UPDATES

‘ഉടുപ്പൂരിക്കാന്‍ നോക്കുന്നതിന്റെ ഭാഗമാണ് ഈ ട്രാന്‍സ്ഫറും, പക്ഷേ ചാകേണ്ടി വന്നാലും അതീ തിരുവസ്ത്രത്തില്‍ തന്നെയായിരിക്കും’

ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്ത കന്യാസ്ത്രീയേയും അവര്‍ക്ക് നീതി കിട്ടാനായി പൊരുതുന്ന കന്യാസ്ത്രീമാരെയും ഏതു വിധേനെയും പിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ ട്രാന്‍സ്ഫര്‍ എന്നാണ് ആരോപണം

മരിക്കേണ്ടി വന്നാലും സത്യത്തെ കൈവിടരുതെന്നാണ് കര്‍ത്താവ് പറഞ്ഞിരിക്കുന്നത്. മറ്റൊരു തരത്തിലും തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ ഞങ്ങളെ ഇല്ലാതാക്കാനും മടിക്കില്ല. പക്ഷേ, ഭയമില്ല. നില്‍ക്കുന്നത് നീതിക്കുവേണ്ടിയാണ്, ശബ്ദം ഉയര്‍ത്തുന്നത് കുറ്റവാളികള്‍ക്കെതിരേയാണ്. ഞങ്ങള്‍ പിന്തുടരുന്നതും അനുസരിക്കുന്നതും കര്‍ത്താവിനെയാണ്. പലതരത്തില്‍ ദ്രോഹിക്കുന്നുണ്ട്. മാനസികമായി ഞങ്ങളെ തളര്‍ത്തി എങ്ങനെയെങ്കിലും പുറത്താക്കാന്‍ നോക്കുകയാണ്. ഞങ്ങള്‍ ശവമായിട്ടാണ് ഇവിടെ നിന്നും ഇറങ്ങേണ്ടി വരുന്നതെങ്കില്‍ പോലും അതീ തിരുവസ്ത്രത്തോടെ തന്നെയായിരിക്കുമെന്ന് ഞങ്ങള്‍ ഉറപ്പിച്ചിട്ടുണ്ട്. അതു മനസിലാക്കിയാണവര്‍ മറ്റു വഴികളിലൂടെ ഞങ്ങളെ മഠത്തില്‍ നിന്നും പുറത്തു ചാടിക്കാന്‍ നോക്കുന്നത്”; കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ അവര്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികളെ മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെയാണ് കഴിയുന്നത് എന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ വാക്കുകള്‍. അവരുടെ കണക്കൂട്ടലുകള്‍ തെറ്റല്ലെന്നാണ് ഇപ്പോഴത്തെ സ്ഥലം മാറ്റം ഉത്തരവുകള്‍ തെളിയിക്കുന്നതും.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്ത കന്യാസ്ത്രീ താമസിക്കുന്നത് കുറവിലങ്ങാട് മഠത്തിലാണ്. ബിഷപ്പിനെതിരെ സംസാരിച്ച നാള്‍ മുതല്‍ ഈ കന്യാസ്ത്രീയെ പലരീതിയില്‍ ഉപദ്രവിച്ച് ഏതുവിധേനയും മഠത്തിനു പുറത്താക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. പീഡനങ്ങള്‍ സഹിക്കാനാവാതെ മഠം വിട്ടുപോകാന്‍ കന്യാസ്ത്രീയും തീരുമാനം എടുത്തിരുന്നു. എന്നാല്‍ സി. അനുപമ, സി. ജോസഫൈന്‍, സി. ആല്‍ഫി, സി. ആന്‍സിറ്റ, സി. നീന റോസ് എന്നിവര്‍ ഒപ്പം നിന്ന് കരുത്തേകിയതോടെയാണ് അവര്‍ പോരാട്ടത്തിനു തയ്യാറായത്. ഇതോടെ ഈ ആറു കന്യാസ്ത്രീകളും എതിരാളികള്‍ക്ക് ഒരുപോലെ ശത്രുക്കളായി. പ്രതികാര നടപടികള്‍ ഒരുപോലെ ഇവര്‍ക്കെതിരേ ഉണ്ടായി. ഒന്നിലും പേടിക്കാനോ കീഴടങ്ങാനോ അവര്‍ തയ്യാറായില്ലെന്നിടത്താണ് അവസാന ആയുധമെന്ന നിലയില്‍ ട്രാന്‍സ്ഫര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

കന്യാസ്ത്രീകള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് തങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നു മനസിലാക്കിയാണ് ഓരോരുത്തരേയും പിരിച്ചു മാറ്റി ദുര്‍ബലപ്പെടുത്താന്‍ ട്രാന്‍സ്ഫര്‍ എന്ന ആയുധം ഉപയോഗപ്പെടുത്താന്‍ തീരുമാനമായത്. പക്ഷേ, മരണത്തെപ്പോലും ഭയപ്പെടുന്നില്ലെന്നു പറയുന്ന ഈ കന്യാസ്ത്രീകള്‍ ട്രാന്‍സ്ഫര്‍ എന്ന ആയുധം കണ്ടും ഒട്ടും ഭയപ്പെടുന്നില്ല. “ട്രാന്‍സ്ഫര്‍ ഉത്തരവ് ഞങ്ങള്‍ അനുസരിക്കില്ലെന്ന് അതയച്ചവര്‍ക്ക് കൃത്യമായി അറിയാം. അങ്ങനെ ഞങ്ങള്‍ അനുസരിക്കാതെ വരുമ്പോള്‍ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ഞങ്ങള്‍ക്കെതിരേ നടപടിയെടുക്കാം. വേണമെങ്കില്‍ സഭയില്‍ നിന്നും പുറത്താക്കാം. അങ്ങനെയൊരു നടപടിയാണ് എടുക്കാന്‍ പോകുന്നതെങ്കില്‍ എടുത്തോട്ടെ, ഏതറ്റംവരെ പോകുമെന്നു കാണാം. നീതിക്കുവേണ്ടിയാണ് ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നത്. കര്‍ത്താവിന്റെ പാത വിട്ട് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. പാപം ചെയ്തവര്‍ സംരക്ഷിക്കപ്പെടുമ്പോഴാണ് പാപികള്‍ക്കെതിരേ പോരാടുന്ന ഞങ്ങളെ ക്രൂശിക്കാന്‍ ഒരുങ്ങുന്നത്”; സി. അനുപമയുടെ ഈ വാക്കുകളില്‍ അവരുടെ നിലപാട് വ്യക്തമാണ്.

ബിഷപ്പില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന പീഢനങ്ങളെക്കുറിച്ച്, തങ്ങള്‍ അമ്മയുടെ സ്ഥാനത്ത് കാണുന്ന ആ കന്യാസ്ത്രീ പറഞ്ഞ നാള്‍ മുതല്‍ ഈ പോരാട്ടം തുടങ്ങിയതാണെന്നു സി. അനുപമയും കൂട്ടരും പറയുന്നുണ്ട്. അതോടെ പലതരത്തില്‍ തങ്ങളെ ഉപദ്രവിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയാതായും പറയുന്നു. മുന്നറിയിപ്പ് നല്‍കല്‍, ഉടുപ്പ് ഊരിക്കുമെന്നുള്ള ഭീഷണിപ്പെടുത്തല്‍, വീട്ടുകാരെ ഉള്‍പ്പെടെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍, പരീക്ഷയെഴുതിക്കാതിരിക്കല്‍; ഇത്തരത്തില്‍ പല പ്രതികാരശ്രമങ്ങളും. ഇതെല്ലാം നടപ്പാക്കിയതും ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്ന കുറച്ച് കന്യാസ്ത്രീകളും. എത്രവലിയ പരീക്ഷണങ്ങളും നേരിടേണ്ടി വന്നാലും പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നും പരാജിതരായി പിന്മാറിലെന്നും കൂട്ടായി എടുത്ത തീരുമാനത്തോടെ തങ്ങളുടെ ‘അമ്മ’ (പീഢിപ്പിക്കെട്ട കന്യാസ്ത്രീ)യ്‌ക്കൊപ്പം തന്നെ അഞ്ചു കന്യാസ്ത്രീകളും നിലയുറപ്പിച്ചതോടെയാണ് എങ്ങനെയെങ്കിലും ഇവരെ കുറവിലങ്ങാട് മഠത്തില്‍ നിന്നും ഓടിക്കാനുള്ള വഴികളെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയത്.

കന്യാസ്ത്രീകള്‍ക്കു ഭീഷണിയുണ്ടെന്നും മഠത്തില്‍ കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണമെന്നും പൊലീസ് ആവിശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാന്‍ മഠം അധികാരിയായ കന്യാസ്ത്രീ തയ്യാറായില്ല. സുരക്ഷ പോരെങ്കില്‍ മഠം വിട്ട് ഏതെങ്കിലും സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് പോയ്‌ക്കോളാനായിരുന്നു മറുപടി. അങ്ങനെ മാറിയാലോ മാറ്റിയാലോ സഭ ചട്ടങ്ങള്‍ക്കു പുറത്ത് ജീവിക്കുന്നവരെന്നു പരാതി ഉയര്‍ത്തി കന്യാസ്ത്രീകള്‍ക്കെതിരേ നടപടിയെടുക്കാമെന്നു കണക്കുകൂട്ടിയിരുന്നു. ഈ മാര്‍ഗങ്ങളൊന്നും ഫലിക്കാതെ വന്നതോടെയാണ് മഠത്തില്‍ പുതിയ ആളുകളെ എത്തിക്കുന്നത്. ആറുപേരെയും ഏതുവിധേനയും മാനസികസമ്മര്‍ദ്ദത്തിലാക്കി പുറത്തു ചാടിക്കുക തന്നെയായിരുന്നു അത്തരമൊരു നേതൃമാറ്റത്തിനു പിന്നിലെയും ടാര്‍ഗറ്റ്.

ബിയാസ് സെക്രട്ട് ഹേര്‍ട്ട് കോണ്‍വെന്റിലെ (അമൃത്സര്‍) മദര്‍ സുപ്പീരിയര്‍ സി. ജ്യോതിസ്, മിഷണറീസ് ഓഫ് ജീസസിലെ നോവിസ് മിസ്ട്രസ് സി. ലിസ്യൂ തെരേസ്, ആസ്പിരന്റ് മിസ്ട്രസും പഞ്ചാബ് സ്വദേശിയുമായ സി. അനിത എന്നിവരുടെ കുറവിലങ്ങാട് മഠത്തിലേക്കുള്ള വരവിന്റെ ലക്ഷ്യത്തെക്കുറിച്ച് നല്ലബോധ്യം സി. അനുപമയ്ക്കും കൂട്ടര്‍ക്കുമുണ്ടായിരുന്നു. വന്നവരെ കൂടാതെ നേരത്തെ മഠത്തില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ (അതിലൊരാള്‍ മഠം വിട്ട് പോയി എന്നതാണ് മറ്റൊരു കൗതുകം) തങ്ങളോട് ചെയ്തിരുന്നതൊക്കെ തന്നെയാകും പുതുതായി വരുന്നവരും തുടരുകയെന്ന മനസിലാക്കലില്‍ തങ്ങളുടേതായ വഴിയിലൂടെ മാത്രമാണ് പരാതിക്കാരിയും കൂട്ടരും സഞ്ചരിച്ചത്. പക്ഷേ, തെരഞ്ഞെുപിടിച്ചെന്നപോലെ പ്രതികാര നടപടികള്‍ അവര്‍ക്കെതിരേ ഉണ്ടായി. കേസുമായി ബന്ധപ്പെട്ട് തുറന്ന പോരാട്ടത്തിന് ഇറങ്ങിയതോടെ ഉണ്ടായ മനസിന്റെ പിരിമുറുക്കം കുറയ്ക്കാന്‍ മഠത്തിനുള്ളില്‍ ഒഴിഞ്ഞു കിടന്നിരുന്ന പന്നിക്കൂട് ശരിയാക്കിയെടുത്ത് അതില്‍ കോഴി വളര്‍ത്തല്‍ ആരംഭിച്ചിരുന്നു പരാതിക്കാരിയും കൂടെയുള്ളവരും. ഇതിനൊപ്പം പച്ചക്കറി തോട്ടം ഉണ്ടാക്കാനും മുന്നിട്ടിറങ്ങിയിരുന്നു. എന്നാല്‍ ഈ രണ്ടു പ്രവര്‍ത്തനങ്ങളും തടയാനാണ് ശ്രമം ഉണ്ടായത്. കുറവിലങ്ങാട് മഠത്തില്‍ തങ്ങളുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് പരാതിക്കാരിയേയും കൂടെയുള്ളവരേയും എത്തിക്കാനായിരുന്നു ശ്രമങ്ങള്‍.

ഇതെല്ലാം പരാജയപ്പെട്ടതോടെയാണ് ഇപ്പോള്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കൊണ്ടുവന്നിരിക്കുന്നത്. തങ്ങള്‍ക്കെതിരേയുള്ള ട്രാന്‍സ്ഫര്‍ സ്വാഭാവിക നടപടിയായി കാണാന്‍ കഴിയില്ലെന്നും അത്തരം വാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും കന്യാസ്ത്രീകള്‍ ചൂണ്ടിക്കാണിക്കുന്നതോടെ ഇതും പ്രതികാരത്തിന്റെ ഭാഗം തന്നെയെന്ന് സംശയിക്കേണ്ടി വരും. ട്രാന്‍സ്ഫര്‍ അനുസരിക്കില്ലെന്നു കന്യാസ്ത്രീകള്‍ വ്യക്തമാക്കിയിരിക്കുന്നതോടെ അത് അച്ചടക്കലംഘനമായി വരും. സഭയില്‍ നിന്നും പുറത്താക്കാനുള്ള കാരണം തന്നെയാക്കാമിത്.

തങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള തീരുമാനത്തിനു പിന്നില്‍ ഫ്രാങ്കോയുടെ പീഢനം ഏറ്റുവാങ്ങേണ്ടി വന്ന സിസ്റ്ററെ ഒറ്റപ്പെടുത്തി ശാരീരികമായും മാനസികമായും വൈകാരികമായും ഉപദ്രവിച്ച് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് കന്യാസ്ത്രീകള്‍ ആരോപിക്കുന്നു. ഫ്രാങ്കോയ്‌ക്കെതിരേയുള്ള കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലെ പ്രധാന ഉദ്ദേശമെന്നും മനസിലാക്കി തന്നെയാണ് അച്ചടക്കം പറഞ്ഞ് പുറത്താക്കിയാലും കുഴപ്പമില്ലെന്ന ധൈര്യത്തോടെ കന്യാസ്ത്രീകള്‍ നില്‍ക്കുന്നത്. തങ്ങളെ ഓരോരിയടങ്ങളിലേക്കും മാറ്റിയാല്‍ പിന്നെ പീഡിപ്പിക്കപ്പെട്ട സിസ്റ്ററെ എങ്ങനെയെങ്കിലും ഇല്ലാതാക്കാന്‍ അവര്‍ക്കു കഴിയും, അതുകൊണ്ട് തങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് കേസിന്റെ ബലം എന്നു മനസിലാക്കിയാണ്, ഭിന്നിപ്പിച്ച് ദുര്‍ബലപ്പെടുത്താന്‍ നോക്കിയാല്‍ അവരേ പരാജയപ്പെടൂ, തങ്ങളാകില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍