UPDATES

ഈ കുടുംബം തലചായ്ക്കുന്നത് കക്കൂസിലാണ്; ‘ആശിക്കും ഭൂമി ആദിവാസിക്ക്’ പദ്ധതിയുള്ള കേരളത്തില്‍

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരുമടങ്ങുന്ന പതിവ് ആളുകള്‍ തന്നെയാണ് ഇവിടെയും കുറ്റക്കാര്‍

‘ആശിക്കും ഭൂമി ആദിവാസിക്ക്’ ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ പേരാണിത്. ഇത്തരത്തില്‍ പട്ടികവര്‍ഗക്കാരുടെ ക്ഷേമത്തിനായി നിരവധി സര്‍ക്കാര്‍ പദ്ധതികളുണ്ടെങ്കിലും ആദിവാസികളുടെ ‘ആശകള്‍’ അസ്ഥാനത്താണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വയനാട് വേലിയമ്പം ഇരുമുക്കി കാട്ടുനായ്ക്ക കോളനിയിലെ സന്ധ്യ, അനീഷ് ദമ്പതികളുടെ ജീവിതം.

സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത ഈ ദമ്പതികള്‍ അനീഷിന്റെ പിതൃസഹോദരന് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ കക്കൂസിലാണ് അന്തിയുറങ്ങുന്നത്. 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ള മഴ, പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കക്കൂസിലാണ് കഴിഞ്ഞ കുറേക്കാലമായി അനീഷും സന്ധ്യയും ഒരു വയസുള്ള കുഞ്ഞുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. കക്കൂസിലെ ക്ലോസറ്റില്‍ മണ്ണ് നിറച്ച് തറയൊരുക്കി അതിന് മുകളില്‍ കീറപ്പായ വിരിച്ചാണ് ഈ കുടുംബം തല ചായ്ക്കുന്നത്. കക്കൂസിന് സമീപം നിര്‍മ്മിച്ച, നിരങ്ങി കയറാന്‍ മാത്രം കഴിയുന്ന പ്ലാസ്റ്റിക് ഷെഡിലാണ് പാചകം. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തതിനാല്‍ രേഖകള്‍ ഒന്നും ഇല്ലാത്ത ഈ കുടുംബത്തിന് മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭ്യമാകുന്നുമില്ല.

പുല്‍പ്പള്ളി നടവയല്‍ റോഡില്‍ നെയ്ക്കുപ്പ വനാതിര്‍ത്തിയിലുള്ള ഈ കോളനിയില്‍ നാല് കുടുംബങ്ങളാണ് താമസിക്കുന്നത്. 15 സെന്റില്‍ താഴെ മാത്രം വിസ്തീര്‍ണമുള്ള കോളനിയിലാണ് നാല് കുടുംബങ്ങളിലായി ഇരുപതിലധികം പേര്‍ താമസിക്കുന്നത്. ജലനിധി പദ്ധതിയുടെ ഭാഗമായി ജല വിതരണത്തിനായി പൈപ്പും മീറ്ററും സ്ഥാപിച്ചെങ്കിലും കുടിവെള്ളം കോളനിക്കാര്‍ക്ക് ഇന്നും കിട്ടാക്കനിയാണ്.

അനീഷിന്റേതക്കം കോളനിയിലെ മിക്ക കുടുംബങ്ങളും കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. ആദിവാസി ക്ഷേമത്തിനായി നിരവധി പദ്ധതികളും കോടിക്കണക്കിന് രൂപ ഫണ്ടുമുള്ളപ്പോഴാണ് ആദിവാസികള്‍ ഇന്നും ദുരിതത്തില്‍ ജീവിക്കുന്നത് എന്നതും ഓര്‍ക്കണം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരുമടങ്ങുന്ന പതിവ് ആളുകള്‍ തന്നെയാണ് ഇവിടെയും കുറ്റക്കാര്‍. ആദിവാസി ഭൂമി വിതരണവുമായി ബന്ധപ്പെട്ട് വലിയ അഴിമതി ആരോപണം ഉണ്ടാകുകയും അന്വേഷണം നടക്കുകയും ചെയ്യുന്ന സ്ഥലമാണിത്. ആശിക്കും ഭൂമി ആദിവാസിക്കല്ല കരാറുകാര്‍ക്കാണ് കിട്ടിയതെന്നും കരാറുകാരുടെയും രാഷ്ട്രീയ, ഉദ്യോഗസ്ഥ ലോബിയുടെയും താത്പര്യപ്രകാരമാണ് ആദിവാസി ഭൂമി വിതരണം നടന്നതെന്നും പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് തന്നെ ആരോപിക്കുന്നു.’ആദിവാസി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നിട്ടുണ്ട്. അതില്‍ അന്വേഷണവും നടക്കുന്നുണ്ട്. അനീഷിന്റെ പ്രശ്‌നത്തില്‍ ട്രൈബല്‍ ഓഫീസറുടെ അനാസ്ഥ വ്യക്തമാണ്. ഈ വിഷയത്തില്‍ പഞ്ചായത്തിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. സര്‍ക്കാരിന്റെ സഹകരണത്തോടെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനിഷിനും കുടുബത്തിനും വീടും സ്ഥലവും ലഭ്യമാക്കാന്‍ ശ്രമിക്കും”

എന്നാല്‍ അനീഷിന്റെ അമ്മയ്ക്ക് സര്‍ക്കാര്‍ വീട് അനുവദിച്ചിരുന്നുവെന്നും വിവാഹം ശേഷം കുടുംബത്തില്‍ നിന്നും മാറിത്താമസിക്കണമെന്ന കാട്ടുനായ്ക്ക ആചാരമാണ് പ്രശ്‌നമെന്നും ട്രൈബല്‍ പ്രൊമോട്ടര്‍ പറയുന്നു. ‘അനീഷിന്റെ അമ്മയ്ക്ക് എടിഎസ്ടി പദ്ധതി പ്രകാരം വീട് നിര്‍മിച്ച് നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞാല്‍ കുടുംബത്തില്‍ നിന്ന് മാറിത്താമസിക്കണമെന്ന ആചാരമാണ് അനീഷിന് വീടില്ലാതാക്കിയത്. ട്രൈബല്‍ വകുപ്പ് അനീഷിന് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയില്‍ പെടുത്തി അടിയന്തിരമായി തന്നെ ഈ കുടുംബത്തിന് വീടും സ്ഥലവും നല്‍കുമെന്ന് സുല്‍ത്താന്‍ബത്തേരി ട്രൈബല്‍ ഓഫീസറും അറിയിച്ചു.

എന്നാല്‍ നാല് സഹോദരങ്ങള്‍ അടക്കം പത്ത് പേരാണ് ഈ വീട്ടില്‍ താമസം. വിവാഹം കഴിച്ച സഹോദരനും എസ്.എസ്.എല്‍.സി പാസായ സഹോദരിയുമടക്കമുള്ളവര്‍ക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ ചെറിയ വീട്ടില്‍ താമസിക്കല്‍ ദുഷ്‌കരമാണ്.

നൂറ്റാണ്ടുകളായി ദുരിതം അനുഭവിക്കുന്ന ആദിവാസികള്‍ക്ക് ഭൂമിയും വീടും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും അഴിമതി അവസാനിപ്പിച്ച് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ആദര്‍ശ് ജോസഫ്

ആദര്‍ശ് ജോസഫ്

കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ ജേര്‍ണലിസം വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍