UPDATES

കാന്തല്ലൂരിലെ ആദിവാസി കുട്ടികള്‍ക്ക് പഠിക്കാനാഗ്രഹമുണ്ട്; പക്ഷേ, സര്‍ക്കാര്‍ കൂടെ നില്‍ക്കണം

18 ഊരുകളിലായി ഇവിടെ മുതുവാന്‍ വിഭാഗത്തിലെ ആദിവാസികള്‍ ജീവിക്കുന്നുണ്ട്. ഇത്രയും ഊരുകളിലെ കുട്ടികളുടെ കണക്കെടുത്താല്‍ ഇതില്‍ ഏറിയ പങ്കും പത്താം ക്ലാസ് കൊണ്ട് പഠനം നിര്‍ത്തിയവരാണ്.

കാന്തല്ലൂര്‍ കുളച്ചിവയല്‍ ഊരിലാണ് വനിതയുടെ വീട്. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. തന്റെ ഊരില്‍ നിന്നും പത്താം ക്ലാസ് വരെ പോയി പഠിക്കാന്‍ ഉള്ള ബുദ്ധിമുട്ട് മനസിലാക്കിയ വനിത, അതിലും ദുര്‍ഘടമാണ് പ്ലസ് ടുവിന് പോകാന്‍ എന്നറിയാവുന്നതുകൊണ്ടും, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും ഓര്‍ത്ത് പത്താം ക്ലാസ് കൊണ്ട് പഠനം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ വനിതയുടെ അച്ഛന്‍ സമ്മതിച്ചില്ല. പണം പ്രശ്നം തന്നെയായിരുന്നുവെങ്കിലും മകളുടെ വിദ്യാഭ്യാസം മുടങ്ങാന്‍ അത് കാരണമാകരുതെന്നു നിശ്ചയിച്ച മാതാപിതാക്കള്‍ വനിതയ്ക്ക് ഉണ്ടായതുകൊണ്ടാണ് ഇന്ന് ആ പെണ്‍കുട്ടി കിലോമീറ്ററുകള്‍ക്കിപ്പുറം ചങ്ങനാശ്ശേരിയില്‍ വന്ന് പഠിക്കുന്നത്. മകള്‍ ആഗ്രഹിക്കുന്നിടത്തോളം പഠിക്കാന്‍ വിടുമെന്നും വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ഒരു ജോലി വനിത നേടുന്നത് കാണാനാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും ആ മാതാപിതാക്കള്‍ പറയുന്നു.

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇല്ലാത്ത ഏക പഞ്ചായത്ത്; കാന്തല്ലൂരിലെ ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശങ്ങളില്ലേ?

സര്‍ക്കാര്‍ അവഗണനയില്‍ വിദ്യാഭ്യാസരംഗത്ത് പിന്തള്ളപ്പെട്ടു പോകുന്ന കാന്തല്ലൂരില്‍ വനിതയെ പോലെയുള്ള കുട്ടികള്‍ കുറവാണ്. 18 ഊരുകളിലായി ഇവിടെ മുതുവാന്‍ വിഭാഗത്തിലെ ആദിവാസികള്‍ ജീവിക്കുന്നുണ്ട്. ഇത്രയും ഊരുകളിലെ കുട്ടികളുടെ കണക്കെടുത്താല്‍ ഇതില്‍ ഏറിയ പങ്കും പത്താം ക്ലാസ് കൊണ്ട് പഠനം നിര്‍ത്തിയവരാണ്. തുടര്‍ന്നു പഠിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടല്ല, പഠിക്കാന്‍ പോകാന്‍ സാഹചര്യമില്ലാത്തതുകൊണ്ട്. കൂലിവേലക്കാരായ മാതാപിതാക്കളുടടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് വനിതയെ പോലെ പല കുട്ടികളും ഇനി പഠിക്കേണ്ട എന്നു സ്വയം തീരുമാനം എടുക്കുന്നത്. ഹോസ്റ്റലില്‍ നിന്നു പഠിക്കാനോ, ദിവസം പോയി വരാനോ ഉണ്ടാകുന്ന സാമ്പത്തിക ചെലവ് തങ്ങളുടെ അച്ഛനമ്മമാര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ലെന്ന് ഈ കുട്ടികള്‍ മനസിലാക്കുകയാണ്. മക്കളെ പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ പോലും വളരെ ചെറിയ വിഭാഗം മാതാപിതാക്കളെ എന്തു ബുദ്ധിമുട്ട് സഹിച്ചാണെങ്കിലും അതിന് തയ്യാറാകുന്നുള്ളൂ. ആദിവാസി കുട്ടികള്‍ക്ക് പഠിക്കാനും അവരെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കും താത്പര്യപര്യമില്ലെന്നു പറയുന്ന സര്‍ക്കാര്‍ അടക്കം അവരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാതെ പോവുകയാണ്.

”ഇവിടുള്ള കുട്ടികള്‍ക്കെല്ലാം പഠിക്കാന്‍ ആഗ്രഹമുണ്ട്. അതിനു കഴിയാതെ പോവുകയാണ്. ആദിവാസികളുടെ വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ പല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഭൂരിഭാഗം കുട്ടികള്‍ക്കും അവയെക്കുറിച്ച് അറിയില്ല. അവര്‍ക്കാര്‍ക്കും പറഞ്ഞുകൊടുക്കുന്നുമില്ല. എംആര്‍സി (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍)കളെ കുറിച്ച് പലരും കേട്ടിട്ടില്ല. എനിക്കവിടെ പഠിക്കാന്‍ പറ്റി. അവിടുത്തെ അധ്യാപകരില്‍ നിന്നും കിട്ടിയ പ്രോത്സാഹനവും ഉപദേശങ്ങളുമാണ് കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹം ഉണ്ടാക്കിയത്. വീട്ടുകാരുടെ പിന്തുണയും കിട്ടി. എല്ലാ കുട്ടികള്‍ക്കും ഇത്തരത്തിലുള്ള പ്രോത്സാഹനം കിട്ടുന്നില്ല. പത്താം ക്ലാസുവരെ പോകും, ചിലര്‍ പ്ലസ് ടുവരെ. അതു കഴിഞ്ഞ് പഠിക്കണമെങ്കില്‍ ദൂരേയ്ക്ക് പോണം. പോയി വരവ് നടക്കില്ല. ഹോസ്റ്റലുകളില്‍ നിന്നു പഠിക്കേണ്ടി വരും. ഇത് പലരും ആഗ്രഹിക്കുന്നില്ല. ഊരില്‍ നിന്നും മാറി നില്‍ക്കുന്നതിന്റെ ബുദ്ധിമുട്ടും പിന്നെ കുടുംബത്തിന് സാമ്പത്തിക ചിലവ് ഉണ്ടാകുമെന്നുള്ള വിഷമവുമാണ് പലരെയും പഠിക്കുന്നതില്‍ നിന്നും പിന്നോട്ടു കൊണ്ടു പോകുന്നത്. സര്‍ക്കാര്‍ സഹായങ്ങള്‍ കിട്ടുന്ന കാര്യങ്ങളിലൊക്കെ അറിവില്ലാതെ പോകുന്നതും ഒരു കാരണമാണ്”, വനിത ചൂണ്ടിക്കാണിക്കുന്ന പ്രശനങ്ങളിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഇടപെടലാണ് വേണ്ടത്.

ആദിവാസി കുട്ടികള്‍ പൊതുവെ പഠിക്കാന്‍ താത്പര്യം കാണിക്കാത്തവരാണെന്നും അവര്‍ സ്‌കൂളുകളില്‍ വരാന്‍ തയ്യാറാകുന്നില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍ പറയുന്നത്. അങ്ങനെയുള്ളിടത്ത് വലിയ പണം മുടക്കി സ്‌കൂളുകള്‍ കെട്ടിയുണ്ടാക്കിയിട്ട് എന്തിനാണെന്നും ചോദിച്ചവരുണ്ട്. ആദിവാസികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ശക്തമാക്കിയാല്‍ കൂടുതല്‍ കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കാമെന്നിരിക്കെയാണ്, എല്ലാ കുറ്റവും ആദിവാസികളുടെ തലയില്‍ കെട്ടിവച്ച് ഉദ്യോഗസ്ഥരും ഭരണകൂടവും കൈകഴുകുന്നത്.

പെണ്‍കുട്ടികള്‍ക്ക് ആഗ്രഹം ഉണ്ടായിട്ടും പഠിക്കാന്‍ കഴിയാതെ പോകുന്നതാണെങ്കില്‍ ആണ്‍കുട്ടികള്‍ പഠനത്തോട് താത്പര്യം കാണിക്കുന്നില്ലെന്നൊരു പ്രശ്‌നം കാന്തല്ലൂരില്‍ ഉണ്ട്. ആണ്‍കുട്ടികള്‍ പത്തുവരെ പോകുന്നത് തന്നെ കുറവാണ്. വളരെ ചെറിയ വിഭാഗമാണ് ഹയര്‍ സെക്കന്‍ഡറിയും ബിരുദവുമൊക്കെ നേടാന്‍ ആഗ്രഹിക്കുന്നത്(എല്‍എല്‍ബിക്കും എഞ്ചിനീയറിംഗിനുമൊക്കെ പഠിക്കുന്നവരും അവര്‍ക്കിടയിലുണ്ടെന്നും അറിയണം). ഭൂരിഭാഗവും പഠിക്കാന്‍ താത്പര്യപ്പെടുന്നില്ല. സ്‌കൂളില്‍ പോകാതെ, പത്തു പതിനാല് വയസുവരെ ഊരുകളില്‍ വെറുതെ ചുറ്റിത്തിരിയുന്ന ആണ്‍കുട്ടികളുടെ എണ്ണം കൂടുതലാണ്. ഈ കാലത്തിനിടയിലാണ് ഇവര്‍ ലഹരിയുടെ ഉപയോഗത്തിന് കീഴ്പ്പെട്ടു പോകുന്നത്. പണിയെടുക്കാന്‍ തക്കവിധം ശരീരം പാകപ്പെട്ടു കഴിഞ്ഞാല്‍ കൃഷി ചെയ്യാന്‍ ഇറങ്ങും. തങ്ങള്‍ക്കു വിദ്യാഭ്യാസം നേടണമെന്ന ചിന്ത ഇവരെ ഒരിക്കലും ബുദ്ധിമുട്ടിക്കുന്നില്ല. മാതാപിതാക്കള്‍ക്കാണെങ്കില്‍ ആണ്‍കുട്ടികള്‍ പഠിച്ചില്ലെങ്കിലും ജോലി ചെയ്താല്‍ മതിയെന്നാണ്. ഈ സാഹചര്യം മാറ്റാന്‍ സര്‍ക്കാരിന് ഇടപെടാം. പത്തു കഴിഞ്ഞ് എന്തുകൊണ്ട് പഠിക്കാന്‍ പോയില്ലെന്നു ചോദിച്ചാല്‍ ഊരുകളിലെ ആണ്‍കുട്ടികള്‍ പറയുന്നത്, ഇവിടെ പ്ലസ് ടുവിന് ചേരാന്‍ സ്‌കൂള്‍ ഇല്ലെന്നാണ്. മറയൂരും കോവില്‍ക്കടവിലുമൊക്കെ പോയി പഠിക്കാന്‍ ഒരുപാട് കാശ് ആകുമെന്നും അവര്‍ക്ക് കാരണമുണ്ട്. ഇതിനൊക്കെ പരിഹാരം കാണാന്‍ കൂടിയാണ് കാന്തല്ലൂരില്‍ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വേണമെന്ന് ആവശ്യപ്പെടുന്നത്. പഠിക്കാതെ നില്‍ക്കുന്ന ഇത്തരം ആണ്‍കുട്ടികളുടെ ജീവിതത്തിലേക്കാണ് എഞ്ചിനീയറീംഗും പി ജിയും ഒക്കെ പഠിച്ച പെണ്‍കുട്ടികള്‍ ജീവിക്കേണ്ടി വരുന്നതെന്ന് യാഥാര്‍ത്ഥ്യം കൂടിയുണ്ട്.

തീര്‍ത്ഥമലക്കുടിയിലെ ബിന്ദു (യഥാര്‍ത്ഥ പേരല്ല) ബിടെക് വിദ്യാര്‍ത്ഥിയാണ്. പഠനം പൂര്‍ത്തിയാക്കി തന്റെ വിദ്യാഭ്യാസം അനുസരിച്ചുള്ള ജോലി നേടണമെന്നായിരുന്നു ബിന്ദുവിന്റെ ആഗ്രഹം. എന്നാല്‍ ആ ആഗ്രഹം നിര്‍ബന്ധപൂര്‍വം അവസാനിപ്പിക്കേണ്ട സാഹചര്യമാണ് ബിന്ദുവിന് മുന്നില്‍ ഇപ്പോഴുള്ളത്. ബിന്ദുവിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. രോഗബാധിതയായ അമ്മയുടെ ആഗ്രഹം ബിന്ദുവിനെ എത്രയും വേഗം വിവാഹം കഴിപ്പിക്കാനാണ്. വരന്‍ സ്വസമുദായക്കാരനാണ്. അത് തന്നെയാണ് ഏറ്റവും വലിയ യോഗ്യത. പക്ഷേ, ബിടെക്കിന് പഠിക്കുന്ന ബിന്ദുവിനെ വിവാഹം കഴിക്കുന്നയാളുടെ വിദ്യാഭ്യാസ യോഗ്യതയാകട്ടെ നാലാം ക്ലാസ്! പക്ഷേ, വിദ്യാഭ്യാസത്തിന് അവിടെ ആരും പ്രാധാന്യം കൊടുക്കുന്നില്ല. ഒരു പെണ്‍കുട്ടി സ്ത്രീയായി മാറിയാല്‍ വിവാഹം ഉടനടി നടത്തണം. ഊരുകാരനായ, വിദ്യാഭ്യാസമില്ലാത്ത, കൂലിവേലക്കാരനായ ഒരു ചെറുപ്പക്കാരന്റെ ഭാര്യയായാണ് അവളുടെ പിന്നീടുള്ള ജീവിതം. അവള്‍ എത്രത്തോളം പഠിച്ചിട്ടുണ്ടെന്നോ, പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നോ, ജോലിക്ക് പോകണമെന്ന തീരുമാനം ഉണ്ടെന്നോ ആരും തിരക്കുന്നില്ല. ഊരിന്റെ ആചാരം അനുസരിച്ചുള്ള തീരുമാനത്തിന് പെണ്‍കുട്ടി സമ്മതം മൂളണം. അതിനെതിരായി എന്തെങ്കിലും പറഞ്ഞാലോ പ്രവര്‍ത്തിച്ചാലോ കുടുംബത്തിന് ഉള്‍പ്പെടെ ഊരുവിലക്ക് നേരിടേണ്ടി വരും. അതുകൊണ്ട് ബിന്ദുവും അവളുടെ കുടുംബത്തിന്റെ തീരുമാനം അനുസരിക്കും. നാലാം ക്ലാസുകാരനായ ഒരാളെ വിവാഹം കഴിച്ച് ഊരിലെ ജീവിതവുമായി മുന്നോട്ടു പോകും. ബിടെക് വരെ പഠിച്ചതിന് എന്തെങ്കിലും ഫലം ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാകുമോയെന്ന് സംശയമാണ്. കാരണം, ബിന്ദുവിന്റെ അനുഭവം കേവലം ഒറ്റപ്പെട്ടതല്ല, അവരുടെയൊക്കെ ജീവിതം ബിന്ദുവിന്റെ ഭാവിയെക്കുറിച്ച് ആശങ്ക മാത്രമെ നല്‍കുന്നുള്ളൂ.

ഊരുവിലക്കിനെ തോല്‍പ്പിച്ച് മൂന്ന് പെണ്‍കുട്ടികള്‍; അവരുടെ പോരാട്ടം പഠിക്കാന്‍ വേണ്ടിയായിരുന്നു

വിദ്യാഭ്യാസം തന്നെയാണ് തങ്ങളുടെ മുന്നേറ്റത്തിനുള്ള വഴിയെന്നാണ് ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടു വനിത തുടര്‍ന്നു പറയുന്നത്. ”വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പുതിയ കുട്ടികളൊക്ക മനസിലാക്കി വരുന്നുണ്ട്. അവര്‍ക്ക് വേണ്ടത്ര പിന്തുണ കിട്ടിയാല്‍ മതി. ആദിവാസി സ്‌കോളര്‍ഷിപ്പുകളെ കുറിച്ചുപോലും കേട്ടിട്ടില്ലാത്തവര്‍ ഉണ്ട്. കുട്ടികളെയും മാതാപിതാക്കളെയും ഇക്കാര്യത്തില്‍ ബോധവത്കരിക്കണം. അച്ഛനമ്മമാരുടെ തലമുറയില്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന്യം അറിയുന്നവര്‍ കുറവാണ്. അതുകൊണ്ടാണ് മക്കള്‍ പഠിക്കുന്നില്ലെങ്കിലും അവര്‍ക്കതില്‍ പ്രശ്നമില്ലാത്തത്. എന്നാല്‍ അവരോടൊക്കെ ചോദിച്ചാല്‍ മക്കളെ പഠിപ്പിക്കാന്‍ വിടുന്നുണ്ടെന്നായിരിക്കും പറയുക. പക്ഷേ, പഠിക്കുന്നെങ്കില്‍ പഠിക്കട്ടെ, ഇല്ലെങ്കില്‍ വേണ്ട എന്നായിരിക്കും മനോഭാവം. ആദിവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പലതും ചെയ്യുന്നുണ്ട്. എന്നാല്‍ വിദ്യാഭ്യാത്തിന്റെ കാര്യത്തില്‍ ആദിവാസികളെ പ്രോത്സാഹിപ്പിക്കുന്നത് കുറവാണ്. വേണ്ട ബോധവത്കരണം ഊരുകളില്‍ നടത്തുന്നില്ല. പഠിക്കാനുള്ള സൗകര്യങ്ങളെക്കുറിച്ച് പറഞ്ഞ് മനസിലാക്കിക്കുന്നില്ല. ഇതൊക്കെ കൊണ്ടാണ് പല കുട്ടികളും വിദ്യാഭ്യാസത്തില്‍ നിന്നും അകന്നു പോകുന്നത്. സര്‍ക്കാരിന്റെ ഇടപെടല്‍ ഇത്തരം കാര്യത്തില്‍ വേണമെന്നാണ് എന്റെ അഭിപ്രായം”.

കാന്തല്ലൂര്‍ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ താമസിക്കുന്ന രാധാകൃഷ്ണന്‍ എസ് സി പ്രമോട്ടറും  ഡിഗ്രിക്കു പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ പിതാവുമാണ്. ഒരു രക്ഷകര്‍ത്താവായ രാധാകൃഷ്ണനും കാന്തല്ലൂരിന്റെ വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച് പറയാനുണ്ട്; ഇവിടെ ഒരു ഗവണ്‍മെന്റ് ഹൈസ്‌കൂളോ ഹയര്‍സെക്കന്‍ഡറി സ്‌കൂളോ കിട്ടുകയാണെങ്കില്‍ അത് കുട്ടികള്‍ക്ക് മാത്രമല്ല, ഞങ്ങളെപ്പോലുള്ള മാതാപിതാക്കള്‍ക്കും വലറെ പ്രയോജനം ചെയ്യും. ഇപ്പോള്‍ കുട്ടികളെ പുറം നാട്ടില്‍വിട്ടു പഠിപ്പിക്കുന്നത് ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ആദിവാസികള്‍ ഇപ്പോള്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. പണ്ട് ഞങ്ങള്‍ക്ക് കൃഷി ഉണ്ടായിരുന്നു. വനത്തിനുള്ളില്‍ കൃഷി ചെയ്യാമായിരുന്നു. ഭക്ഷണം കഴിക്കാനും മറ്റു കാര്യങ്ങള്‍ക്കും ഞങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് കൃഷിയില്ല. വനത്തില്‍ കയറാന്‍ ആദിവാസിക്ക് പറ്റില്ല. മുഴുവന്‍ ഫോറസ്റ്റുകാരുടെ കൈയിലാണ്. ആദിവാസിയുടെതായിരുന്ന വനം ഇപ്പോള്‍ ഞങ്ങള്‍ക്ക് അന്യമാണ്. വനത്തില്‍ കയറാന്‍ പറ്റാതായതോടെ കൃഷി ചെയ്യാന്‍ പറ്റാതായി. ഞങ്ങള്‍ വരുമാനം ഇല്ലാതായി. മക്കളെ പഠിപ്പിക്കാന്‍ പൈസ വേണ്ടേ? ഞങ്ങള്‍ എന്തു ചെയ്യും? ഈ നാട്ടില്‍ പഠിപ്പിക്കാനുള്ള സൗകര്യമുണ്ടോ? പുറം നാട്ടില്‍ കൊണ്ടുപോകണ്ടേ? അതിനുള്ള ചെലവ് ഞങ്ങള്‍ എങ്ങനെ കണ്ടെത്തും? കാന്തല്ലൂര്‍ കൃഷിയുള്ള നാടാണെന്നു പറയുമെങ്കിലും ആദിവാസിക്ക് കൃഷിയുമില്ല, കൃഷി ചെയ്യാന്‍ ഇടവുമില്ല. മറ്റുള്ളവരാണ് കൃഷിയെല്ലാം ചെയ്ത് കാശുണ്ടാക്കുന്നത്. എനിക്ക് ഒരു പെണ്‍കുട്ടിയാണ്. നാലാം ക്ലാസ് വരെ ഇവിടെ പഠിപ്പിക്കാന്‍ പറ്റിയുള്ളൂ. പിന്നെ പുറത്തു കൊണ്ടു പോയാണ് പഠിപ്പിച്ചത്. പ്ലസ് ടു പഠിച്ചത് അടിമാലിയിലാണ്. കോളേജില്‍ ചേര്‍ത്തിരിക്കുന്നത് ഏറ്റുമാനൂരാണ്. ഇത്രയും വരെ പഠിപ്പിച്ചെത്തിയപ്പോള്‍ തന്നെ നല്ല സാമ്പത്തിക ചെലവ് ഞങ്ങള്‍ക്ക് വന്നിട്ടുണ്ട്. കടമൊക്കെ വാങ്ങിയാണ് എന്നെപ്പോലെ പലരും കുട്ടികളെ പഠിപ്പിക്കുന്നത്. ഈ നാട്ടില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കത് വലിയ ആശ്വാസമായിരിക്കും.

മറ്റൊരു പിതാവായ ആനന്ദനും പറയാനുള്ളത് രാധാകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ്; എന്റെ മകളെ ഒന്നു മുതല്‍ നാലുവരെ മൈക്കിള്‍ ഗിരിയിലെ സെന്റ്. മേരീസ് സ്‌കൂളിലാണ് പഠിപ്പിച്ചത്. നാല് കഴിഞ്ഞ് മറയൂരില്‍ കൊണ്ടുപോയി. ഞങ്ങളുടെയെല്ലാം കുട്ടികള്‍ ഇതുപോലെ വീട്ടില്‍ നിന്നും ദൂരെയായാണ് പഠിക്കുന്നത്. പുറത്തു പോയി പഠിക്കുന്ന ഞങ്ങളുടെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നം ഭാഷയാണ്. ഇവിടെ ആദിവാസി ഭാഷയില്‍ സംസാരിച്ചിട്ട് സ്‌കൂളില്‍ പോയി മലയാളം പഠിക്കേണ്ടി വരുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. ക്ലാസില്‍ ഇരിക്കുന്ന ആദിവാസി കുട്ടികള്‍ക്ക് ടീച്ചര്‍മാര്‍ പഠിപ്പിക്കുന്ന പലതും മനസിലാകില്ല. ടീച്ചര്‍മാര്‍ അവരെ മനസിലാക്കിച്ച് പഠിപ്പിക്കുന്നുമില്ല. അതുകൊണ്ടാണ് ഞങ്ങളുടെ കുട്ടികള്‍ ഏഴിലും എട്ടിലുമൊക്കെ ആകുന്നതോടെ പഠനം നിര്‍ത്തിപ്പോരുന്നത്. ചെറിയ കുട്ടികളായിരിക്കുമ്പോഴെ ഭാഷ പഠിക്കാന്‍ അവസരം കിട്ടിയില്ലെങ്കില്‍ ഏഴിലും എട്ടിലുമൊക്കെ എത്തുമ്പോള്‍ മറ്റു കുട്ടികളെ പോലെ അവര്‍ക്ക് പഠിക്കാനും മനസിലാക്കാനും കഴിയാതെ വരും. അത് അവരില്‍ പഠിക്കാനുള്ള താത്പര്യം ഇല്ലാതാക്കുകയും സ്‌കൂളില്‍ പോകണ്ടായെന്നു തീരുമാനിക്കുകയും ചെയ്യും. മാതാപിതാക്കള്‍ക്ക് കുട്ടികളെ പഠിപ്പിക്കണമെന്ന് ആഗ്രഹം കാണും. പക്ഷേ, സ്‌കൂളില്‍ കൊണ്ടുപോയി ആക്കിയിട്ടു വന്നാലും കുട്ടികള്‍ പഠിക്കാന്‍ താത്പര്യം കാണിക്കില്ല. ഒരുപരിധി വരെ മാത്രമെ അവരെ വിരട്ടി പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കൂ. അതുകൊണ്ട് പഠിക്കാതെ നിന്നാലും കുട്ടികളെ അവര്‍ ഒന്നും പറയില്ല. കുട്ടികളിലാകട്ടെ, ഞങ്ങള്‍ വലുതായി ഇനി കൂലിവേലയ്‌ക്കോ കൃഷിപ്പണിക്കോ പോകാം എന്ന തോന്നല്‍ വരികയും ചെയ്യും. ഭൂരിഭാഗം കുട്ടികളും ഇങ്ങനെയാണ് പഠിത്തം നിര്‍ത്തുന്നത്. ബോധവത്കരണം നടക്കാത്തതുകൊണ്ടാണ് കുട്ടികളും മാതാപിതാക്കളും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഈ അലസത വരുത്തുന്നത്. സര്‍ക്കാര്‍ ഇവിടെ ഒരു സ്‌കൂളുപോലും തുടങ്ങുന്നില്ല. ആദിവാസികളുടെ പഠനകാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല. സ്‌കൂളില്‍ വരുന്ന കുട്ടികള്‍ കുറവാണെന്നു പറയുമ്പോള്‍, എന്തുകൊണ്ട് സ്‌കൂളില്‍ വരുന്നില്ല എന്നു തിരക്കുന്നില്ല. ഇവിടുത്തെ ഊരുകളില്‍ എത്ര കുട്ടികളാണ് പഠിക്കാന്‍ പോകാതെ നില്‍ക്കുന്നത്.

കുളച്ചില്‍ വയല്‍ ഊരിലെ കാണിക്കും തന്റെ ഊരിലെ കുട്ടികള്‍ പഠിക്കാതെ നില്‍ക്കുന്നതിന്റെ വിഷമം ഉണ്ട്. തങ്ങള്‍ക്ക് പറ്റാത്തത് കുട്ടികള്‍ക്കെങ്കിലും കിട്ടണമെന്നാണ് വിദ്യാഭ്യാസത്തെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തെ പോലെ മറ്റ് ഊരുകളിലെ കാണിമാരും പറയുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് ടുവിന് പോണമെങ്കില്‍ 16 കിലോമീറ്റര്‍ വണ്ടിയില്‍ യാത്ര ചെയ്തുപോയി പഠിക്കണം. മറയൂരില്‍ കിട്ടിയില്ലെങ്കില്‍ വാഗുവരയിലോ ദേവികുളത്തോ പോണം. വാഗുവരയിലോ ദേവികുളത്തോ പോയി വരണമെങ്കില്‍ 60 രൂപയോളം വേണം. അതിനുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ട് പഠിക്കാന്‍ പോകാത്ത കുട്ടികള്‍ ഇവിടെയുണ്ട്. പെണ്‍കുട്ടികളാണെങ്കില്‍ കല്യാണം കഴിച്ചു വിടും. ആണ്‍കുട്ടികള്‍ പത്തുപതിനാല് വയസുരവെയൊക്കെ ഇവിടെ തന്നെ കളിച്ചു നടക്കും. പിന്നെ കൃഷിപ്പണിക്കോ കൂലിപ്പണിക്കോ പോകും. സര്‍ക്കാര്‍ ഇനിയെങ്കിലും ഞങ്ങളുടെ കുട്ടികളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യണം.

ആറാം വാര്‍ഡില്‍ താമസിക്കുന്ന സെല്‍വവും അമ്പളിയും തങ്ങളുടെതടക്കം പഞ്ചായത്തിലെ കുട്ടികളുടെ വിദ്യാഭ്യാപ്രശ്‌നങ്ങളെക്കുറിച്ച് പറയാനുള്ളത് ഇതാണ്; കാന്തല്ലൂരിലെ പത്താം ക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്ക് പ്ലസ്ടു പഠിക്കണമെങ്കില്‍ മറയൂരോ, വാഗുവാരയിലോ കോവില്‍ കടവിലോ പോണം. രാവിലെ എഴുന്നേറ്റ് പോകുന്ന കുട്ടികള്‍ ഇരുട്ടിയിട്ടാണ് വീട്ടില്‍ തിരിച്ചു വരുന്നത്. അതുവരെ ഞങ്ങളെപ്പോലുള്ള അമ്മമാര്‍ക്ക് സമാധാനമില്ല. ചിലര്‍ കുട്ടികളെ തമിഴ്‌നാട്ടില്‍ വിട്ടാണ് പഠിപ്പിക്കുന്നത്. അപ്പോഴും ഹോസ്റ്റല്‍ ഫീസ്, കുട്ടികളെ കണാന്‍ പോകാന്‍ വരുന്ന ചെലവ് ഇതിനൊക്കെ വലിയ പൈസ ആകും. ഞങ്ങള്‍ കൂലിവേല ചെയ്ത് ജീവിക്കുന്നവരാണ്. വീട്ടില്‍ പട്ടിണിയും ദാരിദ്ര്യവുമാണ്. ഇതിനിടയിലാണ് കുട്ടികളെ പഠിപ്പിക്കാനും പണം വേണ്ടി വരുന്നത്. കാശുള്ളവര്‍ കുട്ടികളെ പുറത്തുവിട്ട് പഠിപ്പിക്കും. ഇല്ലാത്തവരുടെ കുട്ടികള്‍ പത്തോടെ പഠിത്തം നിര്‍ത്തും. ആണ്‍കുട്ടികളാണെങ്കില്‍ ജോലിക്കു പോകും, പെണ്‍കുട്ടികളെ എങ്ങനെയെങ്കിലും കല്യാണം കഴിപ്പിച്ച് അയക്കും. ഞങ്ങള്‍ അമ്മമാര്‍ ആഗ്രഹിക്കുന്നത്, ഞങ്ങളുടെ കുട്ടികള്‍ പഠിക്കണം, പഠിച്ച് ജോലി വാങ്ങണം, ഞങ്ങളെ പോലെ കൂലിവേല ചെയ്ത് ജീവിക്കേണ്ടി വരരുത് എന്നാണ്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഞങ്ങളെ സഹായിക്കേണ്ടത്. ഈ പഞ്ചായത്തില്‍ തന്നെ ഒരു ഗവ. ഹൈസ്്കൂളും പ്ലസ് ടു സ്‌കൂളും വന്നാല്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് അതൊരുപാട് സഹായമാകും. അച്ഛനമ്മമാരും ആഗ്രഹിക്കുന്നത് അതാണ്.

അമ്പിളി പറയുന്നു; കാന്തല്ലൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നില്‍ക്കുന്നൊരു പഞ്ചായത്ത് ആണ്. ഇപ്പോള്‍ ഇവിടെ പത്താം ക്ലാസ് കഴിയുന്ന പിള്ളേര്‍ മറയൂരും വാഗുവരയിലും ദേവികുളത്തും കോവില്‍കടവിലുമൊക്കെ പോയാണ് പ്ലസ് വണ്ണും പ്ലസ്ടുവും പഠിക്കുന്നത്. രാവിലെ ഏഴു മണിക്കു പോയാല്‍ വൈകിട്ട് ഏഴര മണിയാകും കുട്ടികള്‍ തിരിച്ചു വീടുകളില്‍ എത്തുമ്പോള്‍. പത്തിരുപ്പത്തിയാറ് കിലോമീറ്റര്‍ യാത്ര ചെയ്ത് വേണം എറ്റവും അടുത്തുള്ള സ്‌കൂളില്‍ തന്നെ പോകാന്‍. യാത്ര ചെയ്ത് ക്ഷീണിച്ചു വരുന്ന കുട്ടികള്‍ക്ക് പഠിക്കാനോ മറ്റുകാര്യങ്ങള്‍ക്ക് സമയം കിട്ടാറില്ല. രാവിലെ പോയാല്‍ മാത്രമെ കൃത്യസമയത്ത് ക്ലാസില്‍ ചെല്ലാന്‍ പറ്റുകയുള്ളൂ. എന്റെ രണ്ടു കുട്ടികളും പത്താംക്ലാസ് വരെ കാന്തല്ലൂരുള്ള പ്രൈവറ്റ് സകൂളിലാണ് പഠിച്ചത്. അവര്‍ക്ക് തുടര്‍ വിദ്യാഭ്യാസം നല്‍കാന്‍ കോട്ടയത്ത് കൊണ്ടു പോകേണ്ടി വന്നു. ഇവിടുത്തെ വിദ്യാഭ്യാസ പരിമിതികള്‍ അറിയാവുന്നതുകൊണ്ട് നല്ല വിദ്യാഭ്യാസം കുട്ടികള്‍ക്ക് കൊടുക്കണമെന്നുള്ളതുകൊണ്ടാണ് കോട്ടയത്ത് കൊണ്ടു പോയത്. കന്തല്ലൂരില്‍ 18 ആദിവാസി കുടികളുണ്ട്. അവിടെയുള്ള ഭൂരിഭാഗം കുട്ടികളും പത്താംക്ലാസുകൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കുകയാണ്. യാത്രയുടെ ബുദ്ധിമുട്ട്, സാമ്പത്തിക ചിലവ് ഒക്കെ കൊണ്ടാണ് തുടര്‍ന്നു പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും പലരും പഠനം നിര്‍ത്തുന്നത്. ഈ പഞ്ചായത്തില്‍ തന്നെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരുകയാണെങ്കില്‍ ഈ കുട്ടികളെല്ലാം തന്നെ തുടര്‍ന്നു പഠിക്കുമെന്ന് ഉറപ്പാണ്. മാതാപിതാക്കള്‍ക്കും അതുവലിയ ആശ്വസമാകും. ഇപ്പോള്‍ കേരളത്തില്‍ തന്നെ ഗവണ്‍മെന്റിന്റേതായി ഒരു ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഇല്ലാത്ത ഏക പഞ്ചായത്ത് ഇതാണ്.

പത്താം ക്ലാസ് കഴിഞ്ഞു നില്‍ക്കുന്ന ലക്ഷ്മി രാജനും ഉന്നത് വിദ്യാഭ്യാസം നേടണമെന്നാണ് ആഗ്രഹം. പക്ഷേ, അതിനു കഴിയുമോ എന്നാണ് ഈ പെണ്‍കുട്ടിയുടെ ആശങ്ക. ‘ഞാനിപ്പോള്‍ പത്താം ക്ലാസ് കഴിഞ്ഞു. ഇനി പ്ലസ് ടുവിന് പോകണം. പക്ഷേ, മറയൂരു വരെ പോയാലെ സ്‌കൂള്‍ ഉള്ളൂ. എനിക്കിവിടെ നിന്നും 12 കിലോമീറ്റര്‍ യാത്ര ചെയ്താലാണ് മറയൂര്‍ സ്‌കൂളില്‍ എത്താന്‍ പറ്റുന്നത്. ഒരുദിവസം 40 രൂപയാകും വണ്ടിക്കൂലി. മറയൂരില്‍ കിട്ടിയില്ലെങ്കില്‍ വാഗുവാര എന്ന സ്ഥലത്ത് പോണം. അവിടെ പോയിട്ട് വരണമെങ്കില്‍ ദിവസം 60 രൂപ വേണം. ഇത്രയും പൈസ ദിവസവും തന്നുവിടാന്‍ എന്റെ അച്ഛനും അമ്മയ്ക്കും സാധിക്കില്ല. എല്ലാ കുട്ടികളുടെയും വീട്ടിലും ഈ കഷ്ടപ്പാടുകള്‍ ഉണ്ട്. അതുകൊണ്ട് അടുത്ത തവണയെങ്കിലും ഇവിടെയൊരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വേണമെന്നാണ് ഞങ്ങള്‍ സര്‍ക്കാരിനോട് പറയുന്നത്.

കാന്തല്ലൂരിലെ വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും ഈ ആവശ്യം അവര്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതുവരെ ഇവരുടെ പരാതികള്‍ ബന്ധപ്പെട്ടവരാരും കേട്ടിട്ടില്ല. വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയായ കേരളത്തിന് ഈ വിദ്യാര്‍ത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും കാര്യത്തിലല്‍ ഇനിയെങ്കിലും അനുകൂല തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മള്‍ അഭിമാനം കൊള്ളുന്ന പല നേട്ടങ്ങളും വെറുതെയായിപ്പോകും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍