UPDATES

താമസിക്കാനിടമില്ല; സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് ഊരുകളിലേക്ക് മടങ്ങുകയാണ് ആദിവാസി വിദ്യാര്‍ത്ഥികള്‍

മഹേഷിനേയും സൗപര്‍ണികയേയും നിങ്ങളറിയും; എന്നാല്‍ ഇന്നവരുടെ ജീവിതം എങ്ങനെയെന്നറിയേണ്ടേ?

മാമലക്കണ്ടത്തെ ദാരിദ്ര്യം മാത്രം നിറഞ്ഞ ഒരു ഊരില്‍ നിന്നാണ് ചിത്ര-ശില്‍പകലയുടെ വിശാലമായ ലോകത്തെക്കുറിച്ച് മഹേഷ് സ്വപ്‌നങ്ങള്‍ കണ്ടത്. ചിത്രങ്ങള്‍ വരയ്ക്കും, അതിനേക്കാള്‍ ശില്പങ്ങളുണ്ടാക്കാനിഷ്ടം. ഊരിലെ കുട്ടികളെല്ലാം പാതിവഴിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് മടങ്ങിയപ്പോള്‍ മഹേഷ് മാത്രം തുടര്‍ന്നു. പ്ലസ്ടു വിദ്യാഭ്യാസവും കഴിഞ്ഞപ്പോഴാണ് ചിത്ര-ശില്പകല പഠനം തന്റെ വഴിയെന്ന് മഹേഷ് മനു ഉറപ്പിക്കുന്നത്. എടുത്തുപറയാന്‍ ഒരു പരിശീലകനില്ലാതിരുന്നിട്ടും തൃപ്പൂണിത്തറ ആര്‍എല്‍വി കോളേജില്‍ മഹേഷിന് പ്രവേശനം ലഭിച്ചു. സ്വപ്‌നത്തിന് പിറകെ സഞ്ചരിക്കാനുറച്ചാണ് ആദിവാസിയായ മഹേഷ് എറണാകുളം നഗരത്തിലേക്കെത്തുന്നത്. പക്ഷെ പിന്നീടെന്താണുണ്ടായത്?

‘ചിത്രം വരയ്ക്കാനും ശില്പമുണ്ടാക്കാനും പോയ ഞാന്‍ ഇപ്പോള്‍ നാട്ടിലുള്ളവരുടെ കൂടെ വീട് പണിക്കും വാര്‍ക്കപ്പണിക്കും പോവുന്നു. ആദിവാസികള്‍ പഠിക്കുന്നില്ല, പഠിച്ചാല്‍ ജോലി തരാമായിരുന്നു എന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ പഠിക്കാന്‍ പോയാല്‍ അതിനുള്ള സാഹചര്യം കൂടി തരണ്ടേ. മൂന്ന് മാസം ഏങ്ങിവലിഞ്ഞാണ് ആ നഗരത്തില്‍ കഴിച്ചുകൂട്ടിയത്. പട്ടിണി കിടന്ന് മതിയായപ്പോള്‍ തിരിച്ചുപോന്നു. വിശപ്പ് ഒതുക്കണത് തന്നയല്ലേ പ്രധാനം. ചിത്രം എനിക്കിവിടെ നിന്നായാലും വരക്കാം. വീട് പണിയുന്നതിനേക്കാള്‍ നന്നായി ഞാന്‍ ശില്പമുണ്ടാക്കും. ഇനി അത് മതി. അല്ലാതെന്ത് ചെയ്യാന്‍’, പഠനം നിര്‍ത്തിപ്പോരേണ്ടി വന്ന നിരാശ മുഴുവന്‍ മഹേഷിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു.

തൃപ്പൂണിത്തറ ആര്‍എല്‍വിയില്‍ പ്രവേശനം നേടിയത് മുതല്‍ മഹേഷ് അന്വേഷിച്ചത് ഒരു താമസസ്ഥലത്തിന് വേണ്ടിയായിരുന്നു. കോളേജ് താമസസൗകര്യം ഒരുക്കുന്നില്ല. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ പ്രവേശനം ലഭിക്കുന്നത് ചുരുക്കം വിദ്യാര്‍ഥികള്‍ക്ക് മാത്രം. അതും ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഒരുപക്ഷേ മാസങ്ങളോളം കാത്തിരുന്നാല്‍ മാത്രമായിരിക്കും ആ സൗകര്യം ലഭ്യമാവുക. മൂന്ന് മാസം പ്രൈവറ്റ് ഹോസ്റ്റലിലെ താമസം, അതിന്റെ ചിലവുകള്‍ മഹേഷിന് താങ്ങാനാവുന്നതിലും അധികമായിരുന്നു. അങ്ങനെ താമസസൗകര്യം ലഭിക്കാത്ത ഒറ്റക്കാരണത്താല്‍ തന്റെ സ്വപ്‌നം ഉപേക്ഷിച്ച് അയാള്‍ തിരികെ തന്റെ ഊരിലേക്ക് പോയി. ഇപ്പോള്‍ നാട്ടിലെ ചിലരോടൊപ്പം കെട്ടിടനിര്‍മ്മാണ ജോലികള്‍ ചെയ്ത് ജീവിക്കുന്നു.

ആദിവാസി ജീവിതത്തിന്റെ ദുരിതം, ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ എന്നെല്ലാം ചിത്രീകരിക്കാനുള്ള ‘ക്ലീഷേ’ ആണ് ഇടമലക്കുടി ഊരുകള്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ ‘ക്ലീഷേ’കളെ വെട്ടിമാറ്റി രണ്ട് പേര്‍, ശിവസുന്ദരവും ഗോപിയും, എറണാകുളം മഹാരാജാസ് കോളേജിലെത്തി. ഒരാള്‍ ബിഎ ഇംഗ്ലീഷിനും മറ്റയാള്‍ എക്‌ണോമിക്‌സിനും ചേര്‍ന്നു. ക്ലാസ് തുടങ്ങിയപ്പോള്‍ മഹേഷ് അനുഭവിച്ച അതേ പ്രതിസന്ധി ഇവര്‍ക്കും. താമസിക്കാന്‍ സ്ഥലമില്ല. കോളേജ് ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം വളരെ കുറവാണ്. പുറത്തുള്ള ഹോസ്റ്റലുകളെല്ലാം നാലായിരം മുതല്‍ ആറായിരം വരെ വാടക. അതോടെ ഇരുവരും പഠനം ഉപേക്ഷിച്ച് തിരികെ പോയി. ഇപ്പോള്‍ ഇവരെക്കുറിച്ച് ആര്‍ക്കും ഒരു അറിവുമില്ല.

ഇത് കേവലം ഈ മൂവരുടേയും അവസ്ഥല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ആദിവാസി വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രതിസന്ധിയാണ്. വാടകയ്ക്ക് മുറികള്‍ എടുത്ത് പഠിക്കാന്‍ സാധിക്കാതെ വരുന്ന, ദരിദ്ര സാഹചര്യത്തില്‍ നിന്ന് വരുന്ന ഒട്ടുമിക്കവരും പഠനം ഉപേക്ഷിച്ച് ഊരുകളിലേക്കും പരമ്പരാഗത തൊഴിലുകളിലേക്കും മടങ്ങുന്ന സാഹചര്യമാണുള്ളത്. ആദിവാസികള്‍ക്കായി ചെലവഴിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്യുന്ന സര്‍ക്കാരുകള്‍ക്ക് അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതിന്റെ മറ്റ് ഉദാഹരണങ്ങളാണ് പാതിവഴിയില്‍ പഠനമുപേക്ഷിച്ച് പോവുന്ന ഈ കുട്ടികള്‍.

സംസ്ഥാനത്ത് 106 പ്രീമെട്രിക് ഹോസ്റ്റലുകള്‍ പട്ടികവിഭാഗക്കാര്‍ക്കായുണ്ട്. അതിനാല്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് താത്പര്യമെടുത്ത് വരുന്ന ആദിവാസിക്കുട്ടികളെ ഉള്‍ക്കൊള്ളാന്‍ ഇടങ്ങളുണ്ട്. എന്നാല്‍ ഉന്നത വിദ്യാഭ്യാസം ആഗ്രഹിച്ചെത്തുന്ന ആദിവാസി വിഭാഗക്കാരെ ഇത്തരത്തില്‍ കണക്കിലെടുക്കാന്‍ സര്‍ക്കാരുകള്‍ക്കോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ ഇതേവരെ ആയിട്ടില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി മൂന്ന് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വളരെ ചുരുക്കം വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ മാത്രം ശേഷിയുള്ളവയാണ് ഇവ. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ പ്രവേശനം ലഭ്യമാവണമെങ്കില്‍ പോലും മാസങ്ങള്‍ കാത്തിരിക്കേണ്ടിയും വരുന്നു.

ഇടമലക്കുടിയില്‍ നിന്ന് എറണാകുളം ലോ കോളേജില്‍ പഠിക്കാനെത്തിയ രാമചന്ദ്ര ചോള പറയുന്നു, ‘ആദ്യവര്‍ഷം ശരിക്കും വളരെയധികം കഷ്ടപ്പെട്ടു. പുറത്ത് താമസിക്കാന്‍ നാലായിരവും അയ്യായിരവുമൊക്കെയാണ് ചോദിച്ചത്. അത് കൊടുക്കാനില്ല. എങ്കിലും കിട്ടിയ അവസരം നഷ്ടപ്പെടുത്താന്‍ കഴിയില്ലാത്തത് കൊണ്ട് മാത്രം, പഠിക്കണമെന്ന് ആഗ്രഹം ഉള്ളതുകൊണ്ട് മാത്രം ഈ നഗരത്തില്‍ നിന്നു. പല സുഹൃത്തുക്കളുടേയും കൂടെ മാറി മാറി താമസിച്ചാണ് ആദ്യവര്‍ഷം കടന്നുപോയത്. പിന്നീട് താമസ സൗകര്യം കിട്ടി. എന്നാല്‍ എല്ലാവര്‍ക്കും എന്നെപ്പോലെ പിടിച്ചുനില്‍ക്കാന്‍ കഴിയാറില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പല കോളേജുകളിലായി അഡ്മിഷന്‍ നേടിയ പലരും പഠനമുപേക്ഷിച്ച് പോയി. കേരളത്തില്‍ എല്ലായിടത്തും ഈ പ്രശ്‌നമുണ്ടെങ്കിലും എംജി യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ കുസാറ്റ് ഉള്‍പ്പെടെ നിരവധി പഠന കേന്ദ്രങ്ങളും കോളേജുകളുമുള്ളതിനാല്‍ എറണാകുളത്താണ് ഏറ്റവുമധികം പ്രശ്‌നമനുഭവിക്കുന്നത്. തോട്ടം മേഖലയില്‍ നിന്നും ഉള്‍പ്രദേശങ്ങളിലെ ഊരുകളില്‍ നിന്നും വരുന്ന പലരും ജീവിത ചെലവും പഠന ചെലവും താങ്ങാനാവാതെ തിരിച്ചുപോവുന്നതാണ് കണ്ടുവരുന്നത്. ഇതിന് ഒരു പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിനേ കഴിയൂ. പ്രവേശനം നേടി ആദ്യ മാസങ്ങളിലാണ് ഏറ്റവുമധികം ദുരിതം. പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ പോലും പ്രവേശനം ലഭിക്കാന്‍ മാസങ്ങളെടുക്കും. ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍ സര്‍ക്കാരിനോടും, പ്രത്യേകിച്ച് പട്ടികവര്‍ഗ വികസന വകുപ്പിനോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. താമസ സൗകര്യം ആവുന്നത് വരെ പിടിച്ചുനില്‍ക്കൂ, അതിനുള്ള സാമ്പത്തിക സഹായം നല്‍കാം, താമസത്തിന് സ്ഥിരം സംവിധാനമുണ്ടാക്കാം എന്നാണ് പട്ടികവര്‍ഗക്ഷേമവകുപ്പ് മന്ത്രി അദ്ദേഹത്തോട് പറഞ്ഞത്. പക്ഷെ സര്‍ക്കാര്‍ സഹായം സമയത്ത് കിട്ടുകയുമില്ല. പിന്നെ എങ്ങനെ പഠനം തുടരും? എറണാകുളത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റലിനോട് ചേര്‍ന്ന് തന്നെ ട്രൈബല്‍ ഹെരിറ്റേജ് സെന്റര്‍ എന്ന പേരില്‍ ഒരു ബില്‍ഡിങ് ഉണ്ട്. 30 മുറികളെങ്കിലുമുണ്ടാവും ആ കെട്ടിടത്തില്‍. ഉപയോഗിക്കാതെ ഏറെക്കാലം അടച്ചിട്ട ഈ കെട്ടിടം വിദ്യാര്‍ഥികള്‍ക്ക് താമസത്തിനായി അനുവദിക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. എന്നാല്‍ അതിപ്പോള്‍ വിശിഷ്ട വ്യക്തികള്‍ വന്നാല്‍ തങ്ങാന്‍ ഉപയോഗിക്കുന്ന കേന്ദ്രമാക്കി മാറ്റി.”

2017-2018 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമത്തിനും വികസനത്തിനുമായി സര്‍ക്കാര്‍ വകയിരുത്തിയ 65.75 കോടി രൂപയാണ് ചെലവഴിക്കാതെ പാഴാക്കിയത്. മുമ്പ് അതത് സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിക്കാതിരുന്ന തുക അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് വകയിരുത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സംവിധാനം നിലവിലില്ല. അതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ചതില്‍ 65,75,19,020 രൂപയും പാഴായി. ഇത്രയും തുക പാഴാക്കി കളയുമ്പോഴും ആദിവാസികള്‍ക്കായി ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് മുന്‍കയ്യെടുത്തില്ല എന്നാണ് ആദിവാസി വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. വിദ്യാര്‍ഥികളുടെ താമസസൗകര്യം ഒരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്ന സാഹചര്യത്തില്‍ അതിനായുള്ള പണം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. മാസം 3000 രൂപ വീതം കോളേജിന് പുറത്ത് ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ പട്ടികവിഭാഗക്കാരുടെ സ്റ്റൈപ്പന്റിനൊപ്പം നാലോ അഞ്ചോ മാസങ്ങള്‍ കൂടുമ്പോഴാണ് ഈ തുക വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്.

കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ഥിനിയായ സൗപര്‍ണിക രാജേശ്വരി പറയുന്നു, “ഞാന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. രണ്ടാം വര്‍ഷക്കാര്‍ക്ക് മാത്രമേ, അതായത് മൂന്നാം വര്‍ഷക്കാര്‍ ഹോസ്റ്റലില്‍ നിന്ന് പോവുന്ന സമയത്ത് മാത്രമേ എനിക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹോസ്റ്റലില്‍ അഡ്മിഷന്‍ കിട്ടുകയുള്ളൂ. എറണാകുളം പറവൂരില്‍ നിന്ന് വന്ന് പഠിക്കുന്ന എനിക്ക് നാലായിരം രൂപ വാടക കൊടുത്ത് പ്രൈവറ്റ് ഹോസ്റ്റലുകളില്‍ താമസിക്കേണ്ടി വരികയാണ്. മാസങ്ങളായി ഇത് തുടരുന്നു. അടുത്ത ജനുവരിയോടെ മാത്രമേ കോളേജ് ഹോസ്റ്റല്‍ ലഭിക്കൂ. എന്നാല്‍ അതുവരെ എങ്ങനെ പഠനം തുടരുമെന്നറിയില്ല. ഇപ്പോള്‍ എറണാകുളത്ത് വീട്ടിലാണ്. പണമില്ലാതെ പഠനം നിര്‍ത്തേണ്ട അവസ്ഥയിലാണ് ഞാന്‍. സര്‍ക്കാര്‍ തരുന്ന പണം മതി, പക്ഷെ അതെങ്കിലും കൃത്യസമയത്ത് തന്നിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ആശ്വാസമാവുമായിരുന്നു. നാലും അഞ്ചും മാസങ്ങള്‍ കഴിഞ്ഞ് ഒന്നിച്ച് കിട്ടിയിട്ട് കാര്യമായ പ്രയോജനമില്ല. പ്രൈവറ്റ് ഹോസ്റ്റലുകളില്‍ കൃത്യം ഒന്നാം തീയതിയോ രണ്ടാം തീയതിയോ ഫീസ് കൊടുക്കണം. അഭിമന്യുവിന്റെ ദാരിദ്ര്യവും പട്ടിണിയും പഠിക്കാന്‍ വന്നപ്പോഴുള്ള കഷ്ടപ്പാടുകളും പറഞ്ഞ് കണ്ണീര്‍പൊഴിക്കുന്നവര്‍ അഭിമന്യുവിനെപ്പോലുള്ള ഞങ്ങളെയും കൂടി ഓര്‍ക്കണം. ഇനി അഭിമന്യുമാരുണ്ടാവാതിരിക്കാനല്ലേ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്? സഹായം കൃത്യസമയത്ത് നല്‍കാതെ പിന്നീട് തന്നിട്ട് എന്ത് കാര്യമാണുള്ളത്? എത്രയോ മിടുക്കരായ ആദിവാസി കുട്ടികളാണ് പഠനം നിര്‍ത്തിപ്പോവുന്നത്. താമസസൗകര്യമില്ലാത്തതിന്റെ പേരില്‍ മാത്രമാണ്. അത് സര്‍ക്കാര്‍ മനസ്സിലാക്കണം.’

ഹോസ്റ്റല്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി എ കെ ബാലന്‍ പറയുന്നു. ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള സ്ഥലം കണ്ടെത്താന്‍ കഴിയാത്തതാണ് പ്രശ്‌നമെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. ഹോസ്റ്റലുകള്‍ നിര്‍മ്മിക്കാനുള്ള സ്ഥലമന്വേഷിക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം കൈമാറിയെന്നും എറണാകുളം ജില്ലാ ട്രൈബല്‍ ഓഫീസര്‍ അനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിരവധി സ്ഥലം മിച്ചം കിടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ മുട്ടായുക്തി പറയുകയാണെന്ന് ആദിദ്രാവിഡ സഭ മധ്യമേഖല സെക്രട്ടറി കെ. സോമന്‍ പറഞ്ഞു.

സൗപര്‍ണിക രാജേശ്വരി എന്ന് പട്ടികവര്‍ഗക്കാര്‍ക്ക് പേരോ? പുരോഗമന കേരളം ദളിത്/ആദിവാസികളുടെ ജാതി കീറി നോക്കുമ്പോള്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍