തന്റെ അവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കാനോ, ആരുടെയെങ്കിലും മുന്നില്‍ പരാതി പറയാനോ കഴിയാത്ത ഒരാദിവാസിയാണ് വെള്ളന്‍. വര്‍ഷങ്ങളോളം അയാളുടെ ‘ഉടമസ്ഥര്‍ക്കും’ നാട്ടുകാര്‍ക്കും പണിയെടുക്കാന്‍ മാത്രം അറിയാവുന്ന, വിശക്കുമ്പോള്‍ ആഹാരം ചോദിച്ചു വാങ്ങാന്‍ പോലും അറിയാത്ത വെറും പൊട്ടാടി മാത്രമായിരുന്നു അയാള്‍.
ആദിവാസിയുടെ അവകാശം അവന്റെ മരണശേഷം മാത്രം ഉയരേണ്ട ഒരു പ്രതിഷേധ ശബ്ദമാണോ? ഏറ്റവും ഒടുവിലായി അട്ടപ്പാടിയില്‍ മര്‍ദ്ദനമേറ്റു കൊല്ലപ്പെട്ട മധു എന്ന യുവാവില്‍ വരെ അത്തരമൊരു സമീപനമാണ് ഭരണകൂടത്തില്‍ നിന്നായാലും പൊതുസമൂഹത്തില്‍ നിന്നായാലും ഉണ്ടായിരിക്കുന്നത്. ഈ നിരയിലേക്ക് വെള്ളനേയും നമ്മള്‍ കൊണ്ടുവന്നു നിര്‍ത്തുമോ?
നവകേരളത്തിലെ ഒരു ‘ആദിവാസി അടിമ’ എന്ന തലക്കെട്ടില്‍ നിലമ്പൂര്‍ ചാലിയാര്‍ പെരുമ്പടവം കോളനിയിലെ പണിയ വിഭാഗത്തില്‍പ്പെട്ട ബധിരനും മൂകനുമായ പൊട്ടാടി അഥവ വെള്ളന്‍ എന്ന ആദിവാസി യുവാവിന്റെ ജീവിതം അഴിമുഖം എഴുതിയിരുന്നു. കാല്‍നൂറ്റാണ്ടിലേറെയായി നിലമ്പൂര്‍ എരഞ്ഞിമങ്ങാട് അകമ്പാടത്ത് ആമിന അച്ചുകൊമ്പന്റെ വീട്ടിലെ ജോലിക്കാരനായ വെള്ളനെക്കുറിച്ച്. 14 വയസ് പ്രായത്തില്‍ വീടുവിട്ടിറങ്ങി തങ്ങളുടെ വീട്ടിലെത്തിയ ആദിവാസി പയ്യന്‍ എന്ന് ആമിനയും കുടുംബവും പറയുന്ന വെള്ളന്‍ ഇക്കണ്ടകാലമത്രയും ആ വീട്ടില്‍ ഒരടമിയെ പോലെ പണിയെടുത്ത്, യാതൊരു അവകാശങ്ങളുമില്ലാതെ നരക തുല്യമായ ജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് കണ്ടെത്തിയത് ആദിവാസികള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തിവരുന്ന നീതി വേദിയുടെ പാര ലീഗല്‍ പ്രവര്‍ത്തകയായ എം ആര്‍ ചിത്രയുള്‍പ്പടെയുള്ളവരായിരുന്നു. മിണ്ടാനോ പറയാനോ കഴിയാത്ത വെള്ളനെ പൊട്ടാടി അഥവ പൊട്ടന്‍ എന്നായിരുന്നു ആമിനയും കുടുംബവും വിളിച്ചിരുന്നതെന്നും കന്നുകാലികളെ പരിപാലിക്കുന്നതുള്‍പ്പെടെ രാപ്പകല്‍ നീളുന്ന അദ്ധ്വാനത്തിന് ന്യായമായ കൂലിയോ ഭക്ഷണമോ വൃത്തിയുള്ള താമസൗകര്യമോ വെള്ളന് കിട്ടിയിരുന്നില്ലെന്നും ഇവര്‍ കണ്ടെത്തി, ഈ വിഷയം ഐടിഡിപി മുതല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ വരെ എത്തിച്ചപ്പോഴാണ് വെള്ളന്റെ ജീവിതത്തില്‍ ചെറുതെങ്കിലും ഒരു മാറ്റം ഉണ്ടാകുന്നത്. പൊലീസിന്റെ ഇടപെടലും വകുപ്പ് തല അന്വേഷണങ്ങളും വന്നപ്പോള്‍ വെള്ളന് വൃത്തിയുള്ള വസത്രവും പുതിയ താമസസൗകര്യവുമൊക്കെ ഒരുക്കാന്‍ ആമിനയുടെ കുടുംബം തയ്യാറായി.
നവകേരളത്തിലെ ഒരു ആദിവാസി അടിമ; അവന് വിളിപ്പേര് പൊട്ടാടി; ഞെട്ടിക്കും ഈ ജീവിത ചിത്രം
എന്നാല്‍ വെള്ളന് അയാള്‍ ചെയ്യുന്ന ജോലിക്ക് ന്യായമായ കൂലി കിട്ടണമെന്നും ഇക്കാലമത്രയും ചെയ്ത ജോലിയുടെ കുടിശ്ശിക തുക രൊക്കമായി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ചിത്രയുള്‍പ്പെടെയുള്ളവര്‍ ഭരണാധികാരികള്‍ക്കു മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്റെയും, ബന്ധപ്പെട്ട അധികാരികള്‍ നേരിട്ട് അന്വേഷണം നടത്തി ബോധ്യപ്പെട്ട കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ദിവസം നൂറു രൂപ എന്ന കണക്കില്‍ മാസം മൂവായിരം രൂപ വെള്ളന്റെയും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറുടേയും പേരിലുള്ള ജോയിന്റ് അകൗണ്ടില്‍ നിക്ഷേപിക്കണമെന്നും 1974 ലെ കേരള അഗ്രികള്‍ച്ചര്‍ ആക്ട് പ്രകാരവും മിനിമം വേജ് ആക്ടിന്റെ ഷെഡ്യൂള്‍ എംപ്ലോയ്‌മെന്റിന്റെ അടിസ്ഥാനത്തിലും കണക്കാക്കിയ കുടിശ്ശിക കൂലിയായ 723,327 രൂപ(ഇതുവരെ വീട്ടുകാര്‍ വെള്ളന് വേണ്ടി ഭക്ഷണം, താമസം, വെള്ളം, വെളിച്ചം, ചകിത്സ എന്നിവയില്‍ ചെലവാക്കിയ തുക ഇതില്‍ നിന്നും കിഴിയ്ക്കാം) ഇതേ ജോയിന്റ് അകൗണ്ടില്‍ നിക്ഷേപിക്കണമെന്നും നിലമ്പൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ 2017 ഫെബ്രുവരിയില്‍ ആമിനയുടെ കുടുംബത്തിന് നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍ ഈ നോട്ടീസ് അവഗണിക്കുകയായിരുന്നു ആമിനയുടെ കടുംബം. ഇതേ തുടര്‍ന്നാണ് എം ആര്‍ ചിത്ര ഈ വിഷയം ജില്ല കളക്ടറുടെ മുമ്പാകെ കൊണ്ടു ചെല്ലുന്നത്. 2017 ജൂലൈയില്‍ പരാതി പരിഗണിച്ചുകൊണ്ട് അസിസ്റ്റന്റ് ലേബര്‍ ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച തുക മൂന്നു മാസത്തിനകം നല്‍കാന്‍ 2017 നവംബറില്‍ ജില്ല കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി.
എന്നാല്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ജില്ല കളക്ടര്‍ നല്‍കിയ കര്‍ശന നിര്‍ദേശം, അഞ്ചു മാസത്തിനിപ്പുറവും നടപ്പാക്കപ്പെട്ടിട്ടില്ല. ഈക്കാര്യത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ അലംഭാവം കാണിക്കുന്നു എന്നിടത്താണ് ആദിവാസി ഉന്നമനം എന്നത് വെറും വാചകമടി മാത്രമാണെന്ന് തോന്നിപ്പോകുന്നത്.
തന്റെ അവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കാനോ, ആരുടെയെങ്കിലും മുന്നില്‍ പരാതി പറയാനോ കഴിയാത്ത ഒരാദിവാസിയാണ് വെള്ളന്‍. വര്‍ഷങ്ങളോളം അയാളുടെ ‘ഉടമസ്ഥര്‍ക്കും’ നാട്ടുകാര്‍ക്കും പണിയെടുക്കാന്‍ മാത്രം അറിയാവുന്ന, വിശക്കുമ്പോള്‍ ആഹാരം ചോദിച്ചു വാങ്ങാന്‍ പോലും അറിയാത്ത വെറും പൊട്ടാടി മാത്രമായിരുന്നു അയാള്‍. തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ഒരു മനുഷ്യന്‍ ഈ വിധം ക്ലേശം അനുഭവിക്കുന്നത് കണ്ടാണ് ചിത്രയെ പോലുള്ളവര്‍ ഈ വിഷയത്തില്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയത്. അദിവാസികള്‍ക്കു വേണ്ടിയെന്നു പറഞ്ഞ് ഉണ്ടാക്കിയിരിക്കുന്ന വകുപ്പുകളും സ്ഥാപനങ്ങളും അവിടുത്തെ ഉദ്യോഗസ്ഥര്‍ക്കും ആദിവാസിയുടെ കാര്യം മാത്രം നോക്കാന്‍ നേരമില്ലാതെ വരുമ്പോഴാണ് വെള്ളനെ പോലുള്ളവര്‍ക്ക് ന്യായം കിട്ടാതെ പോവുകയും ആദിവാസിയെ അടിമ പണി ചെയ്യിക്കാന്‍ ഇക്കാലത്തും കഴിയുമെന്ന് ധാര്‍ഷ്ഠ്യം കാണിക്കുന്നവര്‍ക്ക് ഒരു ശിക്ഷയും ഏല്‍ക്കാതെ മുന്നോട്ടു പോകാന്‍ കഴിയുന്നതും. വെള്ളന്റെ കൂലി കുടിശ്ശിക തുക കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടുപോലും അയാള്‍ക്ക് ലഭിക്കുന്നില്ല. അതില്‍ വേണ്ട നടപടിയെടുക്കേണ്ടവരാകട്ടെ, ഓരോരോ ന്യായം പറഞ്ഞ് ഒഴിഞ്ഞു മാറുകയും ചെയ്യുന്നു; ചിത്രയുടെ പരാതി.
വലിയ തൊഴിലാളി സമരങ്ങള്‍ കണ്ട നാടല്ലേ കേരളം. ഇവിടുത്തെ തൊഴിലാളി യൂണിയനുകളുടെ കരുത്ത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ചെയ്യുന്ന ജോലിക്ക് ന്യായമായ കൂലി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. വെള്ളനു പക്ഷേ ഒരു യൂണിയനുമില്ല, അവകാശങ്ങള്‍ പറയാനും അറിയില്ല, എല്ലാത്തിനും ഉപരി അയാളൊരു ആദിവാസി ആയിപ്പോയില്ലേ… ആദിവാസികളുടെ അവകാശത്തിനു വേണ്ടി പറയാന്‍ അവന്‍ മാത്രമല്ലേ ഉള്ളൂ…അല്ലെങ്കില്‍ തന്നെ ആദിവാസിക്ക് എന്ത് അവകാശം എന്നല്ലേ മറ്റുള്ളവര്‍ ചോദിക്കുന്നത്? ഇന്നിപ്പോള്‍ വെള്ളന് ആരോഗ്യമുണ്ട്. നാളെയോ? അയാള്‍ തളരും. എവിടെയെങ്കിലും വീണുപോകും. അപ്പോള്‍ എന്താകും അയാളുടെ സ്ഥിതി? ഇപ്പോള്‍ മകനെപ്പോലെയാണെന്നു പറയുന്നവര്‍ അന്നും നോക്കുമോ? വിശന്നാല്‍ ആരയാള്‍ക്ക് ഭക്ഷണം കൊടുക്കും. വിശന്നു പൊരിഞ്ഞ് എന്തെങ്കിലും ഒരു സാധനം എടുത്തുപോയാല്‍ കള്ളനെന്നു വിളിച്ചു കൂട്ടം കൂടി വന്ന് തല്ലിക്കൊല്ലാന്‍ ആളുണ്ടാവും. പക്ഷേ, ആദിവാസിയുടെ വിശപ്പ് മനസിലാക്കാന്‍ ആരും ഉണ്ടാവില്ല. ഇന്നലെ മധുവിന് സംഭവിച്ചതുപോലെ നാളെ വെള്ളനും സംഭവിക്കാം. അപ്പോള്‍ പലരും പ്രതിഷേധിക്കാനും പണം കൊടുക്കാനുമൊക്കെ കാണും. ഔദാര്യമല്ല, ഭിക്ഷയുമല്ല ചോദിക്കുന്നത്, ചെയ്ത ജോലിയുടെ കൂലിയാണ്. അതെന്തുകൊണ്ടാണ് കൊടുക്കാത്തത്? നിങ്ങള്‍ക്കുള്ള ആദിവാസി സ്‌നേഹം കലര്‍പ്പില്ലാത്തതാണെങ്കില്‍ ഇവിടുത്തെ ഐടിഡിപിയോട് ചോദിക്ക് എന്തുകൊണ്ട് വെള്ളന് കൂലിക്കുടിശ്ശിക കൊടുക്കുന്നില്ലെന്ന്? കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും പണം നിക്ഷേപിക്കാത്ത വീട്ടുകാര്‍ക്കെതിരേ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന്? ഇതേ ചോദ്യങ്ങള്‍ വകുപ്പ് മന്ത്രിയോട് വരെ ചോദിക്കാം. എന്തെങ്കിലും ചെയ്യുന്നെങ്കില്‍ ഇപ്പോള്‍ ചെയ്യണം, നാളെ വെള്ളനും മറ്റൊരു മധു ആയി മാറാന്‍ കാത്തുനിന്നിട്ടാവരുത്; ചിത്രയുടെ വാക്കുകളാണ്.
2017 ജൂലൈ മാസത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനമപ്രകാരം വെള്ളന് ദിവസ വേതനമായി നൂറു രൂപ (ആഹാരം, വസ്ത്രം, താമസം എന്നിവ നല്‍കുന്നതിനാലാണ് കൂലി 100 രൂപയായി നിശ്ചയിച്ചത്) വെള്ളന്റെയും നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറുടെയും സംയുക്ത അകൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ആമിനയുടെ വീട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയതിനാല്‍ നിലമ്പൂര്‍ എസ് ബി ഐ ബ്രാഞ്ചില്‍ 2017 ഓഗസ്റ്റ് മുതല്‍ മാസം മൂവായിരം രൂപ പ്രസ്തുത സംയുക്ത അകൗണ്ടില്‍ നിക്ഷേപിക്കുന്നുണ്ട്. നിലവില്‍ ഈ അകൗണ്ടില്‍ 9,022 രൂപ ഉണ്ടെന്ന് ഐടിഡിപി പ്രൊജക്ട് ഓഫിസര്‍ പറയുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ എട്ടുവര്‍ഷത്തെ കൂലി കുടിശ്ശികയായ 723,327 രൂപ ഈ അകൗണ്ടില്‍ തൊഴിലുടമയായ ആമിന അച്ചുകൊമ്പന്‍ നിക്ഷേപിച്ചിട്ടില്ല. ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്നും ബധിരനും മൂകനുമായ വെള്ളന് ചെറുപ്രായത്തില്‍ തങ്ങള്‍ അഭയം നല്‍കുകായിയിരുന്നുവെന്നും ഇയാളെ കൊണ്ട് അടിമ പണി ചെയ്യിക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും ചെറിയ ജോലികള്‍ ചെയ്ത് തങ്ങളെ സഹായിക്കുക മാത്രമാണ് വെള്ളന്‍ ചെയ്യുന്നതെന്നുമാണ് ആമിനയുടെ മകള്‍ ലൈല പറയുന്നത്.
നിശ്ചയിച്ച തുക നല്‍കാന്‍ കഴിയില്ലെന്ന തൊഴിലുടമയുടെ വാദം അംഗീകരിച്ച് ഇക്കാലമത്രയും വെള്ളന് വേണ്ടി ചെലവഴിച്ച തുക കറവ് വരുത്തി കുടിശ്ശിക നിശ്ചയിക്കാമെന്ന് ലേബര്‍ ഓഫിസ് അറിയിച്ചെങ്കിലും ആമിനയോ വീട്ടുകാരോ ഹാജരായില്ല. അതേ തുടര്‍ന്ന് ചെലുകള്‍ ഒന്നും കുറയ്ക്കാതെ തന്നെ ആദ്യം നിശ്ചയിച്ചപ്രകാരമുള്ള തുകയായ 7,02,372 രൂപ തന്നെ വെള്ളന്റെ അകൗണ്ടില്‍ നിക്ഷേപിക്കാനാണ് ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ അറിയിച്ചത്. എന്നാല്‍ അറിവില്ലായ്മ കാരണമാണ് ഹാജരാകാതിരുന്നതെന്നും വെള്ളനുവേണ്ടി തങ്ങള്‍ ഇതുവരെ ചെലവഴിച്ച തുക കണക്കാക്കി കുറവ് ചെയ്യുന്നതിന് ഒരു അവസരം കൂടി അനുവദിക്കണമെന്നുമുള്ള ആമിനയുടെ അപേക്ഷ ലേബര്‍ ഓഫിസര്‍ പിന്നീട് സ്വീകരിക്കുകയാണുണ്ടായത്. ചെലവായ തുക എത്രയാണെങ്കിലും അവ കിഴിച്ച് ബാക്കി തുക 2018 ഫെബ്രുവരി 14 ന് അകം കൊടുക്കണമെന്നായിരുന്നു നിര്‍ദേശം. ആ നിര്‍ദേശമാണ് ഇതുവരെ നടപ്പാക്കാത്തത്.
ഐടിഡിപി പ്രൊജക്ടര്‍ ഓഫിസറോട് ഇതേക്കുറിച്ച് തിരക്കുമ്പോള്‍ ആ വീട്ടുകാര്‍ ഇതുവരെ പണം നിക്ഷേപിച്ചിട്ടില്ലെന്ന മറുപടിയാണ്. പണം നല്‍കിയില്ലെങ്കില്‍ റവന്യു റക്കവറി നടത്തുമെന്നായിരുന്നല്ലോ തീരുമാനം. അതിന്‍പ്രകാരം എന്തെങ്കിലും നടപടിയോ അതിനുള്ള നീക്കമോ നടത്തിയിട്ടുണ്ടോയെന്ന് ചോദിക്കുമ്പോള്‍ കളക്ടര്‍ വീണ്ടും തൊഴിലുടമയയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് പ്രൊജക്ട് ഓഫിസര്‍ക്ക് പറയാനുള്ളത്. എന്ന് നോട്ടീസ് അയച്ചെന്നോ, ഇനിയും യോഗം വിളിച്ചിട്ടുണ്ടോയെന്നോ ഒന്നും തനിക്ക് അറിയില്ലെന്നും പറഞ്ഞ് സംസാരം അവസാനിപ്പിക്കുകയാണ് നിലമ്പൂര്‍ ഐടിഡിപി പ്രൊജക്ട് ഓഫിസര്‍ ചെയ്തത്.
25 വര്‍ഷത്തോളം ഈ ആദിവാസി യുവാവ് ജോലി ചെയ്തിട്ടും അര്‍ഹമായ കൂലി കിട്ടിയിരുന്നില്ലെന്ന് ലേബര്‍ ഓഫിസ് തന്നെ അന്വേഷിച്ച് കണ്ടെത്തിയ കാര്യമായിട്ടും വെള്ളന്‍ ആ വീട്ടില്‍ അടിമ പണിയെടുക്കുകയല്ലായിരുന്നുവെന്നു വാദിക്കുന്നവര്‍ക്ക് പിന്തുണ കൊടുക്കാനാണ് ഐടിഡിപി ഉദ്യോഗസ്ഥരും പൊലീസുമെല്ലാം ശ്രമിക്കുന്നതെന്നു ചിത്ര ആരോപിക്കുന്നു. വെള്ളന്‍ ആമിനയുടയും കുടുംബത്തിന്റെയും കൂടെ വളരെയേറെ വര്‍ഷമായി താമസിച്ചു വരുന്നതിനാല്‍ വെള്ളന് ആ കുടുംബവുമായി മാനസിക അടിമത്തം ഉണ്ടായിരിക്കാമെന്നതാണ് ഐടിഡിപി പ്രൊജക്ട് ഓഫിസര്‍ പറയുന്നത്. കൊല്ലങ്ങളോളം ഒരു മനുഷ്യനെ മൃഗത്തെപ്പോലെ പണിയെടുപ്പിക്കുകയും ഒരവാകശങ്ങളും നല്‍കാതെ മനുഷ്യനായി പോലും പരിഗണിക്കാതെ നരകിപ്പിച്ച കേസാണിത്. എസ് ടി അട്രോസിറ്റി വകുപ്പ് പ്രകാരം കേസ് എടുക്കേണ്ട വിഷയം. അതിനൊന്നും മുതിരാതെ, മാനസിക അടിമത്തം എന്നൊക്കെ പറഞ്ഞ് ഈ വിഷയം നിസ്സാരവത്കരിക്കുന്ന ആദിവാസി വകുപ്പ് ഉദ്യോഗസ്ഥരെ എന്താണ് പറയേണ്ടത്? ഇതേ നിലപാട് തന്നെയാണ് പൊലീസിനും. ആദിവാസികളുടെ പ്രശ്‌നം തീര്‍ക്കല്ല ഞങ്ങളുടെ പണിയെന്നാണ് പൊലീസ് പറയുന്നത്. അതൊക്കെ ഐടിഡിപിയുടെ ജോലിയാണെന്ന്. ഐഡിടിപിക്കാര്‍ പറയുന്നത് ഇത്തരം കേസുകളൊക്കെ പൊലീസാണ് കൈകാര്യം ചെയ്യേണ്ടതെന്നും. ഇവര്‍ക്കിങ്ങനെ തട്ടിക്കളിക്കാനുള്ളതാണോ ആദിവാസിയുടെ ജീവിതം? ചിത്ര ചോദിക്കുന്നു.
വെള്ളന്റെ വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും ദേശീയ മനുഷ്യാവകാശ കമ്മിഷനുമൊക്കെ ഞാന്‍ പരാതി അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും വിഷയത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശവും വന്നു. എന്നാല്‍ വെള്ളന്‍ എന്ന ആദിവാസി യുവാവ് ഒരുതരത്തിലുള്ള തൊഴില്‍ ചൂഷണത്തിനോ അടിമത്വത്തിനോ വിധേയമായിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് ബന്ധപ്പെട്ട ഓഫിസുകളില്‍ നിന്നെല്ലാം ഉണ്ടാകുന്നത്. പഞ്ചായത്ത് പ്രസിന്റിന്റെ ബന്ധുവാണ് ആമിന. രാഷ്ട്രീയമായി നല്ല ബന്ധമുള്ളവര്‍. അവര്‍ക്ക് എങ്ങനെയൊക്കെ രക്ഷപ്പെടണമെന്നറിയാം. വെള്ളന് ആ വീട്ടില്‍ നില്‍ക്കാനാണ് ഇഷ്ടമെന്നും മറ്റെങ്ങോട്ടും പോകാന്‍ ഇഷ്ടമല്ലെന്നുമാണ് എല്ലാവരും പറയുന്ന കാരണം. എന്റെ പരാതിപ്രകാരം അന്വേഷണം നടത്തിയിട്ട് പെരിന്തല്‍മണ്ണ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറയുന്നതും വെള്ളനെ അടിമപ്പണി ചെയ്യിക്കുന്നുവെന്ന പരാതിയില്‍ വാസ്തവമില്ലെന്നാണ്. ആമിനയുടെ കുടുംബത്തിന് അനുകൂലമായ നിലപാടാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലും ഉള്ളത്.
വെള്ളന് ആമിനയുടെ വീട്ടില്‍ നില്‍ക്കാനാണ് ഇഷ്ടമെങ്കില്‍ അവിടെ നില്‍ക്കട്ടെ. ഒരാളും അയാളെ അവിടെ നിന്നും മാറ്റണമെന്ന് നിര്‍ബന്ധിക്കുന്നില്ല. ഞങ്ങളുടെ ആവശ്യം വെള്ളന് ചെയ്യുന്ന ജോലിക്ക് കൃത്യമായ കൂലി കിട്ടണം. കുടിശ്ശികയിനത്തില്‍ കൊടുക്കാനുള്ള തുക നല്‍കണം. ഏഴുലക്ഷം കൊടുക്കാന്‍ ഇല്ലെങ്കില്‍, ഇതുവരെ വെള്ളന് വേണ്ടി ചെലവാക്കിയ പണം കിഴിച്ച് ബാക്കി കൊടുക്കണം. പണം അല്ലെങ്കില്‍ വെള്ളന്റെ തൊഴിലുടമയായ ആമിനയുടെ ഭൂസ്വത്തില്‍ നിന്നും മൂന്ന് സെന്റ് വസ്തുവെങ്കിലും വെള്ളന്റെ പേരില്‍ എഴുതി വയ്ക്കുക. ഇക്കാര്യങ്ങള്‍ നിയമപരമായി തന്നെ ചെയ്യാന്‍ ആമിനയുടെ കുടുംബത്തിനു മേല്‍ നിര്‍ദേശം ഉണ്ട്. പക്ഷേ, ആ നിര്‍ദേശം പാലിക്കപ്പെടുന്നില്ല. പാലിക്കപ്പെടാതിരുന്നിട്ടും അവരുടെ മേല്‍ നടപടി വരുന്നില്ല. നാളെ വെള്ളന്‍ പ്രായമാകും, ജോലി ചെയ്യാന്‍ കഴിയാതെ ആകും. അന്ന് അയാളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കുക? ഏതെങ്കിലും വൃദ്ധസദനത്തില്‍ ആക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അവര്‍ക്കിതൊക്കെ നിസാരമായ കാര്യം. പക്ഷേ, ആ മിണ്ടാപ്രാണിയെ കുറിച്ച് ഒന്നാലോചിച്ചു നോക്കു, ആരോഗ്യമുള്ള കാലത്തോളം കഠിനമായി അദ്ധ്വാനിച്ചു, ഒടുവില്‍ ഏതോ ഒരു വൃദ്ധസദനത്തിലേക്ക്? അവസാനകാലത്ത് അയാളെ ബന്ധുക്കളെങ്കിലും പരിചരിക്കണമെങ്കില്‍ ഇപ്പോള്‍ ഒരു തുകയോ ഭൂമിയോ വെള്ളന്റെ പേരില്‍ ഉണ്ടെങ്കില്‍ ഉപകാരപ്പെടും. അതുമില്ലെങ്കില്‍ ആരും കാണില്ല. ജീവിതത്തില്‍ ഒരു സുഖവും സന്തോഷവും അനുഭവിക്കാതെ വെളളന്‍ മരിക്കേണ്ടി വരും. ഒരു ആദിവാസി ആയിപ്പോയതുകൊണ്ടു മാത്രം; ചിത്ര പറയുന്നു.