വൈദികരെ സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ആരോപണം
ഭൂമിയിടപാട്, കന്യാസ്ത്രീ പീഡനം തുടങ്ങി വിവധ കേസുകളും ആരോപണങ്ങളും പേറുന്ന സിറോ മലബാര്‍ സഭയെ മാധ്യമങ്ങള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന മറുവാദവുമായി തൃശൂര്‍ അതിരൂപത. സഭയ്‌ക്കെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും സംപ്രേക്ഷണം ചെയ്യുകയും ചെയ്യുന്ന ചാനലുകളും പത്രങ്ങളും ബഹിഷ്‌കരിക്കണമെന്നാണ് അതിരൂപയുടെ ആഹ്വാനം. തൃശൂര്‍ അതിരൂപതയുടെ കീഴില്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് എഡിറ്റര്‍ ആയുള്ള കത്തോലിക്ക സഭ പത്രത്തിലാണ് ഈ ആരോപണങ്ങളും ആഹ്വാനങ്ങളും ഉള്ളത്. വിശ്വാസികള്‍ക്കുള്ള ജാഗ്രത മുന്നറിയിപ്പെന്ന നിലയില്‍ അതിരൂപത നടത്തുന്ന ആക്ഷേപങ്ങള്‍, സഭയിലെ വൈദികരെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജക്കേസുകള്‍ ചമയ്ക്കുകയും സഭയെ സമൂഹത്തിനു മുന്നില്‍ തകര്‍ക്കാന്‍ ഗൂഢപദ്ധതികള്‍ നടത്തുകയുമാണെന്നാണ്. ഇതിനെതിരേ വിശ്വാസികളും വൈദികരും ജാഗ്രത പുലര്‍ത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
വൈദികരെ സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും തൃശൂര്‍ അതിരൂപത ആരോപിക്കുന്നു. അടുത്തകാലത്തായി വൈദികരെ കാണാനെന്ന വ്യാജേന സ്ത്രീകള്‍ വന്ന് അവരെ കണ്ടു മടങ്ങിയതിനുശേഷം പൊലീസ് സ്റ്റേഷനില്‍ പോയി പീഡനാരോപണം നടത്തുന്നതായാണ് കേള്‍ക്കുന്നത്. പൊലീസ് അധികാരികള്‍ ബന്ധപ്പെട്ട വൈദികരെ വിളിച്ച് അന്വേഷിക്കുമ്പോഴാണ് അവര്‍ വിവരം അറിയുന്നത്. മാത്രമല്ല, വൈദികരെക്കുറിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കത്തക്ക വിധത്തില്‍ അവരുടെ പേരില്‍ മൊബൈല്‍ ഫോണുകളിലൂടെ പെണ്‍കുട്ടികളെ വിളിച്ചു ശല്യപ്പെടുത്തുന്നതായും അതിരൂപതയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വൈദികര്‍ വിളിക്കുന്നുവെന്ന വ്യാജേനയാണ് ഇവര്‍ പെണ്‍കുട്ടികളോട് മോശമായി സംസാരിക്കുന്നത്; ഡിസംബര്‍ ലക്കത്തിലെ പത്രത്തിലൂടെ തൃശൂര്‍ രൂപത ഉയര്‍ത്തുന്ന ആരോപണങ്ങളാണിത്.
എറണാകുളം-അങ്കമാലി അതിരൂപതയെ വിവാദത്തില്‍ ആക്കുകയും സിറോ മലബാര്‍ സഭ മേധാവി ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിയാവുകയും ചെയ്ത ഭൂമിയടപാടുകളും മാധ്യമങ്ങളുടെയും ഒരു വിഭാഗം ആളുകളുടെയും ഗൂഢാലോചനയായിരുന്നുവെന്ന ആരോപണവും തൃശൂര്‍ അതിരൂപതയ്ക്കുണ്ട്. ഇടവകകളിലെ വിവിധ സ്ഥലമിടപാടുകളെയും മറ്റും വിശ്വാസികളോട് അന്വേഷിച്ചറിഞ്ഞ് തെറ്റിദ്ധാരണാപരമായ കേസുകള്‍ കൊടുക്കുവാനായി ഒരു വിഭാഗം കേരളത്തിലുടനീളം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നാണറിവ്. ഇവരെക്കുറിച്ചും വൈദികരും വിശ്വാസികളും ജാഗ്രത പാലിക്കണമെന്നും കത്തോലിക്ക സഭ പത്രത്തില്‍ എഴുതിയിരിക്കുന്നു.
കത്തോലിക്ക സഭ പത്രം പുറത്തിറക്കിയ കലണ്ടറില്‍ കന്യാസ്ത്രീ പീഢനക്കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോട്ടോ നല്‍കിയതിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളെയും മാധ്യമങ്ങളുടെ കുറ്റമായാണ് തൃശൂര്‍ അതിരൂപത ആക്ഷേപിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് തങ്ങളുടെ പിന്തുണ ആവര്‍ത്തിക്കുന്ന തൃശൂര്‍ രൂപത എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടിലും കന്യാസ്ത്രീ ബലാത്സംഗ കേസിലും മെത്രാന്മാര്‍ക്കെതിരായ നിലപാടെടുത്ത് കുറ്റവാളികളായവര്‍ ശിക്ഷിക്കപ്പെടണമെന്നാവശ്യത്തോടെ പോരാട്ടം നടത്തിയ വൈദികന്‍ അഗസ്റ്റിന്‍ വട്ടോളിയെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്നുമുണ്ട്. ഫാ.വട്ടോളിക്ക് സഭ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെ പിന്തുണയ്ക്കുന്നുമുണ്ട് ഇതോടൊപ്പം. ഫ്രാങ്കോയുടെ ചിത്രം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ദുഷ്പ്രചാരണം നടത്തിയെന്ന ആരോപണത്തോടെ പറയുന്ന കാര്യങ്ങള്‍ ഇതാണ്: കത്തോലിക്ക സഭ പുറത്തിറക്കിയ കലണ്ടറില്‍ ഇതര മെത്രാന്മാരുടെ ഫോട്ടോ കൊടുത്തതുപോലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയത് മഹാഅപരാധമാണെന്നാണ് മാധ്യമങ്ങളുടെ ദുഷ്പ്രചാരണം. തുടര്‍ച്ചയായി സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയയാള്‍ക്ക് അച്ചടക്ക നടപടിക്കു നോട്ടീസ് നല്‍കിയതും മാധ്യമങ്ങള്‍ക്ക് സഹാക്കാനിയിട്ടില്ലേ്രത!; മാധ്യമങ്ങള്‍ ഫാ. അഗസ്റ്റിന്‍ വട്ടോളിയെ പിന്തുണയ്ക്കുന്നവരാണെന്ന വിമര്‍ശനത്തോടെ പറയുന്ന കാര്യമാണിത്.
കന്യാസ്ത്രീ പീഢനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റാരോപിതന്‍ മാത്രമാണെന്നും ചുമതലകളില്‍ നിന്നും മാറി നില്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും ബിഷപ്പ് തന്നെയാണെന്നും കുറ്റം ചെയ്‌തെന്നു കോടതിയിലോ സഭ സംവിധാനങ്ങളിലോ തെളിയിക്കപ്പെടുന്നതുവരെ അങ്ങനെത്തന്നെയായിരക്കുമെന്നും ഫ്രാങ്കോയ്ക്കുള്ള പിന്തുണ വ്യക്തമാക്കിക്കൊണ്ട് തൃശൂര്‍ അതിരൂപത വാദിക്കുന്നു. ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനാണെന്നു തെളിഞ്ഞിട്ടില്ലാത്തതിനാലാണ് അദ്ദേഹത്തിന്റെ ചിത്രം കലണ്ടറില്‍ ഉള്‍പ്പെടുത്തിയതെന്നും നീതിന്യായ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ നിപരാധിയായി തുടരാനുള്ള അവകാശം കുറ്റാരോപിതന്‍ മാത്രമായ ബിഷപ്പ് ഫ്രാങ്കോയ്ക്കും ഉണ്ടെന്നും തൃശൂര്‍ അതിരൂപത കത്തോലിക്കസഭ പത്രത്തിലൂടെ ഉറപ്പിക്കുന്നു.
ഭൂമിയിടപാട്, കന്യാസ്ത്രീ പീഡനം എന്നീ കേസുകളിലെ മാധ്യമ ഇടപെടലുകളെ കടുത്ത ആരോപണങ്ങള്‍ കൊണ്ടാണ് അതിരൂപത നേരിടുന്നത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്നേ ശിക്ഷ വിധിക്കുന്ന സൂപ്പര്‍ കോടതി ചമയുകയാണ് മാധ്യമങ്ങള്‍ എന്നാണ് ഒരാക്ഷേപം. ചാരക്കേസില്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ ചമച്ചതുപോലെയാണ് സഭയ്‌ക്കെതിരെ ഇപ്പോള്‍ എഴുതുന്നതെന്നാണ് ആരോപണം. മറ്റൊരാക്ഷേപം മാധ്യമസ്ഥാപനങ്ങളില്‍ നടക്കുന്ന ലൈംഗിക പീഢനങ്ങള്‍ ഉള്‍പ്പെടെ മറച്ചുവച്ചുകൊണ്ടാണ് സഭയ്‌ക്കെതിരെ എഴുതുന്നതെന്നാണ്. മാധ്യമസ്ഥാപനങ്ങളും അധികാരികളുമായി ബന്ധപ്പെട്ട കേസുകളില്‍ ചിലത് പേരെടുത്ത് പറഞ്ഞ് എഴുതിക്കൊണ്ടാണ് ഈ ആക്ഷേപം ഉയര്‍ത്തിയിരിക്കുന്നത്.
ക്രിസ്ത്യന്‍ മതത്തെ തകര്‍ക്കാന്‍ മാത്രമാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന തരത്തിലും വിമര്‍ശനമുണ്ട്. രണ്ടു വര്‍ഷം മുമ്പ് മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചതിന് മുസ്ലിം സംഘടനകള്‍ പ്രക്ഷോഭം നടത്തിയപ്പോള്‍ മാപ്പ് അപേക്ഷിച്ചവരാണ് മാതൃഭൂമി. ഏതാനും മാസം മുമ്പ് മീശ നോവലിന്റെ പേരില്‍ ഹിന്ദു സമുദായ സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങിയതോടെ ഭയന്നുവിറച്ച് പത്രാധിപ സമിതിയെ തന്നെ വെട്ടിനിരത്തി കാവിവത്കരണം നടപ്പാക്കി. സ്വന്തം കച്ചവടം മെച്ചപ്പെടുത്താന്‍ മതനിന്ദയും സഭാവിരുദ്ധമായ പ്രചാരണങ്ങളും അശ്ലീല വിശേഷങ്ങളും നുണവാര്‍ത്തകളും വിളമ്പുകയാണ്. സമൂഹത്തില്‍ വിഷമൊഴുക്കുന്നതിനു തുല്യമാണത്. ഈ വിഷബാധയെ ചെറുക്കേണ്ടിയിരിക്കുന്നു. ഐതിഹാസികമായ അനേകം പ്രക്ഷോഭങ്ങള്‍ നയിച്ച ചരിത്രമാണ് കത്തോലിക്ക സമുദായത്തിനുള്ളതെന്നു വിസ്മരിക്കരുത്; മാധ്യമങ്ങള്‍ക്കുള്ള മുന്നറിയിപ്പോടെ തൃശൂര്‍ അതിരൂപത പറയുന്നു.
സഭ നേതതൃത്വങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ ബഹിഷ്‌കരിക്കാനാണ് അതിരൂപത കത്തോലിക്ക സഭ പത്രത്തിലൂടെ വിശ്വാസികളോട് ആഹ്വാനം നടത്തുന്നത്. സഭയ്ക്ക് അപ്രിയമായ ചാനലുകള്‍ ഓഫാക്കാനും പത്രങ്ങള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കാനും ഇവ പ്രചരിപ്പിക്കാനോ ഇത്തരം മാധ്യമങ്ങളില്‍ പരസ്യം നല്‍കാനോ വിശ്വാസികള്‍ ആരും തയ്യാറാകരുതെന്നാണ് ആവശ്യം. ഇത്തരം ബഹിഷ്‌കരണങ്ങള്‍ക്ക് വിശ്വാസി സമൂഹം സ്വയം മുന്നോട്ടുവന്നിരിക്കുകയാണെന്ന ആവകാശവാദവും തൃശൂര്‍ അതിരൂപതയ്ക്കുണ്ട്.
‘എന്റെ ബൈബിള്‍ ഭരണഘടനയാണ്’: ഫാ. അഗസ്റ്റിന്‍ വട്ടോളിയുടെ ഉശിരന്‍ പ്രസംഗം (വീഡിയോ)
പലതും ഇനിയും പുറത്തുവരാനുണ്ട്, വട്ടോളി അച്ചന്‍ നിശബ്ദനാകേണ്ടത് അവരുടെ ആവശ്യമാണ് -കന്യാസ്ത്രീകള്‍
ആത്മഹത്യ പാപമാണെന്ന് പഠിപ്പിക്കുന്ന പൌരോഹിത്യം വിശ്വാസികളെ ചാടി ചാവാന്‍ പ്രേരിപ്പിക്കുമ്പോള്‍