UPDATES

ട്രെന്‍ഡിങ്ങ്

കര്‍ശന പരിശോധനകള്‍, നിയന്ത്രണങ്ങള്‍; അതീവ സുരക്ഷയില്‍ ഇത്തവണത്തെ തൃശൂര്‍ പൂരം

പൂരത്തിനു മേല്‍ ഇതുവരെ ഭീഷണികളൊന്നും ഇല്ലെങ്കിലും അയല്‍രാജ്യങ്ങളിലെയും അയല്‍സംസ്ഥാനങ്ങളിലെയും സംഭവവികാസങ്ങള്‍ സുരക്ഷ ശക്തമാക്കുന്നതെന്നു പൊലീസ്

അയല്‍രാജ്യങ്ങളിലെയും അയല്‍സംസ്ഥാനങ്ങളിലെയും സംഭവവികാസങ്ങള്‍ മുന്‍നിര്‍ത്തി ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് അതീവ സുരക്ഷ മുന്നൊരുക്കങ്ങള്‍. പൂരത്തിനു മേല്‍ ഇതുവരെ ഭീഷണികളൊന്നും ഇല്ലെങ്കിലും മറ്റ് സാഹചര്യങ്ങള്‍ പരിഗണിച്ചാണ് സുരക്ഷ ശക്തമാക്കുന്നതെന്നു തൃശൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ, സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര എന്നിവര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച്ച മുതല്‍ ചൊവ്വാഴ്ച്ച വരെയാണ് സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടുന്നതിനായി ക്രൈസിസ് മാനേജ്‌മെന്റ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൂരം കണ്‍ട്രോള്‍ റൂമും ജില്ല കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. 100 എന്ന നമ്പരിലേക്ക് ഡയല്‍ ചെയ്ത് സഹായങ്ങള്‍ ആവശ്യപ്പെടുകയോ വിവരങ്ങള്‍ കൈമാറുകയോ ചെയ്യാം.

ഭീകരാക്രമണങ്ങള്‍ തടയുന്നതിനാവശ്യമായ ഒരുക്കങ്ങളാണ് നടത്തുന്നത്. വിവിധ സുരക്ഷ ഏജന്‍സികളുടെ സാന്നിധ്യം ഇത്തവണ തൂശൂര്‍ പൂരത്തില്‍ ഉണ്ടാകും. 160 ബോംബ് സ്‌ക്വാഡ് അംഗങ്ങള്‍ പൂരസ്ഥലത്ത് ഉണ്ടാകുമെന്നാണ് വിവരം. 10 ഡോഗ് സ്‌ക്വാഡുകളും ഉണ്ടാകും. പൂരം കാണാന്‍ വരുന്നവര്‍ ബാഗ്, പ്ലാസ്റ്റിക് കുപ്പി എന്നിവ ഒഴിവാക്കി വരണമെന്നാണ് നിര്‍ദേശം. വടക്കുംനാഥ ക്ഷേത്രം, തേക്കിന്‍കാട് മൈതാനം, സ്വരാജ് റൗണ്ട് എന്നിവിടങ്ങളില്‍ 80 ഓളം സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തത്സമയദൃശ്യങ്ങള്‍ പൊലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കും.

13 ആം തീയതിയാണ് പൂരം. അന്നേ ദിവസം വടക്കുംനാഥ ക്ഷേത്രത്തില്‍ വരുന്നവരെ പരിശോധനയ്ക്ക് വിധേയരാക്കി മാത്രമെ പ്രവേശിപ്പിക്കൂ. സ്ത്രീകളെയും കുട്ടികളെയും പരിശോധിക്കാന്‍ പ്രത്യേക വനിത സ്‌ക്വാഡ് ഉണ്ടായിരിക്കും. ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള പ്രവേശന കവാടങ്ങളില്‍ ഡോര്‍ ഫ്രെയിംഡ് മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉള്‍പ്പെടെ അത്യാധുനിക സുരക്ഷ സജ്ജീകരണങ്ങള്‍ ഒരുക്കും.

പൂരനഗരിയിലോ സമീപപ്രദേശങ്ങളിലോ സംശയാസ്പദമായി ആരെ കണ്ടാലും പൊലീസിനെ വിവരം അറിയിക്കണമെന്ന് ഐജി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പൂരം ദൃശ്യമാകുന്ന തരത്തിലുള്ള കെട്ടിടങ്ങളിലും പരിധോ നടത്തും. ഇവിടങ്ങളില്‍ തീരദേശ പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ബൈനോക്കൂലറുകള്‍ സ്ഥാപിക്കും.

ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം, വെടിക്കെട്ട് എന്നിവ നടക്കുന്ന സമയങ്ങളില്‍ തൊട്ടടുത്ത പരിസരങ്ങളിലേക്ക് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ബാഡ്ജ് ധരിച്ച് വോളന്റിയര്‍മാരെയല്ലാതെ മറ്റാരെയും കടത്തിവിടില്ല. പൂരപ്പറമ്പില്‍ ഭക്ഷണശാലകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. അതുപോലെ ഗ്യാസ് നിറച്ചുള്ള ബലൂണുകളുടെ വില്‍പ്പനയ്ക്കും വിലക്കുണ്ട്.

ആനത്തൊഴിലാളികള്‍, ആന ഉടമസ്ഥര്‍, സഹായികള്‍, വെടിക്കെട്ട് തൊഴിലാളികള്‍ എന്നിവരുടെ വിവരങ്ങള്‍ പരിശോധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് ഇവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഇതേപോലെ എല്ലാ പൂരക്കമ്മറ്റി ഭാരവാഹികളുടെയും വോളന്റിയര്‍മാരുടെയും വിവരങ്ങളും പൊലീസ് ശേഖരിക്കും. വാദ്യകലാകാരന്മാര്‍ക്കും പൊലീസ് ബാഡ്ജ് നല്‍കും, വാദ്യോപകരങ്ങള്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ചശേഷം മാത്രമെ ഉപയോഗത്തിന് നല്‍കൂ.

പൂരം കഴിയുന്നതുവരെ അപരിചിതര്‍ക്ക് വീടോ വാഹനമോ നല്‍കുന്നത് കര്‍ശനമായി ഒഴിവാക്കണമെന്നും ജനങ്ങളോട് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൃത്യമായ രേഖകളും ഫോട്ടോയും നല്‍കാത്ത ആര്‍ക്കും തന്നെ മൊബൈല്‍ സിം കാര്‍ഡുകള്‍ നല്‍കരുതെന്നും നിര്‍ദേശമുണ്ട്. അടിയന്തിരമായെന്ന രീതിയില്‍ ആരെങ്കിലും ഫോണോ സിംകാര്‍ഡോ വാങ്ങാന്‍ വരുന്നുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ പൊലീസ് കൈമാറണം. നഗരത്തിലെ ഹോട്ടലുകളിലെല്ലാം സിസിടിവി കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കിയിരിക്കണം. വിദേശികള്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ പൊലീസിന് കൈമാറണം.

അച്ഛനെ കോമയില്‍ നിന്നുണര്‍ത്താന്‍ പഠനം; ഈ ഫുള്‍ എ പ്ലസ് ഒരു മകളുടെ മനക്കരുത്തിന്റെ വിജയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍