UPDATES

“നീയൊക്കെ ആര്‍ത്തവരക്തത്തിന്റെ കാര്യം നോക്കിയാല്‍ മതി”; കാലടി സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിക്കെതിരേ എസ്എഫ്‌ഐ

ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് എസ് എഫ് ഐ

ദീഷ്‌ണ സി.

ദീഷ്‌ണ സി.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘടനയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്നാരോപിച്ച് എകെആര്‍എസ്എ (എസ്എഫ്‌ഐയുടെ ഗവേഷക വിദ്യാര്‍ത്ഥി സംഘടന) പ്രവര്‍ത്തകര്‍ ഗവേഷക വിദ്യാര്‍ഥിനികളെ അസഭ്യം പറയുകയും മാനസികമായി പീഢിപ്പിക്കുകയും ചെയ്യുന്നുവെന്ന് പരാതി. മലയാളം വിഭാഗത്തിലെ ഗവേഷകയായ ഒരു പെണ്‍കുട്ടിയോടാണ് ഇവരുടെ വിദ്വേഷം കൂടുതലെന്ന് മലയാളം വിഭാഗത്തിലെ മറ്റൊരു ഗവേഷകയായ ശ്രീദേവി പറയുന്നത്. ശ്രീദേവിയുടെ വാക്കുകള്‍;

സര്‍വകലാശാലയ്ക്കകത്തുള്ള ഈ പ്രശ്‌നം തുടങ്ങിയിട്ട് ഒരാഴ്ച്ചയോളമായി. സംഭവത്തിന്റെ തുടക്കം ലേഡീസ് ഹോസ്റ്റലിലാണ്. ഹോസ്റ്റലിനകത്തെ മതിലില്‍ എകെആര്‍എസ്എ യൂണിറ്റ് കണ്‍വെന്‍ഷനെക്കുറിച്ചുള്ള ഒരു പോസ്റ്റര്‍ ഉണ്ടായിരുന്നു. കോളേജിന്റെയും ഹോസ്റ്റലിന്റെയും മിനിട്‌സ് പ്രകാരം അത്തരമൊരു പോസ്റ്റര്‍ ഹോസ്റ്റലിനകത്ത് പതിപ്പിക്കാന്‍ അനുവാദമില്ലായിരുന്നു. അതുകൊണ്ടാണ് ഭൂരിഭാഗം പെണ്‍കുട്ടികളും ചേര്‍ന്ന് വാര്‍ഡന്റെ അനുമതിയോടെ പോസ്റ്റര്‍ അവിടെ നിന്നും പറിച്ചു മാറ്റിയത്. അത് അപ്പോള്‍ തന്നെ ഹോസ്റ്റലിനകത്തെ എസ്എഫ്‌ഐ അനുഭാവികളായ ചില പെണ്‍കുട്ടികള്‍ വഴി ബോയ്‌സ് ഹോസ്റ്റലിലെ പ്രവര്‍ത്തകര്‍ അറിയുകയും അവരെല്ലാവരും ആ രാത്രി തന്നെ കൊടി പിടിച്ച്, മുദ്രാവാക്യം വിളിച്ച് ലേഡീസ് ഹോസ്റ്റലിലേക്ക് വരികയും ചെയ്തു.

ആ സംഭവത്തിനു ശേഷം എസ്എഫ്‌ഐക്കാര്‍ ഹോസ്റ്റലിലെ ചില പെണ്‍കുട്ടികളോട് വളരെ മോശമായാണ് പെരുമാറുന്നത്. പൊതു സ്ഥലങ്ങളില്‍ വെച്ച് അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചീത്ത പറച്ചിലുകളും പദപ്രയോഗങ്ങളും ഇവര്‍ നടത്തുന്നു. ആരെ കണ്ടാലും ‘നീയാണോ പോസ്റ്റര്‍ കീറിയത്? നിനക്കുള്ളത് തിരിച്ചുതരും’ തുടങ്ങി ഭീഷണിപ്പെടുത്തുന്ന സംസാരവുമാണ് നടത്തുന്നത്. എകെആര്‍എസ്എ പ്രവര്‍ത്തകരായ അബ്ദു റഹ്മാന്‍, അഖില്‍ പുറക്കാട്, രാകേഷ് ബ്ലാത്തൂര്‍, മുരളീധരന്‍ തുടങ്ങിയവരാണ് ഇതില്‍ മുന്നില്‍. അതില്‍ മുരളീധരന്റെ തന്നെ സഹപാഠിയായ ഒരു ഗവേഷകയെ കേന്ദ്രീകരിച്ചാണ് ഇപ്പോഴവരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പൊതുനിരത്തില്‍ വച്ച് ചീത്ത പറയുകയും ‘പോസ്റ്റര്‍ കീറിയത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ വരെ കേരളത്തിലുണ്ടായിട്ടുണ്ട്, എന്റെ പഠനം മുടങ്ങിയാലും ശരി, നിനക്കുള്ള പണി തിരിച്ചു തന്നിരിക്കും’ എന്നൊക്കെയാണ് പറയാറുള്ളത്.

മാത്രമല്ല, ‘എടീ’, ‘നീ’ തുടങ്ങി ഒട്ടും മാന്യതയില്ലാതെയാണ് അവര്‍ വാക്കുകള്‍ ഉപയോഗിക്കുന്നത്. ഇതേ ഗവേഷകയെ തന്നെ രാകേഷ് ബ്ലാത്തൂര്‍ ലൈബ്രറിയില്‍ വച്ച് ഭയമുളവാക്കുന്ന രീതിയില്‍ നോക്കി പേടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമെ അബ്ദുറഹ്മാനും മുരളീധരനും ഗവേഷകയോട്, ‘നീ പോയി ആര്‍ത്തവത്തിന്റെയും ടോയ്‌ലറ്റില്‍ ഇറ്റു വീഴുന്ന ചോരത്തുള്ളികളുടെയും കാര്യം നോക്കൂ.. ഓ.. ഇപ്പോള്‍ നാപ്കിന്‍ ഒന്നും ആവശ്യമില്ലല്ലോ… കപ്പ് അല്ലെ ഉപയോഗിക്കാറ്’ തുടങ്ങി കേവലം ആര്‍ത്തവത്തെ പോലും പരിഹസിക്കുന്ന രീതിയിലാണ് സംസാരിച്ചത്.

ഈ ഗവേഷക ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെയും പ്രവര്‍ത്തകയല്ല. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം അവരിപ്പോള്‍ മാനസികമായി ഒരുപാട് വിഷമങ്ങള്‍ അനുഭവിക്കുന്നുണ്ട്. അവള്‍ക്ക് പേടിയാണ്. ഹോസ്റ്റലിലെ എല്ലാ കുട്ടികളും ചേര്‍ന്ന് പറിച്ചുമാറ്റിയ ഒരു പോസ്റ്ററിന്റെ പേരില്‍ അവളെ മാത്രം ലക്ഷ്യം വെച്ച് മാനസികമായി പീഡിപ്പിക്കുകയും അങ്ങേയറ്റം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സംസാരം നടത്തുകയും ചെയ്യുകയാണ് ഈ സഖാക്കള്‍.

ഇതൊന്നും ഈ കോളേജിലെ ആദ്യത്തെ സംഭവമല്ല. യൂണിയന്‍ ഭരിക്കുന്നത് എസ്എഫ്‌ഐ ആണ്. ഈ പറഞ്ഞ കൂട്ടത്തിലെ അബ്ദുറഹ്മാന്‍ മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി ജയിച്ചയാളാണ്. അവര്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ മാത്രമാണ് ശരി. അവര്‍ക്കെതിരായി ആരും ശബ്ദിക്കാന്‍ പാടില്ല. ആരെങ്കിലും അവരെ എതിര്‍ക്കാന്‍ തുടങ്ങിയാല്‍ ഭീഷണിപ്പെടുത്തും. വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയ സംഭവങ്ങള്‍ വരെ ഇവിടെ ഉണ്ടായിട്ടുണ്ട്.

ഞങ്ങളെല്ലാവരും ഗവേഷക വിദ്യാര്‍ത്ഥികളാണ്. 26ഉം 30ഉം വയസ്സുള്ളവരുണ്ട്. എല്ലാവര്‍ക്കും കക്ഷി രാഷ്ട്രീയമുണ്ട്, രാഷ്ട്രീയ കാഴ്ച്ചപ്പാടുകളുണ്ട്. എല്ലാവരുടെയും വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ പഠിക്കണം. എസ്എഫ്‌ഐ ഭരണം നടത്തുന്നത് അവര്‍ മാത്രമാണ് ശരി എന്നു വിചാരിച്ചുകൊണ്ടാണ്. ഇതിലെ മറ്റൊരു കാര്യമെന്തെന്നാല്‍, ഇതേ ഗവേഷക തിരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐക്ക് ഫുള്‍ പാനല്‍ വോട്ട് ചെയ്ത ആളാണ് എന്നതാണ്. പ്രത്യക്ഷത്തില്‍ അവര്‍ ഒരു പ്രവര്‍ത്തകയല്ലെങ്കിലും എസ്എഫ്‌ഐ ക്ക് വോട്ടുകള്‍ ചെയ്യുന്നവരാണ്. ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാവും. ഒരു നിഷ്പക്ഷ വിഭാഗത്തെയോ എതിര്‍ കക്ഷികളെയോ യൂണിവേഴ്‌സിറ്റിക്കകത്ത് സമാധാനമായി ജീവിക്കാന്‍ അവര്‍ സമ്മതിക്കില്ല.

എപ്പോഴും വംശീയതയ്ക്കും വര്‍ഗീയതയ്ക്കും എതിരേ ഘോരം പ്രസംഗിക്കുന്നവരാണ് ഈ സഖാക്കള്‍. എന്നിട്ടും ഈ പറഞ്ഞ കൂട്ടത്തിലെ മുരളീധരന്‍ ഗവേഷകയ്‌ക്കെതിരെ വംശീയ അധിക്ഷേപം നടത്തി. ഒരു ദളിത് എന്ന രീതിയില്‍ അധിക്ഷേപിച്ചു. അവര്‍ പരാതി കൊടുത്തിട്ടുണ്ട്. പ്രോ വൈസ് ചാന്‍സിലര്‍, റെജിസ്ട്രാര്‍, സ്റ്റുഡന്റ്‌സ് ഡെവലപ്‌മെന്റ് ഓഫീസര്‍, ഇന്റേര്‍ണല്‍ കംപ്ലയിന്റ് കമ്മിറ്റി എന്നിവര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്. ദളിത് എന്ന ആക്ഷേപത്തിനെതിരേ എസ് സി/എസ് ടി അട്രോസിറ്റി ആക്റ്റ് പ്രകാരം മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ എസ്എഫ്‌ഐ മറ്റൊരു പരാതി ഗവേഷകയ്‌ക്കെതിരായി നല്‍കിയിട്ടുണ്ടെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു.

"</p

പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ അവര്‍ പരാതി ഇല്ലാതാക്കാനാണ് ശ്രമിച്ചത്. എന്തായാലും യൂണിവേഴ്‌സിറ്റിയുടെ തീരുമാനം തിങ്കളാഴ്ച്ച അറിയാം. അതിനിടയ്ക്ക് ഗവേഷകയും മുരളീധരനും പഠിക്കുന്ന മലയാളം വിഭാഗത്തിലെ അധ്യാപകര്‍ രണ്ടുപേരെയും വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. വിഷയത്തില്‍ നടപടിയെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.

ഹോസ്റ്റലിലെ ഭൂരിഭാഗം പേരുടെയും പിന്തുണ ഞങ്ങള്‍ക്കുണ്ട്. 70 ഓളം പേര്‍ ഒപ്പുവെച്ച ഒരു പരാതിയാണ് യൂണിവേഴ്‌സിറ്റിക്ക് ഞങ്ങള്‍ കൊടുത്തിരിക്കുന്നത്. ഇപ്പോള്‍ സെമസ്റ്റര്‍ ബ്രേക്ക് ആയതിനാല്‍ ബി എ/എം എ വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റിക്കകത്തില്ല. അവരിലേക്ക് ഇതെല്ലാം ഏതു വിധത്തിലാണ് എത്തിയിരിക്കുന്നത് എന്നും എന്നറിയില്ല.

ഞാനൊരു ജനാധിപത്യ വിശ്വാസിയാണ്. സ്ത്രീത്വത്തെ അപമാനിച്ചു, വ്യക്തിഹത്യ നടത്തി എന്നതിലുപരി ഒരു പഠന കേന്ദ്രത്തിനകത്തെ ജനാധിപത്യം അവസാനിക്കരുതല്ലോ… അതുകൊണ്ടാണ് ഞാന്‍ തന്നെ ഫേസ്ബുക്കിലൂടെ ഈ വിഷയം പുറത്തേക്കെത്തിച്ചത്. പോസ്റ്റര്‍ കീറിയത് ആരായാലും അതിനോടും എനിക്ക് യോജിപ്പില്ല. എന്നാല്‍ കേവലം ഒരു പോസ്റ്ററിന്റെ പേരില്‍ ഇത്തരം മനുഷ്യത്വരഹിതവും ജനാധിപത്യ വിരുദ്ധവുമായ നിലപാടുകള്‍ കോളേജ് യൂണിയന്‍ ഭരിക്കുന്ന എസ്എഫ്‌ഐ കൈക്കൊള്ളാന്‍ പാടുണ്ടോ? ഇതാണോ അവരുടെ പതാകയിലെ സ്വാതന്ത്ര്യം? ജനാധിപത്യം?സോഷ്യലിസം?”

ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ പ്രതികരിച്ച ഗവേഷകരില്‍ ഒരാളാണ് ശ്രീദേവി. ഫേസ്ബുക്കിലൂടെ ഇവര്‍ ഈ വിഷയം ഷെയര്‍ ചെയ്തിരുന്നു.

എന്നാല്‍ ഈ വിഷയത്തിലെ കുറ്റാരോപിതരില്‍ ഒരാളായ രാകേഷ് ബ്ലാത്തൂര്‍ പറയുന്നത് തനിക്കും പാര്‍ട്ടിയിലെ മറ്റു പ്രവര്‍ത്തകര്‍ക്കുമെതിരെ വന്നിട്ടുള്ള ആരോപണങ്ങളിലെ പൊള്ളത്തരങ്ങളാണ്. തീര്‍ത്തും കെട്ടിച്ചമച്ച കാര്യങ്ങളാണ് തങ്ങള്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത് എന്നാണ് ഈ ഗവേഷകന്‍ പറയുന്നത്.

“ഇതിലെ സത്യാവസ്ഥ മറ്റൊന്നാണ്. ലേഡീസ് ഹോസ്റ്റലിലെ പോസ്റ്റര്‍ കീറി എന്ന് അവിടുത്തെ പാര്‍ട്ടി അനുഭാവികളായ രണ്ടു വിദ്യാര്‍ഥിനികളാണ് ഞങ്ങളെ വിളിച്ചറിയിച്ചത്. അത് ഞങ്ങളുടെ യൂണിറ്റ് കണ്‍വെന്‍ഷന്റെ പോസ്റ്റര്‍ ആയിരുന്നു. അതുകൊണ്ടാണ് അപ്പോള്‍ തന്നെ മുദ്രാവാക്യം വിളിച്ച് അവിടേക്ക് കടന്നു ചെന്നത്. അവര്‍ വാര്‍ഡന്റെ സമ്മതത്തോടെ കമ്മിറ്റി കൂടി തീരുമാനിച്ചാണ് രണ്ടു തവണയും പോസ്റ്റര്‍ കീറിയതെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. പിറ്റേന്ന് പരാതി കൊടുക്കുന്ന സമയത്ത് ഞങ്ങള്‍ അവരോട് പറഞ്ഞത്, ‘പോസ്റ്റര്‍ കീറിയതിന്റെ പേരില്‍ കൊലപാതങ്ങള്‍ വരെ നടന്നിട്ടുള്ള നാടാണ് കേരളം, നിങ്ങള്‍ അതിന്റെ ഗൗരവത്തില്‍ ഇതിനെ കാണണം. കേവലമൊരു കടലാസ് പറിച്ചു മാറ്റിയ വിഷയമല്ലിത്’ എന്നാണ്. വളരെ മാന്യമായി സംഭവത്തിന്റെ ഗൗരവം അവരോട് പറയുക മാത്രമാണ് ഉണ്ടായത്. അപ്പോള്‍ ചെറിയ ബഹളങ്ങളെല്ലാം അവിടെ ഉണ്ടായി. അതും സമ്മതിക്കുന്നു. എന്നാല്‍ പിന്നീട് ഉണ്ടായ ആരോപണങ്ങള്‍ എല്ലാം തീര്‍ത്തും അവാസ്തവമാണ്. ഞങ്ങള്‍ ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല.

എനിക്കെതിരെ ആരോപിക്കപ്പെട്ട ഒന്നാണ് ലൈബ്രറിക്കകത്ത് വെച്ച് ഗവേഷകയെ ഭയമുളവാക്കുന്ന വിധത്തില്‍ നോക്കി എന്നത്. റഫറന്‍സ് റൂമില്‍ സിസിടിവി ഉണ്ട്. ഞങ്ങള്‍ രണ്ടുപരും ഒരേ സമയത്ത് അവിടെ ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ അവര്‍ ഏഴു മണിയോടെ അവിടെ നിന്നും ഇറങ്ങിയിരുന്നു. ഞാന്‍ ഇറങ്ങിയത് എട്ടു മണിക്കായിരുന്നു. ഇത് മനസിലാക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും. മാത്രവുമല്ല, ലൈബ്രറിയില്‍ നിന്ന് ലേഡീസ് ഹോസ്റ്റലിലേക്ക് 10 മിനിട്ട് സമയം മാത്രമേ ഉള്ളൂ. എങ്കില്‍ എങ്ങനെയാണ് ഒരു മണിക്കൂര്‍ വൈകി ഇറങ്ങിയ എനിക്ക് അവരെ ഫോളോ ചെയ്ത്, നോക്കി ഭയപ്പെടുത്താന്‍ പറ്റുന്നത്?

ഞങ്ങള്‍ക്കെതിരെയുള്ള മറ്റൊരു ആരോപണം ദളിത് എന്നു വിളിച്ച് ആക്ഷേപിച്ചു എന്നതാണ്. എസ് സി/എസ് ടി ഫെല്ലോഷിപ്പ് വാങ്ങി പഠിക്കുന്നയാളാണ് ഗവേഷക. അതേ ഫെല്ലോഷിപ്പ് വാങ്ങി പഠിക്കുന്ന ഒരാളാണ് ഞാനും. ഞങ്ങളുടെ സര്‍ക്കാര്‍ തരുന്ന ഫെല്ലോഷിപ്പ് വാങ്ങി ഞങ്ങള്‍ക്കെതിരെ തന്നെ സംസാരിക്കുകയാണോ എന്നത് വളരെ സൗമ്യമായാണ് ഞാന്‍ അവരോട് ചോദിച്ചത്. കാരണം ഞാനും അതേ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒരു വിദ്യാര്‍ഥിയാണ്. അതിനപ്പുറത്തേക്ക് ദളിത് എന്ന ആക്ഷേപമൊന്നും നടത്തിയിട്ടില്ല. സ്ത്രീകളെ അപമാനിക്കുന്ന സംസാരങ്ങളും ഉണ്ടായിട്ടില്ല. ഇവര്‍ ഈ പറയുന്ന ആര്‍ത്തവ വിഷയങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. ഇവിടെ ഞങ്ങള്‍ക്കും മാനനഷ്ടം സംഭവിച്ചു. രജിസ്ട്രാര്‍ക്കും എക്‌സിക്യൂട്ടീവ് വാര്‍ഡനും ഞങ്ങളും പരാതി നല്‍കിയിട്ടുണ്ട് “- രാകേഷ് പറയുന്നു.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍