UPDATES

കേരളം കാണാതിരിക്കരുത്; അട്ടപ്പാടിയിലെ ആദിവാസിക്ക് പഠിക്കാനും പഠിപ്പിക്കാനും കഴിവില്ലെന്നാണ് ഈ സര്‍ക്കാര്‍ സ്കൂള്‍ തീരുമാനിച്ചത്

അട്ടപ്പാടി പോലൊരു പ്രദേശത്ത് തന്നെ ആദിവാസി വിഭാഗക്കാര്‍ ഇത്തരം വിവേചനങ്ങള്‍ക്ക് ഇരകളാകുമ്പോള്‍, മറ്റിടങ്ങളിലെ അവസ്ഥയോ?

കേരളം അതിന്റെ 61-ആം പിറവി ആഘോഷിച്ചു. ഇത്രയും വര്‍ഷങ്ങള്‍കൊണ്ട് രാജ്യത്തിന് മാതൃകയായി പല മേഖലകളിലും കേരളം മുന്നില്‍ നില്‍ക്കുന്നുണ്ട്. അല്ലെങ്കില്‍ അങ്ങനെയാണ് നമ്മുടെ അവകാശവാദം. ഈ അവകാശവാദങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെ മറ്റൊരു ചോദ്യം കേരള പൊതുസമൂഹത്തിനു മുന്നില്‍ ഉയര്‍ത്തുകയാണ്; കേരളം ഇവിടുത്തെ ആദിവാസി വിഭാഗത്തിനോട് ഇക്കാലമിത്ര കഴിഞ്ഞിട്ടും എങ്ങനെയാണ് പെരുമാറുന്നത്? പൊതുസമൂഹത്തിന്റെ ഭാഗമല്ല ആദിവാസികള്‍ എന്ന മനോഭാവം 61 വര്‍ഷങ്ങള്‍ ആയിട്ടും നാം തുടരുന്നുണ്ടോ?

ആദിവാസി വിവേചനത്തിന്റെ ഈ വാര്‍ത്ത അറിയുമ്പോള്‍ മേല്‍പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഒരുത്തരം പറയാന്‍ ബുദ്ധിമുട്ടും.

അടപ്പാടിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ആദിവാസി വിഭാഗത്തിലുള്ളവര്‍ വിവേചനം നേരിടുന്നത് കണ്ടെത്തിയിരിക്കുകയാണ് വിജിലന്‍സ്. അഗളി ഗവ. എച്ച് എസ് എസില്‍ നടക്കുന്ന വിവേചനപരമായ പ്രവര്‍ത്തികളെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ തങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞകാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് വിജിലന്‍സ് പറയുന്നു. സ്‌കൂളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതില്‍ അട്ടപ്പാടിയില്‍ നിന്നു തന്നെയുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ട യോഗ്യരായവരെ ഒഴിവാക്കുന്നു എന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ച വിജിലന്‍സിന് മനസിലാക്കാനായത്, അധ്യാപക നിയമനത്തിലെ വിവേചനത്തിനു പുറമെ സ്‌കൂളില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്ന ദുരവസ്ഥയുമാണെന്ന് അട്ടപ്പാടിയിലെ സ്‌പെഷ്യല്‍ ഓഫിസര്‍ കൂടിയായ വിജിലന്‍സ് സി.ഐ കെ. കൃഷ്ണന്‍കുട്ടി അഴിമുഖത്തോട് പറയുന്നു. തങ്ങളുടെ ഇടപെടല്‍ ഉണ്ടായതോടെ ചില മാറ്റങ്ങള്‍ സംഭവച്ചിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ടതല്ല ഉണ്ടാകേണ്ടത്, മൊത്തത്തിലുള്ള മാറ്റങ്ങളാണെന്നും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ അങ്ങനെയുള്ള മാറ്റത്തിന് അതു കാരണമാകുമെന്നും ഈ ഉദ്യോഗസ്ഥന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.

ആദിവാസി പഠിപ്പിച്ചാല്‍ ശരിയാവില്ലേ?
അഗളി ഗവ. എച്ച് എസ് എസില്‍ വര്‍ഷങ്ങളായി അധ്യാപക നിയമനത്തില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരെ തഴയുന്നു എന്നാണ് പരാതി. ദിവസവേതന അടിസ്ഥാനത്തില്‍, ഈ വര്‍ഷം മേയില്‍ നടന്ന അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. 17 പോസ്റ്റുകളിലേക്കാണ് അഭിമുഖം നടത്തിയത്. ഇത്രയും പോസ്റ്റുകളിലേക്ക് എസ് ടി വിഭാഗത്തില്‍ നിന്നും യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിട്ടും, ഒരാള്‍ക്കു പോലും നിയമനം നല്‍കിയില്ല. പിന്നീട്, വിജിലന്‍സ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നറിഞ്ഞതോടെ എസ് ടി വിഭാഗത്തില്‍ നിന്നുള്ള ഒരാളെ നിയമിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറാവുകയായിരുന്നു. ബാക്കി 16 പേരും പുറത്തു നിന്നായിരുന്നു.

യുപി വിഭാഗത്തില്‍ അധ്യാപകരാകാന്‍ മിനിമം യോഗ്യതയായി പറയുന്നത് ടിടിസി ആണ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരു അധ്യാപിക അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. പത്താം ക്ലാസും ടിടിസിയുമായിരുന്നു അവരുടെ യോഗ്യത. പത്തുവര്‍ഷത്തോളം അധ്യാപനപരിചയമുണ്ട്. സ്‌കൂളിന് വളരെ അടുത്ത് തന്നെ താമസിക്കുന്നു. എന്നാല്‍ ഈ അധ്യാപികയെ തഴഞ്ഞ് നിയമനം കൊടുത്തത് പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നിന്നുള്ള മറ്റൊരു അധ്യാപികയ്ക്ക്. എം എ, ബിഎഡ് ബിരുദ്ധധാരിയാണെന്നതാണ് ആ അധ്യാപികയ്ക്ക് നിയമനം കൊടുക്കാനുള്ള കാരണമായി പറഞ്ഞത്. സ്‌കൂളിന്റെ ഏറ്റവും അടുത്തുള്ള, ആദിവാസി വിഭാഗത്തില്‍പ്പെട്ട അധ്യാപികയെ തഴഞ്ഞാണ്, ഏതാണ്ട് 150 കിലോമീറ്റര്‍ അപ്പുറത്ത് നിന്നുള്ള മറ്റൊരു അധ്യാപികയെ ഇവിടെ നിയമിച്ചത്. ടിടിസി അടിസ്ഥാന യോഗ്യത മതിയെന്നു പറയുമ്പോള്‍ ആ ആദിവാസി വിഭാഗത്തിലെ അധ്യാപികയും നിയമനത്തിന് യോഗ്യതയുള്ളയാളാണ്. പത്തുവര്‍ഷത്തെ അധ്യാപന പരിചയവുമുണ്ട്. പക്ഷേ അവര്‍ ഒഴിവാക്കപ്പെട്ടു. “ഞങ്ങള്‍ ആദിവാസികളാണ്. ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഇത്രയൊക്കെ പഠിച്ച് പുറത്തു വരുന്നത്. അതിനുശേഷം ഒരു ജോലി കിട്ടാന്‍ വേണ്ടി അതിലേറെ കഷ്ടപ്പെടുന്നു. ഗതികേടു കൊണ്ട് ദിവസവേതനത്തിലെങ്കിലും ഒരു ജോലിക്ക് അപേക്ഷിക്കുമ്പോള്‍, ഇങ്ങനെ തഴയപ്പെടുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് എന്ത് ഉത്തരമാണ് പറയേണ്ടത്;” വിജിലന്‍സ് ഓഫീസറുടെ വാക്കുകള്‍. അട്ടപ്പാടി പോലൊരു പ്രദേശത്ത് തന്നെ ഞങ്ങള്‍ക്ക് ജോലി നിഷേധിക്കപ്പെടുകയാണെങ്കില്‍ വേറെ എവിടെയാണ് ജോലി കിട്ടുക എന്നാണ് ആദിവാസി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ ആശങ്ക.

ടിടിസി അടിസ്ഥാന യോഗ്യതയായ നിയമനത്തില്‍ ആദിവാസി വിഭാഗത്തിലുള്ളവരെ എന്തുകൊണ്ട് ഒഴിവാക്കുന്നുവെന്ന വിജിലന്‍സിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടിയൊന്നും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഉണ്ടായിരുന്നില്ല. ആദിവാസി വിഭാഗത്തിലെ ഒരു അധ്യാപികയെ മനഃപൂര്‍വം അഭിമുഖത്തില്‍ നിന്നും ഒഴിവാക്കിയെന്ന പരാതിയുമുണ്ട്. പിഎസ് സി റാങ്ക് ലിസ്റ്റില്‍ വന്ന അധ്യാപികയാണത്. പിഎസ് സി ലിസ്റ്റില്‍ എസ് ടി വിഭാഗത്തില്‍പ്പെട്ടവരുണ്ടെങ്കില്‍ അവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. ഈ ഉത്തരവ് അട്ടിമറിക്കപ്പെട്ടു. സ്‌കൂള്‍ നിലനില്‍ക്കുന്ന അതേ പഞ്ചായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥിയാണെങ്കില്‍ മുന്‍ഗണന നല്‍കണം. എന്നാല്‍ അവിടെയും സ്‌കൂള്‍ അധികൃതര്‍ തിരിമറി നടത്തി. അഗളി പഞ്ചായത്തില്‍ നിന്നുള്ളയാളെന്ന നിലയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട അധ്യാപികയ്ക്ക് മുന്‍ഗണന കൊടുക്കേണ്ടി വരുമെന്നതിനാല്‍ അവര്‍ ആ മാനദണ്ഡം തിരുത്തി അട്ടപ്പാടി എന്നാക്കി. അങ്ങനെ വരുമ്പോള്‍ അട്ടപ്പാടിയിലെ മൂന്നു പഞ്ചായത്തില്‍പ്പെട്ടവര്‍ക്കും തുല്യപരിഗണനയാകും. അങ്ങനെയവര്‍ മറ്റു രണ്ട് അധ്യാപികമാരെ നിയമിച്ചു. ഈ വിഷയവും വിജിലന്‍സിന്റെ അന്വേഷണത്തില്‍ വന്നു. വിജിലന്‍സ് അന്വേഷണം വന്നതോടെ നിലവില്‍ എടുത്ത അധ്യാപികമാരില്‍ ഒരാളെ ഒഴിവാക്കി, ആദിവാസി വിഭാഗത്തിലെ അധ്യാപികയെ നിയമിക്കാന്‍ സ്‌കൂള്‍ നിര്‍ബന്ധിതരായി. ഇതേ അധ്യാപികയെ നാലു മാസം മുമ്പ് ഈ സ്‌കൂളില്‍ നിന്നും ഒഴിവാക്കിയിരുന്നതായും കണ്ടെത്തി.

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടന്ന ഒരു സംഭവത്തെ കുറിച്ചും വിജിലന്‍സ് വെളിപ്പെടുത്തി. പ്ലസ് ടു വിഭാഗത്തില്‍ ഇക്കണോമിക്‌സ് വിഷയത്തിലേക്കാണ് അഭിമുഖം നടത്തിയത്. അതില്‍ അട്ടപ്പാടിയില്‍ നിന്നുള്ള ഒരു ആദിവാസി ഉദ്യോഗാര്‍ത്ഥിയും പങ്കെടുത്തിരുന്നു. ഇക്കണോമിക്‌സില്‍ പിജിയും ബിഎഡും സെറ്റും അധ്യാപന പരിചയവുമുണ്ട്. എന്നാല്‍ നിയമനം കിട്ടിയതാകട്ടെ പാലക്കാട് മുണ്ടൂരില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിക്കും. പിജയും ബിഎഡ്ഡും മാത്രമുള്ള, അധ്യാപന പരിചയം തീരെയില്ലാതിരുന്ന ഒരാള്‍ക്കാണ് അതിലേറെ യോഗ്യതകളും അട്ടപ്പാടി സ്വദേശിയുമായ ആദിവാസി യുവാവിനെ മറികടന്ന് നിയമനം കിട്ടിയത്. ഈ സംഭവത്തെ കുറിച്ച് കേട്ടറിഞ്ഞ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ അഭിമുഖം നടത്തിയ അധ്യാപികയോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി, “ആ ആദിവാസി പയ്യന് പഠിപ്പിക്കാന്‍ അറിയില്ല” എന്നായിരുന്നു. പിജിയും ബിഎഡ്ഡും കഴിഞ്ഞ് സെറ്റും നേടിയ ഒരാള്‍ക്കാണ് പഠിപ്പിക്കാന്‍ അറിയില്ലെന്ന് പറയുന്നത്!

ആദിവാസി കുട്ടികളെ പ്രത്യേക ഡിവിഷനാക്കിയുള്ള വിവേചനം
അധ്യാപക നിയമനത്തിലെ ഈ വിവേചനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് സ്‌കൂളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളും കടുത്ത വിവേചനത്തിന് ഇരകളാകുന്നതായി വിജിലന്‍സിന് മനസിലാകുന്നത്. എല്ലാ സ്‌കൂളുകളിലും സാധാരണ തുല്യമായി വിഭജിച്ചാണ് ഡിവിഷനുകള്‍ രൂപീകരിക്കുന്നത്. അട്ടപ്പാടിയില്‍ ആദിവാസി ജനസംഖ്യയും മറ്റ് വിഭാഗങ്ങളും ഏകദേശം തുല്യമായ അവസ്ഥയാണ്. ആറുപത് കുട്ടികള്‍ എസ് ടി വിഭാഗത്തിലുള്ളവരും മറ്റുള്ളവര്‍ 40 ശതമാനവുമാണെന്ന് കരുതുക. അറുപത് വിഭജിക്കുമ്പോള്‍ ഇരുപതിന്റെ ഗുണനങ്ങളായും 40-നെ പത്തിന്റെ ഗുണനങ്ങളുമായി വിഭജിക്കണം. സാധാരണ രീതിയതാണെങ്കിലും അഗളിയിലെ സ്‌കൂളില്‍ നടന്നത് ചില ക്ലാസുകളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ എണ്ണം കൂട്ടിയിടുകയും ചില ക്ലാസുകളില്‍ എണ്ണം വളരെ കുറച്ചുമിടും. ആദിവാസി കുട്ടികളില്‍ കൂടുതല്‍പേര്‍ക്കും എഴുത്തും വായനയുമൊക്കെ അത്രകണ്ട് അറിയാത്തവരുണ്ട്. ഇത്തരം കുട്ടികള്‍ കൂടുതലുള്ള ക്ലാസുകളില്‍ പഠിപ്പിക്കാന്‍ പോകാന്‍ അധ്യാപകര്‍ വല്യ താത്പര്യം കാണിക്കില്ല. ദിവസ വേതനക്കാരായ അധ്യാപകരെയാണ് ഇത്തരം ക്ലാസുകളിലേക്ക് കൂടുതലും വിടുന്നതും. ഇങ്ങനെ അവഗണന കാണിക്കുമ്പോള്‍ സ്വാഭാവികമായി ആ കൂട്ടികള്‍ വിദ്യഭ്യാസത്തില്‍ കൂടുതല്‍ പിറകിലേക്ക് പോകും. എന്നാല്‍ ആദിവാസി കുട്ടികള്‍ കുറവുള്ള ക്ലാസുകളിലാകട്ടെ പരിചയ സമ്പന്നരായ അധ്യാപകരാണ്. കാരണം, മറ്റു വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളാണിവിടെ, അവരെ പഠിപ്പിക്കാന്‍ എളുപ്പമാണ്. എന്തുകൊണ്ട് ആദിവാസികുട്ടികളോട് അവഗണനയെന്നു ചോദിച്ചാല്‍ ആ കുട്ടികള്‍ക്ക് ഒന്നിനും താത്പര്യമില്ലെന്ന മറുപടിയാണ് അധ്യാപകര്‍ക്കുള്ളത്. ഇംഗ്ലീഷ് മീഡിയം ക്ലാസുകളില്‍ ആദിവാസി കുട്ടികളെ ഉള്‍പ്പെടുത്തുന്നേയില്ലെന്ന ആരോപണവും ഇതിന്റെ കൂടെയുണ്ട്. ആദിവാസി കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിക്കാന്‍ ബുദ്ധിമുട്ടാണെന്നും അതിനുള്ള കഴിവ് ഇല്ലെന്നുമൊക്കെയുള്ള അഭിപ്രായം അധ്യാപകരില്‍ നിന്നും കേട്ടതായും വിജിലന്‍സ് സംഘം ചൂണ്ടിക്കാണിക്കുന്നു.

അന്നവര്‍ അവരുടെ ഭാഷയില്‍ പറഞ്ഞത് ഇന്നവര്‍ ഇംഗ്ലീഷില്‍ പറയുന്നു; അട്ടപ്പാടിയിലെ ഈ വിപ്ലവം അത്ര നിശബ്ദമല്ല

അഗളി സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ ഡിവിഷന്‍ ക്രമീകരണം വിവേചനപരമാണെന്നത് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ആദിവാസി കുട്ടികളെ പ്രത്യേകം ഡിവിഷനിലേക്ക് മാറ്റുക, ഇവര്‍ക്കുള്ള അധ്യാപകരുടെ കാര്യത്തില്‍ വിവേചനം കാണിക്കുക, പൊതുവായ പാഠാവലികള്‍ ഒഴിവാക്കി, അക്ഷരങ്ങള്‍ എഴുതാനും കണക്കുകൂട്ടാനുമൊക്കെ മാത്രമായി പഠനം ഒതുക്കുക, എന്നിവയുള്‍പ്പെടെ പരീക്ഷകളില്‍ പോലും വിവേചനങ്ങളുടെ ഇരയാവുകയാണ് ആദിവാസി കുട്ടികളെന്ന വിജിലന്‍സ് കണ്ടെത്തല്‍ കേരളം എങ്ങനെ ചര്‍ച്ച ചെയ്യും?

അധ്യാപകര്‍ക്കുള്ള ഭക്ഷണം ചുമക്കേണ്ടി വരുന്ന കുട്ടികള്‍
സ്‌കൂളില്‍ കുട്ടികള്‍ക്ക് രാവിലെയും ഉച്ചയ്ക്കും ഭക്ഷണം നല്‍കി വരുന്നുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത് ഈ സ്‌കൂളിലെ അറുപതോളം അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ്. അതിനുള്ളിലെ ഒരു ക്രൂരത എന്തെന്നാല്‍, അധ്യാപകര്‍ക്കും അനധ്യാപിക ഉദ്യോഗസ്ഥര്‍ക്കും കുട്ടികള്‍ ഭക്ഷണം ചുമന്ന് ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, വിഎച് സി ബ്ലോക്കുകളിലേക്കു കൊണ്ടു വന്നെത്തിക്കണം. കഴിച്ചു കഴിഞ്ഞു പാത്രങ്ങള്‍ തിരികെ കൊണ്ടുചെന്നു വയ്‌ക്കേണ്ടതും കുട്ടികളുടെ ചുമതലയാണെന്നും അന്വേഷണത്തില്‍ മനസിലാക്കിയിരുന്നു. കുന്നുകളുടെ മുകളിലൊക്കെയായാണ് ഓരോ ഡിവിഷന്‍ ഉള്ളതെന്നു കൂടി കാണണം. വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ഈ പ്രവര്‍ത്തി വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട് ഇപ്പോള്‍ അതിന് അവസാനം വന്നിട്ടുണ്ട്. കുട്ടികളുടെ ഭക്ഷണം കുട്ടികള്‍ക്കുള്ളതാണ്, അധ്യാപകര്‍ക്കല്ല. അവര്‍ക്കൊക്കെ നാല്‍പ്പതും നാപ്പത്തിയയ്യായിരവുമൊക്കെ ശമ്പളമുള്ളവരാണ്. അങ്ങനെയുള്ളവര്‍ക്ക് കുട്ടികളുടെ ഭക്ഷണത്തിന്റെ പങ്ക് പറ്റേണ്ടതില്ല; വിജിലന്‍സ് സി ഐ കൃഷ്ണന്‍കുട്ടി പറയുന്നു.

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

കുട്ടികളില്‍ നിന്നുള്ള പിരിവ്
പിടിഎ ഫണ്ട്, കെട്ടിട വികസന ഫണ്ട് എന്നൊക്കെ പറഞ്ഞ് കുട്ടികളുടെ കൈയില്‍ നിന്നും പണം പിരിക്കുന്ന നടപടിയും വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരുതരത്തിലുമുള്ള പിരിവുകളും പാടില്ലെന്ന ഉത്തരവ് ഉണ്ട്. ഈ ഉത്തരവിന്റെ ലംഘനമായിരുന്നു അഗളി സ്‌കൂളില്‍ നടന്നിരുന്നത്. മുന്നൂറും നാന്നൂറും രൂപ വീതം കുട്ടികളില്‍ നിന്നും പിരിച്ചെടുക്കുകയാണ്. നിര്‍ബന്ധപൂര്‍വമാണ് പണം പിരിച്ചെടുക്കുന്നത്. ഏകദേശം മൂന്നുലക്ഷം ഇത്തരത്തില്‍ വിവിധ ഫണ്ടുകളിലേക്കുള്ള പിരിവ് എന്ന രീതിയില്‍ കുട്ടികളില്‍ നിന്നും പിരിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. ഈ പണത്തില്‍ നിന്നാണ് സ്‌കൂളിലെ എക്‌സിക്യൂട്ടീവ് മീറ്റിംഗുകളില്‍ ചായയും പലഹാരങ്ങളും വാങ്ങിക്കുന്നതുവരെ. ഇതൊന്നും വെറും ആരോപണങ്ങളല്ല, അന്വേഷിച്ചു കണ്ടെത്തിയതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
സ്‌കൂളിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പോലും ആദിവാസി വിവേചനം കാണാം. എസ് ടി വിദ്യാര്‍ത്ഥികള്‍ ഏറെയുള്ള സ്‌കൂളിന്റെ 24 ഓളം വരുന്ന അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ആകെയുള്ളത് ഒന്നോ രണ്ടോ ആദിവാസി രക്ഷകര്‍ത്താക്കള്‍ മാത്രം! ഇങ്ങനെയുള്ളിടത്ത് ആദിവാസി കുട്ടികളുടെ കാര്യം ആര് ചര്‍ച്ച ചെയ്യാനാണ്?

ആദിവാസി വിഭാഗത്തില്‍പ്പെട്ടവരോട് വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന, അതും അട്ടപ്പാടി പോലൊരു സ്ഥലത്ത് തന്നെ, അവഗണനകള്‍ക്കും വിവേചനങ്ങള്‍ക്കും പരിഹാരം ഉണ്ടാകണം എന്ന ലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് വിജിലന്‍സ് സി ഐ പറയുന്നു. “കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിനു തയ്യറായതും അതുകൊണ്ടാണ്. ഞങ്ങളുടെ ഇടപെടല്‍ ഉണ്ടായതിന്റെ ഫലമായി ചിലകാര്യങ്ങളില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായ മാറ്റമാണ് ആവശ്യം. ആദിവാസികളായതിനാല്‍ എവിടെയും അവഗണനയാണ്. സ്വന്തം നാട്ടില്‍ പോലും അതനുഭവിക്കേണ്ടി വരികയാണെങ്കില്‍ ഇത്രയും കഷ്ടപ്പെട്ട് പഠിച്ചിട്ടും ഒരു ജോലി കിട്ടാനുള്ള അവകാശം ഞങ്ങള്‍ക്കില്ലാതെ പോകുമല്ലോ എന്ന ചോദ്യങ്ങള്‍ക്ക് നാം അവര്‍ക്ക് പ്രതീക്ഷനിര്‍ഭരമായ മറുപടി കൊടുക്കേണ്ടതുണ്ട്. അതുപോലെ അവഗണിച്ചു മാറ്റിനിര്‍ത്തപ്പെടുന്നവരല്ലാതെ ഏറ്റവും മുന്തിയ പരിണന ലഭിച്ച് ആദിവാസി കുട്ടികളും പഠിച്ചു മുന്നേറണം. അതിനായാണ് എ്ല്ലാവരും ശ്രമിക്കേണ്ടത്” -കൃഷ്ണന്‍കുട്ടി പറയുന്നു.

മേല്‍ ഉന്നയിച്ച ആക്ഷേപങ്ങളില്‍ പലതിനും സ്‌കൂള്‍ അധികൃതര്‍ക്ക് പറയാന്‍ ന്യായമുണ്ട്. ആദിവാസി വിദ്യാര്‍ത്ഥികളോട് വിവേചനം കാണിച്ചിട്ടില്ലെന്നാണ് അഗളി ഗവ. എഇച്ച് എസ് എസിലെ പ്രധാനധ്യാപിക പറഞ്ഞിട്ടുള്ളത്. ഇത്തവണ അധ്യായന വര്‍ഷം തുടങ്ങിശേഷമാണ് ആദിവാസി കുട്ടികളില്‍ ഭൂരിഭാഗവും സ്‌കൂളില്‍ ചേര്‍ന്നതെന്നും വൈകി വന്ന കുട്ടികളെ ഉള്‍പ്പെടുത്തി പുതിയ ഡിവിഷന്‍ രൂപീകരിക്കുകയായിരുന്നുവെന്നുമാണ് ജെ എം ഫ്രീഡ മേരി എന്ന പ്രധാനാധ്യാപിക പറയുന്നത്. ഭാാഷാപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളായതിനാലാണ് പട്ടികവര്‍ഗ വകുപ്പില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീക്ഷകള്‍ നടത്തുന്നതെന്നും മറ്റൊരു ന്യായീകരണം.

അധ്യപകര്‍ക്ക് പറയാന്‍ ന്യായങ്ങള്‍ ഉണ്ടായിരിക്കുമ്പോഴും അഗളി ഗവണ്‍മെന്റ് സ്‌കൂളില്‍ ആദിവാസി വിവേചനങ്ങള്‍ നടക്കുന്നുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ കേരളം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍