UPDATES

കേരളം ഇന്ന് പൂരങ്ങളുടെ പൂരം കാണാന്‍ തൃശൂരിലേക്ക്; പൂരക്കമ്പക്കാര്‍, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന്‍, ആന പ്രേമികള്‍- ഇവര്‍ക്ക് പറയാനുള്ളത്

പൂര പ്രേമികളം ആനപ്രേമികളും സാമൂഹികപ്രവര്‍ത്തകരുമൊക്കെ എങ്ങനെയാണ് തൃശൂര്‍ പൂരത്തെയും വെടിക്കെട്ടിനെയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉള്‍പ്പെട്ട വിവാദത്തെയുമൊക്കെ കാണുന്നത്?

പൂരങ്ങളുടെ പൂരം എന്ന് വിശേഷിപ്പിക്കുന്ന തൃശൂര്‍ പൂരത്തിന്റെ കലാശക്കൊട്ടാണ് ഇന്ന്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലേതുപോലെ തന്നെ ഇത്തവണയും വിവാദങ്ങള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല തൃശൂര്‍ പൂരത്തോടനുബന്ധിച്ച്. വെടിക്കെട്ടും പ്രാദേശിക തര്‍ക്കങ്ങളുമൊക്കെയുണ്ടായെങ്കിലും തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ എഴുന്നെള്ളിപ്പ് സംബന്ധിച്ച് തര്‍ക്കമായിരുന്നു ഇത്തവണ ചൂടുപിടിപ്പിച്ചത്. ഒടുവില്‍ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ തന്നെ പൂരം വിളംബരം ചെയ്തു. ഭയപ്പെട്ടതുപോലെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. അങ്ങനെ പൂരപ്രേമികളുടെ ആഗ്രഹം നടന്നു. എന്നാല്‍ രോഗിയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ചടങ്ങില്‍ പങ്കെടുപ്പിച്ചതുവഴി സര്‍ക്കാര്‍ ആന ഉടമസ്ഥ സംഘത്തിന് കീഴടങ്ങുകയാണ് ചെയ്തതെന്നും മറ്റുമുള്ള വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. കൂട്ടത്തില്‍ മുമ്പത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് വെടിമരുന്ന് പ്രയോഗം പഴയതുപോലെ തന്നെ കൊണ്ടുവന്നതുമൊക്കെ വിഷയത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തില്‍ പങ്കെടുപ്പിക്കാതെ വിലക്ക് തുടര്‍ന്നാല്‍ ഒരാനയെ പോലും പൂരത്തിന് വിട്ട് നല്‍കില്ലെന്ന ആന ഉടമ ഫെഡറേഷന്റെ തീരുമാനം തൃശൂര്‍ പൂരം നടക്കുമോയെന്ന നിലയിലെത്തിച്ചിരുന്നു. ജില്ല കളക്ടറുടെ നേതൃത്വത്തില്‍ കൂടിയ മോണിട്ടറിംഗ് കമ്മിറ്റി യോഗത്തില്‍ ആനയെ ആരോഗ്യപരിശോധനയ്ക്കു ശേഷം എഴുന്നള്ളിക്കാമെന്ന് തീരുമാനമായതോടെയാണ് ആന ഉടമകള്‍ തങ്ങളുടെ വെല്ലുവിളി പിന്‍വലിച്ചത്. ആനയെ പൂരത്തില്‍ പങ്കെടുപ്പിക്കണോ എന്ന കാര്യത്തില്‍ കളക്ടറുടെ നേതൃത്വത്തിലാണ് തീരുമാനം എടുക്കേണ്ടതെന്നു ഹൈക്കോടതിയും പറഞ്ഞതിനു പിന്നാലെ സര്‍ക്കാരിനും കളക്ടര്‍ക്കും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും വന്നു. നിയന്ത്രണങ്ങളോടെ ആനയെ പങ്കെടുപ്പിക്കാമെന്നായിരുന്നു എജിയുടെ നിയമോപദേശം. മോണിട്ടറിംഗ് കമ്മിറ്റി ചേര്‍ന്നതിന് ശേഷം കളക്ടര്‍ ടി വി അനുപമ ഐഎഎസ് പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തുമെന്ന് അറിയിച്ചതോടെയാണ് ആന ഉടമ ഫെഡറേഷന്‍ അയഞ്ഞത്.

കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള നാട്ടാനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ (ഏഷ്യയിലെ ഏറ്റവും വലിയ നാട്ടാനയെന്നും വിശേഷിപ്പിക്കാറുണ്ട്). പ്രധാന ഗജലക്ഷണങ്ങള്‍ എല്ലാം തികഞ്ഞ ആനയായിട്ടാണിതിനെ കണക്കാക്കുന്നത്. ബിഹാറിലെ ആനച്ചന്തയില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ജനനം 1964-ലാണ്. ‘ഏകഛത്രാധിപതി’യെന്നും ‘രാമരാജന്‍’ എന്നും ഒക്കെ വിളിക്കാറുണ്ട്. മോട്ടിപ്രസാദ് എന്നതും ഗണേശന്‍ എന്നതും ആദ്യകാലത്തെ പേരാണ്. 1984-ല്‍ പേരാമംഗലം ദേവസ്വം ആനയെ വാങ്ങി തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ നടക്കിരുത്തിയപ്പോള്‍ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്നത്. രാമന്‍ എന്ന് ചുരുക്കി വിളിക്കുന്ന ഈ ആന ഏഴുപേരുടെ മരണത്തിനിടയാക്കിയിട്ടുണ്ട് (13 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും തര്‍ക്കമുണ്ട്). തിരുവമ്പാടി ക്ഷേത്രത്തിലെ ചന്ദ്രശേഖരന്‍ എന്ന ആന ചെരിഞ്ഞത് രാമന്റെ കുത്തുകൊണ്ടിട്ടാണെന്നാണ് പറയുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ചന്ദ്രശേഖരന്‍ കുറച്ചു ദിവസത്തിന് ശേഷം ചെരിയുകയായിരുന്നു. മംഗലാംകുന്ന് കര്‍ണന്‍ എന്ന ആനയേയും രാമചന്ദ്രന്‍ കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാനാണ് തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ചത്. മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്. ശക്തന്‍ തമ്പുരാന്റെ കാലത്ത് കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. ആ കാലത്ത് ആറാട്ടുപുഴ പൂരത്തിന് പല ദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്‍മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിശ്വാസം. 1796-ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട് കാവ്, നെയ്തലക്കാവ്, കണിമംഗലം എന്നിവിടങ്ങളിലെ സംഘങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചു. ഇതില്‍ കോപിഷ്ടനായ ശക്തന്‍ തമ്പുരാന്‍ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ 1797 മേയില്‍ (972 മേടം) തൃശൂര്‍ പൂരം ആരംഭിക്കുകയായിരുന്നു എന്നാണ് കഥ.

പൂരത്തിലെ പ്രധാന പങ്കാളികള്‍ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവും തിരുവമ്പാടിയുമാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തില്‍ വരവ് എഴുന്നള്ളത്ത്, ഉച്ചയ്ക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ച് ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

പൂര വിളംബരം (പൂരം തുടങ്ങുന്നു) എന്ന് പറയുന്ന ചടങ്ങാണ് തെക്കേഗോപുര നട തുറന്നിടുക എന്നത്. പൂരദിവസം ഘടകപൂരങ്ങള്‍ക്ക് വടക്കുംനാഥനെ വണങ്ങി മടങ്ങാനാണ് തെക്കേഗോപുര നട തുറന്നിടുക. സാധാരണ തുറക്കാത്ത തെക്കേ ഗോപുര വാതില്‍ പൂര തലേന്നാണ് തുറക്കുക. വര്‍ഷം മുഴുവന്‍ അടഞ്ഞുകിടക്കുന്ന തെക്കേഗോപുര നട പൂരത്തിനോടനുബന്ധിച്ച് തുറക്കാനുള്ള അവകാശം നെയ്തലക്കാവിലെ ദേവിക്കാണ്‌. ഗ്രാമപ്രദിക്ഷിണത്തോടെ വടക്കെ പ്രദക്ഷിണവഴിയിലെത്തുന്ന ദേവി പ്രദക്ഷിണം വച്ച് നായ്ക്കനാലിലെത്തുമ്പോള്‍ പൂരത്തിന്റെ ആദ്യ പാണ്ടി തുടങ്ങും. ശ്രീമൂലസ്ഥാനത്ത് എത്തുമ്പോള്‍ പാണ്ടി നിര്‍ത്തി ത്രിപുടയാവും. ത്രിപുടയോടെ ചുറ്റമ്പലത്തില്‍ കടക്കുന്ന ദേവി, വടക്കുംനാഥനെ പ്രദിക്ഷിണം വച്ച് തെക്കേഗോപുരത്തിലെത്തുമ്പോള്‍ ത്രിപുടമാറി ആചാരപ്രകാരമുള്ള കൊമ്പുപറ്റ്, കുഴല്‍പറ്റ് ആവും. പിന്നെ നടപാണ്ടിയുമായി ദേവി തെക്കേ നട തള്ളി തുറന്ന് തെക്കോട്ടിറങ്ങും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദേവി എഴുന്നെള്ളുക തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറിയാണ്‌. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നെയ്തലക്കാവിലെ തിടമ്പ് ഏറ്റി ചടങ്ങ് തുടങ്ങിയതിന് ശേഷമാണ് അധികം ആരും ശ്രദ്ധിക്കാത്ത ഈ ചടങ്ങിലേക്ക് വന്‍ ജനാവലി എത്തി തുടങ്ങിയതെന്ന് പൂരപ്രേമികള്‍ പറയുന്നത്.

പൂര പ്രേമികളം ആനപ്രേമികളും മൃഗസ്‌നേഹികളും സാമൂഹികപ്രവര്‍ത്തകരുമൊക്കെ എങ്ങനെയാണ് തൃശൂര്‍ പൂരത്തെയും വെടിക്കെട്ടിനെയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉള്‍പ്പെട്ട വിവാദത്തെയുമൊക്കെ കാണുന്നത്- വായിക്കാം.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഒന്നാം പാപ്പാനും തൃക്കാരിയൂര്‍ സ്വദേശിയുമായ വിനോദ്

രാമനെ സംബന്ധിച്ച് വലതേ കണ്ണിന് ലേശം പ്രശ്‌നമുണ്ട്. കാഴ്ചക്കുറവുണ്ട്. ഇടതുവശത്ത് യാതൊരു പ്രശ്‌നവുമില്ല. വലതുഭാഗത്ത് എന്ന് പറഞ്ഞാല്‍ നേരിയ രീതിയിലുള്ള പ്രശ്‌നങ്ങളെയുള്ളൂ. പ്രായാധിക്യം എന്നു പറഞ്ഞാല്‍ രാമന് 54 വയസേ കഴിഞ്ഞിട്ടേയുള്ളൂ. പ്രായം ഒന്നും അതിനെ സംബന്ധിച്ച് ഒരു വിഷയമേയല്ല. ഇതിലും പ്രായമുള്ള ആനകളുമുണ്ട്, കാര്യങ്ങള്‍ ഒക്കെ നടക്കുന്നുമുണ്ട്. ഇപ്പോഴുള്ള ആരോഗ്യ സ്ഥിതി പറയുകയാണെങ്കില്‍, ആനയ്ക്ക് യാതൊരു കുഴപ്പവുമില്ല. ആകെ ഈ നാലുമാസമേയുള്ളൂ ഈ ആന എഴുന്നെള്ളിപ്പിന് ഒക്കെ പോകുന്നത്. അത് കഴിഞ്ഞാല്‍ ചികിത്സയും വിശ്രമവുമൊക്കെയാണ്. ആരോഗ്യത്തെ സംബന്ധിച്ച് ഒരു പ്രശ്‌നവുമില്ല.

എന്താണോ, രാമനെ ഭയങ്കരമായിട്ട് ഓരോന്ന് പറയുന്നെന്നേയുള്ളൂ. ഏതോരു ആനയെയും എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയാല്‍ 15 ദിവസമാണ് മാറ്റിനിര്‍ത്തുക. പക്ഷെ രാമനെ തൊണ്ണൂറ്, തൊണ്ണൂറ്റി അഞ്ച് ദിവസം കെട്ടുന്നിടത്ത് നിന്ന് അനക്കാന്‍ പോലും പറ്റിയില്ല. അത് ഒരു മൃഗത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. അതിനെ നടത്താനുള്ള അവസരം പോലും നമുക്ക് കിട്ടിയില്ല. സാധാരണ ഒരു ആനയാണെങ്കില്‍ ദിവസവും ഒരു അഞ്ച് കിലോമീറ്റര്‍ ഒക്കെ നടക്കാറുണ്ട്. അതിന് പോലും നമുക്ക് അഴിക്കാന്‍ പറ്റിയില്ലായിരുന്നു. കഴിഞ്ഞ ദിവസമാണ് എല്ലാം മാറി ഒന്ന് നടത്താന്‍ പോലും അനുവാദം കിട്ടിയത്. അത് നമുക്ക് ഒരുപാട് സങ്കടമുള്ള കാര്യമാണ്. ആന പൂരത്തിന് പോയില്ലെങ്കിലും പരിസരത്തൊക്കെ നടത്താനുള്ള അനുവാദമെങ്കിലും ഉണ്ടാവേണ്ടതായിരുന്നു.

ചടങ്ങുകള്‍ ഒക്കെ പണ്ട് മുതലേ നടന്നുവരുന്ന ആചാരങ്ങളല്ലേ. അതിപ്പോ ഒരാള് പറഞ്ഞുവെന്ന് വച്ച് മാറ്റാന്‍ കഴിയില്ലല്ലോ. പിന്നെ തിക്കുംതിരക്കുമുള്ള സ്ഥലങ്ങളില്‍ കടലാസുകളും പേപ്പറുകളും കിട്ടാത്ത കാരണം ആനകളുടെ എണ്ണം കുറച്ചിട്ടുണ്ട്. രാമചന്ദ്രന് പൂര വിളംബരത്തിന് മാത്രമായിരുന്നു അനുമതി കിട്ടിയത്. ഇനി എങ്ങനെയാണെന്ന് അറിയില്ല. ഭാഗികമായി ആലോചിക്കാമെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. ആനയെ ഇപ്പം നോക്കുന്നത് ഞങ്ങള് നാല് പാപ്പന്മാരാണ്. രതീഷ് നായരമ്പലം, പറവൂര്‍ സ്വദേശി ഷാരോണ്‍, തൃപ്രയാര്‍ സ്വദേശി സുധി, ഇവരാണ് കൂടെയുള്ള പാപ്പാന്മാര്‍.”

പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ സതീഷ് മേനോന്‍ 

“ഇത്തവണ കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു, അത് വാസ്തവമാണ്. പക്ഷെ കഴിഞ്ഞ ദിവസത്തോടെ എല്ലാം തീര്‍ന്നു, പതിവു പോലെ വളരെ ഭംഗിയായി തന്നെ തൃശൂര്‍ പൂരം നടക്കും. കേരള സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒരുപ്രശ്‌നവുമില്ലാണ്ട് നമ്മുക്ക് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ എഴുന്നെള്ളിപ്പ് സംബന്ധിച്ചുള്ള ആശങ്കള്‍ ഞങ്ങള്‍ക്കില്ലായിരുന്നു. രാമന്‍ തിരുവമ്പാടിയിലോ പാറമേക്കാവിലോ പങ്കെടുക്കുന്നില്ല. ലോകപൈതൃക പട്ടികയില്‍ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ പൂരത്തിനേക്കാളും ചര്‍ച്ചകള്‍ വന്നത് ഒരു ആനയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളുടെ പേരിലായിരുന്നുവെന്നത് ശരിയാണ്. മാധ്യമങ്ങളാണെന്ന് തോന്നുന്നു ഇതിനൊരു പ്രധാന്യം കൊടുക്കാന്‍ കാരണം. വര്‍ഷങ്ങളോളം പഴക്കമുള്ള തൃശൂര്‍ പൂരം ഇതുവരെ വളരെ ഭംഗിയായി നടന്നു. ഇത്തവണ മാത്രമെ ഇങ്ങനെയൊരു പ്രശ്‌നമുണ്ടായിരുന്നുള്ളൂ. 2014 മുതലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നെയ്ത്തലക്കാവ് ഭഗവതിയുടെ തിടമ്പുമായി വരുന്നത്. പൂരത്തിന്റെ തലേദിവസമാണ് ഈ ചടങ്ങ് നടക്കുന്നത്. 5 വര്‍ഷമേയായിട്ടുള്ളൂ ഈ ആന ചടങ്ങുമായി ബന്ധപ്പെട്ട് എത്തി തുടങ്ങിയിട്ട്. ഏഷ്യയിലെ ഏറ്റവും വലിയ നാട്ടാനയായ രാമന്‍ ആ ചടങ്ങിന് ഒരു മാറ്റുകൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വേറെയാണ്. പൂരങ്ങള്‍ ഇല്ലാതെയാക്കാന്‍ വേണ്ടിയിട്ട് വലിയോരു സംഘം ഇതിന്റെ പിന്നലുണ്ട്. ഞങ്ങള്‍ക്കും ഉത്സവങ്ങള്‍ നടത്തുന്ന എല്ലാ അമ്പലങ്ങള്‍ക്കും കമ്മിറ്റികള്‍ക്കും അത് അറിയാം. ഒരു മൃഗത്തിനോടുള്ള സ്‌നേഹമായിട്ടല്ല ഞങ്ങള്‍ക്ക് അതിനെ തോന്നുന്നത്. ഇന്ന് പലരും മൃഗസ്നേഹികള്‍ എന്ന പറയുന്നതു മാത്രമേയുള്ളൂ. ഉത്സവങ്ങളും മറ്റ് ചടങ്ങുകളും തകര്‍ക്കാന്‍ വേണ്ടിയുള്ള ഗൂഡമായിട്ടുള്ള ഒരു ലോബിയുണ്ടെന്നുള്ള തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്”.

Read: “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”

തൃശൂര്‍ സ്വദേശിയും ആനപ്രേമിയുമായ ഷുക്കുരാജ്

“ആനയോടാണ് എനിക്ക് ഏറ്റവും കൂടുതല്‍ സ്‌നേഹം. ഇപ്പോ ഉണ്ടായ സംഭവങ്ങള്‍ കൂടുതലായിട്ടും മീഡിയ ഉണ്ടാക്കിയതാണ്. സര്‍ക്കാര്‍ ഓരോ കൊല്ലവും പൂരത്തിലേക്ക് കൂടുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. നിയന്ത്രങ്ങള്‍ വരുമ്പോള്‍ ഉത്സവങ്ങള്‍ക്കും എഴുന്നെള്ളിപ്പിനും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. നിയന്ത്രണങ്ങള്‍ വേണ്ടന്നല്ല പറയുന്നത്. നല്ല രീതിയുള്ള നിയന്ത്രണങ്ങളാണ് നമുക്ക് വേണ്ടത്. വേണ്ട രീതിയില്‍, നല്ല രീതിയില്‍ അത് പ്രാവര്‍ത്തികമാക്കണമെന്നാണ് ആനപ്രേമികളായ ഞങ്ങള്‍ക്കൊക്കെ പറയാനുള്ളത്. അതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഇപ്പോള്‍ രാമന്റെ (തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍) പ്രശ്‌നമെന്താണെന്നു വച്ചാല്‍ റേറ്റിംഗിന് വേണ്ടിയുള്ളതാണ്. രാമന്‍ ഓരിക്കലും തൃശൂര്‍ പൂരത്തിനല്ല പങ്കെടുക്കുന്നത്. രാമന്‍ വരുന്നത് ഒരു ചടങ്ങിനാണ്. പൂരത്തിന് തലേ ദിവസം നടക്കുന്ന ചടങ്ങ്. പൂരവിളംബര ചടങ്ങെന്ന് പറയും അതിനെ. മുമ്പ് അത് വളറെ കുറച്ച് ആള്‍ക്കാര്‍ മാത്രം പങ്കെടുത്തിരുന്ന ആരും ആറിഞ്ഞിരുന്ന ഒന്നായിരുന്നില്ല. രാമന്‍ എന്ന ആന വന്നതോട് കൂടിയാണ് അത് ആള്‍ക്കാര്‍ കൂടുതല്‍ അറിഞ്ഞു തുടങ്ങിയത്. അതുകൊണ്ട് തൃശൂര്‍കാരെ സംബന്ധിച്ച് ഇപ്പോ മൂന്ന് ദിവസമായി തൃശൂര്‍ പൂരം. തൃശൂര്‍ പൂരത്തിന് വരുന്ന ഒരു പുരുഷാരം തന്നെ ഈ ചടങ്ങിനു മാത്രമായി എത്തിത്തുടങ്ങി. ആ വരുന്നത് രാമന്‍ എന്ന ആ പ്രഭാവത്തെ കാണാന്‍ മാത്രമാണ്. രാമന്‍ ഒരിക്കലും അക്രമകാരിയായിട്ടുള്ള ആനയൊന്നുമല്ല. ഒന്നു കൂടി ശ്രദ്ധ കൊടുത്താല്‍ മതിയാകും. രാമനെക്കുറിച്ച് പറയുന്ന പല കാര്യങ്ങളും മീഡിയ കണക്കുകള്‍ പെരുപ്പിച്ച കാണിക്കുന്നതാണ്.

കേരളത്തിന്റെ തിലകക്കുറിയാണ് തൃശൂര്‍ പൂരമെന്നത്. അത് ബുദ്ധിമുട്ടില്ലാതെ നല്ല രീതിയില്‍ തന്നെ നടക്കമെന്നാണ് നമ്മുടെ ആഗ്രഹം. ഈ ഒരു കാര്യത്തില്‍ (തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ എഴുന്നെളിപ്പ് സംബന്ധിച്ച വിവാദം) അങ്ങനെയൊരു മുടക്കം വരാന്‍ പാടില്ലെന്നാണ്. നമ്മള്‍ ആനപ്രേമികളുടെ ആഗ്രഹമായിരുന്നു രാമന്‍ വരികയെന്നത്. ഒരിക്കലും തിരുവമ്പാടിയോടോ പാറമേക്കാവിനോടോ മത്സരിക്കാനല്ല രാമന്‍ വരുന്നത്. രാമനില്ലെങ്കില്‍ ചടങ്ങ് നടക്കില്ലേ? വേറെ ആനയില്ലേ… എന്ന ചോദ്യമുണ്ട് പലര്‍ക്കും. രാമന്‍ വരുമ്പോള്‍ എങ്ങനെയാണ് ആ പരിപാടിയുടെ പ്രസക്തിയെന്നതാണ് ഉത്തരം. പൂര വിളംബരം എന്ന വളരെ കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്തിരുന്ന ചടങ്ങ് രാമന്‍ എന്ന ഒരാന വന്നതുകൊണ്ട് മാത്രമാണ് പ്രൗഡമായിട്ടുള്ള ഒന്നായി മാറിയത്. പൂരത്തിനോ ദേവന്മാര്‍ക്കോ കൊടുക്കുന്ന പ്രാധാന്യത്തെക്കാള്‍ കൂടുതല്‍ രാമന് മാത്രമുള്ള പ്രധാന്യമെന്നല്ല പറയേണ്ടത്. ദേവന്റെയോ മഠത്തില്‍ വരവിന്റെയും ഇലഞ്ഞിത്തറ മേളത്തിന്റെയോ പ്രൗഡിക്കോ മറ്റോ പ്രധാന്യം ഒന്നും കുറഞ്ഞിട്ടില്ല. അതിനോടൊപ്പം നില്‍ക്കുന്ന ഒരു ചടങ്ങായി പൂര വിളംബരം മാറിയെന്നതാണ് ശരി. അത് ആ ആനക്ക് കിട്ടുന്ന അംഗീകാരമാണ്. രാമന് മാത്രമുള്ളതാണ്.

പിന്നെ രാമന്റെ പ്രായം, ആരോഗ്യം, എഴുന്നെള്ളിക്കുന്നത് റിസ്‌ക്കല്ലേ എന്നോക്കെയുള്ളതിനോട് പറയാനുള്ളത്, നമുക്ക് തന്നെ ദേഷ്യം എപ്പോഴാണുണ്ടാവുകയെന്ന് പറയാന്‍ പറ്റില്ല, എന്തുകാര്യമാണ് റിസ്‌കില്ലാത്തത്. നമ്മുക്കിവിടെ വണ്ടി ഓടിക്കുന്നത് റിസ്‌ക്കല്ലേ… രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയിട്ട് തരിച്ച് വീട്ടില്‍ വരുമെന്ന് വല്ലോ ഉറപ്പുമുണ്ടോ? ഒരു ഉറപ്പുമില്ല. അതുപോലെ തന്നെയുള്ളൂ ഇത്. ആനയെ തറയില്‍ കയറ്റി നിര്‍ത്താനുള്ള പ്രായമൊന്നുമായിട്ടില്ല. പ്രായം 54 വയസേ ആയിട്ടുള്ളൂ രാമന്. വിശ്രമിക്കാനുള്ള പ്രായമൊന്നുമല്ല. ഗുരുവായൂര്‍ പദ്‌നാഭന് 70 വയസ്സായി ഇപ്പോഴും. എഴുന്നെള്ളിക്കാനുള്ള ശാരീരികക്ഷമതയും ഫിറ്റ്‌നസുമുണ്ട്. നമ്മുടെ അച്ഛനും അമ്മയ്ക്കും വശ്രമിക്കാന്‍ സമയമായി എന്ന് പറഞ്ഞ് റൂമില്‍ ഇടുകയാണോ ചെയ്യുക. വിശ്രമം എന്നു പറയുന്നത് ഇതിനെ കെട്ടിയിട്ട് തീറ്റകൊടുക്കുകയല്ല. അതിനൊക്കെ ചില ചിട്ടകളുണ്ട്. ചില കാര്യങ്ങളുണ്ട്. അത് ആനക്ക് കൊടുത്തേ പറ്റൂ. എല്ലാദിവസവും എഴുന്നെള്ളിപ്പിന് കൊണ്ടുപോകണമെന്നോ തിരുവനന്തപുരത്തിന് പോയിട്ട്, പാലക്കാട് കൊണ്ടുപോകണമെന്നോ എഴുന്നെള്ളിക്കണമെന്നോ ഒന്നും നമ്മള്‍ പറഞ്ഞിട്ടില്ല. ആന പൂരപ്പറമ്പിലേക്ക് വരണം. വിശ്രമം എടുത്ത്, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിയമങ്ങളനുസരിച്ച് ആനയെ എഴുന്നെള്ളിക്കണം. അത്രയുള്ളൂ.”

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും തൃശൂര്‍ സ്വദേശിയുമായ ഐ ഗോപിനാഥ്

“കാലം മാറുന്നതിനനുസരിച്ച് എല്ലാ ആചാരങ്ങളും മാറണം. എല്ലാ ജനങ്ങളും മാറിയിട്ടുമുണ്ട്. തൃശൂര്‍ പൂരം തന്നെയുണ്ടായിട്ടുള്ളത് ആചാരങ്ങളെ വെല്ലുവിളിച്ചിട്ടാണ്. ആറാട്ടുപുഴ പൂരമായിട്ടുള്ള നടത്തിപ്പില്‍ നിന്നുള്ള തര്‍ക്കത്തില്‍ നിന്ന് ശക്തന്‍തമ്പുരാന്‍ അന്ന് നിലവിലുള്ള എല്ലാ ആചാരങ്ങളെയും വെല്ലുവിളിച്ചിട്ടാണ് തൃശൂര്‍ പൂരം ആരംഭിക്കുന്നത് തന്നെ. എല്ലാ ആഘോഷങ്ങളും എല്ലാ ആചാരങ്ങളും കാലത്തിനനുസരിച്ച് മാറണം. അത്തരം മാറ്റങ്ങള്‍ കേരളത്തിലെ ഉത്സങ്ങള്‍ക്ക് ആവശ്യമാണ്. കരിയും വേണ്ട കരിമരുന്നും വേണ്ടായെന്ന് നമ്മുടെ ശ്രീനാരായണ ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. കരിയും കരിമരുന്നും ഒരിക്കലും നമ്മുടെ കാലഘട്ടത്തിലെ ഒരു ഉത്സവത്തിന്റെ ഒരു കള്‍ച്ചറിന് യോജിച്ചതല്ല. അതിഭീകരമായിട്ടാണ് പൂരത്തിന് ആനയെ പീഡിപ്പിക്കുന്നത്. അതുപോലെ തന്നെ ഏറ്റവും പ്രാകൃതമായ കരിമരുന്ന് പ്രയോഗമാണ് നമ്മള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് ഈ രണ്ട് വിഷയങ്ങള്‍ കൊണ്ട് മരണപ്പെട്ടരിക്കുന്നതും.

ആന പൂരം ആഘോഷിക്കുന്നു, ആന ചെവി ആട്ടുന്നു, ആന മേളം ആസ്വാദിക്കുന്നു എന്ന് ഒക്കെയുള്ളത് വെറും സങ്കല്‍പ്പങ്ങള്‍ മാത്രമാണ്. സഹ്യന്റെ പുത്രന്‍ എന്ന് വൈലോപ്പള്ളി പറയുന്നതാണ് ശരി. ഈ ആന കാട്ടില്‍ മദിച്ച് നടന്നിരുന്ന കാലമായിരിക്കാം ചിന്തിക്കുന്നത്. ആനയുടെ നിറം കറുപ്പായതുകൊണ്ടു തന്നെ വെയിലത്ത് ഭയങ്കരമായ ചൂടായിരിക്കും അത് അനുഭവിക്കുക. ഒരുപാട് കാലത്തെ ചില സംഘടനകളുടെയും വ്യക്തികളുടെയും ഇടപെടല്‍ കാരണം ചെറിയ ചില മാറ്റങ്ങള്‍ എഴുന്നെള്ളിപ്പിന് ഉണ്ടായിട്ടുണ്ട്. പന്തല്‍ ഇട്ടുകൊടുക്കുക, വെള്ളം കൊടുക്കുക, തണ്ണിമത്തന്‍ കൊടുക്കുക അങ്ങനെ വളരെ ചെറിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കച്ചവട താത്പര്യം അതിനനുസരിച്ച് വര്‍ധിക്കുന്നതുകൊണ്ട് കൂടുതല്‍ പണം ഉണ്ടാക്കാനുള്ള വ്യഗ്രത കേരളത്തിലെ ആനകളുടെ ജോലിഭാരം കൂടിയിട്ടുണ്ട്. മാത്രമല്ല കാട്ടാനകളെ പിടിക്കാന്‍ നിയമം അനുവിദിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരാന്‍ നിയമം അനുവദിക്കുന്നുമില്ല. ആ സാഹചര്യത്തില്‍ ചത്തുപോകുന്തോറും ആനകളുടെ എണ്ണം കുറയുകയാണ്. പക്ഷെ ഉത്സവത്തിനുള്ള എഴുന്നെള്ളിപ്പ് കൂടുകയാണ്. അങ്ങനെ ആനകളുടെ ജോലിഭാരം കൂടുകയും ചെയ്യുന്നു.

ആന പൂര്‍ണമായും മെരുക്കാവുന്ന ഒരു ജീവിയല്ല. നായയെപ്പോലെ ഒന്നുമല്ല ആനയെന്ന് നമുക്ക് അറിയാം. ആന വന്യജീവിയാണ്. സിംഹത്തെപ്പോലെ, പുലിയെപ്പോലെയുളള വന്യജീവിയാണ്. നൂറുശതമാനം മെരുക്കുക സാധ്യമല്ല. എങ്ങനെ വന്നാലും അവസരം കിട്ടിയാല്‍ അത് പ്രതികരിക്കും. അങ്ങനെ പ്രതികരിക്കുന്ന കാഴ്ചകള്‍ ഒരുപാട് കണ്ടു. അടുത്തകാലം വരെ ഒരു ഉത്സവത്തിന് മുപ്പത് നാല്‍പ്പത് ആനകളാണ് പോയിരുന്നത്. ഇപ്പോള്‍ അത് കര്‍ശനമായ നടപടികള്‍ കാരണം കുറച്ച് കുറഞ്ഞിട്ടുണ്ടെന്നത് ശരി, പക്ഷെ പരിപൂര്‍ണമായിട്ടും അത് നിര്‍ത്തുകയാണ് വേണ്ടത്. കൃത്രിമ ആനകള്‍ ധാരാളമുണ്ട്. കൃത്രിമ ആനകള്‍ വച്ച് പൂരം നടത്താവുന്നതാണ്. ആധുനിക കാലഘട്ടത്തിന് അതാണ് വേണ്ടത്. മച്ചാട് മാമങ്കത്തിന് കുതിര എഴുന്നെള്ളിപ്പുണ്ട്. ഇപ്പോള്‍ കൃത്രിമ കുതിരയാണ് എഴുന്നെള്ളിക്കുന്നത്. അതുപോലെ ആനകളെയും എഴുന്നെള്ളിക്കാം.

ലോകത്തെ മൃഗാവകാശങ്ങളെ മുഴുവന്‍ ഹനിക്കുന്ന രീതിയില്‍, ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള മൊത്തം മൃഗാവകാശങ്ങള്‍ വെല്ലുവിളിച്ചുകൊണ്ടാണ് കേരളത്തില്‍ ആന പീഡനം നടക്കുന്നത്. ലോകത്തിലെ പല സംഘടനകളും മൃഗസ്‌നേഹികളും ഒക്കെ ചൂണ്ടികാണിച്ചിട്ടും അതിനെയൊക്കെ വെല്ലുവിളിച്ചുകൊണ്ട് ആചാരങ്ങളുടെ പേരിലും ഇല്ലാത്ത ഉത്സവങ്ങളുടെ പേരിലും പ്രത്യേകിച്ച് തൃശൂര്‍കാരുടെ അഭിമാനമെന്നും സ്വകാര്യ അഹങ്കാരമെന്നുമൊക്കെ പറഞ്ഞുള്ള നുണകള്‍ നിരത്തികൊണ്ടാണ് കുറെ പൂരപ്രമാണിമാര്‍ ഈ ക്രൂരകൃത്യം (അങ്ങനെ തന്നെ പറയണം, മൃഗങ്ങളോട് കാണിക്കുന്നത് ക്രൂരകൃത്യമാണ്) തുടര്‍ന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ ഉത്സവപ്പറമ്പുകള്‍ ബലിക്കളങ്ങളാവുകയാണ്. ബലി കൊടുക്കുകയാണ്. ആ നിലയിലേക്ക് കാര്യങ്ങള്‍ മാറിക്കൊണ്ടരിക്കുകയാണ്. ഈ സംസ്‌കാരരഹിത പരിപാടി അവസാനിപ്പിച്ചേ തീരൂ.

അതുപോലെ തന്നെയാണ് വെടിമരുന്നും. അധുനിക കാലത്ത് ഡിജിറ്റല്‍ വെടിക്കെട്ട് എന്ന കണ്‍സപ്റ്റിലേക്ക് പോകാതേ ഇപ്പോഴും ഈ കാലഹരണപ്പെട്ട സംഭവങ്ങള്‍ വച്ചുകൊണ്ടിരിക്കുകയാണ്. പുറ്റിങ്ങല്‍ വെടിക്കെട്ടിന് ശേഷം കേരളത്തില്‍ എല്ലാ ഭാഗത്തും വെടിക്കെട്ട് നിരോധിച്ചപ്പോഴും തൃശൂരിന്റെ അഹങ്കാരം എന്നൊക്കെയുള്ള ഇല്ലാത്ത നുണകള്‍ പറഞ്ഞുണ്ടാക്കി ഇവിടെ മാത്രം വെടിക്കെട്ട് നടത്തുകയുണ്ടായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിഷയത്തില്‍ നിരോധിക്കപ്പെട്ട ഒരു ആനയെ തൃശ്ശൂര്‍ പൂരത്തിന് മാത്രമെന്നുള്ള പ്രത്യേക അനുമതി നല്‍കി ഇറക്കി. ഈ പ്രത്യേക അനുമതിയെന്നതൊക്കെ വെറുതെയുണ്ടാക്കിയിട്ടുള്ളതാണ്; തൃശൂരിലെ ചില പ്രമാണിമാര്‍, നായര്‍ പ്രമാണിമാര്‍ എന്നുതന്നെ പറയണം. ശക്തന്‍ തമ്പുരാന്‍ നടത്തിയ ബ്രാഹ്മണ്യത്തിനെതിരെയുള്ള ഒരു പോരാട്ടത്തിന്റെ ഒരു വശം പൂരം ഒരുക്കുന്നതിനുണ്ടായിരുന്നുവെന്നത് ശരിയാണ്. പക്ഷെ പിന്നീടിത് താഴേക്ക് പോയി. പൂര കമ്മറ്റിയില്‍ ഈഴവരെ ഉള്‍പ്പെടുത്താന്‍ വെള്ളാപ്പള്ളി നടേശന്‍ ഇവിടെ വന്ന് കണ്‍വന്‍ഷന്‍ നടത്തിയിട്ടുണ്ട്. എന്നിട്ടും ഈഴവരെയോ ദളിതരയോ ഉള്‍പ്പെടുത്തിയിട്ടില്ല. അപ്പോള്‍ ഒരു സവര്‍ണ സംഭവം തന്നെയാണ് നിലനില്‍ക്കുന്നത്. തൃശൂരിന്റെ അഭിമാനം, അഹങ്കാരമെന്നൊക്കെ പറയുന്നത് ഒരു സവര്‍ണ നായര്‍ മാടമ്പിത്തരം മാത്രമാണ്.

ആ അഹങ്കാരത്തിന്റെ പേരില്‍, ഇവിടുത്തെ രാഷ്ട്രീയക്കാരും എല്ലാവരെയുമടക്കം, തൃശൂരിലെ പൂര പ്രമാണിമാരെ മുട്ടുകുത്തിക്കാന്‍ കഴിയല്ലെന്ന് വിണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ്. വേണമെങ്കില്‍ ട്രംപിനെയും മോദിയെയും മുട്ടികുത്തിക്കാം. പൂര പ്രമാണിമാര്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണ് തൃശൂരിന്റെ സ്വന്തം മന്ത്രി എന്ന് പറയുന്ന സുനില്‍ കുമാര്‍. എല്ലാ നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയാണ്. അതിന് തടയാന്‍ ശ്രമിച്ച കളക്ടറെ വളരെ മനോഹരമായിട്ട്, തന്ത്രപരമായിട്ട് വായടപ്പിച്ച് ഈ വര്‍ഷം വീണ്ടും നിയമവിരുദ്ധമായിട്ടാണ് പൂരം നടക്കുന്നത്. ഇത് ഒരിക്കലും ആധുനിക കാലഘട്ടത്തില്‍ നീതിന്യായ വ്യവസഥക്ക് ചേര്‍ന്നതല്ല. ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. സംസ്‌കാരത്തിന് ചേര്‍ന്നതല്ല. മൃഗങ്ങളോടും എല്ലാ ജീവജാലങ്ങളോടുമുള്ള മനുഷ്യന്റെ പെരുമാറ്റത്തിന് ചേര്‍ന്നതല്ല.”

Read: കൊന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണെങ്കിലും കൊല്ലിച്ചത് നിങ്ങള്‍ ആനപ്രേമികളും ഫാന്‍സുമാണ്

തൃശൂര്‍ സ്വദേശിയായ ജിഷ്ണു

“പ്രധാനമായിട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കേസാണ് ഇത്തവണ ഉയര്‍ന്നുവന്നത്. ആ പ്രശ്‌നം ഒക്കെ തീര്‍ന്നു. പൂരം വന്നുകഴിഞ്ഞാല്‍ എന്താ പറയ്ക, തൃശൂര്‍ മൊത്തം ഒരു കടല്‍ പോലെയാവുകയാണ് ആന പ്രേമികളെ കൊണ്ടായാലു മേള ആസ്വാദകരെ കൊണ്ടായാലും കുടമാറ്റം ആസ്വാദിക്കുന്നവരായാലും. ഈ പ്രാവശ്യത്തെ പൂരം ഗംഭീരമായിരിക്കും. വെടിക്കെട്ട് എന്നു പറഞ്ഞാല്‍ പഴയപോലല്ല, നല്ല ഗംഭീരമായ രീതിയിലാണ് വരുന്നത്. അവസാനം ഉപചാരം ചൊല്ലി പിരിയുമ്പോള്‍, ആനകള്‍ തമ്മില്‍ നോക്കി കരയുമ്പോള്‍ മനസ് വിങ്ങിപ്പൊട്ടും. അങ്ങനെയോക്കെയാണ് നമ്മള്‍ തൃശൂര്‍ പൂരത്തിനെ കാണുന്നത്. പിന്നെ ചെറുപ്പം തൊട്ടേ കണ്ടു വരുന്നതു കാരണം തൃശൂര്‍ പൂരം എന്നത് ഒരു വികാരമായിട്ട് കിടക്കുവാണ്.”

ഗുജറാത്തിലെ ഒരു സ്‌കൂളില്‍ വൈസ് പ്രിന്‍സിപ്പാളും മലയാളിയുമായ ജയശ്രീ

“ചെറുപ്പംതൊട്ടെ ആനകളോട് ഇഷ്ടമുണ്ട്. രാമനോട് പ്രത്യേക ഇഷ്ടം തോന്നാന്‍ കാരണം നല്ല ഭംഗിയാണ്. ആന തിടമ്പേറ്റിയാല്‍ തല ഉയര്‍ത്തും. അതിനായിട്ട് ചട്ടക്കാരന്‍ പ്രത്യേകം പറഞ്ഞിട്ടോ അല്ലെങ്കില്‍ ഒരു വടിയെടുത്ത് കുത്തിയിട്ടോ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. നമ്മുടെ നാട്ടില്‍ സാധാരണ കണ്ടിട്ടുള്ളത്, എഴുന്നെള്ളിക്കുമ്പോള്‍ ആന തലയുര്‍ത്താന്‍ ഒരു കോല് കുത്തിയിട്ടോ മറ്റോ പിടിച്ച് നിര്‍ത്തുന്നതാണ്. പക്ഷേ രാമന്‍ അങ്ങനെയല്ല. തിടമ്പ് ഏറ്റി കഴിഞ്ഞാല്‍ രാമന്‍ ഒരേ ഒരു നില്‍പാണ്. അതൊക്കെയാണ് രാമനെ കൂടുതല്‍ ഇഷ്ടമാവാന്‍ കാരണം. രാമന് പൊതുവെ ശാന്തസ്വാഭാവമാണ്. ഭയങ്കര പേടിയാണ് രാമന്. ഈ പറയണപോലെ ഒന്നുമല്ല. ആള്‍ക്കാര്‍ വേറെ രീതിയില്‍ കഥയുണ്ടാക്കിയിട്ട് ഓരോന്ന് പറയുകയാണ്. മദപ്പാട് കെട്ടിയ സമയങ്ങളില്‍ രാമന് വെള്ളവും ഭക്ഷണവും കൊടുക്കുക തെച്ചിക്കോട്ടുകാവിലെ രണ്ട് അമ്മമാരാണ്. അവരാണ് വെള്ളവും ഭക്ഷണവും വച്ചുകൊടുക്കുക. മുമ്പില്‍ കൂടി പോയി വച്ചുകൊടുക്കുന്നത് കണ്ടിട്ടുണ്ട്.

രാമന് മേളം ഭയങ്കര ഇഷ്ടമാണ്. കൊട്ടു തുടങ്ങുമ്പോള്‍ തന്നെ അറിയാം രാമന്റെ ആ നില്‍പും മറ്റും. ഇപ്പോ തിടമ്പ് ഏറ്റിയിട്ടില്ലെങ്കില്‍ പോലും കൊട്ടിന്റെ സമയത്ത് നെറ്റിപ്പട്ടം കെട്ടികഴിഞ്ഞാല്‍ ഒരു പ്രത്യേക നില്‍പുണ്ട്. അതിനി ആരും പറഞ്ഞുകൊടുത്തിട്ടല്ലാ. എവിടെ പൂരത്തിന് പോയാലും രാമന്‍ ആ പൂരത്തിന് ഉണ്ടെങ്കില്‍ ആള്‍ക്കാരും ഉണ്ട്. കാരണമെന്താ. ആ പ്രത്യേകതകള്‍ ഒക്കെ തന്നെ. ഇപ്പോഴത്തെ ഒന്നാം പാപ്പാന് മുന്നെയുള്ള ഷിബു ചേട്ടന്‍ ഒക്കെ പറയുന്നത് ഞാന്‍ നേരിട്ട് കേട്ടിട്ടുണ്ട്, ‘രാമാ, ഇങ്ങനെ നില്‍ക്കുവല്ലേ?’ അങ്ങനെയൊരു ചോദ്യം മതി അപ്പോള്‍ തന്നെ രാമന്‍ തയ്യാറാവും. ഞാനെന്റെ ഫേസ്ബുക്ക് തുടങ്ങാന്‍ കാരണം രാമനോടുള്ള ഇഷ്ടം കാരണമാണ്. 2013-ലാണ് രാമന് വേണ്ടി ഫേസ്ബുക്ക് തുടങ്ങിയത്. രാമന്‍ എവിടെപ്പോയാലും അവന്റെ കാര്യങ്ങള്‍ അറിയുക, എന്തെങ്കിലും പറ്റിയാല്‍ എല്ലാവര്‍ക്കും അറിയാനും ഒക്കെയാണ് അത് തുടങ്ങിയത്. രാമന്‍ എനിക്ക് ഒരു പോസിറ്റീവ് വൈബ്രഷന്‍ ആണ്. മൂഡില്ലാതെ ഇരിക്കണ സമയത്ത് രാമന്റെ വീഡിയോസാണ് കാണുക. നാട്ടിലുള്ള സമയത്ത് ഓടിപ്പോയി രാമനെ കാണും. രാമനെ കണ്ടാല്‍ പേടിയൊന്നും തോന്നാറില്ല. രാമന് നമ്മളെ അറിയാമെന്ന വിചാരമാണത്. ചിലപ്പോ നമ്മുക്ക് തോന്നണമാവാമത്. പക്ഷെ ആ ഒരു വിചാരം കാരണം ആനയുടെ അടുത്തുപോകാന്‍ പേടിയില്ല. രാമന്‍ ബീഹാറിയായതുകൊണ്ട് ഞാന്‍ അടുത്തുചെല്ലുമ്പോള്‍ രാമനോട് ഹിന്ദി പറയും, നമ്മള്‍ പറയുന്നത് ഒക്കെ മനസ്സിലാവുമെന്ന് അങ്ങ് തോന്നും. എത്ര പറഞ്ഞാലും മതിവരാത്തതാണ് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ എനിക്ക്.”

തൃശൂര്‍ പാട്ടുരയ്ക്കലിലെ ഒരു ടാക്‌സി ഡ്രൈവര്‍

സുഖമില്ലാത്ത ആനേനെ നിയമത്തില്‍ കടത്താന്‍ പാടില്ല ഇവിടേക്ക്. ഒരു കണ്ണിന് കാഴ്ചയില്ല. ഈ അടുത്ത് രണ്ട് ആളെ തട്ടിയതാ. അതിന് മുന്നെ അപകടമുണ്ടാക്കിയിട്ടുള്ളതാണ്. അപ്പോ അതിനെ  കടത്താന്‍ പാടില്ലെന്ന് പറഞ്ഞ് പിടിവലിയായിരുന്നു. കോടതിയില്‍ പോയി. കോടതിയില്‍ പോയിട്ട് സംഗതി ശരിയായില്ല. അവരു പറഞ്ഞ് സുഖമില്ലാത്ത ആനേനെ കടത്താന്‍ പറ്റില്ലെന്ന്. എന്നിട്ടേ ഇവരു തമ്മില്, കമ്മറ്റിക്കാരും നേതാക്കളും കൂടിയിരുന്നു ആലോചിച്ചു. കളക്ടറ് സമ്മതിക്കില്ല. എന്തെങ്കിലും സംഭവിച്ചാല്‍ കളക്ടറുടെ തലയിലായില്ലേ… അവരു തീരെ സമ്മതിക്കുന്നില്ലായിരുന്നു. പിന്നെ എല്ലാവരും കൂടി അങ്ങ് തീരുമാനിച്ചു. ഈ തിക്കിലും തിരക്കിലും അത് (ആന) സുഖമില്ലാതെ ആള്‍ക്കാരെയും തട്ടി ഇങ്ങനെ നടന്ന് എന്തെങ്കിലും സംഭവിച്ചിട്ട് പറഞ്ഞിട്ട് കാര്യമുണ്ടോ?”

തൃശൂര്‍ ടൗണില്‍ താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരനായ ശ്രീഹരി

“അട്ടിമറി ഏതുനിമിഷവും പ്രതീക്ഷിക്കാമല്ലോ. ഇപ്പം എന്തെങ്കിലും അപകടം വന്നാല് രാഷ്ട്രീയപരമായി അത് വ്യഖ്യാനിക്കപ്പെടും. അതുകാരണം അവര്‍ എല്ലാം വളരെ ജാഗരൂകരായിരുന്നു. ആന എന്നു പറഞ്ഞാലേ കുഴപ്പമുള്ളതാണല്ലോ. പിന്നെ കണ്ണുകാണാത്ത സാഹചര്യത്തില്‍ അത് എങ്ങനെയാണ് പ്രതികരിക്കുകയെന്ന് അറിയാന്‍ പറ്റില്ല. ചിലപ്പോ ചെറിയ ഒരു ബലൂണ്‍ പൊട്ടിയാലും മതി. ഗുരുവായൂരില്‍ അങ്ങനെയല്ലേ ഉണ്ടായത്. ഇത്രയധികം ആള്‍ക്കാര്‍ ഉള്ളതുകൊണ്ട് തന്നെ ആന വരുമ്പോള്‍ തന്നെ പൊതിഞ്ഞിട്ടാവുമുണ്ടാവുക. ഫോട്ടോയിലൊക്കെ കണ്ടിട്ടില്ലേ… അത് അപകട സാധ്യത വളരെ കൂടുതലാ. അത് അവരെ പറഞ്ഞിട്ടും കാര്യമല്ല. ഏഷ്യയിലെ ഏറ്റവും വലിയ നാട്ടാനയല്ലേ. ഒരുപാട് ഫാന്‍സുമുള്ളതാണ്. അത് കാണാനാണ് ആളുകള്‍ ഇത്രയും കൂടുന്നത്. മുമ്പ് തെക്കെ നട തുറക്കുന്നതിന് (പൂര വിളംബരം) വലിയ ആളൊന്നുമുണ്ടായിരുന്നില്ല. ഈ ആന വന്നതിന് ശേഷം ആരാധകര്‍ വന്നുതുടങ്ങി. ഇപ്പോ അത് വലിയ പരിപാടിയായില്ലേ…”

പൂരപ്പറമ്പിലെ ഒരു ആനപ്രേമി

“മാര്‍ച്ച് – എപ്രില്‍ മാസം ഒക്കെ ആകുമ്പോള്‍ ആനകള്‍ക്ക് ഒക്കെ ഇടക്കോള് ഉണ്ടാവും. ഒരുവിധം ആനകള്‍ക്ക് ഒക്കെയുണ്ടാവും. അത് ശരിക്കും നമ്മള്‍ സൂക്ഷിക്കേണ്ട സമയമാണ്. എല്ലാ ആനകള്‍ക്കും ഈ സമയത്ത് ചെറിയ ഒരു തരിപ്പുണ്ടാകും. മാര്‍ച്ച് കഴിഞ്ഞാല്‍ പിന്നെ ആനക്കൊന്നും പ്രശ്‌നമുണ്ടാകില്ല. എങ്ങനെ വേണമെങ്കിലും കൊണ്ടുനടക്കാം. പിന്നെ രാമചന്ദ്രന്റെ കാര്യത്തിലെ സംഭവങ്ങള്‍ ദാരുണമാണ്. രാമന്‍ അപകടകാരിയൊന്നുമല്ല. സംഭവിച്ച് പോയതാണ്. അശ്രദ്ധ കൊണ്ട്. സാഹചര്യങ്ങള്‍ വേറെയായിരുന്നു. അപകടമുണ്ടായ സ്ഥലത്ത്, അങ്ങനെ ഒരു സാഹചര്യങ്ങളില്‍ എഴുന്നെള്ളിക്കാന്‍ പാടില്ലാത്തതാണ്. വെടി കൊണ്ടിട്ടില്ല അനയ്ക്ക് ഇതുവരെ. ഇടയുന്നുണ്ടെങ്കില്‍ അത് പത്ത് പന്ത്രണ്ട് മിനിറ്റ് നേരത്തേക്ക് മാത്രമാണ്. ആ ഒരു പരിഭ്രമത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ്.”

Read: നിങ്ങള്‍ ആന പ്രേമിയാണോ? എങ്കില്‍ ഇത് വായിക്കുക

കടുത്ത ആനപ്രേമിയായ ഒരു യുവാവ്

കേരളത്തില്‍ ഇത്രയും നല്ല ടോപ്പ് ആന വേറെയില്ലല്ലോ. ഒരു അഴക്, നമുക്ക് ഒരു അഭിമാനം, എല്ലാത്തിനക്കാളും കൂടുതല്‍ ഒരു അഹങ്കാരം ഒക്കെയാണ്. നമ്മുടെ നാട്ടിലെ ഒരു ആനയല്ലേ ഒന്നാമത് നില്‍ക്കുക എന്നൊക്കെ അറിയുമ്പോള്‍ ഒരു ആവേശം. ആന പച്ചപ്പാവമാണ്. ഒരു കുഴപ്പവുമില്ല ആനയ്ക്ക്. പലര്‍ക്കും പല കഥകളും പറയാമല്ലോ. നേരിട്ട് അടുത്തവര്‍ക്ക് അത് മനസ്സിലാവും. അപകടങ്ങള്‍ പലരും മനപൂര്‍വം വരുത്തിവയ്ക്കുന്നതതാണ്. ആളുടെ ഗമ, ഉയരം, തലയെടുപ്പ് ഒക്കെ നമ്മള്‍ ആരാധകര്‍ ചെല്ലുമ്പോള്‍ ആള് കൂട്ടി തരും. അല്ലാതെ പുറമേക്ക് വല്ല്യ ശല്യമൊന്നുമില്ല. ഇനിയും പൂര വിളംബരത്തിന് രാമന്‍ തന്നെ വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. രാമന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷയും. വരവ് എന്ന് പറഞ്ഞാല്‍ ഒരു രാജാവ് ഒക്കെ വരുന്നപോലെ രാജകീയ വരവ് തന്നെയാണ്. ആളുകളോട് പറയാനുള്ളത് മറ്റുളളവരുടെ കള്ളക്കഥകളും വാക്കുകളും ഒന്നും വിശ്വസിക്കേണ്ട. നമുക്കിപ്പോ ഒരാളോട് പ്രണയം തോന്നീന്ന് വച്ചാല്‍ അത് നിലനിര്‍ത്താന്‍ നമുക്ക് അറിയാം, അതിനിപ്പോ മറ്റുള്ളവരുടെ വാക്ക് കേട്ടിട്ട് അതിനെ പിന്തിരിപ്പിക്കേണ്ട ആവശ്യം ഒന്നുമില്ല. പലരും പല അഭിപ്രായങ്ങളും തള്ളിക്കളയുന്നുണ്ട്. പക്ഷെ ഒരു വികാരം ഒരാളോടാണ് നമുക്ക് തോന്നിയിട്ടുള്ളത്. അതിന്  മാറ്റമൊന്നുമുണ്ടാകില്ല. അതിനെ അടുത്ത് സ്‌നേഹിക്കുന്നവര്‍ക്കെല്ലാം അങ്ങനെയാണ്.”

മാഫിയ സെറ്റപ്പിലുള്ള ആന ഉടമസ്ഥരുടെ സംഘടനയ്ക്ക് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങി: വി കെ വെങ്കിടാചലം

രോഗിയായ തെച്ചിക്കോട് രാമചന്ദ്രനെ ചടങ്ങില്‍ പങ്കെടുപ്പിച്ചതുവഴി സര്‍ക്കാര്‍ ആന ഉടമസ്ഥ സംഘത്തിന് കീഴടങ്ങുകയാണ് ചെയ്തതെന്ന് വെങ്കിടാചലം പറയുന്നു. ഇനി ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ഇത്തരം നിയമങ്ങള്‍ക്കല്ല, സമ്മര്‍ദ്ദം മൂലം നിയമം മറികടന്ന ഉത്തരവാണ് കീഴ്വഴക്കമാകുകയെന്നും ആനവിദഗ്ദനും ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്സ് സെക്രട്ടറിയുമായ വെങ്കിടാചലം പറയുന്നു. കേരളത്തിലെ നാട്ടാന പീഡനങ്ങളെ കുറിച്ച് ആഴത്തില്‍ പഠിക്കുകയും ആനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വി കെ വെങ്കിടാചലം പറയുന്നത്,

“എല്ലാ കൊല്ലവും ചട്ടപ്രകാരമായിരിക്കും ആനകളെ എഴുന്നെള്ളിക്കുകയെന്ന പുകമറ സര്‍ക്കാര്‍ സൃഷ്ടിക്കും. മാധ്യമങ്ങള്‍ അതിന് നല്ല പിന്തുണയും കൊടുക്കും. അതിന് ഭരണ നേതൃത്വവും ജില്ലാ നേതൃത്വവും കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് എല്ലാ കൊല്ലവും കാണാറ്. ഇത്തവണ സുപ്രീം കോടതി ചട്ടങ്ങള്‍ മുറുകെ പിടിച്ച് ജില്ലാ ഭരണകൂടം ഒരു ആനയെ നിരോധിച്ചപ്പോള്‍ കണ്ടത്, ആ ആനയെ ഇറക്കിയില്ലെങ്കില്‍ മറ്റ് ആനകളെ വിട്ട് നല്‍കില്ലെന്ന മാഫിയ സെറ്റപ്പിലുള്ള ആന ഉമസ്ഥ ഫെഡറേഷന്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നതാണ്. സാധാരണ ഇടതുപക്ഷ സര്‍ക്കാരാണെങ്കില്‍ ഇങ്ങനെയൊരു ഭീഷണിക്കുമുമ്പില്‍ കീഴടങ്ങാന്‍ പാടില്ലാത്തതാണ്. പക്ഷെ ഇടതുപക്ഷ സര്‍ക്കാര്‍, മാഫിയ സെറ്റപ്പിലുള്ള ആന ഫെഡറേഷന്റെ ഭീഷണിക്ക് വഴങ്ങുകയും ജില്ലാ ഭരണകൂടം നിരോധിച്ച ആനയെ വീണ്ടും എഴുന്നെള്ളിക്കുകയും ചെയ്യുന്നതാണ് കണ്ടത്.

ആന ഉടമസ്ഥരെന്ന ഭീകര സംഘടനയുടെ ഉപാധിക്ക് സര്‍ക്കാര്‍ കീഴടങ്ങുകായും ഒരു ഭാഗത്ത് നിയമത്തെ വളച്ചൊടിക്കുമ്പോള്‍ മറുഭാഗത്ത് ജനങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടമുണ്ടായാല്‍ അത് പരിഹരിക്കപ്പെടാതെയിരിക്കുന്ന ഒരു സാഹചര്യം കൂടിയാണ് നിലനില്‍ക്കുന്നത്. ആനകളെ എഴുന്നെള്ളിക്കാന്‍ സര്‍ക്കാന്‍ ഇറക്കിയുള്ള എല്ലാ നിയമങ്ങളുമാണ് ഇവിടെ തെറ്റിക്കപ്പെടുന്നത്. നിയമം ഒരു വഴിക്ക് നീങ്ങുകയും ആ നിയമത്തില്‍ പറയുന്ന നിബന്ധനകള്‍ കാറ്റില്‍ പറത്തി ജില്ലാ കളക്ടര്‍ ഉള്ളവരെകൊണ്ട് ആനകളെ എഴുന്നെള്ളിക്കാന്‍ മന്ത്രിമാര്‍ അടക്കമുളള ഭരണകര്‍ത്താക്കള്‍ അവരുടെ അധികാരം ദുര്‍വിനിയോഗം ചെയ്യുമ്പോള്‍ ആനകളുടെ അവകാശങ്ങള്‍ മാത്രമല്ല, ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങളും ഇവിടെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് പറയാനുള്ളത്”.

ആന ഉടമസ്ഥരുടെ സംഘടനയുടെ മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങുന്നതിനെക്കുറിച്ച് വി കെ വെങ്കിടാചലം വിശദീകരിക്കുന്നു; വീഡിയോ കാണാം

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍