UPDATES

പുറംലോകവുമായി ബന്ധമറ്റ് പത്തനംതിട്ടയിലെ ആദിവാസി മേഖല

ശബരി വനമേഖലയിലുള്ള അട്ടത്തോട്, സീതത്തോട് ഗവി റൂട്ടിലുള്ള മൂഴിയാര്‍, അച്ഛന്‍കോവില്‍ റൂട്ടിലുള്ള ആവണിപ്പാറ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ആദിവാസി വിഭാഗങ്ങളില്‍ പെട്ടവരുടെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്

ദുരിതം ഒഴിയാതെ നില്‍ക്കുന്ന പത്തനംതിട്ടയില്‍ സ്ഥിഗതികള്‍ ഇപ്പോള്‍ അശങ്കയുണര്‍ത്തുകയാണ്. റാന്നിയില്‍ വെള്ളം ഇറങ്ങുകയാണെങ്കിലും കോഴഞ്ചേരി, പന്തളം തുടങ്ങി പടിഞ്ഞാറന്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായി തന്നെ നില്‍ക്കുകയാണ്. ഇവിടെ പലയിടങ്ങളും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും ആശങ്ക നല്‍കുന്ന മറ്റൊരു സംഗതി വനമേഖലകളിലെ ആദിവാസി സെറ്റില്‍മെന്റുകളിലേയും ഒന്നും രണ്ടും കുടുംബങ്ങളായി ശബരിമല സന്നിധാനം വരെ പലയിടങ്ങളിലായി താമസിക്കുന്ന മലപണ്ടാര വിഭാഗത്തില്‍പ്പെട്ട മനുഷ്യരുടെയും അവസ്ഥ എന്താണെന്ന് അറിയാത്തതാണ്. പത്തനംതിട്ടയിലേക്കുള്ള ഗതാഗതം താറുമാറായി കിടക്കുന്നതിനാല്‍ ഇവിടെ നിന്നും വനമേഖലകളിലേക്ക് പോകാനോ അവരെ ബന്ധപ്പെടാനോ സാധിക്കുന്നില്ല. മൊബൈല്‍ ഫോണുകളിലും ഇവരെ ബന്ധപ്പടാന്‍ കഴിയുന്നില്ല. സൈന്യത്തിന്റെയും നേവിയുടെയുമൊന്നും രക്ഷാദൗത്യസംഘങ്ങള്‍ ഇവരെ തിരക്കിയെത്തിയിട്ടില്ലെന്നാണ് അറിവ്. എത്രയും വേഗം ഈ മനുഷ്യരെ കണ്ടെത്തി രക്ഷപ്പെടുത്തണമെന്നാണ് അഭ്യര്‍ത്ഥന. ശബരി വനമേഖലയിലുള്ള അട്ടത്തോട്, സീതത്തോട് ഗവി റൂട്ടിലുള്ള മൂഴിയാര്‍, അച്ഛന്‍കോവില്‍ റൂട്ടിലുള്ള ആവണിപ്പാറ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ആദിവാസി വിഭാഗങ്ങളില്‍ പെട്ടവരുടെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്.

പത്തനംതിട്ട ശബരിമല വനമേഖല ഒറ്റപ്പെട്ടതിനാല്‍ ഈ പ്രദേശങ്ങളിലെ ആദിവാസി മേഖല പൂര്‍ണമായും പുറം ലോകവുമായുള്ള ബന്ധമറ്റ നിലയിലാണ്. ആദിവാസി സെറ്റില്‍മെന്റില്‍ ഉള്ള 100 ലധികം വീടുകള്‍ പമ്പയുടെ ഇരുത്തീരങ്ങളില്‍ ആയി താമസിച്ചു പോരുന്നുണ്ട്. ഏറ്റവും ദുരിതത്തില്‍ ആയ 15 കുടുംബങ്ങളെ അട്ടത്തോട് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് കേന്ദ്രമായ പെരുനാട് തന്നെ വെള്ളത്താല്‍ ചുറ്റപ്പെട്ടതിനാലും ശബരിമല റൂട്ടില്‍ പലയിടത്തും മലയിടിഞ്ഞു വഴി തടസ്സപ്പെട്ടതിനാലും പത്തനംതിട്ട ടൗണില്‍ നിന്നും ഇങ്ങോട്ട് എത്തിച്ചേരല്‍ ദുസ്സഹമായിരിക്കുകയാണ്. പെരുനാട് പഞ്ചായത്തിലെ അരയാഞ്ഞിലിമണ്‍ ആദിവാസി മലയരയ കേന്ദ്രം പമ്പയുടെ തീരത്തായതിനാല്‍ ഡാം തുറന്ന ആദ്യ ദിവസങ്ങളില്‍ തന്നെ ഇവിടം ഭീഷണിയിലായിരുന്നു. സന്നദ്ധപ്രവര്‍ത്തകരുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ താത്കാലിക ക്യാമ്പ് തുറന്നിട്ടുണ്ട്. പമ്പയുടെ കരയില്‍ തന്നെയുള്ള കുറുമ്പന്‍ മൂഴി, മണക്കയം ആദിവാസി ഉള്ളാട കേന്ദ്രങ്ങളും ഏതാണ്ട് സമാന അവസ്ഥയില്‍ തന്നെയാണ്. ക്രോസ് വേ മുങ്ങിയതിനാല്‍ അവിടേക്കുള്ള എത്തിച്ചേരലും പ്രയാസമാണ്.

സീതത്തോട് പഞ്ചായത്തിലെ മൂഴിയാര്‍ ഗവി മേഖലകളും സമാന അവസ്ഥയില്‍ തന്നെയാണ്. 40ഓളം കുടുംബങ്ങള്‍ കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് മുതല്‍ കക്കി ഡാം സൈറ്റ് വരെ പലയിടങ്ങളിലായി താമസിക്കുന്നവരാണ്. ഗവി ഗേറ്റ് വേ ആയ സീതത്തോട് പഞ്ചായത്തിലെ ആങ്ങമൂഴി പാലം മുങ്ങിയതിനാല്‍ പ്ലാപ്പള്ളി വഴിയുള്ള വഴിയും അടഞ്ഞു. ആദ്യം ഉരുള്‍ പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തതു മൂഴിയാര്‍ വനമേഖലയിലാണ്. തുടര്‍ച്ചയായ മഴയും മണ്ണിടിച്ചിലും പത്തനംതിട്ട കുമളി കാനന പാതയെ ഉപയോഗ്യശൂന്യമാക്കിയിരിക്കുകയാണ്. ഈ ഭാഗത്തെ ആദിവാസി മലപണ്ടാര വിഭാഗത്തില്‍ പെട്ടവര്‍ നാലോ അഞ്ചോ കുടുംബങ്ങള്‍ ചേര്‍ന്ന ചെറിയ സങ്കേതങ്ങള്‍ ആയി താമസിക്കുന്നതിനാല്‍ ഇവര്‍ പരസ്പരം ബന്ധപെടാന്‍ ആവാത്ത അവസ്ഥയിലാണുള്ളത്. ആവണിപ്പാറ മലപണ്ടാര കേന്ദ്രത്തില്‍ ഏതാണ്ട് 25കുടുംബങ്ങള്‍ ഉണ്ട് മഴക്കാലത്ത് പോലും ഭീഷണിയാവുന്നതരത്തിലാണ് ഇവര്‍ക്ക് മുന്നില്‍ അച്ചന്‍കോവില്‍ ആറുള്ളത്. പ്രളയം അവരെ എവിടേക്ക് മാറ്റി എന്ന് ഒരു രൂപവുമില്ല. ഗവി കേന്ദ്രത്തിന്റെ ഭക്ഷണ ആവശ്യങ്ങള്‍ ഉള്‍പ്പടെ നിറവേറ്റിയിരുന്നതു വണ്ടിപെരിയാറിനെ ആശ്രയിച്ചായിരുന്നു. വണ്ടിപെരിയറിലേക്കുള്ള വഴിയിലെ വള്ളക്കടവ് ക്രോസ്സ് വേ ചപ്പാത്ത് പ്രളയ ദുരിതം സമ്മാനിക്കുന്ന മുല്ലപ്പെരിയാര്‍ റിസെര്‍വോയറിന്റെ ഭാഗവും. കോന്നിയിലെ വിവിധ പഞ്ചായത്തുകളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ എല്ലാം തന്നെ ആറിന്റെ തീരത്തു തന്നെയാണ് സങ്കേതങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അവരും ഭീഷണിയില്‍ തന്നെയാണ്. കോന്നി ബ്ലോക്കില്‍ പലയിടങ്ങളിലായി മലപണ്ടാര വിഭാഗത്തില്‍പ്പെട്ടവര്‍ ഒറ്റയ്‌ക്കൊറ്റയ്ക്കായി താമസിക്കുന്നുണ്ടായിരുന്നു. ഇവരുടെയും വിവരങ്ങള്‍ അറിവില്ല. ശബരമല സന്നിധാനം വരെ പത്തുപതിനഞ്ചോളം കുടുംബങ്ങള്‍ പലയിടങ്ങളിലായി താമസിക്കുന്നുണ്ട്. മൂഴിയാറില്‍ രണ്ട് ഒരു സെറ്റില്‍മെന്റിലായി രണ്ടു ഭാഗങ്ങളില്‍ താമസിച്ചുപോന്നുവരും ഇപ്പോള്‍ പരസ്പരം ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിലാണെന്നാണ് വിവരം. ഇവിടെ പ്രവര്‍ത്തിച്ചുവന്നിരുന്ന പവര്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ വെള്ളത്തിനിടയിലായതോടെ അങ്ങോട്ടോ ഇങ്ങോട്ടോ എത്തപ്പെടാന്‍ കഴിയുന്നില്ല.

പത്തനംതിട്ട ജില്ലയില്‍ രക്ഷപ്രവര്‍ത്തനം നടത്തുന്നവര്‍ എത്രയും വേഗം മൂഴിയാര്‍, ആട്ടത്തോട്, മൂഴിയാര്‍, ആവണിപ്പാറ എന്നീ പ്രദേശങ്ങളില്‍ താമസിച്ചു പോന്നിരുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ കണ്ടെത്തി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സഹായം ചെയ്യണമെന്നാണ് അഭ്യര്‍ത്ഥന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍