UPDATES

യാത്ര

ദൈവത്തിന്റെ സ്വന്തം നാടിന്റെ ‘കേരള ബ്ലോഗ് എക്‌സ്പ്രസ്’ യാത്ര ആരംഭിച്ചു

29 രാജ്യങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 29 ബ്ലോഗര്‍മാര്‍ക്കൊപ്പം ഇന്ത്യയില്‍നിന്നുള്ള ഏക അംഗമായ ദീപാന്‍ഷു ഗോയലും ബ്ലോഗ് എക്സ്പ്രസില്‍ യാത്രയ്ക്കുണ്ട്

‘ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്’ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം വകുപ്പിന്റെ സംരംഭമായ കേരള ബ്ലോഗ് എക്സ്പ്രസ് നാലാം പതിപ്പ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 30 രാജ്യാന്തര ബ്ലോഗര്‍മാരുമായി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന കേരള ബ്ലോഗ് എക്സ്പ്രസ് ഇന്നലെ രാവിലെ കൊച്ചി ബോള്‍ഗാട്ടി പാലസിലാണ് ഉദ്ഘാടനം നടന്നത്.


ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള എഴുത്തുകാരെ ഇവിടെയെത്തിച്ച് അവര്‍ക്കു കേരളത്തെ നേരിട്ട് മനസ്സിലാക്കാനും അവര്‍ വഴി വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനുമാണ് ഈ സംരംഭം നടത്തുന്നത്. ബ്രിട്ടന്‍, കാനഡ, അമേരിക്ക, സ്പെയിന്‍, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബ്രസീല്‍, ഇറ്റലി, മലേഷ്യ, സ്വീഡന്‍, അര്‍ജന്റീന, ഗ്രീസ് തുടങ്ങി 29 രാജ്യങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 29 ബ്ലോഗര്‍മാര്‍ക്കൊപ്പം ഇന്ത്യയില്‍നിന്നുള്ള ഏക അംഗമായ ദീപാന്‍ഷു ഗോയലും ബ്ലോഗ് എക്സ്പ്രസില്‍ യാത്രയ്ക്കുണ്ട്.


38,000 പേര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് ഈ ബ്ലോഗര്‍മാരെ തിരഞ്ഞെടുത്തത്. ഇന്നലെ ഈ അംഗങ്ങള്‍ കൊച്ചിയിലായിരുന്നു, ഇന്ന് ആലപ്പുഴ, നാളെ കുമരകം, 23-ന് തേക്കടി, 24-നും 25-നും മൂന്നാര്‍, 27-നും 28-നും തൃശ്ശൂര്‍, 29-ന് കോഴിക്കോട്, 30-ന് വയനാട്, 31-ന് കണ്ണൂര്‍, ഏപ്രില്‍ ഒന്നിനും രണ്ടിനും കാസര്‍കോട് എന്നിവിടങ്ങളിലൂടെ റോഡുമാര്‍ഗം സഞ്ചരിക്കുന്ന ബ്ലോഗ് എക്സ്പ്രസ് ഏപ്രില്‍ മൂന്നിന് തിരുവനന്തപുരത്ത് എത്തി യാത്ര അവസാനിപ്പിക്കും.


രണ്ടാഴ്ചത്തെ പര്യടനത്തിലൂടെ കേരളത്തെ അടുത്തറിയുന്ന ഈ ബ്ലോഗര്‍ യാത്രികര്‍ തങ്ങളുടെ ബ്ലോഗുകളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളെഴുതും. ഇതുവഴി നമ്മുടെ വിനോദസഞ്ചാര പ്രൗഢി, ആഗോള സഞ്ചാരസമൂഹം കൂടുതല്‍ അടുത്തറിയുകയും ഇവിടെയെത്തുകയും ചെയ്യുമെന്നാണു പ്രതീക്ഷ. ബ്ലോഗ് എക്സ്പ്രസിന്റെ ആദ്യ മൂന്നു പതിപ്പുകളും കേരള ടൂറിസത്തിന് മികച്ച നേട്ടമായിരുന്നു നല്‍കിയത്.


മൂന്നു പതിപ്പുകളിലുമായി 87 ബ്രാന്‍ഡ് അംബാസഡര്‍മാരാണു കേരളക്കാഴ്ചകള്‍ കാണാനെത്തിയത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 4,500 എന്‍ട്രികള്‍ നേടിയെടുത്ത ഈ പദ്ധതി, ‘ആയുഷ്‌ക്കാലത്തിന്റെ സഞ്ചാരം!’ എന്ന പരസ്യവാചകത്തെ ശരിവയ്ക്കുന്ന പ്രകടനമാണു നടത്തിയത്. ഒട്ടേറെ വിദേശ അച്ചടി, ഓണ്‍ലൈന്‍, ടെലിവിഷന്‍ മാധ്യമങ്ങള്‍ ബ്ലോഗ് എക്സ്പ്രസിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ഡോക്യുമെന്ററികള്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന്റെ മൂന്നാംപതിപ്പിനു ഗോവ ഫെസ്റ്റ് 2016-ല്‍ വെങ്കല പുരസ്‌കാരവും ലഭിച്ചു.


സമൂഹമാധ്യമ പ്രചാരണം, സഹവാസ യാത്രകള്‍, ബ്ലോഗേഴ്സ് മീറ്റ്, റോഡ് യാത്രകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടു വിശാല തലത്തില്‍ സംഘടിപ്പിക്കുന്ന പ്രചാരണ സംരംഭം ലോകത്തില്‍ത്തന്നെ മറ്റൊരു ടൂറിസം പ്രസ്ഥാനവും ആവിഷ്‌കരിച്ചിട്ടില്ലെന്നതാണ് കേരള ബ്ലോഗ് എക്സ്പ്രസിനെ വ്യത്യസ്തമാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍