UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി ക്യാമ്പിലേക്ക് പോകുന്നതിന് മുമ്പ് ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതും ടി.പി ശ്രീനിവാസന്‍

വളരെക്കാലം അടുത്ത സുഹൃത്തായിരുന്ന തരൂരിനെ കൈവിട്ട് കുമ്മനത്തിന് പിന്തുണ അറിയിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് വേണ്ടി പ്രചരണത്തിനെത്തിയപ്പോള്‍ വേദിയില്‍ എത്തിയ അപ്രതീക്ഷിത വ്യക്തിയാണ് മുന്‍ നയതന്ത്രജ്ഞന്‍ ടി.പി ശ്രീനിവാസന്‍.  മുന്‍ നയതന്ത്രജ്ഞന്‍ എന്നതിലുപരി കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി എന്ന നിലയില്‍ കൂടി അറിയപ്പെടുന്ന ആളായിരുന്നു ശ്രീനിവാസന്‍. അദ്ദേഹം അപ്രതീക്ഷിതമായി ബിജെപിയിലേക്ക് കൂടുമാറിയത് ഞെട്ടലോടെയാണ് യുഡിഎഫ് ക്യാമ്പ് ശ്രവിച്ചത്.

കാരണം, ബിജെപി പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പ് എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചതും ടി.പി ശ്രീനിവാസന്‍ ആയിരുന്നു. ഡൊമിനിക് പ്രസന്റേഷന്‍, വി.ഡി സതീശന്‍, കെ, ബാബു, അജയ് തറയില്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, ടി. എ അഹമ്മദ് കബീര്‍ തുടങ്ങിയ യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഓഫീസ് ഉദ്ഘാടനം.

20 ലോക്‌സഭാ മണ്ഡലങ്ങളിലും യുഡിഎഫ് മത്സരിപ്പിക്കുന്നത് ജനനേതാക്കളെയാണെന്നാണ് ശ്രീനിവാസന്‍ പറഞ്ഞതെന്ന് ചടങ്ങിനെക്കുറിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരുകളുടേയും ബിജെപി സര്‍ക്കാരുകളുടേയും കീഴില്‍ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ലോകത്തിനു മുന്നില്‍ ഇന്ത്യയെ എത്തിച്ചത് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരാണെന്നുമായിരുന്നു ശ്രീനിവാസന്‍ ചടങ്ങില്‍ നടത്തിയ മറ്റൊരു പ്രസ്താവന.

ഇതിന്റെ ചൂടാറും മുമ്പെയായിരുന്നു തിരുവനന്തപുരത്തെ വേദിയിലെത്തി മോദിയേയും കുമ്മനത്തെയും പുകഴ്ത്തിക്കൊണ്ടുള്ള ശ്രീനിവാസന്റെ പ്രസ്താവന വന്നതും.  തിരുവനന്തപുരത്തിന് മാറ്റം വേണമെന്നും ശശി തരൂരിനേക്കാള്‍ തിരുവനന്തപുരം എംപിയാകാന്‍ യോഗ്യന്‍ കുമ്മനം രാജശേഖരനാണെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ശശിതരൂരിന്റെ അടുത്ത സുഹൃത്ത് കൂടിയായ ശ്രീനിവാസന്‍ കുമ്മനത്തെ പുകഴ്ത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തു. “അധികാരത്തില്‍ പലരെയും കൊണ്ടുവരുമ്പോള്‍ അവര്‍ പലതും നേടിത്തരും എന്ന ആഗ്രഹം നമുക്കുണ്ടാവും. എന്നാല്‍ അത് പലപ്പോഴും നടക്കാറില്ല. കുമ്മനം രാജശേഖരന് അധികാരമോഹമില്ല. മിസോറാം ഗവര്‍ണറോ, എന്‍ഡിഎ സ്ഥാനാര്‍ഥിത്വമോ, ഏത് ചുമതലയും അദ്ദേഹം ഏറ്റെടുക്കും. അതുകൊണ്ടാണ് കുമ്മനത്തിന് ഞാന്‍ പിന്തുണ പ്രഖ്യാപിക്കുന്നത്. ശശിതരൂര്‍ 10 വര്‍ഷം കൊണ്ട് ഒരു മാറ്റവും കൊണ്ടുവന്നില്ല. ഒരു മാറ്റം ആഗ്രഹിക്കുന്നു” എന്നുമായിരുന്നു ശ്രീനിവാസന്‍ വേദിയില്‍ പറഞ്ഞത്.

Also Read: എന്തുകൊണ്ടാണ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരില്‍ പലരും ബിജെപി പാളയത്തിലേക്ക് പോകുന്നത്? സെന്‍കുമാര്‍ മുതല്‍ ടിപി ശ്രീനിവാസന്‍ വരെ

ആ പരിപാടിയില്‍ പങ്കെടുക്കാന്‍ രണ്ട് കാരണങ്ങളാണ്. മുമ്പ് വാഷിങ്ടണില്‍ വച്ച് നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. എന്റെ ജന്മനാട്ടില്‍ അതിനുള്ള അവസരം നല്‍കുന്ന ക്ഷണമെന്ന രീതിയിലാണ് പരിപാടിയില്‍ പങ്കെടുത്തത്. രണ്ടാമത്, തിരുവനന്തപുരത്തിന് മറ്റൊരു എംപി വേണമെന്ന് എനിക്ക് തോന്നുന്നു. തരൂര്‍ അനുഗ്രഹീത എഴുത്തുകാരനും പ്രഭാഷകനുമാണ്. എന്നാല്‍ അദ്ദേഹത്തെ രാഷ്ട്രീയക്കാരനായി കാണുന്നതില്‍ എനിക്ക് നിരാശയായിരുന്നു. കേരളരാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് റോള്‍ ഒന്നുമില്ലായിരുന്നു. എന്നും ഔട്ട്‌സൈഡര്‍ തന്നെയായിരുന്നു. ഇവിടെ നമുക്ക് മണ്ണിന്റെ പുത്രനുണ്ട്. കുമ്മനം. സത്യസന്ധതയും ലാളിത്യവും കൈമുതലായുള്ള പൊങ്ങച്ചമേതുമില്ലാത്ത അഴിമതിക്കറപുരളാത്ത സാമൂഹിക പ്രവര്‍ത്തകനായ, വലിയ ബാങ്ക് ബാലന്‍സ് ഒന്നുമില്ലാത്ത കുമ്മനം ഇന്ത്യന്‍ പാര്‍ലമെന്റില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കണം. മറ്റൊരു കോണ്‍ഗ്രസുകാരനും ചാന്‍സ് ലഭിക്കാന്‍ സാധ്യതയില്ലാത്തത് പോലെ ഒരാളുടെ മാത്രം കുത്തകയായി തിരുവനന്തപുരം മാറി എന്നാണ് എനിക്ക് തോന്നിയത്. അത് മാറേണ്ടതുണ്ട്. കുമ്മനത്തിന് ഞാന്‍ എല്ലാ ആശംസകളും നേരുന്നു” എന്നായിരുന്നു പിന്നീട് ഇറക്കിയ പ്രസ്താവനയില്‍ ശ്രീനിവാസന്‍ പറഞ്ഞത്.

2009ല്‍ ശശി തരൂരിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തെ മണ്ഡലത്തിന് പരിചയപ്പെടുത്തുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നയാള്‍ കൂടിയാണ് ശ്രീനിവാസന്‍ എന്നതും ശ്രദ്ധേയമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായും ടി പി ശ്രീനിവാസന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസിഡറായും കെനിയയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും പ്രവര്‍ത്തിച്ച ടി പി ശ്രീനിവാസന്‍ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി കൂടിയാണ്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇന്ത്യയുടെ ഗവര്‍ണറായും പ്രവര്‍ത്തിച്ചു. വളരെക്കാലം അടുത്ത സുഹൃത്തായിരുന്ന തരൂരിനെ കൈവിട്ട് കുമ്മനത്തിന് പിന്തുണ അറിയിച്ച് ശ്രീനിവാസന്‍ രംഗത്തെത്തുമ്പോള്‍ അത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍