UPDATES

ആദിവാസികളെ തല്ലിയിറക്കി, ചര്‍ച്ചയ്ക്കെന്ന പേരില്‍ നേതാക്കളെ കൊണ്ടുപോയി അറസ്റ്റ് ചെയ്തു, ഇപ്പോള്‍ ജാമ്യവും നിഷേധിച്ചു; തൊവരിമലയില്‍ നടക്കുന്നത്

വയനാട് തൊവരിമലയില്‍ കയറിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഭൂസമരസമിതി നേതാവ് എംപി കുഞ്ഞിക്കണാരന്‍ ജയിലില്‍ നിരാഹാരം ആരംഭിച്ചു

വയനാട് തൊവരിമലയില്‍ കയറിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഭൂസമരസമിതി നേതാവ് എംപി കുഞ്ഞിക്കണാരന്‍ ജയിലില്‍ നിരാഹാരം ആരംഭിച്ചു. കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ഭൂരഹിതര്‍ക്ക് ഭൂമി അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. വയനാട് ജില്ലാ കോടതിയും ജാമ്യം നിഷേധിച്ചതോടെ കുഞ്ഞിക്കണാരനടക്കം തൊവരിമല ഭൂസമരത്തിന്റെ സമരനേതാക്കള്‍ ജയിലഴിക്കുള്ളില്‍ അടക്കപ്പെട്ടിട്ട് 12 ദിവസങ്ങള്‍ പിന്നിടുകയാണ്. ഭൂരഹിതരായ ആദിവാസി ഗോത്രജനതക്കൊപ്പം നിന്നു എന്ന ഒറ്റക്കാരണത്താല്‍ ജാമ്യം നിഷേധിക്കപ്പെടുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സമരപ്രവര്‍ത്തകര്‍ കളക്ട്രേറ്റിന് മുന്നില്‍ ഇന്നലെ പ്രതിഷേധ പ്രകടനം നടത്തി.

ഏപ്രില്‍ 21ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ഭൂഅവകാശ സമര സമിതിയുടെ നേതൃത്വത്തില്‍ തൊവരിമലയിലേക്ക് ആയിരത്തോളം വരുന്ന ആദിവാസികളും ഭൂരഹിതരും കയറി കുടില്‍കെട്ടി സമരമാരംഭിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിറ്റേ ദിവസം, ഏപ്രില്‍ 24ന് പോലീസും വനംവകുപ്പും അതിരാവിലെ തൊവരിമലയിലെത്തി സമരക്കാരെ കുടിയൊഴിപ്പിച്ചു (‘കുഞ്ഞിക്കണാരനെ പോലീസ് കൊണ്ടുപോയി, കുട്ടികളെ വരെ ഉപദ്രവിക്കുന്നു, കുറേപ്പേര്‍ കാട്ടിലൊളിച്ചു’; തൊവരിമലയില്‍ കുടില്‍കെട്ടിയവരെ ഒഴിപ്പിക്കുന്ന വിവരങ്ങളാണിത്ചര്‍ച്ചക്കായെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞിക്കണാരനുള്‍പ്പെടെ മൂന്ന് പേരെ വനംവകുപ്പും പോലീസും കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പിന്നീട് ഇവര്‍ക്കെതിരെ വനഭൂമിയില്‍ അനധികൃതമായി കയ്യേറ്റം നടത്തിയതിന് കേസെടുത്തു. കോടതിയില്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും തള്ളി. എന്നാല്‍ ഇന്നലെ ജാമ്യാപേക്ഷ കണക്കിലെടുക്കവെ ജില്ലാ കോടതി, നേതാക്കള്‍ക്ക് ജാമ്യം നല്‍കുമെന്നായിരുന്നു സമരക്കാരുടെ പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ല.

സമരത്തെ തകര്‍ക്കാനായി ഹാരിസണും സര്‍ക്കാരും നടത്തുന്ന ഗൂഢാലോചന മാത്രമാണ് കേസ് എന്ന തങ്ങളുടെ ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണു ഈ സംഭവവികാസങ്ങള്‍ എന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. ഭൂസമര സമിതി കണ്‍വീനറും സിപിഐ(എംഎല്‍) സംസ്ഥാന നേതാവുമായ എം.പി കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, കെ.ജി മനോഹരന്‍ എന്നിവരാണ് ഇപ്പോഴും ജയിലില്‍ കഴിയുന്നത്. കേരളാ വന നിയമത്തിലെ 27 (1) e (i), 27 (1) e (iv) എന്നീവകുപ്പുകളാണ് ഇവര്‍ക്കുമേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. സമര നേതാക്കളെ വിട്ടു കിട്ടിയിലെങ്കില്‍ സമരം കടുപ്പിക്കും എന്നാണു സമരക്കാര്‍ പറയുന്നത്. ‘കോടതിയും കോര്‍പ്പറേറ്റുകള്‍ക്കൊപ്പം നില്‍ക്കുകയാണോ’ എന്നും അവര്‍ ചോദിക്കുന്നു.

Also Read: തൊവരിമല: ഒഴിപ്പിക്കപ്പെട്ടവർ കളക്ടറേറ്റിനു മുന്നിലേക്ക് മാർച്ച് തുടങ്ങി; അനിശ്ചിതകാല സമരം നടത്തും

”കയറിക്കിടക്കാന്‍ ഗതിയില്ലാത്തതുകൊണ്ടാണ് ഞങ്ങള്‍ സമരത്തിലെത്തിയത്. ഭൂമി ലഭിക്കാതെ ഞങ്ങള്‍ സമരത്തില്‍ നിന്നും മാറില്ല”, ദൃഢനിശ്ചയത്തോടെയാണ് തൊവരിമല ഭൂസമരത്തിലെ ആദിവാസികള്‍ ഇത് പറയുന്നത്. കാലങ്ങളായി തൊഴിലിനോ താമസിക്കുന്നതിനോ ഭൂമിയില്ലാത്ത മനുഷ്യരാണ് കല്പറ്റ കളക്ടറേറ്റിനു മുമ്പാകെ അനിശ്ചിതകാല സമരം നടത്തിവരുന്നത്. ലളിതമാണ് അവരുടെ ആവശ്യങ്ങള്‍, എന്നാല്‍ പഴക്കമേറിയതും – “ഹാരിസണില്‍ നിന്ന് പിടിച്ചെടുത്ത മിച്ചഭൂമി ആദിവാസികള്‍ക്ക് പുനര്‍വിതരണം ചെയ്യണം. കാലങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പലരുടേയും ആവശ്യങ്ങളെ പരിഗണിക്കുമ്പോഴും ആദിവാസികള്‍ നിര്‍ദ്ദയം ഒഴിവാക്കപ്പെടുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭൂസമരം എന്നതിന് ആദിവാസി സമരം എന്നര്‍ത്ഥം വന്നു ചേരത്തക്കവിധമാണ് അവരുടെ സമര ചരിത്രവും. കാലങ്ങളായി സമരം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ജനതയായിട്ടും അവരുടെ ആവശ്യങ്ങള്‍ മാത്രം പരിഗണിക്കാപ്പെടാതെ പോകുകയും അവര്‍ക്കവകാശപ്പെട്ട ഭൂമി പലരുടെയും കൈകളിലേയ്ക്ക് അനധികൃതമായി കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു എന്നതും വസ്തുതയാണ്. തൊവരിമല ഒരു പ്രാദേശിക വിഷയമല്ല. കേരളത്തിലെ ദലിത്-ആദിവാസി വിഭാഗങ്ങളുടെ അടിയന്തിര വിഷയമാണ്. നൂറ് കണക്കിന് ഭൂരഹിത ആദിവാസികളാണ് സമരത്തിലുള്ളത്. അവര്‍ക്കാര്‍ക്കും ഒരുതുണ്ട് ഭൂമിയില്ല. ഹാരിസണ്‍ കമ്പനിക്കുവേണ്ടിയാണ് സര്‍ക്കാര്‍ വിട്ടുവീഴ്ച്ചകളിലൂടെ ഭൂതട്ടിപ്പിന് നിന്നുകൊടുക്കുന്നത്. അതിന്റെ ഇരകളാണ് തൊവരിമല ഭൂസമരത്തിലെ ആദിവാസികള്‍’‘ തൊവരിമല ഭൂസമരത്തിന് നേതൃത്വം നല്‍കുന്ന സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ സംസ്ഥാന നേതാവ് എം.കെ ദാസന്‍ അഴിമുഖത്തോട് വ്യക്തമാക്കി.

സമരം തുടങ്ങിയപ്പോള്‍ പ്രതികരിക്കാതിരുന്ന പോലീസ് ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ തൊട്ടടുത്ത ദിവസം തന്നെ സമരത്തിനെതിരെ നടപടികള്‍ സ്വീകരിച്ചു. ഭീകരമായ പോലീസ് മര്‍ദ്ദനമാണ് തൊവരിമല ഭൂസമരക്കാര്‍ക്ക് അന്ന് നേരിടേണ്ടിവന്നത്. ഭൂസമരക്കാരുടെ കുടിലുകളടക്കം പോലീസ് തീയിട്ട് നശിപ്പിച്ചു എന്ന് ആദിവാസികള്‍ വ്യക്തമാക്കുന്നു. “അത്രയും ദിവസം നിര്‍ജ്ജീവമായിരുന്ന പോലീസ് പെട്ടെന്നാണ് ആക്ഷനായത്. പാവപ്പെട്ട ആദിവാസികള്‍ക്കെതിരെ അതിഭീകരമായി മര്‍ദ്ദനമഴിച്ചുവിട്ടു. സമരക്കാര്‍ പലരും പലവഴിക്ക് ചിതറിയോടി. വഴിതെറ്റി കാട്ടില്‍ കുടുങ്ങി മണിക്കൂറുകളോളം കഷ്ടപ്പെട്ടിട്ടാണ് സമരക്കാര്‍ വീണ്ടും ഒരുമിച്ച് കൂടിയത്. തുടര്‍ന്നാണ് കളക്ടറേറ്റിലേയ്ക്ക് ഞങ്ങള്‍ മാര്‍ച്ച് ചെയ്തത്’‘, ദാസന്‍ വിശദീകരിച്ചു.

Also Read: കേരളത്തിലെ 79% ദളിതരും 26,193 കോളനികളില്‍; ഒന്നാം നമ്പര്‍ കേരളത്തിലെ ഭൂരഹിതരുടെ ഞെട്ടിക്കുന്ന കണക്കുകള്‍

ഇതിനോടകം തൊവരിമല ഭൂസമരത്തിന് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് പിന്തുണകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇടതുപക്ഷവുമായി അടുത്തു നില്‍ക്കുന്ന ആദിവാസി ഗോത്രമഹാസഭാനേതാവ് സി.കെ. ജാനു സമരത്തിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗോത്രമഹാസഭാനേതാവും സാമൂഹിക പ്രവര്‍ത്തകനുമായ എം. ഗീതാനന്ദന്‍, ദലിത് ആദിവാസി സംഘടനകള്‍, ഭൂസമര സമിതി നേതാക്കള്‍ എന്നിവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരക്കാര്‍ കയ്യേറിയത് ‘നിക്ഷിപ്തവനഭൂമി’യിലാണെന്നും അതൊഴിപ്പിക്കുക മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളു എന്നുമാണ് പോലീസ് വിശദീകരിക്കുന്നത്. എന്നാല്‍ 1970-കളില്‍ ഹാരിസണ്‍ എസ്റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന അനധികൃതഭൂമി അച്യുതമേനോന്‍ സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്തതാണെന്നും അത് ഹാരിസണു തന്നെ തിരിച്ചുകൊടുക്കാനുള്ള ആസൂത്രിതമായ ഇടപെടലാണ് ഇപ്പോള്‍ സര്‍ക്കാര്‍ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നുമാണ് സമരക്കാരുടെ ആക്ഷേപം.

മുമ്പ് റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വയനാട് കളക്ടര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്നും അറസ്റ്റ് ചെയ്യപ്പെട്ട ഭൂസമര സമിതി നേതാക്കളെ വിട്ടയക്കണമെന്നുമുള്ള സമരക്കാരുടെ അടിയന്തിരാവശ്യങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടതായി സമരക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ആദിവാസികള്‍ക്ക് ഭൂവിതരണം നടത്താനുള്ള നടപടി ത്വരിതപ്പെടുത്തുമെന്നും അവര്‍ക്കായി മൂപ്പതേക്കര്‍ ഭൂമി വിലകൊടുത്തു വാങ്ങി പത്തു സെന്റ് വീതം നല്‍കുമെന്നുമാണ് കളക്ടര്‍ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അതേസമയം ആദിവാസികള്‍ക്ക് ശാശ്വതമായ പ്രശ്‌നപരിഹാരമാണ് വേണ്ടതെന്നാണ് സമരക്കാരുടെ നിലപാട്.

Also Read: കേരളത്തിലെ ദളിത്-ആദിവാസി ഭൂസമരങ്ങള്‍ എന്തുകൊണ്ട് ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നില്ല? എം. ഗീതാനന്ദന്‍ സംസാരിക്കുന്നു

”സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങി ഭൂമി വിതരണം ചെയ്യേണ്ട ആവശ്യമെന്താണ്? നിലവില്‍ തന്നെ ഹാരിസണ്‍ മലയാളത്തിന്റെ കൈവശം അനധികൃതഭൂമിയായും സര്‍ക്കാരിന്റെ കൈവശം മിച്ചഭൂമിയായും ധാരാളം ഭൂമിയുണ്ട്. വാഗ്ദാനം ചെയ്തിരുന്നതുപോലെ നാളിതുവരെയും ഒരു സര്‍ക്കാരും അത് കൃഷിഭൂമിയായി വിതരണം ചെയ്യാത്തതാണ് ആദിവാസിപ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന കാരണം. ‘പത്തുസെന്റ് ജാതി കോളനികള്‍’ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇനിയും ജാതിക്കോളനികള്‍ കേരളത്തില്‍ വേണ്ട. ആദിവാസികളെയും ദലിതരെയും ജാതിക്കോളനികളില്‍ തള്ളുന്ന സര്‍ക്കാര്‍ നിലപാടുകളാണ് തിരുത്തപ്പെടേണ്ടത്. വേണ്ടത് മാന്യമായി ജീവിക്കാനാവശ്യമായ കൃഷിഭൂമിയാണ്. കാലങ്ങളായി എല്ലാ സര്‍ക്കാരുകളും ആദിവാസികള്‍ക്കും ഭൂരഹിത ദലിതര്‍ക്കും നല്‍കിവരുന്ന വാഗ്ദാനമാണിത്. രണ്ടേക്കറിനും പത്തേക്കറിനും ഇടയിലുള്ള കൃഷിഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യണം. ഇതാണ് ഞങ്ങളുടെ ആവശ്യം. കൃഷിഭൂമിയാണ് ആദിവാസികള്‍ക്ക് വേണ്ടത്. അല്ലാതെ കോളനികളല്ല”. സമരക്കാര്‍ ഇപ്പോഴും സജീവതയിലാണ്. കിടപ്പാടത്തിനും കൃഷിക്കും ഭൂമി ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ്. ”സമരം ചെയ്യുന്ന ആദിവാസികള്‍ ചെറു കുടിലുകളില്‍ കുടുംബങ്ങളായി കഴിഞ്ഞുവരുന്നവരാണ്. ഒരു കുടിലില്‍ തന്നെ വലിയ കുടുംബമാണ് ഒരുമിച്ച് താമസിക്കുന്നത്. നിന്നു തിരിയാനിടമില്ലാത്ത ആ കിടപ്പാടങ്ങളില്‍ ഈ മനുഷ്യര്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ് എന്ന് തന്നെ പറയണം. അതില്‍ നിന്നുമുള്ള വിമോചനമാണ് അവര്‍ ആവശ്യപ്പെടുന്നത്. അത് പാലിക്കാന്‍ ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്”. ദാസന്‍ പറയുന്നു.

Also Read: ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍; വായുവും വെളിച്ചവുമില്ലാത്ത പുതിയ ജാതി കോളനികള്‍

അശ്വതി വിജയന്‍

അശ്വതി വിജയന്‍

മാധ്യമപ്രവര്‍ത്തക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍