UPDATES

കേരളം

കവിത എഴുതുന്നതും വണ്ടി ഓടിക്കുന്നതും പാപമോ? കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത സി. ലൂസി കളപ്പുരയെ പുറത്താക്കാന്‍ നീക്കം

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് നോട്ടീസിന് വെള്ളിയാഴ്ച്ച മറുപടി നല്‍കണം. മറുപടി തൃപ്തികരമല്ലെങ്കില്‍ പുറത്താക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്‌

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കൊപ്പം നില്‍ക്കുകയും ബിഷപ്പ് ഫ്രാങ്കോയ്ക്കും സഭയിലെ തെറ്റുകാര്‍ക്കുമെതിരേ പരസ്യമായി പ്രതികരണം നടത്തുകയും ചെയ്തിട്ടുള്ള മാനന്തവാടി കാരയ്ക്കമല ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രഗേഷന്‍(എഫിസിസി) അംഗമായ സി. ലൂസി കളപ്പുരയെ പുറത്താക്കാന്‍ നീക്കം. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തതിനും മാധ്യമങ്ങളില്‍ എഴുതുകയും അഭിമുഖം കൊടുക്കയും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിതും ഡ്രൈവിംഗ് ലൈസന്‍സ് എടുത്തതും പുസ്തകം പ്രസിദ്ധീകരിച്ചതും തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തി സി. ലൂസിക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഈ നോട്ടീസിന് ജനുവരി ഒമ്പത്(ബുധനാഴ്ച) തൃപ്തികരമായ രീതിയില്‍ മറുപടി നല്‍കാത്ത പക്ഷം സിസ്റ്ററെ പുറത്താക്കുമെന്നാണ് ഭീഷണി.

2019 ജനുവരി ഒന്നിന് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് നല്‍കിയിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസില്‍ സി. ലൂസിക്കെതിരേ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. സി. ലൂസിക്കെതിരെ നിരവിധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും പല പരാതികള്‍ക്കും സാക്ഷികള്‍ ഉണ്ടെന്നും സൂപ്പീരിയര്‍ ജനറല്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മതവിശ്വാസങ്ങള്‍ക്ക് എതിരായ ജീവിതമാണ് സി. ലൂസി നയിക്കുന്നതെന്നും എഫ്‌സിസി നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എതിരു നില്‍ക്കുകയാണ് സി. ലൂസി കളപ്പുരയെന്നും കുറ്റപ്പെടുത്തുന്നു. സഭ നിര്‍ദേശിക്കുന്ന വിശ്വാസ ജീവിതത്തിന് അനുഗുണമല്ലാത്ത വിധം സംഭവിച്ചിട്ടുള്ള പ്രവര്‍ത്തികളുടെ പേരില്‍ പലതവണ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മുന്നറിയിപ്പു നല്‍കുകയും തിരുത്തലിന് ആവശ്യപ്പെട്ടിട്ടുള്ളതുമാണെന്നും സി. ലൂസിക്കെതിരായ വിചാരണപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 2015 മേയ് 10 ന് മുന്‍ പ്രൊവിന്‍ഷ്യല്‍ ആയിരുന്ന സി. സ്റ്റെഫീന നല്‍കിയ സ്ഥലമാറ്റം ഉത്തരവ് അനുസരിക്കാന്‍ കൂട്ടാക്കിയില്ല എന്നും സി. ലൂസി കളപ്പുരയ്‌ക്കെതിരെയുള്ള കുറ്റങ്ങളിലൊന്നായി സൂപ്പീരിയര്‍ ജനറല്‍ ഈ കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സഭയുടെ ചട്ടങ്ങളോടും നിയമങ്ങളോടുമുള്ള അനുസരണക്കേടാണിതെന്ന മുന്നറയിപ്പും ഇതിനൊപ്പം സുപ്പീരിയര്‍ ജനറല്‍ നല്‍കുന്നു.

അനുമതിയില്ലാതെ കവിത സമാഹാരം പ്രസിദ്ധീകരിച്ചതാണ് സി. ലൂസിക്കെതിരേയുള്ള മറ്റൊരു കുറ്റം. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ അനുമതി നിഷേധിച്ചിട്ടും അത് വകവയ്ക്കാതെ, അധികാരപ്പെട്ടവരുടെ അനുമതി തേടാതെ തന്നെ സ്‌നേഹമഴയില്‍ എന്ന കവിത സമാഹാരം സി. ലൂസി പ്രസിദ്ധീകരിച്ചു എന്നാണ് കുറ്റം ചാര്‍ത്തിയിരിക്കുന്നത്. സിസ്റ്റര്‍ക്കെതിരേയുള്ള മറ്റൊരു അച്ചടക്കവിരുദ്ധതയായി ചൂണ്ടിക്കാണിക്കുന്നത്, അനുവാദം ഇല്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് എടുത്തതും വാഹനം വാങ്ങിയതുമാണ്. തങ്ങള്‍ അനുവദിക്കാതിരുന്നിട്ടും അനുമതി നല്‍കാഞ്ഞിട്ടും വണ്ടി ഓടിക്കാന്‍ പഠിക്കുകയും ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുകയും ചെയ്തു. അതുകൂടാതെ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാരുതി ആള്‍ട്ടോ കാര്‍ വാങ്ങുകയും ചെയ്തു. വാഹനം വാങ്ങാന്‍ വേണ്ടി ലോണിന് അപേക്ഷിച്ചതും അധികാരികളുടെ അനുമതി തേടാതെയാണ്. ഇതെല്ലാം അനുസരണക്കേടുകളാണെന്നാണ് കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കവിത സമാഹാരം പുറത്തിറക്കാന്‍ അമ്പതിനായിരം രൂപ ചെലവഴിച്ചു എന്ന ഗുരുതരമായ കുറ്റവും സി. ലൂസിക്കെതിരേ ചുമത്തിയിട്ടുണ്ട്. ഇത്ര വലിയ തുക ചെലവാക്കാന്‍ ഒരു കന്യാസ്ത്രീക്ക് സ്വന്തം നിലയ്ക്ക് അവകാശമില്ലെന്നും എഫിസിസി സുപ്പീരയര്‍ ജനറലിന്റെ അനുമതിയില്ലാതെയാണ് സി.ലൂസി ഇത്രയും പണം സ്വന്തം നിലയ്ക്ക് ചെലവഴിച്ചെന്നും ചൂണ്ടിക്കാണിക്കുന്നു. കാര്‍ വാങ്ങാന്‍ നാല് ലക്ഷം രൂപ ചെലവാക്കിയതും ഇത്തരത്തില്‍ തന്നെ ഗുരുതരമായ അച്ചടക്കലംഘനമാണെന്നും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ ചട്ടങ്ങളായ 161,162 എന്നിവയുടെ ലംഘനമാണ് സി. ലൂസി നടത്തിയിരിക്കുന്നതെന്നും സൂപ്പീരിയര്‍ ജനറല്‍ പറയുന്നു. 2017 ഡിസംബര്‍ മുതല്‍ ശമ്പളം സ്വയം കൈയില്‍ വയ്ക്കുകയാണ് സി. ലൂസി ചെയ്യുന്നതെന്നും ഇതും ചട്ടങ്ങളുടെ ലംഘനമാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രഗേഷനെ തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളാണ് 2018 സെപ്തംബര്‍ 20 നും തുടര്‍ന്നുള്ള ദിവസങ്ങളിലും സി. ലൂസി കളപ്പുരയില്‍ നിന്നും ഉണ്ടായതെന്നാണ് അടുത്ത ആരോപണങ്ങള്‍. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സക്വയറില്‍ നടന്ന കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തുതതാണ് മേല്‍പ്പറഞ്ഞ കുറ്റം. അനുമതിയില്ലാതെ സമരത്തില്‍ പങ്കെടുത്തു എന്നാണ് പരാതി.

അനുമതിയില്ലാതെ മാധ്യമങ്ങളില്‍ എഴുതി എന്നും സി. ലൂസിക്കെതിരേ മറ്റൊരു കുറ്റം ചുമത്തിയിട്ടുണ്ട്. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറിന്റെ അനുമതിയില്ലാതെ, അക്രൈസ്തവ പത്രങ്ങളിലും ആഴ്ച്ചപ്പതിപ്പുകളിലും ലേഖനം എഴുതുകയും അഭിമുഖം കൊടുക്കുകയും ചെയ്തിട്ടുണ്ടെന്നതാണ് കുറ്റകരമായ പ്രവര്‍ത്തികളായി പറയുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തും ഫെയ്‌സ്ബുക്ക് വഴിയും, കത്തോലിക്ക സഭ തലവന്‍മാര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്ന വ്യാജവാര്‍ത്തകളെ പിന്തുണച്ചുകൊണ്ടെന്ന രീതിയില്‍ സംസാരിക്കുകയും എഴുതുകയും ചെയ്തൂ, ഇതിലൂടെ കത്തോലിക്ക സഭയേയും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റി കോണ്‍ഗ്രഗേഷനെയും അപമാനിക്കുകയാണ് ചെയ്തതെന്ന കടുത്ത ആരോപണങ്ങളും സി. ലൂസിയുടെ മേല്‍ ചുമത്തിയിട്ടുണ്ട്. വിശ്വാസിയായ ഒരു കന്യാസ്്ത്രീ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തികളാണ് സോഷ്യല്‍ മീഡിയ ഉപയോഗത്തിലൂടെ സി. ലൂസി ചെയ്തിരിക്കുന്നതെന്നും കൂടി കുറ്റം ആരോപിച്ചിരിക്കുന്നു.

അനുചിതമല്ലാത്ത പെരുമാറ്റങ്ങളും വിശ്വാസത്തിലെ അച്ചടക്കമില്ലായ്മയും കൊണ്ട് മുന്‍പ് പലതവണ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറില്‍ നിന്നും മുന്നറിയിപ്പുകളും തിരുത്തലുകളും ലഭിച്ചിട്ടുള്ള ഒരാളായിട്ടും സ്വയം തിരുത്താന്‍ തയ്യാറാകാതെ, തനിക്കെതിരേയുള്ള പരാതികളെ നിഷേധിക്കുക മാത്രമാണ് ചെയ്തു പോരുന്നതെന്നും സി.ലൂസിയെ കുറ്റപ്പെടുത്തിക്കൊണ്ട് സുപ്പീരിയല്‍ ജനറല്‍ പറയുന്നു. സ്വന്തം വിശ്വാസങ്ങള്‍ക്കും ആശയങ്ങള്‍ക്കും ശിക്ഷാവിധികള്‍ക്കും അനുസരിച്ച് മാത്രമാണ് താന്‍ ജീവിക്കുന്നതെന്ന മറുപടിയാണ്, തനിക്കെതിരേയുള്ള പരാതികളെ നിഷേധിച്ചുകൊണ്ട് എപ്പോഴും പറയാറുള്ളതെന്നും സി. ലൂസിയുടെ നിലപാടുകളെ വിമര്‍ശിച്ചുക്കൊണ്ട് സുപ്പീരിയര്‍ ജനറല്‍ കുറ്റപ്പെടുത്തുന്നു.

സുപ്പീരയര്‍ ജനറല്‍ ആയ തന്നോട് മര്യാദാരഹിതമായി പെരുമാറിയിട്ടുണ്ടെന്ന ആരോപണവും ഈ കത്തില്‍ സി. ലൂസിക്കെതിരേ സി. ആന്‍ ജോസഫ് പരാമര്‍ശിക്കുന്നുണ്ട്. 2018 നവംബര്‍ 28 ന് സംസാരിക്കണമെന്ന ആഗ്രഹത്തില്‍ താന്‍ ഫോണ്‍ ചെയ്തപ്പോള്‍ ഇപ്പോള്‍ സംസാരിക്കാന്‍ അസൗകര്യമുണ്ടെന്ന് മറുപടി പറയുകയും, എങ്കില്‍ സൗകര്യപ്പെടുന്ന ഒരു ദിവസം അറിയിക്കാന്‍ ആവിശ്യപ്പെട്ടിട്ട് അതിനോട് പ്രതികരിക്കാതിരിക്കുകയുമാണ് സി. ലൂസി ചെയ്തതെന്നു സൂപ്പീരിയര്‍ ജനറല്‍ പറയുന്നു. 2018 ഡിസംബര്‍ 12 ന് ഒരു കൂടിക്കാഴ്ച്ചയ്ക്ക് സമയം പറയാന്‍ ആവശ്യപ്പെട്ട് താനൊരു കത്ത് എഴുതിയിട്ടും, മറുപടി തരേണ്ട സമയപരിധി കഴിഞ്ഞിട്ടുപോലും ആ കത്തിനോട് പ്രതികരിക്കാനും സി. ലൂസി തയ്യാറായില്ലെന്നും സുപ്പീരിയര്‍ ജനറല്‍ കുറ്റപ്പെടുത്തുന്നു.

ഈ കുറ്റങ്ങളും കുറ്റപ്പെടുത്തലുകളും വിവരിച്ചശേഷമാണ്, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗമായ സി. ലൂസി കളപ്പുരയോട് പുറത്താക്കല്‍ നടപടിയുടെ മുന്നോടിയായി, മദര്‍ സുപ്പീരയറായ സി ആന്‍ ജോസഫ് കാനോന്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള ആദ്യത്തെ മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അനുസരണയുള്ള കുഞ്ഞാടായി സഭയുടെ ചട്ടങ്ങളും നിയമങ്ങളും മാത്രം അനുസരിച്ച് ഇനി മുതല്‍ മുന്നോട്ടു പോവുകയാണെങ്കില്‍ സഭ വസ്ത്രത്തില്‍ തുടരാമെന്നും ഇല്ലെങ്കില്‍ പുറത്താക്കുമെന്നുമാണ് ഭീഷണി.

സുപ്പീരയര്‍ ജനറല്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് നോട്ടീസിന് 2019 ജനുവരി ഒമ്പതിന് നേരിട്ട് എത്തി വിശദീകരണം നല്‍കണമെന്നാണ് സി. ലൂസി കളപ്പുരയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 11 മണിക്ക് തന്നെ നേരില്‍ കണ്ട് ഇതുവരെ ചെയ്ത പാപങ്ങള്‍ക്കെല്ലാം മാപ്പ് പറയുകയും, എഫ്‌സിസി സുപ്പീരയര്‍ ജനറല്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക എന്നാണ് സി. ലൂസിക്കു മുന്നില്‍ വച്ചിരിക്കുന്ന ആവശ്യങ്ങള്‍. ആവശ്യപ്പെട്ടിരിക്കുന്ന സമയത്ത് ഹാജരാകാതിരിക്കുകയാണെങ്കില്‍, അത് മനപൂര്‍വം വരുത്തിയ വീഴ്ച്ചയായി കണ്ടുകൊണ്ട് കാനോന്‍ ചട്ടപ്രകാരമുള്ള അടുത്ത നടപടി സി. ലൂസിക്കെതിരേ സ്വീകരിക്കുന്നതായിരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരിക്കുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍