UPDATES

വൈറല്‍

ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കുവാന്‍ ഇല്ലാതെ ഓടുന്ന സായിപ്പുമാരുടെ എണ്ണം കൂടുന്നു

അഴിമുഖം പ്രതിനിധി

ദൈവത്തിന്റെ സ്വന്തം നാടാണ്. പക്ഷെ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ ഫുഡ് അടിക്കാന്‍ കാശില്ലാതെ നെട്ടോട്ടം ഓടുകയാണ്. വിശപ്പ് സഹിക്കാതെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം മുങ്ങേണ്ടി വരുന്ന അവസ്ഥയിലെത്തിയവര്‍ വരെയുണ്ട് കൂട്ടത്തില്‍. നോട്ട് നിരോധനത്തിന്റെ തിക്തഫലങ്ങള്‍ കേരളത്തിന്റെ വിനോദസഞ്ചാരമേഖലയെയും ബാധിച്ചു തുടങ്ങിയതായാണ് പുറത്തുവരുന്ന കഥകള്‍ പറയുന്നത്. 

നാല്‍പതുകാരനായ ഒരു വിദേശി തന്റെ കടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ കഥ ഖാദര്‍ കുഞ്ഞ് എന്ന ഹോട്ടലുടമ പറയുന്നു. വന്നയാള്‍ ഇവിടെ കാര്‍ഡ് സ്വീകരിക്കുമോ എന്ന് ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടിയെങ്കിലും പുള്ളി കൂസാതെ ഭക്ഷണം കഴിച്ചശേഷം കൈകഴുകി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഹോട്ടല്‍ ജീവനക്കാര്‍ പിന്നാലെ ഓടി പിടിച്ചപ്പോഴാണ് എടിഎമ്മില്‍ കാശില്ലാത്തതിനാല്‍ എടുക്കാനാവില്ലെന്നും വിശന്ന് പൊരിഞ്ഞതിനാലാണ് ആഹാരം കഴിച്ചതെന്നുമുള്ള ദയനീയ കഥ സായിപ്പ് വെളിപ്പെടുത്തിയത്. പണം പിന്നെ തന്നാല്‍ മതിയെന്ന് പറഞ്ഞ് സായിപ്പിനെ വിടുകയേ 1989 മുതല്‍ ഹോട്ടല്‍ നടത്തുന്ന ഖാദര്‍ കുഞ്ഞിന് മാര്‍ഗ്ഗമുണ്ടായിരുന്നുള്ളുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശന്ന് പൊരിഞ്ഞെത്തുന്ന വിദേശികളോട് കഷ്ടം തോന്നി പലരും ഭക്ഷണം നല്‍കി വിടുകയാണ് ചെയ്യുന്നതെന്ന് ഖാദര്‍ കുഞ്ഞ് പറഞ്ഞു. പലരും പിന്നീട് കാശ് തിരിച്ചു കൊടുക്കാറുണ്ട്. എന്നാല്‍ മുങ്ങുന്ന വിദഗ്ധരുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് സ്ത്രീകളും നാല് പുരുഷന്മാരും അടങ്ങുന്ന ഒരു ഫ്രഞ്ച് സംഘം വിശന്ന് പൊരിഞ്ഞ് തന്റെ ഹോട്ടലില്‍ എത്തിയ കഥ അദ്ദേഹം പറഞ്ഞു. കൈശില്‍ കാശില്ലെന്നും എന്നാല്‍ കാര്‍ഡുണ്ടെന്നും ഭക്ഷണം തരണമെന്നും അവര്‍ ആവശ്യപ്പെട്ടു. തല്‍ക്കാലം ഭക്ഷണം കഴിക്കാനും കാശ് പിന്നീട് എത്തിച്ചാല്‍ മതിയെന്നുമുള്ള കരാറില്‍ അവര്‍ 1600 രൂപയുടെ ഭക്ഷണം കഴിച്ചു. എന്നാല്‍ സ്ത്രീകള്‍ മാത്രമാണ് ഇതുവരെ കാശ് തിരികെ എത്തിച്ചത്. പുരുഷന്മാര്‍ ആ വഴി പോയ ലക്ഷണമാണെന്നും ഖാദര്‍ കുഞ്ഞ് പറയുന്നു.

വിദേശ സഞ്ചാരികളില്‍ നല്ലൊരു ഭാഗവും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യൂ നിന്ന് സമയം കളയേണ്ട അവസ്ഥയാണെന്ന് ടൂറിസ്റ്റ് ഗൈഡായ കോശി ജോണ്‍ പറയുന്നു. അവര്‍ക്ക് സ്ഥലങ്ങള്‍ കാണാന്‍ സമയം ലഭിക്കുന്നില്ല. ഭൂരിപക്ഷവും നിരാശയോടെയാണ് മടങ്ങുന്നത്. വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്നും കോശി ജോണ്‍ ചൂണ്ടിക്കാണിച്ചു. സീസണില്‍ വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്നത് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് തന്നെ കനത്ത തിരിച്ചടിയാവും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍