UPDATES

ട്രെന്‍ഡിങ്ങ്

അധ്യാപകരുടെ സദാചാര പീഡനമെന്ന് ആരോപണം: വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

സംഭവം കേരള യൂണിവേഴ്സിറ്റി ട്രെയ്നിംഗ് സെന്ററില്‍

കേരള യൂണിവേഴ്‌സിറ്റിയുടെ കുമാരപുരത്തുള്ള ബിഎഡ് ട്രെയിനിംഗ് സെന്ററിലെ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാര്‍ഥിനിയെ അതിന് പ്രേരിപ്പിച്ചതെന്നാണ് വിദ്യാര്‍ഥി പ്രതിനിധിയും ചെയര്‍മാനുമായ ഷിയാസ് ആരോപിക്കുന്നത്. ഷിയാസ് അഴിമുഖത്തോട്-

‘ഇവിടെ മുമ്പ് തന്നെ അധ്യാപകര്‍ വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിനെതിരെ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അവര്‍ വേണ്ട രീതിയില്‍ നടപടി എടുക്കാത്തിരുന്നതാണ് ഇന്നലത്തെ സംഭവത്തിലേക്ക് നയിച്ചത്. പരാതി കുറച്ച് വൈകിയാണ് നല്‍കിയത്. കാരണം ആകെ നൂറോളം കുട്ടികളും 10 അധ്യാപകരും അത്രത്തോളം മറ്റ് ജീവനക്കാരുമുള്ള ഒരു ചെറിയ വിദ്യാഭ്യാസ സ്ഥാപനമാണിത്. പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളെയുള്ളൂ. പക്ഷെ ചില അധ്യാപകന്‍ വിദ്യാര്‍ഥികളെ വളരെയധികം മാനസികമായി ദ്രോഹിക്കുന്ന നടപടികളിലേക്ക് പോകുന്ന നടപടികള്‍ കണ്ടാണ് പരാതി നല്‍കിയത്.

ഇതിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അന്വേഷണത്തിനായി ട്രെയിനിംഗ് സെന്ററില്‍ എത്തിയിരുന്നു. എന്നാല്‍ ഇവര്‍ ഒരു വിദ്യാര്‍ഥിയോട് പോലും അവിടുത്തെ സാഹചര്യത്തെ കുറിച്ച് അന്വേഷിച്ചില്ല. അധ്യാപകരുടെയിടയില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം ശേഖരിച്ചാണ് അവര്‍ മടങ്ങിയത്. ഇന്റേണല്‍ മാര്‍ക്കിന്റെയും കണ്ട്യൂന്യൂസ് ഇവാലുവേഷന്‍ മാര്‍ക്കിന്റെയും കാര്യം കാട്ടിയാണ് അധ്യാപകരുടെ പീഡനം. കൂടാതെ പല കുട്ടികളുടെ കൈയില്‍ നിന്നും വെള്ള പേപ്പറില്‍ തങ്ങള്‍ യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതാന്‍ യോഗ്യരല്ലെന്ന് എഴുതി വാങ്ങിയിട്ടുണ്ട്. പലപ്പോഴും സദാചാര ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നത്. ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെ കഴിഞ്ഞ ദിവസങ്ങളില്‍ അധ്യാപകരില്‍ ചിലര്‍ സദാചാര ആരോപണങ്ങള്‍ ഉന്നയിച്ച് വളരെയധികം മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതായിരിക്കണം ആ കുട്ടിയെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത്. പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ വേണ്ടരീതിയില്‍ അതിന് നടപടി എടുത്തിട്ടില്ല. അധികൃതരുടെ അനാസ്ഥയാണ് ഇത്തരമൊരു സ്ഥിയിലെക്ക് കാര്യങ്ങളെ കൊണ്ട് എത്തിച്ചത്.’

ബിഎഡ് ട്രെയിനിംഗ് സെന്ററിലെ പ്രിന്‍സിപ്പാളായ ഡോ. എം വിജയകുമാരിയമ്മ അഴിമുഖം പ്രതിനിധിയോട് പറഞ്ഞത് വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും യൂണിവേഴ്‌സിറ്റിയില്‍ പരാതികൊടുത്തതിനെ കുറിച്ച് അറിയില്ലെന്നുമാണ്. മാത്രമല്ല, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വന്നത് ട്രെയിനിംഗ് സെന്ററില്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും അവിടുത്തെ മറ്റ് കാര്യങ്ങള്‍ക്കുമാണെന്നുമാണ് പ്രിന്‍സിപ്പള്‍ പറഞ്ഞത്. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ താന്‍ സന്ദര്‍ശിക്കാനായി പോവുകയാണ്. ഇന്നാണ് താന്‍ വിവരമറിഞ്ഞതെന്നും അധ്യാപകരുടെ മാനസിക പീഡനമാണോ ആ കുട്ടി അങ്ങനെ പ്രേരിപ്പിച്ചതെന്ന് അന്വേഷിക്കുമെന്നും വിജയകുമാരിയമ്മ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍