UPDATES

ട്രെന്‍ഡിങ്ങ്

പടിയിറക്കം രക്തസാക്ഷി പരിവേഷത്തില്‍; യഥാര്‍ത്ഥത്തില്‍ ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസിയിലെ വില്ലനോ നായകനോ?

എന്തായാലും ടോമിന്‍ തച്ചങ്കരി തനിക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്ന രക്തസാക്ഷി പരിവേഷം നന്നായി ആസ്വദിക്കുന്നുണ്ടാവും.

കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയില്‍ നിന്നും ടോമിന്‍ ജെ തച്ചങ്കരിയെ ഒഴിവാക്കിയിരിക്കുന്നു. സാധാരണഗതിയില്‍ കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുണ്ടാകുന്ന മാറ്റം ഒരു വരി വാര്‍ത്ത മാത്രമായിരുന്നുവെങ്കില്‍, തച്ചങ്കരിയുടെ മാറ്റം പ്രധാന വാര്‍ത്തയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും തച്ചങ്കരിയാണ് ചര്‍ച്ചാ കേന്ദ്രം.

ഇത്രയും കാലത്തെ സര്‍വീസ് ജീവിതത്തില്‍ ടോമിന്‍ തച്ചങ്കരി ഇത്തരത്തില്‍ ‘ആഘോഷിക്കപ്പെടുന്നത്’ നടാടെയാകും. പോലീസ് സര്‍വീസില്‍ വിവിധ തസ്തികകളില്‍ നിന്നു സ്ഥാനചലനം ഉണ്ടാകുമ്പോഴൊക്കെ തച്ചങ്കരിക്ക് മാധ്യമങ്ങളടക്കം നല്‍കിയത് പ്രതിനായകത്വമായിരുന്നുവെങ്കില്‍, കെഎസ്ആര്‍ടിസിയില്‍ നിന്നും ഇറങ്ങുന്ന തച്ചങ്കരിക്ക് നായകപരിവേഷമാണ് ചാര്‍ത്തി നല്‍കിയിരിക്കുന്നത്.

തകര്‍ച്ചയിലായിരുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ പരിശ്രമിച്ച സിഎംഡിയാണ് ടോമിന്‍ തച്ചങ്കരി എന്നാണ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പറയുന്നത്. തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌കാരങ്ങളും പദ്ധതികളുമാണ് സാമ്പത്തിക ബാധ്യതയില്‍ മുങ്ങിക്കിടന്ന കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെ രക്ഷപ്പെടുത്തിയെടുക്കാന്‍ സഹായകമായതെന്നു സംശയലേശമന്യേയാണ് മുന്‍നിര പത്രങ്ങള്‍ എഴുതുന്നത്. ഇത്തരം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ തച്ചങ്കരി ആരാധകരെ കൂട്ടുന്നുമുണ്ട്. സ്വാഭാവികമായും ഈ ആരാധകരും മാധ്യമങ്ങളും സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്തിയാണ് ഈ ഐപിഎസ് ഓഫിസര്‍ക്കു വേണ്ടി വാദിക്കുന്നതും അദ്ദേഹത്തെ വാഴ്ത്തുന്നതും.

കാല്‍നൂറ്റാണ്ടിനുശേഷം സ്വന്തം വരുമാനത്തില്‍ നിന്നും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞു എന്ന വാര്‍ത്ത കേരളം ആഘോഷമാക്കി കൊണ്ടാടിയിരുന്നു. എന്നാല്‍ അത്തരമൊരു നേട്ടത്തിലേക്ക് കോര്‍പ്പറേഷന്‍ വന്നെങ്കില്‍ അതാര് കാരണം എന്ന ചര്‍ച്ചയും സജീവമായിരുന്നു. ആ ചര്‍ച്ച തന്നെയാണ് ടോമിന്‍ തച്ചങ്കരിയുടെ മാറ്റവുമായി ബന്ധപ്പെട്ടും തുടരുന്നത്. തച്ചങ്കരിയുടെ പരിഷ്‌കാരങ്ങളും കഠിനപ്രയ്തനങ്ങളുമാണ് കെഎസ്ആര്‍ടിസിക്ക് അഭിമാനകരമായി മാറിയതെന്നു ഒരു പക്ഷം പറയുമ്പോള്‍, തച്ചങ്കരിയുടെ ഒറ്റയാള്‍ പ്രകടനം കൊണ്ടല്ല അതെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഈ വാദത്തെ പിന്തുണയ്ക്കാനും ഒരുപക്ഷമുണ്ടായിരുന്നു.

കെഎസ്ആര്‍ടിസിക്ക് സ്വന്തം വരുമാനത്തില്‍ നിന്നും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത്തരത്തിലേക്ക് കോര്‍പ്പറേഷനെ എത്തിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വരുമാന വര്‍ദ്ധനവിന് വേണ്ടി കൈക്കൊണ്ട നടപടികളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സര്‍ക്കാരിന്റെ ആയിരംദിന നേട്ടങ്ങളില്‍ ഒന്നായി കെഎസ്ആര്‍ടിസിയെ മുഖ്യമന്ത്രി ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടലുകളോ നടപടികളോ അല്ല, പ്രധാനമായും ശബരിമല സീസണില്‍ കിട്ടിയ അധികവരുമാനവും, കോര്‍പ്പറേഷനുള്ളില്‍ നടത്തിയ ചെലവ് ചുരുക്കലും മറ്റു പരിഷ്‌കാരങ്ങളുമാണ് കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തതയിലേക്ക് എത്തിച്ചതെന്നാണ് മറുവാദം.

എന്തു തന്നെയായാലും കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട് ഏറെ നാളുകള്‍ക്ക് ശേഷം കേള്‍ക്കുന്ന ഒരു നല്ല വാര്‍ത്ത തന്നെയായിരുന്നു ഇത്. സാമ്പത്തിക നഷ്ടം, ശമ്പളം കൊടുക്കാന്‍ വകയില്ല, പെന്‍ഷന്‍ കൊടുക്കാനില്ല, ഡീസല്‍ അടിക്കാന്‍ പോലും ഗതിയില്ല തുടങ്ങി ഇല്ലായ്മകള്‍ മാത്രം പറയാനുണ്ടായിരുന്ന ഒരു സംവിധാനം, പെന്‍ഷന്‍ കിട്ടാതെ ആത്മഹത്യ ചെയ്തവര്‍ മറ്റൊരു സര്‍ക്കാര്‍ സംവിധാനത്തിലും ഉണ്ടാകില്ലായിരിക്കും. ഇതിനെല്ലാം പുറമെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍, എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള നിര്‍ദേശം, നിയമനം കാത്തിരുന്നവരെ എത്രയും പെട്ടെന്ന് നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ് വന്നതിനു പിന്നാലെ ഉണ്ടായ പുതിയ പ്രതിസന്ധി, തൊഴില്‍ നഷ്ടപ്പെട്ടവരുടെ പ്രതിഷേധങ്ങള്‍, പണിമുടക്ക് ഭീഷണി; ഈവക പ്രതിസന്ധികളെല്ലാം മറന്ന് കൈയടിക്കാന്‍ വകയുണ്ടാക്കുകയായിരുന്നു വരുമാന വര്‍ദ്ധനവ്.

രണ്ട് മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ സിഎംഡി സ്ഥാനത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കുമായിരുന്ന ടോമിന്‍ തച്ചങ്കരിയെ മാറ്റിയത് സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പു മൂലമാണെന്നാണ് ആക്ഷേപം. തച്ചങ്കരിയെ മാറ്റണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ രണ്ടു സിപിഎം പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗതാഗത മന്ത്രിക്കു പോലും താത്പര്യമില്ലാതിരുന്ന വ്യക്തിയാണ് തച്ചങ്കരിയെന്നും പറഞ്ഞുവയ്ക്കുന്നണ്ട്. സര്‍ക്കാരിന്റെയും യൂണിയനുകളുടെയും ഇഷ്‌ക്കേടാണ് തച്ചങ്കരിയുടെ സ്ഥാന നഷ്ടത്തിനു കാരണമെന്നാണ് ഇത്തരം വാര്‍ത്തകളിലൂടെ സ്ഥാപിച്ചെടുക്കുന്നത്.

സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോ എഡിജിപി സ്ഥാനത്തിനൊപ്പമായിരുന്നു ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനവും വഹിച്ചിരുന്നത്. വിവാദങ്ങളും വിമര്‍ശനങ്ങളും ചുമലിലേറ്റിക്കൊണ്ട് തന്നെയാണ് പുതിയ ലാവണത്തിലേക്ക് തച്ചങ്കരി എത്തിയത്. വാര്‍ത്തകള്‍ സ്വയം സൃഷ്ടിക്കാന്‍ കൂടി അറിയാവുന്ന തച്ചങ്കരി കെഎസ്ആര്‍ടിസിയിലേക്കുള്ള തന്റെ വരവും വാര്‍ത്തയാക്കി. കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് തബല വായിച്ചുകൊണ്ടായിരുന്നു തച്ചങ്കരിയുടെ സ്ഥാനാരോഹണം. സിംഗിള്‍ ഡ്യൂട്ടി ഉള്‍പ്പെടെ തച്ചങ്കരി നടപ്പിലാക്കിയ ചില മാറ്റങ്ങളും പരിഷ്‌കാരങ്ങളും പൊതുഗതാഗത സംവിധാനത്തെ മെച്ചപ്പെടുത്തുമെന്ന ധാരണ പരന്നതോടെ വിവാദനായകന്‍ വീരപരിവേഷത്തിലേക്ക് ഉയരാന്‍ തുടങ്ങി. ജോലി ചെയ്യാത്തവര്‍ക്ക് ശമ്പളമില്ല, ദീര്‍ഘാവധി എടുത്ത് മറ്റു ജോലികള്‍ക്കും വിദേശത്തും മറ്റുമൊക്കെ പോയവരെ പിരിച്ചുവിടും, അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ സിംഗിള്‍ ഡ്യൂട്ടി, ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍ ലൈസന്‍സ്, ഷെഡ്യൂളുകള്‍ കൃത്യമായി പാലിക്കുക, എല്ലാ റൂട്ടുകളിലും ബസ് ഓടുന്നത് നിര്‍ബന്ധമാക്കുക തുടങ്ങി തച്ചങ്കരിയുടെ ഇടപെടലുകള്‍ ഒരുപരിധിവരെ ഗുണം ചെയ്‌തെന്നാണ് മനസിലാക്കാന്‍ സാധിക്കുക. എന്നാല്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത് തച്ചങ്കരി മന:പൂര്‍വ്വം നിലപാട് എടുത്തതു കൊണ്ടാണെന്നും കോടതിയെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും ഉള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഒപ്പം, ബസുകള്‍ വാടകയ്ക്ക് എടുത്ത് ഓടിക്കുന്നത് കെഎസ്ആര്‍ടിസിയെ ഭാവിയില്‍ വന്‍ കടക്കെണിയില്‍ എത്തിക്കുമെന്നും സ്വന്തമായി വര്‍ക്ഷോപ്പും ജീവനക്കരുമുള്ള കെഎസ്ആര്‍ടിസിയെ നോക്കുകുത്തിയാക്കി സ്വകാര്യമേഖലയെ സഹായിക്കുകയാണ് തച്ചങ്കരി ചെയ്യുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. കെഎസ്ആര്‍ടിസിയെ ലാഭത്തില്‍ ആക്കാമെന്നു താന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്നും എന്നാല്‍ നിലവിലെ ഭീമമായ നഷ്ടം കുറയ്ക്കാന്‍ ശ്രമിക്കുമെന്നായിരുന്നു സിഎംഡി ആയി ചുമതലേയല്‍ക്കുമ്പോള്‍ തച്ചങ്കരി നടത്തിയ പ്രസ്താവന. അതില്‍ പൂര്‍ണമായി അദ്ദേഹം പരാജയപ്പെട്ടെന്നു പറയാനും കഴിയില്ല.

Also Read: Explainer: എം-പാനൽ ജീവനക്കാരുടെ വിഷയം; ഹൈക്കോടതി ചൂരലെടുത്തത് എന്തുകൊണ്ട്? കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമാകുമോ?

തച്ചങ്കരിയുടെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് ഒരുവശത്തു നിന്നും കൈയടി കിട്ടുമ്പോള്‍ മറുവശത്ത് നിന്നും എതിര്‍പ്പുകളായിരുന്നു. യൂണിയനുകളുടെ എതിര്‍പ്പ്. തൊഴിലാളി വിരുദ്ധനായാണ് യൂണിയനുകള്‍ തച്ചങ്കരിയെ ചൂണ്ടിക്കാണിച്ചത്. ഇടതുപക്ഷ തൊഴിലാളി യൂണിയനുകളായിരുന്നു പ്രധാനമായും തച്ചങ്കരിയെ എതിര്‍ത്തു വന്നത്. ഇടതുപക്ഷ നേതാക്കളും തച്ചങ്കരിയുടെ ഏകാധിപത്യ പ്രവണതകളെ ചോദ്യം ചെയ്തു. കെഎസ്ആര്‍ടിസിയുടെ പ്രശ്‌നവും പ്രതിസന്ധിയും തൊഴിലാളികള്‍ ആണെന്ന തരത്തില്‍ ടോമിന്‍ തച്ചങ്കരിയില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്ഷേപങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ആനത്തലവട്ടം ആനന്ദനെ പോലെ ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ കുറ്റപ്പെടുത്തിയത്. തൊഴിലാളികളെ ‘ശരിയാക്കി’ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനാണ് സിഎംഡി ശ്രമിക്കുന്നതും ആ രീതി തടയുമെന്നായിരുന്നു നേതാക്കളുടെ നിലപാട്.

ടോമിന്‍ ജെ തച്ചങ്കരിയുടെ സ്ഥാനമാറ്റം പുതിയൊരു വിവാദമായി സര്‍ക്കാരിനെതിരേ തിരിക്കാന്‍ ശ്രമം നടക്കുമ്പോള്‍ മുഖ്യമന്ത്രിയോ ഗതാഗതമന്ത്രിയോ ഇതില്‍ പ്രതികരണം നടത്തുമോ എന്നതാണ് ഇനി അറിയേണ്ടത്. ഇഷ്ടക്കേട് സമ്പാദിച്ചുകൊണ്ടാണോ തച്ചങ്കരി പുറത്തേക്ക് പോകുന്നത്, അതോ സ്വഭാവിക നടപടിയാണോ എന്നതിലാണ് പ്രതികരണം കാത്തിരിക്കുന്നത്. എന്തായാലും ടോമിന്‍ തച്ചങ്കരി തനിക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്ന രക്തസാക്ഷി പരിവേഷം നന്നായി ആസ്വദിക്കുന്നുണ്ടാവും.

Also Read: ചോരയും നീരും ഊറ്റിപ്പിഴിഞ്ഞെടുത്തു, മറ്റു ജോലികള്‍ക്കൊന്നും പോകാനാകാത്ത അവസ്ഥയായി’; ലോംഗ് മാര്‍ച്ചില്‍ പൊട്ടിക്കരഞ്ഞ് എംപാനല്‍ ജീവനക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍