UPDATES

മാവോയിസ്റ്റ് വേട്ടയല്ല; ട്രൈബല്‍ വകുപ്പ് ആദിവാസികള്‍ക്ക് കൊടുത്ത ആട്ടിന്‍കൂട് വനം വകുപ്പ് തകര്‍ത്തത് തണ്ടര്‍ ബോള്‍ട്ടിനെ ഉപയോഗിച്ച്

“അവരുടെ പരാക്രമങ്ങള്‍ കുറച്ചെങ്കിലും മൊബൈലില്‍ പിടിക്കാന്‍ പറ്റി. വീഡിയോ എടുത്ത പയ്യനെവരെ അവര്‍ ഓടിച്ചിട്ട് തല്ലി. എങ്കിലും ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്. ഇനിയും നുണകള്‍ പറഞ്ഞ് ഞങ്ങളെ കുറ്റവാളികളാക്കാന്‍ സമ്മതിക്കില്ല…”

ഒരു ഭീകരനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്നപോലെയാണവര്‍ എന്നെ പിടിച്ചു കെട്ടിയത്. കെട്ടിടം പണിക്കിടയില്‍ താഴെ വീണ് ഗുരുതരമായി പരിക്കേറ്റൊരാളാണ് ഞാന്‍. തുടയെല്ലും കാലിലെ അസ്ഥിയുമൊക്കെ പൊട്ടിയിട്ട്, അകത്ത് കമ്പിയിട്ട് കുറെ മാസങ്ങള്‍ ചികിത്സയില്‍ കഴിയേണ്ടി വന്നിരുന്നു. ശരിക്കും നടക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. ആ എന്നെയാണവര്‍ വലിയ ലാത്തി കൊണ്ട് തല്ലിയും ചവിട്ടിയും മര്‍ദ്ദിച്ചത്. മുകളിലേക്ക് വലിച്ചു കൊണ്ടു പോവുകയായിരുന്നു. ഏഴോ എട്ടോ വാഹനങ്ങള്‍ റോഡില്‍ കിടപ്പുണ്ടായിരുന്നു. സൈറണ്‍ വച്ച് ട്രക്കുകള്‍. ഞാനത്തരം വണ്ടികള്‍ ആദ്യമായിട്ടാണ് കാണുന്നത്. ബലം പ്രയോഗിച്ച് അവര്‍ എന്നെയതില്‍ കയറ്റി. എനിക്ക് ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല. സൈറണ്‍ മുഴക്കി ആ വണ്ടികള്‍ എന്നെയും കൊണ്ടു പാഞ്ഞു. പീച്ചി ഫോറസ്റ്റ് ഓഫിസിലേക്കാണ് കൊണ്ടു പോയത്. വിവരമറിഞ്ഞ് ഞങ്ങളുടെ ആളുകള്‍ എത്തിയതോടെ അവിടെ നിന്നും ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് എന്നെ മാറ്റാനായി വണ്ടിയില്‍ കയറ്റി. ആളുകള്‍ വണ്ടിക്കു മുന്നില്‍ കയറി നിന്നതോടെയാണ് ആ നീക്കം ഉപേക്ഷിച്ചത്. അല്ലായിരുന്നെങ്കില്‍ അവരെന്നെ കൊണ്ടു പോകുമായിരുന്നു. എങ്കില്‍ ഞാന്‍ പുറം ലോകം പിന്നെ കാണുമോയെന്നു പോലും ഉറപ്പില്ല. ജാമ്യം കിട്ടാത്ത വകുപ്പുകളൊക്കെ എന്റെ പേരില്‍ ചേര്‍ക്കാനും അവര്‍ക്ക് ഉദ്ദേശമുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് ഞാനിപ്പോള്‍ ഇവിടെയുണ്ട്; ഒളകര ആദിവാസി ഊരിലെ രതീഷ് എന്ന ചെറുപ്പക്കാരന്റെയാണ് ഈ വാക്കുകള്‍.

രതീഷിനും അയാള്‍ക്കൊപ്പം സുധ, ഇന്ദിര, രജിത, ബിന്ദു, ചന്ദ്രിക എന്നീ ആദിവാസി സ്ത്രീകള്‍ക്കും സുഭാഷ്, അനീഷ്, സന്ദീപ് എന്നീ ചെറുപ്പക്കാര്‍ക്കും ഫോറസ്റ്റുകാരുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതിന്റെ കാരണം രണ്ട് ആട്ടിന്‍ കൂടുകളാണ്. വനം കയ്യേറിയെന്നാരോപിച്ച്, ആദിവാസികള്‍ കെട്ടിയ ആട്ടിന്‍ കൂടുകള്‍ പൊളിക്കാനാണ് അഞ്ചാറു വണ്ടികള്‍ നിറയെ ദ്രുത കര്‍മസേന അംഗങ്ങളുമായി ഫോറസ്റ്റുകാര്‍ ഒളക്കര ആദിവാസി ഊരിലെത്തിയത്. ഏതോ വലിയൊരു ഓപ്പറേഷന്‍ പോലെ, രാവിലെ ആറു മണിയോടെ, ഊരു വാസികള്‍ എഴുന്നേല്‍ക്കുന്നതിനു മുന്നേ ഇലക്ട്രിക് വാളുകളും മറ്റുമായി എത്തിയാണ് രണ്ട് ആട്ടിന്‍കൂടുകള്‍ തകര്‍ക്കുന്നത്. വിവരമറിഞ്ഞ് ഉദ്യോഗസ്ഥരുടെ ചെയ്തികള്‍ തടയാന്‍ ഈരിലുള്ളവര്‍ ശ്രമിച്ചപ്പോഴായിരുന്നു മര്‍ദ്ദനവും പിടിച്ചുകൊണ്ടു പോകലും. തങ്ങളെ ആദിവാസികള്‍ ആക്രമിക്കുകയായിരുന്നുവെന്നും അവരുടെ മര്‍ദ്ദനത്തില്‍ ഡ്യൂട്ടി ചെയ്യാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്നും ചികിത്സ തേടിയെന്നും വനപാലകര്‍ പറയുന്നു. എന്നാല്‍ കുറച്ചു സ്ത്രീകളും കുട്ടികളും അടങ്ങുന്ന തങ്ങള്‍ പത്തു മുപ്പതോളം വരുന്ന ഉദ്യോഗസ്ഥരെ എങ്ങനെ ആക്രമിക്കാനാണെന്നാണ് ആദിവാസികള്‍ ചോദിക്കുന്നത്.

വലിയ ലാത്തികളാണ് അവരുടെ കൈകളില്‍ ഉണ്ടായിരുന്നത്. സ്ത്രീകളെ ഉള്‍പ്പെടെ അവര്‍ ഉപദ്രവിച്ചു. രതീഷിനെ കൊണ്ടു പോകുന്നത് തടയാന്‍ ശ്രമിച്ച സ്ത്രീകളെ കഴുത്തില്‍ പിടിച്ചു തള്ളി താഴെയിട്ടു. ഞങ്ങളുടെ പിള്ളേരെ ലാത്തികൊണ്ട് തല്ലി. രതീഷിനെ ശരിക്കും തല്ലി. രണ്ടു കൈയും പിണച്ചു കെട്ടി വലിച്ചുകൊണ്ടാണ് അവരുടെ വണ്ടിയിലേക്ക് കയറ്റാന്‍ കൊണ്ടുപോയത്. ഇത് തടയാന്‍ ചെന്ന എന്റെ മകനെ ലാത്തി കൈകള്‍ക്ക് പിറകില്‍ കയറ്റി പിടിച്ചു വച്ചു. അവന്‍ രണ്ടു മൂന്നു ദിവസത്തോളം ആശുപത്രിയിലായിരുന്നു; പരിക്കേറ്റ സുഭാഷിന്റെ അമ്മയും ഒളകര ഊരിലെ ആദിവാസി മൂപ്പനായ പതിയിടത്ത് തങ്കപ്പന്റെ ഭാര്യയുമായ അനിത പറയുന്നു.

"</p

ട്രൈബല്‍ വകുപ്പില്‍ നിന്നും അനുവദിച്ച ആട്ടിന്‍ കൂടുകളാണ് ഞങ്ങള്‍ പണിയാന്‍ നോക്കിയത്. റെയ്ഞ്ച് ഓഫിസറും ഡിഎഫ്ഒയുമെല്ലാം അറിഞ്ഞു തന്നെയാണ് അത് കെട്ടാന്‍ തുടങ്ങിയത്. വീണു കിടന്ന മരത്തിന്റെ കമ്പ് മുറിച്ചായിരുന്നു പണിഞ്ഞത്. അപ്പോഴൊന്നും മിണ്ടാതിരുന്നവര്‍, പെട്ടെന്ന് ഓടിവന്ന് എല്ലാം നശിപ്പിക്കുകയായിരുന്നു. വനഭൂമിയില്‍ ഞങ്ങള്‍ കൂട് കെട്ടിയെന്നാണ് ഞങ്ങള്‍ക്കെതിരേയുള്ള പരാതി; അനിത പറയുന്നു.

വനം കയ്യേറ്റം തന്നെയാണ് തങ്ങളുടെ നടപടിയെ ന്യായീകരിക്കാന്‍ ഫോറസ്റ്റ് അധികൃതരും പറയുന്നത്. കൈയേറ്റത്തെ കുറിച്ച് ജില്ല ട്രൈബല്‍ ഓഫിസറെ മുന്‍കൂട്ടി വിവരം അറിയിച്ചിരുന്നതാണെന്നും വനം കയ്യേറ്റത്തിനെതിരേ എടുക്കുന്ന സ്വാഭാവിക നടപടി മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും പീച്ചി റെയ്ഞ്ച് ഓഫിസര്‍ എന്‍ കെ അജയഘോഷ് പറയുന്നു.

തൃശൂര്‍ വാണിയമ്പാറയിലെ ഒളക്കര ആദിവാസി ഈരില്‍ 43 കുടുംബങ്ങളാണ് ഉള്ളത്. മലയ വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണിവര്‍. താമരവിളച്ചാലിലും മണിയന്‍ കിണറിലും ഇവരുടെ കൂട്ടത്തില്‍പ്പെട്ടവര്‍ താമസിക്കുന്നുണ്ട്. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് താമസിച്ചിരുന്ന മലയരെ പലഘട്ടങ്ങളിലായി ഒഴിപ്പിച്ച് കൊണ്ടു വന്നാണ് ഈ മൂന്നു പ്രദേശങ്ങളിലായി താമസിപ്പിച്ചിരിക്കുന്നത്.

ഭൂമിയാണ് ഞങ്ങളുടെ അടിസ്ഥാന പ്രശ്‌നം. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നത്തിന്റെ അടിസ്ഥാനവും ഭൂമിയാണ്. 43 കുടുംബങ്ങള്‍ ഇവിടെയുണ്ട്. മൂന്ന് സെന്റ് ഭൂമി വീതമാണ് ഞങ്ങള്‍ക്ക് ഉള്ളത്. അതുകൊണ്ടാണ് ആട്ടിന്‍ കൂട് അനുവദിച്ചപ്പോള്‍ അത് വേറെയൊരിടത്ത് കെട്ടേണ്ടി വന്നത്. അവരിത് വനഭൂമിയാണെന്നു പറയുമ്പോഴും അത് ഞങ്ങള്‍ക്ക് കിട്ടേണ്ട ഭൂമിയാണ്. തരാമെന്നു പറഞ്ഞ് അളന്നിട്ടതുമാണ്. അതുകൊണ്ടാണ് അവിടെ കൊണ്ടു പോയി കെട്ടിയത്. കാടുമില്ല മണ്ണുമില്ലാത്ത അവസ്ഥയാണ് ഞങ്ങള്‍ക്ക്. കാട്ടിലേക്ക് അവര്‍ കയറ്റില്ല, സ്വന്തമായി ഭൂമിയുമില്ല. ഭൂമിയില്ലാതെ എങ്ങനെ ജീവിക്കും. ഒരു ആട്ടിന്‍കൂട് കെട്ടാന്‍ പോലും ഞങ്ങള്‍ക്ക് ഭൂമിയില്ലെന്നേ… ഞങ്ങള്‍ പാരമ്പര്യമായി കൃഷി ചെയ്തു പോന്നിരുന്ന ഭൂമിയില്‍ തന്നെയായിരുന്നു ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അനുവദിച്ചു കിട്ടിയ ആട്ടിന്‍കൂട് കെട്ടിയതും. അത് വനം കയ്യേറ്റമാണെന്നാണ് അവര്‍ പറയുന്നത്. എല്ലാം നശിപ്പിച്ചു കളഞ്ഞു. ഞങ്ങളുടെ ആളുകളെ ക്രൂരമായാണ് മര്‍ദ്ദിച്ചത്. കൂച്ചുവിലങ്ങിട്ട് പിടിച്ചുകൊണ്ടു പോവുകയായിരുന്നു. ഭൂമി തരാമെന്നു പറഞ്ഞു എത്രയോ ചര്‍ച്ചകള്‍ നടന്നു. 2002 മുതല്‍ ഞങ്ങള്‍ ഭൂമിക്കു വേണ്ടി സമരം തുടങ്ങിയതാണ്. 2006 ലെ വനാവകാശ നിയമപ്രകാരം ഞങ്ങള്‍ക്ക് ഭൂമി കിട്ടേണ്ടതാണ്. രണ്ടുമൂന്നുവട്ടം അളന്നു തിരിക്കലൊക്കെ കഴിഞ്ഞതാണ്. പക്ഷേ, ഇതുവരെയായിട്ടും കിട്ടിയിട്ടില്ല. കാടാണ് ആദിവാസിയുടെ ജീവിതം. കാടില്ലാതെ ഞങ്ങളെങ്ങനെ ജീവിക്കും. കൃഷിയും കാട്ടില്‍ നിന്നും പച്ചമരുന്നുകളും തേനും ശേഖരിച്ച് വില്‍പ്പന നടത്തിയുമാണ് ഞങ്ങളുടെ ജീവിതം. കാട്ടില്‍ കയറാന്‍ പറ്റില്ലെങ്കില്‍ പിന്നെങ്ങനെ ജീവിക്കാനാണ്. കൃഷി ചെയ്താല്‍ അതും വനം കയ്യേറ്റമാണെന്നു പറയും. തെങ്ങ് വച്ചാല്‍ വെട്ടിക്കളയും, മുളക് പടര്‍ത്തിയാല്‍ പറിച്ചു കളയും. ആകെയുള്ളത് മൂന്ന് സെന്റാണ്. ഒരു കക്കൂസ് കുത്താന്‍ പോലും പറ്റില്ല. അത്രയ്ക്ക് സ്ഥലക്കുറവ് ഉണ്ട്. പിന്നെങ്ങനെയാണ് കൃഷി ചെയ്യുന്നത്? കാട്ടില്‍ പച്ചമരുന്നു പറിക്കാന്‍ കേറിയാലും ഞങ്ങളെന്തോ തടി മോഷ്ടിക്കാനും മൃഗങ്ങളെ വേട്ടയാടാനും പോകുന്നെന്ന പോലെയാണ് ഫോറസ്റ്റുകാരുടെ പെരുമാറ്റം. കാട്ടിലൊക്കെ കാമറ വയ്ക്കാന്‍ പോവുകയാണെന്ന്. ഞങ്ങളെ പേടിച്ച്! ഈ കാട് ഞങ്ങളുടെതാണ്. ഇത് ഞങ്ങള്‍ നശിപ്പിക്കുമോ? ഞങ്ങളെപ്പോലെ ഈ കാട് നോക്കാന്‍ വനം വകുപ്പിനു കഴിയുമോ? കഴിഞ്ഞ വര്‍ഷം വരെ ഇവിടെയൊരു കാട്ടു തീ ഉണ്ടായിട്ടില്ല. ഇത്തവണ മുഴുവന്‍ കത്തുകയാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഞങ്ങള്‍ നോക്കി നിന്നു തീ പടരുന്നത് തടയുമായിരുന്നു. ആ ഞങ്ങളെയാണ് അവര്‍ കാട്ടില്‍ കയറ്റാത്തത്. ചര്‍ച്ചയ്ക്ക് പോയപ്പോള്‍ കളക്ടറും ഫോറസ്റ്റുകാരെ സപ്പോര്‍ട്ട് ചെയ്താണ് സംസാരിച്ചത്. നിങ്ങള്‍ എന്തിനാണ് വനഭൂമിയില്‍ കൊണ്ടുപോയി ആട്ടിന്‍കൂട് കെട്ടിയതെന്നാണ് കളക്ടര്‍ ചോദിച്ചത്. ഒന്നുകില്‍ ഞങ്ങള്‍ക്ക് ഭൂമി താ…അല്ലെങ്കില്‍ ഞങ്ങളുടെ കട് താ..; ഒളക്കര ഊര് മൂപ്പന്‍ തങ്കപ്പന്‍ പറയുന്നു.

</p

ഒളകര ഊരു മൂപ്പന്‍ തങ്കപ്പന്‍

ഇതിനെക്കാള്‍ രൂക്ഷമായ പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് രതീഷ് പറയുന്നത്. ഞങ്ങളോടവര്‍ക്ക് ദേഷ്യമുണ്ട്. അത് തീര്‍ത്തതാണ് ഇപ്പോള്‍ കണ്ടത്. ഒരു മരക്കൊമ്പ് ഒടിക്കാന്‍ പോലും ഞങ്ങളെ അനുവദിക്കാത്ത ഫോറസ്റ്റുകാരാണ് ഈ കാട്ടില്‍ കൊള്ളകള്‍ നടത്തുന്നത്. അവരിവിടെ ക്വാര്‍ട്ടേഴ്‌സുകള്‍ പണിയുന്നു, ചെക് പോസ്റ്റുകള്‍ ഉണ്ടാക്കുന്നു. അതിനൊക്കെ വേണ്ടി കാട് വെട്ടാം, മരം മുറിക്കാം, മലയിടിക്കാം. ആരും ചോദിക്കില്ല. ആദിവാസിയൊരു ആട്ടിന്‍ കൂട് കെട്ടിയാല്‍ ഭയങ്കര കുഴപ്പമാണ്. ദ്രുത കര്‍മസേനെയൊക്കെ ഉണ്ടാക്കി വച്ചിരിക്കുന്നത് ആദിവസികളെ വേട്ടയാടാനാണോ? ഒരു ആട്ടിന്‍കൂട് പൊളിക്കാനാണോ അഞ്ചാറു വണ്ടി നിറയെ ദ്രുതകര്‍മ സേനയുമായി എത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കിയത്? അവര്‍ക്കിതിനൊക്കെ പിന്നില്‍ വേറെ ഉദ്ദേശങ്ങളുണ്ട്. ഒരു കുഴപ്പവുമില്ലാത്ത ക്വാര്‍ട്ടേഴ്‌സാണ് വീണ്ടും പുതുക്കി പണിയുന്നത്. കോടികളാണ് ഇതിനു പിന്നില്‍ മറിയുന്നത്. ഇവിടെ മരങ്ങള്‍ മുറിച്ചതിനും ജെസിബി കൊണ്ടു വന്നു കുന്നുകള്‍ ഇടിച്ചതിനുമൊക്കെ എതിരേ ഞങ്ങള്‍ പ്രതിഷേധം നടത്തിയിരുന്നു. കാട്ടുമൃഗങ്ങളില്‍ രക്ഷിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചാല്‍ പോലും തിരിഞ്ഞു നോക്കില്ല. ആനയ്ക്കും കാട്ടുപോത്തിനും കൊടുക്കുന്ന പരിഗണന പോലും ഞങ്ങള്‍ക്ക് ഇല്ല. ആദിവാസിയെ മനുഷ്യനായി കൂട്ടാത്തതുകൊണ്ടാണോ? ഞങ്ങള്‍ പ്രതിഷേധവും സമരമവുമൊക്കെ നടത്തിയതിന്റെ പേരില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ വൈരാഗ്യമാണ് കഴിഞ്ഞ ദിവസം ഇവിടെ നടന്ന അക്രമണം. ഇതിനു മുമ്പും ഉദ്യോഗസ്ഥര്‍ ഞങ്ങളെ ഭീഷണിപ്പെടുത്താറുണ്ട്. നേരത്തെ ഞങ്ങളെ തല്ലിയാലും കൊന്നാലും ആരും അറിയില്ലായിരുന്നു. അങ്ങനെ എത്രയോ സംഭവങ്ങള്‍ പുറത്തറിയാതെ പോയിട്ടുണ്ട്. എന്തെങ്കിലും പുറത്തു വന്നാല്‍ തന്നെ കുറ്റം ആദിവാസിയുടെ തലയില്‍ വയ്ക്കും. ഞങ്ങള്‍ക്ക് പറയാനും കാണിക്കാനും തെളിവുകളൊന്നും ഇല്ലല്ലോ. പീച്ചി ഡാമിന്റെ അടുത്ത് കൂട്ടമായി താമസിച്ചിരുന്നവരാണ് ഞങ്ങളുടെ പൂര്‍വികര്‍. ഞങ്ങളെയവര്‍ പല തട്ടുകളാക്കി കളഞ്ഞു. അവിടെ നിന്നും ആട്ടിയോടിച്ച് ഓടിച്ചാണ് ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോള്‍ ഇവിടെ നിന്നും ഞങ്ങളെ ഓടിക്കാനാണ് നോക്കുന്നത്. പ്രതിരോധിക്കാന്‍ പോലും ശക്തിയില്ലായിരുന്നവരാണ് ഞങ്ങള്‍. എതിര്‍ത്താല്‍ തല്ലിയൊതുക്കും. പുല്ല് മേഞ്ഞ കുടികളായിരുന്നു ഞങ്ങളുടേത്. അതൊക്കെ പൊലീസും വനപാലകരും കത്തിച്ചു കളഞ്ഞിട്ടുണ്ട്. ആരും അവരോട് ചോദിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ആരോടും പറയാനും പറ്റിയിട്ടില്ല. പക്ഷേ, ഇത്തവണ ഞങ്ങളെ തല്ലിയതിന്റെ തെളിവുണ്ട്. അവരുടെ പരാക്രമങ്ങള്‍ കുറച്ചെങ്കിലും മൊബൈലില്‍ പിടിക്കാന്‍ പറ്റി. വീഡിയോ എടുത്ത പയ്യനെവരെ അവര്‍ ഓടിച്ചിട്ട് തല്ലി. എങ്കിലും ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്. ഇനിയും നുണകള്‍ പറഞ്ഞ് ഞങ്ങളെ കുറ്റവാളികളാക്കാന്‍ സമ്മതിക്കില്ല… ഞങ്ങള്‍ക്കും ജീവിക്കണം; രതീഷ് പറയുന്നു.

"</p

രതീഷ് തന്റെ വീടിന്റെ മുന്നില്‍

ആദിവാസികള്‍ക്ക് വനത്തില്‍ നിന്നും ഇറങ്ങിപ്പോകേണ്ട ഗതികേടിലേക്ക് കാര്യങ്ങള്‍ എത്തുന്നതിന്റെ തുടക്കമാണ് തങ്ങള്‍ക്കെതിരേ ഉണ്ടായിരിക്കുന്ന ഈ ആക്രമണം സൂചിപ്പിക്കുന്നതെന്നാണ് തങ്കപ്പനും രതീഷും ഒളക്കര ഊരിലെ മറ്റ് ആദിവാസികളും പരാതിപ്പെടുകയാണ്. കാടിന്റെ ആവാസവ്യസ്ഥയില്‍ ജീവിക്കുന്ന തങ്ങള്‍ക്ക് കാട് അന്യമായാല്‍, ജീവിതം വഴി തെറ്റിപ്പോകുമെന്ന സങ്കടവും ഇവര്‍ പങ്കുവയ്ക്കുന്നു. വര്‍ഷങ്ങളോളം ഭൂമിക്കു വേണ്ടി സമരം ചെയ്യുകയാണെങ്കില്‍ അതിനുവേണ്ടി ഒന്നും ചെയ്യാത്ത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വനം കയ്യേറ്റമെന്ന പേരില്‍ തങ്ങളെ കുറ്റവാളികളാക്കുമ്പോള്‍, ആദിവാസി എങ്ങനെ ജീവിക്കും എന്ന കാര്യം ഇവരാരും ഓര്‍ക്കാത്തതെന്താണെന്നാണ് ഒളക്കര ഊരുവാസികള്‍ ചോദിക്കുന്നു. ആദിവാസി സംരക്ഷണത്തിന് കോടികള്‍ ചെലവഴിക്കുന്നുവെന്നു പറയുന്നവര്‍ക്കു മുന്നിലാണ് ജീവിക്കാന്‍ ഗതിയില്ലാതെ തങ്ങള്‍ ബുദ്ധിമുട്ടുന്നതെന്ന സത്യം കൂടി ഈ സമൂഹം തിരിച്ചറിയണമെന്ന അപേക്ഷ കൂടി ഈ മനുഷ്യര്‍ മുന്നോട്ടുവയ്ക്കുന്നു.

"</p

രേഖ

കാട് സംരക്ഷിക്കുന്നവരാണെന്നാണ് ഫോറസ്റ്റുകാര്‍ അവരെക്കുറിച്ച് പറയുന്നത്. ഇപ്പോഴും കാട്ടില്‍ കയറണമെങ്കില്‍ ഞങ്ങളുടെ ആരുടെയെങ്കിലും സഹായം അവര്‍ക്ക് വേണം. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ അറിയാവുന്ന വഴികള്‍ പോലും ഈ കാട്ടില്‍ ഫോറസ്റ്റുകാര്‍ക്ക് അറിയില്ല. വിറകിന് വേണ്ടി ഒരു ചുള്ളിക്കമ്പുപോലും ഞങ്ങളെക്കൊണ്ട് ഒടിപ്പിക്കില്ല. ഗ്യാസ് അടുപ്പുകള്‍ മതിയെന്നാണ് ഇപ്പഴത്തെ നിര്‍ദേശം. വിറകിനു വേണ്ടി മരം മുറിക്കാതിരിക്കാന്‍ ആണുപോലും! ഈ ഗ്യാസ് വെറുതെ തരില്ലല്ലോ. അതിനു കാശ് കൊടുക്കണ്ടേ, ഞങ്ങള്‍ എവിടെ നിന്നും കൊടുക്കും. ഇവരുടെ പറച്ചില്‍ കേട്ടാല്‍ തോന്നുന്നത് എല്ലാ പ്രശ്‌നങ്ങളും ആദിവാസികള്‍ കാരണമാമെന്നാണ്. ശരിക്കും കാട് നശിപ്പിക്കുന്നത് അവരാണ്. വനം സ്വകാര്യവത്കരിക്കാനാണ് ശ്രമം. ആദിവാസികള്‍ ഇല്ലാത്തയിടങ്ങളിലെയൊക്കെ കാടുകളുടെ അവസ്ഥയെന്താണ്? കാടുണ്ടോ അവിടെയൊക്കേ? എല്ലാം നശിപ്പിക്കുകയല്ലേ… ആദിവാസിയൊരിക്കലും കാട്ടില്‍ കയറി മരം മുറിച്ച് കടത്തില്ല. കാടില്ലെങ്കില്‍ ഞങ്ങളില്ല. അപ്പോള്‍ ഞങ്ങളാ കാട് നശിപ്പിക്കുമോ? ആദിവാസികളെ ബാക്കിയെല്ലാ കാര്യത്തിനും ഉപയോഗിക്കും. കഞ്ചാവ് വേട്ടയ്ക്കു പോകാനും മാവോയിസ്റ്റിനെ പിടിക്കാനുമൊക്കെ ആദിവാസിയെ വേണം. ഇപ്പോള്‍ ആദിവാസികളെ കൊണ്ട് തന്നെ ആദിവാസികളെ തല്ലിക്കുകയാണവര്‍. തണ്ടര്‍ ബോള്‍ട്ട് എന്നൊക്കെ പറഞ്ഞ് കോടികള്‍ ചെലവാക്കി സേനകളെ ഉണ്ടാക്കി വച്ചിട്ടുണ്ട്. തണ്ടര്‍ബോള്‍ട്ടുകാരുടെ മുഖ്യപണി ആദിവാസികളെ പേടിപ്പിക്കലാണ്. ആര് അവരോട് ചോദിക്കാന്‍? ആരാണ് ആദിവാസികള്‍ക്ക് വേണ്ടി ചോദിക്കാനുള്ളത്? ഞങ്ങള്‍ക്ക് അരിയും തുണിയും തരാന്‍ പലരുമുണ്ട്. ഞങ്ങള്‌ടെ ഭൂമി പ്രശ്‌നം പറയാനോ, ആരുണ്ട്? കാട്ടില്‍ നിന്നും ഞങ്ങളെ തല്ലിയിറക്കുന്നത് തടയാനോ, ആരുണ്ട്? ഞങ്ങള്‍ കിടക്കുന്ന അവസ്ഥത നിങ്ങള്‍ കാണുന്നില്ലേ? ഇതൊരു വീടെന്നു പറയാന്‍ പറ്റുമോ? ഇതിനകത്ത് ഞങ്ങള്‍ നാലുപേരാണ് കഴിയുന്നത്. കാട് കൊള്ളയടിക്കുന്നവരെന്നു പറയുന്നവരെന്നു പറയുന്ന ജീവിതമാണിത്. ഇതൊന്നും ആരും കാണുന്നില്ല. ഞങ്ങളെ തല്ലാനും കൊല്ലാനും വരുന്നവര്‍ക്കും ഇതൊന്നും പ്രശ്‌നമല്ല. ആദിവാസികള്‍ എല്ലാം സഹിച്ച് പട്ടിണി കിടന്നും വീടില്ലാതെയും ഭൂമി കിട്ടാതെയും നരകിച്ച് ജീവിച്ചോണം എന്നാണോ ? രതീഷിന്റെ സഹോദരിയായ രേഖ ചോദിക്കുന്ന ചോദ്യങ്ങളാണിവ.

Read More: ഇന്ത്യയുടെ ആക്രമണത്തില്‍ ജെയ്ഷെ ക്യാമ്പുകള്‍ തകര്‍ന്നോ? ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാണ്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍