UPDATES

ട്രെന്‍ഡിങ്ങ്

തീര്‍പ്പുകല്‍പ്പിക്കാത്ത ദാമ്പത്യ കേസുകളില്‍ മുന്നില്‍ കേരളം; വിവാഹമോചനത്തില്‍ തിരുവനന്തപുരം ജില്ല

2016 നവംബര്‍ വരെയുള്ള കണക്കനുസരിച്ച് 52000-ഓളം ദാമ്പത്യ കേസുകളാണ് കേരളത്തില്‍ തീര്‍പ്പുകല്‍പിക്കാതെ കിടക്കുന്നത്

തീര്‍പ്പുകല്‍പ്പിക്കാത്ത ദാമ്പത്യ കേസുകളില്‍ മുന്‍പന്തിയില്‍ കേരളത്തിലെ കുടുംബകോടതികളെന്ന് കണക്കുകള്‍. 2016 നവംബര്‍ വരെയുള്ള കണക്കനുസരിച്ച് 52,000-ഓളം ദാമ്പത്യ കേസുകളാണ് കേരളത്തില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് (ഡിഒജെ) പ്രതിപാദിക്കുന്ന രേഖകളിലാണ് ഇത് വെളിവാക്കുന്നത്. 2015-ല്‍ 50,000 പരം കേസുകളായിരുന്നു തര്‍ക്കത്തെ തുടര്‍ന്ന് നീണ്ടു പോയിരുന്നത്. കേരളം കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ദാമ്പത്യ കേസുകള്‍ കെട്ടിക്കിടക്കുന്ന സംസ്ഥാനങ്ങളാണ് ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയവ.

ഡിഒജെ കണക്കനുസരിച്ച് കേരളത്തിലെ 28 കുടുംബകോടതികളിലായി 2013-ല്‍ 43,914 കേസുകളും, 2014-ല്‍ 53,564ഉം, 2015-ല്‍ 51288ഉം കേസുകളാണുള്ളത്. ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് 2016-ല്‍ 52,446 കേസുകളാണ് കെട്ടിക്കിടക്കുന്നത്. കുടുംബകോടതികളിലെ ഡിവോഴ്‌സ് കേസുകളില്‍ കൂടുതലും തീര്‍പ്പാകാത്തതിലെ പ്രധാനകാരണങ്ങള്‍ ജീവനാംശം നല്‍കുന്നത് സംബന്ധിച്ചോ, കുട്ടികളെ ആരുടെ കൂടെ വിടണമെന്നോ ഉള്ള തര്‍ക്കത്തെ തുടര്‍ന്നാണ്.

2016 സെപ്റ്റംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നല്‍കിയ കണക്കില്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കേരളത്തില്‍ 1.96 ലക്ഷം വിവാഹമോചന കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ്. രാജ്യത്ത് ഓരോ വര്‍ഷവും നടക്കുന്ന വിവാഹമോചനങ്ങളുടെ 8.36 ശതമാനവും കേരളത്തിലാണ്. മണിക്കൂറില്‍ അഞ്ച് എന്ന തോതിലാണ് കേരളത്തില്‍ വിവാഹമോചന കേസുകള്‍ വര്‍ധിക്കുന്നത്. 2014-ല്‍ പ്രതിദിനം 130-ലധികം വിവാഹമോചന കേസുകള്‍ സംസ്ഥാനത്ത് തീര്‍പ്പുകല്‍പിച്ചു. 2016 ജനുവരി മുതല്‍ ജൂണ്‍ വരെ രജിസ്റ്റര്‍ ചെയ്തത് 26,885 കേസുകളാണ്. 2011-ല്‍ കുടുംബ കോടതികളില്‍ രജിസ്റ്റര്‍ ചെയ്ത 44,326 വിവാഹമോചന കേസുകളില്‍ ഒന്നുപോലും തീര്‍പ്പായിട്ടില്ല. 2005-ല്‍ 8,456 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2012-ല്‍ അത് 24,815 ആയി വര്‍ധിച്ചു.

തിരുവനന്തപുരം ജില്ലയാണ് വിവാഹമോചന കേസുകളില്‍ മുന്നില്‍. ജില്ലയില്‍ ആറുമാസത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തത് 4,499 കേസുകളാണ്. 2011-12 കാലത്ത് 6000 കേസുകളാണ് തിരുവനന്തപുരം, നെടുമങ്ങാട് കുടുംബ കോടതികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കുറവ് കേസുകളുണ്ടായിരിക്കുന്നത് കാസര്‍കോട്, ഇടുക്കി ജില്ലകളിലാണ്. ഇവിടെ യഥാക്രമം 445ഉം 698ഉം കേസുകളാണ് വന്നത്. 2014-15 കാലയളവില്‍ മാത്രം ഒരു ലക്ഷത്തോളം കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്‌തെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ കണക്കുകള്‍ പറയുന്നത്.

ഒരു സ്വകാര്യ സംഘടന നടത്തിയ 2016 ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ പത്തു വര്‍ഷത്തില്‍ വിവാഹമോചനകേസുകള്‍ വര്‍ധിച്ചിരിക്കുന്നത് 350 ശതമാനമാണ്. 1993-ല്‍ ഏതാണ്ട് രണ്ടായിരത്തോളം കേസുകള്‍ മാത്രമയിരുന്നു ഉണ്ടായിരുന്നത്. 2012-നു ശേഷമാണ് അതില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. നിലവില്‍ പ്രതിവര്‍ഷം കുടുംബ കോടതിയിലെത്തുന്ന കേസുകള്‍ അമ്പതിനായിരത്തിനടുത്താണ്. 2013-ല്‍ 1000 വിവാഹത്തില്‍ 65 എണ്ണം വിവാഹ മോചനത്തിലേക്ക് എത്തിയിരുന്നുവെങ്കില്‍ നിലവില്‍ അത് വര്‍ധിച്ച് എണ്‍പത്തഞ്ചോളമായി. 92 ശതമാനം വിവാഹമോചനവും നടക്കുന്നത് ആദ്യ രണ്ടു വര്‍ഷത്തിനുളളിലാണെന്നും ആ കണക്കുകള്‍ കാണിക്കുന്നു.

വിവാഹമോചനം തേടി എത്തുന്നവരില്‍ അധികവും യുവതീയുവാക്കളാണെന്നും അതില്‍ കൂടുതലും ഐടി ജീവനക്കാരുമാണെന്നുമാണ് പ്രമുഖ സൈക്കോളജിസ്റ്റായ കല ഷിബു പറയുന്നത്. കുട്ടികളിലെയും കുടുംബങ്ങളിലെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കല ഷിബു പറയുന്നത്- ‘ഇപ്പോഴത്തെ ദമ്പതികള്‍ക്ക് അവരുടെതായ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പത്തേക്കാളും സ്വാതന്ത്ര്യമുണ്ട്. മുമ്പ് മാതാപിതാക്കളും ബന്ധുക്കളും വിവാഹമോചനത്തിന്റെ തീരുമാനങ്ങളില്‍ ദമ്പതികളെ സ്വാധീനിക്കാറുണ്ടായിരുന്നു. ഇന്ന് അത്തരം സ്വാധീനങ്ങള്‍ കുറഞ്ഞതുകൊണ്ടും മറ്റും ചെറിയ പ്രശ്‌നങ്ങളില്‍ പോലും വിട്ടുവീഴ്ചയില്ലാതെ വേര്‍പിരിയാം എന്ന ഉറച്ച നിലപാട് എടുത്തുന്നതിന് ശേഷമാണ് പലപ്പോഴും ബന്ധുക്കള്‍ ഇത് അറിയുന്നത്. ദാമ്പത്യത്തിലെ ലൈംഗിക പ്രശ്‌നങ്ങളുടെ പേരില്‍ വേര്‍പിരിയുന്നതിന് മുമ്പ് സ്ത്രീകള്‍ക്ക് മടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ ജീവിതം വച്ച് ഒരു വീട്ടുവിഴ്ചയ്ക്ക് അവര്‍ തയ്യാറല്ല. തുറന്ന് സംസാരിച്ച് ബന്ധം അവസാനിപ്പിക്കുന്നത് ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. മദ്യപാനവും ഡൈവോഴ്‌സ് കേസുകളിലെ ഒരു പ്രധാനഘടമായിട്ടുണ്ട് (2014-ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 36,000 ദാമ്പത്യ കേസുകള്‍ക്കും കാരണം മദ്യപാനമാണ്). മദ്യപാനകേസുകളില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഇരു കൂട്ടരുടെയും ഭാഗത്ത് തെറ്റ് വരുന്നുണ്ട്. മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുകയും അതുകാരണം ഡൈവോഴ്സ് സംഭവിക്കുന്നതും സാധാരണമായി കഴിഞ്ഞു.

മറ്റൊന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗമാണ് (സ്മാര്‍ട്ട്‌ഫോണ്‍). ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തിലെ അടുപ്പം കുറയ്ക്കുന്നതില്‍ പലപ്പോഴും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാരണമാകുന്നുണ്ട്. ഉദാഹരണത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളില്‍ പരസ്പരം പിണങ്ങി ഇരിക്കുന്നവര്‍ മുമ്പ് അത് തന്നെ ആലോചിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമായിരുന്നു. ഇപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ വന്നാല്‍ പിണങ്ങിയിരിക്കുന്ന ദമ്പതികള്‍ വിഷമം മാറാനോ ഒറ്റപ്പെടലില്‍ നിന്ന് ഒഴിവാകാനോ സ്മാര്‍ട്ട്‌ഫോണിലും സാമൂഹികമാധ്യമങ്ങളിലേക്കും തിരിയുമ്പോള്‍ വഴക്കുകള്‍ തന്നെ മറന്നുപോകുന്നു. ഇങ്ങനെ പരിഹരിക്കാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ പിന്നീട് ബന്ധം വേര്‍പ്പെടുത്തുന്നതിലേക്ക് വരെ നയിക്കുന്നു. ഐടി മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നുണ്ട്. സ്വവര്‍ഗ്ഗ ലൈംഗികതയും (ആണ്‍/പെണ്‍) വിവാഹതേര ബന്ധങ്ങള്‍ വര്‍ധിച്ചതും ദാമ്പത്യ കേസുകളുടെ എണ്ണം കൂട്ടി.

സ്ത്രീധന പ്രശ്‌നങ്ങളില്‍ വരുന്ന കേസുകളില്‍ പല അഭിഭാഷകരും പ്രശ്‌നങ്ങളെ കൂടുതല്‍ രൂക്ഷമാക്കുന്നുണ്ടെന്ന് പല അനുഭവങ്ങളും ഇതുവരെ കാണച്ചുതന്നിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ പല തരത്തിലുള്ള പീഡനങ്ങളാണ് ഇന്നത്തെ അഭ്യസ്തവിദ്യാരായ ചെറുപ്പക്കാര്‍ നടത്തുന്നത്. വളരെ കുശാഗ്രബുദ്ധിയോടെയാണ് പലപ്പോഴും അവര്‍ ഇത് കാണിക്കുന്നത്. ഇതിനിടയ്ക്ക് നില്‍ക്കുന്ന പല അഭിഭാഷകരും പ്രശ്‌നപരിഹാരത്തിനല്ല ശ്രമിക്കുന്നത്. അതിനെ സങ്കീര്‍ണമാക്കുവാനാണ് ശ്രമിക്കുന്നത്. സ്ത്രീധന കേസുകളില്‍ അഭിഭാഷകര്‍ക്ക് ഒരു ഭാഗം തുക ലഭിക്കുന്നതാണ് അതിന് പ്രധാനമായും ഒരു കാരണം. പലപ്പോഴും ബന്ധങ്ങളില്‍ അങ്ങേയറ്റം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന് ശേഷമായിരിക്കും അഭിഭാഷകരില്‍ നിന്ന് ദമ്പതികളെ കൗണ്‍സിലിംഗിന് ലഭിക്കുന്നത്.’

ഡിഒജെ രേഖകളില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെയും ദാമ്പത്യ കേസുകളുടെ വിവരങ്ങള്‍ കാണിക്കുന്നുണ്ട്‌. അതുപ്രകാരം കേരളത്തിനേക്കാള്‍ മൂന്ന് മടങ്ങ് ജനസംഖ്യയുള്ളതും ഇരിട്ടി വലുപ്പമുള്ളതുമായ സംസ്ഥാനമായ ബീഹാറാണ് ദാമ്പത്യകേസില്‍ രണ്ടാം സ്ഥാനത്തുള്ളത്. 50,847 കേസുകളാണ് ഇവിടെ നിധി തീര്‍പ്പക്കാനായി കിടക്കുന്നത്. വിധി തീര്‍പ്പാക്കുന്നതിലെ അലസതയില്‍ കേരളത്തിനൊപ്പമാണ് ബീഹാര്‍. ഇവിടുത്തെ 39 കുടുംബകോടതികളിലായി 2013-ല്‍ 12,717 കേസുകളും, 2014-ല്‍ 13,506ഉം 2015-ല്‍ 13,756ഉം കേസുകളാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശില്‍ 46,866 കേസുകളാണുള്ളത്. തൊട്ടുപിന്നാലെ മഹാരാഷ്ട്രയുമുണ്ട്. 45690 കേസുകളാണുള്ളത്. 2013-ലും 2014-ലും ധാരാളം ദാമ്പത്യ കേസുകള്‍ മുമ്പിലായിരുന്ന തമിഴ്‌നാട് ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. 37,618 കേസുകളാണ് അവിടെ തീര്‍പ്പക്കാനുള്ളത്. 2013-15 കാലയളവില്‍ 40,000-ഓളം കേസുകള്‍ തമിഴ്‌നാട് തീര്‍പ്പുകല്‍പിച്ചു.

ഏറ്റവും കൂടുതല്‍ ദാമ്പത്യകേസുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ കര്‍ണാടക (6), ഒഡീഷ (7), ഹരിയാന (8), രാജസ്ഥാന്‍ (9), ഝാര്‍ഖണ്ഡ് (10) ഉള്‍പ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലോന്നായ ഉത്തര്‍പ്രദേശില്‍ 76 കുടുംബകോടതികളിലായി 5466 കേസുകളാണ് വിധി ആകാനായി കിടക്കുന്നത്. ജനസംഖ്യയില്‍ കേരളത്തിനെക്കാള്‍ ഏഴുമടങ്ങ് വലുതാണ് യുപി. 2013-15 കാലയളവില്‍ യുപി-യില്‍ രണ്ട് ലക്ഷത്തോളം കേസുകളിലാണ് വിധി പറഞ്ഞത്. 2015-ല്‍ മാത്രം ഇവിടുത്തെ കുടുംബകോടതികളില്‍ 1.19 ലക്ഷം കേസുകളാണ് തീര്‍പ്പുകല്‍പിച്ചത്. ഡല്‍ഹിയില്‍ 11,862 കേസുകളാണ് കിടക്കുന്നത്. 2013-15 കാലത്തില്‍ ഓരോ വര്‍ഷവും 12,000 കേസുകളാണ് തീര്‍പ്പുകല്‍പിച്ചത്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് രേഖകളനുസരിച്ച് ഹിമാചല്‍ പ്രദേശിലും മേഘാലയയിലും കുടുംബകോടതികളില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കേസുകള്‍ തീര്‍പ്പു കല്‍പിച്ചതിന്റെ കണക്കകള്‍ ലഭിച്ചിട്ടില്ലെന്നുമാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് രേഖകളില്‍ കാണുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍