UPDATES

തൃപ്പൂണിത്തുറയിലേത് പൂനെ മോഡല്‍ കവര്‍ച്ച, പുല്ലേപ്പടിയിലെ മോഷണവും സമാനം; പൊലീസ് സംഘം പൂനെയിലേക്കും സൂറത്തിലേക്കും

പതിനൊന്നു പേരടങ്ങുന്ന സംഘമാണ് മോഷണത്തിന് പുറകിലെന്നു പൊലീസ്

കൊച്ചി നഗരത്തെ നടുക്കിയ തൃപ്പൂണിത്തുറയിലേയും പുല്ലേപ്പടിയിലെയും കവര്‍ച്ചക്ക് പിന്നില്‍ ഒരേ സംഘമെന്ന് പോലീസ്. തിരുവനന്തപുരത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന കവര്‍ച്ചക്ക് സമാനമായതിനാല്‍ കൊച്ചിയിലെ കവര്‍ച്ചകള്‍ക്കു പിന്നില്‍ പൂനെയില്‍ നിന്നെത്തിയവരാണെന്ന പോലീസിന്റെ സംശയം ബലപ്പെട്ടു. പ്രതികളെ കണ്ടെത്തുന്നതിനായി രണ്ട് സംഘങ്ങള്‍ ഗുജറാത്തിലെ സൂറത്തിലേക്കും മഹാരാഷ്ട്രയിലെ പൂനെയിലേക്കും തിരിച്ചു. കവര്‍ച്ചക്ക് പിന്നില്‍ 11 പേരങ്ങുന്ന സംഘമാണെന്നാണ് പോലീസ് നിഗമനം.

തൃപ്പൂണിത്തുറയിലെ റെയില്‍വെ ട്രാക്കില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ലഭിച്ച വിവിരങ്ങളുടെ പശ്ചാത്തലത്തിലാണ് അഞ്ചംഗ സംഘം പൂനയിലേക്ക് പുറപ്പെട്ടത്. എറണാകുളം പുല്ലേപ്പടിയിലെ വ്യവസായ പ്രമുഖന്റെ വീട്ടില്‍ അഞ്ചു പവന്‍ കവര്‍ച്ച നടത്തിയതിന് ദിവസങ്ങള്‍ കഴിഞ്ഞാണ് തൃപ്പൂണിത്തുറയില്‍ 54 പവന്‍ സ്വര്‍ണവും 20,000 രൂപയും ഉള്‍പ്പെടെ കവര്‍ന്നത്. കവര്‍ച്ച നടന്നത് രണ്ട് ദിവസങ്ങളിലായാണെങ്കിലും ഒരേ സമയത്തായിരുന്നു. എസിപി കെ.ലാല്‍ജിയുടെ നേതൃത്വത്തിലുള്ള നാല്‍പതംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയമിച്ചിരിക്കുന്നത്. സമാനമായ കവര്‍ച്ച നടന്ന സ്ഥലങ്ങളിലെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. തൃപ്പൂണിത്തുറയിലെ തീയേറ്ററില്‍ വെള്ളിയാഴ്ച രാത്രിയില്‍ ഉണ്ടായിരുന്ന പതിനൊന്നു പേരടങ്ങുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശേധിക്കുന്നുണ്ട്. ഒരേ വേഷധാരികളായ ഇവര്‍ തന്നെയാകാം കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലീസ് സംശയം. അതേസമയം തൃപ്പൂണിത്തുറയില്‍ കവര്‍ച്ചക്കിടെ ഗൃഹനാഥനായ ആനന്ദ്കുമാറിന്റൈ തലക്കടിയക്കുന്നതിന് ഉപയോഗിച്ച മരകമ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കവര്‍ച്ച നടത്തിയ സ്വര്‍ണം ഇവിടെ വില്പന നടത്താന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ആനന്ദ് കുമാര്‍. തലയക്കും വയറിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും കവര്‍ച്ചയുണ്ടാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ സ്‌ക്വാഡുകളെ സജീവമാക്കിയിട്ടുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരായ പ്രതികള്‍ പല സ്ഥലങ്ങളില്‍ സഞ്ചരിച്ച് സമ്പന്നരുടെ വീട് കവര്‍ച്ചക്കായി കണ്ടെത്തും എന്നാല്‍ ആ സ്ഥലങ്ങളില്‍ ഇവര്‍ക്ക് നേരിട്ട് പരിചയമോ ജോലിയോ ഉണ്ടാകില്ല. ഒരു ദിവസം കവര്‍ച്ചക്കായി തെരഞ്ഞെടുത്ത ശേഷം അഞ്ചില്‍ കൂടുതല്‍ സംഘമായി എത്തി മോഷണം നടത്തുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു. ആക്രമണകാരികളായ സംഘം എതിരാളിയെ നേരിടുന്നതിനായി മാരകായുധങ്ങളും കരുതിയിരക്കും. കവര്‍ച്ച നടത്തിയ ശേഷം അതേ രാത്രിയില്‍ തന്നെ ഒരേ സംഘമായി തന്നെ തിരികെ നാട്ടിലേക്ക് തിരിക്കും; ഇതാണ് പൂനെ കവര്‍ച്ച സംഘത്തിന്റെ രീതിയെന്നു പൊലീസ് പറയുന്നു.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍