UPDATES

സമ്പന്നരുടെ വിഹാരകേന്ദ്രം; വരുമാനം കോടികള്‍; പക്ഷേ സര്‍ക്കാരിനുള്ള കുടിശികയ്ക്ക് പണമില്ല: ഇത് ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്

പതിനൊന്ന് കോടിയിലധികം വരുന്ന പാട്ടക്കുടിശിക തിരിച്ചടയ്ക്കാത്ത സാഹചര്യത്തില്‍ ക്ലബ്ബ് ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ജൂലൈയില്‍ റവന്യൂ വകുപ്പാണ് മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചത്.

തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിന്റെ കൈവശമുളള 4.27 ഏക്കര്‍ ഭൂമിയുടെ പാട്ട കുടിശിക പിരിച്ചെടുക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗം റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പാട്ടക്കുടിശിക തിരിച്ചടച്ചില്ലെങ്കില്‍ ടെന്നീസ് ക്ലബ്ബ് ഏറ്റെടുക്കുമെന്ന് പിണറായി സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാട്ടക്കുടിശ്ശിക തുകയുടെ 0.2 ശതമാനം മാത്രം ഈടാക്കിക്കൊണ്ട് പാട്ടം പുതുക്കി നല്‍കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതിനാല്‍ ഈ തീരുമാനം വൈകിപ്പിക്കുകയായിരുന്നു. മുന്‍സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ശുപാര്‍ശ നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. ഈ ശുപാര്‍ശ ലഭിച്ചതിന് ശേഷമായിരിക്കും മുന്‍ സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കുന്നതും ക്ലബ്ബ് ഏറ്റെടുക്കുന്നതും ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെടുക്കുക.

പതിനൊന്ന് കോടിയിലധികം വരുന്ന പാട്ടക്കുടിശിക തിരിച്ചടയ്ക്കാത്ത സാഹചര്യത്തില്‍ ക്ലബ്ബ് ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ജൂലൈയില്‍ റവന്യൂ വകുപ്പാണ് മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ഇത് മന്ത്രിസഭ യോഗത്തിന്റെ പരിഗണനയില്‍ വരികയായിരുന്നു. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിന് സമീപമാണ് നാല് ഏക്കര്‍ 27 സെന്റ് സ്ഥലത്തായി ടെന്നീസ് ക്ലബ്ബ് സ്ഥിതിചെയ്യുന്നത്. സര്‍ക്കാരില്‍ നിന്നും പാട്ടത്തിനെടുത്താണ് ഈ ക്ലബ്ബ് നടത്തുന്നത്. ദീര്‍ഘകാലമായി പാട്ടത്തുക അടയ്ക്കാത്തതിനാല്‍ ഏകദേശം 11.09 കോടി രൂപയാണ് ഇപ്പോഴത്തെ കുടിശിക. ഈ തുകയുടെ 0.2 ശതമാനം മാത്രം ഈടാക്കിയും വിപണി വിലയുടെ അഞ്ച് ശതമാനം വാര്‍ഷിക നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടം പുതുക്കി നല്‍കാമെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം. ഓരോ മൂന്ന് വര്‍ഷം കൂടുംതോറും പാട്ടം പുതുക്കാനും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ഈ തീരുമാനം റദ്ദാക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം. മുന്‍സര്‍ക്കാരിന്റെ അവസാന കാലത്തിലാണ് ക്ലബ്ബിന് അനുകൂലമായുള്ള തീരുമാനങ്ങള്‍ എടുത്തിരുന്നത്. ഈ തീരുമാനങ്ങള്‍ പുനഃപരിശോധിച്ച മന്ത്രിസഭ ഉപസമിതിയാണ് ക്ലബ്ബിന്റെ സ്ഥലം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ചത്. കൂടാതെ കുടിശിക മുഴുവന്‍ ഈടാക്കാതെ പാട്ടം പുതുക്കി നല്‍കാനുള്ള മുന്‍ സര്‍ക്കാരിന്റെ തീരുമാനം ധനവകുപ്പിന്റെ അനുമതിയോടെയല്ലെന്നും മന്ത്രിസഭ ഉപസമിതി കണ്ടെത്തി.

പാട്ടക്കരാര്‍ ലംഘിച്ച് ടെന്നീസ് ക്ലബ്ബ് കോടികളുടെ തട്ടിപ്പ് നടത്തിയതായി 2013ല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ടെന്നീസിന്റെ വളര്‍ച്ചക്കായി 1937ല്‍ കേണല്‍ ജിവി രാജയാണ് ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബ് ആരംഭിച്ചത്. പഴയ രാധാപുരക്കുന്ന് ഏറ്റെടുത്താണ് ജിവി രാജ ടെന്നിസ് ക്ലബ്ബ് ആക്കിയത്. ചെറിയ കെട്ടിടവും കളിയിടവുമായി ആരംഭിച്ച ക്ലബ്ബ് 1950ല്‍ സര്‍ക്കാര്‍ സ്ഥലം പാട്ടത്തിനെടുത്ത് വിപുലീകരിക്കുകയായിരുന്നു. 1951ലാണ് ക്ലബ്ബ് നിലവിലുള്ള രൂപത്തിലായത്. അന്ന് 1,07,457 രൂപയായിരുന്നു ചെലവുകളെന്ന് പഴയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഒമ്പത് ടെന്നീസ് കോര്‍ട്ടുകളും സ്യൂട്ടുകളും ബാറും കാന്റീനും പെട്രോള്‍ പമ്പും ഒക്കെയായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

1955ലെ തിരു-കൊച്ചി ആക്ട് പ്രകാരമാണ് നോണ്‍ പ്രൊഫിറ്റ് സ്ഥാപനമായി ടെന്നീസ് ക്ലബ്ബ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശാസ്തമംഗലം വില്ലേജില്‍ ഉള്‍പ്പെടുന്ന ഈ ഭൂമി 1950ല്‍ 25 വര്‍ഷത്തെ കുത്തക പാട്ടത്തിനാണ് സര്‍ക്കാര്‍ നല്‍കിയത്. പിന്നീട് അത് 50 വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊടുത്തു. 1995ലെ കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ ആക്ട് പ്രകാരം എല്ലാ പാട്ടക്കരാറും പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാട്ടക്കരാര്‍ പുതുക്കാനോ കുടിശിക അടയ്ക്കാനോ ടെന്നിസ് ക്ലബ്ബ് അധികൃതര്‍ തയ്യാറായില്ല.

ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ക്കുള്ള വേദി കൂടിയാണ് തിരുവനന്തപുരത്തെ ടെന്നിസ് ക്ലബ്ബ്. ഇത്തരം മത്സരങ്ങളില്‍ നിന്നുള്ള വരുമാനത്തെ കൂടാതെ അംഗത്വ ഫീസ് ആണ് ക്ലബ്ബിന്റെ നട്ടെല്ല. അംഗത്വത്തിനും ആജീവന അംഗത്വത്തിനും കോര്‍പ്പറേറ്റ് അംഗത്വത്തിനും അഞ്ച് ലക്ഷം രൂപയും അസോസിയേറ്റ് അംഗത്വത്തിന് രണ്ട് ലക്ഷം രൂപയും വിദ്യാര്‍ത്ഥികളുടെ അംഗത്വത്തിന് ഒന്നരലക്ഷം രൂപയുമാണ് ഈടാക്കുന്നത്. കൂടാതെ ഓരോ മാസവും ഫീസിനത്തില്‍ വേറെയും പിരിവ് ഈടാക്കിയും ഗസ്റ്റ് റൂമുകള്‍ വാടകയ്ക്ക് കൊടുത്തും വന്‍തുകയാണ് ക്ലബ്ബ് സമാഹരിക്കുന്നത്. എന്നിട്ടും സര്‍ക്കാരിനുള്ള പാട്ടക്കുടിശിക മാത്രം ഇവര്‍ അടയ്ക്കുന്നില്ല. ഇതിനെല്ലാം പുറമെയാണ് ബാറിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ മദ്യനയം മൂലം കുറച്ചുകാലം അടച്ചിട്ടെങ്കിലും പുതിയ മദ്യനയത്തില്‍ വീണ്ടും സജീവമായിട്ടുണ്ടെന്നാണ് അറിയുന്നത്.

അനധികൃതമായി ക്ലബ്ബ് വന്‍ തുകകള്‍ ഈടാക്കുകയും സര്‍ക്കാരിന് യാതൊരു നേട്ടവും ഇല്ലാതിരിക്കുകയുമാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കുന്നത്. 1995 മുതലുള്ള വിപണി നിരക്ക് അനുസരിച്ച് 6.52 കോടി രൂപ ക്ലബ്ബില്‍ നിന്നും പാട്ടക്കുടിശിക ഈടാക്കണമെന്ന് 2012 ഒക്ടോബര്‍ 9ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നു. അല്ലാത്ത പക്ഷം ക്ലബ്ബ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ജനുവരി 3ന് ഈ ഉത്തരവ് മരവിപ്പിച്ചുകൊണ്ട് അന്നത്തെ റവന്യു സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്നും പാട്ടക്കുടിശിക അടയ്ക്കാതെ വന്നതോടെ ക്ലബ്ബ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ വീണ്ടും നോട്ടീസ് നല്‍കി. ലാന്‍ഡ് റവന്യൂ കമ്മിഷണറെ സമീപിച്ചാണ് അവര്‍ ഇതിനെ തടഞ്ഞത്. തുടര്‍ന്ന് നടന്ന വാദങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് പാട്ടക്കുടിശികയുടെ 0.02 ശതമാനം ഈടാക്കി പാട്ടം പുതുക്കി നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ എന്നിട്ടും പാട്ടക്കുടിശിക അടയ്ക്കാന്‍ ക്ലബ് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് നിര്‍ബന്ധമായും പാട്ടക്കുടിശിക അടയ്ക്കണമെന്നും അല്ലാത്ത പക്ഷം ക്ലബ്ബ് ഏറ്റെടുക്കണമെന്നുമുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയത്.

2012ലെ 6.52 കോടി രൂപയാണ് ഇന്ന് 11.09 കോടിയായി മാറിയിരിക്കുന്നത്. കായിക താരങ്ങള്‍ക്ക് പ്രവേശനമില്ലാത്ത അവസ്ഥയാണ് ഇന്ന് ഈ ക്ലബ്ബിലുള്ളത് എന്നും ആരോപണമുണ്ട്. 2.5 ലക്ഷം രൂപ അംഗത്വ ഫീസ് കൊടുത്താലും നിലവിലുള്ള അംഗങ്ങളുടെ കനിവോടെയേ പ്രവേശനം സാധ്യമാകൂ. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഔദാര്യത്തിന് പുല്ലുവില കൊടുത്ത ക്ലബ്ബ് അധികൃതരെ പൂട്ടാന്‍ തന്നെ ഒരുങ്ങിയാണ് പിണറായി മന്ത്രിസഭയുടെ പുതിയ നീക്കമെന്ന് ഉറപ്പ്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍