UPDATES

ട്രെന്‍ഡിങ്ങ്

രാത്രികള്‍ ഞങ്ങളുടേതു കൂടിയാണ്, ഞങ്ങളുടെ സ്വാതന്ത്ര്യം കൂടിയാണ്; സദാചാര മാനേജ്‌മെന്റിനെ വെല്ലുവിളിച്ച് കേരള വര്‍മയിലെ വിദ്യാര്‍ത്ഥിനികള്‍

ഹോസ്റ്റല്‍ സമയത്തിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രേഖാമൂലം നല്‍കിയ ഉറപ്പ് അട്ടിമറിച്ച കോളേജ് പ്രിന്‍സിപ്പാളിന്റെ നടപടിയെ പൂര്‍ണമായി തള്ളിക്കളഞ്ഞാണ് രാത്രി ഏഴരയ്ക്കു ശേഷം ഹോസ്റ്റല്‍ കയറാതെ കോളേജ് കാമ്പസില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയത്

രാവും നിലാവും പൂവും പുഴയും
ഞങ്ങടേം കൂട്യാ…ഇനി പെണ്ണിന്റേം കൂട്യാ…
തിരയും തീരവും താരകോം അമ്പിളിം
ഞങ്ങടേം കൂട്യാ ഇനി പെണ്ണിന്റേം കൂട്യാ..
ഞങ്ങക്കും കാണാലോ ഞങ്ങക്കും കാണാലോ
അന്തീടെ ഭംഗി ഇനി ഞങ്ങക്കും കാണാലോ

പെണ്ണായി പോയതിന്റെ പേരില്‍ മാത്രം അവകാശങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നത് ഇനിയും സഹിക്കാന്‍ കഴിയില്ലെന്നു പ്രഖ്യാപിച്ച്, പൂട്ടുകള്‍ തുറന്നു പുറത്തിറങ്ങിയവര്‍ നടത്തിയ സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു ഈ വരികള്‍. തങ്ങളെ വഞ്ചിച്ചവരോട്, ഇനിയും തോറ്റ് നില്‍ക്കാന്‍ തയ്യാറാലെന്നുള്ള തീര്‍ച്ചപ്പെടുത്തല്‍ കൂടിയായിരുന്നു ആ വരികള്‍. തൃശൂര്‍ ശ്രീ കേരള വര്‍മ കോളേജ് കാമ്പസില്‍ തിങ്കളാഴ്ച്ച രാത്രി ഏഴരയ്ക്കു ശേഷം ഒത്തുകൂടിയ വിദ്യാര്‍ത്ഥിനികളായിരുന്നു ആ വരികള്‍ ഉച്ചത്തില്‍ പാടിയത്.

"</p

ഹോസ്റ്റല്‍ സമയത്തിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രേഖാമൂലം നല്‍കിയ ഉറപ്പ് അട്ടിമറിച്ച കോളേജ് പ്രിന്‍സിപ്പാളിന്റെ നടപടിയെ പൂര്‍ണമായി തള്ളിക്കളഞ്ഞാണ് രാത്രി ഏഴരയ്ക്കു ശേഷം ഹോസ്റ്റല്‍ കയറാതെ കോളേജ് കാമ്പസില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയത്. ഗേള്‍സ് ഹോസ്റ്റലിലെ സമയക്രമത്തില്‍ വിവേചനമോ നിയന്ത്രണമോ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് വന്നിട്ടും, തുടര്‍ന്നു വന്ന നിയമങ്ങള്‍ മാറ്റാന്‍ തയ്യാറാകാതിരുന്ന കേരള വര്‍മ കോളേജ് അധികാരികള്‍ വെള്ളിയാഴ്ച്ച രാത്രിയോടെ സമയപുനഃക്രമീകരണത്തിന് തയ്യാറായതായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ ദിവസങ്ങളോളം തുടര്‍ന്നു വന്ന സമരങ്ങള്‍ക്കൊടുവിലാണ് മാനേജ്‌മെന്റും പ്രിന്‍സിപ്പാളും മുട്ടുമടക്കിയത്. തിങ്കളാഴ്ച്ച മുതല്‍ രാത്രി എട്ടരവരെ ആയിരിക്കും ഹോസ്റ്റലില്‍ പ്രവേശിക്കാനുള്ള സമയം എന്ന തീരുമാനം പ്രിന്‍സിപ്പാള്‍ കൃഷ്ണകുമാരി വിദ്യാര്‍ത്ഥികളെ വായിച്ചു കേള്‍പ്പിച്ചതാണ്. എന്നാല്‍ ഈ തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് ഹോസ്റ്റല്‍ പ്രതിനിധിയെ വിളിപ്പിച്ച് കൈമറിയ ഉത്തരവ് വിദ്യാര്‍ത്ഥിനികളെ കബളിപ്പിക്കുന്നതായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോളേജ് ഹോസ്റ്റല്‍ സുഗമമായി നടത്തുന്നതിനും അച്ചടക്കം നിലനിര്‍ത്തുന്നതിനും വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ വൈകുന്നേരം എത്തിച്ചേരേണ്ട സമയം എല്ലാ ദിവസവും 7.30 ആയി പുനഃക്രമീകരിച്ചുകൊണ്ട് പ്രിന്‍സിപ്പാല്‍ തീരുമാനമെടുത്തതായി അറിയിച്ചു കൊളളൂന്നുവെന്നായിരുന്നു ഈ ഉത്തരവില്‍ പറയുന്നത്.

ഹോസ്റ്റല്‍ (അ)സമയം; കോടതി പറഞ്ഞിട്ടും കേള്‍ക്കാതിരുന്ന കേരള വര്‍മ കോളേജ് അധികാരികളെ സമരം ചെയ്ത് തോല്‍പ്പിച്ച പെണ്‍കുട്ടികള്‍

വെള്ളിയാഴ്ച്ച കുട്ടികളുടെ മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നെങ്കിലും എട്ടര വരെ എന്ന സമയം അംഗീകരിച്ചുകൊണ്ട് പ്രിന്‍സിപ്പാള്‍ കൃഷ്ണകുമാരി പറഞ്ഞിരുന്നൊരു കാര്യം ഈ വിഷയം രക്ഷകര്‍ത്താക്കളുമായി കൂടി സംസാരിക്കേണ്ടതുണ്ടെന്നാണ്. കോടതി ഉത്തരവ് ഇട്ടാലും വിദ്യാര്‍ത്ഥിനികളെ ചേര്‍ത്തത് അവരുടെ രക്ഷകര്‍ത്താക്കളാണെന്നും അവര്‍ നാളെ ഈ കാര്യം ചോദ്യം ചെയ്താല്‍ മറുപടി പറയേണ്ടതുണ്ടെന്ന് പ്രിന്‍സിപ്പാള്‍ മുന്‍കൂര്‍ പറഞ്ഞുവച്ചതും തങ്ങളെ വെട്ടാനുള്ള കരുനീക്കമായാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നതും. പറഞ്ഞതുപോലെ കഴിഞ്ഞ ദിവസം രക്ഷകര്‍ത്താക്കളുടെ യോഗം വിളിക്കുകയും അവിടെവച്ച് എടുത്ത തീരുമാനം പ്രിന്‍സിപ്പാള്‍ നടപ്പാക്കിയതുമാണ് തിങ്കളാഴ്ച്ച നല്‍കിയ ഉത്തരവ്.

എന്നാല്‍ ഈ ഉത്തരവ് കൈപ്പറ്റാന്‍ ഹോസ്റ്റല്‍ പ്രതിനിധി തയ്യാറായില്ല. എട്ടര തന്നെ ഹോസ്റ്റലില്‍ കയറാനുള്ള സമയം എന്ന് വിദ്യാര്‍ത്ഥിനികളും പ്രഖ്യാപിച്ചു. കോടതി വിധിയില്‍ കൃത്യമായി പറഞ്ഞിട്ടുള്ള കാര്യമാണ്, രക്ഷകര്‍ത്താക്കളുടെതല്ല, കുട്ടികളുടെ തീരുമാനമാണ് നടപ്പില്‍ വരുത്തേണ്ടതെന്ന്. ഞങ്ങളോട് ആദ്യം പറഞ്ഞ തീരുമാനം എട്ടരയായി ഹോസ്റ്റല്‍ സമയം പുനഃക്രമീകരിച്ചിരിക്കുന്നു എന്നാണ്. പ്രിന്‍സിപ്പാള്‍ എഴുതി ഒപ്പിട്ട് മാഡം തന്നെ വായിച്ചു കേള്‍പ്പിച്ച തീരുമാനമാണത്. ആ തീരുമാനം പിന്തുടരനാണ് ഞങ്ങള്‍ തയ്യാറെടുത്തിരിക്കുന്നതും. ഏഴര എന്ന പുതിയ ഉത്തരവ് ഞങ്ങള്‍ സ്വീകരിച്ചിട്ടുമില്ല, അത് അനുസരിക്കുന്നുമില്ല; ഹോസ്റ്റല്‍ താമസക്കാരിയായ സല്‍മയുടെ വാക്കുകള്‍.

"</p

തിങ്കളാഴ്ച്ച മുതല്‍ പുതുക്കിയ സമയക്രമം നടപ്പിലാക്കുമെന്നാണ് വെള്ളിയാഴ്ച്ച പറഞ്ഞിരുന്നതെന്നും അതെത്ര മണിയാണെന്നു പറഞ്ഞില്ലായിരുന്നുവെന്നും, അങ്ങനെ പുതുക്കിയ സമയമാണ് ഏഴര എന്നുമാണ് ഹോസ്റ്റല്‍ പ്രതിനിധിയെ പുതിയ ഉത്തരവ് കൈമാറി തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ച് പ്രിന്‍സിപ്പാള്‍ പറയുന്നത്. എന്നാല്‍ വെള്ളിയാഴ്ച്ച വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വായിച്ച ഉത്തരവില്‍ ഹോസ്റ്റലില്‍ പ്രവേശിക്കാനുള്ള സമയം എട്ടരവരെ ആക്കിയെന്നു പ്രിന്‍സിപ്പാള്‍ വ്യക്തമായി പറയുന്നുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വിദ്യാര്‍ത്ഥികളുടെ പക്കലുണ്ട്.

ഹോസ്റ്റലിലെ സമയക്രമം മാറ്റണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത പെണ്‍കുട്ടികള്‍ ‘അഴിഞ്ഞാടി നടക്കുന്ന ഊരുതെണ്ടികളെ’ന്ന് കേരള വര്‍മ കോളേജ്; കോടതി വിധി നടപ്പാക്കില്ല

ഇത്തരമൊരു സാഹചര്യത്തിലാണ്,തങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഇനിയും അടിയറവ് വയ്ക്കാന്‍ സമ്മതമല്ലെന്നു പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ ഏഴര കഴിഞ്ഞും ഹോസ്റ്റലില്‍ കയറാതിരുന്നത്.

ഞങ്ങള്‍ പുറത്തിറങ്ങുന്ന സമയത്ത് ഹോസ്റ്റല്‍ ഗേറ്റ് തുറന്ന സ്ഥിതിയില്‍ ആയിരുന്നുവെങ്കിലും ആറരയോടെ കോളേജ് ഗേറ്റ് അടച്ചിരുന്നു. എന്തുകൊണ്ട് ഈ സമയത്ത് ഗേറ്റ് അടച്ചെന്നു വാച്ച്മാനോട് ചോദിച്ചപ്പോള്‍ പ്രിന്‍സിപ്പാളിന്റെ ഓഡര്‍ ആണെന്നാണ് പറഞ്ഞത്. സാധാരണ രാത്രി പത്തുമണിയോടടുത്ത് മാത്രം അടയ്ക്കാറുള്ള കേരള വര്‍മയിലെ ഗേറ്റ് ആദ്യമായിട്ടാണ് ആറരയോടെ അടയ്ക്കുന്നത്. ഹോസ്റ്റല്‍ സമയം മാറ്റേണ്ടി വന്നാലും കോളേജില്‍ ഞങ്ങള്‍ ഒന്നിനും സമ്മതിക്കില്ലെന്ന പ്രിന്‍സിപ്പാളിന്റെ ധാര്‍ഷ്ഠ്യമാണ് ആ ഗേറ്റ് അടയ്ക്കു പിന്നിലെന്നു ഞങ്ങള്‍ക്കു മനസിലായി. അതോടെ ഞങ്ങള്‍ പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി ഗേറ്റില്‍ മുന്നില്‍ നിന്നു. ഇതിനെ തുടര്‍ന്നാണ് അവര്‍ ഗേറ്റ് തുറന്നു തന്നത്. ഗേറ്റ് തുറന്ന് അകത്തു കയറിയ ഞങ്ങള്‍ കാമ്പസിനുള്ളില്‍ ഞങ്ങളുടെ ആഘോഷം നടത്തി. തുടര്‍ന്ന് എട്ടരയോടെ ഹോസ്റ്റലില്‍ തിരിച്ചു കയറുകയും ചെയ്തു; സല്‍മ പറയുന്നു.

"</p

തങ്ങളുടെ പ്രവര്‍ത്തിയുടെ പേരില്‍ അച്ചടക്കനടപടിയവര്‍ എടുത്തേക്കാം. പക്ഷേ, ഞങ്ങളതിനെ ഭയപ്പെടുന്നില്ല. കാരണം, നിയമം തെറ്റിച്ചത് ഞങ്ങളല്ല, അവരാണ്. പുതിയതായി ഇറക്കിയ ഉത്തരവ് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയില്‍ എട്ടര എന്ന സമയം തീരുമാനിച്ചതാണ്. രക്ഷകര്‍ത്താക്കളുടെ യോഗം വിളിച്ച് ഹോസ്റ്റല്‍ സമയത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കരുതെന്നും ഹൈക്കോടതി വിധിയില്‍ കൃത്യമായി പറഞ്ഞിട്ടുള്ളതുമാണ്. പ്രായപൂര്‍ത്തിയായവരാണ് വിദ്യാര്‍ത്ഥികള്‍, അവരുടെ മൗലികാവകാശങ്ങള്‍ ഹനിക്കാന്‍ അവകാശമില്ലെന്നാണ് ഹൈക്കോടതി പറഞ്ഞിട്ടുള്ളത്. അങ്ങനെയൊരു ഉത്തരവ് ഉണ്ടെന്നിരിക്കെയാണ്, പ്രിന്‍സിപ്പാള്‍, അവര്‍ തന്നെ അംഗീകരിച്ച് രേഖാമൂലം ഞങ്ങള്‍ക്ക് തന്ന ഉറപ്പ് ലംഘിച്ച് സമയത്തില്‍ മാറ്റം വരുത്തിയത്. ആ മാറ്റം അംഗീകരിക്കാന്‍ തയ്യാറല്ല എന്നത് എങ്ങനെ ഞങ്ങള്‍ ചെയ്യുന്ന കുറ്റമാകും. കുറ്റം ഞങ്ങളുടേതല്ല, അവരുടേതാണ്. ഞങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഞങ്ങള്‍ സ്വന്തമാക്കുകയും അനുഭവിക്കുകയും തന്നെ ചെയ്യും… ആ വിദ്യാര്‍ത്ഥിനികള്‍ ഉറപ്പിച്ചു പറയുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍