UPDATES

ട്രെന്‍ഡിങ്ങ്

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ആയിരം ദിനം ആഘോഷിക്കാന്‍ ചെലവാക്കുന്നത് 954 ലക്ഷം

ഇത്രയും വലിയ തുക സര്‍ക്കാരിന്റെ പ്രചാരണത്തിനായി ചെലവഴിക്കുന്നത് ജനങ്ങളോട് കാണിക്കുന്ന വഞ്ചനയെന്ന് പ്രതിപക്ഷം

പ്രളയത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനമെന്ന് സര്‍ക്കാര്‍ പറയുകയും സാമ്പത്തിക കരകയറ്റത്തിനെന്ന പേരില്‍ ബജറ്റില്‍ പ്രളയ സെസ് പ്രഖ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്നെ ഇടതുപക്ഷ സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ടു നടത്തുന്ന ആഘോഷ പരിപാടികള്‍ക്കായി ചെലവിടുന്നത് 954 ലക്ഷം രൂപ! പ്രതിപക്ഷ എംഎല്‍എമാരായ പി ടി തോമസ്, ഐ സി ബാലകൃഷ്ണന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സണ്ണി ജോസഫ് എന്നിവര്‍ നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ആഘോഷപരിപാടികള്‍ക്കായി 954 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്ന വിഷയങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് 954 ലക്ഷം രൂപ തങ്ങളുടെ നേട്ടങ്ങള്‍ കാണിക്കാനായി ചെലവാക്കുന്നതും. പ്രതിപക്ഷം ഇതിനെതിരേ ശക്തമായി പ്രതിഷേധിച്ച് രംഗത്തു വന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാത്രം തട്ടിക്കൂട്ടുന്ന ആയിരം ദിനം ആഘോഷപരിപാടികള്‍ക്ക് ഇത്രയും തുക ചെലവഴിക്കുന്നത് വന്‍ ധൂര്‍ത്ത് ആണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഒന്നിനും പണമില്ലെന്നു പറയുന്നവര്‍ തന്നെ 954 ലക്ഷം ചെലവിട്ട് തങ്ങളുടെ നേട്ടങ്ങളുടെ പ്രചാരണം നടത്തുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ കുറ്റപ്പെടുത്തി. പല ആവശ്യങ്ങളും നിവര്‍ത്തിക്കാന്‍ പണമില്ല, ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി വിഹിതത്തിന്റെ 25 ശതമാനം പോലും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് മന്ത്രിസഭ ആയിരം ദിനം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക്് വന്‍ തുക ചെലവാക്കുന്നതും. ആയിരം ദിനം ആചരിക്കുന്നതില്‍ തന്നെ തട്ടിപ്പുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നേ എങ്ങനെയെങ്കിലും പരിപാടി നടത്താനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്. അതില്‍ വ്യക്തമായ രാഷ്ട്രീയ താത്പര്യങ്ങളുണ്ട്. കഴിഞ്ഞാഴ്ച്ച ഒരു ദേശീയ പത്രത്തില്‍ സര്‍ക്കാരിനെ പുകഴ്ത്തി റിപ്പോര്‍ട്ട് വന്നിരുന്നു. അതിനു പിന്നാലെ ആ പത്രം മുഴുവന്‍ സര്‍ക്കാര്‍ വക പരസ്യങ്ങള്‍! പ്രളയത്തില്‍ തകര്‍ന്ന കേരളത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഒരു വീടുപോലും വച്ചുകൊടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വല്ലാത്തൊരു പ്രതിസന്ധിയിലാണ് സര്‍ക്കാര്‍. ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി കിഫ്ബി എന്നൊക്കെ പറഞ്ഞു നില്‍ക്കുകയാണ്. 5000 കോടിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിക്കുന്നു. എവിടെ നിന്നാണ് ഇത്രയും പണം, എങ്ങനെ ഉണ്ടാക്കും എന്നൊന്നും പറയുന്നില്ല. ബജറ്റില്‍ പറഞ്ഞ കാര്യവുമല്ലത്. ബജറ്റുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ച നിയമസഭയില്‍ നടക്കാനിരിക്കുന്നതേയുള്ളൂ. മിക്കവാറും അതിനു മുമ്പേ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. പിന്നെ ഈ കാര്യത്തെ കുറിച്ച് ചോദിക്കാനും അവസരം ഉണ്ടായെന്നു വരില്ല. ഇതൊക്കെ നാട്ടുകാരെ പറ്റിക്കാനുള്ള സര്‍ക്കാര്‍ തന്ത്രങ്ങളാണ്. ഇതിനിടയിലാണ് ആഘോഷ പരിപാടികള്‍ക്കായി ഇത്രയും വലിയ തുക ചെലാവാക്കുന്നതും. എന്തായാലും സര്‍ക്കാരിന്റെ ഈ ധൂര്‍ത്തിനെതിരേ ശക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തും; കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് അഴിമുഖത്തോട് പ്രതികരിക്കുന്നു.

സംസ്ഥാന മന്ത്രിസഭ ആയിരം ദിനം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടികള്‍ 2019 ഫെബ്രുവരി 20 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോടും സമാപന സമ്മേളനം തിരുവനന്തപുരത്തും നടത്തും. ആഘോപരിപാടികളുടെ ഭാഗമായി എല്ലാ ജില്ലകളിലും ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന എക്‌സിബിഷന്‍ വികസന സെമിനാര്‍,സാസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 1000 പുതിയ വികസന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെയും പ്രവര്‍ത്തികളുടെയും ഉദ്ഘാടനവും നടത്തും. വികസന കുതിപ്പിന് അനുപൂരകമായി നമുക്ക് ലഭിക്കേണ്ട കേന്ദ്ര പദ്ധതികളുടെയും നിരന്തരം നാം ആവശ്യപ്പെടുന്ന പദ്ധതികളെപ്പറ്റിയും കേരളീയ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നതുമായ വിവിധ വിഷയങ്ങളെപ്പറ്റി വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ചുമതലയില്‍ വിദഗ്ധരെ അണിനിരത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ 14 ജില്ലകളിലും ആയിരം ദിനം ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍