UPDATES

ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം കലണ്ടറില്‍ വന്നത് തൃശൂര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ അറിവോടെ

മാര്‍പാപ്പ യാതൊരു നടപടിയും എടുക്കാത്ത സാഹചര്യത്തില്‍ ചിത്രം പ്രസിദ്ധീകരിച്ചതില്‍ യാതൊരു അപാകതയും ഇല്ലെന്നും ഇനിയും പ്രസിദ്ധീകരിക്കുമെന്നും കത്തോലിക്ക സഭ പത്രത്തിന്റെ ഭാരവാഹി

തൃശൂര്‍ അതിരൂപതയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സഭ പത്രത്തിന്റെ കലണ്ടറില്‍ കന്യാസ്ത്രീ പീഡനക്കേസ് പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം പ്രസിദ്ധീകരിച്ചത് വിശ്വാസികള്‍ക്കിടയില്‍ തന്നെ വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. എന്നാല്‍ ബിഷപ്പിന്റെ ചിത്രം കലണ്ടറില്‍ പ്രസിദ്ധീകരിച്ചതില്‍ യാതൊരു അപകാതയും ഇല്ലെന്ന നിലപാടാണ് ഈ വിഷയത്തില്‍ കത്തോലിക്ക സഭ പത്രത്തിന്. ഫ്രാങ്കോയ്ക്കെതിരെയുള്ള പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു. കലണ്ടറില്‍ ഫ്രാങ്കോയുടെ ചിത്രം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട പ്രതികരണം ആരാഞ്ഞപ്പോഴാണ് തൃശൂര്‍ രൂപത ഫ്രാങ്കോയ്‌ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്ന മറുപടി കിട്ടിയത്. കത്തോലിക്ക സഭ പത്രത്തിന്റെ ഭാരവാഹിയായ വൈദികന്‍ (ഇദ്ദേഹം പേര് പറയാന്‍ തയ്യാറായില്ല) ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി ഏതോ ഒരു സ്ത്രീ നല്‍കിയ വ്യാജ പരാതി എന്ന നിലയിലാണ് തളളിക്കളഞ്ഞത്. ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോഴും ബീഷപ്പ് ആണെന്നും അദ്ദേഹത്തിനെതിരേ മാര്‍പാപ്പ യാതൊരു നടപടിയും എടുക്കാത്ത സാഹചര്യത്തില്‍ ചിത്രം പ്രസിദ്ധീകരിച്ചതില്‍ യാതൊരു അപാകതയും ഇല്ലെന്നും ഇനിയും പ്രസിദ്ധീകരിക്കുമെന്നും വൈദികന്‍ പറയുന്നു.

ഫ്രാങ്കോയുടെ ചിത്രം കലണ്ടറില്‍ വന്നത് തൃശൂര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ അറിവോടെയാണോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു; ‘കത്തോലിക്ക സഭ പത്രത്തിന്റെ മേലധികാരി തൃശൂര്‍ രൂപത ബിഷപ്പാണ്. അദ്ദേഹമാണ് ചീഫ് എഡിറ്റര്‍. അദ്ദേഹം അറിയാതെ ചിത്രം ഇടില്ലല്ലോ’ എന്നായിരുന്നു. ഫ്രാങ്കോയുടെ ചിത്രം കഴിഞ്ഞ വര്‍ഷത്തെ കലണ്ടറിലും പ്രസിദ്ധീകരിച്ചിരുന്നതാണന്നും ഇത്തവണയും അത് കോപ്പി ചെയ്ത് ഇടുക മാത്രമാണ് ഉണ്ടായതെന്നും വൈദികന്‍ കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ സാഹചര്യമല്ലല്ലോ ഇത്തവണ, ഫ്രാങ്കോ കന്യാസ്ത്രീ പീഡനത്തിന് അറസ്റ്റിലാവുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്‌തൊരാള്‍ ആണല്ലോ എന്നും അങ്ങനെ വരുമ്പോള്‍ അദ്ദേഹത്തിന്റെ ചിത്രം പ്രസിദ്ധീകരിക്കുന്നതില്‍ അനൗചിത്യം ഇല്ലേയെന്ന ചോദ്യത്തിന് ഫ്രാങ്കോ പിതാവ് ഇപ്പോഴും ബിഷപ്പ് തന്നെയാണെന്നായിരുന്നു മറുപടി. കലണ്ടറില്‍ തൃശൂര്‍ രൂപതയില്‍ നിന്നുള്ള ബിഷപ്പുമാരുടെ ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ഫ്രാങ്കോ പിതാവും അതിലൊരാളാണ്. അദ്ദേഹത്തെ ബിഷപ്പ് സ്ഥാനത്തു നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്നും തങ്ങളുടെ പ്രവര്‍ത്തിയെ ന്യായീകരിച്ചുകൊണ്ട് വൈദികന്‍ പറയുന്നു. വിശ്വാസികള്‍ക്കിടയില്‍ ഇത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ടെന്നു ചൂണ്ടിക്കാണിക്കുമ്പോള്‍ ഒരു ചെറിയ ഫോട്ടോ അല്ലേ, അതിനിപ്പം അത്ര പ്രശ്‌നമൊന്നും ഇല്ല എന്നായിരുന്നു തിരിച്ചുള്ള മറുപടി. താനിതൊക്കെ പറയുന്നത് പുറത്തുനിന്നൊരാള്‍ എന്ന നിലയ്ക്കല്ലെന്നും സഭയ്ക്കുള്ളില്‍ നിന്നുതന്നെയാണെന്നും കത്തോലിക്ക സഭ പത്രത്തിന്റെ ചുമതലക്കാരില്‍ ഒരാളായ ഈ വൈദികന്‍ വ്യക്തമാക്കുന്നുമുണ്ട്.

ഫ്രാങ്കോയുടെ ചിത്രം പ്രസിദ്ധീകരിച്ചതില്‍ യാതൊരു തെറ്റുമില്ലെന്നു സ്ഥാപിച്ചുകൊണ്ട് വൈദികന്‍ ആവര്‍ത്തിക്കുന്ന കാര്യങ്ങള്‍ ഇതാണ്; ഫ്രാങ്കോ പിതാവിനെ ഇതുവരെ മാര്‍പാപ്പ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. അദ്ദേഹം തൃശൂര്‍ രൂപതയില്‍ നിന്നുള്ള ബിഷപ്പാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രം കലണ്ടറില്‍ വയ്ക്കുന്നു. ഫ്രാാങ്കോയുടെ ജന്മദിനം രേഖപ്പെടുത്തിക്കൊണ്ടാണ് ചിത്രം 2019 മാര്‍ച്ചിലെ പേജില്‍ നല്‍കിയിട്ടുള്ളത്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഫ്രാങ്കോയെ കുറ്റക്കാരനായി കാണാനും തൃശൂര്‍ രൂപത ഒരുക്കമല്ലെന്ന കാര്യവും വൈദികന്‍ ഈ വിഷയവുമായി ചേര്‍ത്ത് പറയുന്നുണ്ട്. ബിഷപ്പ് കുറ്റവാളിയാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. നിങ്ങള്‍ക്ക് ഒരു പ്രശ്‌നം ഉണ്ടായാല്‍ നിങ്ങളെ വീട്ടില്‍ നിന്നും പുറത്താക്കുമോ? വെറുതെ കുറ്റാരോപിതനായതുകൊണ്ട് മാത്രം നിങ്ങളെ വീട്ടില്‍ നിന്നും പുറത്താക്കില്ലല്ലോ! അതുതന്നെയാണ് ഫ്രാങ്കോ പിതാവിന്റെ കാര്യത്തിലും എന്നു പറഞ്ഞുകൊണ്ടാണ് ബിഷപ്പ് ബലാത്സംഗ കേസില്‍ പ്രതിയല്ലേ എന്ന ചോദ്യത്തെ നേരിടുന്നത്.

തൃശൂര്‍ രൂപതയ്ക്ക് കീഴിലുള്ള വിശ്വാസികള്‍ക്ക് തന്നെ ഫ്രാങ്കോയുടെ ചിത്രം കലണ്ടറില്‍ ചേര്‍ത്തിരിക്കുന്നതില്‍ എതിര്‍പ്പ് ഉണ്ടെന്ന വിവരം അറിയിച്ചപ്പോള്‍, ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരിക്കാം, എല്ലാവര്‍ക്കും അങ്ങനെയല്ല എന്നായിരുന്നു മറുവാദം. കഴിഞ്ഞ പ്രാവിശ്യവും ഫ്രാങ്കോയുടെ ചിത്രം വച്ചതാണ്, ബിഷപ്പ് സ്ഥാനത്ത് നിന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുന്നതുവരെ അദ്ദേഹത്തിന്റെ ഫോട്ടോ തങ്ങള്‍ കലണ്ടറില്‍ ചേര്‍ക്കുമെന്നും വൈദികന്‍ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് വ്യക്തമാക്കുന്നു.

ഫ്രാങ്കോയ്‌ക്കെതിരേ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയേയും തൃശൂര്‍ രൂപത പ്രതിനിധിയായ ഈ വൈദികന്‍ അപഹസിക്കുന്നുണ്ട്. ഈ പരാതിയില്‍ ഫ്രാങ്കോ നിരപരാധിയാണെന്ന നിലപാടാണ് അദ്ദേഹത്തിന്. ഏതൊരു സ്ത്രീ വിചാരിച്ചാലും പിതാക്കന്മാര്‍ക്കും അച്ചന്‍മാര്‍ക്കും എതിരേ നടത്താവുന്ന കേസാണ് ഇതെന്നാണ് വൈദികന്റെ അഭിപ്രായം. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ, ഒരു കന്യാസ്ത്രീ എന്ന നിലയില്‍ പരാമര്‍ശിക്കാന്‍ പോലും വൈദികന്‍ തയ്യാറാകുന്നില്ല. ഏതോ ഒരു സ്ത്രീയെന്നു മാത്രമാണ് പറയുന്നത്. സ്ത്രീകള്‍ വിചാരിച്ചാല്‍ ആര്‍ക്കുമെതിരേ കേസ് കൊടുക്കാമെന്നും ഫ്രാങ്കോയെക്കേതിരെയുള്ള പരാതിയും അത് നല്‍കിയ കന്യാസ്ത്രീയേയും തള്ളിക്കൊണ്ട് വൈദികന്‍ പറയുന്നു.

Exclusive: ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി എന്ന പുരോഹിതനെ കത്തോലിക്ക സഭാ നേതൃത്വം കല്ലെറിയുന്നതിന് കാരണങ്ങള്‍ ഇതൊക്കെയാണ്

കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോയുടെ ഫോട്ടോ കലണ്ടറില്‍, കന്യാസ്ത്രീകള്‍ക്കൊപ്പം നിന്ന ഫാ. വട്ടോളി പുറത്തേക്ക്

പലതും ഇനിയും പുറത്തുവരാനുണ്ട്, വട്ടോളി അച്ചന്‍ നിശബ്ദനാകേണ്ടത് അവരുടെ ആവശ്യമാണ് -കന്യാസ്ത്രീകള്‍

പുറത്താക്കേണ്ടത് വട്ടോളിയച്ചനെയല്ല, കാഞ്ഞിരപ്പള്ളി, പാലാ, തൃശൂര്‍, മാനന്തവാടി ബിഷപ്പുമാരെ; കുറ്റപത്രവുമായി എഎംടി

ചൂണ്ടിക്കാട്ടുന്നവരുടെ വിരല്‍ അവര്‍ കൊത്തിയരിയും; ഫാദര്‍ വട്ടോളിയെ പുറത്താക്കാനുള്ള സഭയുടെ നീക്കത്തിനെതിരെ സിസ്റ്റര്‍ ജെസ്മി

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍