UPDATES

‘അയ്യപ്പന്റെയടുത്ത് ഞങ്ങളല്ലേ പോവേണ്ടത്, സാരി ചുറ്റിയതാണോ അവരുടെ പ്രശ്നം?’ ശബരിമലയില്‍ പോലീസ് തടഞ്ഞ ട്രാന്‍സ്ജെന്‍ഡറുകള്‍ ചോദിക്കുന്നു

രഞ്ജുവുള്‍പ്പെടെ നാല്‌പേരെ ശബരിമല ദര്‍ശനത്തിന് പോവുന്നതിനിടെ പോലീസ് തടഞ്ഞ് മടക്കിയയച്ചിരുന്നു

“ഒരു വര്‍ഷം മുമ്പ് ഞാന്‍ ടീഷര്‍ട്ടും ഷോട്‌സും ഇട്ട് മലകയറി. ഇപ്പോള്‍ സാരിയുടുത്തത് മാത്രമാണോ അവരുടെ പ്രശ്‌നം?” ശബരിമലില്‍ കയറാനായി എത്തിയപ്പോള്‍ പോലീസ് തടഞ്ഞ ട്രാന്‍സ്ജന്‍ഡറായ രഞ്ജു ചോദിക്കുന്നു. രഞ്ജുവടക്കമുള്ള നാലുപേര്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടുവെങ്കിലും എരുമേലിയില്‍ വച്ച് പോലീസ് തടയുകയായിരുന്നു. പെണ്‍വേഷം മാറ്റി ആണ്‍ വേഷം ധരിച്ചാല്‍ ശബരിമലയില്‍ പോകാമെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ സ്ത്രീകളായി ജീവിക്കുന്ന തങ്ങളെന്തിനാണ് പുരുഷന്‍മാരുടെ വേഷമിടുന്നതെന്നാണ് രഞ്ജുവിന്റെ സംശയം.

പതിമൂന്ന് വര്‍ഷം ശബരിമലയില്‍ ദര്‍ശനം നടത്തിയ രഞ്ജു സംസാരിക്കുന്നു: “ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യം ശബരിമലയില്‍ പോവുന്നത്. അതിന് ശേഷം പതിമൂന്ന് തവണ പോയിട്ടുണ്ട്. ആദ്യ കാലങ്ങളില്‍ ശബരിമലയില്‍ പോവുന്ന സമയത്ത് ഞാന്‍ എന്റെ ഐഡന്റിറ്റി മറച്ചുവക്കുന്ന വ്യക്തിയായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്ത്രീ ആയാണ് ഞാന്‍ ജീവിക്കുന്നത്. ഐഡന്റിറ്റി പുറത്തറിയിച്ചതിന് ശേഷവും ഞാന്‍ ശബരിമലയില്‍ പോയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പും ശബരിമലയില്‍ ദര്‍ശനം നടത്തി. അന്ന് മുടി മുകളിലേക്ക് കെട്ടിവച്ച്, കമ്മല്‍ ഇട്ട് തന്നെയാണ് പോയത്. സ്ത്രീകള്‍ ഇടുന്ന ടീഷര്‍ട്ടും ഷോട്‌സുമായിരുന്നു വേഷം. ദര്‍ശനം നടത്തി മടങ്ങുകയും ചെയ്തു. ഒരു തരത്തില്‍ എന്റെ ഐഡന്റിറ്റി മറച്ച് വച്ച് തന്നെയാണ് കയറിയതെന്ന് പറയാം. എന്നാല്‍ ഐഡന്റിറ്റി വെളിപ്പെടുത്താതെ കയറണമെന്ന് തന്നെയാണോ പോലീസ് പറയുന്നത്?

ഇന്നിപ്പോള്‍ സാരിയുടുത്തു. ആ ഒരു വ്യത്യാസമേയുള്ളൂ. സ്ത്രീയായി ജീവിക്കുന്ന ഞങ്ങള്‍ ശബരിമലയില്‍ മാത്രം പുരുഷവേഷമിട്ട് കയറുന്നതെന്തിനാണ്? അങ്ങനെ ഐഡന്റിറ്റി മറച്ച് വച്ച് അത് ചെയ്താല്‍ ഞങ്ങള്‍ കമ്മ്യൂണിറ്റിയോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരുമല്ലേ. ഞങ്ങള്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് പോലീസുകാരാണോ. ഞങ്ങളുടെ ഭക്തി ചോദ്യം ചെയ്യാന്‍ ഇവര്‍ക്ക് എന്ത് അവകാശമാണുള്ളത്. ഓര്‍മ്മ വച്ച കാലം മുതല്‍ അമ്പലത്തില്‍ കഴകപ്പണിയും മാലകെട്ടലുമടക്കം ചെയ്തയാളാണ് ഞാന്‍. പൂര്‍ണമായും ഈശ്വരവിശ്വാസിയാണ്. പിന്നീട് എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി അമ്പലത്തില്‍ നിന്ന് ഞാന്‍ പോന്നു എന്നേയുള്ളൂ. ട്രാന്‍സ്ജന്‍ഡറുകളായാല്‍ ഈശ്വരവിശ്വാസം ഇല്ലെന്നാണോ?

പിന്നെ ശിവനും വിഷ്ണുവും ചേര്‍ന്നുണ്ടായ അയ്യപ്പന്‍ ഇരിക്കുന്ന സ്ഥലത്ത് യഥാര്‍ഥത്തില്‍ പോവാന്‍ അവകാശപ്പെട്ടവര്‍ ഞങ്ങളാണ്. അര്‍ദ്ധനാരീശ്വ സങ്കല്‍പ്പത്തിലാണ് അയ്യപ്പന്റെ ജനനം തന്നെ. വിശ്വാസ പ്രകാരം തുടയില്‍ നിന്ന് പിറവി കൊണ്ടവനാണ് അയ്യപ്പന്‍. സ്ത്രീയുടെ ഉദരത്തില്‍ നിന്ന് പോലുമല്ല. അത്തരത്തില്‍ ഒരു വിശ്വാസമുള്ളയിടത്ത്, അയ്യപ്പന്റെയടുത്ത് ഞങ്ങളല്ലേ അച്ഛന്റേയും അമ്മയുടേയും സ്ഥാനത്ത് നില്‍ക്കേണ്ടത്. അതിവര്‍ പറയാത്തതെന്താണ്? ട്രാന്‍സ്ജന്‍ഡറുകളാണ് ശബരിമലയില്‍ പോവേണ്ടത്. പോയിക്കൊണ്ടുമിരിക്കുന്നുണ്ട്. പക്ഷെ സാരിയുടുത്ത് ട്രാന്‍സ്ജന്‍ഡറുകള്‍ പോവുന്നത് അവര്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. അതെന്ത് ന്യായമാണ്? അപ്പോള്‍ വസ്ത്രത്തിലാണ് ആചാരവും ഭക്തിയും വിശ്വാസവുമെല്ലാം?”

ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് ശബരിമലയില്‍ പോവാനുള്ള നടപടിയുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രൂപീകരിച്ച ശബരിമല നിരീക്ഷണ സമിതി അംഗങ്ങളെ ഇന്ന് കാണാനിരിക്കുകയാണ് ഇവര്‍.

ശബരിമല വിധിയില്‍ ട്രാന്‍സ്ജന്‍ഡറുകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് പോലീസ് കയ്യൊഴിഞ്ഞതോടെയാണ് ട്രാന്‍സ്ജന്‍ഡറുകള്‍ സമിതിയെ സമീപിക്കാനൊരുങ്ങുന്നത്. എരുമേലി പോലീസ് തടഞ്ഞതിനു പിന്നാലെ ഇവര്‍കോട്ടയം ജില്ലാ പോലീസ് ചീഫിനെ കണ്ട് സംരക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിയില്‍ സ്ത്രീകളേയും പുരുഷന്‍മാരെയും മാത്രമേ ചൂണ്ടിക്കാട്ടിയിട്ടുള്ളൂ എന്നും ട്രാന്‍സ്ജന്‍ഡറുകളുടെ കാര്യം അതിലില്ല എന്നും ജില്ലാ പോലീസ് മേധാവി തങ്ങളോട് പറഞ്ഞതായി ട്രാന്‍സ്ജന്‍ഡറുകള്‍ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഇവര്‍ കെട്ടുനിറച്ച് എറണാകുളത്തു നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ടത്. സ്‌പ്യെല്‍ബ്രാഞ്ചില്‍ തങ്ങള്‍ ശബരിമലയിലേക്ക് പോവുന്ന വിവരം അറിയിച്ചിരുന്നു. കെട്ടുനിറക്കുന്ന സമയത്തും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവരോടൊപ്പം എറണാകുളത്തുണ്ടായിരുന്നു. ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട നാലംഗ സംഘത്തിലെ അനന്യ പറയുന്നു: “ഞങ്ങള്‍ അവിടെ നിന്ന് ഒരു ടാക്‌സിയിലാണ് പുറപ്പെട്ടത്. നേരത്തെ തന്നെ ഞങ്ങള്‍ ശബരിമല ദര്‍ശനത്തിന് പോവുന്ന കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ അറിയിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന രഞ്ജുവിന്റെ വീട്ടില്‍ നിന്നാണ് ഞങ്ങള്‍ കെട്ടുനിറച്ചത്. ആ സമയം സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്നു. അവര്‍ കെട്ടുനിറക്കാന്‍ പോലും ഞങ്ങള്‍ക്ക് സഹായം നല്‍കി.

എന്നാല്‍ ടാക്‌സിയില്‍ കയറി പുറപ്പെട്ടതിന് ശേഷം ഞങ്ങള്‍ ഏത് വണ്ടിയിലാണ് പോവുന്നത്? എവിടെയെത്തി തുടങ്ങിയ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം വിളിച്ച് ചോദിച്ചിരുന്നു. പിന്നീട് തുടരെ ഫോണ്‍കോളുകളായിരുന്നു. നിലയ്ക്കല്‍ സ്‌റ്റേഷനില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് എരുമേലി പോലീസ് ആണ് വിളിച്ചത്. ഞങ്ങള്‍ എരുമേലിയിലെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. ട്രാന്‍സ്ജന്‍ഡറുകളായ ഞങ്ങളെ അധിക്ഷേപിച്ചുകൊണ്ടാണ് പോലീസ് സംസാരിച്ചത്.

എരുമേലി ഡിവൈഎസ്പി മധുസൂധനന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. നിങ്ങള്‍ ആണുങ്ങളല്ലേ, പെണ്ണുങ്ങളല്ലല്ലോ എന്നാണ് ഡിവൈഎസ്പി ചോദിച്ചത്. ഞങ്ങള്‍ ആണുങ്ങളുമല്ല, പെണ്ണുങ്ങളുമല്ല എന്ന് അദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ വേഷത്തില്‍ വന്നാല്‍ മതി. പുരുഷന്‍മാരുടെ പോലെ ഷര്‍ട്ടും പാന്റ്‌സും അല്ലെങ്കില്‍ ഷര്‍ട്ടും മുണ്ടും ഇട്ടുകൊണ്ട് വന്നാല്‍ ശബരിമലയില്‍ കയറാം എന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങള്‍ വേറെ പണിക്ക് പോവുന്നവരല്ലേ, ഭക്തരല്ലല്ലോ എന്ന് പറഞ്ഞ് ഞങ്ങളുടെ ഭക്തിയേയും ഐഡന്റിറ്റിയേയും ചോദ്യം ചെയ്തു. അത്രയും നേരം ആവശ്യപ്പെട്ടിട്ടും പോലീസ് ഞങ്ങളെ ദര്‍ശനത്തിന് അനുവദിച്ചില്ല.

ഒടുവില്‍ ശബരിമലയില്‍ പോവണമെന്ന ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് വേണമെങ്കില്‍ പുരുഷന്‍മാരുടെ വേഷത്തില്‍ ഞങ്ങള്‍ വരാം എന്ന് പോലീസിനോട് പറഞ്ഞു. പക്ഷെ അപ്പോ പോലീസ് വീണ്ടും സ്റ്റാന്‍ഡ് മാറ്റി. ഇത്രയും നേരം പറഞ്ഞിട്ടും കേട്ടില്ലല്ലോ, ഇനിയിപ്പോ എനിക്ക് കൊണ്ടുപോവാന്‍ സൗകര്യമില്ല എന്നാണ് ഡിവൈഎസ്പി പറഞ്ഞത്.”

ഇതിനോട് ഡിവൈഎസ്പി എസ്. മധുസൂദനന്റെ പ്രതികരണം ഇങ്ങനെ: “നാല് പേരുടെ കൂട്ടത്തില്‍ വന്നിരുന്ന ഒരാള്‍ കഴിഞ്ഞ 13 വര്‍ഷമായി പുരുഷന്റെ വേഷത്തില്‍ തന്നെ ശബരിമലയില്‍ പോയിരുന്നയാളാണ്. ഇത്തവണ കോടതി ഉത്തരവുണ്ടെന്ന് പറഞ്ഞ് ഈ വര്‍ഷം ട്രാന്‍സ്ജന്‍ഡറായി തന്നെ ശബരിമലയില്‍ പോവണമെന്ന് പറഞ്ഞെത്തിയപ്പോള്‍ ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. അങ്ങനെ പോയാല്‍ പ്രശ്‌നങ്ങളുണ്ടാവും, അതുകൊണ്ട് നിങ്ങള്‍ ആലോചിച്ച് തീരുമാനമെടുക്കാന്‍ പോലീസ് പറഞ്ഞു. നിലയ്ക്കലില്‍ നിന്ന് പോലീസ് സംരക്ഷണമാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നിലയ്ക്കലില്‍ അന്വേഷിച്ചപ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് അനുവദിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. അവര്‍ തിരികെ പോയി”. 

അനന്യ, തൃപ്തി ഷെട്ടി, അവന്തിക, രഞ്ജു തുടങ്ങിയവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും മാത്രം അനുവദനീയമായ അവകാശം തങ്ങള്‍ക്കും ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാണ് ട്രാന്‍സ്ജന്‍ഡര്‍മാരുടെ ആവശ്യം. അനന്യ പറയുന്നു: “ഇരുമുടിയുമായി വീട്ടില്‍ നിന്നിറങ്ങിയ ഞങ്ങള്‍ക്ക് തിരിച്ച് ഇരുമുടിയുമായി വീട്ടിലേക്ക് ചെല്ലാന്‍ കഴിയില്ല. ഇപ്പോള്‍ ഞങ്ങള്‍ സുരക്ഷിതമായ ഒരു സ്ഥലത്താണ്. പക്ഷെ ശബരിമല ദര്‍ശനം ലഭിക്കുന്നത് വരെ, അത് തെരുവിലെങ്കില്‍ അങ്ങനെ, ഞങ്ങള്‍ കാത്തിരിക്കും. ഇക്വാളിറ്റി എന്ന് പറഞ്ഞാല്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും മാത്രമല്ലല്ലോ? അത് ട്രാന്‍സ്ജന്‍ഡറുകള്‍ക്കും അവകാശപ്പെട്ടതല്ലേ?”

ഇനി മുഖ്യമന്ത്രിയുടെ പുറകെ നടക്കില്ല, ശബരിമലയില്‍ ദളിത്, ആദിവാസി യുവതികള്‍ കയറിയിരിക്കും; പിണറായി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നു- സണ്ണി.എം.കപിക്കാട്

മലകയറണമെങ്കില്‍ ആണ്‍വേഷം ധരിക്കണമെന്ന് പോലീസ്, ‘മറ്റേ പണി’ക്ക് പോവുന്ന നിങ്ങള്‍ ഭക്തരല്ലല്ലോ’ എന്ന് ചോദ്യം; ശബരിമലക്ക് പുറപ്പെട്ട ട്രാന്‍സ്ജന്‍ഡര്‍മാരെ തടഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍