UPDATES

ട്രെന്‍ഡിങ്ങ്

ലൈംഗിക ചൂഷണ ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ക്ക് തന്നെ വിട്ടുകൊടുത്ത് തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

മുഖ്യപ്രതിക്ക് ഇപ്പോഴും പെണ്‍കുട്ടിയുടെ വീട്ടില്‍ സ്വാധീനമുണ്ട്. അമ്മയും അച്ഛനും പെണ്‍കുട്ടിക്കെതിരായ അക്രമണങ്ങളില്‍ പ്രതികളാണ്.

ലൈംഗിക ചൂഷണത്തിന് ഇരയായതിനെ തുടര്‍ന്ന് നിര്‍ഭയയുടെ സംരക്ഷണത്തില്‍ ആക്കിയിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ക്കിടയിലേക്ക് തന്നെ വിട്ടുകൊടുത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സിഡബ്ല്യുസി)യുടെ അന്യായം. പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടുള്ള ഒരു കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാന്‍ ഇരിക്കവെയാണ് തിരുവനന്തപുരം സിഡബ്ല്യുസി വളരെ തിടുക്കപ്പെട്ടെന്നപോലെ കുട്ടിയെ തിങ്കളാഴ്ച്ച സഹോദരനൊപ്പം പറഞ്ഞയച്ചത്. ഇതുവരെ കുട്ടി കഴിഞ്ഞുവന്നിരുന്ന നിര്‍ഭയ ഹോമിന്റെ ചുമതലയുള്ള കേരള മഹിള സമാക്യയോ, കുട്ടിയെ തിരുവനന്തപുരം സിഡബ്ല്യുസിയുടെ കീഴിലേക്ക് മാറ്റി ഉത്തരവിട്ട ജില്ല കളക്ടറോ അറിയാതെയാണ് ഇപ്പോഴത്തെ നീക്കം. പ്രതികളുടെ അടുത്തേക്ക് തന്നെയാണ് പറഞ്ഞു വിടുന്നതെന്നതിനാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലായേക്കാമെന്ന അവസ്ഥയാണ് മുന്നിലുള്ളത്.

കുമളി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ കാമുകന്‍ കൂടിയായ എസ്റ്റേറ്റ് ഉടമയാണ് നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കി കൊണ്ടിരുന്നത്. ഈ വിവരം കുട്ടിയുടെ സഹോദരനിലൂടെ ചൈല്‍ഡ് ലൈന്‍ അറിയുന്നതോടെയാണ് ലൈംഗിക പീഡനത്തില്‍ നിന്നും കുട്ടി മോചിതയാകുന്നത്. കുട്ടിയുടെ സംരക്ഷണം ഇടുക്കി സിഡബ്ല്യുസിക്ക് കീഴിലാക്കുകയും എസ്‌റ്റേറ്റ് ഉടമയേയും പെണ്‍കുട്ടിയുടെ മാതാവിനെയും ഒന്നും രണ്ടും പ്രതികളാക്കി കേസ് എടുക്കുകയും ചെയ്തു. കുമളിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ കേസും, തിരുവനന്തപുരം സിഡബ്ല്യുസിയുടെ കീഴില്‍ നില്‍ക്കുമ്പോള്‍ വീട്ടില്‍ പോയ സമയത്ത് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുണ്ടക്കയം സ്റ്റേഷനിലുള്ള മറ്റൊരും കേസും കാഞ്ഞിരപ്പള്ളി കോടതിയില്‍ 164 മൊഴിയെടുക്കാന്‍ എത്തിയ സമയത്ത് സ്വന്തം അച്ഛന്‍ കോടതിയില്‍ എത്തി പെണ്‍കുട്ടിയെ മൊഴി തിരുത്താന്‍ ഉപദ്രവിച്ച സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത വേറൊരു കേസും നിലവിലുണ്ട്. പെണ്‍കുട്ടിക്ക് ഇത്തരം ആക്രമണങ്ങള്‍ പലയിടത്തായി നടക്കുന്നതുകൊണ്ട് എല്ലാ കേസുകളും തിരുവനന്തപുരത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മഹിള സമാക്യ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയാണ് ഇന്നു പരിഗണിക്കുന്നത്. അതിനു മുന്നേയാണ് തിരുവനന്തപുരം സിഡബ്ല്യുസിയുടെ തീര്‍ത്തും നിയമവിരുദ്ധമെന്നു ചൂണ്ടിക്കാണിക്കുന്ന പ്രവര്‍ത്തി നടന്നത്. ഉത്തരവാദിത്വപ്പെട്ടവരോട് കൂടിയാലോചിക്കാതെ, പ്രതികളെ സഹായിക്കാനെന്ന പോലെ ചെയ്തിരിക്കുന്ന പ്രവര്‍ത്തിയാണിതെന്നാണ് ആരോപണം.

എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ് വിളിച്ചപ്പോള്‍ തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍. സുനന്ദയ്ക്ക് ഈ കുട്ടിയെ റിലീസ് ചെയ്ത കാര്യം ഓര്‍മ വരുന്നില്ലെന്നാണ് പറഞ്ഞത്. ഫയല്‍ നോക്കിയിട്ട് മാത്രമെ പറയാന്‍ കഴിയൂ എന്നായിരുന്നു സിപിഎം നേതാവ് കൂടിയായ ചെയര്‍പേഴ്‌സന്റെ മറുപടി. ഓരോ ദിവസവും ഒത്തിരി കുട്ടികളെ സിഡബ്ല്യുസി ഇത്തരത്തില്‍ റിലീസ് ചെയ്യാറുള്ളതുകൊണ്ടാണ് ഏതൊക്കെ കുട്ടികളെയാണ് വിട്ടതെന്ന കാര്യം ഓര്‍ത്തെടുക്കാന്‍ കഴിയാത്തതെന്നാണ് അഡ്വ. സുനന്ദ പറയുന്നത്. സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ആയ അഡ്വ. എന്‍ സുനന്ദയും മെംബര്‍മാരായ അഡ്വ. ധന്യ ആര്‍. വി സീതമ്മാള്‍ എന്നിവര്‍ ഒപ്പിട്ടാണ് കുട്ടിയുടെ റിലീസിംഗ് ഓഡര്‍ പുറത്തിറക്കിയിരിക്കുന്നത്. ഏറെ പ്രമാദമായ കേസുകളിലെ സാക്ഷി കൂടിയാണ് പ്രസ്തുത പെണ്‍കുട്ടി എന്നിരിക്കെ കൂടിയാണ്, ആ കുട്ടിയെ റിലീസ് ചെയ്ത കാര്യം ചെയര്‍പേഴ്‌സണ് അറിയില്ലെന്നു പറയുന്നത്.

ഇപ്പോള്‍ കുട്ടിക്ക് 18 വയസ് തികഞ്ഞു എന്നൊരു ന്യായമാണ് സിഡബ്ല്യുസിക്ക് മുന്നിലുള്ളത്. പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളുടെ സംരക്ഷണമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുക്കുന്നത്. എന്നാല്‍ പ്രസ്തുത പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഇങ്ങനെയൊരു ന്യായം പറഞ്ഞ് കൈയൊഴിയാന്‍ തിരുവനന്തപുരം സിഡബ്ല്യുസിക്കാര്‍ക്ക് കഴിയില്ലെന്നാണ് നിയമപരമായി ചൂണ്ടിക്കാണിക്കുന്നത്. പ്രായം ഇവിടെ ഘടകമല്ലെന്നും ഔദ്യോഗിക നടപടിക്രമങ്ങള്‍ പാലിക്കാതെ തന്നെയാണ് കുട്ടിയെ വിട്ടിരിക്കുന്നതെന്നുമാണ് പറയുന്നത്. ഫീല്‍ഡ് റിപ്പോര്‍ട്ടോ ഭവന സന്ദര്‍ശന റിപ്പോര്‍ട്ടോ പെണ്‍കുട്ടിയെ റിലീസ് ചെയ്യുന്നതിന് സിഡബ്ല്യുസി തേടിയിട്ടില്ലെന്നത് നടപടിക്രമം പാലിച്ചിട്ടില്ലെന്നതിന്റെ മുഖ്യ തെളിവാണ്. കുട്ടിക്ക് പതിനെട്ട് വയസ് തികഞ്ഞതാണ് റിലീസ് ചെയ്യാന്‍ കാരണമെങ്കില്‍ തന്നെ അത് കോടതി വഴിയാകണമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഇനിയെന്ത് ചെയ്യണമെന്ന് കോടതിയോട് ഡിഡബ്ല്യുസിക്ക് ആരായാമായിരുന്നു. അതിനും ഇവിടെ തയ്യാറായില്ല.

ഇപ്പോള്‍ കുട്ടിയെ വിട്ടുകൊടുത്തിരിക്കുന്ന സഹോദരന്‍, പെണ്‍കുട്ടിയെ സംരക്ഷിക്കുന്നതില്‍ അണ്‍ ഫിറ്റ് ആണെന്ന് ഇടുക്കി സിബ്ല്യുസി നല്‍കിയ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് അതേയാള്‍ക്കൊപ്പം കുട്ടിയെ പറഞ്ഞു വിട്ടിരിക്കുന്നത്. ഒരിക്കല്‍ സഹോദരനൊപ്പം കുട്ടിയെ വിട്ടകൊടുത്തപ്പോള്‍ മുഖ്യപ്രതിയാല്‍ വീണ്ടും പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്. തുടര്‍ന്നാണ് കളക്ടര്‍ ഇടപെട്ട് പെണ്‍കുട്ടിയെ തിരുവനന്തപുരത്തേക്ക് മാറ്റിയത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ല കളക്ടര്‍ ആണ് പെണ്‍കുട്ടിയെ തിരുവനന്തപുരം സിഡബ്ല്യുസിയുടെ കീഴിലാക്കാന്‍ നിര്‍ദേശം നല്‍കിയതെന്നിരിക്കെ, ഇപ്പോള്‍ കുട്ടിയെ റിലീസ് ചെയ്തിരിക്കുന്നത് കളക്ടറോട് പോലും ചോദിക്കാതെയാണ്. കുട്ടിയെ വീട്ടുകാര്‍ക്കൊപ്പമോ രക്ഷകര്‍ത്താവിനൊപ്പമോ വിടുകയാണെങ്കില്‍ കളക്ടര്‍ തന്നെയാണ് ഉത്തരവ് ഇടേണ്ടതും. കളക്ടര്‍ അല്ലെങ്കില്‍ കോടതി വഴി. അതു രണ്ടുമല്ല ഇവിടെ നടന്നത്. കൂടാതെ ഒരു കുട്ടിയെ റിലീസ് ചെയ്യുന്നതിനു മുമ്പ് കുട്ടിയെ കൊണ്ടു പോകുന്നിടത്തെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും(സിപിഒ) കുട്ടി സംരക്ഷണയില്‍ കഴിയുന്നിടത്തെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും കുട്ടിയെ താമസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഇടത്തെ കുറിച്ച് അന്വേഷിച്ച് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നൊരു നടപടിയും സാധാരണയുണ്ട്. സിപിഒമാരുടെ റിപ്പോര്‍ട്ടിലാണ് കുട്ടിയെ കൊണ്ടുപോകുന്നിടം സുരക്ഷിതമാണോ അല്ലയോ എന്നു തീരുമാനം എടുക്കുന്നത്. ഈ നടപടിയും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.

പെണ്‍കുട്ടിയെ റിലീസ് ചെയ്യാനുള്ള അനുമതി തേടിക്കൊണ്ടുള്ള സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ട് മേയ് 24 ന് പോസ്റ്റ് ചെയ്തതാണ്. 24 ന് പോസ്റ്റ് ചെയ്ത റിപ്പോര്‍ട്ടിനുമേല്‍ 27 ന് കുട്ടിയെ വിട്ടുകൊടുക്കുന്നതു വരെയുള്ള ദിവസങ്ങളില്‍ ഒന്നില്‍ പോലും മഹിള സമാക്യയോട് കുട്ടിയെ റിലീസ് ചെയ്യന്നതതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ചോദിക്കാന്‍ തിരുവനന്തപുരം സിഡബ്ല്യുസി തയ്യാറായില്ലെന്നതും സംശയാസ്പദമാണ്. സാധാരണ കുട്ടിയെ റിസീല് ചെയ്യുന്നതിനു മുമ്പായി മഹിള സമാക്യ ഫീല്‍ഡ് റിപ്പോര്‍ട്ട്, കൗണ്‍സിലിംഗ് റിപ്പോര്‍ട്ട്, ഭവന സന്ദര്‍ശന റിപ്പോര്‍ട്ട് എന്നിവ തയ്യാറാക്കാറുണ്ട്. ഈ റിപ്പോര്‍ട്ടുകളില്‍ കുട്ടിക്ക് സുരക്ഷിതയായി ജീവിക്കാന്‍ കഴിയുമെന്ന് വ്യക്തമായെങ്കില്‍ മാത്രമെ റിലീസ് ചെയ്യാനുള്ള നിര്‍ദേശം നല്‍കാറുള്ളൂ. പ്രസ്തുത പെണ്‍കുട്ടിയുടെ കാര്യത്തില്‍ യാതൊരു സുരക്ഷിതത്വും വീട്ടില്‍ കിട്ടില്ലെന്ന് വ്യക്തമായ സ്ഥിതിക്ക് മഹിള സമാക്യയെ ബോധപൂര്‍വം ഒഴിവാക്കി കൊണ്ട് കുട്ടിയുടെ കാര്യത്തില്‍ തീരുമാനം എടുക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഇതൊക്കെ വളരെ ഗുരുതരമായ നിയമലംഘനങ്ങളായാണ് ചൂണ്ടിക്കാണിക്കുന്നത്.

മുഖ്യപ്രതിക്ക് ഇപ്പോഴും പെണ്‍കുട്ടിയുടെ വീട്ടില്‍ സ്വാധീനമുണ്ട്. അമ്മയും അച്ഛനും പെണ്‍കുട്ടിക്കെതിരായ അക്രമണങ്ങളില്‍ പ്രതികളാണ്. സഹോദരനും മുഖ്യ പ്രതിയുമായി അടുത്ത ബന്ധമുണ്ട്. മൂത്ത സഹോദരിയും പ്രതികളുടെ സ്വാധീനത്തില്‍ തന്നെ നില്‍ക്കുന്നതാണ്. ഇവര്‍ക്കിടയിലേക്കാണ് പെണ്‍കുട്ടി ചെല്ലുന്നത്. നിര്‍ഭയയുടെ സംരക്ഷണയില്‍ കഴിയുമ്പോള്‍ തന്നെ ലൈംഗിക പീഡന കേസില്‍ മൊഴി മാറ്റാന്‍ പെണ്‍കുട്ടിക്കു മേല്‍ പ്രതികളായവരുടെ നിരന്തര സമ്മര്‍ദ്ദവും അക്രമണവും നടന്നിട്ടുണ്ടെന്നിരിക്കെയാണ് ഇപ്പോള്‍ പൂര്‍ണമായും പ്രതികളുടെ കൈകളിലേക്ക് തന്നെ പെണ്‍കുട്ടിയെ പറഞ്ഞയച്ചിരിക്കുന്നത്. കാഞ്ഞിരപ്പിള്ളി കോടതിയില്‍ എത്തി പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാനും വധഭീഷണി മുഴക്കാന്‍ പിതാവ് തയ്യാറായ സംഭവും വ്യക്തമായ അറിയാവുന്നവരാണ് തിരുവനന്തപുരം സിഡബ്ല്യുസി. മുന്‍പ് അച്ഛന്റെയും സഹോദരന്റെയും സരക്ഷണയില്‍ വിട്ട സമയങ്ങളില്‍ പെണ്‍കുട്ടി ആത്മഹത്യശ്രമവും നടത്തിയിട്ടുണ്ട്. ഈ വിവരങ്ങളൊക്കെ മുന്‍പില്‍ ഉള്ളപ്പോള്‍ തന്നെയാണ്, പ്രതികളെ സഹായിക്കാനെന്ന ആരോപണം ശരിവയ്ക്കുന്നതുപോലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഇപ്പോഴത്തെ നടപടി ഉണ്ടായിരിക്കുന്നത്.

Read More: ആലഞ്ചേരി പിതാവിനെ നാണം കെടുത്താന്‍ ചെയ്തതല്ലേ എന്ന് ചോദ്യം; ക്രൂര മര്‍ദ്ദനം, നഖം പറിക്കല്‍, നഗ്നനാക്കി ചോദ്യം ചെയ്യല്‍; വ്യാജരേഖ കേസില്‍ ആദിത്യയുടെ മൊഴിയുടെ പൂര്‍ണരൂപം

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍