UPDATES

കാസര്‍ഗോഡിനെ ഐഎസ് കേന്ദ്രമാക്കാന്‍ ഏഴ് വര്‍ഷം മുമ്പത്തെ ഫോട്ടോഷോപ്പ് ചിത്രം: ടൈംസ് നൗവിന്റെ പ്രൈംടൈം ചര്‍ച്ച

2010 ഫെബ്രുവരി അഞ്ചിനാണ് ഈ വാര്‍ത്ത ആദ്യമായി ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്നത്. Sikh and Islam എന്ന ബ്ലോഗില്‍.

ഐഎസ്‌ഐസിന്റെ ഈ കേന്ദ്രത്തില്‍ ഹിന്ദു യുവാക്കള്‍ ഭീകര പ്രവര്‍ത്തനങ്ങളിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെടുകയാണ്. കോച്ചിംഗ് സെന്ററുകളും ട്യൂഷന്‍ ക്ലാസുകളും മറ്റും കേന്ദ്രീകരിച്ചാണ് ഐഎസ് ഏജന്റുമാര്‍ പ്രധാനമായും ഈ പ്രവര്‍ത്തനം നടത്തുന്നത്. ഒരോ സമുദായത്തില്‍ പെട്ടവര്‍ക്കും അവര്‍ ഇട്ടിരിക്കുന്ന വില കാണിക്കുന്ന ഈ റേറ്റ് കാര്‍ഡ് നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം – ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ശിവശങ്കര്‍ കത്തിക്കയറുകയാണ്. കാസര്‍ഗോഡിനെ ഇന്ത്യയിലെ ഗാസ എന്നാണ് വിശേഷിപ്പിക്കുന്നത്. ഐഎസും ഗാസയും തമ്മില്‍ എന്ത് ബന്ധം എന്ന് ചോദിക്കരുത്. കഥയില്‍ ചോദ്യമില്ല. altnews.in എന്ന ന്യൂസ് പോര്‍ട്ടലാണ് ടൈംസ് നൗ വാര്‍ത്തയുടേയും ചര്‍ച്ചയുടേയും പൊള്ളത്തരം തുറന്നുകാട്ടിയത്.

വിവിധ ഇസ്ലാം ഇതര മതവിഭാഗങ്ങളിലും ഹിന്ദുക്കളിലെ വിവിധ ജാതികളിലും പെട്ട യുവതികള്‍ക്ക് ഇട്ടിരിക്കുന്ന വിലയാണ് പറയുന്നത്. മതപരിവര്‍ത്തനം നടത്താനുള്ള വില ഒരു ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെ. ബ്രാഹ്മണ യുവതികള്‍ക്ക് അഞ്ച് ലക്ഷം, പഞ്ചാബി സിഖ് യുവതി – ഏഴ് ലക്ഷം, ഗുജറാത്തി ബ്രാഹ്മിണ്‍, ഹിന്ദു ക്ഷത്രിയ – നാലര ലക്ഷം, ഹിന്ദു ഒബിസി, എസ് സി, എസ് ടി – രണ്ട് ലക്ഷം, ബുദ്ധിസ്റ്റ് – ഒന്നര ലക്ഷം, ജൈന – മൂന്ന് ലക്ഷം എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്. #CaliphateConvertsHindus എന്ന ഹാഷ് ടാഗാണ് ട്വിറ്ററില്‍ ടൈംസ് നൗ ഉപയോഗിച്ചിരിക്കുന്നത്. ഈ റേറ്റ് കാര്‍ഡ് ചിത്രത്തിന്റെ ആധികാരികത സംബന്ധിച്ച് ടൈംസ് നൗ ഒരിക്കല്‍ പോലും എന്തെങ്കിലും തരത്തിലുള്ള സംശയം ഉന്നയിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

2016 ഫെബ്രുവരിയിലും ഈ റേറ്റ് കാര്‍ഡ് സ്റ്റോറി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജമാണെന്ന് വ്യക്തമാക്കുകയുമുണ്ടായിരുന്നു. ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന വ്യാജ വാര്‍ത്താ സൈറ്റുകള്‍ ഈ വാര്‍ത്ത നല്‍കിയിരുന്നു – Hindutva.Info, Jagruk Bharat, Hindu Existence തുടങ്ങിയവ. 2014 സെപ്റ്റംബര്‍ 20ന് Bare Naked Islam എന്ന സൈറ്റ് ഈ ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് എബിപി ന്യൂസ് ഇത് വ്യാജമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ശിവസേന മുഖപത്രം സാംന 2010 അവസാനം ഈ വാര്‍ത്ത നല്‍കിയിരുന്നു. 2010 ഫെബ്രുവരി അഞ്ചിനാണ് ഈ വാര്‍ത്ത ആദ്യമായി ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്നത്. Sikh and Islam എന്ന ബ്ലോഗില്‍. ഫോട്ടോഷോപ്പില്‍ തയ്യാറാക്കിയ ഈ വ്യാജ ചിത്രം ഉപയോഗിച്ചാണ് ഏഴ് വര്‍ഷത്തിന് ശേഷവും ടൈംസ് നൗ അവരുടെ പ്രൈംടൈം ചര്‍ച്ച നടത്തുന്നത്.

ഒരു ഇസ്ലാമിസ്റ്റ് സംഘടനയുടെ പാംഫ്‌ളെറ്റല്ല ഇതെന്ന് വ്യക്തമാക്കുന്നതാണ് ഇതിലെ വാചകങ്ങള്‍. “In the Name of Allah, the Most Beneficent, the Most Merciful“ എന്ന വാചകം തെറ്റായി “in the name of allah……most merciful, most benificiary“ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഹൃദയചിഹ്നവും തോക്കും ചേര്‍ന്ന ലോഗോയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഇത് ഐഎസിന്റേതല്ല. ഹൃദയ ചിഹ്നത്തിനകത്ത് കാണുന്ന തോക്ക് അടക്കമുള്ള ലോഗോ ലെബനനിലെ ഷിയാ സായുധ വിമത ഗ്രൂപ്പായ ഹിസ്ബുള്ളയുടേതാണ് – അവരുടെ കൊടിയിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍