UPDATES

ഗൗരി: കേരളത്തില്‍ കൊല്ലപ്പെട്ട ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍; അന്വേഷിക്കാന്‍ പൊലീസിനും താത്പര്യമില്ല, ഇടപെടാന്‍ സമൂഹത്തിനും

ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ സംസ്ഥാനം കൂടിയാണ് കേരളം

ആലുവയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ ഗൗരിയുടെ മൃതദേഹം ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി ഏറ്റെടുത്ത് സംസ്‌കരിക്കും. തിങ്കളാഴ്ച എറണാകുളം ജില്ലാ കളക്ടറുമായി കമ്മ്യൂണിറ്റി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ കളക്ടര്‍ ആലുവ നഗരസഭ അധികൃതര്‍ക്ക് കൈമാറി.

ആരും ഏറ്റെടുക്കാതെ ഗൗരിയുടെ അഴുകിയ മൃതദേഹം ഇപ്പോഴും കളമശേരി മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലാണ്. ഗൗരി തമിഴ്‌നാട് ചിന്നസേലം സ്വദേശിയാണെന്ന സംശയം മാത്രമാണ് ഇപ്പോഴും പോലീസിനുള്ളത്. യഥാര്‍ഥ സ്ഥലമേതെന്നോ ഗൗരിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരെന്നോ പോലീസിനറിയില്ല. ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ മൃതദേഹം സംസ്‌കരിക്കാതെ മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റി മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായി. ആരോരുമില്ലാതെ, ആരും തിരിച്ചറിയാതെ ഗൗരി യാത്രയാവുകയാണ്.

എന്നാല്‍ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. ഗൗരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ട് ആറ് ദിവസങ്ങള്‍ പിന്നിടുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ആര്? എന്തിന് കൊന്നു? എങ്ങനെ? ഈ ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരമായിട്ടില്ല. കൊലപാതകം അന്വേഷിക്കുന്ന ആലുവ പോലീസിന് കേസ് സംബന്ധിച്ച ഒരു തുമ്പും കിട്ടിയിട്ടുമില്ല.

ഓഗസ്റ്റ് 15ന് വൈകിട്ട് ആറരയോടെ ആലുവ ടൗണ്‍ഹാളിന് സമീപത്തായി ഗൗരിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാവിമുണ്ട് കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കണ്ടവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചെങ്കിലും വെളിച്ചമില്ലെന്ന കാരണം പറഞ്ഞ് പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയില്ല. അടുത്ത ദിവസം ഇന്‍ക്വസ്റ്റ് തയ്യാറാക്കാമെന്ന് പറഞ്ഞ് ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ട് മൃതദേഹം മൂടി പോലീസ് മടങ്ങി. ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ട് മൂടിയ മൃതദേഹം ഒരു രാത്രി മുഴുവന്‍ മഴ നനഞ്ഞ് കിടന്നു. പിറ്റേന്ന് ഇന്‍ക്വസ്റ്റ് നടത്തിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജിലേക്കെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ അഴുകിയ നിലയിലായിരുന്നു ശരീരമെന്നും രണ്ട് ദിവസം പഴക്കമുണ്ടായിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

"</p

മൃതദേഹം കണ്ടെത്തിയിട്ടും ഇന്‍ക്വസ്റ്റ് തയ്യാറാക്കാനോ ആശുപത്രിയിലേക്ക് മാറ്റാനോ പോലീസ് തയ്യാറാവാതിരുന്നത് കടുത്ത അനാസ്ഥയും ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തോടുള്ള അവഗണനയുമാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ അനില്‍ ചില്ല പറയുന്നു. ‘ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ സംസ്ഥാനത്ത്, ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ നിരത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പോലീസ് കാണിച്ച കടുത്ത അനാസ്ഥയാണിത്. മൃതദേഹത്തോടുള്ള അനാദരവായല്ല ഇതിനെ കാണേണ്ടത്. പോലീസിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണിത്. എങ്ങനെയാണ് ഗൗരിയുടെ കൊലപാതകം എന്നത് ആര്‍ക്കുമറിയില്ല. ഗൗരി ട്രാന്‍സ്‌ജെന്‍ഡര്‍ ഓര്‍ഗനൈസേഷനിലൊന്നും ഉണ്ടായിരുന്നയാളുമല്ല. എറണാകുളത്തുള്ള വളരെ കുറച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മാത്രമാണ് അവരെ അറിയുക. അവരുടെ ഫോട്ടോ കണ്ടാല്‍ തിരിച്ചറിയുന്ന ചുരുക്കം ചിലരാണ് ഇവര്‍. എന്നാല്‍ അവര്‍ പോലും എനിക്ക് ഇവരെ അറിയാമെന്ന് പറഞ്ഞ് രംഗത്ത് വന്നിട്ടുമില്ല.

പോലീസ് കേസന്വേഷണത്തിന്റെ ഭാഗമായി ഗൗരിയുമായി ബന്ധമുള്ളയാളുകളുമായാണ് സംസാരിക്കുന്നത്. ഞങ്ങള്‍ പോലീസിനോട് പറഞ്ഞത് ശാസ്ത്രീയ തെളിവുകളുടെ പുറകെ പോവുക, ആളുകളുടെ പുറകെ പോവാതിരിക്കുക എന്നുമാണ്. കമ്മ്യൂണിറ്റി അംഗങ്ങളെ ഉപദ്രവിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തരുതെന്നും പറഞ്ഞിരുന്നു. ഗൗരിയുടെ ഫോണ്‍ പരിശോധിച്ചാല്‍ അവരുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെ തിരിച്ചറിയാന്‍ പോലീസിന് വളരെ എളുപ്പം സാധിക്കും. മൃതദേഹം കിടന്ന സ്ഥലത്തു നിന്നുള്ള തെളിവുകള്‍ കൃത്യമായി പരിശോധിച്ചാല്‍ കൊലപാതകം നടത്തിയവരുടെ പിന്നാലെ പോവാന്‍ സാധിക്കും. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പോലീസ് വിശദപരിശോധനയ്ക്ക് തയ്യാറായിട്ടില്ല.

പോലീസ് പറയുന്നതും പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടും തമ്മില്‍ ചില പൊരുത്തക്കേടുകളുണ്ട്. മരണം സംഭവിച്ച് 24 മണിക്കൂറിനുള്ളില്‍ മൃദേഹം ആശുപത്രിയില്‍ എത്തിച്ചു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞത്, ആശുപത്രിയിലെത്തുമ്പോള്‍ മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസം പഴക്കമുണ്ടായിരുന്നു എന്നാണ്. കാല്‍ വിരല്‍ നായ കടിച്ചുകീറിയിരുന്നു. ഇങ്ങനെയൊരു മരണം നടന്നിട്ടുണ്ടെന്ന് കണ്ടവര്‍ വിളിച്ചുപറഞ്ഞിട്ടും സ്ഥലത്തെത്താനും മൃതദേഹം അവിടുന്ന് ആശുപത്രിയിലെത്തിക്കാനും പിന്നെയും ഒരുപാട് സമയം വീണ്ടും എടുത്തു എന്നുള്ളതാണ് പോലീസിന്റെ ഭാഗത്തു നിന്ന് വന്ന വീഴ്ച. ഇത് പലതരത്തിലുള്ള തെളിവുകള്‍ നഷ്ടപ്പെടുന്നതിനുള്ള സമയം കൂടിയായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അവിടെ ഒരു ആള്‍ക്കൂട്ടമുണ്ടായിരുന്നു. അങ്ങനെ ഒരവസ്ഥയില്‍ ആ മൃതദേഹം അവിടെ കിടന്നു എന്ന് പറയുന്നത് അത്ര നല്ല സൂചനയല്ല. കേസന്വേഷിക്കുന്ന പോലീസ് ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്. പോലീസുകാര്‍ക്ക് വേറെ തരത്തില്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നോ കമ്മ്യൂണിറ്റിയില്‍ നിന്നു പോലും ഒരു സമ്മര്‍ദ്ദം ഇല്ല. അതുകൊണ്ട് ഇതിന് വലിയ പ്രാധാന്യം കൊടുക്കേണ്ട ആവശ്യം പോലീസിനും തോന്നുന്നില്ല എന്ന് വേണം കരുതാന്‍.’

അഴുകിയ ശരീരത്തില്‍ നിന്ന് നിര്‍ണായകമായി തെളിവുകള്‍ പലതും ശേഖരിക്കാനായില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ ഹിതേഷ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കനത്ത മഴയായിരുന്നതിനാല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഫൂട്ട്പ്രിന്റുകളോ ഫിംഗര്‍പ്രിന്റുകളോ പോലീസിന് ശേഖരിക്കാനായതുമില്ല. ഇത്തരം തെളിവുകളെല്ലാം നശിക്കാനുള്ള അവസരമാണ് പോലീസിന്റെ അനാസ്ഥമൂലം ഉണ്ടായതെന്ന് ട്രാന്‍സ്‌ജെന്‍ഡറായ പിങ്ക്‌ളു പറയുന്നു. ‘ട്രാന്‍സ്ജന്‍ഡര്‍ പോളിസി നടപ്പാക്കിയതിന് ശേഷം കേരളത്തില്‍ നടന്ന ആദ്യ ട്രാന്‍സ്ജന്‍ഡര്‍ കൊലപാതകമാണ്. അത് പോലും പോലീസ് ശ്രദ്ധിച്ചില്ല. ഒരു ട്രാന്‍സ്ജന്‍ഡര്‍ നിരത്തില്‍ കൊല്ലപ്പെട്ടാല്‍, ആ ജീവന് ഒരു വിലയുമില്ലെന്നാണോ? ട്രാന്‍സ്ജന്‍ഡേഴ്‌സും മനുഷ്യരാണ്. അവരുടെ ജീവനും വിലയുണ്ട്. ഗൗരി കൊല്ലപ്പെട്ട് ഇത്രയും ദിവസമായിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. തുടങ്ങിയയിടത്തു തന്നെ നില്‍ക്കുകയാണ് പോലീസ്. ഗൗരിയുടെ കൊലപാതകം അന്വേഷിക്കണമെന്ന് പറഞ്ഞുകൊണ്ട് സമൂഹത്തില്‍ നിന്ന് ആരും വന്നിട്ടുമില്ല. കമ്മ്യൂണിറ്റിയിലുള്ളവരില്‍ പലര്‍ക്കും അത്തരം കാര്യങ്ങള്‍ തുറന്നാവശ്യപ്പെടാന്‍ ഭയമാണ്. ആര്‍ക്കും വേണ്ട എന്ന് കരുതി, തെളിവുകളില്ല എന്ന് പറഞ്ഞുകൊണ്ട് അന്വേഷണമൊക്കെ അവസാനിപ്പിക്കാനായിരിക്കും ഇനി പോലീസിന്റെ ശ്രമം.’

ഗൗരിയുടെ കൊലപാതകമോ ഇഴഞ്ഞ് നീങ്ങുന്ന പോലീസ് അന്വേഷണമോ ഒരു ചര്‍ച്ചാ വിഷയം പോലുമാവാത്ത കേരള സമൂഹത്തെയാണ് ഇന്ന് ട്രാന്‍സ്ജന്‍ഡേഴ്‌സ് ഭയക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പറയുന്ന പോളിസികള്‍ക്കും ട്രാന്‍സ്ജന്‍ഡറുകളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന നിയമങ്ങള്‍ക്കുമപ്പുറം കേരള സമൂഹം ട്രാന്‍സ്ജന്‍ഡറുകളെ എങ്ങനെ സ്വീകരിക്കുന്നു എന്ന ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ടാണ് ഗൗരി യാത്രയാവുന്നത്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍