UPDATES

ട്രെന്‍ഡിങ്ങ്

ആദിവാസികളെ മുഴുവന്‍ കുറ്റക്കാരാക്കുന്നതിന് മുമ്പ് അവരെ അവരായി കാണാന്‍ തയാറാകണം; അവബോധവും ഉണ്ടാക്കണം

ആര്‍ത്തവ സമയത്ത് വാലായ്മ പുരയില്‍ കഴിഞ്ഞ്, ഈ സമയം തങ്ങള്‍ക്ക് ഒന്നിനും കഴിയില്ലെന്ന ബോധമാണ് ഊരിലെ പെണ്‍കുട്ടികള്‍ക്കു മേല്‍ വീണിരിക്കുന്നത്

ഭാഗം 2

ഇടുക്കിയിലെ ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ നിന്നു തന്നെ വീണ്ടും തുടങ്ങാം. ആ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വം വിവാഹത്തിന് പ്രേരിപ്പിച്ചു എന്ന നിലയിലാണ് വാര്‍ത്തകള്‍ വന്നത്. യഥാര്‍ത്ഥത്തില്‍ അത്തരമൊരു പ്രേരണ മാതാപിതാക്കളില്‍ നിന്നും ആ കുട്ടിക്കു മേല്‍ വന്നിരുന്നോ? അങ്ങനെയാണെങ്കില്‍ മാത്രമാണ് നിര്‍ബന്ധിത ശൈശവ വിവാഹങ്ങള്‍ ആദിവാസികള്‍ക്കിടയില്‍ പെരുകുന്നു എന്ന ആരോപണത്തില്‍ കഴമ്പ് ഉണ്ടാകുന്നുള്ളൂ. അവിടെ നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയും അവളുമായി വിവാഹം നിശ്ചയിച്ച യുവാവും തമ്മില്‍ പരിചയം ഉണ്ടായിരുന്നു. ആ ബന്ധം വീട്ടില്‍ പറഞ്ഞപ്പോള്‍ വിവാഹത്തിന് ഇരുവരുടേയും മാതാപിതാക്കള്‍ അനുവാദം നല്‍കുകയുമായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുന്നേ വിവാഹത്തിന് അനുമതി നല്‍കുക വഴിയാണ് മാതാപിതാക്കള്‍ കുറ്റക്കാരാകുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് വിവരം കിട്ടാതിരിക്കുകയും ആ വിവാഹം നടക്കുകയും ചെയ്തിരുന്നെങ്കില്‍ മാതാപിതാക്കള്‍ക്കും വിവാഹം ചെയ്ത യുവാവിനും എതിരേ പോക്‌സോ കുറ്റം ചുമത്തപ്പെടുമായിരുന്നു. നിയമത്തിന്റെ മുന്നില്‍ അവര്‍ കുറ്റക്കാര്‍ തന്നെയാണ്.

ഇടുക്കിയിലെ ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് പിന്നില്‍; പുറംലോകം മനസിലാക്കാത്ത കാര്യങ്ങള്‍

എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികള്‍ വിവാഹജീവിതത്തിലേക്ക് എത്തുന്നതോ സന്താനോദ്പാദനം  നടത്തുകയോ ചെയ്യുന്നത് പോക്‌സോ അടക്കമുള്ള നിയമങ്ങള്‍ മൂലം തടയാന്‍ കഴിയുമോ എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന ചോദ്യം. പൂര്‍ണമായി കഴിയില്ല എന്നതു തന്നെയാണ് ഇതുവരെയുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നത്. അപ്പോള്‍ എന്താണ് ഭരണകൂടം ചെയ്യേണ്ടത് എന്നതാണ് നാം ചര്‍ച്ച ചെയ്യേണ്ട പ്രധാന വിഷയം. ഓരോ ആദിവാസി സമൂഹത്തിനും അവരുടേതായ സംസ്‌കാരവും അതിനനുസരിച്ചുള്ള ആചാരങ്ങളും ഉണ്ട്. അവ പെട്ടെന്ന് ഇല്ലാതാക്കാനോ അതില്‍ നിന്നും പുറത്തു കടക്കാനോ ആദിവാസികള്‍ക്ക് കഴിയില്ല. അതിനാല്‍ പുറം ലോകത്തിന്റെ നിയമങ്ങളോ നിര്‍ദേശങ്ങളോ അവര്‍ പിന്തുടരുക അത്രകണ്ട് സാധ്യമല്ലാത്ത കാര്യമാണ്.

ഇടുക്കിയില്‍ പ്രധാനമായുള്ള മുതുവാന്‍ സമുദായത്തെ എടുക്കാം. സ്ത്രീകളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍, വിവാഹം എന്നിവയില്‍ കാലങ്ങളായി പുലര്‍ത്തിപ്പോരുന്ന നിഷ്ടകളാണ് അവര്‍ ഇന്നും തുടരുന്നത്. ഒരാണും പെണ്ണും വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ മാതാപിതാക്കള്‍ പരസ്പരം സംസാരിച്ചു തീരുമാനത്തില്‍ എത്തുന്നത് കഴിഞ്ഞാല്‍ ആ വിവാഹം നടത്തുന്നതും അതില്‍ പ്രധാന പങ്കുവഹിക്കുന്നതും ആണിന്റെയും പെണ്ണിന്റെയും അവിവാഹിതരായ സുഹൃത്തുക്കളാണ്. വധുവിനെ ഒളിപ്പിച്ച് താമസിപ്പിക്കുന്നതും വരനൊപ്പം ചേര്‍ന്ന് വധുവിനെ കണ്ടു പിടിക്കുന്നതും ഇരുവര്‍ക്കും വീട് കെട്ടിയുണ്ടാക്കുന്നതും വിവാഹം കഴിപ്പിക്കുന്നതുമെല്ലാം ഇത്തരം സുഹൃത്തുക്കളാണ്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഒത്തുകൂടുന്നവര്‍ പരസ്പരം അടുത്തറിയുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിന്നാണ് ഓരോരുത്തരും തങ്ങളുടെ ഇണയെ കണ്ടെത്തുന്നതും. അതൊരുപക്ഷേ പ്രണയമാകാം, അതല്ലെങ്കില്‍ അടുത്ത പരിചയമാകാം. ബഹുഭൂരിഭാഗവും ആണ്‍കുട്ടികളും പെണ്‍കുട്ടികളും തങ്ങളുടെ പങ്കാളിയെ സ്വയം തെരഞ്ഞെടുക്കുന്ന രീതിയാണ് ആദിവാസികള്‍ക്ക് ഇടയില്‍ ഉള്ളത്. മുതുവാന്‍മാര്‍ക്കിടയില്‍ പുറത്തു നിന്നുള്ള ഒരു വിവാഹബന്ധം നിഷിദ്ധമായതിനാല്‍ ഒരേ സമുദായക്കാര്‍ തന്നെയായിരിക്കും പരസ്പരം വിവാഹം കഴിക്കുന്നത്. അതിനാല്‍ തന്നെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നുപോലും എതിര്‍പ്പുകള്‍ വലിയ തോതില്‍ ഉണ്ടാകുന്നില്ല. തങ്ങളുടെ ഗോത്രത്തിനു പുറത്ത് നിന്നൊരാളെ വിവാഹം കഴിക്കുന്നത് മാത്രമാണ് അവര്‍ക്ക് അനുവദിക്കാന്‍ കഴിയാത്തത്. അങ്ങനെ ചെയ്താല്‍, ആ പെണ്‍കുട്ടിയുടേയോ ആണ്‍കുട്ടിയുടേയോ വീട്ടുകാരെ സഹിതമാണ് ഊരുവിലക്കിന് വിധേയരാക്കുന്നത്. പിന്നീടവര്‍ക്ക് സ്വന്തം കൃഷിയിടത്തില്‍ പോലും കയറാന്‍ അനുവാദം കിട്ടുന്നില്ല. ഇത്തരത്തില്‍ ആചാരങ്ങളിലെ കാര്‍ക്കശ്യം അണുവിടപോലും തെറ്റിക്കാത്തവരാണ് മുതുവാന്‍മാര്‍ ഇപ്പോഴും. ഇടുക്കിയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയും വിവാഹം ഉറപ്പിച്ച യുവാവും മുതുവാന്‍ സമുദായത്തില്‍ നിന്നുള്ളവരാണ്. ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കുന്നതിന് മാതാപിതാക്കള്‍ അനുവാദം നല്‍കുമ്പോള്‍ മറ്റുകാര്യങ്ങളൊന്നും നോക്കാതിരുന്നതും അവരുടെ പാരമ്പര്യം അനുസരിച്ചാണ്. പക്ഷേ നമ്മുടെ നിയമങ്ങള്‍ ഇത്തരം ആചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രായപൂര്‍ത്തിയാകാത്തവര്‍ വിവാഹിതരാകുന്നതും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതുമെല്ലാം കുറ്റമാണ്. അതിന് ശിക്ഷയുമുണ്ട്.

നേരത്തെയുള്ള വിവാഹത്തിലൂടെ പെണ്‍കുട്ടികളുടെ (ആണ്‍കുട്ടികള്‍ക്കും ബാധകം) വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നതെന്നതാണ് ഇതിലെ ഗുരുതരമായ വിഷയം. ഇത് സംഭവിക്കാതിരിക്കാനാണ് ചൈല്‍ഡ് ലൈനും ശിശുക്ഷേമ സമിതിയും മഹിള സമാക്യയുമൊക്കെ നിരന്തരമായ ഇടപെടല്‍ നടത്തുന്നത്. നിയമത്തിന്റെ സഹായത്തോടെയല്ലാതെ പലപ്പോഴും ഇവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഫലവത്തായ ഇടപെടല്‍ നടത്താനാകാതെ വരുമെന്നതുകൊണ്ടാണ് പോക്‌സോ അടക്കമുള്ള കേസുകള്‍ കൂടുതലായി ആദിവാസികള്‍ക്കു മേല്‍ ഉണ്ടാകുന്നതിനും കാരണം. പക്ഷേ നിയമങ്ങള്‍ ഉപയോഗിച്ചുമാത്രം അവരെ നേരിടാന്‍ ശ്രമിക്കുന്നിടത്താണ് ആദിവാസികള്‍ക്കിടയില്‍ ബാലവിവാഹങ്ങള്‍ പെരുകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പ്രചാരം കൂട്ടുന്നതും.

‘വാലായിപ്പുരകള്‍’ക്കും ‘സത്രങ്ങള്‍’ക്കും ഇടയില്‍ ഇടമലക്കുടിയിലെ കുട്ടികളുടെ വിദ്യാഭ്യാസ ജീവിതം

ആര്‍ത്തവ കാലം ആരംഭിക്കുന്നതു തൊട്ട് മുതുവാന്‍ സമുദായത്തിലെ ഒരു പെണ്‍കുട്ടി (ഒരുപക്ഷേ അവള്‍ക്ക് പ്രായം പത്ത് വയസായിരിക്കാം) സ്ത്രീയായി മാറുകയാണ്. പിന്നീടവള്‍ ചേല ചുറ്റുണം, പൊട്ട് തൊടണം, കൊണ്ട കെട്ടണം… വാലായ്മ പുര (ആര്‍ത്തവ സമയത്ത് താമസിക്കുന്നിടം)യോടനുബന്ധിച്ചായിരിക്കും പിന്നീടവരുടെ ജീവിതം. ആണ്‍കുട്ടികള്‍ സത്രങ്ങളിലായിരിക്കും. ഭക്ഷണം കഴിക്കുന്നതിന് മാത്രമായിരിക്കും ഇവര്‍ വീടുകളില്‍ പോകുന്നത്. ആര്‍ത്തവ പ്രായമായി കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ പിന്നീട് പഠിക്കാന്‍ വിടില്ല. കാലങ്ങളായുള്ള സമ്പ്രദായത്തിന്റെ ഭാഗമായതിനാല്‍ പെണ്‍കുട്ടികളില്‍ സ്വയം ഈ മടി ഉണ്ടായി വരികയുമാണ്. വിവാഹമാണ് പിന്നീട് ഏറ്റവും എളുപ്പം നടക്കേണ്ട കാര്യം. 12, 13 വയസ് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് പഠനം തുടരുന്നതില്‍ താത്പര്യം കുറവാണെന്നാണ് ചൈല്‍ഡ് ലൈന്‍, മഹിള സമാക്യ പ്രവര്‍ത്തകര്‍ തന്നെ തങ്ങളുടെ അനുഭവങ്ങളില്‍ നിന്നും വ്യക്തമാക്കുന്നത്. അഞ്ചാം ക്ലാസ് കൊണ്ട് പഠനം നിര്‍ത്തുന്നവരായിരുന്നു കൂടുതല്‍. പത്തു വയസുവരെയാണ് കുട്ടികളെ സ്‌കൂളില്‍ വിടാന്‍ മാതാപിതാക്കളും താത്പര്യപ്പെടുന്നത്. അതിനുശേഷം ആണ്‍കുട്ടികളാണെങ്കില്‍ അവരെ കൃഷിയിടങ്ങളിലേക്ക് കൊണ്ടു വരികയോ മറ്റ് ജോലികള്‍ക്ക് പ്രാപ്തരാക്കുകയോ ചെയ്യും. പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കും. പഠനം മുടങ്ങി നില്‍ക്കുന്ന കുട്ടികളുടെ തുടര്‍പഠനം സാധ്യമാക്കുന്നതിനാണ് എംഎസ്‌കെ (മഹിള ശിക്ഷക് കേന്ദ്രം) പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതെങ്കിലും ഇതിലേക്ക് വരാന്‍ സ്വയം ആഗ്രഹിക്കുന്ന കുട്ടികളുടെ എണ്ണം ഇപ്പോഴാണ് കൂടിവരുന്നത്. മുമ്പ് കുട്ടികള്‍ വീണ്ടും പഠിക്കാന്‍ താത്പര്യം കാണിക്കാതിരിക്കുകയോ മാതാപിതാക്കള്‍ അതിന് അനുവദിക്കാതിരിക്കുകയോ ആയിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നിര്‍ബന്ധപൂര്‍വമോ കൂടുതല്‍ ബോധവത്കരണങ്ങളിലൂടെയോ ആയിരുന്നു തങ്ങള്‍ പെണ്‍കുട്ടികളെ പഠനകേന്ദ്രങ്ങളിലേക്ക് കൊണ്ടുവന്നിരുന്നതെന്ന് മഹിള സമാക്യ പ്രവര്‍ത്തകര്‍ പറയുന്നു. പഠനം നിര്‍ത്തി കഴിഞ്ഞാല്‍ സ്വയം തിരഞ്ഞെടുക്കല്‍ വഴിയോ മാതാപിതാക്കളുടെ താത്പര്യാര്‍ത്ഥമോ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് പെണ്‍കുട്ടികള്‍. ഇത് അവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതായതിനാലും എല്ലാ സമൂഹങ്ങളുമായി തുല്യതയില്‍ നില്‍ക്കാനുള്ള അവരുടെ സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതുമായതുകൊണ്ടാണ് നിയമങ്ങളുടെ പിന്തുണയോടെ ഇടപെടല്‍ നടത്തേണ്ടി വരുന്നത്. അത് പലപ്പോഴും കേസും പൊലീസുമൊക്കെയായി മാറിപ്പോകുന്നതോടെയാണ് പല തെറ്റിദ്ധാരണകള്‍ക്കും ഇടവരുന്നതെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ സാഹചര്യം ഏറെ മാറിവരുന്നുണ്ടെങ്കിലും കുട്ടികള്‍ക്ക് സ്വയം തങ്ങളുടെ ജീവിതം തെരഞ്ഞെടുക്കുന്നതിലുള്ള അവബോധം പൂര്‍ണമായി സൃഷ്ടിക്കപ്പെടുന്നില്ലെന്ന കാര്യവും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഒരാദിവാസി പെണ്‍കുട്ടി ചോദിക്കുന്നു: ഞങ്ങള്‍ക്കുമില്ലേ സ്വപ്‌നങ്ങളും അവകാശങ്ങളും? എന്താണതിന് വിലകൊടുക്കാത്തത്?

എംഎസ്‌കെയില്‍ പഠിച്ച, ഇടമലക്കുടിയില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികളാണ് ഈശ്വരിയും പൂങ്കാറ്റും. പ്ലസ് ടു കഴിഞ്ഞപ്പോള്‍ പൂങ്കാറ്റ് കോട്ടയത്തോ എറണാകുളത്തോ പോയി പഠിക്കാനാണ് താത്പര്യപ്പെട്ടത്. എന്നാല്‍ ഈശ്വരിക്ക് ഊരിലേക്ക് മടങ്ങിപ്പാകാനായിരുന്നു ഇഷ്ടം. ഇനി പഠിക്കേണ്ടെന്നും വിവാഹം കഴിച്ചാല്‍ മതിയെന്നും ആ കുട്ടി തീരുമാനിച്ചു. ഈശ്വരിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. പതിനെട്ട് വയസ് കഴിഞ്ഞു എന്നതുമാത്രമാണ് ഈശ്വരിയുടെ കാര്യത്തില്‍ ആശ്വാസകരമായത്. ഈശ്വരിയെ പോലെ ഊരിലെ ചിട്ടകളും രീതികളും തുടര്‍ന്നുപോകാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ എണ്ണമാണ് ഇപ്പോഴും കൂടുതല്‍. അത് കുറച്ചെടുക്കയാണ് മഹിളാ സമാക്യ പ്രവര്‍ത്തകരുടെ ലക്ഷ്യം. സ്‌കൂളില്‍ ചുരിദാര്‍ ധരിക്കുമ്പോള്‍ പോലും ഊരിലേക്ക് എത്തുമ്പോള്‍, ഊരില്‍ കയറുന്നതിനു മുമ്പായി കയ്യില്‍ കരുതിയിരിക്കുന്ന ചേല ഉടുത്ത് ക്ഷേത്രത്തില്‍ തൊഴുത് ഊരുപെണ്ണായി തന്നെയാണ് പെണ്‍കുട്ടികള്‍ വീടുകളിലേക്ക് പോകുന്നത്. അവര്‍ തങ്ങളുടെ സമ്പ്രദായങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണിത്.

എപ്പോഴാണ് ആദിവാസി മേഖലയിലെ വിദ്യാഭ്യാസപ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഒരു സമരം നടന്നിട്ടുള്ളത്? ആര്‍ക്കാണ് അതില്‍ ആവലാതിയുള്ളത്?

ആര്‍ത്തവ സമയത്ത് വാലായ്മ പുരയില്‍ കഴിഞ്ഞ്, ഈ സമയം തങ്ങള്‍ക്ക് ഒന്നിനും കഴിയില്ലെന്ന ബോധമാണ് ഊരിലെ പെണ്‍കുട്ടികള്‍ക്കു മേല്‍ വീണിരിക്കുന്നത്. ഇതുകൊണ്ടാണ് ആര്‍ത്തവപ്രായമായവര്‍ പഠിക്കാന്‍ പോകാന്‍ പോലും താത്പര്യപ്പെടാത്തത്. പഠിക്കാന്‍ വരുന്ന കുട്ടികളാണെങ്കില്‍ ഈ സമയം തങ്ങളുടെ ബുദ്ധിമുട്ടുകളൊക്കെ മറന്ന് സാധാരണപോലെ എല്ലാവരോടും ഇടപെട്ട് കഴിയുന്നുമുണ്ട്. ആര്‍ത്തവസമയത്തെ ബുദ്ധിമുട്ടുകള്‍ ഓര്‍ത്ത് ആര്‍ത്തവം തടഞ്ഞു നിര്‍ത്താനായി മാലാഡി പോലുള്ള ഗര്‍ഭ നിരോധന ഗുളികള്‍ കഴിച്ച് പില്‍ക്കാലത്ത് ഗര്‍ഭധാരണത്തിനു പോലും പറ്റാത്ത വിധം ശാരീരിക ബുദ്ധിമുട്ടുകള്‍ വന്നിട്ടുള്ള സ്ത്രീകളുടെ എണ്ണം ഇടമലക്കുടിയില്‍ കൂടുതലായിരുന്നു. ഇപ്പോഴതിന് മാറ്റം വന്നിട്ടുണ്ടെങ്കിലും ഊരിന്റെ നിയമങ്ങളില്‍ നിന്നും സ്വയം വിടുതല്‍ നേടാന്‍ ആരും ധൈര്യപ്പെടുന്നുമില്ല, ആഗ്രഹിക്കുന്നുമില്ല. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍, ആദിവാസി സമുദായങ്ങളുടെ സംസ്‌കാരത്തെ നിലനിര്‍ത്താന്‍ അനുവദിച്ചുകൊണ്ട് അവരെ കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കാത്ത വിധം ആചാരങ്ങളും സമ്പ്രദായങ്ങളും മുന്നോട്ടു കൊണ്ടുപോകാനുമുള്ള അവബോധം സൃഷ്ടിച്ചെടുക്കുകയാണ് ഭരണസംവിധാനങ്ങള്‍ ചെയ്യേണ്ടത്. അല്ലാതെ, അവരെ കൂടുതല്‍ തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിക്കുകയോ, പ്രാക്തനരാക്കി മാത്രം ചിത്രീകരിച്ച് നിര്‍ത്തുകയോ അല്ല വേണ്ടത്…

തുടരും; ചെറുപ്രായത്തിലെ വിവാഹവും കുടുംബ ജീവിതവും ആദിവാസികളുടെ ആസക്തിയായി ചിത്രീകരിക്കരുത്‌

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍