UPDATES

കെഎസ്ആര്‍ടിസിയില്‍ എന്താണ് ടോമിന്‍ തച്ചങ്കരിയുടെ രഹസ്യ ദൗത്യം?

തച്ചങ്കരിയുടേത് തുഗ്ലക്ക് പരിഷ്‌ക്കാരങ്ങളാണെന്ന് ചിലര്‍, തന്ത്രപൂര്‍വമുള്ള നീക്കങ്ങളെന്ന് മറ്റുചിലര്‍. എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടലോടെ കെഎസ്ആര്‍ടിസിയില്‍ ചിലത് പുകഞ്ഞ് നീറുന്നു

അയാള്‍ ഉള്ളത് കൊണ്ട് നിങ്ങള്‍ക്ക് ശമ്പളം മുടങ്ങാതെ കിട്ടുന്നു. അയാള്‍ വന്നതിന് ശേഷം ശമ്പളം മുടങ്ങിയിട്ടില്ലല്ലോ? അതുകൊണ്ട് അയാളെ മാറ്റണമെന്ന് പറയുന്നത് ശരിയല്ല”... കഴിഞ്ഞയിടെ കെഎസ്ആര്‍ടിസിയിലെ സര്‍വ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഒന്നിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റണമെന്നായിരുന്നു നേതാക്കളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. അതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണ്  മുകളിലുള്ളത്. ഇനി ഇതിന്റെ മറുവശം കേള്‍ക്കാം. “പന്തലിടാനും സദ്യവിളമ്പാനും വന്നവര്‍ അവരുടെ പണി കഴിഞ്ഞ് പോയാല്‍ കല്യാണം കൂടാനും വീട്ടുകാരനാവാനും നില്‍ക്കണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. എംപാനലുകാരെ പിരിച്ചുവിടുക എന്നത് എംഡിയായി ചുമതലയേറ്റത് മുതലുള്ള തച്ചങ്കരിയുടെ ആവശ്യമായിരുന്നു. അവസാനം അദ്ദേഹമായിട്ട് തന്നെ അത് നടത്തി”… ഒരേ സമയം സര്‍ക്കാര്‍ ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കുകയും കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളും തൊഴിലാളി നേതാക്കളും എതിര്‍പ്പറിയിക്കുകയും ചെയ്യുന്ന കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിയെ കുറിച്ച് ഒരു മുതിര്‍ന്ന തൊഴിലാളി യൂണിയന്‍ നേതാവ് പറഞ്ഞതിങ്ങനെ.

“പരിഷ്‌കരണങ്ങളുടെ വേലിയേറ്റം എന്നാണ് തച്ചങ്കരി വന്ന ശേഷമുള്ള കെഎസ്ആര്‍ടിസിയെ മാധ്യമങ്ങളടക്കം വിലയിരുത്തുന്നത്. എന്നാല്‍ അദ്ദേഹം ട്രേഡ് യൂണിയന്‍ യോഗത്തില്‍ പറഞ്ഞത് ഞാനിവിടെ ‘വാര്‍ കമ്യൂണിസം’ നടപ്പാക്കും എന്നാണ്. ആദ്യം ഡിസ്‌ട്രോയി, പിന്നെ കണ്‍സ്ട്രക്ഷന്‍. ഇപ്പോള്‍ ഡിസ്‌ട്രോയി ചെയ്യാന്‍ മാത്രമാണ് കഴിഞ്ഞത്, എങ്ങനെ കണ്‍സ്ട്രക്ട് ചെയ്യണമെന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരു തരത്തില്‍ യാതൊരു പ്രയോജനവുമില്ലാതെ അദ്ദേഹം നടത്തുന്ന പരിഷ്‌കാരങ്ങള്‍ തുഗ്ലക്ക് പരിഷ്‌കാരങ്ങളാണ്. തൊഴിലാളികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞ ഏപ്രില്‍ 17-ന് ഹേമചന്ദ്രനെ മാറ്റി എക്കാലവും വിവാദങ്ങള്‍ കൂടെയുണ്ടായിരുന്ന തച്ചങ്കരിയെ സര്‍ക്കാര്‍ കെഎസ്ആര്‍ടിസി എംഡിയുടെ ചുമതലയേല്‍പ്പിച്ചു. തുടര്‍ന്നിങ്ങോട്ട്‌ ശമ്പളം മുടങ്ങാതെ നല്‍കുന്നയാള്‍ എന്ന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റിന് ഉപരിയായി തച്ചങ്കരി എന്താണ് കെഎസ്ആര്‍ടിസിയില്‍/ കെഎസ്ആര്‍ടിസിയോട് ചെയ്യുന്നുന്നത്?

എംപാനല്‍ ജീവനക്കാരും സത്യാവാങ്മൂലം നല്‍കാതിരുന്ന കെഎസ്ആര്‍ടിസിയും

എംപാനല്‍ ജീവനക്കാരെ പിരിച്ച് വിടാന്‍ ഹൈക്കോടതി ഉത്തരവ് വന്നത് കഴിഞ്ഞ ദിവസമാണ്. നാലായിരത്തോളം വരുന്ന എംപാനലുകാരെ പിരിച്ചുവിട്ട് പി എസ് സി ലിസ്റ്റ് വഴി സ്ഥിരനിയമനം നടത്താന്‍ കോടതി ഉത്തരവിട്ടു. പിന്നീട് വിധി നടപ്പാക്കാന്‍ രണ്ട് ദിവസത്തെ സാവകാശം തേടി കെഎസ്ആര്‍ടിസി എംഡി കോടതിയെ സമീപിച്ചു. എന്നാല്‍ യാതൊരു വിട്ടുവീഴ്ചകള്‍ക്കും തയ്യാറാവാതെ എംപാനലുകാരെ പിരിച്ച് വിട്ടേ മതിയാവൂ എന്ന കടുത്ത നിര്‍ദ്ദേശം കോടതി നല്‍കി. തിങ്കളാഴ്ച തന്നെ എംപാനല്‍ ജീവനക്കാരെ പിരിച്ച് വിടണമെന്നും രണ്ട് ദിവസത്തിനുള്ളില്‍ സ്ഥിരനിയമനം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പിരിച്ചുവിടലും പി എസ് സി ലിസ്റ്റില്‍ നിന്ന് അഡ്വൈസ് മെമ്മോ ലഭിച്ചവരെ നിയമിക്കലുമെല്ലാം നടന്നു. പി എസ് സിയില്‍ നിന്ന് അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ എംപാനല്‍ ജീവനക്കാര്‍ എതിര്‍കക്ഷികളായിരുന്നില്ല. ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി കെഎസ്ആര്‍ടിസിക്ക് അനുകൂലവുമായിരുന്നു. എന്നാല്‍ താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ട് സ്ഥിരനിയമനം നടത്താന്‍ കോടതി വളരെ പെട്ടെന്ന് ഒരു വിധി പുറപ്പെടുവിക്കാനുള്ള സാഹചര്യമെന്തായിരുന്നു? അത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ അനാസ്ഥയിലേലേക്കും ജാഗ്രതക്കുറവിലേക്കുമാണ്‌ വിരല്‍ ചൂണ്ടുന്നത്. കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍ പറയുന്നു: “റാങ്ക് ഹോള്‍ഡേഴ്‌സ് നല്‍കിയ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് കെഎസ്ആര്‍ടിസിക്ക് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്. എന്നാല്‍ പിന്നീട് അവര്‍ അപ്പീല്‍ നല്‍കിയതനുസരിച്ച് കേസ് ഡിസംബര്‍ മൂന്നാം തീയതി കോടതി പരിഗണനയ്‌ക്കെടുത്തു. കോടതി കെഎസ്ആര്‍ടിസിയുടെ അഭിപ്രായം തേടി. ആറാം തീയതി വീണ്ടും കേസ് പരിഗണനയ്‌ക്കെടുത്തു. എന്നാല്‍ കെഎസ്ആര്‍ടിസി സത്യവാങ്മൂലം നല്‍കിയില്ല. അതോടെ കോടതിയുടെ സകല നിയന്ത്രണവും വിട്ട് എംപാനലുകാരെ പിരിച്ച് വിട്ട് സ്ഥിരം നിയമനം നടത്താന്‍ ഉത്തരവിടുകയായിരുന്നു. സത്യവാങ്മൂലം നല്‍കാതിരുന്ന കെഎസ്ആര്‍ടിസി ഏഴാംതീയതി, വെള്ളിയാഴ്ച കോടതിയില്‍ വിധി നടപ്പാക്കാന്‍ സാവകാശം തേടി. അതിലാണ് കോടതി ക്ഷോഭിച്ചത്. അഞ്ച് മിനിറ്റ് പോലും സമയം തരില്ല. തിങ്കളാഴ്ചക്കുള്ളില്‍ വിധി നടപ്പാക്കി സത്യാവാങ്മൂലം കോടതിയില്‍ നല്‍കാന്‍ പറഞ്ഞു. ഇതിനിടെ എംഡി പത്രസമ്മേളനം വിളിച്ച് കോടതി വിധിക്കെതിരെ സംസാരിച്ചു. പിന്നീട് തിങ്കളാഴ്ച വീണ്ടും 4051 പേരില്‍ ആയിരം പേര്‍ക്ക് ഉടന്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് എംഡി കോടതിയെ സമീപിക്കുന്നത്. അപ്പോഴാണ് കെഎസ്ആര്‍ടിസിയെ ഞങ്ങള്‍ക്ക് വിശ്വാസമില്ല എന്ന പരാമര്‍ശം കോടതി നടത്തുന്നത്. പി എസ് സി അഡ്വൈസ് ചെയ്ത മുഴുവന്‍ പേരേയും നിയമിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. യഥാര്‍ഥത്തില്‍ എംഡിയുടെ, സത്യവാങ്മൂലം നല്‍കാതിരുന്ന മാനേജ്‌മെന്റിന്റെ വീഴ്ചയാണ് ഇത്രപെട്ടെന്നുള്ള ഒരു വിധിക്ക് കാരണമായത്.”

താത്ക്കാലിക ജീവനക്കാരും ഖന്ന കമ്മീഷന്‍ നിര്‍ദ്ദേശിച്ച അനുപാതവും

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ പരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ നല്‍കാനായാണ് സര്‍ക്കാര്‍ സുശീല്‍ ഖന്ന കമ്മീഷനെ നിയോഗിച്ചത്. സാമ്പത്തിക വിദഗ്ദ്ധനായ ഖന്നയെ കെഎസ്ആര്‍ടിസിയുടെ വിഷയങ്ങള്‍ പഠിക്കാന്‍ ഏല്‍പ്പിച്ചതില്‍ അന്നേ യൂണിയന്‍ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. മന്ത്രി തോമസ് ഐസക്കുമായി അടുത്ത ബന്ധമുള്ളയാള്‍ എന്ന നിലയ്ക്ക് മാത്രമാണ് മാനേജ്‌മെന്റ് എക്‌സപര്‍ട്ട് പോലുമല്ലാത്ത ഒരാളെ കെഎസ്ആര്‍ടിസി മാനേജ്‌മെന്റുമായിമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ ഏല്‍പ്പിച്ചതെന്ന ആക്ഷേപം നേതാക്കള്‍ ഉന്നയിച്ചു. എന്നാല്‍ ഖന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് അതിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. അധിക ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുക എന്നതായിരുന്നു ഖന്ന കമ്മീഷന്റെ പ്രധാനപ്പെട്ട നിര്‍ദ്ദേശം. ഒരു ബസിന് 7.2 എന്ന അനുപാതത്തിലാണ് നിലവില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കൊണ്ടിരുന്നത്. ഇത് ദേശീയ ശരാശരിയായ 5.2 ആയി കുറക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ സുശീല്‍ ഖന്ന എടുത്ത കണക്കുകളില്‍ എംപാനല്‍ ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു എന്നും താല്‍ക്കാലിക ജീവനക്കാരായിരിക്കെ അവരുടെ എണ്ണം ബസ്-സ്റ്റാഫ് അനുപാതത്തില്‍ കണക്കിലെടുത്തത് ശരിയല്ല എന്നുമാണ് യൂണിയന്‍ നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

ഖന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമാണ് ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡിയായി നിയമിതനാവുന്നത്. നിയമിതനായ അന്ന് മുതല്‍ താത്ക്കാലിക ജീവനക്കാരെ പിരിച്ച് വിടുന്നത് സംബന്ധിച്ച കാര്യങ്ങളാണ് അദ്ദേഹം എപ്പോഴും പങ്കുവച്ചിരുന്നതെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു ഉദ്യോഗസ്ഥന്‍ പറയുന്നത്, “യൂണിയന്‍ നേതാക്കളുടെ മധ്യസ്ഥതയില്ലാതെ നേരിട്ട് സംസാരിക്കണമെന്ന് പറഞ്ഞ് അദ്ദേഹം കേരളത്തിലെ ഡിപ്പോകളില്‍ ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചിരുന്നു. അതില്‍ അദ്ദേഹം പറഞ്ഞകാര്യം പന്തലിടാനും സദ്യയുണ്ടാക്കാനും വന്നവര്‍ ജോലി കഴിഞ്ഞാല്‍ തിരിച്ച് പൊക്കോളണം, അല്ലാതെ കല്യാണം കൂടാനും വീട്ടുകാരാവാനും നിക്കണ്ട എന്നാണ്. എംപാനല്‍ ജീവനക്കാരെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള യോഗങ്ങളിലാണ് അദ്ദേഹം അത് പറഞ്ഞത്. അന്ന്‌ മുതലേ സര്‍ക്കാരും എംഡിയും അത്തരത്തില്‍ എന്തോ ഒന്ന് ലക്ഷ്യമിടുന്നതായുള്ള സൂചനകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ മാസം എംഡി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലെ രണ്ടാമത്തെ ആവശ്യം എംപാനല്‍ ജീവനക്കാരെ പിരിച്ച് വിടണമെന്നായിരുന്നു. നിലവിലുള്ള സ്ഥിരം ജീവനക്കാരെ മാത്രം വച്ച് കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യാം എന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. സര്‍ക്കാര്‍ അക്കാര്യത്തില്‍ ഒരു തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍ കോടതിവിധിയിലൂടെ അത് നടപ്പാവുന്നെങ്കില്‍ നടപ്പാവട്ടെ എന്ന ഉദ്ദേശത്തോടെ തന്നെയായിരിക്കണം അദ്ദേഹം കോടതിയില്‍ സത്യവാങ്മൂലം നല്‍കാതെ ഒഴിഞ്ഞ് നിന്നത്. പക്ഷെ ആ പദ്ധതി ഇപ്പോള്‍ പൊളിഞ്ഞു. എംപാനല്‍ ജീവനക്കാരെ പിരിച്ച് വിട്ട് സ്ഥിരം നിയമനം നടത്താന്‍ കോടതി പറഞ്ഞതോടെ ഇരട്ടി ബാധ്യതയാണ് കെഎസ്ആര്‍ടിസിക്ക് വരിക. മെക്കാനിക്കല്‍ സെക്ഷനിലെ ജീവനക്കാരേയും ലീവെടുത്ത് തിരികെ വരാതിരുന്നവരേയും എംഡി പിരിച്ചുവിട്ടിരുന്നു. സിംഗിള്‍ ഡ്യൂട്ടി കൊണ്ടുവന്ന് ഡബിള്‍ ഡ്യൂട്ടി ഒഴിവാക്കിയ നടപടിയും തച്ചങ്കരിയുടേതാണ്. ഉള്ള ജീവനക്കാരെ വച്ച് സര്‍വീസുകള്‍ ക്രമീകരിക്കുക എന്നതായിരുന്നു ഉദ്ദേശം. എന്നാല്‍ അതും ഫലപ്രദമായൊന്നും നടന്നില്ല. സിംഗിള്‍ ഡ്യൂട്ടി തന്നെയാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ അത് സര്‍വീസുകള്‍ മുടങ്ങാനും യാത്രാക്ലേശം വര്‍ധിപ്പിക്കാനും കാരണമായി.”

ബസ്‌ ബോഡി നിര്‍മ്മാണം- കിഫ്ബിയുടെ വായ്പ വേണ്ടെന്ന് വച്ച് പുറംകരാര്‍

ബസുകളുടെ ബോഡി നിര്‍മ്മിക്കാന്‍ കെഎസ്ആര്‍ടിസിക്ക് കിഫ്ബി വഴി 324 കോടി രൂപ വായ്പ അനുവദിച്ചു. 2.65 ശതമാനം പലിശ നിരക്കില്‍ ഒമ്പത് വര്‍ഷം കൊണ്ട് ഈ തുക തിരികെയടച്ചാല്‍ മതിയെന്നായിരുന്നു വ്യവസ്ഥ. 1150 ബസുകള്‍ നിരത്തിലിറക്കി സര്‍വീസ് നടത്തിയാല്‍ കെഎസ്ആര്‍ടിസി നഷ്ടത്തില്‍ നിന്ന് രക്ഷിക്കാമെന്നായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടല്‍. എന്നാല്‍ 340 പേരുടെ ഡ്യൂട്ടി അതിനായി വേണ്ടി വരുമെന്ന് കാണിച്ച് തച്ചങ്കരി ആ പ്രോജക്ട് വേണ്ടെന്ന് വച്ചു. ഹരികൃഷ്ണന്‍ തുടരുന്നു: “2017 ഡിസംബര്‍ 21-നാണ് 324 കോടിരൂപ കിഫ്ബിയില്‍ നിന്ന് അനുവദിക്കുന്നത്. ബസിന്റെ ബോഡി ഉണ്ടാക്കാനുള്ള സംവിധാനവും തൊഴിലാളികളും കെഎസ്ആര്‍ടിസിയില്‍ തന്നെയുണ്ട്. പക്ഷെ 340 പേരുടെ ജോലി വേണ്ടി വരും എന്ന് പറഞ്ഞ് എംഡി അത് വേണ്ടെന്ന് വച്ചു. ദേശീയ ശരാശരി 230പേരുടെ ജോലിയാണെന്നായിരുന്നു ന്യായം. ഒടുവില്‍ ഞങ്ങളെല്ലാം യോഗം ചേര്‍ന്ന് 215 പേരെ മാത്രം ഉള്‍പ്പെടുത്തി ആ ജോലി ചെയ്യാമെന്ന് ഉറപ്പ് നല്‍കി. പക്ഷെ അത് അദ്ദേഹം പരിഗണിച്ചില്ല. 2017 മാര്‍ച്ചില്‍ ഹേമചന്ദ്രന്‍ സാറ് എംഡിയായിരിക്കുമ്പോള്‍ ഈ പ്രോജക്ട് നടപ്പാക്കാമെന്ന് സമ്മതിച്ചതാണ്. പക്ഷെ തച്ചങ്കരി വന്നപ്പോള്‍ അതെല്ലാം പോയി.”

എഐടിയുസി ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍ പറയുന്നു: “28 ലക്ഷം രൂപയ്ക്ക് ഒരു ബസ് ഇറക്കാം. കിഫ്ബി അനുവദിച്ച തുക കൊണ്ട് 1150 ബസ് ഇറക്കാമായിരുന്നു. ബസുകള്‍ ഓടിയല്ലേ കെഎസ്ആര്‍ടിസിയുടെ നഷ്ടം തീര്‍ക്കാനാവൂ. 10,000രൂപ മിനിമം കളക്ഷന്‍ വച്ച് നോക്കിയാല്‍ ഒന്നേകാല്‍ കോടി രൂപ ഒരു ദിവസം കെഎസ്ആര്‍ടിസിക്ക് കിട്ടിയേനെ. പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാള്‍ കെഎസ്ആര്‍ടിസിയിലുണ്ടാക്കുമ്പോള്‍ കുറച്ച് പണം നഷ്ടം വന്നേക്കും. പക്ഷെ ജീവനക്കാരുടെ എണ്ണം കൂടുതലാണെന്ന് പറഞ്ഞ് പിരിച്ച് വിടുന്നതിന് പകരം തൊഴിലാളികളെ ഇത്തരം വര്‍ക്കുകളിലേക്ക് ഉള്‍പ്പെടുത്തിയല്ലേ ഒരു പൊതുമേഖലാ സ്ഥാപനത്തെ രക്ഷിക്കേണ്ടത്? ഇപ്പോള്‍ കോട്ടയത്തെ കൊണ്ടോടി എന്ന സഥാപനത്തില്‍ നിന്നാണ് ബസിന്റെ ബോഡി വാങ്ങുന്നത്. ഇത്രയും തൊഴിലാളികള്‍ അധികമാണെന്ന് പറയുന്നവര്‍, കെഎസ്ആര്‍ടിസിയില്‍ തൊഴിലാളികളുണ്ടായിരിക്കെ അത് പുറംകരാര്‍ നല്‍കി.”

കട്ടപ്പുറത്തെ ബസ് ഇറക്കില്ല, വാടക ബസിനായി കടുംപിടുത്തം

സംസ്ഥാനത്ത് 82 ശതമാനം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തണമെന്ന നിര്‍ദ്ദേശമാണ് ഖന്ന കമ്മീഷന്‍ മുന്നോട്ട് വച്ചത്. കെഎസ്ആര്‍ടിസി ബസുകള്‍ കാലങ്ങളായി കട്ടപ്പുറത്ത് കിടന്നിട്ടും അവയുടെ കേടുകള്‍ പരിഹരിച്ച് നിരത്തിലിറക്കുന്ന കാര്യം കെഎസ്ആര്‍ടിസി മാനേജ്‌മെന്റോ സര്‍ക്കാരോ ചെയ്തിട്ടില്ല. രാഹുല്‍ തുടരുന്നു: “കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ. വേണ്ടത്ര ബസുകളും ജീവനക്കാരും ഉണ്ടാവുക. എന്നാല്‍ ബസ് ഇല്ലെങ്കില്‍, ജീവനക്കാരില്ലെങ്കില്‍ ബസ് ഓടണ്ട എന്നും ഡീസല്‍ കിട്ടാതായാല്‍ സര്‍വീസ് നിര്‍ത്തിക്കോളാനും പറയുന്ന, ഇത്ര ലാഘവ ബുദ്ധിയോടെ കെഎസ്ആര്‍ടിസിയെ കാണുന്ന ഒരു എംഡിയാണ് ഇപ്പോഴുള്ളത്. ബസ് ഓടിയാലേ കെഎസ്ആര്‍ടിസിക്ക് വരുമാനം കിട്ടൂ. അതെല്ലാവര്‍ക്കുമറിയാം. പക്ഷെ ഒരു സര്‍വീസ് നടത്തിയില്ലെങ്കില്‍ 30,000 രൂപ എന്റെ കയ്യിലിരിക്കും എന്നാണ് എംഡി പറയുന്നത്. ഓടിയാണോ, അതോ സര്‍വീസ് നടത്താതെയാണോ കെഎസ്ആര്‍ടിസിയെ രക്ഷിക്കേണ്ടത്? കിഫ്ബിയില്‍ നിന്നുള്ള വായ്പ സ്വീകരിക്കാതെ, കട്ടപ്പുറത്തെ ബസുകള്‍ ഇറക്കാന്‍ നോക്കാതെ ഇപ്പോള്‍ അദ്ദേഹം വാടകയ്ക്ക് ബസുകള്‍ വാങ്ങാനുള്ള കഠിന പരിശ്രമത്തിലാണ്.

സ്‌കാനിയ ബസും ഇലക്ട്രിക് ബസും മഹാരാഷ്ട്രയിലെ എന്‍സിപി നേതാവിന്റെ സഹോദരന്റെ കമ്പനിയായ മഹാ വോയേജ് നിഗം ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നാണ് വാടകയ്‌ക്കെടുത്തത്. ആ രീതിയില്‍ ഓര്‍ഡിനറി ബസുകളും വാടകയ്ക്ക് എത്തിക്കാനാണ് തച്ചങ്കരിയുടെ നീക്കം. എന്നാല്‍ ഇതിനെ യൂണിയന്‍ നേതാക്കളെല്ലാം ഒന്നടങ്കം എതിര്‍ക്കുമ്പോഴും അദ്ദേഹം ഇപ്പോഴും ആ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. കെഎസ്ആര്‍ടിസിക്ക് ബാധ്യത വരില്ല, കണ്ടക്ടറെ മാത്രം വിട്ടുനല്‍കിയാല്‍ മതി എന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ കണക്കുകൂട്ടുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് ഒരു സര്‍വീസിന്‌ 36 മുതല്‍ 41 രൂപവരെ നഷ്ടമേ ഇതുണ്ടാക്കൂ.”

മുന്‍ എംഡി ഹേമചന്ദ്രന്‍ സ്ഥാനമൊഴിയുന്നതിന് മുമ്പ് സര്‍ക്കാരിന് നല്‍കിയ കത്തില്‍ നിലവില്‍ ഓടുന്ന വാടക വണ്ടികള്‍ കോര്‍പ്പറേഷന് നഷ്ടമാണെന്നും അതിനാല്‍ വാടക വണ്ടികള്‍ എടുക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. വാടകയ്ക്ക് ബസ് എടുക്കുന്നത് കൂടുതല്‍ സാമ്പത്തിക ബാധ്യത മാത്രമേ വരുത്തുകയുള്ളൂ. അതിനാല്‍ അക്കാര്യം വളരെ ഗൗരവത്തോടെ തീരുമാനിക്കണമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ പുതിയ വണ്ടി ഇറക്കുന്നത് നഷ്ടമാണെന്നും വാടകയ്ക്ക് ബസ് വാങ്ങുന്നതാണ് നല്ലതെന്നുമാണ് തച്ചങ്കരിയുടെ വാദം.

ഇതില്‍ കൂടുതല്‍ എന്ത് ബംപറടിക്കാനാണ്? കെഎസ്ആര്‍ടിസിയില്‍ നിയമന ഉത്തരവ് വാങ്ങാനെത്തിയവര്‍ക്ക് പറയാനുള്ളത്

ഔട്ട്‌സോഴ്‌സിങ്

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ അധികമായതിനാല്‍ പിരിച്ചുവിടണമെന്ന് താത്പര്യം പ്രകടിപ്പിക്കുന്ന മാനേജ്‌മെന്റും സര്‍ക്കാരും കെഎസ്ആര്‍ടിസിയിലെ ജോലികള്‍ എന്തിന് ഔട്ട്‌സോഴ്‌സ് ചെയ്യുന്നു എന്ന ചോദ്യമാണ് യൂണിയന്‍ നേതാക്കളും ജീവനക്കാരും ചോദിക്കുന്നത്. “മെക്കാനിക്കല്‍ സെക്ഷനിലെ ജീവനക്കാരെ പിരിച്ച് വിടുന്നതിന് പകരം ബസ്‌ ബോഡി നിര്‍മ്മാണം അവരെയും കൂടി ഏല്‍പ്പിക്കാമായിരുന്നു. പുറം കരാര്‍ നല്‍കി ജീവനക്കാരെ വെറുതെയിരുത്തുകയും തൊഴിലില്ലാത്തതിനാല്‍ പിരിച്ചുവിടുന്നു എന്ന് പറയുകയും ചെയ്യുകയാണ്. അതുപോലെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചിരിക്കുകയാണ്. അവരുടെ ട്രെയിനിങ് പൂര്‍ത്തിയായി. ആള് കൂടുതലാണെന്ന് പറയുകയാണെങ്കില്‍ വര്‍ക്ക് അറേഞ്ച്‌മെന്റ് നടത്തി ഇവിടെയുള്ള തൊഴിലാളികളെ തന്നെ അത് ഏല്‍പ്പിച്ചാല്‍ പോരേ?”

സ്ഥാനക്കയറ്റം, സ്ഥലംമാറ്റം

2018 മാര്‍ച്ച് 31 മുതലുള്ള എല്ലാ പ്രമോഷനും ഫ്രീസ് ചെയ്തിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. മുഴുവന്‍ ജീവനക്കാരുടെ ഒരു ശതമാനം പേലും ആളുകള്‍ ഓഫീസര്‍മാരായി ഇല്ല എന്നും തച്ചങ്കരി പ്രമോഷന്‍ തടഞ്ഞുവച്ചിരിക്കുകയുമാണെന്നാണ് ജീവനക്കാരുടെ ആരോപണം. തച്ചങ്കരി നിയമിതനായ ഉടന്‍ തന്നെ സ്ത്രീകളുള്‍പ്പെടെ പലരേയും മലയോര പ്രദേശങ്ങളിലേക്ക് വരെ സ്ഥലംമാറ്റുകയുമുണ്ടായി എന്നും ആരോപണമുണ്ട്.

2007 മുതല്‍ ‘നസീര്‍ പി കെ കെഎസ്ആര്‍ടിസി’ എന്നാണ് ഈ മനുഷ്യന്റെ പേര്; ഇനി..?

‘തച്ചങ്കരിയല്ല, സര്‍ക്കാര്‍ നയങ്ങളാണ് പ്രശ്‌നം’

തച്ചങ്കരി ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണെന്നും സര്‍ക്കാര്‍ നയങ്ങളാണ് പ്രശ്‌നം എന്നുമാണ് ഒരുകൂട്ടം ജീവനക്കാരുടെ വാദം. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശ്രിതനായ തച്ചങ്കരി സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ബിഎംഎസ് ജനറല്‍ സെക്രട്ടറി കെ എന്‍ രാജേഷ് പറയുന്നു. “തച്ചങ്കരി സര്‍ക്കാര്‍ നയത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. സര്‍ക്കാര്‍ നയമല്ല കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ഉള്‍പ്പെട്ട എല്‍ഡിഎഫ് നയത്തില്‍ നിന്ന് എന്തെങ്കിലും വ്യതിചലിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ എല്‍ഡിഎഫ് യോഗത്തില്‍ പറയുക എന്ന് എംഡി ലെറ്റര്‍പാഡിലാണ് എഴുതി നല്‍കിയത്. തെങ്ങുകയറ്റ കോര്‍പ്പറേഷന്‍ എം ഡിയായിരുന്നെങ്കില്‍ തെങ്ങില്‍ കയറുമായിരുന്നോ എന്ന ആനത്തലവട്ടം ആനന്ദന്റെ വിമര്‍ശനത്തിനും അതേ നാണയത്തിലാണ് അദ്ദേഹം മറുപടി നല്‍കിയത്. എന്നെ ഈ പണിയെല്ലാം ചെയ്യിക്കുന്നത് നിങ്ങളുംട സര്‍ക്കാരാണ് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇതിനൊന്നും രണ്ട് കൂട്ടരും ഇതേവരെ മറുപടി പറഞ്ഞിട്ടില്ല. അതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമല്ലേ. നവംബര്‍ മാസത്തില്‍ അദ്ദേഹം സര്‍ക്കാരിന് കത്തെഴുതിയിരുന്നു. അതില്‍ പറഞ്ഞത്, വിരമിച്ചവരുടെ ഒഴിവില്‍ നിയമനം നല്‍കാതെ 1091 തസ്തികകള്‍ ഒഴിച്ചിട്ടെന്നും, 1713 പേരെ ഇതിനകം പിരിച്ചുവിട്ടെന്നും 255 പേരുടെ പ്രമോഷന്‍ മരവിപ്പിച്ച് സര്‍ക്കാര്‍ നയത്തിന് അടുത്തെത്തി എന്നുമാണ്. പിന്നീട് അദ്ദേഹം ഉന്നയിച്ച ആവശ്യം താത്ക്കാലിക ജീവനക്കാരെ പിരിച്ച് വിടണമെന്നും, കണ്‍സഷന്‍ എല്ലാം ഒഴിവാക്കണമെന്നുമാണ്. ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത് ഇതെല്ലാം സര്‍ക്കാര്‍ നയമാണെന്നല്ലേ? എംപാനല്‍ ജീവനക്കാരെ പിരിച്ച് വിടണമെന്ന് കോടതി ഉത്തരവിട്ടപ്പോള്‍ പുന:പരിശോധനാ ഹര്‍ജി പോലും മാനേജ്‌മെന്റ് നല്‍കിയില്ല. പകരം വിധി നടപ്പാക്കാന്‍ രണ്ട് മാസത്തെ സമയം മാത്രമാണ് ആവശ്യപ്പെട്ടത്. 2017 നവംബര്‍ 17നാണ് ആദ്യമായി വാടകയ്ക്ക് ബസുകള്‍ വാങ്ങി നിരത്തില്‍ ഇറക്കിയത്. 36 ലക്ഷം രൂപ സ്ഥാപനത്തിന് നഷ്ടമുണ്ടാക്കിയെന്ന് സര്‍ക്കാരിനോട് മാനേജ്‌മെന്റ് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്ന് പുറകോട്ട് പോവുന്നതിന് പകരം കൂടുതല്‍ വാടക ബസുകള്‍ ഇറക്കാനാണ് സര്‍ക്കാരിന്റെ നീക്കം. സ്റ്റാഫ് കൂടുതലാണെങ്കില്‍ ബസുകളുടെ എണ്ണം കൂട്ടി ജോലി ക്രമീകരിക്കുകയാണ് വേണ്ടതെന്നും, ജീവനക്കാരെ പിരിച്ച് വിട്ട് വാടക വണ്ടികള്‍ ഓടിക്കുകയല്ല ചെയ്യേണ്ടതെന്നും വിമര്‍ശനം വന്നു. എന്നാല്‍ അതൊന്നും സര്‍ക്കാരോ മാനേജ്‌മെന്റോ പരിഗണിച്ചിട്ടില്ല. സര്‍ക്കാര്‍ എന്ത് പറഞ്ഞാലും ചെയ്യുന്ന ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ഇവിടുത്തെ ട്രേഡ് യൂണിയന്‍ അതിപ്രസരം അവസാനിപ്പിക്കാന്‍ തന്നെയാണ് ഹേമചന്ദ്രനേയും തച്ചങ്കരിയേയുമെല്ലാം സര്‍ക്കാര്‍ എംഡി സ്ഥാനത്ത് കൊണ്ടുവന്നത്. സര്‍ക്കാര്‍ പറയുന്നത് പോലെ അവര്‍ ചെയ്യുന്നു.”

‘നാലായിരം കുടുംബങ്ങളാണ് പട്ടിണിയാകാന്‍ പോകുന്നത്’; കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ കണ്ടത് വികാരനിര്‍ഭര രംഗങ്ങള്‍

സ്വകാര്യവത്ക്കരിക്കാന്‍ നീക്കം

കെഎസ്ആര്‍ടിസി ഏതാണ്ട് അമ്പത് ശതമാനവും സ്വകാര്യവത്ക്കരിക്കപ്പെട്ടു കഴിഞ്ഞു എന്ന് തന്നെയാണ് ജീവനക്കാരും ഉദ്യോഗസ്ഥരും പറയുന്നത്. വന്‍കിടക്കാരുടെ കയ്യില്‍ നിന്ന് വാടക ബസുകള്‍ വാങ്ങി, അവയെ കൂടുതല്‍ നിരത്തിലിറക്കുക വഴി സ്വകാര്യ കമ്പനികളുടെ വ്യാപനമാവും നടക്കുക എന്നതിന്റെ സൂചനകള്‍ ലഭിച്ചു കഴിഞ്ഞു എന്നാണ് അവര്‍ പറയുന്നത്. “ബസ് വാടകയ്‌ക്കെടുക്കുമ്പോള്‍ ബസും ഡ്രൈവറും കമ്പനി തന്നെ തരും. കണ്ടക്ടറെ മാത്രമാണ് കെഎസ്ആര്‍ടിസി നല്‍കേണ്ടത്. ഡീസലും അടിച്ച് നല്‍കണം. ബസിന്റെ മെയിന്റനന്‍സ് എല്ലാം സ്വകാര്യ കമ്പനി തന്നെ നോക്കും. യഥാര്‍ഥത്തില്‍ അത് കെഎസ്ആര്‍ടിസിക്ക് നഷ്ടമാണ്. സ്വകാര്യ കമ്പനികളുടെ ബസുകള്‍ നിരത്തില്‍ ഓടിയാല്‍ അത്തരത്തില്‍ പൊതുഗതാഗതം സ്വകാര്യവത്ക്കരിക്കപ്പെടുക തന്നെ ചെയ്യും. ഇപ്പോള്‍ പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാന്‍ വാടക ബസുകള്‍ കൂടുതല്‍ നിരത്തിലിറക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നതായാണ് വിവരം. ഇത്രയും കാലം വാടകയ്ക്ക് ബസ് എടുക്കുന്നതിനോട് യൂണിയനുകള്‍ എതിര്‍ത്ത് നിന്നതാണ് പ്രതിസന്ധിയായിരുന്നു. എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ് ഓര്‍ഡിനറി ബസ് ഉള്‍പ്പെടെ വാടകയ്ക്ക് എടുക്കാം എന്ന് പറഞ്ഞാല്‍ അതിനോട് യൂണിയന്‍ നേതാക്കള്‍ക്കും എതിര്‍ത്ത് നില്‍ക്കാന്‍ പറ്റില്ല. കാരണം ജോലി നഷ്ടപ്പെട്ട തൊഴിലാളികളുടെ പ്രശ്‌നം കൂടിയായി അത് വരുമല്ലോ. അത്തരത്തില്‍ ഒരു തന്ത്രം പയറ്റാനാണ് എംഡി ഒരുങ്ങുന്നതെന്നാണ് അദ്ദേഹത്തോട് അടുത്ത് നില്‍ക്കുന്നവര്‍ പറയുന്നത്.”

ശമ്പളം മുടങ്ങാതെ ലഭ്യമാക്കുന്നയാള്‍ എന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യൂണിയന്‍ നേതാക്കളും തൊഴിലാളികളുമെല്ലാം പ്രതികരിച്ചത് ഒരേസ്വരത്തില്‍: “ശമ്പളം ലഭ്യമാക്കിയത് അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ ആക്കുക എളുപ്പമാണ്. പക്ഷേ ഹേമചന്ദ്രന്‍ എം.ഡി ആയിരുന്നപ്പോഴാണ് കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ കടങ്ങളും ബാങ്ക് കണ്‍സോര്‍ഷ്യത്തിലേക്ക് വിട്ടത്. അതോടു കൂടി കെഎസ്ആര്‍ടിസിക്ക് കോടിക്കണക്കിന് രൂപ മാസം സേവ് ചെയ്യാന്‍ കഴിയുന്നുണ്ട്. സര്‍ക്കാര്‍ ഉദാരമായിട്ട് സഹായിക്കുകയും ചെയ്യുന്നുണ്ട്. അല്ലാതെ ശമ്പളം തച്ചങ്കരിയുടെ മാത്രം ക്രെഡിറ്റില്‍ പോകേണ്ട കാര്യമില്ല. എംഡി സര്‍ക്കാരിനയച്ച കത്തിലെ എല്ലാ നിര്‍ദ്ദേശങ്ങളും തൊഴിലാളി വിരുദ്ധവും പൊതുജന വിരുദ്ധവുമാണ്. അത് എല്ലാവര്‍ക്കും അറിയാം. പക്ഷെ ഈ പൂച്ചയ്ക്ക് ആര് മണി കെട്ടും? അതാണ് അറിയാത്തത്.”

എം പാനലുകാരെ പിരിച്ചുവിട്ട് പി എസ് സി നിയമനം ദിവസക്കൂലിയാക്കാനൊരുങ്ങി കെ എസ് ആര്‍ ടി സി; നിയമവിരുദ്ധമെന്ന് വിമര്‍ശനം

തൊഴിലാളി സംഘടനാ നേതാക്കളും ജീവനക്കാരും ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കുള്ള പ്രതികരണത്തിനായി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിയെ പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല. അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോടും ഇന്നലെ പുതിയ കണ്ടക്ടര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിച്ച വാക്കുകളും ഇവിടെ ചേര്‍ക്കുന്നു: “ജനുവരി ഒന്നാം തീയതി മുതല്‍ സിഎംഡിയും ഫീല്‍ഡിലേക്ക് ഇറങ്ങുകയാണ്. ലാഭമല്ലാത്ത സര്‍വീസ് നിര്‍ത്തും. ഒരു വര്‍ഷം കൊണ്ട് ഈ സ്ഥാപനം മാറും. അങ്ങനെ മാറണമെങ്കില്‍ ജീവനക്കാര്‍ കാര്യക്ഷമതയുള്ളവരാവണം. ഇവിടെ ശുപാര്‍ശ നടക്കില്ല. ന്യായമായ കാര്യങ്ങള്‍ മാത്രമേ നടക്കൂ. സുഖിക്കാനുള്ള സ്ഥലമല്ല കെഎസ്ആര്‍ടിസി. നേരിട്ട് യാത്രക്കാരുമായി സംവദിക്കാനുള്ള അവസരം ജീവനക്കാര്‍ പ്രയോജനപ്പെടുത്തണം. കെഎസ്ആര്‍ടിസിയെ സത്രമായി കരുതുന്നവര്‍ ദയവായി ഈ സ്ഥാപനത്തിലേക്ക് വരരുത്. കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. പഴയ തെറ്റായ ശീലങ്ങളില്‍ പുതിയ ജീവനക്കാര്‍ വീഴരുത്. അങ്ങനെയാണെങ്കില്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കാം”.

“എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും കെഎസ്ആര്‍ടിസിക്ക് വരുമാന നഷ്ടമുണ്ടായിട്ടില്ല. സര്‍വീസുകള്‍ ശാസ്ത്രീയമായി പരിഷ്‌ക്കരിച്ചു.സര്‍വീസുകള്‍ വെട്ടിക്കുറച്ചതുമൂലം ഡീസല്‍ ലാഭമുണ്ടായി. സ്ഥിരം നഷ്ടമുണ്ടാക്കി സര്‍ക്കാരിന് ബാധ്യതയാവാന്‍ കഴിയില്ല” എന്നായിരുന്നു മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.

Explainer: എം-പാനൽ ജീവനക്കാരുടെ വിഷയം; ഹൈക്കോടതി ചൂരലെടുത്തത് എന്തുകൊണ്ട്? കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമാകുമോ?

തങ്കമ്മയില്‍ അവസാനിക്കുമോ ഇത്? കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യത; ആത്മഹത്യ ചെയ്തത് 32 പേര്‍

10,000 കോടിയിലേറെ ആസ്തി, 3000 കോടി ബാധ്യത; പലിശ കൊടുത്ത് മുടിയുന്ന കെഎസ്ആര്‍ടിസി

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍