UPDATES

ജാതിയധിക്ഷേപം മാത്രമല്ല, സ്‌കൂളിന്റെ നിലവാരം തകരുമെന്ന് പറഞ്ഞ് ആദിവാസി കുട്ടികള്‍ക്ക് പ്രവേശനവും നിഷേധിച്ചതായി പരാതി

നിലമ്പൂര്‍ ചുങ്കത്തറ എം.പി.എം. സ്‌കൂള്‍ അധികൃതരാണ് പത്താം ക്ലാസ്സിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കാനാകില്ലെന്ന് പറഞ്ഞ് തിരികെയയച്ചത്

സ്‌കൂളിന്റെ നിലവാരം തകരുമെന്ന് പറഞ്ഞ് ആദിവാസിക്കുട്ടികള്‍ക്ക് സ്‌കൂളില്‍ വിലക്ക്. നിലമ്പൂര്‍ ചുങ്കത്തറ എം.പി.എം സ്‌കൂള്‍ അധികൃതരാണ് പത്താം ക്ലാസ്സിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കാനാകില്ലെന്ന് പറഞ്ഞ് തിരികെയയച്ചത്. ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയ ആദിവാസിക്കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയാല്‍ അത് സ്‌കൂളിലെ വിജയശതമാനത്തെ ബാധിക്കുമെന്നും നിലവാരത്തകര്‍ച്ചയുണ്ടാവുമെന്ന് ഭയന്നിട്ടുമാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് ആരോപണം. പണിയ വിഭാഗക്കാരായ കുട്ടികള്‍ മുമ്പ് പല വര്‍ഷങ്ങളിലായി പഠനം ഉപേക്ഷിച്ച് പോയവരാണ്. മഹിള സമഖ്യ പ്രവര്‍ത്തകരുടെ നിരന്തര ബോധവത്കരണത്തിനും സമ്മര്‍ദ്ദത്തിനുമൊടുവിലാണ് ഇവര്‍ പഠിക്കാന്‍ തയ്യാറായെത്തിയത്. കുട്ടികളെ പഠിപ്പിക്കണമെങ്കില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നോ പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്നോ സ്‌പെഷല്‍ ഓര്‍ഡര്‍ വേണമെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്.

‘മാസങ്ങളോളം ആദിവാസി ഊരുകള്‍ കയറിയിറങ്ങി കുട്ടികളേയും രക്ഷിതാക്കളേയും നേരിട്ട് കണ്ട് അപേക്ഷിച്ചും, ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചുമാണ് കുട്ടികളെ സ്‌കൂളില്‍ വരാന്‍ തയ്യാറാക്കിയത്. ഒമ്പത് കുട്ടികളാണ് തിരികെ സ്‌കൂളില്‍ വരാന്‍ സമ്മതമറിയിച്ചത്. നാല് കുട്ടികളെ ഒമ്പതാം ക്ലാസ്സിലേക്കും അഞ്ച് കുട്ടികളെ പത്താം ക്ലാസ്സിലേക്കുമാണ് ചേര്‍ക്കേണ്ടിയിരുന്നത്. മറ്റ് സ്‌കൂളുകള്‍ ഇല്ലാത്തതിനാലും, ചുങ്കത്തറ സ്‌കൂളില്‍ പഠിക്കാന്‍ കുട്ടികള്‍ താത്പര്യം കാണിച്ചതിനാലുമാണ് ഈ സ്‌കൂളിലെത്തിയത്. ഇക്കാര്യമറിയിച്ച് വിളിച്ചപ്പോള്‍ പോലും ഹെഡ്മാസ്റ്റര്‍ നല്ല രീതിയിലല്ല പ്രതികരിച്ചത്. കുട്ടികളുമായി സ്‌കൂളിലെത്തിയപ്പോള്‍ ഒമ്പതാം ക്ലാസ്സിലെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാം. എന്നാല്‍ സ്‌കൂളിന്റെ നല്ലതിനായി പത്താം ക്ലാസ്സിലേക്ക് ഇവരെ എടുക്കില്ല എന്നാണ് മറുപടി ലഭിച്ചത്. പഠനം നിര്‍ത്തിപ്പോവുന്ന ആദിവാസി കുട്ടികളെ തിരികെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ മുമ്പ് പഠിച്ചിരുന്ന സ്കൂളില്‍ നിന്നുള്ള ടി.സി പോലും നേരിട്ട് ഹാജരാക്കേണ്ടതില്ല എന്ന നിര്‍ദ്ദേശമാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. എങ്ങനേയും ആദിവാസി വിഭാഗങ്ങളെക്കൂടി പൊതുവിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ മുന്നോട്ട് പോവുമ്പോഴാണ് സ്‌കൂള്‍ അധികൃതരുടെ ഈ നടപടി. പത്താം ക്ലാസ്സിലേക്ക് കുട്ടികളെ ചേര്‍ക്കുന്ന കാര്യം സ്‌പെഷ്യല്‍ ഓര്‍ഡറില്ലാതെ പരിഗണിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പ്രധാനാധ്യാപകനും സ്‌കൂള്‍ അധികൃതരും. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പില്‍ അറിയിച്ചിട്ടുണ്ട്. മറുപടി ലഭിച്ചിട്ടില്ല.‘ മഹിളാ സമഖ്യ പ്രവര്‍ത്തകയായ ആയിഷ പറഞ്ഞു.

ഇതിനിടെ ഇതേ സ്‌കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പ്രവേശിപ്പിക്കാനായി മഹിളാ സമഖ്യ പ്രവര്‍ത്തകര്‍ ഹാജരാക്കിയ നാല് കുട്ടികളെ ജാതീയ അധിക്ഷേപത്തിന്റെ പരിധിയില്‍ വരുന്ന തരത്തില്‍ അവഹേളിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ ഓഡിയോക്ലിപ്പ് യഥാര്‍ഥമാണെന്ന് മഹിളാ സമഖ്യ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. തങ്ങള്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനായി കൊണ്ടുപോയ ദിവസം ഉണ്ടായ സംസാരമാണ് അതിലുള്ളതെന്നും അവര്‍ പറയുന്നു. ‘ഒമ്പതാം ക്ലാസ്സിലേക്കുള്ള നാല് കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കാമെന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ തുറന്ന് അഞ്ചാമത്തെ പ്രവൃത്തി ദിവസം ഞങ്ങള്‍ കുട്ടികളുമായി സ്‌കൂളിലെത്തുന്നത്. എന്നാല്‍ അവിടെ വച്ച് കുട്ടികള്‍ നേരിടേണ്ടി വന്നത് സാധാരണ കുട്ടികള്‍ക്കോ മുതിര്‍ന്നവര്‍ക്കോ പോലും സഹിക്കാനാവാത്ത അവഹേളനമാണ്. അക്ഷരമറിയാവോ എന്നു നോക്കട്ടെ എന്ന് പറഞ്ഞാണ് സാറ് അവരെ സ്വീകരിക്കുന്നത് തന്നെ. ആദിവാസിക്കുട്ടികള്‍ യഥാര്‍ഥ മലയാളം പോലും സംസാരിക്കുന്നവരല്ല. അവര്‍ക്ക് പഠനത്തില്‍ അവരുടേതായ പ്രശ്‌നങ്ങള്‍ കാണും. അവര്‍ വളരുന്ന സാഹചര്യം പഠനത്തെ സഹായിക്കുന്നതല്ല. സ്‌കൂളില്‍ നിന്നുള്ള പിന്തുണയും പ്രോത്സാഹനവുമുണ്ടെങ്കില്‍ പഠിക്കാന്‍ കഴിവുള്ളവരാണവര്‍. പക്ഷെ അത്തരത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ഇത്തരക്കാരെ സ്‌കൂളില്‍ ചേര്‍ത്താല്‍ സ്‌കൂളിന്റെ നിലവാരത്തെ അത് ബാധിക്കുമെന്ന് കുട്ടികളെയും മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് സാറ് പറഞ്ഞത്. എന്റെ പേര് എന്ന് തുടങ്ങുന്ന വാക്യം എഴുതാന്‍ പോലും ഈ കുട്ടികളില്‍ ചിലര്‍ക്ക് അറിയില്ല എന്നത് സത്യമാണ്. പക്ഷെ അതുംകൂടി പഠിക്കാനാണല്ലോ ഇവരെ വീണ്ടും സ്‌കൂളിലേക്ക് നമ്മള്‍ എത്തിക്കുന്നത്. ഒമ്പതാം ക്ലാസ്സില്‍ പഠിക്കേണ്ട വിഷയങ്ങളുടെ ബാഹുല്യത്തെക്കുറിച്ച് പറഞ്ഞ ആ അധ്യാപകന്‍, സ്‌കൂളിലെ മറ്റ് കുട്ടികള്‍ക്ക് ഉത്തരവാദിത്തത്തോടെ പാഠങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ഈ കുട്ടികളെ അക്ഷരം പഠിപ്പിച്ചുകൊണ്ടിരിക്കാന്‍ അധ്യാപകര്‍ക്ക് ബുദ്ധിമുട്ടാണെന്നും പറഞ്ഞു.

പക്ഷെ ഞങ്ങളെയും കുട്ടികളെയും വേദനിപ്പിച്ചത് അതൊന്നുമല്ല. ട്രൈബല്‍ ഏരിയയില്‍ നിന്ന് വരുന്ന കുട്ടികളാണ് ഇവര്‍, അവര്‍ക്ക് പല രോഗങ്ങളും വരും, അങ്ങനെയുള്ളവരെ മറ്റ് കുട്ടികള്‍ക്കൊപ്പം ഇരുത്തിയാല്‍ അവര്‍ക്ക് രോഗം വന്നാല്‍ ആര് സമാധാനം പറയുമെന്നാണ് ഞങ്ങളോട് ചോദിച്ചത്. ഹാന്‍സും മറ്റ് ലഹരികളും ഉപയോഗിക്കുന്നവരാണിവര്‍. അവര്‍ സ്‌കൂളില്‍ കുഴപ്പങ്ങളുണ്ടാക്കിയാല്‍ ആര് ഉത്തരവാദിത്തമേറ്റെടുക്കുമെന്നും ചോദിച്ചു. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ മഹിളാ സമഖ്യ പ്രവര്‍ത്തകര്‍ തന്നെ പലയിടത്തും കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിലൊന്നും ആദിവാസികളോ പട്ടികജാതി വിഭാഗങ്ങളിലെ കുട്ടികളോ ഇല്ലായിരുന്നു എന്നതാണ് വസ്തുത. ഞങ്ങള്‍ ആ കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം കയര്‍ക്കുകയാണ് ചെയ്തത്.

‘ഈ തടിയന്‍ ചെറുക്കന്‍’ എന്നാണ് അദ്ദേഹം ഒരു കുട്ടിയെ വിശേഷിപ്പിച്ചത്. 15-ഉം 16-ഉം 17-ഉം വയസ്സുള്ളവരാണ് ആ കുട്ടികള്‍. അതിന്റേതായ ശാരീരിക വലിപ്പവും ഉണ്ടാവും. ‘അവനെയൊക്കെ’ ക്ലാസ്സിലെ 13-ഉം 14-ഉം വയസ്സുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ എങ്ങനെയിരുത്തുമെന്നും ഹെഡ്മാസ്റ്റര്‍ ഞങ്ങളോട് ചോദിച്ചു. ഒരിക്കല്‍ പഠനമുപേക്ഷിച്ച് പോയവരാണ്. ജനന സര്‍ട്ടിഫിക്കറ്റ് പോലും വാങ്ങാതെ അങ്ങനെയുള്ള കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അധ്യാപകന്‍ അവരെ പ്രായവും ശാരീരിക വളര്‍ച്ചയും പറഞ്ഞ് അപമാനിക്കുകയായിരുന്നു. അക്ഷരമെഴുതാനറിയുമോയെന്നറിയാന്‍ സാറ് നടത്തിയ ശ്രമങ്ങള്‍ മറ്റെപ്പോഴെങ്കിലും സ്വകാര്യമായെങ്കിലും ആവാമായിരുന്നു. ഞങ്ങളുടേയും, സ്‌കൂളിലെ മറ്റ് സ്റ്റാഫുകളുടെയും മുന്നില്‍ വച്ചുള്ള അധിക്ഷേപത്തില്‍ മനസ്സ് വിഷമിച്ചാണ് ആ കുട്ടികള്‍ തിരികെ പോന്നത്. ഉത്തരവാദിത്തമുള്ള ഒരു അധ്യാപകനില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രതികരണമല്ല അവിടെ നിന്ന് കുട്ടികള്‍ക്കും ഞങ്ങള്‍ക്കും ലഭിച്ചത്.’ മഹിളാ സമഖ്യ പ്രവര്‍ത്തകയായ ഫസീല പറഞ്ഞു.

പിന്നീട് ഈ നാല് കുട്ടികളേയും സ്‌കൂളില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ‘മറ്റ് സ്‌കൂളില്‍ ചെയ്ത അഭ്യാസമൊന്നും ഇവിടെ നടക്കില്ല’ എന്ന് പറഞ്ഞാണ് ബുധനാഴ്ച ഇവരെ ക്ലാസ്സിലിരുത്തിയതെന്ന് കുട്ടികള്‍ പറഞ്ഞതായി മഹിളാ സമഖ്യ പ്രവര്‍ത്തകര്‍ പറയുന്നു. പുസ്തകവും യൂണിഫോമും കുട്ടികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെങ്കിലും സ്‌കൂളില്‍ നിന്ന് ലഭിക്കുന്നത് അത്ര നല്ല പ്രതികരണമല്ല എന്ന് കുട്ടികള്‍ പറഞ്ഞതായും അവര്‍ പറഞ്ഞു.

എന്നാല്‍ കുട്ടികളുടെ ഉത്തരവാദിത്തമേറ്റെടുത്ത് സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓര്‍ഡര്‍ നല്‍കിയാല്‍ പത്താം ക്ലാസ്സിലേക്കുള്ള കുട്ടികളെ സ്‌കൂളിലെടുക്കാന്‍ തനിക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളുമില്ലെന്ന് ഹെഡ്മാസ്റ്റര്‍ വില്‍സണ്‍ ഡാനിയേല്‍ പറഞ്ഞു. നാല് കുട്ടികളോട് താന്‍ പറഞ്ഞ കാര്യങ്ങള്‍ ജാതിയധിക്ഷേപമായി കണക്കാക്കരുതെന്നും അത് ആ കുട്ടികളുടേയും സ്‌കൂളിലെ മറ്റ് കുട്ടികളുടെയും സ്‌കൂളിന്റേയും നല്ല ഭാവിക്കായി പറഞ്ഞതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ‘അഞ്ചാമത്തെ പ്രവൃത്തി ദിവസം വൈകിട്ട് 4.30 ആയപ്പോള്‍ രണ്ട് സ്ത്രീകളും കുറച്ച് കുട്ടികളുമായി വന്ന് എന്നെ കാണണമെന്ന് പറഞ്ഞു. പുതിയ അഡ്മിഷനായിട്ട് വന്നതാണെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞങ്ങളോട് ചോദിക്കാതെയാണല്ലോ നിങ്ങള്‍ ടി.സിയുമായി വന്നിരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അന്വേഷിച്ചപ്പോള്‍ ഏഴ് കിലോമീറ്ററകലെയുള്ള കുറമ്പലങ്കോട് എന്ന സ്ഥലത്തുനിന്നാണ് അവര്‍ വരുന്നത്. അവിടെ നിന്ന് ഈ സ്‌കൂളിലേക്കുള്ള ദൂരത്തിനിടയില്‍ വേറെ സ്‌കൂളുകളുണ്ട്. അവിടെ ചേര്‍ക്കാതെ എം.പി.എമ്മിലേക്ക് വന്നതെന്താണെന്ന് ഞാന്‍ തിരക്കി. കുട്ടികള്‍ക്ക് ഇവിടെ പഠിച്ചാല്‍ മതിയെന്നായിരുന്നു അവരുടെ വിശദീകരണം. ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ അഡ്മിഷന്‍ എടുക്കാം. പത്താം ക്ലാസിലേക്ക് പുതിയ പ്രവേശനം വേണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ മുമ്പേ തീരുമാനിച്ചിരുന്നതാണ്. കാരണം പല സ്‌കൂളുകളിലും തഴഞ്ഞ കുട്ടികളായിരിക്കും അങ്ങനെ പത്താം ക്ലാസ്സിലേക്ക് പ്രവേശനം ചോദിച്ച് വരുന്നത്. അത് വിജയഫലത്തേയും ബാധിക്കും. മുന്‍വര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് അത്തരത്തില്‍ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ആറാമത്തെ പ്രവൃത്തി ദിവസം സ്‌കൂളില്‍ വന്നാല്‍ ഒമ്പതാം ക്ലാസ്സിലേക്കുള്ള കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാമെന്ന് ഞാന്‍ ഉറപ്പ് നല്‍കുകയും ചെയ്തു. പക്ഷെ അവര്‍ വന്നില്ല. പിന്നെ കഴിഞ്ഞ ദിവസമാണ് അവര്‍ സ്‌കൂളിലേക്ക് വരുന്നത്. ഒമ്പതാം ക്ലാസ്സിലെ കുട്ടികളെപ്പോലെയൊന്നുമല്ല. വലിയ തടിമാടന്‍ പിള്ളേരേം കൊണ്ട് ടി.സിയുമായി വന്നു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ കത്തുമുണ്ടായിരുന്നു. അവര്‍ക്ക് അഡ്മിഷന്‍ നല്‍കി. നിബിന്‍, സുരേഷ്, അതുല്‍കൃഷ്ണ, സുരേഷ് എന്നിവരെയാണ് ഒമ്പതാം ക്ലാസിലേക്ക് പുതുതായി എടുത്തത്.

എരുമുണ്ട സ്‌കൂളും മാര്‍ത്തോമ സ്‌കൂളും വേണ്ടെന്ന് വച്ചിട്ടാണ് അവര്‍ ഇവിടെ വരുന്നത്. അത് എന്തിനാണെന്ന് എനിക്കിപ്പോഴും മനസ്സിലാവുന്നില്ല. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ കത്തുണ്ടെങ്കില്‍ പത്താം ക്ലാസ്സിലെ കുട്ടികളുടെ കാര്യവും ഞാന്‍ പരിഗണിക്കാമെന്ന് പറഞ്ഞു. കാരണം, ഒരത്യാവശ്യം വന്നാല്‍ ഞങ്ങള്‍ ആരെ ബന്ധപ്പെടും. മഹിളാ സമഖ്യ പ്രവര്‍ത്തകരെല്ലാം ഈ കുട്ടികളെ സ്‌കൂളില്‍ ആക്കിയിട്ട് അങ്ങ് പോവും. പത്താം ക്ലാസ് ആവുമ്പോള്‍ അഞ്ചു മണി വരെയെങ്കിലും സാധാരണ ഞാന്‍ ക്ലാസെടുക്കും. ആ ക്ലാസ് കഴിഞ്ഞ് ആറേഴ് കിലോമീറ്റര്‍ അപ്പുറത്തേക്കാണ് ഈ കുട്ടികള്‍ പോവേണ്ടി വരിക. സമയത്തിന് കുട്ടികളെത്തിയില്ലെങ്കില്‍ പിന്നെ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ക്കായിരിക്കും കുറ്റം. ഒപ്പിടാനായി രക്ഷിതാക്കളില്ലല്ലോ. മഹിളാ സമഖ്യ പ്രവര്‍ത്തകരാണ് ഉത്തരവാദിത്തമേറ്റ് വന്നിരിക്കുന്നത്. പക്ഷെ അത് മാത്രം പറ്റില്ലല്ലോ. ഒരു പ്രശ്‌നം വന്നാല്‍ രക്ഷിതാക്കളെ വിളിപ്പിക്കണമെന്ന് വന്നാല്‍ ഞാനാരെ വിളിക്കും? ആയിരത്തോളം കുട്ടികളുടെ പ്രതിനിധിയായാണ് ഞാന്‍ സംസാരിച്ചത്. ഈ പഞ്ചായത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആദിവാസി കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. 67 ആദിവാസി കുട്ടികളും അമ്പതിലധികം പട്ടികജാതി വിഭാഗത്തില്‍ പെട്ട കുട്ടികളും പഠിക്കുന്നുണ്ട്.

ഒമ്പതാം ക്ലാസ്സിലെ കുട്ടികള്‍ വന്നപ്പോള്‍  ‘മക്കളെ നിങ്ങള്‍ക്ക് എഴുതാനറിയുമോയെന്ന് നോക്കട്ടെ’ എന്നു പറഞ്ഞിട്ട് ഞാനവരെ സ്റ്റാഫ്‌റൂമിലേക്ക് കൊണ്ടുപോയി. ആര്‍ക്കും എഴുതാനറിയില്ല. അവരുടെ നന്മയ്ക്കായാണ് ബാക്കി കാര്യങ്ങളെല്ലാം പറഞ്ഞത്. ഒരു ഹെഡ്മാസ്റ്റര്‍ എന്ന നിലയില്‍ ഔദ്യോഗികമായല്ല അതൊന്നും പറഞ്ഞത്. ആ സംസാരമെടുത്താണ് അവരിപ്പോള്‍ വിഷയമാക്കിയിരിക്കുന്നത്. പ്രായം കൂടിയ കുട്ടികളാണിവരെല്ലാം. 18 വയസ്സുള്ളയാള്‍ വരെയുണ്ട്. അങ്ങനെയുള്ളവരെയാണ് ഞാന്‍ 13 വയസ്സുകാരോടൊപ്പമിരുത്തേണ്ടത്. കുഞ്ഞുപെമ്പിള്ളേരുമില്ലേ? ഇത്രയും വലിപ്പമുള്ള കുട്ടികളെ മറ്റ് കുട്ടികളുടെ കൂടെയിരുത്തുന്നതില്‍ ബുദ്ധമുട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്. മറ്റ കുട്ടികളുടെ രക്ഷിതാക്കള്‍ വന്നു ചോദിച്ചാല്‍ ഞാനെന്ത് പറയും. അല്ലാതെ മറ്റ് തരത്തില്‍ ആ കുട്ടികളെ തരംതാഴ്ത്തി കാണിച്ചതല്ല. നിയമപരമായ കാര്യങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ.’

സനു, വിമല്‍കുമാര്‍, വിനീഷ്, സുമേഷ്, സുബി എന്നീ കുട്ടികള്‍ക്കാണ് സ്‌കൂളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടത്. ‘ ഞങ്ങള്‍ക്ക് പഠിക്കണമെന്നുണ്ട്. അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ നിര്‍ത്തി പോയതാണ്. ഇപ്പോള്‍ അഡ്മിഷന്‍ കിട്ടിയില്ല. പഠിയ്ക്കാന്‍ വലിയ ആഗ്രഹമുണ്ട്’ വിമല്‍കുമാര്‍ പറയുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍