UPDATES

ട്രെന്‍ഡിങ്ങ്

വെള്ളത്തില്‍ 40% ആസിഡ്; പുഴമ്പളത്ത് വീണ്ടും വിഷമൊഴുക്കാന്‍ കമ്പനികള്‍; ജീവിതസമരവുമായി നാട്ടുകാര്‍

കമ്പനിക്ക് സമീപമൊഴുകുന്ന കനാല്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് പൊളളലേറ്റ സംഭവമുണ്ടായത് ഒരു വര്‍ഷം മുന്‍പാണ്

രാസമാലിന്യമൊഴുക്കി കുടിനീര് മുട്ടിച്ച കമ്പനികള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നത് അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ് തൃശ്ശൂര്‍ ജില്ലയിലെ പുത്തൂര്‍ പുഴമ്പള്ളത്തുകാര്‍. വൃദ്ധരും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് കഴിഞ്ഞദിവസം നടന്ന പ്രതിഷേധയോഗത്തിനെത്തിയത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാരും ജനപ്രതിനിധികളും സാമൂഹികപ്രവര്‍ത്തകരുമെല്ലാം യോഗത്തില്‍ പങ്കെടുത്തു.

സമീപ പ്രദേശമായ ഇളംതുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് വുഡ് കോട്ടിംഗ് കമ്പനികളാണ് പ്രധാനമായും ജലസ്രോതസ്സുകളെ മലീമസമാക്കുന്നത്. പുഴമ്പള്ളം പ്രദേശത്തേക്കൊഴുകുന്ന കനാലില്‍ രാസമാലിന്യം ഒഴുക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ട് മാസം മുന്‍പ് ഈ കമ്പനികള്‍ക്ക് പുത്തൂര്‍ പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. കമ്പനികള്‍ എന്നന്നേക്കുമായി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പുഴമ്പള്ളത്തുകാര്‍ സമരവും ആരംഭിച്ചു. ഈ വിഷയങ്ങള്‍ അഴിമുഖം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ സാങ്കേതികകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നിന്ന് ഒരുമാസത്തേക്ക് പ്രവര്‍ത്തനാനുമതി നേടിയിരിക്കുകയാണ് കമ്പനികള്‍.

കമ്പനികള്‍ എന്ത് ഉത്തരവുമായി വന്നാലും ഇനി ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് നാട്ടുകാര്‍. പുഴമ്പള്ളം സംരക്ഷണസമിതി ചെയര്‍മാന്‍ സദാനന്ദന്‍ പൂണത്ത് പറയുന്നു:

‘പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരേയും മറ്റും സ്വാധീനിച്ച് കമ്പനിക്കാര്‍ പല നീക്കങ്ങളും നടത്തുന്നുണ്ട്. ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റോപ്പ് മെമ്മോക്ക് അവരിപ്പോള്‍ താത്കാലികമായി സ്‌റ്റേ വാങ്ങി. കേസ് ഈ മാസം 28ന് വാദം കേള്‍ക്കും. നിയമപരമായും അല്ലാതെയും ഞങ്ങള്‍ ശക്തമായി തന്നെ മുന്നോട്ട് പോകും. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഞങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്. ഈ കമ്പനികള്‍ക്ക് ആസിഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കാനുള്ള യാതൊരു അനുമതിയും ഇല്ല. വുഡ് കോട്ടിങ്ങ് എന്ന പേരില്‍ ലൈസന്‍സ് സമ്പാദിച്ച് കഴിഞ്ഞ അഞ്ചര കൊല്ലമായി ആസിഡുപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. തീപ്പെട്ടി, പടക്കം, ആസിഡ് അടക്കമുള്ള സോള്‍വന്റുകള്‍ എന്നിവ കൈകാര്യം ചെയ്യുന്ന കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കേണ്ടത് നാഗ്പൂര്‍ എക്‌സ്പ്‌ളോസീവ് ഡയറക്ടേറ്റാണ്. ഈ ലൈസസന്‍സ് ഇവരുടെ കയ്യിലില്ല. ഇത്രയും കാലം നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇവര്‍. ആസിഡ് മാലിന്യം കൈകാര്യം ചെയ്യുന്നതിന് വലിയ മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റ് ആവശ്യമാണ്. ഇതിന് കോടികള്‍ മുതല്‍മുടക്ക് വേണ്ടിവരും. ഈ പണച്ചിലവൊന്നും പാടത്തേക്ക് നേരിട്ട് ഒഴുക്കുമ്പോള്‍ ആവശ്യം വരില്ലല്ലോ. ഭാവിതലമുറക്ക് വേണ്ടി കൂടിയാണ് ഞങ്ങളിപ്പോള്‍ സമരം ചെയ്യുന്നത്. ശക്തമായ രീതിയില്‍ ഞങ്ങള്‍ മുന്നോട്ട് പോകും’.

"</p

മലിനീകരണ നിയന്ത്രണബോര്‍ഡ് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കമ്പനി പരിസരത്തു നിന്ന് വെള്ളം ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. ഇതില്‍ വെള്ളത്തിന്റെ പി.എച്ച് മൂല്യം 5.5 ആണെന്നും വെള്ളത്തിന്റെ ഘനം 18000 ആണെന്ന് കണ്ടെത്തുകയും ചെയ്തു. അതായത് ജലം 40 ശതമാനം ആസിഡ് മയമാണ്. എന്നാല്‍ ഇവിടത്തെ പ്രാഥമികാരോഗ്യ കേന്ദ്രം ഇന്‍സ്‌പെക്ടര്‍ വെള്ളത്തില്‍ ആസിഡ് കലര്‍ന്നിട്ടില്ലെന്ന് പ്രചരിപ്പിക്കുകയാണിപ്പോള്‍. സാമൂഹ്യപ്രവര്‍ത്തകനായ കൊറ്റിക്കല്‍ ശിവന്‍ ഈ വിഷയത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയയാണ്;

‘ചണ്ടി ചീഞ്ഞതു കൊണ്ടാണ് വെള്ളത്തിന്റെ പ്രശ്‌നമെന്നാണ് പ്രാഥമികാരോഗ്യകേന്ദ്രം ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. അതിപ്പോള്‍ രണ്ടു മൂന്ന് പത്രങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തു. എന്ത് പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ ഇത്തരമൊരു റിപ്പോര്‍ട്ട് കൊടുത്തതെന്നറിയില്ല. ഇതിന്റെ പകര്‍പ്പ് വിവരാവകാശം വച്ച് ചോദിച്ചിട്ട് ഒരുമാസം കഴിഞ്ഞു. ഇതു വരെയും അത് തരാന്‍ തയ്യാറായിട്ടില്ല. എടക്കുന്നിയില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന സ്ഥാപനമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഉടമസ്ഥര്‍ക്ക് എല്ലാ പാര്‍ട്ടിക്കാരുടെ ഇടയിലും നല്ല സ്വാധീനമുണ്ട്. ഞാന്‍ ഈ കമ്പനി പ്രവര്‍ത്തിക്കുന്ന ഇളംതുരുത്തി നിവാസിയാണ്. രാത്രികാലങ്ങളിലാണ് ഇവരിത് ഒഴുക്കിവിടുന്നത്. മഴക്കാലത്താണ് കൂടുതലും. മൂവായിരത്തോളം താറാവുകള്‍ ഇവിടെ ചത്തുപോയിട്ടുണ്ട്. കനാല്‍ വെള്ളത്തിലിറങ്ങിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പൊള്ളലും ചൊറിച്ചിലും ഉണ്ടായിട്ടുണ്ട്. ഇതിനൊക്കെ അടിസ്ഥാനമായ കാരണമെന്താണെന്ന് തിരിച്ചറിഞ്ഞത് അടുത്തിടെയാണ്.”

"</p

കമ്പനിക്ക് സമീപമൊഴുകുന്ന കനാല്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് പൊളളലേറ്റ സംഭവമുണ്ടായത് ഒരു വര്‍ഷം മുന്‍പാണ്. ഇതില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുകയും നാല് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാകേണ്ടി വരികയും ചെയ്ത വത്സല അഴിമുഖത്തോട് പറഞ്ഞതിങ്ങനെയാണ്:

“ഒരു കൊല്ലം മുന്‍പ് ആ കനാലില്‍ തൊഴിലുറപ്പിന്റെ ഭാഗായിട്ട് ഇറങ്ങീതാണ്. ഇളംതുരുത്തിയിലുള്ള കനാലാണത്. അവിടന്നു കയറിയപ്പോ കാലുമ്മെ ചെറിയ ചെറിയ മുഴകളു പോലെ തടിച്ചു പൊന്തി. കാല് നീല നിറമായി. കാലൊക്കെ കുഴിഞ്ഞു പോകണ പോലായി. പാമ്പ് കടിച്ചതാണെന്നു വച്ച് പെട്ടന്ന് ആശുപ്ത്രീലു പോയി . പക്ഷെ ഡോക്ടറു പറഞ്ഞു പാമ്പൊന്നുമല്ല. വെള്ളത്തിന്റെ പ്രശ്‌നാകും, പൊള്ളലേറ്റതാണെന്ന്. ആസിഡാണെന്നും എനിക്കറിയിണ്ടാര്‍ന്നില്ല. അറിയാണെങ്കി ആ വെള്ളത്തില് ഇറങ്ങില്ലല്ലോ. എനിക്ക് മാത്രല്ല ഒപ്പള്ളോര്‍ക്കും പറ്റീണ്ടാര്‍ന്നു. പക്ഷേ എനിക്കാണ് കാര്യായത്. നടക്കാനും പണിക്ക് പോവാനൊന്നും പറ്റണില്ല. നാല് പ്ലാസ്റ്റിക് സര്‍ജറി നടത്തീട്ടാണ് ഈ നിലയ്ക്കെങ്കിലും ആയത്. പഞ്ചായത്തിന്റെയൊക്കെ ചെറിയ സഹായം ഉണ്ടായിട്ടുണ്ട്. ഇപ്പോ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥേലായി…”

ഇങ്ങനെ അറിഞ്ഞതും അറിയാത്തതുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ പ്രദേശവാസികള്‍ക്കുണ്ട്. നാടിന് ദുരിതം വിതയ്ക്കുന്നതാണ് ഇത്തരം കമ്പനികളെന്നു മനസിലായിട്ടും വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുകയാണ് കമ്പനി. ഈ ഘട്ടത്തില്‍ സമരമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്ന് പുഴമ്പള്ളത്തുകാര്‍ക്ക് നന്നായറിയാം. അവര്‍ പൊരുതി നില്‍ക്കുകയാണ്.

വിഷ്ണുദത്ത്

വിഷ്ണുദത്ത്

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍