്രിഡ്ജുകളുടെയും നിര്‍മ്മാണത്തിനുള്ള അംഗീകാരങ്ങൾ ഉടൻ നൽകും. മൊത്തത്തിൽ, 2,500 കോടിയുടെ അധിക ബാധ്യത സംസ്ഥാന സർക്കാറിനുണ്ടാകും. ധനകാര്യമന്ത്രി എന്ന നിലയിൽ ഈ അധികച്ചെലവുകള്‍ എന്നെ ആശങ്കപ്പെടുത്തേണ്ടതാണ്. എന്നാല്‍ ക്യാമ്പുകള്‍ കാണുമ്പോള്‍ ആശങ്കയോ, വേവലാതിയോ ഇല്ല.’ തോമസ് ഐസക് പറയുന്നു

ദുരിത ബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക്ന്‍ 3,800 രൂപ നല്‍കുന്നതിന് പുറമേ വീട് നഷ്ടപ്പെട്ടവർക്ക് 4 ലക്ഷം രൂപയും ഭൂമി നഷ്ടപ്പെട്ടവർക്ക് 6 ലക്ഷം രൂപയും സംസ്ഥാന സർക്കാർ നൽകും. കൂടാതെ, കാർഷിക-അനുബന്ധ നാശനഷ്ടങ്ങൾക്ക് കേന്ദ്ര ചട്ടങ്ങള്‍ അനുശാസിക്കുന്ന തുകയുടെ മൂന്നുമടങ്ങ്‌ നഷ്ടപരിഹാരം നൽകുമെന്നും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍