UPDATES

ചുവന്ന കാര്‍, ഉടമ ‘കാരാട്ട്’, പിന്നൊന്നും നോക്കിയില്ല; ഒരു മിനി കൂപ്പര്‍ കൊണ്ടുപോയ ജന’ജാഗ്രത’

ജാഥ നടത്തുമ്പോള്‍ കാര്‍ ആരുടെതാണ് എന്ന് അന്വേഷിക്കേണ്ട ആവശ്യമില്ലെന്നാണ് കോടിയേരി പറയുന്നത്. പക്ഷെ കാരാട്ട് ഫൈസല്‍ പറയുന്നത് സിപിഎമ്മുകാരുടെ ആവശ്യപ്രകാരമാണ് കാര്‍ കൊടുത്തതെന്നാണ്.

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ആത്മകഥയായ പൊളിച്ചെഴുത്തില്‍ ഇഎംഎസിനൊപ്പം അദ്ദേഹം ബോംബെയില്‍ പോയ അനുഭവം പറയുന്നുണ്ട്. കണ്ണൂരുകാരനായ വ്യവസായിയും ലീല ഗ്രൂപ്പ് ഉടമയുമായ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ ബര്‍ലിന്റെ അടുത്ത സുഹൃത്തായിരുന്നു. കൃഷ്ണന്‍ നായരുടെ ഉടമസ്ഥതയിലുള്ള ലീല പാലസ് ബോംബെയിലെ സെവന്‍ സറ്റാര്‍ ഹോട്ടലുകളിലൊന്നാണ്. കൃഷ്ണന്‍ നായരോട് പറഞ്ഞ് അവിടെ മുറി ഏര്‍പ്പാടാക്കാം എന്ന് പറഞ്ഞപ്പോള്‍ “അത് വേണ്ട” എന്ന് പറഞ്ഞ് വിലക്കിയ ഇഎംഎസിന്റെ മുഖത്ത് അപ്പോളുണ്ടായിരുന്ന പരിഭ്രാന്തിയേയും അസ്വസ്ഥതയേയും കുറിച്ച് ബര്‍ലിന്‍ എഴുതിയിട്ടുണ്ട്. തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഇഎംഎസ് നമ്പൂതിരിപ്പാടും വിഎസ് അച്യുതാനന്ദനുമാണ് എന്ന് തന്റെ അഭിമുഖങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളിലൂടെയും വിലയിരുത്തലുകളിലൂടെയും ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതും വെറുതെയാവാന്‍ സാധ്യതയില്ല. ഇപ്പോള്‍ ഇക്കാര്യം ഓര്‍ക്കാന്‍ കാരണം കേരളത്തിലെ ജനങ്ങളെ ജാഗ്രതപ്പെടുത്താന്‍ വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ‘ജാഗ്രതയില്ലായ്മ’ കാണുന്നത് കൊണ്ടാണ്.

ചുവപ്പ് പെയിന്റുള്ള തുറന്ന കാര്‍ കണ്ടപ്പോള്‍ സഖാവ് പിന്നൊന്നും ആലോചിച്ചില്ല, ജനങ്ങളെ ജാഗ്രതപ്പെടുത്താന്‍ വേണ്ടി അതില്‍ ചാടിക്കയറി നിന്നു. അല്ലെങ്കില്‍ കാരാട്ട് എന്ന് കേട്ടപ്പോള്‍ അത് പ്രകാശ് കാരാട്ടായിരിക്കും എന്ന് വിചാരിച്ച് കയറിയതായിരിക്കും, അറിയപ്പെടുന്ന ഇന്നസെന്റ്‌ (നിഷ്കളങ്കന്‍) കൂടിയായ കോടിയേരി. മാത്രമല്ല ഇന്ത്യയില്‍ നിലവില്‍ 30 ലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് ഈ കാറിന്‍റെ വില. ഇക്കാലത്ത് അതൊരു വലിയ തുകയല്ല. അതുകൊണ്ട് അതൊരു ആഡംബര കാറുമല്ല. ഏതായാലും ഈ ‘നിഷ്കളങ്കത’ പണിയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഹവാല, അഴിമതി എന്നൊന്നും കേട്ടിട്ട് പോലുമില്ലാത്ത ലീഗുകാരും സംഘികളും വരെ ഇതാ സ്വര്‍ണക്കടത്തുകാരന്‍റെ മിനി കൂപ്പറില്‍ കോടിയേരി എന്നും പറഞ്ഞ് ചാടി വീണു. കര്‍ഷസംഘം സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ആഡംബര കാറില്‍ വന്നിറങ്ങിയ, കൃഷിയുമായി പറയത്തക്ക വലിയ ബന്ധമൊന്നുമില്ലാത്ത ഇപി ജയരാജനിലേയ്ക്കുള്ള ദൂരം കേവലം പരിപ്പുവടയില്‍ നിന്നും കട്ടന്‍ ചായയില്‍ നിന്നുമുള്ള സ്വാഭാവിക പരിണതിയല്ല. മനുഷ്യന് അനിവാര്യമായ കൂടുതല്‍ സൗകര്യങ്ങളിലേയ്ക്കും പുരോഗതിയിലേയ്ക്കുള്ള വളര്‍ച്ചയുടെ ഭാഗമായി കാണാന്‍ കഴിയുന്നതുമല്ല അത്.

സിപിഎം എന്ന പാര്‍ട്ടി ഫിനാന്‍സ് മൂലധനത്തോടും ചങ്ങാത്ത മുതലാളിത്തത്തോടും കാണിക്കുന്ന ആര്‍ത്തിയിലേയ്ക്കും അതിന്‍റെ നേതാക്കളുടെ മാഫിയ ബന്ധങ്ങളിലേക്കും വ്യക്തിഗത സാമ്പത്തിക, അധികാര താല്‍പര്യങ്ങളിലേയ്ക്കുമാണ് അത് വിരല്‍ ചൂണ്ടുന്നത്. അതുകൊണ്ടാണ് സാന്റിയാഗോ മാര്‍ട്ടിനെ പോലൊരു ലോട്ടറി മാഫിയ തലവനില്‍ നിന്ന് ദേശാഭിമാനി രണ്ട് കോടി രൂപ ഫണ്ട് വാങ്ങുന്നതും ബോബി ചെമ്മണ്ണൂരിനെ പോലെ ഗുരുതരമായ പണതട്ടിപ്പ്, വഞ്ചനാ കുറ്റങ്ങളില്‍ ആരോപണവിധേയനായ ഒരു വ്യക്തിയുടെ സ്ഥാപനത്തിന്റെ പരസ്യം അതില്‍ കാര്യമായി വരുകയും, അതേസമയം ബോബിക്കെതിരെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിക്കുന്ന വിഎസിന്റെ പ്രസ്താവന അതില്‍ വാര്‍ത്തയാകാത്തതും. ഏത് മോശപ്പെട്ട വ്യക്തികളുടേയും സ്ഥാപനത്തിന്റെ പരസ്യം പത്രത്തില്‍ കൊടുക്കുന്നതില്‍ തെറ്റില്ല. ചെമ്മണ്ണൂര്‍ സ്ഥാപനങ്ങളുടേയോ ചാക്ക് രാധാകൃഷ്ണന്റെ സൂര്യ ഗ്രൂപ്പിന്റേയോ പരസ്യം കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ ഇത്തരം പരസ്യങ്ങള്‍ ഇത്തരം വ്യക്തികള്‍ക്കെതിരായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് തടസമാകുന്നുണ്ടെങ്കില്‍ അതൊരു പ്രശ്‌നമാണ്.

സംഘടനയുടെ തെറ്റ് തിരുത്തലുകള്‍ക്കും ചര്‍ച്ചകള്‍ക്കുമായി സംഘടിപ്പിക്കുന്ന പ്ലീനത്തിന് ചാക്ക് രാധാകൃഷ്ണന്‍ അഭിവാദ്യം അര്‍പ്പിക്കുന്ന ഒരു പരസ്യം വന്നാല്‍ അത് ഗുരുതരമായ തെറ്റാണ്. അതിനെ ന്യായീകരിച്ച് മുഖപ്രസംഗം എഴുതുന്നത് അതിനേക്കാള്‍ വലിയ അശ്ലീല പ്രവൃത്തിയാണ്. ഇതൊന്നും ജാഗ്രതയില്ലാത്തതിന്റെ പ്രശ്‌നമല്ല, ജീര്‍ണതയുടെ, മനോഭാവങ്ങളുടെ, മൂലധനത്തോടും അധികാരത്തോടുമുള്ള ആര്‍ത്തിയുടെ പ്രശ്‌നങ്ങളാണ്. ഇത്തരം മനോഭാവങ്ങളുടെ ഭാഗമായാണ് ആഡംബര കാറായ മിനി കൂപ്പര്‍ ജനങ്ങളെ ജാഗ്രതപ്പെടുത്താനായി രംഗത്തെത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി ഒരു ആഡംബര കാറില്‍ കയറുന്നത് ഇത്ര വലിയ തെറ്റാണോ? അല്ല. മറ്റെല്ലാ മനുഷ്യരേയും പോലെ ഇത്തരം കാറുകളില്‍ കയറാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. പക്ഷെ എങ്ങനെയാണ് ഇത്തരം കാറുകള്‍ പാര്‍ട്ടിക്ക് കിട്ടുന്നത്. പാര്‍ട്ടി പരിപാടികളിലേക്ക്, അത് സംഘടിപ്പിക്കുന്ന രാഷ്ട്രീയ ജാഥകളിലേക്ക് എങ്ങനെയാണ് ഇത്തരം കാറുകള്‍ എത്തുന്നത്? ആരാണ് ഇത്തരം കാറുകള്‍ പാര്‍ട്ടിക്ക് തരുന്നത് എന്നോക്കെയുള്ള ചോദ്യങ്ങളുണ്ട്. അത് അന്വേഷിക്കുമ്പോളാണ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ കാരാട്ട് ഫൈസലാണ് അത് എന്ന് മനസിലാവുക. കോടിയേരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് കാര്‍ കൊടുത്തതെന്നും കാരാട്ട് ഫൈസല്‍ പറയുന്നു. പാര്‍ട്ടി എങ്ങനെയാണ് ഇത്തരമൊരു കാര്‍ ആവശ്യപ്പെടുക എന്നതും ഫൈസലിനെ പോലൊരു ആളോട് ഇത്തരത്തില്‍ ആവശ്യപ്പെടാന്‍ കഴിയുന്ന തരത്തിലുള്ള പാര്‍ട്ടിയുടെ ബന്ധം എന്താണെന്നും പരിശോധിക്കേണ്ടി വരും. ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളെ ഏത് രീതിയിലാണ് ജാഗ്രത പെടുത്താന്‍ പോക്കുന്നത്.

ജാഥ നടത്തുമ്പോള്‍ കാര്‍ ആരുടെതാണ് എന്ന് അന്വേഷിക്കേണ്ട ആവശ്യമില്ലെന്നാണ് കോടിയേരി പറയുന്നത്. പക്ഷെ കാരാട്ട് ഫൈസല്‍ പറയുന്നത് സിപിഎമ്മുകാരുടെ ആവശ്യപ്രകാരമാണ് കാര്‍ കൊടുത്തതെന്നാണ്. അവിടെ കണ്ടൊരു തുറന്ന കാറില്‍ കയറി, പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണിച്ചുതന്നൊരു കാറില്‍ കയറി എന്നെല്ലാം കൊടുവള്ളിയിലെ ജാഗ്രതയില്ലായ്മയ്ക്ക് ന്യായീകരണമായി വേണമെങ്കില്‍ കോടിയേരിക്ക് പറയാം. പക്ഷെ ഇത്തരമൊരു കാര്‍ ഇത്തരമൊരു പരിപാടിക്കായി, എവിടെ നിന്ന് വന്നു എന്നൊരു സംശയം കോടിയേരിക്കുണ്ടായതായി കോടിയെരിയോ മറ്റാരെങ്കിലുമോ പറഞ്ഞുകേട്ടിട്ടില്ല. ജാഥകള്‍, സംസ്ഥാന സമ്മേളനങ്ങള്‍, പാര്‍ടി കോണ്‍ഗ്രസുകള്‍, തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയവക്കൊക്കെയായി സിപിഎം ഉപയോഗിക്കുന്നത് സാധാരണയായി തുറന്ന ജീപ്പുകളാണ്. കേരളത്തില്‍ ഇത്തരം തുറന്ന ജീപ്പുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടില്ല. സിപിഎമ്മിനെ സംബന്ധിച്ച് ഇക്കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. കൊടുവള്ളിയില്‍ ഇത്തരം ജീപ്പുകള്‍ ഇല്ലെങ്കില്‍ തൊട്ടടുത്തുള്ള ഏതെങ്കിലും പഞ്ചായത്തില്‍ കാണും. അപ്പോള്‍ പ്രശ്നം ജീപ്പ് കിട്ടാനില്ലാത്തതല്ല. സംസ്ഥാന സെക്രട്ടറിക്ക് പുഞ്ചിരി ഫിറ്റ് ചെയ്ത മുഖവുമായി ജനങ്ങളെ അഭിവാദ്യം ചെയ്ത് പോകാന്‍ മഹീന്ദ്രയുടെ പഴഞ്ചന്‍ ജീപ്പ് പോരെന്നും ചുവന്ന മിനി കൂപ്പര്‍ തന്നെ വേണമെന്നും തോന്നുന്നത് നേരത്തെ പറഞ്ഞ പോലെ മനോഭാവത്തിന്‍റെ പ്രശ്നം തന്നെയാണ്. എല്ലാവര്‍ക്കും ജിമിക്കി കമ്മലുകള്‍ ഇല്ലാത്ത കേരളത്തില്‍ ജിമിക്കിയും കമലും എന്തുകൊണ്ട് ഹിറ്റാകുന്നു എന്ന പ്രശ്നം ചര്‍ച്ചക്ക് വയ്ക്കുന്നവര്‍ ആദ്യം ചര്‍ച്ച ചെയ്യേണ്ടത്, എന്തുകൊണ്ട് പാര്‍ട്ടി ജാഥയില്‍ സംസ്ഥാന സെക്രട്ടറി അധികമാര്‍ക്കും വാങ്ങാന്‍ കഴിയാത്ത ആഡംബര കാര്‍ ഉപയോഗിക്കുന്നു എന്നാണ്.

വ്യവസായികളുമായി ബന്ധമുണ്ടാവുക എന്നത് തെറ്റൊന്നുമല്ല. പക്ഷെ വ്യവസായവും സാമ്പത്തികശേഷിയും പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യതയാകുന്നത് ദുരന്തമാണ്. അതിന്റെ പ്രത്യാഘാതങ്ങളാണ് നിലമ്പൂരിലെ പിവി അന്‍വറിനെ പോലുള്ളവര്‍ തന്നുകൊണ്ടിരിക്കുന്നത്. 1940കള്‍ മുതല്‍ വ്യവസായികളുമായും എസ്റ്റേറ്റ് മുതലാളിമാരുമായും ഒക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബന്ധമുണ്ട്. നേതാക്കള്‍ പലപ്പോളും ഇത്തരം മുതലാളിമാരുടെ ബംഗ്ലാവുകളില്‍ ഒളിവില്‍ താമസിച്ചിട്ടുമുണ്ട്. ഇഎംഎസ് അടക്കമുള്ള നേതാക്കളെ ഒളിവില്‍ താമസിപ്പിച്ച, കൊല്ലത്തെ അലക്സാണ്ടറിനെ പോലുള്ളവരുണ്ട്. അലക്സാണ്ടറുടെ കാറുകള്‍ കമ്മ്യൂണിസ്റ്റ്കാര്‍ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ അതിനേക്കാള്‍ വലിയൊരു അലക്‌സാണ്ടറുമുണ്ട്. ലോക ചരിത്രത്തിന്റേയും കമ്മ്യണിസ്റ്റ്കാരുടേയും ഗതി നിര്‍ണയിച്ച റഷ്യയിലെ ഒക്ടോബര്‍ വിപ്ലവത്തില്‍ അലക്‌സാണ്ടര്‍ പാര്‍വസ് എന്ന ആയുധ ഇടപാടുകാരനും വ്യവസായിയുമായ വ്യക്തിക്ക് പങ്കുണ്ടായിരുന്നു. മാര്‍ക്സിസ്റ്റ്‌, സോഷ്യലിസ്റ്റ് ആശയങ്ങളോട് താല്‍പര്യമുള്ള വ്യക്തിയായിരുന്നു അലക്സാണ്ടര്‍ പാര്‍വസ് എന്ന് പറയുന്നുണ്ടെങ്കിലും ഒന്നാന്തരം ഉപജാപകനും വ്യവസായിയുമായിരുന്നു അദ്ദേഹം. ഡാമിയാനോ ഡാമിയാനിയുടെ ‘ലെനിന്‍ ദ ട്രെയിന്‍’ എന്ന സിനിമയില്‍ തിമോത്തി വെസ്റ്റ്‌ അലക്സാണ്ടര്‍ പാര്‍വസിനെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. പാര്‍വസിന്റെ ഇടപെടല്‍ മൂലമാണ് ലെനിന്‍ അടക്കമുള്ള മുപ്പതോളം വരുന്ന പ്രവാസി വിപ്ലവകാരികള്‍ക്ക് സ്വിറ്റ്‌സര്‍ലന്റില്‍ നിന്നുള്ള ട്രെയിനില്‍ ജര്‍മ്മനിയിലൂടെ കടന്നുപോകാന്‍ അനുവാദം ലഭിക്കുന്നത്. സ്വന്തം വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടി പാര്‍വസിനെ പോലുള്ള വ്യവസായികളെ ഒരിക്കലും ലെനിന്‍ അടക്കമുള്ളവര്‍ ഉപയോഗപ്പെടുത്തിയില്ല. അതേസമയം പാര്‍വസിന്റെ ഉപജാപങ്ങളേയും അധികാരബന്ധങ്ങളേയും ജര്‍മ്മനിയുടെ രാഷ്ട്രീയ താല്‍പര്യങ്ങളേയും സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്തു.

പാര്‍ട്ടിയിലെ വിഭാഗീയ താല്‍പര്യങ്ങള്‍ക്കും വ്യക്തിതാല്‍പര്യങ്ങള്‍ക്കും വേണ്ടി ഫാരിസ് അബൂബക്കറിനെ പോലൊരു ആരോപണവിധേയനായ വിവാദ വ്യവസായിയെ ഉപയോഗിക്കുകയും അയാളെ വെള്ള പൂശാനും സ്വന്തം പാര്‍ട്ടി നേതാവിനെതിരെ ചീത്ത പറയിപ്പിക്കാനും ശ്രമിക്കുന്നവര്‍ക്ക് ഈ രാഷ്ട്രീയം മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ടിപി വധക്കേസിലെ പ്രതിയായിരുന്ന പി മോഹനനെ ഫയാസ് എന്ന സ്വര്‍ണ കടത്തുകാരന്‍ ജയിലില്‍ കാണുന്നത് ജനകീയ ജനാധിപത്യ വിപ്ലവത്തിലുള്ള താല്‍പര്യം കാരണമായിരിക്കില്ല എന്നതും നേതാക്കന്മാരുടെ മക്കള്‍ക്ക് രവി പിള്ള ജോലി കൊടുക്കുന്നത് പാര്‍ട്ടിയോടുള്ള സ്നേഹം കൊണ്ടായിരിക്കില്ലെന്നും മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍