UPDATES

പ്രതികാര നടപടിയുമായി തൃശൂര്‍ അശ്വനി ഹോസ്പിറ്റല്‍; നഴ്സുമാര്‍ സമരത്തില്‍

12 ദിവസം പിന്നിട്ട സമരത്തില്‍ ഇവിടെയുള്ള 330 നഴ്സുമാരില്‍ 290 പേരും പങ്കെടുക്കുന്നുണ്ട്

സംസ്ഥാനത്തെ നഴ്സിംഗ് സമരം ഒത്തുതീര്‍പ്പിലെത്തിയിട്ടും സമരപ്പന്തലില്‍ തുടരേണ്ട ഗതികേടിലാണ് തൃശൂര്‍ അശ്വനി ആശുപത്രിയിലെ നഴ്സുമാര്‍. ന്യായവേതനത്തിനായി സമരം ചെയ്തവരിലൊരാളെ പിരിച്ചുവിട്ടതടക്കം മാനേജ്മെന്റിന്റെ പ്രതികാരനടപടികളില്‍ പ്രതിഷേധിച്ചാണിത്. 12 ദിവസം പിന്നിട്ട സമരത്തില്‍ ഇവിടെയുള്ള 330 നഴ്സുമാരില്‍ 290 പേരും പങ്കെടുക്കുന്നുണ്ട്.

പിരിച്ചുവിടല്‍ നോട്ടീസിന്റെ പകര്‍പ്പ്‌

“ഇന്ന് ഡ്യൂട്ടിക്ക് വന്ന ആളോട് നാളെ തൊട്ട് വരണ്ടാന്ന് പറഞ്ഞാ അത് എവിടത്തെ ന്യായമാണ്? വ്യക്തമായ ഒരു കാരണവും പറയാതെയാണ് ആ കുട്ടിയെ പിരിച്ചുവിട്ടത്. അവളുടെ ഭാഗത്ത് ഒരു തെറ്റുമില്ല. ഒരു വര്‍ഷമായി ഇവിടെ ജോലിചെയ്യുന്ന അവളെക്കുറിച്ച് ഇതുവരെ ആരും ഒരു പരാതിയും പറഞ്ഞിട്ടില്ല. ഞങ്ങളിത് ചോദ്യം ചെയ്തപ്പോ നഴ്സിങ്ങ് സൂപ്രണ്ട് പറഞ്ഞത് യു.എന്‍.എയിലുള്ള ഒരാളും ഇവിടെ ജോലിക്ക് വേണ്ടെന്നാണ്. ഞങ്ങളോട് ഇറങ്ങിപ്പോകാനും പറഞ്ഞു. ഇന്നലെ ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ മാനേജ്മെന്റ് പറഞ്ഞു ആ കുട്ടിയെ തിരിച്ചെടുക്കാന്‍ പറ്റില്ല, ബാക്കിയുള്ളവര്‍ക്ക് വേണമെങ്കില്‍ ഡ്യൂട്ടിക്ക് കയറാമെന്ന്. അങ്ങനെ തിരിച്ചുകയറാന്‍ ഞങ്ങള്‍ തയ്യാറല്ല. സമരത്തിനിറങ്ങിയ ഞങ്ങള്‍ 290 പേരില്‍ ഒരാളെ പുറത്താക്കിയിട്ട് ഞങ്ങള്‍ക്ക് ജോലിചെയ്യേണ്ട. ഇപ്പോള്‍ പ്രൊബേഷനിലുള്ള 90 പേരേയും ഉടന്‍ പിരിച്ചുവിടുമെന്നാണ് ലേബര്‍ ഓഫീസറുടെ മുന്‍പില്‍ വച്ച് അവര്‍ ഭീഷണിപ്പെടുത്തിയത്. അത് അംഗീകരിക്കാന്‍ പറ്റില്ല” – സമരപന്തലില്‍ വച്ച് അശ്വിനിയിലെ നഴ്സുമാര്‍ പറഞ്ഞു.

ജൂണ്‍ 19 മുതലാണ് ഇവര്‍ ശമ്പളവര്‍ധനക്കായി സമരമാരംഭിച്ചത്. ജൂണ്‍ 22ന് മന്ത്രിമാര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ തൃശൂര്‍ ജില്ലയിലെ സ്വകാര്യ മാനേജ്മെന്റുകള്‍ 50 ശതമാനം ശമ്പളവര്‍ധന അംഗീകരിക്കുകയും അശ്വനിയിലടക്കം സമരം പിന്‍വലിക്കുകയും ചെയ്തു. സമരത്തിലേര്‍പ്പെട്ട നഴ്സുമാര്‍ക്കെതിരെ യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കര്‍ശനനിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് മാനേജ്മെന്റിന്റെ നിലവിലെ നടപടി. ഗര്‍ഭിണികളായ നഴ്സുമാര്‍ വരെ ഇപ്പോഴീ സമരപ്പന്തലിലുണ്ട്. സമരത്തിന് പങ്കെടുക്കുന്നതിന്റെ പേരില്‍ സ്റ്റാഫ് ഹോാസ്റ്റലില്‍ കഴിയുന്ന 12 നഴ്സുമാരെ രാത്രിയില്‍ ഇറക്കിവിടാന്‍ വരെ ആശുപത്രി അധികൃതര്‍ ശ്രമിച്ചു. യു.എന്‍.എ ഇടപെട്ട് പൊലീസ് സഹായത്തോടെയാണ് ആ നടപടി തടഞ്ഞത്.

“ഞങ്ങളുടെ ആവശ്യങ്ങള്‍ ന്യായമാണ്. നഴ്സ് – രോഗി അനുപാതമനുസരിച്ച് ഇവിടെ 600 നഴ്സുമാര്‍ വേണം. ഞങ്ങളടക്കം ഇപ്പോഴുള്ളത് 330 പേര്‍ മാത്രമാണ്. അപ്പോഴാണ് അവര്‍ പിരിച്ചുവിടല്‍ നടപടിയുമായി മുന്നോട്ട് പോകുന്നത്. ഒരു നടപടിക്രമവും പാലിക്കാതെയാണ് ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്. ഒരു നോട്ടീസോ വിശദീകരണം ചോദിക്കലോ ഒന്നുമില്ലാതെ. പിരിച്ചുവിടുന്ന ഉത്തരവ് നോക്കിയാല്‍ നിങ്ങള്‍ക്കത് ബോധ്യപ്പെടും. ഇവിടെ ഇ.എസ്.ഐ, പി.ഫ് അടക്കമുള്ള ആനുകൂല്യങ്ങള്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കുപോലും നല്‍കുന്നില്ല. 5000-6000 രൂപയൊക്കെയാണ് ഇവിടെ ആദ്യവര്‍ഷങ്ങളിലെ ശമ്പളം. ഇതിനെതിരെ പ്രതികരിച്ചതിനാണ് ഇവരുടെ നടപടികള്‍. ഞങ്ങളുടെ ആശുപത്രിയില്‍ ആരെ എങ്ങനെ പിരിച്ചുവിടണമെന്ന് ഞങ്ങള്‍ തീരുമാനിക്കും, അതിന് നിയമമൊന്നും നോക്കേണ്ട കാര്യമില്ല, ഇതാണ് മാനേജ്മെന്റ് പറയുന്നത്. അവരുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കില്ല. മരണം വരെ പോരാടും” – യു.എന്‍.എ ജില്ല കമ്മിറ്റി അംഗവും അശ്വനിയിലെ നഴ്സുമായ ഷാന്റോ പറഞ്ഞു.

നഴ്സുമാരുടെ ആവശ്യം ന്യായമാണെന്ന് തന്നെയാണ് ഇപ്പോഴത്തെ പ്രശ്നത്തില്‍ അഴിമുഖത്തോട് പ്രതികരിച്ച ജില്ല ലേബര്‍ ഓഫീസര്‍ രജീഷും വ്യക്തമാക്കുന്നത്: “ഈ നാട്ടില്‍ ഒരു നിയമവും വ്യവസ്ഥയുമൊക്കെയുണ്ടല്ലോ. വ്യക്തമായ കാരണമില്ലാതെ ഒരു തൊഴിലാളിയേയും പിരിച്ചുവിടാന്‍ പാടില്ല. കുറ്റം ചെയ്തിട്ടാണെങ്കില്‍ അതെന്താണെന്ന് വ്യക്തമാക്കുകയും അതിന്‍മേല്‍ തൊഴിലാളിക്ക് പറയാനുള്ള വിശദീകരണം കേള്‍ക്കുകയും വേണം. വ്യവസായ തര്‍ക്ക നിയമപ്രകാരം ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തീകരിച്ച തൊഴിലാളിയാണെങ്കില്‍ ഒരു മാസംമുന്‍പ് നോട്ടീസ് നല്‍കുകയും തൊഴിലാളിക്ക് വിശദീകരണം നല്‍കാന്‍ സാവകാശം നല്‍കുകയും വേണം. അശ്വനിയിലെ മാനേജ്മെന്റ് പറയുന്നത് പ്രൊബേഷനിലുള്ളവരെ എപ്പോള്‍ എങ്ങനെവേണമെങ്കിലും പിരിച്ചുവിടാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ്. 90 പേരെ പിരിച്ചുവിടാനൊക്കെ അവര്‍ ശ്രമിക്കുന്നത് ന്യായീകരിക്കാനാകില്ലല്ലോ. ഈ വിഷയത്തില്‍ ക്ളിയര്‍ കട്ട് ആയിട്ടൊരു അഭിപ്രായം പറയാന്‍ എനിക്ക് പറ്റില്ല. കാരണം തര്‍ക്കം മുറുകിയാല്‍ ഈ കേസ് ലേബര്‍ കോടതിയിലേക്ക് റഫര്‍ ചെയ്യേണ്ടി വരും. മാനേജ്മെന്റ് കഴിഞ്ഞ യോഗത്തില്‍ പറയുന്നതും അത് തന്നെയാണ്. പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടേയെന്ന്. കോടതിയും കേസുമൊക്കെയായാല്‍ ഈ പ്രശ്നം എന്ന് തീരാനാണ്? ചര്‍ച്ചകള്‍ തുടരുന്നുണ്ട്. പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ“.

യു.എന്‍.എ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സമരം ഏറ്റെടുത്തിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് തന്നെയാണ് ഇവര്‍ വ്യക്തമാക്കുന്നത്.

വിഷ്ണുദത്ത്

വിഷ്ണുദത്ത്

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍