UPDATES

ട്രെന്‍ഡിങ്ങ്

എപ്പോഴാണ് ആദിവാസി മേഖലയിലെ വിദ്യാഭ്യാസപ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഒരു സമരം നടന്നിട്ടുള്ളത്? ആര്‍ക്കാണ് അതില്‍ ആവലാതിയുള്ളത്?

അഗളി സ്‌കൂളിലെ വിവേചനത്തിനെതിരേ വിദ്യാഭ്യാസ വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കേള്‍ക്കുന്നു. നടപടികള്‍ കൊണ്ട് മനോഭവങ്ങള്‍ മാറുന്നില്ലെങ്കില്‍ വിവേചനങ്ങള്‍ ഇനിയും തുടരുക തന്നെ ചെയ്യും

ഹോസ്റ്റല്‍ മെസില്‍ വച്ചായിരുന്നു ആ പെണ്‍കുട്ടി എന്നോടതു ചോദിച്ചത്; ചേച്ചി അട്ടപ്പാടിയില്‍ നിന്നാണല്ലേ?

ഞാനൊളിപ്പിച്ച വലിയൊരു രഹസ്യം കണ്ടുപിടിച്ചതുപോലെയായിരുന്നു അതു ചോദിക്കുമ്പോഴുള്ള അവളുടെ ഭാവം. എന്താണ് ആ പെണ്‍കുട്ടിയോട് മറുപടി പറയേണ്ടതെന്ന് ഒരു നിമിഷം ശങ്കിച്ചു. പിന്നെ ഒരു ചിരിയില്‍ മറുപടിയൊതുക്കി. ആ പെണ്‍കുട്ടി പോയിക്കഴിഞ്ഞപ്പോഴാണ് ഞാനാലോചിച്ചത്, അവളിതിത്ര രഹസ്യമായി വന്ന് എന്നോടിതു പറയേണ്ടതിന്റെ ആവശ്യം? അട്ടപ്പാടിയെക്കുറിച്ച് ഇപ്പോഴും പുറത്തുള്ളവരുടെ കാഴ്ച്ചപ്പാട് ഒട്ടും മാറിയിട്ടില്ലെന്നാണോ?

വാസ്തവത്തില്‍ ഞാനെവിടെ നിന്നാണു വരുന്നതെന്ന കാര്യം മറ്റൊരാള്‍ അയാളുടെ നാടിനെ കുറിച്ച് പറയുന്നത്ര ആവേശത്തോടെ പറഞ്ഞിട്ടില്ല, ഞാനെന്നല്ല, അട്ടപ്പാടിയില്‍ നിന്നുവരുന്ന ഒട്ടുമിക്കവരും, പ്രത്യേകിച്ച് പുതുതലമുറ. നാടെവിടെയാണെന്നു ചോദിച്ചാല്‍ പാലക്കാട് എന്നു പറയും. പാലക്കാട് എവിടെയെന്നു ചോദിച്ചാല്‍ മണ്ണാര്‍ക്കാടെന്നും. പിന്നെയും ചോദിച്ചാല്‍ മടിച്ചു മടിച്ച് അട്ടപ്പാടിയെന്നു പറയും. ഈ മടി, ആത്മവിശ്വാസക്കുറവ് ഞങ്ങളായിട്ടുണ്ടാക്കിയതല്ല, അതു നിങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണ്.

രണ്ടുവര്‍ഷം മുമ്പ് കണ്ടപ്പോള്‍ ഷോളയൂര്‍ ഗവ. സ്‌കൂളിലെ ഗസ്റ്റ് അധ്യാപിക ലേഖ പങ്കുവച്ച കാര്യങ്ങളാണിത്. യഥാര്‍ത്ഥത്തില്‍ ലേഖ അട്ടപ്പാടി സ്വദേശിയോ ആദിവാസി വര്‍ഗത്തില്‍പ്പെട്ട ആളോ അല്ല. അച്ഛനും അമ്മയും ജോലി തേടി ഇവിടെയെത്തിയതാണ്. ലേഖ ഉള്‍പ്പെടെ മൂന്നു മക്കളാണവര്‍ക്ക്. മൂത്തയാള്‍ പ്ലസ് ടു വരെ പഠിച്ചു. ലേഖ എം എസ് സി, ബിഎഡ് ആണ്. ഏറ്റവും ഇളയയാള്‍ സ്‌കൂളില്‍ പഠിക്കുന്നു. കൂലിവേല ചെയ്യുന്ന അച്ഛനും അംഗനവാടിയിലെ അധ്യാപികയായ അമ്മയ്ക്കും ലേഖയേയും സഹോദരിമാരെയും അവരാഗ്രഹിക്കുന്നിടത്തോളം പഠിപ്പിക്കാന്‍ താത്പര്യമായിരുന്നു.

യോഗ്യതകള്‍ എല്ലാമുണ്ടായിട്ടും ആദിവാസി വിഭാഗത്തില്‍പ്പെട്ട അധ്യാപകരെ നിയമിക്കാതിരിക്കുക, എസ് ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ പ്രത്യേക ഡിവിഷന്‍ ഉണ്ടാക്കി മാറ്റിയിരുത്തുക തുടങ്ങിയ വിവേചനങ്ങള്‍, വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ലേഖയെ പോലുള്ളവര്‍ക്ക്, അട്ടപ്പാടിയിലെ അവസ്ഥകള്‍ മനസിലാക്കിയവര്‍ക്ക് വലിയ അത്ഭുതമൊന്നും തോന്നില്ല. കാലങ്ങളായി ഇതൊക്കെ തന്നെയാണ് നടക്കുന്നത്.

"</p

അട്ടപ്പാടി ഇന്നും ഒരു ‘ഇരുണ്ട ഭൂഖണ്ഡ’മാണ് പുറംലോകത്തിന്. ‘വല്ല അട്ടപ്പാടിയിലേക്കും തട്ടും’ എന്ന ഭീഷണി പോലും നമുക്കിടയിലുണ്ട്. പക്ഷേ അട്ടപ്പാട്ടി എന്നാല്‍ ആദിവാസി മേഖല എന്നാണ് പൂര്‍ണമായ അര്‍ത്ഥം. അവിടെ ആദിവാസി വിഭാഗത്തിലെ ജനങ്ങള്‍ക്കു തുല്യമായോ അതിലേറെയായോ മറ്റു വിഭാഗങ്ങളില്‍പ്പെട്ടവരും ഉണ്ട്. എത്രകൊടുത്താലും മതിയാകില്ലെന്ന് നാം ആദിവാസികളെ പരിഹാസിക്കാറില്ലേ, കുറ്റപ്പെടുത്താറില്ലേ, എന്നാല്‍ ആലോചിച്ചിട്ടുണ്ടോ ആദിവാസിയുടെ പേരില്‍ അട്ടപ്പാടിയിലേക്ക് കൊടുക്കുന്ന ഫണ്ടുകളും പ്രൊജക്ടുകളും എല്ലാം ആദിവാസിക്ക് തന്നെയാണോ കിട്ടുന്നതെന്ന്? “അവിടെ തന്നെ ഓരോ സ്‌കൂളിലും വരുന്ന പ്രൊജക്ടുകള്‍ പോലും സ് ടി പ്രൊജക്ടുകളായിട്ടായിരിക്കും. എന്നാല്‍ അതിന്റെ ഭാഗമാകാന്‍ എത്ര എസ് ടി കുട്ടികള്‍ക്ക് കഴിയുന്നുണ്ടെന്ന് അന്വേഷിച്ചിട്ടുണ്ടോ? അഗളി സ്‌കൂളില്‍ നടന്നുകൊണ്ടിരുന്ന കാര്യങ്ങള്‍ എന്തായിരുന്നുവെന്ന് ശ്രദ്ധിച്ചാല്‍ മതി, കാര്യങ്ങള്‍ വ്യക്തമാകും. എസ് ടി കുട്ടികള്‍ കൂടുതലായി പഠിക്കുന്ന സ്‌കൂളുകളില്‍ എസ് ടി സി യൂണിറ്റ്, റെഡ്‌ക്രോസ്, തുടങ്ങി പല പ്രോജകറ്റുകളും മറ്റും വേണമെന്ന് സര്‍ക്കാരിലേക്ക് പ്രപ്പോസല്‍ നല്‍കിയതിന്റെ പേരിലാണ് അവ പലതും തന്നെ അട്ടപ്പാടിയിലെ സ്‌കൂളുകളില്‍ വരുന്നത്. എന്നാല്‍ ഇത്തരം യൂണിറ്റുകള്‍ വന്നു കഴിയുമ്പോള്‍ ഈ കുട്ടികള്‍ അതിനുള്ളില്‍ കാണില്ല, ഉണ്ടെങ്കില്‍ തന്നെ നാമമാത്രമായവര്‍. എന്തുകൊണ്ട് എസ് ടി വിഭാഗത്തിലെ കുട്ടികളെ ഒഴിവാക്കിയെന്നു ചോദിച്ചാല്‍ ഉത്തരം ആ കുട്ടികള്‍ക്ക് ഇതിലൊന്നിനും താത്പര്യമില്ല എന്നായിരിക്കും.

പല സ്‌കൂളുകളിലും ഇംഗ്ലീഷ് മീഡിയം കൂടിയുണ്ട്. എന്നാല്‍ മിക്കയിടത്തും എസ് ടി വിഭാഗത്തിലെ കുട്ടികളേയില്ല. ഇംഗ്ലീഷ് പഠിക്കാന്‍ അവര്‍ക്ക് പറ്റില്ല എന്നാണ് അതിനും അധ്യാപകര്‍ക്കുള്ള മറുപടി. അപ്പോള്‍ ഈ അധ്യാപകരുടെ ജോലി എന്താണ്? കഴിവില്ലാത്ത കുട്ടികളെന്ന് പറഞ്ഞ് അവരെ ഉപേക്ഷിച്ചാല്‍ മതിയോ? ഇതേ അട്ടപ്പാട്ടിയില്‍ തന്നെ സിബിഎസ്‌സി സിലബസില്‍ ഈ വര്‍ഷം പത്താംക്ലാസ് പരീക്ഷയെഴുതിയതില്‍ ഇംഗ്ലീഷിന് 90 ശതമാനം മാര്‍ക്ക് വാങ്ങിയ ഒരു എസ് ടി വിദ്യാര്‍ത്ഥിയെ എനിക്കറിയാം. അപ്പോള്‍ ആദിവാസി കുട്ടികള്‍ കഴിവില്ലാത്തവരാണോ? 90 ശതമാനമൊക്കെ മാര്‍ക്ക് വാങ്ങുമ്പോള്‍ ഒരുകാര്യം കൂടി മനസിലാക്കണം, അവര്‍ എത്ര പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് പഠിക്കുന്നതെന്ന്, അച്ഛനോ അമ്മയോ ഇല്ലാത്തവര്‍, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള വീടുകളില്‍ താമസിക്കുന്നവര്‍, പട്ടിണി അനുഭവിക്കുന്നവര്‍, അവരൊക്കെയാണ് പഠനത്തില്‍ ഇത്ര മികവ് കാണിക്കുന്നത്. ആദിവാസി കുട്ടികള്‍ ഒന്നിനും കഴിവില്ലാത്തവരെന്നു പറഞ്ഞ് തഴയുകയാണോ വേണ്ടത്. അതോ അവരെ പ്രോത്സാഹിപ്പിക്കുകയോ?” അട്ടപ്പാടിയിലെ സ്‌പെഷല്‍ ഓഫിസറായി വി കൃഷ്ണന്‍കുട്ടി ചോദിക്കുന്നു.

കേരളം കാണാതിരിക്കരുത്; അട്ടപ്പാടിയിലെ ആദിവാസിക്ക് പഠിക്കാനും പഠിപ്പിക്കാനും കഴിവില്ലെന്നാണ് ഈ സര്‍ക്കാര്‍ സ്കൂള്‍ തീരുമാനിച്ചത്

ആദിവാസി വിഭാഗത്തില്‍പ്പെട്ടവരോടുള്ള അവഗണനകള്‍, ഒഴിവാക്കലുകള്‍ എന്നിവ വളരെ കൂടുതലായി തന്നെ അട്ടപ്പാടിയില്‍ നടന്നു വരുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം അവഗണനകളും ഒഴിവാക്കലുകളും ഉണ്ടാകുമ്പോള്‍ ആദിവാസി വിഭാഗത്തിന്റെ സാമൂഹികോന്നമനമാണ് തടസപ്പെടുത്തുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. എക്കാലവും ഞങ്ങളുടെ ഔദാര്യത്തിലും, തരുന്ന സൗജന്യത്തിലും കഴിഞ്ഞുപോന്നോളണം എന്നു പറഞ്ഞ് അടിച്ചമര്‍ത്തിയിട്ടിരിക്കുകയാണ് പൊതുസമൂഹം ആദിവാസിയെ.

“ആദിവാസികളുടെ പേരില്‍ വരുന്ന പദ്ധതികളില്‍ പോലും അവര്‍ ഒഴിവാക്കപ്പെടുകയാണെങ്കില്‍, അതെത്രമാത്രം ക്രൂരതയാണെന്നു നോക്കൂ. രണ്ടോ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് അഗളിയില്‍ ഒരു സര്‍ക്കാര്‍ കോളേജ് വന്നിട്ടുണ്ട്. ആദ്യമത് ഗവ. കോളേജ് അട്ടപ്പാടി എന്നായിരുന്നു. ഇപ്പോള്‍ രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നാണ്. വിദ്യാഭ്യാസ വകുപ്പിലെ വളരെ ഉയര്‍ന്നൊരു ഉദ്യോഗസ്ഥന്‍ അട്ടപ്പാടി സന്ദര്‍ശിക്കുന്ന സമയത്ത് നാട്ടുകാരുമായുള്ള സംഭാഷണത്തില്‍ അവിടെയുള്ള കുട്ടികളുടെ തുടര്‍ പഠനം തടസപ്പെടുന്നുണ്ടെന്ന് മനസിലാക്കി. തുടര്‍ന്ന് അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് സഹായകരമാകുന്ന ഒരു കോളേജ് വരണമെന്ന് അദ്ദേഹം സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ഈ കോളേജ് വരുന്നത്.

ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിട്ട് തുറന്ന കോളേജില്‍ ഇപ്പോള്‍ എല്ലായിടത്തുമെന്നപോലെ സാധാരണ റിസര്‍വേഷനു മാത്രം അര്‍ഹരായി മാറി ആ കുട്ടികള്‍. ഇപ്പോഴതൊരു സാധാരണ ഗവ.കോളേജ് മാത്രമായി മാറി. ഇതുപോലെ പലയിടത്തു നിന്നും അഡ്മിഷന്‍ കിട്ടാതെയും മറ്റും വിദ്യാഭ്യാസം മുടങ്ങിപ്പോകുന്ന നിരവധി കുട്ടികളുടെ അവസ്ഥകള്‍ മനസിലായിട്ടുണ്ട്. ഇനിയവര്‍ കഷ്ടപ്പെട്ട് പഠിച്ച് ഒരു ജോലിക്ക് അപേക്ഷിക്കുമ്പോഴോ, അവിടെയും ആദിവാസിയെന്ന അവഗണന”- കൃഷ്ണന്‍കുട്ടി പറയുന്നു.

"</p

അട്ടപ്പാടിയില്‍ വിവിധ ഊരുകളിലായി എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ ആറെണ്ണമുണ്ട്. സര്‍ക്കാരിന്റെ ഭാഷയില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള സ്‌കൂളുകള്‍. ഈ സ്‌കൂളുകളില്‍ നിന്നും പഠിച്ചവരില്‍ ബിരുദാനന്തരബിരുദവും മറ്റു പ്രൊഫഷണല്‍ ബിരുദങ്ങളുമൊക്കെ നേടിയവരുണ്ട്. പലരും സര്‍ക്കാര്‍, സര്‍ക്കാരിതര ജോലികള്‍ നോക്കുന്നുമുണ്ട്. പക്ഷേ എത്രപേര്‍? കേരളത്തിന്റെ മറ്റു പ്രദേങ്ങളുമായി (ഗ്രാമ-നഗര) താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവാണ്. എല്ലാവിധ സൗകര്യങ്ങളും ഞങ്ങള്‍ നല്‍കുന്നുണ്ടല്ലോ എന്നു സര്‍ക്കാര്‍ പറയുമ്പോള്‍ പിന്നെയാരുടെതാണ് കുഴപ്പം. അവിടെയവര്‍ ആദിവാസികളെ തന്നെ കുറ്റം പറയും. ഞങ്ങള്‍ക്ക് പഠിപ്പിക്കാനല്ലേ പറ്റൂ, പഠിക്കേണ്ടതവരാണല്ലോ! അധ്യാപകരുടെയും ഭരണകര്‍ത്താക്കളുടെയും നിസഹായത ഇതാണ്.

“എഴുപതും എണ്‍പതും കുട്ടികളായിരിക്കും ഒരു ക്ലാസില്‍ ഉണ്ടാവുക. ഇവരെയെല്ലാം ശ്രദ്ധിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കില്ല. അവര്‍ വരുന്നു, എടുക്കാനുള്ള പാഠം അവസാനിപ്പിച്ചു പോകുന്നു, അതാണ് പതിവ്. കുട്ടികള്‍ കൃത്യമായി സ്‌കൂളില്‍ വരുന്നുണ്ടോ, പഠിക്കുന്നുണ്ടോ എന്നൊന്നും തിരക്കാറില്ല. മാതാപിതാക്കളുടെ കാര്യവും അങ്ങനെയാണ്. തന്റെ കുട്ടി സ്‌കൂളില്‍ പഠിക്കുന്നുണ്ടോ എന്നുപോലും അറിയാത്ത മാതാപിതാക്കളുമുണ്ട്. കുട്ടികള്‍ക്ക് വേണ്ടത് അവരെ കെയര്‍ ചെയ്യുന്നുണ്ട് എന്ന തോന്നലാണ്. അതേപോലെ മാതാപിതാക്കളെ കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ബോധവാന്മാരാക്കണം. ഇതു രണ്ടും സ്‌കൂളുകളില്‍ നടക്കാറില്ല”; ലേഖ ചൂണ്ടിക്കാട്ടുന്നു.

ഇതേ പ്രശ്‌നം ഷോളയൂരും അഗളിയിലുമുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ ചില അധ്യാപകരും പങ്കുവയ്ക്കുന്നു. “ഒന്നാമതായി ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തുന്നവരെ കൂട്ടം ചേര്‍ന്ന് ഒറ്റപ്പെടുത്താനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നത്. അധ്യാപനം ഇന്നൊരു ജോലിയാണ്, മറ്റേതുംപോലെ. അങ്ങനെയുള്ളവര്‍ക്ക് കുട്ടികളോടോ സമൂഹത്തോടെ പ്രതിബദ്ധതകളുമൊന്നുമുണ്ടാവില്ല. അവര്‍ ഭൂരിപക്ഷമായി നില്‍ക്കുന്നിടത്ത് നമ്മളാഗ്രഹിക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഉണ്ടാവുക പ്രയാസമാണ്”- ഒരധ്യാപകന്‍ പറഞ്ഞു തുടങ്ങുന്നതിങ്ങനെയാണ്.

“ആദിവാസികളുടെ അടിസ്ഥാന പ്രശ്‌നം അവരുടെ വിദ്യാഭ്യാസം തന്നെയാണ്. കുട്ടികളെല്ലാം സ്‌കൂളില്‍ പോകുന്നുണ്ട്, ശരിയാണ്. പക്ഷേ അവരിലെത്ര പേര്‍ പത്താംക്ലാസ് വരെ എത്തുന്നുണ്ട്, അതില്‍ നിന്നു തന്നെ എത്രപേര്‍ ഹയര്‍ സെക്കന്‍ഡിറിക്കും തുടന്ന് ഉന്നത വിദ്യാഭ്യാസത്തിനും പോകുന്നുണ്ട്. വളരെ ചെറിയ കണക്കേ കാണൂ. പക്ഷേ ഇതൊന്നും സര്‍ക്കാരോ മറ്റുള്ളവരോ ശ്രദ്ധിക്കുന്നില്ല, അറിയുന്നുണ്ടെങ്കില്‍ തന്നെ കാര്യമാക്കുന്നില്ല. അവര്‍ സൗജന്യ റേഷന്‍ കൊടുക്കുന്നതിനെ കുറിച്ചു മാത്രം വാചാലരാകും, റോഡു വെട്ടിയതും വെയിറ്റിംഗ് ഷെഡ് പണിതതും വാര്‍ത്തകളാക്കും. എപ്പോഴാണ് ആദിവാസി മേഖലയിലെ വിദ്യാഭ്യാസപ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഒരു സമരം നടന്നിട്ടുള്ളത്? ആരാണ് അതേക്കുറിച്ച് ആവലാതിപ്പെട്ടിട്ടുള്ളത്? ഞങ്ങള്‍ അധ്യാപകര്‍ക്കിടയില്‍ തന്നെയാണ് ഇത്തരം വിഷയങ്ങളില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകാറുള്ളത്. പക്ഷേ ഞങ്ങളെപ്പോലുള്ളവര്‍ തോറ്റുപോകാറേയുള്ളൂ.”

"</p

ആദിവാസിയുടെ സ്വത്വസംരക്ഷണത്തെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പൊതുവിദ്യാഭ്യാസം ആദിവാസിയുടെമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. അട്ടപ്പാടിയില്‍ പ്രധാനമായും മൂന്നുവിഭാഗങ്ങളാണുള്ളത്; ഇരുളര്‍, മുഡുഗര്‍, കുറുമ്പര്‍. ഇവര്‍ക്കെല്ലാം ഇവരുടേതായ ഭാഷകളുണ്ട്. ഊരുകളില്‍ ഈ ഭാഷയാണവരുടെ മാധ്യമം. സ്‌കൂളുകളില്‍ വരുന്ന കുട്ടികള്‍ പരസ്പരം സംസാരിക്കുന്നത് അവരവരുടെ ഭാഷയിലാണ്. പലപ്പോഴും അധ്യാപകര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നതും ഭാഷയാണ്. മലയാളം അവര്‍ക്ക് അത്ര പെട്ടെന്നു ദഹിക്കുന്ന ഒന്നല്ല. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവരുടെ ചര്‍ച്ചകള്‍. ആദിവാസിയെ അവന്റെ ഭാഷയില്‍ നിന്നും അകറ്റുകയാണ് പൊതുവിദ്യാഭ്യാസരീതികളെന്ന് അവര്‍ പറയുന്നു. സ്വന്തം ഭാഷ മറന്നു അന്യഭാഷകളുടെ പുറകെ പോകുമ്പോള്‍ സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തുകയാണ് ആദിവാസികള്‍ ചെയ്യുന്നതെന്നും അവര്‍ പറയുന്നു.

“നമ്മുടെ മാതൃഭാഷ മലയാളമാണ്. ആ മലയാളം മറക്കാതെ തന്നെ ഇംഗ്ലീഷും ഹിന്ദിയും തമിഴും ഫ്രഞ്ചും അറബിയുമൊക്കെ നാം സംസാരിക്കുന്നില്ലേ? മലയാളം മാത്രമേ സംസാരിക്കൂ എന്ന് വാശിയെടുത്തിരുന്നെങ്കില്‍? ആദിവാസി ഭാഷയില്‍ മാത്രം അവര്‍ വളര്‍ന്നാല്‍ മതിയെങ്കില്‍ അവര്‍ ഈ ഊരില്‍ തന്നെ ജീവിക്കണം. അങ്ങനെയായിരുന്നു അവര്‍ ജീവിച്ചതും. പക്ഷേ അവര്‍ക്കിടയിലേക്ക് നാം കയറി ചെന്നു. നമ്മള്‍ എന്നവര്‍ക്കിടയിലേക്ക് കയറിയോ അന്നു തൊട്ടാണവരുടെ സ്വത്വം നഷ്ടപ്പെട്ടു തുടങ്ങിയത്. ഇന്നവര്‍ അകത്തും പുറത്തുമില്ലാത്ത അവസ്ഥയിലായി. എല്ലാം അവര്‍ക്ക് നല്‍കി തിരിച്ചറങ്ങാന്‍ നമ്മള്‍ തയ്യാറായാല്‍ അതോടെ ആദിവാസിയുടെ എല്ലാ പ്രശ്‌നങ്ങളും തീരുകയാണ്. പക്ഷേ അത്തരത്തിലൊരു പ്രശ്‌നപരിഹാരം അസാധ്യമാണെന്നിരിക്കെ അവരെ നമ്മുടെ മധ്യത്തിലേക്കും ക്ഷണിക്കുകയെന്നതാണ് അടുത്തവഴി. അതിനവര്‍ക്ക് വിദ്യാഭ്യാസം വേണം. ആ വിദ്യാഭ്യാസത്തിന് തടസമാണ് സ്വത്വസംരക്ഷകരുടെ വാദങ്ങള്‍“- ഷോളയൂര്‍ സ്‌കൂളിലെ അധ്യാപകന് ഇക്കാര്യത്തിലുള്ള മറുപടിയിതാണ്.

ഔദാര്യങ്ങളും സൗജന്യങ്ങളും നല്‍കി നമുക്ക് ആദിവാസി വിഭാഗത്തിലെ ജനങ്ങളെ ഇനിയും അടിച്ചമര്‍ത്തിയിടുന്നത് ഒഴിവാക്കാം. അവരുടെ അവകാശങ്ങള്‍ അംഗീകരിച്ചു കൊടുത്താല്‍ മതി. അഗളി സ്‌കൂളിലെ വിവേചനത്തിനെതിരേ വിദ്യാഭ്യാസ വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കേള്‍ക്കുന്നു. നടപടികള്‍ കൊണ്ട് മനോഭവങ്ങള്‍ മാറുന്നില്ലെങ്കില്‍ ആദിവാസികള്‍ നേരിടുന്ന വിവേചനങ്ങള്‍ ഇനിയും തുടരുക തന്നെ ചെയ്യും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍