UPDATES

നവകേരളത്തിലെ ഒരു ആദിവാസി അടിമ; അവന് വിളിപ്പേര് പൊട്ടാടി; ഞെട്ടിക്കും ഈ ജീവിത ചിത്രം

ആദിവാസികള്‍ക്കായി കുറെ നിയമങ്ങളും അതൊക്കെ നടപ്പാക്കാന്‍ അതിലേറെ ഉദ്യോഗസ്ഥരുമുള്ള ഒരു നാട്ടിലാണ് പൊട്ടാടി അഥവ പൊട്ടനായി ഇപ്പോഴത്തെ വെള്ളന്‍ ഉള്ളത്

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ ഒരു കള്ളനുണ്ട്. അയാള്‍ക്ക് സ്വന്തമായി പേര് ഇല്ല. ഒരു മോഷണ കേസില്‍ പിടിയിലാകുമ്പോള്‍ പൊലീസ് സ്‌റ്റേഷനില്‍ വച്ച് അയാള്‍ മറ്റൊരാളുടെ പേര് കട്ടെടുക്കുകയാണ്. കുറച്ചു ദിവസത്തേക്കാണെങ്കിലും അങ്ങനെ അയാള്‍ പ്രസാദ് എന്നു വിളിക്കപ്പെട്ടു. പ്രസാദിന്റെ സ്വന്തം നാടേതാണെന്നറിയില്ല, അയാളുടെ കുടുംബത്തെക്കുറിച്ചും. അയാളുടെ ഐഡന്റിറ്റി വെളിപ്പെടുന്ന ഒന്നുമില്ല. ഈ ഭൂമിയില്‍ ‘പ്രസാദ്’ എന്ന ആ മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ട് എന്നു തെളിയിക്കുന്ന യാതൊരു രേഖയും തന്നെയില്ല. പക്ഷേ അയാള്‍ ബുദ്ധിയുള്ളൊരു കള്ളനായിരുന്നതുകൊണ്ട് വിശപ്പിനുള്ളതു മുതല്‍ വേണ്ടി വന്നപ്പോള്‍ ഒരു പേര് തന്നെയും മോഷ്ടിച്ച് സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു…

ഇതൊരു സിനിമക്കഥയിലെ സാങ്കല്‍പ്പിക കഥാപാത്രത്തെ കുറിച്ചാണെങ്കില്‍ ഇനി പറയുന്നത് യാഥാര്‍ത്ഥ്യമാണ്. അടിമതത്തവും ജാതീയതയും ഉച്ഛനീചത്വങ്ങളുമെല്ലാം ഇല്ലാതാക്കിയെന്നു പറയുന്ന, അടിസ്ഥാന വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് മതിയായ സംരക്ഷണം ലഭ്യമാക്കാന്‍ നിയമങ്ങള്‍ ഉണ്ടെന്നു പറയുന്ന, എല്ലാം കൊണ്ടും ഒന്നാമതായി നില്‍ക്കുന്നുവെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ നിന്നുള്ള ഒരു യാഥാര്‍ത്ഥ്യം.

മലപ്പുറം ജില്ലയില്‍ നിലമ്പൂരില്‍ എരഞ്ഞിമങ്ങാട് അകമ്പാടത്ത് ആമിനയുടെ വീട്ടില്‍ ഒരു ജോലിക്കാരനുണ്ട്. നിലമ്പൂര്‍ ചാലിയാര്‍ പെരുമ്പടവം കോളനിയിലെ പണിയ വിഭാഗത്തില്‍പ്പെട്ട ബധിരനും മൂകനുമായ ആദിവാസി യുവാവ്. അയാള്‍ മേല്‍പ്പറഞ്ഞ സിനിമാക്കഥയിലെ കള്ളനെ പോലെ അത്രകണ്ട് ബുദ്ധിമാനോ, പ്രായോഗികജ്ഞാനമോ ഒന്നുമില്ലാത്തയാളായിരുന്നു. പത്തു പതിനാലു വയസുള്ളപ്പോള്‍ സ്വന്തമായൊരു പേരു പോലുമില്ലാത്ത(ഉണ്ടായിരുന്നിരിക്കാം, പക്ഷേ അതെന്താണെന്നു പറയാന്‍ അറിയില്ലായിരുന്നു),ആമിനയുടെ വീട്ടില്‍ ജോലിക്കെത്തിയതാണെന്നു പറയുന്നു. പിന്നീട് ആമിനയുടെ വീട്ടില്‍ നിന്നാണ് അവനൊരു പേരു കിട്ടിയത്; പൊട്ടാടി.. അഥവ പൊട്ടന്‍. മാടിനെ പോലെ പണിയെടുക്കാന്‍ മാത്രം അറിയാവുന്ന, മൂരിയില്‍ പുളിവാറു വീഴുമ്പോള്‍ വേദന സഹിച്ച്, മുന്നോട്ടു കുതിക്കുന്ന ഒരു കാളയെ പോലെ, ഒന്നിനോടും പ്രതികരിക്കാനറിയാത്ത ആ ആദിവാസിക്ക് തന്റെ മേല്‍ പതിഞ്ഞുപോയ പരിഹാസത്തിന്റെ പേര് തിരുത്താന്‍ കഴിഞ്ഞില്ല. ആമിനയുടെ വീട്ടുകാര്‍ക്കെന്നപോലെ ആ നാട്ടുകാര്‍ക്കും അയാള്‍ പൊട്ടാടിയായി. പൊട്ടാടിക്ക് ആകെ അറിയാവുന്നത് ജോലി ചെയ്യാന്‍ മാത്രമായിരുന്നു. ജോലിക്ക് കൂലി വാങ്ങാനോ, ആഹാരം ചോദിച്ചു വാങ്ങാനോ, വൃത്തിയുള്ളിടത്ത് താമസിക്കണമെന്നു പറയാനോ, ഉറപ്പുള്ളിടത്ത് കിടന്നുറങ്ങണമെന്നു പറയാനോ അറിയില്ലായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റ് തുടങ്ങുന്ന പണി രാത്രിയാവോളം തുടരും. കിട്ടുന്നത് കഴിക്കും, ഒള്ളിടത്തു കിടന്നുറങ്ങും. സ്വയം താനൊരു മനുഷ്യനാണോയെന്നു പോലും അറിയാതെ പൊട്ടാടി കുറേ മൃഗങ്ങള്‍ക്കൊപ്പം, കുറച്ചു മനുഷ്യരുടെ നിയന്ത്രണത്തില്‍ മുന്നോട്ടോടി കൊണ്ടിരുന്നു.

"</p

2016 ല്‍ പൊട്ടാടി ചിലരുടെ ശ്രദ്ധയില്‍പ്പെട്ടു. മേല്‍പ്പറഞ്ഞതുപോലെയൊക്കെയാണ് ആ മനുഷ്യന്റെ ജീവിതമെന്ന് മനസിലാക്കുന്നത് അങ്ങനെയാണ്. അന്നു പൊട്ടാടിയെ കണ്ടറിഞ്ഞ മഹിള സമക്യ മലപ്പുറം ജില്ല കോര്‍ഡിനേറ്റര്‍ റജീന പറയുന്നത് കേള്‍ക്കാം; മഹിള സമക്യക്ക് എല്ലാ പഞ്ചായത്തിലും വനിത സഭകളുണ്ട്. ഇക്കൂട്ടത്തില്‍ ചിലരാണ് ഒരടിമയെ പോലെ ആമിനയുടെ വീട്ടില്‍ ജോലിയെടുക്കുന്ന പൊട്ടാടിയുടെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. നേരിട്ട് ആ വീട്ടില്‍ ചെന്ന് കാര്യങ്ങള്‍ അന്വേഷിക്കുന്നത് നടക്കില്ലെന്നതുകൊണ്ട്, സമീപത്തുള്ള മറ്റൊരു വീട്ടില്‍ നിന്നുകൊണ്ട് ഞങ്ങള്‍ പൊട്ടാടിയെ ശ്രദ്ധിച്ചു. ആമിനയുടെ വീട്ടില്‍ പത്തു മുപ്പതോളം കന്നുകാലികളുണ്ട്. ഇവയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് പൊട്ടാടിയാണ്. രാവിലെ എഴുന്നേറ്റ് തുടങ്ങുന്ന ജോലിയാണ്. വളരെ പ്രാകൃതമായൊരു രൂപമായിരുന്നു പൊട്ടാടിയുടേത്. പ്രഥമദൃഷ്ട്യാ കാണുന്നൊരാള്‍ക്ക് തന്നെ പൊട്ടാടിയുടെ ജീവിതം എന്താണെന്നു വ്യക്തമാകും. അതിനുശേഷം ഞങ്ങളുടെ കൂട്ടത്തില്‍ രണ്ടു സ്ത്രീകളെ ട്രൈബല്‍ വകുപ്പില്‍ നിന്നെന്ന വ്യാജേന ആമിനയുടെ വീട്ടിലേക്ക് വിട്ടു. വീടില്ലാത്ത ആദിവാസികളുടെ വിവരം ശേഖരിക്കുന്ന സര്‍വേയുടെ ഭാഗമായി വന്നതാണെന്നും ഇവിടെ ആദിവാസി വിഭാഗത്തില്‍പ്പെട്ടൊരാള്‍ ഉണ്ടെന്നു വിവരം കിട്ടയതുകൊണ്ടാണ് വന്നതെന്നും അവര്‍ പറഞ്ഞു. ആമിനയുടെ വീട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു, പൊട്ടനെ തിരക്കി ആളുകള്‍ വരികയോ!

ചെന്നവര്‍ പൊട്ടാടിയുടെ യഥാര്‍ത്ഥ പേര് എന്താണെന്നു തിരക്കി. ഞങ്ങളവനെ പൊട്ടാടിയെന്നും പൊട്ടനെന്നുമൊക്കെ വിളിക്കും. നിങ്ങള്‍ക്കു വേണമെങ്കില്‍ ശ്രീരാമനെന്നോ രാമകൃഷ്ണനെന്നോ വിളിക്കാം; പരിഹാസത്തില്‍ പൊതിഞ്ഞ മറുപടിയില്‍ എല്ലാം വ്യക്തം.

പൊട്ടാടിയുടെ, ആമിനയുടെ വീട്ടിലുള്ള ജീവിതത്തെ കുറിച്ച് ഞങ്ങള്‍ക്ക് അന്വേഷിച്ചും മറ്റുള്ളവര്‍ പറഞ്ഞും കിട്ടിയ വിവരങ്ങള്‍ അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതായിരുന്നു. അയാളെ ആ വീട്ടുകാര്‍ ഒരു മനുഷ്യനായി പോലും കണ്ടിരുന്നില്ല. രാവിലെ എഴുന്നേറ്റ് കന്നുകാലികളെ കുളിപ്പിച്ചും, തീറ്റകൊടുത്തും, മറ്റുപണികളുമൊക്കെ ചെയ്ത്, അതിനു പുറമെ വീട്ടു പണികളും പുറം പണികളുമെല്ലാം ചെയ്തു രാത്രിയാവോളം കഷ്ടപ്പെടുന്ന ഒരു മനുഷ്യന് മതിയായ ആഹാരം പോലും കൊടുത്തിരുന്നില്ല. തകരപ്പാളികളും ടാര്‍പ്പോളിന്‍ കഷ്ണങ്ങളും കൊണ്ട് ഭാഗികമായി മറച്ച, ഒരു കാലി തൊഴുത്തിന്റെ വലിപ്പമോ വൃത്തിയോ പോലുമില്ലാത്തൊരിടത്തായിരുന്നു പൊട്ടാടിയുടെ കിടപ്പ്, അഴുക്കു പുരണ്ട വസ്ത്രങ്ങളായിരുന്നു ധരിക്കാനുള്ളത്… ആ വീട്ടിലൊരു പാത്രമുണ്ട്, പൊട്ടന്റെ പാത്രം. മിച്ചം വരുന്നതും എച്ചിലായതുമായ ഭക്ഷണം ആ പാത്രത്തില്‍ കൊണ്ടു ചെന്നിടുമത്രേ, അതായിരുന്നു പൊട്ടാടിക്കുള്ള ഭക്ഷണം…ആ മിണ്ടാപ്രാണിക്കതില്‍ പരിഭവമൊന്നം ഇല്ലായിരുന്നു, കഴിക്കാന്‍ എന്തെങ്കിലും കിട്ടുന്നതു തന്ന ഭാഗ്യമെന്നു കരുതിയിരിക്കും.

പൊട്ടാടിയുടെ അവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് തീരുമാനിച്ചു. പാട്ടക്കരമ്പില്‍ നടന്ന ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒരു പരിപാടിയില്‍വച്ച് ഐടിഡിപി അസിസ്റ്റന്റ് പ്രോഗ്രാം ഓഫിസറായിരുന്ന ഹെറാള്‍ഡ് സാറിനോട് ഇക്കാര്യം അറിയിച്ചു. അതേ തുടര്‍ന്ന് ചില അന്വേഷണങ്ങളൊക്കെ നടത്തിയെന്നു കേട്ടു. നടന്നിരിക്കണം, കാരണം പൊടുന്നനെ പൊട്ടന്റെ വേഷത്തിലൊക്കെ മാറ്റം വന്നതായി മനസിലായി. വേഷം കെട്ടിച്ചു നിര്‍ത്തല്‍ പോലെ! പക്ഷേ ഒരാദിവാസി അനുഭവിക്കുന്ന ക്രൂരതകളെക്കുറിച്ച് വേണ്ട രീതിയില്‍ അന്വേഷണം മുന്നോട്ടു പോവുകയോ, നടപടികള്‍ സമയബന്ധിതമായി എടുക്കയോ ചെയ്തില്ല. ഈ വിവരം ആ സമയത്ത് തന്നെ ചില പ്രമുഖ പത്രങ്ങളെ അറിയിച്ചെങ്കിലും ഏതൊക്കെയോ എത്തിക്‌സിന്റെ പേരില്‍ ഇതൊരു വാര്‍ത്തയാക്കാന്‍ വിസമ്മതിക്കുകയായിരുന്നു….

ഭാഗ്യം, അവിടെ കൊണ്ട് ഒന്നും അവസാനിച്ചില്ല.

പൊട്ടാടിയുടെ വിഷയത്തിലേക്ക് ചിത്ര കടന്നു വന്നു. പാരാ ലീഗല്‍ വര്‍ക്കറായ, കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ആ ആദിവാസി യുവതിക്ക് പൊട്ടാടിയുടെ അവസ്ഥയറിഞ്ഞപ്പോള്‍ നിശബ്ദയായിരിക്കാന്‍ കഴിഞ്ഞില്ല. സമൂഹം ഇന്നും തുടരുന്ന, ആദിവാസിയോടുള്ള അടിമത്ത മനോഭവത്തിന്റെ നേര്‍ ഉദാഹരണമാണ് പൊട്ടാടിയെന്നു ചിത്ര പറഞ്ഞു. പൊട്ടാടി അനുഭവിക്കുന്ന കഷ്ടതകളെല്ലാം അന്വേഷിച്ചറിഞ്ഞ ചിത്ര ഐടിഡിപിയില്‍ പരാതി നല്‍കി. 2016 ജൂണില്‍ നല്‍കിയ ആ പരാതിയില്‍ ചിത്ര പൊട്ടാടിയുടെ അവസ്ഥയെ കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്;

39 വയസോളം പ്രായമുള്ള പൊട്ടാടി ആമിനയുടെ വീട്ടിലുള്ള 30 കന്നുകാലികളെയാണ് പരിപാലിക്കുന്നത്. കാട്ടിലേക്ക് കാലികളെ കൊണ്ടു പോവുക, പശുവിനെ കറക്കുക, കാട്ടില്‍ പോയി വിറക് ശേഖരിച്ച് കൊണ്ടു വന്നു കൊത്തിക്കീറുക, രാത്രിയില്‍ ഹോട്ടലുകളിലെ എച്ചില്‍ ശേഖരിച്ച്, കാടിവെള്ളവുമായി രാത്രി 12 മണിക്കാണ് വീട്ടിലെത്തുന്നത്. വേനല്‍ക്കാലങ്ങളില്‍ രാത്രി 12 മണിക്കുശേഷമാണ് ചാണക കുഴിയില്‍ നിന്നും ചാണകം കോരുന്നത്. ഈ വീട്ടിലെ ജോലികള്‍ക്കു പുറമെ തൊട്ടടുത്തുള്ള വീടുകളിലും പോയി വിറക് കീറുകയും തെങ്ങിന്‍ തടം തുറക്കുകയും കാടുവെട്ടുകയും ചെയ്യുന്നുണ്ട്. ഇതിനായി കിട്ടുന്ന 400 രൂപ ആമിനയും മക്കളും ചേര്‍ന്ന് വാങ്ങുന്നു.

"</p

പൊട്ടന്‍ കിടക്കുന്നതും, ഭക്ഷണം കഴിക്കുന്നതും കന്നുകാലികളോടൊപ്പം ആലയിലാണ്. ആമിനയുടെയോ മക്കളുടെയോ വീടുനുള്ളിലോ സിറ്റ് ഔട്ടിലോ കയറാനുള്ള അനുവാദമില്ല. വീട്ടിലുള്ള യുവാക്കളുടെ പഴകിയ വസ്ത്രങ്ങളാണ്(അടിവസ്ത്രം ഉള്‍പ്പെടെ) പൊട്ടാടിക്ക് നല്‍കുന്നത്. മുള കൊണ്ടുണ്ടാക്കിയ തട്ടില്‍ പായയോ പുതപ്പോ ഇല്ലാതെ തുണി വിരിച്ചാണ് കിടക്കുന്നത്. കൃത്യ സമയത്ത് ഭക്ഷണം നല്‍കാറില്ല. ജോലി ചെയ്തില്ലെങ്കില്‍ വലിയ ചെമ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കും. പുറം ലോകവുമായി പൊട്ടാടിക്ക് യാതൊരു ബന്ധവുമില്ല, അതിന് വീട്ടുകാര്‍ അനുവദിക്കുകയുമില്ല.

പൊട്ടാടി എന്നത് ശരിയായ പേരല്ല. സംസാരശേഷിയില്ലാത്തതുകൊണ്ട് പൊട്ടാടിയെന്നും പൊട്ടനെന്നും വിളിക്കുന്നതാണ്. ആധാറോ, ഐഡി കാര്‍ഡോ, റേഷന്‍ കാര്‍ഡോ തുടങ്ങിയ രേഖകളൊന്നും ഇല്ല. വോട്ട് അവകാശവുമില്ല.

ഇത്രകാലം ജോലി ചെയ്തിട്ടും കൂലി നല്‍കിയിട്ടില്ല. പൊട്ടാടിക്ക് രാഗേഷ്, ചന്ദ്രന്‍, മിനി, കാളി എന്നിവര്‍ സഹോദരങ്ങളായിട്ടുണ്ട്. ആരോഗ്യമുള്ള സമയത്ത് ജോലി ചെയ്യിപ്പിക്കുകയും അവശതയിലെത്തുമ്പോള്‍ തങ്ങളെ ഏല്‍പ്പിക്കുമോ എന്ന ഭയം സഹോദരങ്ങള്‍ക്കുണ്ട്. ഇപ്പോഴാണെങ്കില്‍ സഹോദരങ്ങള്‍ ഏറ്റടുക്കാന്‍ തയ്യാറാണ്.

‘മരണം കൊണ്ടു തോല്‍ക്കാന്‍ വയ്യ, ജീവിതം കൊണ്ട് ജയിക്കണം’; സിഇടിയില്‍ പഠിക്കാനെത്തിയ ആദിവാസി പെണ്‍കുട്ടിയുടെ ജീവിതം

ചിത്രയുടെ പരാതി പ്രകാരം ഒരു എസ് ടി പ്രമോട്ടറെ അറിയിച്ച് വിവരങ്ങള്‍ അന്വേഷിപ്പിച്ചു. അതുകൊണ്ടുമാത്രം കാര്യമില്ലെന്ന് അറിയാമായിരുന്ന ചിത്ര നിലമ്പൂര്‍ എസ് ഐ യെ പോയി കണ്ടു കാര്യം അവതരിപ്പിച്ചു. എസ് ഐ മനോജ് ആമിനയുടെ കുടുംബത്തോട് പൊട്ടാടിയേയും കൂട്ടി വരാന്‍ ആവശ്യപ്പെട്ടു. സിപിഎം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം ആമിനയുടെ കുടുംബം പൊട്ടാടിയേയും കൂട്ടി സ്റ്റേഷനിലെത്തി. അവരാകട്ടെ ചിത്ര പറയുന്നതെല്ലാം കള്ളമാണെന്നും സ്വന്തം മകനെ പോലെയാണ് പൊട്ടാടിയെ നോക്കുന്നതെന്നും ആമിന പറഞ്ഞു. പൊട്ടാടിയുടെ രൂപം കണ്ടപ്പോഴെ ആമിന പറയുന്നതിലെ യാഥാര്‍ത്ഥ്യം എന്താണെന്നു എസ് ഐക്ക് ബോധ്യമായി. സ്വന്തം മകനെ പോലെയാണെങ്കില്‍ ഇയാള്‍ ഈ കോലത്തിലാകുന്നതെങ്ങനെയാണ്? എസ് ഐ ചോദിക്കുമ്പോള്‍ ഉത്തരമില്ലായിരുന്നു അവര്‍ക്ക്.

എസ് ഐക്ക് നല്‍കിയതു കൂടാതെ കളക്ടര്‍(അന്ന് ഷൈന മോള്‍ ആയിരുന്നു കളക്ടര്‍), ഡിവൈഎസ്പി തുടങ്ങിയവര്‍ക്കും ചിത്ര പരാതി നല്‍കി. അനക്കമൊന്നുമില്ലാതെ വന്നപ്പോള്‍, മുഖ്യമന്ത്രി, എസ് സി , എസ് ടി വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കി. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഇടപെട്ടതോടെ ഉദ്യോഗസ്ഥന്മാര്‍ അനങ്ങി തുടങ്ങി. അപകടം മണത്തപ്പോള്‍ ആമിനയുടെ വീട്ടുകാരും ജാഗ്രതയിലായി. പൊട്ടന് പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കി, ജഡ പിടിച്ച മുടിയൊക്കെ വെട്ടിച്ചു, പുതിയൊരു താമസസ്ഥലവുമൊരുക്കി. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞൊരു ചെറിയ മുറി ശരിയാക്കിയെടുത്തു. ഇനിയാരെങ്കിലും കണ്ടാല്‍ പൊട്ടാടി അടിമയാണെന്നു തോന്നാത്തവിധത്തില്‍.

"</p

പക്ഷേ ചിത്രയ്ക്ക് അതൊന്നും പോരായിരുന്നു. ഇക്കാലമത്രയും ഒരു രൂപ പോലും കൂലി കൊടുക്കാതെയാണ് പൊട്ടാടിയെ കൊണ്ട് രാപ്പകലില്ലാതെ പണിയെടുപ്പിച്ചത്. അടിമ പണി. അത് നിയമവിരുദ്ധമാണ്. അത് ചെയ്യിപ്പച്ചവര്‍ക്കെതിരേ നിയമനടപടികളെടുക്കണം. പൊട്ടാടിക്ക് ഇത്രയും കാലത്തെ കൂലി രൊക്കം കിട്ടണം. ഇനി തൊട്ട് ചെയ്യുന്ന ജോലിക്ക് കൂലി കൃത്യമായി കിട്ടുകയും വേണം. ചിത്രയുടെ ആവശ്യങ്ങളിതായിരുന്നു. എസ് ഐ മനോജിനോടായിരുന്നു ചിത്ര ആദ്യം ഇക്കാര്യം ആവശ്യപ്പെട്ടത്. രണ്ടു ലക്ഷമെങ്കിലും ആദ്യം പൊട്ടാടിയുടെ പേരില്‍ ആമിനയുടെ കുടുംബം നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അത്രയും തുക നല്‍കാന്‍ കഴിയില്ലെന്നായിരുന്നായിരുന്നു മറുപടി. അവര്‍ക്ക് ധാര്‍ഷ്ട്യമായിരുന്നു. രാഷ്ട്രീയക്കാരെല്ലാം അവരുടെ കൂടെയാണ്. പഞ്ചായത്ത് പ്രസിഡന്റെക്കെ നേരിട്ട് വരികയല്ലേ. പത്രങ്ങളുപോലും വാര്‍ത്തയെഴുതാന്‍ മടിച്ചു. എനിക്ക് പല ഭീഷണികളും വന്നു.പക്ഷേ ഞാന്‍ പിന്മാറിയില്ല. നേരെ ലേബര്‍ ഓഫിസര്‍ക്ക് പരാതി നല്‍കി; ചിത്ര പറയുന്നു.

ലേബര്‍ ഓഫിസില്‍ നിന്നും നടത്തിയ അന്വേഷണത്തില്‍ ചിത്ര നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഫെബ്രുവരി ഒന്നിന് ആമിനയ്ക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ നോട്ടീസ് അയച്ചു. നോട്ടീസില്‍ പറയുന്നുണ്ട്, 1974 ലെ കേരള അഗ്രികള്‍ച്ചര്‍ വര്‍ക്കേഴ്‌സ് ആക്ട് പ്രകാരം വിവരിച്ചിട്ടുള്ളതും മിനിമം വേജ് ആക്ടിന്റെ ഷെഡ്യൂള്‍ഡ് എംപ്ലോയ്‌മെന്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ(കന്നുകാലികള്‍ക്ക് തീറ്റ നല്‍കല്‍, അതിനെ കുളിപ്പിക്കല്‍, ചാണകം വാരല്‍, കാലിത്തീറ്റ, പുല്ലും വയ്‌ക്കോലും ശേഖരിക്കല്‍ മുതലായവ) ജോലികള്‍ ചെയ്തു വരുന്ന പൊട്ടാടിക്ക് യാതൊരു കൂലിയും കഴിഞ്ഞ എട്ടുവര്‍ഷമായി നല്‍കുന്നില്ലെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ ബോധ്യമായിട്ടുണ്ട്. അതിനാല്‍ പൊട്ടാടിക്ക് അര്‍ഹതപ്പെട്ടതും നിയമപരമായി നല്‍കേണ്ടതുമായിട്ടുള്ള കൂലി പൊട്ടാടിയുടെ പേരില്‍ ഒരു അകൗണ്ട് തുടങ്ങി അതില്‍ നിക്ഷേപിച്ച് പാസ്സ് ബുക്ക് ഈ ഓഫിസില്‍ 2017 ഫെബ്രുവരി 20 ന് ഹാജരാക്കണം. അല്ലാത്ത പക്ഷം ഒരു നോട്ടീസ് ഇല്ലാതെ തന്നെ റവന്യു റിക്കവറി അടക്കമുള്ള നിയമനടപടികള്‍ക്ക് ആമിനയുടെ കുടുംബത്തിനെതിരേ ശുപാര്‍ശ നല്‍കും.

1974 ലെ കേരള അഗ്രികള്‍ച്ചര്‍ ആക്ട് പ്രകാരവും മിനിമം വേജ് ആക്ടിന്റെ ഷെഡ്യൂള്‍ഡ് എംപ്ലോയ്‌മെന്റിന്റെ അടിസ്ഥാനത്തിലും കണക്കാക്കിയ കൂലി 7,023,372 രൂപയായിരുന്നു. ഇതില്‍ നിന്നും ഭക്ഷണം, താമസം, വെള്ളം, വെളിച്ചം, ആശുപത്രി ചെലവ് എന്നിയൊഴിച്ച് മറ്റേതെങ്കിലും തരത്തില്‍ പണമായിട്ടോ, മറ്റുവിധത്തിലോ വന്നിട്ടുള്ള ചെലവ് കിഴിക്കാമെന്നുമായിരുന്നു നിലമ്പൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസിര്‍ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്.

"</p

എന്നാല്‍ നിശ്ചയിക്കപ്പെട്ട തീയതിയിലും ആമിനയുടെ കുടുംബം പ്രസ്തുത തുക പൊട്ടാടിയുടെ പേരില്‍ നിക്ഷേപിക്കാന്‍ തയ്യാറായില്ല.

ഇതേ തുടര്‍ന്ന് ഈ വിവരം ചിത്ര കളക്ടര്‍ക്ക് മുന്‍പാകെ പരാതിയായി അറിയിച്ചു. കഴിഞ്ഞ ജൂലായില്‍ ചിത്രയുടെ പരാതിയുടെയും അസിസ്റ്റന്റ് ലേബര്‍ ഓഫിസറുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ നിശ്ചയിച്ച തുക നല്‍കാന്‍ കളക്ടര്‍ ആമിനയുടെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നതാണെങ്കിലും അത് ചെയ്യാത്തതിനെ തുടര്‍ന്ന് ചിത്ര വീണ്ടും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആമിനയേയും കുടുംബത്തേയും വിളിച്ചു വരുത്തി കര്‍ശന താക്കീതു നല്‍കിയ മലപ്പുറം കളക്ടര്‍ അമിത് മീണ ഇപ്പോള്‍ തുക മൂന്നു മാസത്തിനുള്ളില്‍ കൊടുക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഒപ്പം ഇനിയുള്ള എല്ലാ ദിവസവും നൂറു രൂപാവീതം പൊട്ടാടിക്ക് കൂലി നല്‍കണമെന്നും കളക്ടര്‍ ഉത്തരവിട്ടുട്ടുണ്ട്. ഇപ്പോള്‍ പൊട്ടാടി വാര്‍ത്തകളാകുന്നത് ഈ ഉത്തരവ് മൂലമാണ്.

എന്നാല്‍ 23 വര്‍ഷത്തോളം അടിമയെ പോലെ പണിയെടുക്കേണ്ടി വന്ന ഒരു ആദിവാസി യുവാവിന്റെ കാര്യത്തില്‍ നല്‍കേണ്ട നീതി(എസ് എസി എസ് ടി അട്രോസിറ്റി വകുപ്പൊക്കെ നിലനില്‍ക്കുന്നൊരിടത്താണെന്നോര്‍ക്കണം) പണം കൊടുത്ത് നടപ്പാക്കുകയാണോ വേണ്ടത് എന്ന ചോദ്യം ബാക്കിയാണ്.

ബധിരനും മൂകനുമായ ആദിവാസി യുവാവ് പീഢിപ്പിക്കപ്പെടുന്നു എന്ന പരാതിയില്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി 2017 ജൂലൈ മൂന്നിന് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ ചില തീരുമാനങ്ങള്‍ കൂടി അറിയുക.

‘അവളൊക്കെ ആ ജാതിയിലുള്ളതാ…’; എം.ജിയിലെ ആദ്യ (ഏക) ആദിവാസി അധ്യാപിക ജീവിതം പറയുന്നു

ഏഴു ലക്ഷം രൂപ നല്‍കണമെന്ന് അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ പറഞ്ഞിടത്ത് നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറോട് ആമിനയുടെ കുടുംബം വാക്കാല്‍ മാത്രമായി പറഞ്ഞത് പൊട്ടാടി ചെയ്ത ജോലിക്ക് കുടിശ്ശികയായി മുപ്പത്തിയയ്യായിരം രൂപ നല്‍കാം എന്നായിരുന്നു. 2017 ജൂണിലായിരുന്നു ഇതു പറഞ്ഞത്. ഈ വിവരം ജൂലൈയില്‍ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ടി ഇ ഒ അറിയിച്ചിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും പറഞ്ഞതിന്‍ പ്രകാരം തുക നല്‍കിയിട്ടില്ലെന്നറിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല.

ഇനിയുള്ള വിശദീകരണമാണ് ശ്രദ്ധിക്കേണ്ടത്. അതിനു മുമ്പ് ഒരു കാര്യം ഇടയില്‍ പറയട്ടെ, പൊട്ടാടി, പൊട്ടന്‍ എന്നീ പേരുകള്‍ ഒഴിവാക്കി സര്‍ക്കാര്‍ രേഖകളില്‍ വെള്ളന്‍ എന്നൊരു പേര് ആ ആദിവാസി യുവാവിന് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മനസ് തോന്നി. വെള്ളനെന്നത് അയാളുടെ പിതാവിന്റെ പേര് ആണെന്നു പറയുന്നു. എന്നാലും ഒരു ‘പേര്’ ഉണ്ടാക്കി കൊടുത്തു. ഇനി കാര്യത്തിലേക്ക് വരാം, വിവധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ആമിനയുടെ വീട് സന്ദര്‍ശിക്കുകയും വെള്ളനുമായി പരിഭാഷകന്റെ സഹായത്തോടെ ആശയ വിനിമയം നടത്തുകയും ചെയ്തതിന്‍ പ്രകാരം മനസിലാക്കിയത് വെള്ളനെ നിര്‍ബന്ധിച്ച് പണിയെടുപ്പിക്കാറില്ലെന്നും അയാള്‍ക്ക് ആമിനയുടെ വീട്ടില്‍ തുടര്‍ന്ന് നില്‍ക്കുന്നതാണ് സന്തോഷവും താല്‍പര്യവുമെന്നുമാണെന്ന കാര്യം കളക്ടര്‍ ചിത്രയെ അറിയിച്ചു!

ചിത്രയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളനെ സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുത്ത് വകുപ്പിന് കീഴിലുള്ള ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിപ്പിക്കുന്നതിന് തയ്യാറാണെങ്കിലും വെള്ളന്‍ ഇന്ന് ആമിനയുടെ വീട്ടില്‍ നിന്നും അനുഭവിക്കുന്ന സന്തോഷം നല്‍കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സാധിക്കുകയില്ലെന്നായിരുന്നു മലപ്പുറം ഡെപ്യൂട്ടി സോഷ്യല്‍ ജസ്റ്റീസ് ഓഫിസര്‍ സുബേഷ് കുമാറിന്റെ കണ്ടെത്തല്‍!

ഇനി ആമിനയ്ക്ക് തനിക്കെതിരേയുള്ള പരാതികളില്‍ പറയാനുള്ള വിശദീകരണം കൂടി കേള്‍ക്കാം.

കഴിഞ്ഞ 25 വര്‍ഷത്തോളമായി ചെറിയ പ്രായം മുതല്‍ വെള്ളന്‍ തങ്ങളുടെ കൂടെ ഒരു കുടുംബാംഗത്തെ പോലെ താമസിച്ചു വരികയാണ്. അവന് ആവശ്യമായ ഭക്ഷണം, വസ്ത്രം, ചികിത്സ, മറ്റു ചെലവുകള്‍ എല്ലാം നല്‍കുന്നു. പണത്തിന് ആവശ്യമുണ്ടെന്ന് അറിയിച്ചാല്‍ അതും നല്‍കും. എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നേ വീടു വിട്ടു പോകുമായിരുന്നു. വെള്ളന്റെ സഹോദരി കാളി മുമ്പൊരിക്കല്‍ അവനെ നിര്‍ബന്ധിച്ച് ഇവിടെ നിന്നും കൊണ്ടു പോയതാണ്. പക്ഷേ അവരുടെ കൂടെ താമസിക്കാന്‍ തയ്യാറാകാതെ സ്വമേധയ ഇവിടേക്ക് തിരികെ വരികയാണ് ഉണ്ടായത്. അവന് ഇവിടെയും എന്റെ മക്കളുടെ രണ്ടു വീടുകളിലും പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. വെള്ളന്റെ പിതാവ് എട്ടു വര്‍ഷം മുമ്പ് മരിക്കുന്നതുവരെ അവനുള്ള കൂലി വാങ്ങിക്കാറുണ്ടായിരുന്നു. വെള്ളന് അധാര്‍ കാര്‍ഡ് ഉണ്ട്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ജില്ല ലേബര്‍ ഓഫിസര്‍ പറഞ്ഞതിന്‍ പ്രകാരമുള്ള തുക നല്‍കാന്‍ സാധിക്കില്ല. രണ്ട് ആണ്‍മക്കളും ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്നതുകൊണ്ടാണ് ഉപജീവന മാര്‍ഗം നടക്കുന്നത്.

അക്ഷരം പഠിച്ചത് സാക്ഷരതാ ക്ലാസില്‍ നിന്ന്; ആദിവാസി യുവതി എഴുതിയത് അഞ്ഞൂറോളം കവിതകള്‍

ആമിന പറയുന്നത് വിശ്വസിക്കാമെന്നാണ് ജില്ല കളക്ടര്‍ ചിത്രയോട് പറഞ്ഞത്. അതിനുള്ള അടിസ്ഥാനം വെള്ളന്റെ കുടുംബാംഗങ്ങളുടെ മൊഴിയാണത്രേ. വെള്ളനെ നിര്‍ബന്ധിച്ച് തന്റെ വീട്ടില്‍ കൊണ്ടു വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് അവന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ആമിനയുടെ വീട്ടില്‍ യാതൊരു പ്രയാസങ്ങളോ, വിഷമതകളോ ഇല്ലെന്നും അവിടെ തന്നെ തുടര്‍ന്നു നില്‍ക്കുന്നതാണ് സന്തോഷമെന്നു മനസിലാക്കിയെന്നുമാണ് വെള്ളന്റെ സഹോദരി കാളിയും അമ്മയുടെ സഹോദരി ചക്കിയും തന്നോടു പറഞ്ഞിട്ടുള്ളതെന്നാണ് കളക്ടര്‍ ചിത്രയോടു പറയുന്നത്.

കഴിഞ്ഞില്ല, ആമിനയില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങളൊന്നും വെള്ളന്‍ നേരിടുന്നില്ല എന്നും അവരോടൊത്ത് തന്റെ ജോലി ചെയ്ത് സന്തോഷത്തോടെയാണ് കഴിയുന്നതെന്നും പരിഭാഷകന്‍ മുഖേന മനസിലാക്കാന്‍ കഴിഞ്ഞതായി ഉദ്യോഗസ്ഥരുടെ സംഘം പറയുന്നു. കളക്ട്രേറ്റിലെ പ്രസ്തുത യോഗത്തിന് വെള്ളനേയും കൊണ്ടു വന്നപ്പോള്‍ തന്റെ തൊഴിലുടമയുമായി വളരെ സ്‌നേഹത്തോടെ അയാള്‍ ഇടപെടുന്നത് യോഗത്തിലുണ്ടായിരുന്നവര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ആയതിനാല്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം അനുസരിച്ച് നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ല എന്നും യോഗം തീരുമാനമെടുക്കുകയും ചെയ്തു.

"</p

വെള്ളന് യാതൊരു പ്രശ്‌നവുമില്ലെന്നും ആമിനയും കുടുംബവും സ്വന്തം മകനെ പോലെയാണ് അയാളെ നോക്കുന്നതെന്നും മനസിലാക്കിയവര്‍ തന്നെയാണ് കഴിഞ്ഞ ദിവസം ആമിനയേയും കുടുംബത്തെയും വിളിച്ചു വരുത്തി താക്കീത് നല്‍കിയതും മൂന്നു മാസത്തിനകം ഏഴുലക്ഷം രൂപ നല്‍കണമെന്ന് നിര്‍ദേശിച്ചതും! ഇതിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധിക്കുമല്ലോ!

"</p

ഇനി ചിത്ര പറയുന്നതു കേള്‍ക്കാം; ഞാന്‍ പരാതികളുമായി ഇറങ്ങി തിരിച്ചതിനുശേഷം മാത്രമാണ് വെള്ളന്റെ ജീവിതത്തില്‍ എന്തെങ്കിലും ആശ്വാസ്രകരമായ മാറ്റങ്ങള്‍ ഉണ്ടായത്. ആരെയെങ്കിലും കാണിക്കാനായിട്ടാണെങ്കില്‍ കൂടി നല്ല വസ്ത്രങ്ങള്‍ അയാളെ ധരിപ്പിച്ചു. മുടി വെട്ടി, ഹോളോബ്രിക്‌സും ആസ്ബറ്റോസ് ഷീറ്റും കൊണ്ട് ഉണ്ടാക്കിയതാണെങ്കിലും കാലിത്തൊഴുത്തിലെ ആലയില്‍ നിന്നും ഒരു ചെറിയ മുറിയിലേക്ക് അയാള്‍ക്ക് താമസ സൗകര്യം കിട്ടി. വെള്ളന്‍ ജീവിച്ചിരിക്കുന്നതിന്റെ തെളിവായി സര്‍ക്കാര്‍ രേഖകളായ ആധാര്‍ കാര്‍ഡ് ലഭിച്ചതും റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെടുത്തിയതും എന്റെ ഇടപെടലിനുശേഷമാണ്. ഇതിനൊക്കെ തെളിവായി എസ് ടി പ്രമോട്ടറുടെ റിപ്പോര്‍ട്ട് ഉണ്ട്. വെള്ളന്റെ ഭാവിയെക്കുറിച്ചാണ് എനിക്ക് ആശങ്ക. ഭാവിയില്‍ ആരോഗ്യം നഷ്ടപ്പെട്ട് പണിയെടുക്കാന്‍ സാധിക്കാത്ത ഒരു സാഹചര്യം വന്നാല്‍ എന്തെടുക്കും? ആരു നോക്കും. അയാള്‍ മരിച്ചു പോയാല്‍ പോലും ആരെങ്കിലും അറിയുമോ? അതിനാല്‍ വെള്ളന്റെ ഭാവിയെ കുറിച്ച് തീരുമാനം എടുക്കണം. ജില്ല ലേബര്‍ ഓഫിസര്‍ നിശ്ചയിച്ചതിനേക്കാള്‍ കുറവായ അഞ്ച് ലക്ഷം രൂപയെങ്കിലും കൂലി കുടിശ്ശികയായി വെള്ളന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കണം. ആമിനയ്ക്കും കുടുംബത്തിനും രണ്ടേക്കറിലേറെ റബ്ബര്‍ തോട്ടമുണ്ട്. മുപ്പത്തിയഞ്ച് സെന്റ് പുരയിടമുണ്ട്. സാമാന്യം സാമ്പത്തിക ചുറ്റുപാടുണ്ട്. പറഞ്ഞ തുക നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഇതുവരെ അവര്‍ അതിനു തയ്യാറായിട്ടില്ല. കളക്ടര്‍ ഇപ്പോള്‍ മൂന്നു മാസത്തെ സമയം കൊടുത്തിട്ടുണ്ട്. അതിനുള്ളില്‍ അവര്‍ തുക നിക്ഷേപിക്കുമെന്ന് എന്ത് ഉറപ്പാണ്? അങ്ങനെ ചെയ്തില്ലെങ്കില്‍ നടപടിയെടുക്കാന്‍ തയ്യാറാകുമോ? ആദിവാസിക്ക് അനുകൂലമായി നിയമങ്ങള്‍ ഉണ്ടെന്നു പറയുന്നു, അവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നുണ്ടെന്നു പറയുന്നു. എന്നിട്ടാണ് ഇവിടെയൊരാള്‍ വര്‍ഷങ്ങളോളം അടിമ വേല ചെയ്യുന്നത്. അതു ചെയ്യിപ്പിച്ചവര്‍ക്കെതിരേ ഒരു നടപടിയുമില്ല. കേവലം പണം കൊടുത്ത് തീര്‍ക്കേണ്ടതല്ല, വെള്ളന്റെ കാര്യത്തില്‍ ചെയ്യേണ്ട നീതി. ഈ പണം കൂലിയവകാശം മാത്രമാണ്. അതിനപ്പുറം വെളളന് നഷ്ടമായ മനുഷ്യാവകാശത്തിന് എന്ത് സമാധാനം പറയും, അതിനെതിരേ നടപടിയെടുക്കേണ്ടതല്ലേ… ഇത്രയും വര്‍ഷങ്ങള്‍ ഒരു മിണ്ടാപ്രാണിയെ പോലെ പണിയെടുത്ത്, സംസാരിക്കാനോ കേള്‍ക്കാനോ കഴിയാതെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിഞ്ഞൊരു മനുഷ്യനാണ്. ഏതോ പരിഭാഷകനെയോ മറ്റോ ഉപയോഗിച്ച് എന്തൊക്കെയോ ചോദിച്ചതിന്റെ പേരില്‍ വെള്ളന് അവിടെ പരമസുഖമാണെന്ന് തീരുമാനിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? അന്വേഷിച്ചും കേട്ടറിഞ്ഞും മനസിലാക്കിയ കാര്യങ്ങള്‍ മാത്രം മതി വെള്ളന്‍ അനുഭവിച്ച കഷ്ടതകള്‍ മനസിലാക്കാന്‍. എന്നാല്‍ അതിലുപരി ആ വീട്ടുകാര്‍ പറയുന്നതും, ആ പാവത്തെ കൊണ്ട് പറയിപ്പിച്ചെടുക്കുന്നതുമായ കാര്യങ്ങള്‍ മാത്രം വച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തീരുമാനം നടപ്പിലാക്കുന്നതിലെ യുക്തി മനസിലാകുന്നില്ല. ആദിവാസിയുടെയും ദളിതന്റെയുമെല്ലാം ക്ഷേമത്തിനും സംരക്ഷണത്തിനുമാണെന്നു പറഞ്ഞ് എത്ര വകുപ്പുകളും ഉദ്യോഗസ്ഥരും. എന്നിട്ടും വെള്ളന്‍മാര്‍ ബാക്കി. ആര്‍ക്കാണിവര്‍ നീതി കൊടുക്കുന്നത്, സംരക്ഷണം കൊടുക്കുന്നത്? നിലമ്പൂരില്‍ മാത്രമല്ല, കേരളത്തില്‍ ഇനിയുമുണ്ട് വെള്ളന്‍മാര്‍. അവരെ കണ്ടെത്താന്‍ ഈ ഉദ്യോഗസ്ഥന്‍മാര്‍ക്ക് കഴിയുമോ? ആദിവാസി കൂടി കൊടുക്കുന്ന നികുതിപ്പണം കൊണ്ടല്ലേ ഈ ഉദ്യോഗസ്ഥരുടെ ശമ്പളം കൊടുക്കുന്നത്. അപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ അവകാശത്തിന്റെ പേരിലെങ്കിലും ഇവരോട് ചോദ്യങ്ങള്‍ ചോദിക്കാമല്ലോ, പക്ഷേ എവിടെ മറുപടി? വെള്ളന്റെ അവസ്ഥ ഞങ്ങളുടെ കണ്ണില്‍പ്പെട്ടില്ലായിരുന്നെങ്കിലോ? കഴിഞ്ഞ 23 വര്‍ഷക്കാലമായി അങ്ങനെയൊരു മനുഷ്യ ജീവി ഉണ്ടെന്നു കണ്ടെത്താന്‍ കഴിയാത്ത ഉദ്യേഗസ്ഥര്‍ക്ക് ഇനി അവനെ കണ്ടെത്താന്‍ കഴിയുമായിരുന്നെന്നാണോ? ഒരിക്കലുമില്ല. ഒരു ദിവസം ഈ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്നതിന് ഒരു തെളിവുമില്ലാതെ വെള്ളന്‍ മരിച്ചു പോവുക മാത്രമായിരിക്കും സംഭവിക്കുമായിരുന്നത്….

ആദിവാസികള്‍ക്കായി കുറെ നിയമങ്ങളും അതൊക്കെ നടപ്പാക്കാന്‍ അതിലേറെ ഉദ്യോഗസ്ഥരുമുള്ള ഒരു നാട്ടിലാണ് പൊട്ടാടി അഥവ പൊട്ടനായി ഇപ്പോഴത്തെ വെള്ളന്‍ ഉള്ളത്. പ്രത്യക്ഷത്തില്‍ തന്നെ ഭരണഘടനപരമായ എല്ലാ അവകാശങ്ങളും നഷ്ടപ്പെട്ടായിരുന്നു ഇക്കാലമത്രയും വെള്ളന്‍ ജീവിച്ചിരുന്നുവെന്നു മനസിലാക്കിയിട്ടും അതിനെതിരേ ഒരു നപടിയും എടുക്കാതെ, വെള്ളന് ഒരു വിലയിട്ട് വീണ്ടുമയാളെ കൈവിട്ടു കൊടുത്തിരിക്കുകയാണ്. എട്ടു മണിക്കൂര്‍ ജോലിയെടുത്താല്‍ മിനിമം 280 രൂപ കൂലി കൊടുക്കേണ്ട കേരളത്തില്‍ വെള്ളന് വെറും നൂറു രൂപ(അതും ജോലി സമയത്തില്‍ ഒരുറപ്പുമില്ലാതിരിക്കുമ്പോള്‍ പോലും) കൂലി നിശ്ചയിച്ചതില്‍ പോലും നീതി കേടില്ലേ! അതോ ഒരാദിവസിക്ക് അത്രയൊക്കെ മതിയെന്നാണോ? ഒരുവന്റെ സന്തോഷം അളന്ന് നീതി നടപ്പാക്കാമെന്നും നമ്മുടെ നിയമ പുസ്തകങ്ങളില്‍ പറയുന്നുണ്ടോ? ഒരാള്‍ മറ്റൊരുവനെ തല്ലുമ്പോള്‍, തല്ലു കൊള്ളുന്നവന്‍ അതില്‍ സന്തോഷിക്കുകയാണെന്നു പറഞ്ഞ് തല്ലിയവനെതിരേ നടപടിയെടുക്കാതിരിക്കാം എന്നും നിയമത്തില്‍ പറയുന്നുണ്ടോ? ചിത്രയെ പോലുള്ളവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എന്തുത്തരമാണുള്ളത്? എന്തായാലും ഇത്രയും ചെയ്തതില്‍ സന്തോഷം തരുന്ന ഒരു കാര്യമെങ്കിലും ഉണ്ടല്ലോ എന്നോര്‍ത്ത് സമാധാനിക്കാം, പൊട്ടന്‍ എന്ന പേര് വെള്ളന്‍ എന്നാക്കി മാറ്റിയവര്‍…

ആള്‍ദൈവം ജഗ്ഗി വാസുദേവിനെ വിറപ്പിച്ച് ഒരു ആദിവാസി സ്ത്രീ; മുത്തമ്മയുടെ പോരാട്ടം മണ്ണിന് വേണ്ടി

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍