UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

റൈറ്റ് ക്ലിക്ക്

എം ബി സന്തോഷ്

യാത്ര

വൈകിപ്പായുന്ന വണ്ടി അഥവാ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍

വരുമാന നഷ്ടം മാത്രമല്ല, ഈ വൈകിയോടല്‍ റെയില്‍വേയ്ക്ക് വരുത്തിവച്ചത്. കൃത്യസമയത്ത് എത്തിക്കാത്ത വാഹനമാണ് ട്രെയിന്‍ എന്ന വിശ്വാസത്തകര്‍ച്ച ഉണ്ടാക്കിയതും തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഭരിക്കുന്നവരാണ്.

അങ്ങനെ, തിരുവനന്തപുരം റെയില്‍വേ ഡിവിഷന് ഒരു ‘ബഹുമതി’കൂടി സ്വന്തമായി – ട്രെയിന്‍ ഒട്ടും സമയക്‌ളിപ്തത പാലിക്കാതെ ഓടിക്കുന്ന റെയില്‍വേ ഡിവിഷനുകളിലൊന്ന്! രാജ്യത്ത് ആകെയുള്ള 68 ഡിവിഷനുകളില്‍ തിരുവനന്തപുരം ഡിവിഷന് ഇക്കാര്യത്തില്‍ 63-ാം സ്ഥാനമാണ്. “ഒച്ചുകളേയും കവച്ചുവച്ച് കുതിച്ചുപായുക കാളേ” എന്ന് മുമ്പൊരു കവി പാടിയതിലെ ‘കാള’ എന്ന വാക്ക് മാറ്റി ‘ട്രെയിനേ’ എന്നാക്കിയാല്‍ തിരുവനന്തപുരത്തെ തീവണ്ടികളുടെ കാര്യത്തില്‍ ശരിയാവും.

ട്രെയിന്‍ വൈകുന്നതെന്തുകൊണ്ട് എന്നു ചോദിച്ചാല്‍ ഉടന്‍ തിരുവനന്തപുരത്തെ ഏമാന്‍മാര്‍ പതിവായി തയ്യാറാക്കിവച്ചിരിക്കുന്ന ഒരു മറുപടിയുണ്ട് – അറ്റകുറ്റപ്പണി! വൈദ്യുതീകരണം കേവലം അഞ്ചുശതമാനത്തോളംമാത്രമായ കൊങ്കണ്‍ റെയില്‍വേ ഡിവിഷന്‍ അവരുടെ അധീനതയിലുള്ള മേഖലയിലെ ട്രെയിന്‍ സമയം പാലിക്കുന്നതില്‍ 68 ശതമാനത്തിലേറെ മുന്നിലാണ്. കൊങ്കണില്‍ ഒറ്റപ്പാത മാത്രമേയുള്ളൂ എന്നും ഓര്‍ക്കണം. തിരുവനന്തപുരം ഡിവിഷന്‍റെ മിക്കവാറും പ്രദേശം രണ്ടുവരിപ്പാത ആയ ശേഷമാണ് 45 ശതമാനം കൃത്യതയുമായി നാണക്കേടിന്‍റെ അറുപത്തിമൂന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നത്! അതോടെ, തിരുവനന്തപുരം ഡിവിഷന്‍ അധികൃതര്‍ ട്രെയിനുകള്‍ വൈകുന്നതിനായി പറയുന്ന ഒരിക്കലും തീരാത്ത ‘അറ്റകുറ്റപ്പണി’ അല്ല കാരണം എന്ന് വ്യക്തമായി. അധികൃതരുടെ കെടുകാര്യസ്ഥതയും ഉത്തരവാദിത്തമില്ലായ്മയും ആണ് ട്രെയിനുകള്‍ അനിശ്ചിതമായി വൈകാനിടയാക്കുന്നത്.

രാജ്യത്ത് എല്ലാ റെയില്‍വേ ഡിവിഷന്‍ ഓഫീസുകളിലും എല്ലാ ദിവസവും രാവിലെ 9.30ന് ഒരു യോഗം ചേരാറുണ്ട്. റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ (ഡി.ആര്‍.എം), അഡീഷണല്‍ ഡി.ആര്‍.എം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വകുപ്പധ്യക്ഷരുടേതാണ് യോഗം. ഇലക്ട്രിക്കല്‍, ഓപ്പറേഷന്‍സ്, എന്‍ജിനീയറിംഗ്, കൊമേഴ്‌സ്യല്‍ ഉള്‍പ്പെടെ എല്ലാ വകുപ്പ് മേധാവികളും പങ്കെടുക്കും. ‘പങ്ച്വാലിറ്റി മീറ്റിംഗ്’ എന്നാണിത് അറിയപ്പെടുന്നത്. തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലും ഈ കൃത്യനിഷ്ഠാ മീറ്റിംഗ് നടക്കുന്നുണ്ടെങ്കിലും ട്രെയിനുകള്‍ മാത്രം കൃത്യമായി ഓടുന്നില്ല. വൈകിയോടുന്ന വണ്ടികളുടെ നാടായി അധികൃതര്‍ തിരുവനന്തപുരം ഡിവിഷനെ മാറ്റിയിരിക്കുന്നു. ദക്ഷിണ റെയില്‍വേയുടെ മറ്റ് ഡിവിഷനുകളിലൊന്നിലും ഇത്ര ‘മോശം’ ട്രെയിന്‍ സര്‍വീസ് നടക്കുന്നില്ല. കേരളത്തിന്‍റെ അടുത്ത ഡിവിഷനായ പാലക്കാട്ട് കൃത്യനിഷ്ഠ പാലിക്കുന്നതിന്‍റെ ശതമാനം 75.8 ആണ്.

ഇവിടെ കൃത്യനിഷ്ഠാ മീറ്റിംഗ് നടക്കുന്നതില്‍ ട്രെയിനുകള്‍ വൈകിയോടുന്നതിന്‍റെ കാരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മിക്കവാറും ദിവസം അറ്റകുറ്റപ്പണിയുടെ ചെലവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശ്രമം. എന്നാല്‍ വസ്തുത മിക്കപ്പോഴും അതായിരിക്കില്ല. ഇവിടെ ‘പങ്ച്വാലിറ്റി ‘ മീറ്റിംഗിന്‍റെ ഫലമായി ട്രെയിന്‍ വൈകിയോടുന്നത് ഒഴിവാക്കാന്‍ എന്തും ചെയ്യാമെന്ന ആലോചനയേ നടക്കുന്നില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള അലംഭാവവും താല്പര്യമില്ലായ്മയും കഴിവുകേടുമാണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷനെ ഇങ്ങനെ അപമാനത്തിന്‍റെ പടുകുഴിയില്‍ പതിപ്പിച്ചത്.

ഈയിടെ സ്ഥലം മാറിപ്പോയ ഡിവിഷണല്‍ മാനേജര്‍ക്ക് മുമ്പ് ആ സ്ഥാനത്തിരുന്ന ഉദ്യോസസ്ഥനെ തിരുവനന്തപുരത്തെ റെയില്‍വേ യാത്രക്കാര്‍ക്ക് മറക്കാനാവില്ല. ഒരു വണ്ടിയും വൈകാന്‍ പാടില്ലെന്ന് അദ്ദേഹം ചുമതലയേറ്റപ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കി. അന്ന് പാത ഇരട്ടിപ്പിക്കലിന്‍റെ കടുത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. അതൊന്നും അദ്ദേഹം കണക്കിലെടുത്തില്ല. ആ ഡിവിഷണ മാനേജര്‍ പോകുംവരെയും ട്രെയിനുകള്‍ അപൂര്‍വമായേ വൈകിയിട്ടുള്ളൂ. അതുതന്നെ മറ്റ് ഡിവിഷനുകളില്‍ നിന്ന് വൈകിയ ട്രെയിനുകള്‍ ആയിരിക്കും. അല്ലാതെ, തിരുവനന്തപുരം ഡിവിഷന്‍റെ വീഴ്ചകൊണ്ട് അക്കാലത്ത് ട്രെയിന്‍ വൈകിയതായി ജീവനക്കാര്‍ പോലും ഓര്‍ക്കുന്നില്ല.

എന്നാല്‍ ഇന്നോ? തിരുവനന്തപുരം ഡിവിഷന്‍റെ അഭിമാന ട്രെയിനായിരുന്നു തിരുവനന്തപുരം – കോഴിക്കോട് റൂട്ടിലെ ജനശതാബ്ദി. ഇതിപ്പോള്‍ കൃത്യസമയം പാലിക്കാറേയില്ല. മുമ്പ് രാത്രി 8.45 ന് ഈ ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുമായിരുന്നു. അതായത്, നിശ്ചിത സമയത്തിന് അഞ്ചു മിനുട്ട് മുമ്പ്. ഇന്നോ? ഈയിടെ ഒരു ദിവസം എത്തിയത് 11 മണിക്ക്! കൃത്യസമയത്ത് ഈ ട്രെയിന്‍ എത്തിയകാലം യാത്രക്കാര്‍ മറന്നു. ഷൊര്‍ണൂര്‍ – തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ഒരു മണിക്കൂറെങ്കിലും വൈകാതെ എത്താറേയില്ല. മറ്റൊരു അഭിമാന ട്രെയിനായിരുന്ന ശബരി സമയക്രമം പാലിക്കാറേയില്ല. ട്രെയിനുകള്‍ ഓരോന്നായി എടുത്താല്‍ എല്ലാത്തിനും ഏറെക്കുറെ ഇതേ അവസ്ഥ തന്നെ.

ഇപ്പോള്‍, ട്രെയിനിനെ ആശ്രയിച്ചിരുന്ന വലിയ വിഭാഗം യാത്രക്കാര്‍ അത് ഒഴിവാക്കുകയാണ്. എപ്പോഴെങ്കിലും എത്തിച്ചേരുന്ന ജനശതാബ്ദിയേയും വേണാടിനെയും പ്രതീക്ഷിച്ച് യാത്രക്കാര്‍ നില്‍ക്കാറില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ റെയില്‍വേ സ്റ്റേഷനുകളിലിറങ്ങി അടുത്ത ബസ്സിന് വീടുപിടിക്കേണ്ടി വരുന്ന ഉദ്യോഗസ്ഥരായ വീട്ടമ്മമാര്‍ക്ക് ആ റൂട്ടിലെ അവസാന ബസ് പോയാലും ട്രെയിന്‍ എത്താതായതോടെ ബദല്‍ മാര്‍ഗം സ്വീകരിക്കേണ്ടിവന്നു. വേണാട് എക്‌സ്പ്രസില്‍ പച്ചക്കറി അരിഞ്ഞ് ബാഗുകളില്‍ വയ്ക്കുന്ന ഉദ്യേഗസ്ഥരായ വീട്ടമ്മമാര്‍ പതിവുകാഴ്ചയായിരുന്നു. എല്ലാ ബോഗികളിലും ഇത്തരത്തിലുള്ള ഒരുപാടുപേരെ കാണാമായിരുന്നു. ഇപ്പോള്‍ അവരില്‍ വലിയൊരു വിഭാഗം ആ ട്രെയിനിനെ കൈവിട്ടു. വരുമാന നഷ്ടം മാത്രമല്ല, ഈ വൈകിയോടല്‍ റെയില്‍വേയ്ക്ക് വരുത്തിവച്ചത്. കൃത്യസമയത്ത് എത്തിക്കാത്ത വാഹനമാണ് ട്രെയിന്‍ എന്ന വിശ്വാസത്തകര്‍ച്ച ഉണ്ടാക്കിയതും തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഭരിക്കുന്നവരാണ്.

ആരാണ് ഇതിനുത്തരവാദി? ഒന്നാം പ്രതി ഓപ്പറേഷന്‍സ് വിഭാഗമാണ്. ചെന്നൈ സൂപ്പര്‍ ട്രെയിന്‍ അല്പം വൈകി തിരുവനന്തപുരം ഡിവിഷന്‍റെ അതിര്‍ത്തിയായ വള്ളത്തോള്‍ നഗറില്‍ കിട്ടുമ്പോള്‍ വേണമെങ്കില്‍ അത് ഓടി ക്രമീകരിക്കുക വല്യപ്രയാസമുള്ളതല്ല. ഒരു മണിക്കൂര്‍ വരെയുള്ള വൈകല്‍ സുഗമമായി പരിഹരിക്കാവുന്നതേയുള്ളൂ എന്ന് റെയില്‍വേ ജീവനക്കാര്‍ സമ്മതിക്കുന്നു. പക്ഷെ, സംഭവിക്കുന്നത് അങ്ങനെയല്ല. വള്ളത്തോള്‍ നഗറില്‍ എത്തുമ്പോള്‍ ചെന്നൈ സൂപ്പര്‍ വൈകി എന്ന് രേഖകളിലുള്ളതിനാല്‍ ആ വൈകല്‍ അങ്ങനെ തുടരട്ടെ എന്നാണ് തിരുവനന്തപുരം ഡിവിഷന്‍ അധികൃതര്‍ സ്ഥിരമായി തീരുമാനിക്കുന്നത്. അതിനുകാരണം, ഇതേസമയത്ത് എത്തിച്ചേരുന്ന മലബാര്‍ എക്‌സ്പ്രസ് ആണ്. അത് കൃത്യസമയത്തായിരിക്കും എത്തുന്നത്. അതിനാല്‍ അത് കൃത്യമായി എത്തിക്കാന്‍ ഊന്നല്‍ നല്‍കുന്നതിനാല്‍ ചെന്നൈ സൂപ്പര്‍ പേരില്‍ മാത്രം സൂപ്പറായി ‘ഇഴഞ്ഞുനീങ്ങാന്‍ ‘വിധിക്കപ്പെടുന്നു. എന്നാല്‍, ഒരു പാട് സ്റ്റോപ്പ് കൂടുതലുള്ള മലബാര്‍ എക്‌സ്പ്രസ് സൂപ്പറിന്റെ പിന്നാലെ കടത്തിവിട്ടാല്‍ രണ്ട് ട്രെയിനും വലിയ പരിക്കില്ലാതെ പോകാവുന്നതേയുള്ളൂ. ഇത്തരം തീരുമാനമെടുക്കാന്‍ ഓപ്പറേഷന്‍സ് വിഭാഗം മടിക്കുന്നതാണ് തിരുവനന്തപുരം ഡിവിഷന്‍റെ വീഴ്ചയ്ക്ക് കാരണമെന്നാണ് ജീവനക്കാരുടെ പക്ഷം. കഴിഞ്ഞ രണ്ടാഴ്ചയായി ഒരു ദിവസംപോലും ചെന്നൈ സൂപ്പര്‍ സമയത്തെത്താത്തതിനും പിന്നില്‍ ഈ വീഴ്ചയാണ്. വൈകിയോടുന്ന വണ്ടി എത്രത്തോളം വൈകല്‍ ക്രമീകരിക്കാനായി എന്ന് തിരുവനന്തപുരം ഡിവിഷനില്‍ പരിശോധിക്കുന്നേയില്ല.

നേത്രാവതി എക്‌സ്പ്രസ് പതിവായി പിടിച്ചിടുന്നത് അതിനു സ്റ്റോപ്പില്ലാത്ത തുറവൂരില്‍. ഇത് പാസഞ്ചര്‍ ട്രെയിന്‍ കടത്തിവിടാന്‍ വേണ്ടിയാണ്! ദീര്‍ഘദൂരം സഞ്ചരിക്കേണ്ടവരെയാണ് ഇങ്ങനെ അധികൃതര്‍ ദ്രോഹിക്കുന്നത്. പാസഞ്ചര്‍ വൈകിയാ പോലും നേത്രാവതിക്ക് ക്രോസിങ്ങിനായി സ്റ്റോപ്പില്ലാത്ത തുറവൂരി കിടക്കേണ്ടിവരുന്നു. അതേസമയം, ഓപ്പറേഷന്‍ വിഭാഗം മനസ്സുവച്ചാല്‍, ചേര്‍ത്തലയില്‍ ക്രോസിംഗ് വയ്ക്കാവുന്നതേയുള്ളൂ. ഇതൊന്നും യഥാസമയം തീരുമാനിക്കാനും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് ആരായാനും ഉത്തരവാദപ്പെട്ടവര്‍ ഇല്ലാതായതാണ് നാണക്കേടിന്‍റെ കിരീടം ചൂടി തിരുവനന്തപുരം ഡിവിഷന്‍ ഇന്ത്യയിലെ ഏറ്റവും ജനദ്രോഹ റെയില്‍വേ ഡിവിഷനായി മാറിയത്.

പ്ലാറ്റ് ഫോമിന്‍റെ കുറവനുസരിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാത്തതും ട്രെയിനുകളെ കുറച്ചൊന്നുമല്ല വൈകിപ്പിക്കുന്നത്. ഉദാഹരണം മംഗള എക്‌സ്പ്രസ് അല്പം വൈകിയാല്‍ എറണാകുളം സൗത്ത് വഴി പോവുന്ന എല്ലാ ട്രെയിനും വൈകുന്ന അവസ്ഥയാണ്. അതോടെ നിസാമുദ്ദീന്‍ സ്റ്റോപ്പില്ലാത്ത എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ പിടിച്ചിടേണ്ടിവരുന്നു. മറ്റ് ട്രെയിനുകളും അതിനാനുപാതികമായി ബന്ധപ്പെട്ട സ്റ്റേഷനില്‍ കിടക്കേണ്ടിവരുന്നു. എന്നാല്‍ മംഗള എത്തിയാലുടന്‍ തന്നെ യാര്‍ഡിലേക്ക് മാറ്റിയാല്‍ ഈ പ്രശ്‌നമേ ഉണ്ടാവില്ല. അതിന് സന്നദ്ധത കാട്ടാതെ വരുമ്പോള്‍ ട്രെയിനുകള്‍ പിന്നെയും വൈകുന്നു. തിരുവനന്തപുരം സെന്‍ട്രലിലെ അവസ്ഥയും പലപ്പോഴും സമാനമാണ്.

തിരുനെല്‍വേലി സ്റ്റേഷന്‍ പിന്നിട്ടുകഴിഞ്ഞാല്‍ തിരുവനന്തപുരം ഡിവിഷന്‍റെ പരിധിയിലായി. മേലെപ്പാളയം സ്റ്റേഷന്‍ മുതല്‍ വള്ളത്തോള്‍ നഗര്‍വരെ 625 കിലോമീറ്റര്‍. 893 കിലോമീറ്റര്‍ ട്രാക്ക് ദൈര്‍ഘ്യം.ഇന്ത്യയിലെ ഏറ്റവും ചെറിയ ഡിവിഷനുകളിലൊന്നാണ് തിരുവനന്തപുരം. നാഗര്‍കോവില്‍, തിരുവനന്തപുരം, എറണാകുളം എന്നിവ ഉള്‍പ്പെടെ 108 സ്റ്റേഷനുകളിലായി വരുമാനത്തില്‍ പല വലിയ ഡിവിഷനേയും തിരുവനന്തപുരം കവച്ചുവയ്ക്കുന്നുണ്ട്.

റെയില്‍വേയുടെ സെഷനുകളുണ്ട്. തിരുവനന്തപുരം – കൊല്ലം, കൊല്ലം – കോട്ടയം എന്നിങ്ങനെ. മുമ്പ് ഒരു ട്രെയിന്‍ ഈ സെഷനുകളിലെത്തിയാല്‍ അത് കൃത്യസമയത്തിനുള്ളില്‍ ആ സെഷന്‍ പിന്നിട്ടു എന്നുറപ്പാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ ആ ചുമതല ഏറ്റെടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവാത്തതാണ് തിരുവനന്തപുരം ഡിവിഷന്‍റെ ദുര്യോഗം. പുതിയ ഡിവിഷണല്‍ മാനേജര്‍ ചുമതലയേറ്റ് അധികം കഴിയുംമുമ്പ് കൈവന്ന ഈ നാണക്കേടിന്റെ കിരീടം അഴിച്ചുമാറ്റി കൃത്യനിഷ്ഠയുടെ മേഖലയാക്കി, ട്രെയിന്‍ യാത്രയുടെ വിശ്വാസ്യത വീണ്ടെടുത്ത് യാത്രക്കാരെ തിരിച്ചെത്തിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ.

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍