മലയുടെ പല ഭാഗങ്ങളിലായി ഇടിഞ്ഞുവീഴാന്‍ ഒരുങ്ങിയെന്ന പോലെ നില്‍ക്കുന്ന മണ്ണും, എപ്പോള്‍ വേണമെങ്കിലും ഉരുണ്ടുവീണേക്കാവുന്ന വലിയ പാറകളും തച്ചിറക്കൊല്ലിയിലെ വീട്ടുകാര്‍ക്ക് ഭീതിയുണ്ടാക്കുന്നുണ്ട്.
തൃശ്ശിലേരി ക്ഷേത്രത്തിനടുത്ത് തച്ചിറക്കൊല്ലി മലയടിവാരത്തില്‍ താമസിക്കുന്ന 15 ഓളം കുടുംബങ്ങള്‍ മലയിടിച്ചില്‍ ഭീഷണിയുടെ വക്കത്താണ്. മഴ ശക്തമായി തുടര്‍ന്നാല്‍ തച്ചിറക്കൊല്ലി മലയുടെ മുകള്‍ഭാഗത്ത് ഇപ്പോള്‍ തുടങ്ങിയിട്ടുള്ള മലയിടിച്ചില്‍ കൂടുതല്‍ വ്യാപകമായി പരിസരപ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ വിതറാന്‍ സാധ്യതയുണ്ട്.’ മുപ്പതു ദശാബ്ദക്കാലങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1986 ജൂണ്‍ 30 തിങ്കളാഴ്ചയിലെ മാതൃഭൂമി ദിനപത്രത്തിന്റെ ഉള്‍പ്പേജുകളിലൊന്നില്‍ വന്ന വാര്‍ത്തയാണിത്. കീറിപ്പറിഞ്ഞ, പഴകി മഞ്ഞച്ച അന്നത്തെ പത്രത്താളുകള്‍ ജീവിതത്തിലേറ്റവും വലിയ സമ്പാദ്യമെന്ന കണക്കാണ് തകരപ്പെട്ടിയ്ക്കകത്തു നിന്നും ലീല എടുത്തു നീട്ടിയത്. തച്ചറക്കൊല്ലി മലയുടെ കീഴെ ലീല ഇപ്പോള്‍ താമസിക്കുന്ന മകളുടെ ഷീറ്റിട്ട ഒറ്റമുറിവീട്ടില്‍ വീട്ടില്‍ സുരക്ഷിതമായി വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ഒരേയൊരിടമാണ് ആ പഴയ തകരപ്പെട്ടി. മുപ്പത്തിനാലു വര്‍ഷങ്ങളായി സൂക്ഷിക്കുന്ന പത്രത്താളുകള്‍ നിവര്‍ത്തിക്കാണിച്ച് ലീല പറയുന്നു: ‘കൊല്ലമിത്രയുമായി ഈ സ്ഥലത്ത് പേടിച്ചു പേടിച്ച് താമസിക്കുന്നു. മഴ പെയ്യുമ്പോഴൊക്കെ മണ്ണിടിയും എന്ന് പേടിക്കും, ഇടിഞ്ഞിട്ടുമുണ്ട്. ഇനി ഏതായാലും വയ്യ. മണ്ണിടിച്ചില്‍ നമുക്കു കണ്ട് പരിചയമുണ്ട്. ഇതിപ്പോള്‍ അങ്ങിനെയല്ലല്ലോ.’
തച്ചിറക്കൊല്ലിക്കാര്‍ക്കു മാത്രമല്ല, വയനാട് ജില്ലയിലെ മലയോരപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കെല്ലാം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും എന്താണെന്നും എപ്പോഴാണെന്നും ഏകദേശ ധാരണയെങ്കിലുമുണ്ട്. എന്നാല്‍, ലീലയടക്കമുള്ളവര്‍ക്ക് കഴിഞ്ഞ പ്രളയകാലത്ത് അഭിമുഖീകരിക്കേണ്ടി വന്നത് ഇന്നവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു പ്രതിഭാസമാണ്. നോക്കി നില്‍ക്കേ നിലം വിണ്ടുകീറി വിള്ളല്‍ വീഴുന്നത് കണ്ട് ഭയന്നുപോയ തച്ചിറക്കൊല്ലിക്കാര്‍, അടുത്ത മഴക്കാലമെത്തുന്നതിനു മുന്‍പ് എങ്ങിനെ പുതിയൊരു വാസസ്ഥലം കണ്ടെത്താം എന്ന ചിന്തയിലാണ്. തൃശ്ശിലേരി, തിരുനെല്ലി എന്നിവിടങ്ങളില്‍ 2018 ആഗസ്ത് മാസം മുതല്‍ കണ്ടു തുടങ്ങിയ വിള്ളലുകള്‍ പ്രദേശവാസികളെ മാത്രമല്ല, ഭൂമിശാസ്ത്രജ്ഞരെപ്പോലും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. മണിക്കുന്ന്, പ്ലാമൂല എന്നീ പ്രദേശങ്ങളില്‍ വീടുകളും കിണറുകളും കൃഷിയിടങ്ങളും നശിപ്പിച്ച ഈ വിള്ളലുകള്‍ പക്ഷേ, തച്ചിറക്കൊല്ലിയില്‍ കാര്യമായ ജീവിതപ്രതിസന്ധി സൃഷ്ടിച്ചതിനു പിന്നിലും വ്യക്തമായ കാരണങ്ങളുണ്ട്.
ഭൂമിയിലെ വിള്ളല്‍ ഭീതിയിലാക്കിയ തച്ചിറക്കൊല്ലിക്കാര്‍
പ്രളയകാലത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുള്ള വയനാടിന്റെ ചില പ്രദേശങ്ങളില്‍ ഭൂമിയില്‍ വിള്ളലുകളുണ്ടായതും വലിയ വാര്‍ത്തയായിരുന്നു. പ്ലാമൂലയിലും മറ്റും ആദിവാസി ഊരുകളില്‍ അനവധി വീടുകളാണ് വിള്ളല്‍ വീണ് തകര്‍ന്നു പോയത്. വീടിന്റെ ചുമരുകളിലും നിലത്തും ചെറിയ വരയായി ആരംഭിച്ച വിള്ളലുകള്‍ ക്രമേണ വലുതായി വന്ന് വീടോടെ തന്നെ ഇടിഞ്ഞുപോയതും, നിലത്തു നില്‍ക്കുമ്പോള്‍ വലിയ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതുമെല്ലാം വാര്‍ഡ് മെംബര്‍ ശ്രീജയ്ക്കും കോളനിയിലെ ചിന്നുവിനും നടുക്കത്തോടെയേ വിവരിക്കാനാകുന്നുള്ളൂ. എന്നാല്‍, പ്ലാമൂലയടക്കമുള്ളയിടങ്ങളില്‍ വിള്ളല്‍ വീണ് വീടുകള്‍ തകര്‍ന്നുപോയ എല്ലാവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ അവസാനഘട്ടത്തിലാണ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നാലേക്കറോളം സ്ഥലത്ത് ഒരുങ്ങുന്ന പുതിയ വീടുകളിലേക്ക് മാറാന്‍ തയ്യാറെടുക്കുകയാണിവര്‍. പലര്‍ക്കും പിറന്നു വളര്‍ന്ന ഊരു വിട്ടു പോകാന്‍ താല്‍പര്യമില്ലെങ്കിലും, ജീവന്റെ സുരക്ഷയെക്കരുതി പുതിയ വീടുകളിലേക്ക് മാറാനുള്ള തീരുമാനമെടുക്കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു. ആദിവാസി വിഭാഗത്തിനു പുറത്തുള്ള മൂന്നു പേര്‍ക്കും ഇവിടെ വീടു നഷ്ടപ്പെട്ടിട്ടുണ്ട്. അവര്‍ക്കുള്ള ധനസഹായത്തിന്റെ കാര്യങ്ങളും ധ്രുതഗതിയില്‍ നീങ്ങുന്നുണ്ടെന്ന് ഉടമസ്ഥര്‍ പറയുന്നു.
പ്ലാമൂലയിലെ ജനങ്ങള്‍ക്ക് ഇത്രവേഗത്തില്‍ നഷ്ടപരിഹാരം ലഭിക്കാനുള്ള കാരണവും പഞ്ചായത്ത് മെംബര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. വയനാട് ജില്ലയില്‍ മണ്ണില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ട വാര്‍ത്ത പുറത്തറിഞ്ഞതോടെ മാധ്യമങ്ങള്‍ ഓടിയെത്തിയത് പ്ലാമൂലയിലേക്കായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം തുടര്‍ച്ചയായി പ്ലാമൂലയിലെ തകര്‍ന്ന ആദിവാസി കോളനിയിലെ വീടുകള്‍ കാണിക്കുകയും, ഉടന്‍ തന്നെ അധികൃതര്‍ ഇടപെട്ട് മാറ്റിപ്പാര്‍പ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയുമായിരുന്നെന്ന് പ്രദേശവാസികളും പറയുന്നു. എന്നാല്‍, സമാനമായ സാഹചര്യം നേരിട്ട തച്ചിറക്കൊല്ലിയിലേക്ക് ആരും തിരിഞ്ഞുനോക്കിയതേയില്ല. കുന്നുകള്‍ക്കു മുകളിലാരംഭിച്ച്, വീടുകളുടെ അടിത്തറ പോലുമിളക്കി, റോഡുകള്‍ തകര്‍ത്ത് വ്യാപിച്ചു കിടന്ന വിള്ളല്‍ തച്ചിറക്കൊല്ലിക്കാരെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്. വിവരമറിയിച്ചതിനനുസരിച്ച് ഉദ്യോഗസ്ഥര്‍ വന്നെങ്കിലും, കാര്യമൊന്നുമുണ്ടായില്ലെന്നാണ് തച്ചിറക്കൊല്ലിമലയ്ക്കു കീഴെ താമസിക്കുന്നവരുടെ ആക്ഷേപം. ഓരോ തവണയും എത്തുന്നവര്‍ കണക്കെടുത്തും പഠനങ്ങള്‍ നടത്തിയും പോകുന്നതല്ലാതെ തങ്ങള്‍ക്ക് ഉപകാരമുള്ള ഒന്നും ചെയ്തു കണ്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു. പതിറ്റാണ്ടുകളായി മലയിടിച്ചില്‍ ഭീഷണിയില്‍ കഴിയുന്നവരായിട്ടുകൂടി തങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ ലിസ്റ്റില്‍ നിന്നും പുറന്തള്ളപ്പെട്ടുപോകുന്നത് എന്തുകൊണ്ടാണെന്നാണ് തച്ചിറക്കൊ്‌ലിക്കാര്‍ക്ക് അറിയേണ്ടത്.
വീടിന്റെ അടിത്തറയിളക്കിയ വിള്ളലുകള്‍, ഏതു നിമിഷവും ഉരുണ്ടുവീഴാവുന്ന പാറകള്‍
‘ഇവിടെ പതിനെട്ടോളം വീടുകള്‍ ഭീഷണിയിലാണ് എന്നതാണ് വാസ്തവം. അക്കരെ രണ്ടു വീടു വേറെയുണ്ട്. എന്നിട്ടും ഇവിടെ ആകെ രണ്ടു വീട്ടുകാര്‍ക്കു മാത്രമേ സ്ഥലവും വീടുണ്ടാക്കാനുള്ള ഫണ്ടും അനുവദിച്ചു കിട്ടിയിട്ടുള്ളൂ. പുതിയ ഒരു ലിസ്റ്റ് ഉടനെ വരുമെന്ന് പറയുന്നുണ്ട്. പക്ഷേ, അടുത്ത മഴയക്ക് ഇവിടെ നില്‍ക്കാന്‍ പറ്റില്ലെന്ന് ഉറപ്പാണ്. ഞങ്ങള്‍ക്ക് പതിനായിരം രൂപ ധനസഹായം കിട്ടിയിട്ടുണ്ട്. എസ്.ടിക്കാര്‍ക്കും വകുപ്പിന്റെ സഹായങ്ങള്‍ എത്തിയിട്ടുണ്ട് എന്നാണ് അറിവ്. ആഗസ്ത് പതിനഞ്ചിന് ജില്ലാ കലക്ടര്‍ ഇവിടെയെത്തി, ഞങ്ങളെയെല്ലാം ഖാദി ബോര്‍ഡിനടുത്തുള്ള സ്ഥലത്തേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശമൊക്കെ കൊടുത്തിട്ടുണ്ട്. അതു കഴിഞ്ഞിട്ടിപ്പോള്‍ ആറു മാസമായി. ഒരു നീക്കവും അതിനു മേലെ ഉണ്ടായിട്ടില്ല. ആഗസ്ത് 27ന് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും മാറി ബൈബിള്‍ മിഷന്‍ പള്ളിയിലായിരുന്നു കുറച്ചുനാള്‍. അവിടെ ബൈബിള്‍ ക്ലാസ് നടത്തേണ്ട പ്രശ്‌നം വന്നപ്പോള്‍ തിരികെ വീട്ടിലേക്കും പോന്നു. വരാനിരിക്കുന്ന മഴ പേടിച്ച് ഒന്നോ രണ്ടോ പേര്‍ ഇപ്പോള്‍ത്തന്നെ വീടുപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറിയിട്ടുണ്ടെന്നാണ് വിവരം. ബാക്കിയെല്ലാവരും പേടിച്ച് പേടിച്ച് മലയടിവാരത്തില്‍ കഴിയുന്നു.’ തച്ചിറക്കൊല്ലിയിലെ പ്രദേശവാസികളിലൊരാളായ രതീഷ് പറയുന്നു. ആരുമറിയാതെ പോകുന്ന അതിജീവനത്തിന്റെ ഒരുപാടു കഥകളാണ് തച്ചിറക്കൊല്ലിയില്‍ നിന്നും രതീഷിനു പറഞ്ഞുതരാനുള്ളത്.
വിള്ളല്‍ വീണു നശിച്ച വീടുകളുടെ കൂട്ടത്തില്‍ രതീഷും കുടുംബവും താമസിച്ചിരുന്ന ഒറ്റനിലക്കെട്ടിടവുമുണ്ട്. വീടിന്റെ തറയടക്കം വിണ്ടുകീറി ഇളകിക്കിടക്കുന്ന അവസ്ഥയില്‍ ഇവിടെ നിന്നും താമസം മാറിയിരിക്കുകയാണ് രതീഷ്. ഭാര്യയെയും കുഞ്ഞിനെയും ഭാര്യാപിതാവിന്റെ വീട്ടിലേക്കു മാറ്റിയ ശേഷം സഹോദരിയുടെ വീട്ടിലാണ് രതീഷും അമ്മ ലീലയും താമസിക്കുന്നത്. ആകെയുണ്ടായിരുന്ന വീടു തകര്‍ന്നതിനേക്കാള്‍ ലീലയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് വാഗ്ദാനം ചെയ്ത സഹായങ്ങളൊന്നും നാളിതുവരെ കൈയിലെത്തിയില്ല എന്നതാണ്. ‘ഞാനൊരു വിധവയാണ്. വീടു വയ്ക്കാന്‍ അഞ്ചു സെന്റ് സ്ഥലം മാത്രമാണ് ഞാന്‍ ചോദിക്കുന്നത്. എത്ര വര്‍ഷമായി ഈ ഭീഷണിയില്‍ കഴിയുന്നു. കിട്ടാനുള്ള സഹായങ്ങള്‍ പോലും ചിലര്‍ തട്ടിത്തെറിപ്പിക്കുകയാണ്.’ ലീല പറയുന്നു. തച്ചിറക്കൊല്ലി മലയുടെ അല്പം മുകളിലായുള്ള രതീഷിന്റെ വീട്ടില്‍ വീണ വിള്ളല്‍, മലയുടെ ചുറ്റുമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള വലിയ വിള്ളലിന്റെ ഭാഗമാണ്. മണ്ണിടിഞ്ഞയിടത്തുനിന്നും വ്യക്തമായി കാണാവുന്ന നീണ്ട വിള്ളല്‍ വീടുകളും റോഡും രണ്ടായി പിളര്‍ത്തിക്കളഞ്ഞിട്ടുണ്ട്. വിള്ളല്‍ വീണ ഭാഗങ്ങളില്‍ ബലക്കുറവുണ്ടാകും എന്ന സാമാന്യ ബോധവും, ഇപ്പോള്‍ താമസിക്കുന്ന സഹോദരിയുടെ ഷീറ്റിട്ട വീടും അടുത്ത മഴ പെയ്താല്‍ ഇടിഞ്ഞു വീണേക്കാവുന്ന മണ്ണിനടിയിലാകും എന്ന ഭയവും രതീഷിനുണ്ട്. മലയുടെ പല ഭാഗങ്ങളിലായി ഇടിഞ്ഞുവീഴാന്‍ ഒരുങ്ങിയെന്ന പോലെ നില്‍ക്കുന്ന മണ്ണും, എപ്പോള്‍ വേണമെങ്കിലും ഉരുണ്ടുവീണേക്കാവുന്ന വലിയ പാറകളും തച്ചിറക്കൊല്ലിയിലെ വീട്ടുകാര്‍ക്ക് ഭീതിയുണ്ടാക്കുന്നുണ്ട്.
ജില്ലയില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കും വാസയോഗ്യമല്ലാതായി മാറിയവര്‍ക്കുമെല്ലാം ബദല്‍ സംവിധാനങ്ങളും സഹായധനവും എത്തിച്ചു കഴിഞ്ഞിട്ടുണ്ടെന്നും, ഇനി ബാക്കിയുള്ളത് ചുരുക്കം ചിലര്‍ മാത്രമാണെന്നും അവകാശപ്പെടുന്ന വയനാട് ജില്ലാ ഭരണകൂടം അറിയേണ്ട കഥകള്‍ ഇനിയുമുണ്ട്. പുറത്തുനിന്നും നോക്കിയാല്‍ യാതൊരു കുഴപ്പവും തോന്നാത്ത തച്ചിറക്കൊല്ലിയിലെ ചന്ദ്രന്റെ വീട് തീര്‍ത്തും വാസയോഗ്യമാണെന്ന് വിധിയെഴുതിയ ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. എന്നാല്‍, വിള്ളല്‍ വീണ ദിവസങ്ങളില്‍ ചന്ദ്രന്റെ വീടിന്റെ അടിത്തറ പോലും ഇളകിപ്പോയിരുന്നു. മണ്ണില്‍ വീണ വിള്ളല്‍ ചന്ദ്രന്റെ വീടിനടിയിലൂടെയാണ് കടന്നു പോയത്. മാത്രമല്ല, ചുവരുകളിലും നെടുകെ വിള്ളല്‍ വീണിട്ടുണ്ട്. തറയ്ക്കും മണ്ണിനുമിടയില്‍ രൂപപ്പെട്ട വിടവ് ചൂണ്ടിക്കാണിച്ച്, അടുത്ത മഴക്കാലം തങ്ങള്‍ എങ്ങനെ താണ്ടുമെന്ന് ചന്ദ്രന്‍ ചോദിക്കുന്നു. ഒന്നു തൊട്ടാല്‍ത്തന്നെ ഇളകിയാടുന്ന ചുവരുകളുള്ള ഈ വീട് വാസയോഗ്യമാണെന്ന് എന്തടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് ഇപ്പോഴും ചന്ദ്രനും ഭാര്യ വിലാസിനിക്കുമറിയില്ല.
‘രണ്ടു മാസം സ്‌കൂളിലും, രണ്ടുമാസം ക്യാമ്പിലും കഴിഞ്ഞു. ആകെയുണ്ടായിരുന്ന നാലു പശുക്കളില്‍ രണ്ടെണ്ണത്തിനെ ക്യാമ്പില്‍ കെട്ടാന്‍ സ്ഥലമില്ലാത്തതിനാല്‍ കിട്ടിയ വിലയ്ക്ക കൊടുത്തൊഴിവാക്കേണ്ടിവന്നു. എല്ലാ ഉദ്യോഗസ്ഥരും ഇവിടെ വന്നു നോക്കി പോയതാണ്. ഞങ്ങളുടെ വീടിന് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് അവരെല്ലാം പറയുന്നത്. ഈ വിള്ളല്‍ കണ്ടിട്ടും അവരെന്താണ് അങ്ങനെ പറഞ്ഞതെന്നറിയില്ല. വലിയ കല്ലുകള്‍ ഇനിയും തച്ചറക്കൊല്ലി മലയുടെ മുകളില്‍ ഉരുണ്ടു നില്‍ക്കുന്നുണ്ട്. ഇനിയൊരു മഴ പെയ്താല്‍ ഏതു നിമിഷവും മണ്ണിടിയും. കഴിഞ്ഞയാഴ്ച കൂടിയ ഗ്രാമസഭയിലും വെറും രണ്ടു പേര്‍ക്കാണ് വീടു നല്‍കാന്‍ തീരുമാനമായത്. ഞങ്ങളിതുവരെ ഒരു ലിസ്റ്റിലും പെട്ടിട്ടില്ല. മണ്ണിടിച്ചിലിനു മുന്‍പ് സര്‍ക്കാര്‍ കണക്കില്‍ അമ്പത്തി അയ്യായിരം രൂപ സെന്റിനു വിലയിട്ടിട്ടുള്ള സ്ഥലമാണ്. ഇപ്പോള്‍ ആധാരം പണയം വയ്ക്കാന്‍ നോക്കിയപ്പോള്‍ സെന്റിന് 850 രൂപയാണ് സര്‍ക്കാര്‍ കണക്കിലെ വിലയെന്നാണ് പറയുന്നത്. കൂലിപ്പണിക്കാരായ ഞങ്ങള്‍ക്ക് ഇനിയെന്തു ചെയ്യാന്‍ പറ്റും? വേറെ സ്ഥലം കിട്ടിയാല്‍ എവിടെയായാലും മാറാന്‍ തയ്യാറാണ്. അതല്ലെങ്കില്‍ ജീവന്‍ കൈയില്‍ പിടിച്ച് ഇവിടെ കഴിയണം. മരിച്ചാല്‍ മരിക്കട്ടെ എന്നു കരുതുകയല്ലാതെ വേറെന്തു ചെയ്യാന്‍’ പ്രളയാനന്തര കേരളം ആറുമാസം പിന്നിടുമ്പോഴും നഷ്ടപ്പെട്ട സ്വസ്ഥ ജീവിതം തിരിച്ചു പിടിക്കാനാകാത്തതിനെക്കുറിച്ച് ചന്ദ്രന്‍ പറയുന്നതിങ്ങനെ. ചന്ദ്രന്‍ മാത്രമല്ല, തച്ചിറക്കൊല്ലിയിലെ മറ്റു പ്രദേശവാസികളായ കൃഷ്ണപ്രകാശ്, സരസു, രാജീവന്‍, യമുന, രാജേഷ്, ബെന്നി, രാജു, ശാന്ത, സിന്ധു, സുമ എന്നിവരുടെയെല്ലാം അവസ്ഥ ഇതുതന്നെ.
പുറത്തറിയാത്ത പഠനറിപ്പോര്‍ട്ടുകള്‍
ഏതു നിമിഷവും ഇനിയും മണ്ണിടിഞ്ഞേക്കാവുന്ന തച്ചറക്കൊല്ലി മലയ്ക്കു കീഴെ തങ്ങളെ ഇനിയും താമസിക്കാന്‍ അനുവദിക്കുന്നതിനേക്കുറിച്ചാണ് തച്ചിറക്കൊല്ലിക്കാര്‍ക്ക് ആധിയുള്ളത്. വീടുകളുള്ള മലഞ്ചെരിവില്‍ നിന്നും അല്പം മുകളിലേക്കു കയറുന്ന ആര്‍ക്കും, മലയില്‍ അര്‍ദ്ധവൃത്താകൃതിയിലുണ്ടായിട്ടുള്ള വലിയ വിള്ളലുകളും അതിനൊപ്പം ഉറപ്പില്ലാതെ വീഴാനൊരുങ്ങിനില്‍ക്കുന്ന പാറകളും കാണാം. മലയുടെ ഒരു വശത്തു നിന്നും ആരംഭിച്ച്, പതിനെട്ടോളം വീടുകള്‍ കടന്ന് റോഡിലേക്കുമിറങ്ങിയിട്ടുള്ള വിള്ളലാണ് ആശങ്കയ്ക്ക് പ്രധാനമായും വഴിയൊരുക്കുന്നത്. മണ്ണിടിഞ്ഞ ദിവസം താഴെയുള്ള റോഡു പോലും വിള്ളലില്‍ പിരിഞ്ഞു രണ്ടു ഭാഗങ്ങളായി തിരിഞ്ഞുപോയ അവസ്ഥയിലായിരുന്നു. ഒറ്റനോട്ടത്തില്‍ വാസയോഗ്യമല്ലെന്ന് ഉറപ്പിക്കാവുന്ന തച്ചിറക്കൊല്ലി പ്രദേശത്തെ മലയോരം പക്ഷേ, ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും സുരക്ഷിതമാണ്. വലിയ അപകടങ്ങള്‍ക്കു സാധ്യതയില്ലാത്ത പ്രദേശമാണെന്ന് ശാസ്ത്രീയ പഠനങ്ങളിലൂടെ ഉറപ്പിക്കാനായിട്ടുണ്ടെങ്കില്‍, പ്രദേശവാസികളുടെ ആശങ്കകള്‍ ദൂരീകരിക്കാനാകുന്ന വിധത്തില്‍ അതു വിശദീകരിച്ചു തരികയെങ്കിലും വേണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.
‘പ്രളയകാലത്തിനു ശേഷം എത്രയോ പേര്‍ വന്ന് പഠനം നടത്തി പോയിട്ടുണ്ട്. വിള്ളലുകള്‍ വന്നത് എങ്ങനെയാണെന്നോ ഇനി ഇവിടെ സംഭവിച്ചേക്കാവുന്ന മറ്റ് ആപത്തുകള്‍ എന്താണെന്നോ ഞങ്ങള്‍ക്ക് ഇപ്പോഴുമറിയില്ല. പഠനം നടത്തിയവരില്‍ ദേശീയ ഏജന്‍സികള്‍ വരെയുണ്ട്. ഇവരെല്ലാം പഠിച്ച ശേഷം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പറഞ്ഞിട്ടു പോകുന്നത്. കാര്യമെന്താണെന്നു ചോദിച്ചാല്‍ ഇതാണ് മറുപടി. ഇവിടെ താമസിക്കുന്ന ഞങ്ങള്‍ക്ക് ഇവിടത്തെ പ്രശ്‌നമെന്താണെന്ന് അറിയാനുള്ള അവകാശമില്ലേ? ഞങ്ങളോടല്ലേ ഇത് ആദ്യം അവതരിപ്പിക്കേണ്ടത്? അതു ചെയ്യാത്തിടത്തോളം കാലം ഇവര്‍ പറയുന്നതുപോലെ ഈ സ്ഥലം സുരക്ഷിതമാണെന്ന് എങ്ങനെ വിശ്വസിക്കാനാണ്?’ പേരിനു പഠനം നടത്തി മടങ്ങുന്ന സംഘടനകളോടും ഏജന്‍സികളോടുമുള്ള രോഷമാണ് ഇവരുടെ വാക്കുകളില്‍.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയടക്കമുള്ളവര്‍ നടത്തുന്ന പഠനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സാധാരണഗതിയില്‍ പഠിതാക്കള്‍ക്കും മറ്റ് ഫൗണ്ടേഷനുകള്‍ക്കും ലഭ്യമാകാറില്ലെന്ന് വയനാടിന്റെ ഭൂപ്രകൃതിയെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നവരും പറയുന്നു. സാധാരണക്കാര്‍ക്ക് ലഭ്യമാകാത്തതും, പ്രദേശവാസികള്‍ക്ക് വിശദീകരിച്ചു കൊടുക്കപ്പെടാത്തതുമായ റിപ്പോര്‍ട്ടുകള്‍ കൊണ്ടുള്ള പ്രയോജനം എത്രത്തോളമാണെന്നും ചിന്തിക്കേണ്ടതുണ്ട്. അതേസമയം, വയനാട്ടില്‍ മുന്‍പു കണ്ടിട്ടില്ലാത്ത വിള്ളല്‍ വീഴുന്ന പ്രതിഭാസത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതേയുള്ളൂവെന്നാണ് ജില്ലാ മണ്ണു സംരക്ഷണ വകുപ്പു മേധാവി ദാസിന്റെയും വിലയിരുത്തല്‍. വയനാടിന്റെ ഭൂപ്രകൃതിയെക്കുറിച്ച് പഠിക്കുകയും പരിചയസമ്പത്തുണ്ടാക്കുകയും ചെയ്തിട്ടുള്ള ദാസ് വിള്ളല്‍ വീഴുന്ന പ്രതിഭാസത്തെക്കുറിച്ചു പറയുന്നതിങ്ങനെ ‘വളരെ ശക്തമായി മഴ വീഴുമ്പോള്‍, ചെമ്മണ്ണില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കും. ചരല്‍ ഒരു ഭാഗത്താകും, ക്ലേ മറ്റൊരു ഭാഗത്താകും. വെള്ളം കുത്തിയൊഴുകി വരുമ്പോള്‍ മണ്ണിനകത്തുള്ള ചെറിയ സുഷിരങ്ങള്‍ വഴി അത് ഉള്ളില്‍ കടക്കുകയും ചെയ്യും. ക്രമേണ ശക്തിപ്പെട്ട്, ഈ സുഷിരങ്ങള്‍ക്കകത്തുള്ള ക്യാവിറ്റികള്‍ക്ക് പൈപ്പിംഗിന്റെ സ്വഭാവം കൈവരും. ഞാന്‍ അവിടെ ചെന്ന് മണ്ണില്‍ ചെവി ചേര്‍ത്തപ്പോള്‍ അകത്തൊരു അരുവിയൊഴുകുന്ന പോലുള്ള ശബ്ദം കേള്‍ക്കാമായിരുന്നു. ഈ വെള്ളം എവിടെയാണ് പുറത്തെത്തുന്നത് എന്നുമാത്രമറിയില്ല. ഇങ്ങനെ അകത്തു വെള്ളം കയറുമ്പോള്‍ മണ്ണ് ചതുപ്പിന്റെ സ്വഭാവത്തിലേക്ക് വരികയും വെള്ളത്തില്‍ അലിയുന്നതു പോലെയാവുകയും ചെയ്യും. അതോടെ ഈ ഭാഗം ലൂസ് ആയി മുകള്‍ഭാഗത്തുള്ള മണ്ണിന്റെ പാളി നീങ്ങിപ്പോകും. ഒരു ഘനമീറ്റര്‍ മണ്ണിന് രണ്ടു ടണ്‍ ഭാഗമാണെങ്കില്‍, ഈ വെള്ളം ചെല്ലുന്നതോടെ അത് മൂന്നു ടണ്ണായി മാറുന്നുണ്ട്. മണ്ണിന്റെ ലേയറുകള്‍ താഴേക്ക് അമരുകയും തെന്നിനീങ്ങുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ വിള്ളലുകള്‍ ഉണ്ടാകുന്നത്. സബ്‌സിഡന്‍സ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസവും മഴ കൂടിയതുകൊണ്ടുതന്നെയാണ് ഉണ്ടായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.’
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കൂടാതെ വിള്ളലുകള്‍ വീണതും മഴ കാരണമാണെന്നും അല്ലെന്നും വാദങ്ങളുണ്ടെങ്കിലും, വിള്ളലുകളെക്കുറിച്ചു മാത്രം കാര്യമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ലെന്നതാണ് വാസ്തവം. വിള്ളല്‍ വീണ സ്ഥലങ്ങള്‍ വാസയോഗ്യമാണോ എന്ന ചോദ്യത്തിന്, സമയമെടുത്ത് നിരീക്ഷിച്ച് തീരുമാനിക്കാനേ സാധിക്കുകയുള്ളൂ എന്നാണ് ഉദ്യോഗസ്ഥര്‍ക്ക് മറുപടി തരാനുള്ളത്. മണ്ണിന്റെ പാളികള്‍ നീങ്ങുന്നതു തന്നെയാകാം കാരണമെന്നാണ് പൊതുവായ നിരീക്ഷണം. ദുരന്തത്തിന്റെ കാരണം എന്തുതന്നെയായാലും, അത് കുറഞ്ഞപക്ഷം പ്രദേശവാസികള്‍ക്കെങ്കിലും വിശദീകരിച്ചുകൊടുക്കാനുള്ള നീക്കം അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആവശ്യം. തച്ചിറക്കൊല്ലിക്കാര്‍ക്ക് സുരക്ഷിതമായ വാസസ്ഥലമൊരുക്കുകയോ, അടുത്ത ദുരന്തത്തിനു കാത്തുനില്‍ക്കാതെ വിള്ളലുകളെക്കുറിച്ച് കാര്യക്ഷമമായ പഠനങ്ങള്‍ എത്രയും വേഗം നടത്തുകയോ ചെയ്തില്ലെങ്കില്‍, വയനാട് നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഉടനെയൊന്നും പരിഹാരം കാണാന്‍ സാധിക്കില്ല.