പണിയ വിഭാഗത്തിന്റെ ചരിത്രപരമായ പിന്നാക്കാവസ്ഥ മാത്രമല്ല, മറിച്ച് സര്‍വകലാശാലാ പ്രവേശന പ്രക്രിയ ആദിവാസി വിദ്യാര്‍ത്ഥി സൗഹൃദപരമല്ലാത്തതുകൂടിയാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം
കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിഗ്രി പ്രവേശനത്തിന്റെ നടപടിക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിയുമ്പോഴും, അര്‍ഹിച്ച സീറ്റുകള്‍ ലഭിക്കാതെ പുറത്തു നില്‍ക്കുകയാണ് ശ്രീക്കുട്ടിയും ഷീനയും. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുക്കടവില്‍ അംബേദ്കര്‍ കോളനിയില്‍ നിന്നുള്ള ഇരുവരും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവരാണ്. ഗോത്രവിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ സീറ്റുകളില്‍ പലതും ഇപ്പോഴും ഒഴിഞ്ഞു കിടക്കുമ്പോഴാണ് ശ്രീക്കുട്ടിയും ഷീനയും സര്‍വകലാശാലയുടെ ഏകജാലകം വഴി അപേക്ഷിച്ചിട്ടും പുറത്തു നില്‍ക്കേണ്ടിവരുന്നത്.
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെ പരിഗണിക്കാതെയുള്ള സര്‍വകലാശാലാ പ്രവേശന നടപടികളെക്കുറിച്ചുള്ള പരാതികള്‍ ഉയരുന്നതിനിടെയാണ് ഇവരുടെ കഥയും പുറത്തുവരുന്നത്. ബിഎ ഹിസ്റ്ററി കോഴ്‌സിനു വേണ്ടി അപേക്ഷിച്ചിട്ടും, മൂന്ന് അലോട്ട്‌മെന്റുകളിലും ഇവര്‍ക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. പഞ്ചായത്തംഗങ്ങളും ട്രൈബല്‍ ഓഫീസറുമടക്കമുള്ളവര്‍ ഇടപെട്ട് ഇവരുടെ പ്രവേശനം ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, കാര്യക്ഷമമല്ലാത്ത ഒരു വ്യവസ്ഥിതിയുടെ ഇരകളായി മാറുന്ന ആദിവാസി വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളാകുകയാണ് ഇരുവരും.
ഈസ്റ്റ്ഹില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും കാരപ്പറമ്പ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുള്ള ശ്രീക്കുട്ടിയും ഷീനയും ഇത്തവണ അലോട്ടമെന്റിനു പുറത്തുപോകാന്‍ കാരണം പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിജയശതമാനം വര്‍ദ്ധിച്ചതാണ് എന്ന വാദമാണ് പഞ്ചായത്തംഗമായ ചാക്കോച്ചന്റേത്. ഇരുവര്‍ക്കും ലഭിച്ച മാര്‍ക്കുകള്‍ താരതമ്യേന കുറവാണെന്നും, ഇക്കാരണത്താലാകാം പ്രവേശനം സാധ്യമാകാതെ പോയതെന്നും പഞ്ചായത്തംഗം അടക്കമുള്ളവര്‍ പറയുമ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റു ചില കാര്യങ്ങളുമുണ്ട്. ജില്ലയില്‍ ഒട്ടുമിക്ക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലുമുള്ള ബിഎ ഹിസ്റ്ററി കോഴ്‌സില്‍ ഇത്രയേറെ സീറ്റുകളുണ്ടായിട്ടും ഇവര്‍ക്കു ലഭിക്കാതെ പോയത് എന്തുകൊണ്ട് എന്നതാണ് അതിലൊന്ന്.
അതേസമയം, സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നാക്കം നില്‍ക്കുന്ന അംബേദ്കര്‍ കോളനിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളായിട്ടും അര്‍ഹിക്കുന്ന അവസരങ്ങള്‍ ഇവര്‍ക്കു ലഭിക്കുന്നില്ല എന്നതും പരിഗണിക്കേണ്ടതുണ്ട്. ആദിവാസി വിഭാഗങ്ങളില്‍വച്ച് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പണിയ വിഭാഗത്തില്‍പ്പെട്ടവരാണ് ശ്രീക്കുട്ടിയും ഷീനയും. എസ്.ടി വിഭാഗത്തിനു വേണ്ടി സംവരണം ചെയ്യപ്പെട്ട സീറ്റുകള്‍, പിന്നാക്കക്കാരില്‍ പിന്നാക്കക്കാരായ ഇവരിലേക്ക് എത്താതെ പോകുന്നതിന്റെ കാരണവും വിശകലനം ചെയ്യേണ്ടതുണ്ട്. ഇന്നുവരെ കോളനിയില്‍ നിന്നും ബിരുദധാരികളായി പുറത്തുവന്നിട്ടുള്ളത് രണ്ടു പേര്‍ മാത്രമാണെന്ന എസ്.ടി പ്രമോട്ടര്‍ സരോജനിയുടെ വാക്കുകളും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ശ്രീക്കുട്ടിയുടെയും ഷീനയുടെയും പ്രതിസന്ധി പഞ്ചായത്തംഗങ്ങളും പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റെടുക്കുകയും, പരിഹാരമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ചെമ്പുകടവിലെയും പരിസരപ്രദേശങ്ങളിലെയും ആദിവാസി അവകാശപ്രശ്‌നങ്ങളില്‍ ഇടപെടുന്ന, ലിസ്സാ കോളേജ് പ്രിന്‍സിപ്പാള്‍ കൂടിയായ വര്‍ഗ്ഗീസ് ഇക്കാര്യം കാലിക്കറ്റ് സര്‍വകലാശാല വിസിയുടെ ശ്രദ്ധിയില്‍പ്പെടുത്തിയിട്ടുള്ളതായും സരോജിനി പറയുന്നുണ്ട്. ഹിസ്റ്ററി കോഴ്‌സിന് അഡ്മിഷന്‍ വേണമെന്ന ആവശ്യം അറിയിച്ചതിനെത്തുടര്‍ന്ന്, വിസിയുടെ നിര്‍ദ്ദേശപ്രകാരം ഇരുവരും ട്രൈബല്‍ ഓഫീസര്‍ക്കൊപ്പം യൂണിവേഴ്‌സിറ്റിയിലെത്തി കാര്യങ്ങള്‍ നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വിസിയുടെ നേരിട്ടുള്ള അന്വേഷണത്തില്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ബിഎ ഹിസ്റ്ററിയില്‍ എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ട രണ്ടു സീറ്റുകള്‍ ഒഴിവുണ്ടെന്ന് കണ്ടെത്തുകയും അവിടെ ഇരുവര്‍ക്കും പ്രവേശനത്തിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. “ഇവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുള്ള കോളേജ് തന്നെ വേണം. അതൊരു വലിയ പ്രശ്‌നമാണ്. ദിവസേന വീട്ടില്‍ പോയിവന്ന് പഠിക്കാന്‍ ഇവര്‍ക്കാകില്ല. ട്രൈബല്‍ ഹോസ്റ്റലല്ലാത്തിടത്ത് പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുമായിരിക്കും. ഈസ്റ്റ്ഹില്‍ ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാന്‍ ക്രിസ്ത്യന്‍ കോളേജ് ആണെങ്കില്‍ സൗകര്യമായിരിക്കും. ഇനി 29-ന് പോയാലേ അഡ്മിഷന്റെ കാര്യം ഉറപ്പാണോ എന്നറിയാനാകൂ. കിട്ടും എന്നാണ് വിശ്വാസം. ഇരുപത്തിയഞ്ചോളം കുട്ടികള്‍ കോളനിയിലുണ്ട്. അതില്‍ രണ്ടു പേരാണ് ഇപ്പോള്‍ ഡിഗ്രി പഠിക്കുന്നത്. എല്ലാവരും ഹോസ്റ്റലില്‍ത്തന്നെയാണ്” സരോജിനി പറയുന്നു.
ആഗ്രഹിച്ച ഡിഗ്രി പഠനം മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ആരംഭിക്കാനാകും എന്ന പ്രതീക്ഷയില്‍ത്തന്നെയാണ് ശ്രീക്കുട്ടിയും ഷീനയും. എന്നാല്‍, വിഷയത്തില്‍ ഇടപെട്ട് വിസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ലിസ്സാ കോളേജിലെ പ്രിന്‍സിപ്പാള്‍ വര്‍ഗ്ഗീസിന് ചൂണ്ടിക്കാണിക്കാനുള്ളത് മറ്റൊരു വിഷയമാണ്. “ഹിസ്റ്ററിയാണ് ഇവര്‍ക്കു രണ്ടാള്‍ക്കും വേണ്ടത്. മെമ്പര്‍ എന്നെ ആദ്യം ഇക്കാര്യം വിളിച്ചു പറഞ്ഞിരുന്നു. അതിനു ശേഷം കലക്ടറടക്കം ഇടപെട്ട് ഇവര്‍ക്ക് കോടഞ്ചേരി ഗവണ്‍മെന്റ് കോളേജില്‍ ഇക്കണോമിക്‌സിന് അഡ്മിഷന്‍ ശരിയാക്കിയിട്ടുണ്ടെന്നാണ് പിന്നെ കേള്‍ക്കുന്നത്. ഈ കുട്ടികള്‍ക്കാണെങ്കില്‍, ഇക്കണോമിക്‌സ് വേണ്ടതാനും. ഇവരെ വിളിച്ച് സംസാരിച്ചപ്പോഴാണ്, ആദ്യം ഇക്കണോമിക്‌സില്‍ അഡ്മിഷന്‍ എടുത്ത ശേഷം പിന്നീട് ഹിസ്റ്ററിയിലേക്ക് മാറ്റാം എന്നാണ് അറിയിച്ചിരിക്കുന്നതെന്ന് മനസ്സിലായത്. കോടഞ്ചേരി കോളേജില്‍ പക്ഷേ, ഹിസ്റ്ററിയില്ല. പിന്നെ എങ്ങനെയാണ് കോഴ്‌സ് മാറ്റുക എന്നു ഞാനും ചോദിച്ചു.
പൊതുവേ കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ ഏറെ കഷ്ടപ്പെടുന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, അവര്‍ക്ക് താല്‍പര്യമില്ലാത്ത കോഴ്‌സിലാണ് അഡ്മിഷന്‍ ലഭിക്കുന്നതെങ്കില്‍ നിര്‍ത്തിപ്പോരാനുള്ള സാധ്യത കൂടുകയേയുള്ളൂ. നമുക്കാര്‍ക്കെങ്കിലും ഇഷ്ടമില്ലാത്ത വിഷയം പഠിക്കാന്‍ താല്‍പര്യമുണ്ടാകുമോ? യൂണിവേഴ്‌സിറ്റിയില്‍ ഇവര്‍ അപേക്ഷിച്ചിരിക്കുന്നതെല്ലാം ഹിസ്റ്ററിക്ക് മാത്രമാണ്. അതിനു ശേഷമാണ് കാലിക്കറ്റ് സര്‍വകലാശാല വിസിയുമായി നേരിട്ട് ബന്ധപ്പെട്ട് ഇക്കാര്യം അറിയിക്കുന്നത്. വിവരങ്ങളെല്ലാം മനസ്സിലാക്കിയ ശേഷം വിസി വിഷയത്തില്‍ ഇടപെട്ട് തീര്‍പ്പുണ്ടാക്കാമെന്ന് ഉറപ്പും തന്നു. കുട്ടികളെയും കൊണ്ട് ട്രൈബല്‍ ഓഫീസര്‍ യൂണിവേഴ്‌സിറ്റിയില്‍ പോയി കണ്ട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.”
ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എവിടെയെങ്കിലും ഏതെങ്കിലും കോഴ്‌സ് ലഭ്യമാക്കി ഉത്തരവാദിത്തം തീര്‍ക്കാനുള്ള ശ്രമം അങ്ങേയറ്റം അപകടകരമാണെന്ന് വര്‍ഗ്ഗീസ് പറയുന്നു. തങ്ങള്‍ക്ക് ഏതു വിഷയം പഠിക്കണമെന്ന് കൃത്യമായി ബോധ്യമുള്ള വിദ്യാര്‍ത്ഥിനികളെ അതിനു സഹായിക്കുന്നതിനു പകരം ഒഴിവുള്ള കോഴ്‌സുകളില്‍ ചേര്‍ത്ത് പഠിപ്പിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്നും അദ്ദേഹം പറയുന്നു. ഐ.പി.എസ് നേടി പോലീസുകാരിയാകണമെന്നും, ഹിസ്റ്ററി അധ്യാപികയാകണമെന്നുമെല്ലാം വ്യക്തമായ ലക്ഷ്യബോധമുള്ള വിദ്യാര്‍ത്ഥിനികളാണ് ശ്രീക്കുട്ടിയും ഷീനയും. മെറിറ്റില്‍ സീറ്റു ലഭിക്കാന്‍ അര്‍ഹതയുള്ള ഇവര്‍ക്ക് ഇരുവര്‍ക്കും എന്തുകൊണ്ടാണ് മൂന്ന് അലോട്ട്‌മെന്റിലും പ്രവേശനം ശരിയാകാതെ പോയത് എന്ന് മനസ്സിലാകുന്നില്ലെന്നാണ് വര്‍ഗ്ഗീസിന്റെ പ്രതികരണം. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഇതേ വിഷയത്തില്‍ ഇതേ വിഭാഗത്തില്‍ സീറ്റൊഴിവ് ഉണ്ടെന്നിരിക്കേ, ഇവര്‍ എങ്ങനെ പുറത്തു നില്‍ക്കേണ്ടി വന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.
പണിയ വിഭാഗത്തിന്റെ ചരിത്രപരമായ പിന്നാക്കാവസ്ഥ മാത്രമല്ല, മറിച്ച് സര്‍വകലാശാലാ പ്രവേശന പ്രക്രിയ ആദിവാസി വിദ്യാര്‍ത്ഥി സൗഹൃദപരമല്ലാത്തതുകൂടിയാണ് ഇത്തരം സാഹചര്യങ്ങളുണ്ടാകാന്‍ കാരണമെന്നാണ് ആദിവാസി അവകാശ പ്രവര്‍ത്തകന്‍ ഗീതാനന്ദന്റെ പക്ഷം. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഏകജാലകം വഴിയുള്ള പ്രവേശനത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നത് വ്യാപകമായതോടെ, ഇക്കാര്യത്തില്‍ ഒരു അഴിച്ചുപണി വേണമെന്നും പ്രത്യേക അലോട്ട്‌മെന്റ് നടപ്പിലാക്കണമെന്നും കാണിച്ച് ഹര്‍ജികളും പരാതികളും ഉന്നയിക്കുകയാണ് ഗീതാനന്ദന്‍ അടക്കമുള്ളവര്‍.
“സര്‍വകലാശാലയുടെ അഡ്മിഷന്‍ പ്രോസസ്സില്‍, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട അവസരം കൊടുക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നില്ല. ഒരുപാട് പ്രശ്‌നങ്ങള്‍ ഇതിലുണ്ട്. ഏകജാലക പ്രക്രിയയില്‍ ആദ്യത്തെ അലോട്‌മെന്റിനു ശേഷം എസ്.ടി വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ക്കായി ഒരു പ്രത്യേക അലോട്‌മെന്റ് വയ്‌ക്കേണ്ടതാണ്. മാറ്റിവച്ചിരിക്കുന്ന ഒഴിവുകള്‍ കൃത്യമായി നികത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണത്. യു.ജി.സിയടക്കം ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. പക്ഷേ, ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പ്രോസ്‌പെക്ടസില്‍ മാത്രമാണ് അത്തരമൊരു കാര്യം പരാമര്‍ശിച്ചു കണ്ടിട്ടുള്ളത്. ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍പ്പോലും, ഇക്കാര്യം നടപ്പിലാക്കുമ്പോള്‍ തൊട്ടടുത്ത ദിവസങ്ങളിലാണ് അപേക്ഷ ക്ഷണിക്കലും ലിസ്റ്റിടലുമെല്ലാം. ഇടവേളകള്‍ ഉണ്ടാകാറില്ല.
ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ഇത്ര പെട്ടന്ന് വെബ്‌സൈറ്റു പരിശോധിച്ച് കാര്യങ്ങളറിഞ്ഞ് യാത്ര ചെയ്‌തെത്തി അഡ്മിഷനെടുക്കാനൊന്നും സാധിക്കണമെന്നില്ല. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലൊക്കെ കഴിഞ്ഞ അഞ്ചാറു വര്‍ഷക്കാലമായി പതിനായിരത്തോളം സീറ്റുകളാണ് ഈ വിഭാഗത്തില്‍ ഒഴിഞ്ഞുകിടക്കാറ്. അതിനു പിന്നില്‍ പല കാരണങ്ങളുണ്ടായേക്കാമെങ്കിലും, അഡ്മിഷന്‍ പ്രോസസ്സിലെ അപാകതകള്‍ക്ക് അതിലൊരു വലിയ പങ്കുണ്ട്. ഇവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ശ്രമം ഉണ്ടാകുന്നില്ല. അഡീഷണല്‍ അലോട്ട്‌മെന്റ് നടത്തണമെന്നാവശ്യപ്പെട്ട് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റു വഴി സര്‍വകലാശാലകള്‍ക്ക് കത്തൊക്കെ കൊടുത്തിരുന്നതാണ്. അതൊന്നും ആരും കണക്കിലെടുത്തതേയില്ല. അര്‍ഹതപ്പെട്ട സീറ്റുകള്‍ അവര്‍ക്കു കിട്ടിയിരിക്കും എന്നുറപ്പുവരുത്താനുള്ള നീക്കങ്ങള്‍ എവിടെയും നടക്കാറില്ല.”
മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ സീറ്റു ലഭിക്കും എന്ന പ്രതീക്ഷയിലാണ് ശ്രീക്കുട്ടിയും ഷീനയുമെങ്കിലും, അക്കാര്യത്തില്‍ ഇനിയും കടമ്പകള്‍ ഏറെ കടക്കേണ്ടിവരുമെന്നാണ് വര്‍ഗ്ഗീസിന്റെ വിലയിരുത്തല്‍. ഈസ്റ്റ്ഹില്‍ ട്രൈബല്‍ ഹോസ്റ്റലില്‍ സീറ്റുകള്‍ ബാക്കിയില്ലെന്നാണ് അറിയാന്‍ സാധിച്ചതെന്നും, അങ്ങിനെയൊരു അവസ്ഥയുണ്ടായാല്‍ താമസിക്കാന്‍ മറ്റു സ്വകാര്യ ഹോസ്റ്റലുകളെ ആശ്രയിക്കേണ്ടിവന്നേക്കാമെന്നും ഇദ്ദേഹം പറയുന്നു. ആദിവാസി വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസരംഗത്തെ പുരോഗതി ആഘോഷിക്കുന്നതിനൊപ്പം തന്നെ, ഹോസ്റ്റലുകളില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകേണ്ടതുണ്ടെന്നതാണ് വാസ്തവം.
ഏറെ ബുദ്ധിമുട്ടി ഡിഗ്രി പ്രവേശനം സാധ്യമാകുമ്പോള്‍, ഹോസ്റ്റലില്ലാത്തതിനാല്‍ അതു വെറുതേയാകുമോ എന്ന ആശങ്ക കൂടി ഇവര്‍ക്കുണ്ട്. ജില്ലാ കലക്ടറും സര്‍വകലാശാല വിസിയും ഇടപെട്ടിട്ടുള്ള വിഷയം എന്ന നിലയില്‍ ശ്രീക്കുട്ടിയ്ക്കും ഷീനയ്ക്കും ഒരു പക്ഷേ മറ്റെന്തെങ്കിലും സാധ്യതകള്‍ ഇക്കാര്യത്തിലുണ്ടായേക്കും. എന്നാല്‍, ഓരോ തവണയും ആവശ്യപ്പെടുമ്പോള്‍ മാത്രം വേണ്ട ഭേദഗതികള്‍ വരുത്തുന്നതിനു പകരം, ഗോത്രവിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെക്കൂടി സ്വമേധയാ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വ്യവസ്ഥകളെ മാറ്റിക്കൂടേ എന്നാണ് അവകാശപ്രവര്‍ത്തകരുടെ വര്‍ഷങ്ങളായുള്ള ചോദ്യം. ആദിവാസികളില്‍ത്തന്നെ പിന്നാക്കം നില്‍ക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍ വിഭാഗങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും.